Articles

ഹെബ്രായ ലേഖന പഠനം അധ്യായം 10 (1-18 വാക്യങ്ങൾ )

Date Added : 13-06-2023

 

ഹെബ്രായ ലേഖന പഠനം 

അധ്യായം 10  (1-18 വാക്യങ്ങൾ )

ക്രിസ്തുവിൻ്റെ പരിപൂർണ്ണ യാഗത്തിലൂടെ ലഭ്യമായ പരിപൂർണ്ണത   

ഹെബ്രായ ലേഖനം ഒൻപതാം അധ്യായത്തിൽ ദൈവത്തിൻ്റെ നിത്യപുത്രനായ ക്രിസ്തുവിൻ്റെ ,നിത്യാത്മാവിനാലുള്ള   നിത്യ കൂടാരത്തിലെ നിത്യയാഗത്തെക്കുറിച്ചും, ദൈവത്തിൻ്റെ വലതു ഭാഗത്തു നമ്മുടെ നിത്യ പുരോഹിതനായുള്ള ശുശ്രൂഷയെ  കുറിച്ചുമായിരുന്നു വിശദീകരിച്ചത്. 

അതിൻ്റെ തുടർച്ചയാണ് നാം പത്താം അധ്യായത്തിലും കാണുന്നത് (അധ്യായങ്ങൾ ലേഖകൻ തിരിച്ചതല്ല എന്ന് നമുക്ക് അറിയാമല്ലോ)

പത്താം അധ്യായം :  1-18  വരെയുള്ള വാക്യങ്ങൾ  യേശുവിൻ്റെ ദൈവത്തിൻ്റെ പാപമില്ലാത്ത കുഞ്ഞാട് എന്ന നിലയിലുള്ള  സമ്പൂർണ യാഗത്തക്കുറിച്ചു തുടർന്നും  വിശദീകരിക്കുന്നു. അവൻ്റെ നിത്യമായ യാഗത്താൽ  അവൻ ആദ്യത്തെ ഉടമ്പടിയെ നീക്കിക്കൊണ്ടു  രണ്ടാമതേതു  സ്ഥാപിച്ചു. അവൻ്റെ തികഞ്ഞ യാഗത്തിൻ്റെ അടിസ്ഥാനത്തിൽ  പുതിയ ഉടമ്പടിയിൽ പ്രവേശിക്കുന്ന എല്ലാവരും പരിപൂർണ്ണരായിത്തീരുന്നു.

വാക്യം 1 ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴൽ എന്നല്ലാതെകാര്യങ്ങളുടെ യഥാർത്ഥ രൂപമല്ലാത്തതു കൊണ്ട്ആണ്ടുതോറും ആവർത്തിക്കുന്ന അതേ യാഗങ്ങൾ കൊണ്ട് അടുത്തുവരുന്നവർക്ക് സൽഗുണപൂർത്തി വരുത്തുവാൻ ഒരുനാളും കഴിവുള്ളതല്ല.

പഴയ ഉടമ്പടിയും ന്യായപ്രമാണത്തിലെ ആചാര നിയമങ്ങളും യേശുക്രിസ്തുവിൽ കൂടി മനുഷ്യ വർഗ്ഗത്തിന് ലഭിക്കുവാൻ പോകുന്ന യഥാർത്ഥത്തിലുള്ള സ്വർഗീയ നന്മകളുടെ നിഴൽ മാത്രമായിരുന്നു.ഇന്ന് പലരും പ്രസംഗിക്കുന്ന "സുവിശേഷം' പോലെ  സമ്പത്തോ ആരോഗ്യമോ സുഖസൗകര്യങ്ങളോ ഒന്നുമായിരുന്നില്ല ക്രിസ്തുവിൽ കൂടി മനുഷ്യവർഗ്ഗത്തിനു വരുവാനുണ്ടായിരുന്ന നന്മ. അതെല്ലാം പഴയ ഉടമ്പടിയുടെ കീഴിലും മനുഷ്യന് ലഭ്യമായിരുന്നു. അതിനു വേണ്ടി ക്രിസ്തുവിൻ്റെ യാഗത്തിൻ്റെ ആവശ്യവും ഉണ്ടായിരുന്നില്ല. 

