Articles

ഹെബ്രായ ലേഖന പഠനം അദ്ധ്യായം 11: സാക്ഷികളുടെ സമൂഹം

Date Added : 25-07-2023

ഹെബ്രായ ലേഖന പഠനം  അദ്ധ്യായം 11

സാക്ഷികളുടെ സമൂഹം 

ഹെബ്രായ ലേഖനം പത്താം അധ്യായത്തിൽ യേശുക്രിസ്തുവിൻ്റെ സമ്പൂർണ്ണമായ ബലിയെ കുറിച്ചും അതിലൂടെ കർത്താവ് തുറന്ന് ജീവനുള്ള പുതുവഴിയെക്കുറിച്ചും , അതിലൂടെ വിശ്വാസത്താൽ   മുൻപോട്ടു പോയി ജീവരക്ഷ പ്രാപിക്കുന്നതിനെക്കുറിച്ചും, പിന്മാറുന്നതിനു എതിരെയുള്ള മുന്നറിയിപ്പും ആണ് ലേഖകൻ തന്നത്. 

അധ്യായം അവസാനിക്കുന്നത് ആ വഴിയിലൂടെ വിശ്വാസത്താൽ മുന്നോട്ടുപോയി ജീവരക്ഷ എന്ന വാഗ്ദത്തം അവകാശമാക്കുന്ന തിനെക്കുറിച്ചു  പറഞ്ഞൂ കൊണ്ടാണ്.

(10: 36-38  ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണത നിങ്ങൾക്കു ആവശ്യം.  “ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല;” എന്നാൽ “എൻ്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എൻ്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല”. നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു)

അധ്യായം 11 വിശ്വാസത്താൽ  ദൈവത്തിനു പ്രസാദകരമായ ജീവിതം നയിച്ച പഴയ നിയമത്തിലെ  വിശ്വാസ വീരന്മാരെപ്പറ്റിയുള്ള വിവരണമാണ്. അതിനു മുൻപായി  വിശ്വാസം എന്നാല്‍ എന്താണ് എന്നതിനെപ്പറ്റി ഒരു വിശദീകരണം ലേഖന കര്‍ത്താവ്‌ നമുക്ക് തരുന്നു.

വിശ്വാസം എന്നത് നാം പ്രത്യാശിക്കുന്നതിനെക്കുറിച്ചുള്ള ഉറപ്പും, അദൃശ്യകാര്യങ്ങളെക്കുറിച്ചുള്ള നിശ്ചയവുമാണ്

ക്രിസ്തീയ ലോകത്തിൽ ഏറ്റവും അധികം ദുർവ്യാഖ്യാനം ചെയ്യപ്പെട്ടിട്ടുള്ള ഒരു വാക്യമാണ് ഇത്. അതിനുള്ള അടിസ്ഥാന കാരണം  Hope - എന്ന  വാക്യം മലയാളത്തിൽ 'ആശിക്കുന്ന' എന്ന് തർജ്ജമ ചെയ്തതിനാൽ ആണ്.

യഥാർത്ഥത്തിൽ പ്രത്യാശിക്കുന്ന എന്നാണ്  ഈ വാക്യം തർജ്ജമ ചെയ്യേണ്ടതു. മുൻപുള്ള അധ്യായങ്ങളിൽ എല്ലാം ഈ വാക്കിനെ 'പ്രത്യാശ' എന്ന് തന്നെയാണ് തർജ്ജിമ ചെയ്തിട്ടുള്ളത്.

എബ്രാ. 10: 23 പ്രത്യാശയുടെ ( Hope ) ഉറപ്പ് നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ

തര്ജിമയിലെ തെറ്റ് മനസ്സിലാക്കാതെ ,  ഈ വാക്യം ദുർവ്യാഖ്യാനം ചെയ്തു അനേകർ വിശ്വാസം എന്നാൽ നാം ആശിക്കുന്ന അഥവാ ആഗ്രഹിക്കുന്ന  എല്ലാ കാര്യങ്ങളും ദൈവം ചെയ്യും എന്ന് ഉറയ്ക്കുന്നതാണ് എന്ന് പഠിപ്പിക്കാറുണ്ട് .

അതിനാൽ തന്നെ വലിയ വീട്, വില കൂടിയ വാഹനങ്ങൾ, ഭൗതീകമായ സമ്പത്തു എന്നിവ ആഗ്രഹിക്കുവാനും, അത് ദൈവം തരും എന്ന് നിശ്ചയിക്കുവാനും, അതാണ്‌ യഥാർത്ഥ വിശ്വാസം എന്നും അവർ പഠിപ്പിക്കുന്നു. 

ദൈവരാജ്യം മുന്നമേ അന്വേഷിക്കുന്നവരുടെ എല്ലാ ആവശ്യങ്ങളെയും ദൈവം നിറവേറ്റും എന്നത് ദൈവീക വാഗ്ദത്തമാണ്. എന്നാൽ ഈ വാക്യത്തിൽ ഭൗതീകമായ ഏതെങ്കിലും കാര്യം ആഗ്രഹിക്കുന്നതിനെക്കുറിച്ചല്ല പറയുന്നത്.

ഈ വാക്യത്തിൻ്റെ അർത്ഥമോ, ലേഖനത്തിൻ്റെ ഉദ്ദേശമോ, അധ്യായത്തിൻ്റെ പശ്ചാത്തലമോ അറിയാത്തവർ ആണ് ഇത്തരത്തിൽ ഈ വാക്യത്തെ പശ്ചാത്തലത്തിൽ നിന്നും അടർത്തി  ദുർവ്യാഖ്യാനം ചെയ്യുന്നത്.

യഥാർത്ഥത്തിൽ ഈ വാക്യത്തിൽ വിശ്വാസതിൻ്റെ വിശദീകരണമായി പറയുന്നത് ഇതാണ്, പ്രഥമമായി വിശ്വാസം എന്നത് നാം പ്രത്യാശിക്കുന്നതിനെ കുറിച്ചുള്ള ഉറപ്പാണ്. ഈ വിശ്വാസം മൂലമാണ് പഴയ നിയമ ഭക്തൻന്മാർക്കു ദൈവത്തിൽ നിന്നും അംഗീകാരം ലഭിച്ചത്. എന്തായിരുന്നു അവിടെ പരാമർശിക്കുന്ന പഴയ നിയമ ഭക്തന്മാരുടെ പ്രത്യാശ?   

ആ പ്രത്യാശയെപ്പറ്റി പൗലോസ് ഇപ്രകാരമാണ് പറയുന്നത് 

അപ്പോ. പ്രവൃത്തികള്‍ 26:6- 8  ഞങ്ങളുടെ പിതാക്കന്മാരോടു ദൈവം ചെയ്ത വാഗ്ദാനത്തിലുള്ള പ്രത്യാശ ഹേതുവായിട്ടത്രേ ഇന്നു ഞാന്‍ ഇവിടെ വിസ്തരിക്കപ്പെടുന്നത്. ആ വാഗ്ദാനം പ്രാപിക്കുന്നതിനുവേണ്ടി ഞങ്ങളുടെ പന്ത്രണ്ടു ഗോത്രങ്ങളും രാവും പകലും ആരാധനാനിരതരായി പ്രത്യാശിക്കുന്നുആ പ്രത്യാശയുടെ പേരിലാണ്, മഹാരാജാവേ, എന്നിൽ കുറ്റമാരോപിക്കുന്നത് .ദൈവം മരിച്ചവരെ ഉയിർപ്പിക്കും എന്നുള്ളത് വിശ്വസിക്കാൻ സാധിക്കുന്നതല്ല എന്ന് നിങ്ങൾക്ക് തോന്നുന്നത് എന്ത്

അതായത് ദൈവം വാഗ്ദാനം  ക്രിസ്തുവിൻ്റെ   വരവും ഉയിർത്തെഴുന്നേൽപ്പും ആയിരുന്നു പഴയ നിയമ വിശ്വാസികളുടെ പ്രത്യാശ. പുതിയ നിയമ വിശ്വാസികളുടെ പ്രത്യാശയും  അത് തന്നെയാണ്  എന്ന് ഈ വാക്യങ്ങളിൽ  പൗലോസ് വ്യക്തമാക്കുന്നു. 