എന്നാൽ  മനുഷ്യൻ്റെ പാപത്തെ നീക്കുകയും, സൽഗുണപൂർത്തി വരുത്തുകയും  ദൈവവുമായുള്ള പൂർണ്ണ  ബന്ധത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുക എന്നതാണ് യേശുക്രിസ്തുവിൽ കൂടിയുള്ള യഥാർത്ഥ നന്മ. ആണ്ടു തോറും ആവർത്തിച്ചി രുന്ന ഒരേ യാഗങ്ങളാൽ ഒരിക്കലും അത് സാധിച്ചിരുന്നില്ല. 

വാക്യം 2, 3 അല്ലായെങ്കിൽ ആരാധനക്കാർക്ക് ഒരിക്കൽ ശുദ്ധിവന്നതിൻ്റെ ശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഉണ്ടാകാത്തതിനാൽ യാഗം കഴിക്കുന്നത് നിന്നുപോകയില്ലയോഇപ്പോഴോ ആണ്ടുതോറും യാഗങ്ങളാൽ പാപങ്ങളുടെ ഓർമ്മ ഉണ്ടാകുന്നു.

പഴയ നിയമ യാഗങ്ങൾ അന്തമില്ലാതെ തുടർന്നിരുന്നു സൂചിപ്പിച്ചത്  മനുഷ്യ വർഗ്ഗത്തിൻ്റെ പാപത്തിനു നിത്യമായ പരിഹാരം വന്നിരുന്നില്ല എന്നതാണ്. അതിനാൽ തന്നെ യാഗങ്ങൾ ആണ്ടുതോറും ആവർത്തിച്ചു കൊണ്ടിരുന്നു.ആ തുടരുന്ന യാഗങ്ങൾ, പാപങ്ങൾ നിലനിൽക്കുന്നു എന്ന ഓർമ്മ അത് അർപ്പിക്കുന്നവരിൽ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു.

വാക്യം 4 കാളകളുടെയും ആടുകളുടെയും രക്തത്തിന് പാപങ്ങളെ നീക്കുവാൻ കഴിയുന്നത് അസാധ്യമത്രെ.

കാളകളുടെയും ആടുകളുടെയും രക്തതാലുള്ള പഴയ നിയമ യാഗങ്ങളുടെ, പഴയ ഉടമ്പടിയുടെ ന്യായപ്രമാണ ആചാര നിയമങ്ങളുടെ എല്ലാം അടിസ്ഥാന ന്യൂനത  ലേഖകൻ ഒറ്റ വാക്കിൽ   ഇവിടെ വിവരിക്കുന്നു. പാപങ്ങളെ നീക്കുവാൻ ഇവക്കൊക്കെയും അസാധ്യം തന്നെ.

വാക്യം 5 ആകയാൽ ക്രിസ്തു ലോകത്തിൽ വന്നപ്പോൾ താൻ പറയുന്നു:ഹനനയാഗവും വഴിപാടും നീ ആഗ്രഹിച്ചില്ലഎന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.

ഇവിടെ ഹെബ്രായ ലേഖകൻ " ആകയാൽ " എന്ന് പറയുവാൻ കാരണം പാപങ്ങളെ നീക്കുവാൻ പഴയ നിയമ യാഗങ്ങൾക്കു  അസാധ്യം ആയതിനാൽ അത് സാധ്യമാക്കുവാൻ,  പാപങ്ങളെ നീക്കുവാൻ വേണ്ടി ക്രിസ്തു ലോകത്തിലേക്ക് വന്നു എന്നതാണ് 

യോഹന്നാൻ 1: 29 പിറ്റെന്നാൾ യേശു തൻ്റെ അടുക്കൽ വരുന്നത് യോഹന്നാൻ കണ്ടിട്ട്: ഇതാ, ലോകത്തിൻ്റെ പാപം ചുമന്നു നീക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട്

യോഹന്നാൻ 3 :5 പാപങ്ങളെ നീക്കുവാന്‍ അവന്‍ പ്രത്യക്ഷനായി എന്നു നിങ്ങള്‍ അറിയുന്നു; അവനില്‍ പാപം ഇല്ല

 അതെ, പാപങ്ങളെ നീക്കുവാൻ  കാളകളുടെയും ആടുകളുടെയും രക്തത്തിന് കഴിയാതെ വന്നതിനാൽ ക്രിസ്തു എന്ന ദൈവത്തിൻ്റെ പാപമില്ലാത്ത കുഞ്ഞാട് പാപങ്ങളെ ചുമന്നു നീക്കുവാൻ ലോകത്തിൽ വന്നു. അതിനായുള്ള  ശരീരം ദൈവം മറിയയുടെ ഉദരത്തിൽ  ഒരുക്കി, അതേ  പാപമില്ലാത്ത ശരീരം താൻ പാപയാഗമായി ക്രൂശിൽ സമർപ്പിച്ചു. 

 വാക്യം  6 സർവ്വാംഗ ഹോമങ്ങളിലും പാപപരിഹാര യാഗങ്ങളിലും നീ പ്രസാദിച്ചില്ല. 

 പഴയ നിയമ യാഗങ്ങൾക്കു പാപങ്ങളെ നീക്കുവാൻ കഴിയാത്തതിനാൽ അവയൊന്നും ദൈവത്തിനു പൂർണ്ണ പ്രസാദമുള്ള യാഗങ്ങൾ ആയിരുന്നില്ല. അവയൊക്കെയും വരാൻ പോകുന്ന നിത്യയാഗത്തിനു നിഴൽ മാത്രമായിരുന്നു.

 വാക്യം 7 അപ്പോൾ ഞാൻ പറഞ്ഞു: ഇതാഞാൻ വരുന്നുപുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നുദൈവമേനിൻ്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ വരുന്നു” എന്നു അവൻ പറയുന്നു.

 തിരുവെഴുത്തിൻ്റെ   പുസ്തക ചുരുളുകളിൽ യേശുക്രിസ്തുവിൻ്റെ ശരീര യാഗത്തിലൂടെയുള്ള  പാപമോചനം എന്ന ദൈവീക പദ്ധതി മുന്നമേ എഴുതി വച്ചിരുന്നു. യേശുക്രിസ്തുവിൻ്റെ ശരീര യാഗത്തിൽ  കൂടിയുള്ള പാപമോചനവും,തൻ്റെ രക്തത്താൽ ഉള്ള  പുതിയ ഉടമ്പടിയും ദൈവത്തിൻ്റെ  ലോകസ്ഥാപനത്തിനു മുൻപേയുള്ള പദ്ധതിയാണ്.

 അതിനാൽ ആണ് ക്രിസ്തുവിനെ ലോക സ്ഥാപനത്തിന് മുൻപേ അറുക്കപ്പെട്ട കുഞ്ഞാട് എന്ന് വിശേഷിപ്പിക്കുന്നത്.ദൈവത്തിൻ്റെ  ലോകസ്ഥാപനത്തിനു മുൻപേയുള്ള പദ്ധതി, തന്നെക്കുറിച്ചു  പുസ്തകച്ചുരുളുകളിൽ എഴുതിയിരുന്നത് പോലെ നിവർത്തിക്കുവാൻ താൻ വരുന്നു എന്ന് ക്രിസ്തു പറയുന്നു.

വാക്യം 8 ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടുകളും സർവ്വാംഗ ഹോമങ്ങളും പാപപരിഹാര യാഗങ്ങളും നീ ഇച്ഛിച്ചില്ലഅവയിൽ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം:

ന്യായപ്രമാണ  ആചാരാനുഷ്ഠാന നിയമത്തിൽ പഠിപ്പിക്കപ്പെട്ടിരുന്നു എങ്കിലും,ദൈവം ഒരിക്കലും മൃഗ ബലിയോ , യാഗങ്ങളോ ഇച്ഛിക്കുകയോ അതിൽ  പ്രസാദിക്കുകയോ ചെയ്തിരുന്നില്ല. ന്യായപ്രമാണത്തിലെ  ആചാരപരമായ നിയമങ്ങൾ യേശുവിൻ്റെ യാഥാർ ത്ഥ്യത്തിൻ്റെ  പൂർണതയുള്ള ബലിയുടെ  ഒരു നിഴലായിരുന്നു. ന്യായപ്രമാണത്തിലെ ധാർമിക നിയമങ്ങൾ  നൽകിയത് മനുഷ്യനെ അത് പാലിക്കുന്നതിലുള്ള ജഡത്തിൻ്റെ ബലഹീനത ബോധ്യപ്പെടുത്തി ക്രിസ്തുവിങ്കലേക്കു നയിക്കുക എന്ന ഉദ്ദേശത്തോടെയാണ്.  (ഗലാത്യർ 3:24).