തീത്തൊ.2: 12 നാം ഭാഗ്യകരമായ പ്രത്യാശക്കായിട്ടും നമ്മുടെ മഹാദൈവവും രക്ഷിതാവുമായ യേശുക്രിസ്തുവിൻ്റെ തേജസ്സിൻ്റെ പ്രത്യക്ഷതയ്ക്കായിട്ടും നാം കാത്തുകൊണ്ട്....ദൈവഭക്തിയോടുംകൂടെ ജീവിക്കുവാനും

1പത്രൊ.1:3 ആകയാൽ യേശുക്രിസ്തുവിൻ്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്ക് വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ  വെച്ചുകൊൾവിൻ.

റോമർ 8 :24  പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തൻ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നത് എന്തിന്?  നാം കാണാത്തതിനായി പ്രത്യാശിക്കുന്നു എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു.

2കൊരിന്ത്യർ 4:18 കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നത് താൽക്കാലികം, കാണാത്തതോ നിത്യം ..എന്തെന്നാൽ, കാഴ്ചയാൽ അല്ല, വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത്

ഫിലി. 3:19,20 അവരുടെ മനസ്സ് ഭൂമിയിലുള്ള കാര്യങ്ങളിലാകുന്നു. നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; കർത്താവായ യേശുക്രിസ്തു എന്ന രക്ഷിതാവ് അവിടെനിന്നും വരുമെന്ന് നാം പ്രത്യാശയോടെ  കാത്തിരിക്കുന്നു.

അതായത് എല്ലാ കാലത്തെയും ഭക്തരായ മനുഷ്യരുടെ പ്രത്യാശ എന്നത് കർത്താവിൻ്റെ വരവും മരിച്ചവരുടെ ഉയിർപ്പും ആയിരുന്നു, അതിലുള്ള  ഉറപ്പിനെയാണ്  വിശ്വാസം എന്നും കാണാത്ത  കാര്യങ്ങളുടെ നിശ്ചയം എന്നും ലേഖകൻ പറയുന്നത്.

ഇനി ക്രിസ്തുവിൻ്റെ വരവിൽ പ്രത്യാശ വയ്ക്കാതെ ഈ ലോകത്തിലെ കാണുന്ന കാര്യങ്ങൾക്കു വേണ്ടി മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിരിക്കുന്നവരെ   കുറിച്ച് പൗലോസ് പറയുന്നത് ഇങ്ങനെയാണ് 

1 കൊരി. 15 : 19 ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിരിക്കുന്നു എങ്കിൽ നാം സകലമനുഷ്യരിലും ദയനീയരത്രേ.

ഈ വിശ്വാസംമൂലമാണ് പൂർവികർക്ക് ദൈവത്തിൻ്റെ അംഗീകാരം ലഭിച്ചത്.

കർത്താവിലുള്ള ഈ വിശ്വാസം മൂലമാണ് പഴയ നിയമ ഭക്തൻന്മാർക്കു ദൈവത്തിൽ നിന്നും അംഗീകാരം ലഭിച്ചത് അല്ലാതെ ഭൗതികമായ എന്തെങ്കിലും കാര്യത്തിലുള്ള ആശ കാരണമല്ല. ഈ പ്രത്യാശയാൽ അവർ ഈ ലോകത്തിൽ പരദേശികളെ പോലെ ജീവിച്ചു 

ലേഖകൻ തുടർന്ന് ഈ വിശ്വാസത്തിൽ കൂടി ദൈവത്തെ പ്രസാദിപ്പിച്ച അഥവാ ദൈവം അംഗീകരിച്ച പൂർവികരെക്കുറിച്ചു വിശദീകരിക്കുന്നു.

വിശ്വാസത്താൽ ഹാബേൽ ദൈവത്തിന് അർപ്പിച്ച യാഗം കയീൻ്റെ യാഗത്തെക്കാൾ ശ്രേഷ്ഠമായിരുന്നു. ദൈവം ഹാബേലിൻ്റെ വഴിപാടുകൾ സ്വീകരിച്ചു.

എന്തുകൊണ്ടാണ് ദൈവം ഹാബെലിലും അവൻ്റെ വഴിപാടിലും പ്രസാദിക്കുകയും. കയീനിലും അവൻ്റെ വഴിപാടിലും അവിടുന്ന് പ്രസാദിക്കാതിരിക്കുകയും ചെയ്തത്? 

ഇതിനെപ്പറ്റി പല തരത്തിലുള്ള വ്യാഖ്യാനങ്ങൾ ക്രിസ്തീയ ദൈവശാസ്ത്രജ്ഞരുടെ ഇടയിൽ ഉണ്ട്. ഹാബേൽ നല്ലവനായത് കൊണ്ട് ദൈവം യാഗത്തിൽ പ്രസാദിച്ചു  എന്നും, ഹാബേൽ കൂടുതൽ നല്ലതായ കടിഞ്ഞൂലിനെ കൊടുത്ത് കൊണ്ട് ദൈവം പ്രസാദിച്ചു എന്നും, രക്തബലിയായതിനാൽ പ്രസാദിച്ചു എന്നും, ഹാബേലിൻ്റെ ജീവിതം നല്ലതായതു കൊണ്ട് ദൈവം ആദ്യം ഹാബെലിലും, അതിനാൽ  തൻ്റെ യാഗത്തിലും പ്രസാദിച്ചു എന്നും  പല തരത്തിലുള്ള വ്യാഖ്യാനങ്ങൾ ലഭ്യമാണ്.

ഇത്തരത്തിലുള്ള പല വ്യാഖ്യാനങ്ങൾക്കും കാരണം ഇതിനുള്ള ഉത്തരം ഉല്പത്തി പുസ്തകത്തിൽ നിന്നും കണ്ടെത്താൻ ശ്രമിക്കുന്നത് കൊണ്ടാണ്.

എന്നാൽ  ഉല്പത്തി പുസ്തകം അതിൻ്റെ കാരണം വ്യക്തമാക്കുന്നില്ല എന്നതാണ് സത്യം. അതിനാൽ ഉത്പത്തിയിൽ നിന്നും നാം ഇതിനുള്ള കാരണം ഊഹിച്ചാൽ തെറ്റായ ബോധ്യങ്ങളിൽ എത്തിച്ചേരും. എന്നാൽ ഇത് പോലെയുള്ള പല വിഷയങ്ങളിലും എന്നത് പോലെ പുതിയനിയമ പുസ്തകങ്ങൾ അതിൻ്റെ പൊരുൾ തിരിച്ചു  വിശദീകരിക്കുന്നു. 

നാം കണ്ടത് പോലെ ഹെബ്രായ ലേഖനം പത്താം അധ്യായം അവസാനിക്കുന്നത് നീതിമാൻ വിശ്വാസത്താൽ ജീവിക്കുന്നതിനെപ്പറ്റിയും വിശ്വാസത്താൽ വാഗ്ദത്തം അവകാശമാക്കുന്നതിനെക്കുറിച്ചു പറഞ്ഞൂ കൊണ്ടുമാണ്   (എബ്രാ 10:36-38).

തുടർന്ന് യഥാർത്ഥ വിശ്വാസം എന്നത് കർത്താവിൻ്റെ വരവിനെക്കുറിച്ചുള്ള പ്രത്യാശയുടെ ഉറപ്പാണ് എന്ന് ലേഖകൻ വിശദീകരിക്കുന്നു 

ഇത് പറഞ്ഞതിന് ശേഷം *ആ വിശ്വാസത്താൽ* ദൈവത്തെ പ്രസാദിപ്പിച്ച ആദ്യ വ്യക്തിയായ, പൂർവ്വപിതാവായ ഹാബേലിൻ്റെ  യാഗത്തെ ഹെബ്രായ ലേഖകൻ വിശദീകരിക്കുന്നു.

ദൈവം എന്ത് കൊണ്ടാണ് ഹാബേലിൻ്റെ യാഗം സ്വീകരിക്കുകയും കായേനിൻ്റെതു തള്ളിക്കളയുകയും ചെയ്തത് എന്നതിനുള്ള  വ്യക്തമായ  ഉത്തരം ഹെബ്രായ ലേഖനകർത്താവ് ഇവിടെ തരുന്നു.