വേറെ വിധത്തിൽ പറഞ്ഞാൽ, പഴയ നിയമ യാഗങ്ങൾ വഴി അത് അർപ്പിക്കുന്നവരുടെ പാപങ്ങൾ മറക്കപ്പെടുന്നു അപ്പോൾ താനെ  അവ ക്രിസ്തുവിലുള്ള എന്നേക്കുമുള്ള പാപമോചനം എന്ന യാഥാർഥ്യത്തിനായി കാത്തിരിക്കാനുള്ള ഓർമപ്പെടുത്തലുമായിരുന്നു.

വാക്യം : 9 ഇതാനിൻ്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ വരുന്നു എന്നു പറഞ്ഞുകൊണ്ട് അവൻ രണ്ടാമത്തേതിനെ സ്ഥാപിക്കുവാൻ ഒന്നാമത്തെ ആചാരങ്ങളെ നീക്കിക്കളയുന്നു. 

പഴയനിയമയാഗങ്ങളുടെ പൂർണ്ണതയും  യാഥാർത്ഥ്യവുമായ യേശു, പാപമില്ലാത്തവനായി വരികയും,  പാപം ചെയ്യാതെ തൻ്റെ  ജീവിതത്തിലൂടെ ദൈവത്തിൻ്റെ ഇഷ്ടം നിറവേറുകയും, ദൈവത്തിനു പൂർണ്ണപ്രസാദമുള്ള യാഗമായി  തൻ്റെ  ശരീരം   അർപ്പിക്കുകയും ചെയ്തു.

തൻ്റെ പരിപൂർണ്ണ യാഗത്താൽ  അവൻ ദൈവത്തിൻ്റെ ഇഷ്ടം പൂർണ്ണമായി  നിറവേറ്റുകയും പൂർത്തീകരിക്കുകയും ഒന്നാമത്തെ അപൂർണ്ണമായ, പാപങ്ങളെ പരിഹരിക്കുവാൻ കഴിയാത്ത   ആചാരങ്ങളെ  നീക്കിക്കളയുകയും  ചെയ്തു.

വാക്യം 10 ആ രണ്ടാമത്തെ അനുഷ്ഠാനങ്ങളാൽഅതായത് യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ നാം എന്നെന്നേക്കുമായി വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.

യേശുക്രിസ്തുവിൻ്റെ ശരീരം ദൈവത്തിനു പ്രസാദമുള്ള  തികഞ്ഞ യാഗമായി  അർപ്പിച്ചതിനാൽ, ആ രക്തത്താൽ  പുതിയ ഉടമ്പടിയിൽ പ്രവേശിക്കുന്നവരെല്ലാം എന്നെന്നേക്കുമായി വിശുദ്ധീകരിക്കപ്പെടുന്നു അവരെ ദൈവം ക്രിസ്തുവിനെപ്പോലെ തന്നെ പരിപൂർണ്ണരായി കാണുന്നു.

നാം ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം , അനുദിന ജീവിതത്തിലെ ക്രമേണയുള്ള വിശുദ്ധീകരണത്തെക്കുറിച്ചല്ല ഇവിടെ ലേഖകൻ പറയുന്നത്. പകരം നാം  ദൈവസന്നിധിയിൽ പ്രവേശിക്കുന്നതിന് കാരണമായ  ക്രിസ്തുവിൻ്റെ രക്തത്താൽ എന്നേക്കും ഒരിക്കലുമായി ദൈവം നമ്മെ   വിശുദ്ധീകരിച്ചതിനെക്കുറിച്ചാണ്. 

വാക്യം 11 ഏത് പുരോഹിതനും ദിവസേന ശുശ്രൂഷിച്ചിട്ടും ഒരുനാളും പാപങ്ങളെ പരിഹരിപ്പാൻ കഴിയാത്ത അതേ യാഗങ്ങളെ വീണ്ടും വീണ്ടും അർപ്പിച്ചും കൊണ്ട് നില്ക്കുന്നു. 

പഴയ നിയമ യാഗങ്ങൾ അന്തമില്ലാതെ തുടർന്നിരുന്നു പോലെ,  ലേവ്യ പുരോഹിതന്മാരുടെ യാഗാർപ്പണവും അന്തമില്ലാതെ തുടർന്ന് കൊണ്ടിരുന്നു. ലേവ്യ പുരോഹിതന്മാരുടെ തുടർച്ചയായ, ആവർത്തിച്ച് കൊണ്ടേയിരിക്കുന്ന അപൂർണ്ണമായ യാഗാർപ്പണങ്ങളും, ക്രിസ്തുവിൻ്റെ പരിപൂർണ്ണ യാഗവും  തമ്മിലുള്ള വ്യത്യാസം ഈ വാക്യം വ്യക്തമാക്കുന്നു.