ഹാബേൽ കഴിച്ച യാഗം യഥാർത്ഥ വിശ്വാസത്താൽ ഉള്ളതായിരുന്നു എന്നതായിരുന്നു അതിനു  കാരണം. ആ വിശ്വാസം എന്നത് പൂർവ്വ പിതാക്കന്മാരുടെ പ്രത്യാശയായ ക്രിസ്തുവിൻ്റെ പരമയാഗത്തിലുള്ള ഉറപ്പും, അതിനെ കാണാതെ തന്നെ വിശ്വസിക്കുന്നതും ആണ് എന്ന് മുൻപുള്ള വാക്യങ്ങളിൽ നിന്നും ലേഖകൻ തന്നെ വ്യക്തമാക്കുന്നു.

ആ വാഗ്ദത്തം ദൈവം ആദമിന് കൊടുത്തതും, പിൻതലമുറകളിലേക്കു കൈമാറ്റം ചെയ്തതും ഹാബേൽ മുതലുള്ള പൂർവ്വപിതാക്കന്മാർ പ്രത്യാശയോടെ കാത്തിരുന്നതുമാണ്.  അതിനാൽ തന്നെയാണ് ലോകസ്ഥാപനത്തിനു മുൻപേ മുന്നറിയപ്പെട്ട തൻ്റെ  രക്തത്താൽ പുതിയ ഉടമ്പടി സ്ഥാപിച്ച,  നിർദോഷവും നിഷ്കളങ്കവുമായ  കുഞ്ഞാടിൻ്റെ  പരമയാഗത്തിൻ്റെ   നിഴൽ ആയ  രക്തം ചൊരിഞ്ഞുള്ള യാഗം ഹാബേൽ അർപ്പിച്ചത്.

മാത്രമല്ല ദൈവത്തിലുള്ള വിശ്വാസത്താൽ ഹാബേൽ തനിക്കുള്ളതിൽ ഏറ്റവും ഉത്തമമായതാണ്  ദൈവത്തിനു കൊടുത്ത്. അതിനാൽ ദൈവം ആദ്യം ഹാബെലിലും, തൻ്റെ യാഗവസ്തുവിലും പ്രസാദിച്ചു. അങ്ങനെ  വിശാസം മൂലം ഹാബേൽ നീതീകരിക്കപ്പെട്ടു എന്ന് ദൈവവചനം ഉറപ്പിക്കുന്നു. പഴയ നിയമ വിശ്വാസികൾ എല്ലാം ഇങ്ങനെ തന്നെയാണ് നീതീകരിക്കപ്പെട്ടതു എന്ന് ദൈവവചനം വ്യക്തമാക്കുന്നു.

വിശ്വാസത്താലുള്ള യാഗത്തിൽ ദൈവം പ്രസാദിച്ചു. കാരണം വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല എന്ന് ഹെബ്രായ ലേഖകൻ തുടർന്ന് വ്യക്തമാക്കുന്നു. എബ്രാ. 11 : 6

അങ്ങനെ വിശ്വാസത്തിലൂടെ നീതിമാന്‍ എന്ന അംഗീകാരം അയാൾ ദൈവത്തിൽനിന്നു നേടി. ഹാബേൽ മരിച്ചെങ്കിലും, തൻ്റെ വിശ്വാസം മുഖേന അയാൾ ഇപ്പോഴും സംസാരിക്കുന്നു

അങ്ങനെ വിശ്വാസത്താൽ നീതീകരിക്കപ്പെട്ട ആദ്യത്തെ വ്യക്തിയായി ഹാബേൽ മാറി. ഹാബേൽ മരിച്ചെങ്കിലും, തൻ്റെ വിശ്വാസം മുഖേന, താൻ അർപ്പിച്ച രക്തത്തിലൂടെ  ഇപ്പോഴും നമ്മോടു ഗുണകരമായി സംസാരിക്കുന്നു.അത് നീതിമാൻ വിശ്വാസത്താൽ ജീവിക്കും എന്നുള്ളതാണ്.  (എബ്രാ. 12: 24)

വിശ്വാസത്താൽ ഹാനോക്ക് മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവൻ എടുക്കപ്പെട്ടതിനു മുമ്പെ സാക്ഷ്യം പ്രാപിച്ചു

വിശ്വാസത്താൽ ദൈവത്തെ പ്രസാദിപ്പിച്ച അടുത്ത പൂർവ്വ പിതാവായ ഹാനോക്കിനെ കുറിച്ച് ലേഖകൻ പറയുന്നു. ഹാബേലിൻ്റെ വിശ്വാസത്താലുള്ള യാഗത്തിൽ ദൈവം പ്രസാദിച്ചു എന്ന് പറയുമ്പോൾ ഹാനോക്കിൻ്റെ വിശ്വാസത്താലുള്ള ജീവിതത്തിൽ ദൈവം പ്രസാദിച്ചു എന്നും, അതിനാൽ താൻ മരണം കാണാതെ എടുക്കപ്പെട്ടു എന്നും ലേഖകൻ പറയുന്നു. എടുക്കപ്പെട്ടതിനു മുമ്പെ ഹാനോക്ക്  ദൈവത്തെ പ്രസാദിപ്പിച്ചു എന്നു  സാക്ഷ്യം പ്രാപിച്ചു.

എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യം തന്നെ; 

ഹാബേലിനെ പോലെ തന്നെ ഹാനോക്കും ദൈവത്തെ പ്രസാദിപ്പിച്ചത് വിശ്വാസം മൂലമാണ്, കാരണം വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യം ആണ് എന്ന് ലേഖകൻ പറയുന്നു. തുടർന്ന് എന്താണ്  ദൈവത്തെ പ്രസാദിപ്പിക്കുന്ന വിസ്വാസം എന്ന് കൂടുതലായി വിശദീകരിക്കുന്നു

ദൈവത്തെ സമീപിക്കുന്ന ഏതൊരുവനും ദൈവം ഉണ്ടെന്നും, അവിടുത്തെ അന്വേഷിക്കുന്നവർക്ക് അവിടുന്നു പ്രതിഫലം നല്‌കുന്നു എന്നും വിശ്വസിക്കേണ്ടതാണല്ലോ

വിശ്വാസത്താൽ ദൈവത്തിനു അടുത്ത് വരുന്ന ഏതൊരുവനും വിശ്വസിക്കേണ്ട രണ്ടു കാര്യങ്ങൾ ഉണ്ട് ഒന്നും ദൈവം ഇന്നും ജീവിക്കുന്ന, നമ്മുടെ ജീവിതത്തിൽ ഇടപെടുന്ന യാഥാർഥ്യം ആണ് എന്നും. എല്ലാ സാഹചര്യങ്ങളും അവൻ നിയന്ത്രിക്കുന്നു എന്നും അവിടുത്തെ അന്വേഷിക്കുന്നവർക്ക് അവിടുന്നു പ്രതിഫലം നല്‌കുന്നു എന്നും .

( ശ്രദ്ധിക്കുക ലേഖനത്തിലെ പശ്ചാത്തലത്തിൽ പ്രതിഫലം എന്നത് നിത്യതയിലെ നിലനിൽക്കുന്ന പ്രതിഫലമാണ് എബ്രാ. 10: 35 അതുകൊണ്ട് മഹാ പ്രതിഫലമുള്ള നിങ്ങളുടെ ആത്മധൈര്യം തള്ളിക്കളയരുത്.

11 : 26 മോശ വിശ്വാസത്താൽ ഭാവിയിൽ ലഭിക്കുവാനുള്ള പ്രതിഫലം നോക്കിയതുകൊണ്ട് മിസ്രയീമിലെ നിക്ഷേപങ്ങളേക്കാൾ ക്രിസ്തു നിമിത്തമുള്ള നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു 

തുടർന്ന് പഴയ നിയമത്തിൽ കാണാതെ വിശ്വാസത്താൽ ദൈവത്തിനു പ്രസാദകരമായ ജീവിതം നയിച്ച, വിശ്വാസത്തിന്റെ  പ്രവർത്തികൾ ചെയ്ത പൂർവ്വ പിതാക്കന്മാരുടെ  ജീവിതത്തെയും അവരുടെ വിശ്വാസത്തിന്റെ പ്രവർത്തികളെയും   വിവരിക്കുന്നു.

ഈ അധ്യായത്തിലൂടെ ലേഖകൻ മുൻപോട്ടു  പറയാൻ ഉദ്ദേശിക്കുന്ന വിഷയം ഇതാണ് . ദൈവത്തെ പ്രസാദിപ്പിക്കുവാൻ വിശ്വാസത്താൽ മാത്രമേ സാധിക്കുകയുള്ളൂ. ആ വിശ്വാസം  എന്നത് ബുദ്ധിയിൽ  മനസ്സിലാക്കുന്ന അറിവ് മാത്രമല്ല, ദൈവാശ്രയമാണ്, അത് ജീവനുള്ള, പ്രവർത്തി ഉളവാക്കുന്ന വിശ്വാസമാണ്. എന്നാൽ ദൈവം പ്രവർത്തിയിലല്ല , പ്രവർത്തി ഉളവാക്കുന്ന ജീവനുള്ള വിശ്വാസത്തിലാണ് പ്രസാദിക്കുന്നതു.

ഇതേ വിഷയമാണ് യാക്കോബ് വേറൊരു രീതിയിൽ വിശദീകരിക്കുന്നത് . യഥാർത്ഥമല്ലാത്ത വിശ്വാസം, അഥവാ  ബുദ്ധിയിൽ  മനസ്സിലാക്കുന്ന അറിവ്, നിർജ്ജീവവും, പ്രവർത്തി ഉളവാക്കാത്തതും , നിഷ്ഫലവും,  വ്യർത്ഥവും ദൈവം പ്രസാദിക്കാത്തതുമാണ് ..അത്തരം വിശ്വാസം പിശാചിന് പോലും ഉണ്ട് , അത്തരം വിശ്വാസം മൂലം ആരും നീതീകരിക്കപ്പെടുന്നില്ല  (യാക്കോ. 2: 17 -26 )

പഴയ നിയമ പിതാക്കന്മരുടെ വിശ്വാസവും , വിശ്വാസത്തിന്റെ  പ്രവർത്തികളും ഓരോന്നായി വിശദീകരിക്കുവാനുള്ള പരിമിതി മൂലം അധ്യായത്തിൻ്റെ  അവസാന വാക്യങ്ങളിലേക്കു പോകുന്നു )

13 വിശ്വാസത്തോടുകൂടിയാണ് ഇവരെല്ലാം മൃതിയടഞ്ഞത്. ദൈവം വാഗ്ദാനം ചെയ്തവ അവർ പ്രാപിച്ചില്ല എങ്കിലും ദൂരെ നിന്നുകൊണ്ട് അവർ അവ കാണുകയും അവയെ അഭിവാദനം ചെയ്യുകയും  ചെയ്തു. 

ഈ വാക്യങ്ങളിൽ  നാം ശ്രദ്ധിക്കേണ്ട വളരെ പ്രധാനമായ ഒരു വിഷയം ലേഖന കർത്താവ് വിവരിക്കുന്നു.പഴയ നിയമ വിശ്വാസ വീരന്മാർ എല്ലാവരും തന്നെ വിശ്വാസത്താൽ നീതീകരിക്കപ്പെടുകയും, ദൈവത്തിൻ്റെ   സാക്ഷ്യം ലഭിക്കുകയും ചെയ്തിട്ടും   മനുഷ്യ വർഗ്ഗത്തിനു വാഗ്ദാനം ചെയ്തതും, ഇസ്രായേൽ പിതാക്കന്മാരായ അബ്രഹാമിനും, ഇസഹാക്കിനും, യാക്കോബിനും ഉറപ്പിച്ചു നൽകിയതുമായി യേശുക്രിസ്തുവിൽ കൂടിയുള്ള പുതിയ ഉടമ്പടിയുടെ വാഗ്ദത്തവും മരിച്ചവരിൽ നിന്നുള്ള ശാരീരിക  ഉയിർപ്പും   അവർ അവർ പ്രാപിച്ചില്ല. പകരം അവർ എല്ലാവരും അതിനെ വിശ്വാസത്തോടെ മുന്നോട്ട് നോക്കുകയും അഭിവന്ദിക്കുകയും ചെയ്തു കൊണ്ട് വിശ്വാസത്താൽ മരിച്ചു. 

39  അവരുടെ വിശ്വാസത്തെ സംബന്ധിച്ചു മഹനീയമായ സാക്ഷ്യം ലഭിച്ചെങ്കിലും ദൈവത്തിൻ്റെ വാഗ്ദാനം അവർ പ്രാപിച്ചില്ല. 40 നമ്മോടുകൂടിയല്ലാതെ അവർ പൂർണരാകാതിരിക്കുവാന്‍ കൂടുതൽ ശ്രേഷ്ഠമായതിനെ ദൈവം നമുക്കെല്ലാവർക്കും വേണ്ടി മുന്‍കൂട്ടി കരുതിയിരുന്നു. 

നാം കണ്ടത് പോലെ പുതിയ ഉടമ്പടിയിൽ ദൈവം വാഗ്ദാനം ചെയ്തത് അതിശ്രേഷ്ഠമായ കാര്യങ്ങൾ ആയിരുന്നു.എല്ലാ പാപങ്ങളിൽനിന്നും ഉള്ള പൂർണ്ണമായ മോചനവും ,പൂർണ്ണമായ  വിടുതലും , പാപ പൂർണമായ, കല്ലായുള്ള  ഹൃദയം  നീക്കപ്പെടുക, മാംസളമായ  പുതിയ ഹൃദയം നല്കപ്പെടുക, പുതിയ  ഹൃദയത്തിൽ ദൈവത്തിൻ്റെ ന്യായപ്രമാണം എഴുതപ്പെടുക, പാപത്തിൻ്റെ ശക്തിയിൽനിന്നു എന്നെന്നേക്കുമായി സ്വതന്ത്രനാവുകയും, ആത്മാവിനാൽ നയിക്കപ്പെടുകയും ചെയ്യുക , ദൈവീക സ്വസ്ഥതയാകുന്ന  ശബ്ബത്തിൽ എല്ലാക്കാലവും വസിക്കുക, സ്വന്ത പിതാവിനെന്ന നിലയിൽ ദൈവത്തെ അറിയുക, ദൈവം നമ്മുടെ ഹൃദയങ്ങളിൽ വസിക്കുക തുടങ്ങിയ അതി ശ്രേഷ്ഠമായ,അതി  മഹത്വകരമായ  വാഗ്ദാനങ്ങള്‍ ആണ് പുതിയ ഉടമ്പടിയിൽ ദൈവം വാഗ്ദത്തം ചെയ്തത്.അത് പഴയ നിയമത്തിലെ വിശ്വാസികൾക്ക് അവരുടെ ജീവിത കാലത്തു  ലഭ്യമായില്ല.കാരണം വാഗ്ദത്ത സന്തതി വരികയോ, തൻ്റെ  രക്തത്താൽ പുതിയ ഉടമ്പടി സ്ഥാപിക്കുമായോ ചെയ്തിരുന്നില്ല. മാത്രമല്ല ആ വാഗ്‌ദത്തിൻ്റെ പൂർണ്ണതയായ ശരീരത്തിന്റെ വീണ്ടെടുപ്പും അവർ  പ്രാപിച്ചില്ല. 
 
പിതാവായ ദൈവവുമായുള്ള പൂർണ്ണ ബന്ധത്തിലേക്ക് , ക്രിസ്തുവിലുള്ള പരിപൂർണ്ണതയിലേക്കു  അവർ നമ്മോടു കൂടെയല്ലാതെ വരാതിരിക്കുവാൻ കൂടുതൽ  ഈ അതിശ്രേഷ്ഠമായ വാഗ്ദത്തം ദൈവം നമുക്ക് വേണ്ടി കരുതി വച്ചു. ക്രിസ്തു നമുക്ക് മുൻപേ ഓടി,തൻ്റെ മരണത്തിലൂടെ പുതിയ ഉടമ്പടി സ്ഥാപിച്ചു,  ദൈവസന്നിധിയിൽ പ്രവേശിച്ചു , പുതിയ ഉടമ്പടിയുടെ മധ്യസ്ഥൻ ആയി ഈ  അതി ശ്രേഷ്ഠമായ വാഗ്ദാനം നമുക്ക് ലഭ്യമാക്കി. അതിനെപ്പറ്റിയാണ് അടുത്ത അധ്യായം വിവരിക്കുന്നത്.
 
അദ്ധ്യായം 12:യേശുക്രിസ്തു - നമ്മുടെ മുന്നോടിയും മാതൃകയും