മഹാപുരോഹിതൻ 'നിൽക്കുന്നു' എന്ന വാക്യം സൂചിപ്പിക്കുന്നത് ഒരിക്കലും അവസാനിക്കാത്ത പാപങ്ങളെ പരിഹരിപ്പാൻ കഴിയാത്ത അപൂർണ്ണമായ അവരുടെ ശുശ്രൂഷയെ സൂചിപ്പിക്കാനാണ്.

വാക്യം 12 ക്രിസ്തുവോ പാപങ്ങൾക്ക് വേണ്ടി ഒരിക്കലായി യാഗം അർപ്പിച്ചിട്ട് എന്നേക്കും ദൈവത്തിൻ്റെ വലത്തു ഭാഗത്ത് ഇരിക്കുന്നു . 

പാപങ്ങളെ നീക്കിക്കളയുവാൻ കഴിയാത്ത, ഒരിക്കലും  അവസാനിക്കാത്ത യാഗങ്ങൾ കഴിച്ചു കൊണ്ട്  പഴയ നിയമ  പുരോഹിതൻമാർ നിൽക്കുമ്പോൾ ,  പാപങ്ങളെ എന്നെന്നക്കുമായി നീക്കിക്കളയുന്ന ക്രൂശിലെ ഏക യാഗം പൂർത്തീകരിച്ചു ദൈവത്തിൻ്റെ വലതു ഭാഗത്തു  ക്രിസ്തു എന്ന മഹാപുരോഹിതൻ ഇരിക്കുന്നു. 

കുരിശിൽ തൻ്റെ പ്രായശ്ചിത്ത യാഗം പൂർത്തിയാക്കുമ്പോൾ , യേശുവിൻ്റെ അവസാന വാക്കുകൾ "നിവർത്തിയായി" എന്നതാ യിരുന്നു. സകല മനുഷ്യർക്കും  വേണ്ടിയുള്ള വീണ്ടെടുപ്പ് പൂർത്തിയാക്കി അവൻ ദൈവത്തിൻ്റെ വലതു ഭാഗത്തു ഇരുന്നു.

വാക്യം  13  അവൻ   ശത്രുക്കൾ തൻ്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു

യേശുക്രിസ്തു എല്ലാക്കാലത്തേയും, എല്ലാവർക്കും വേണ്ടി ഒരിക്കൽ  ക്രൂശിൽ യാഗമായി; ഇപ്പോൾ അവൻ പിതാവിൻ്റെ വലത്തു ഭാഗത്ത് ഇരുന്നുകൊണ്ട് എന്നേക്കും മഹാപുരോഹിതനായി  ശുശ്രൂഷിക്കുന്നു. ഒരിക്കൽ താൻ  എല്ലാ  ശത്രുക്കളും തൻ്റെ കാൽകീഴാക്കി നിത്യരാജാവായി ഭരിക്കും.

വാക്യം 14 ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്ക് സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു. 

തുടർച്ചായി ആവർത്തിക്കുന്ന പഴയ നിയമ യാഗങ്ങളുടെയും, പഴയ ഉടമ്പടിയുടെയും അടിസ്ഥാന ന്യൂനത മനുഷ്യൻ്റെ പാപത്തെ നീക്കി അവനു സൽഗുണപൂർത്തി  വരുത്തുവാൻ കഴിവില്ല എന്നതാണ് എന്ന് വ്യക്തമാക്കിയതിന് ശേഷം ഈ വാക്യത്തിൽ കൂടി യേശുക്രിസ്തുവിൻ്റെ  പരിപൂർണ്ണമായ  ഏക യാഗത്തിൻ്റെ ശ്രേഷ്ഠത ലേഖന  കർത്താവ് വീണ്ടും വിശദീകരിക്കുന്നു.ക്രിസ്തുവിൻ്റെ ശരീര യാഗമെന്ന, പൂർണ്ണമായ  ഏക യാഗത്തിൽ  കൂടി വിശുദ്ധീകരിക്കപ്പെടുന്നവർക്ക് അവൻ സദാകാലത്തേക്കും സൽഗുണ പൂർത്തി വരുത്തിയിരിക്കുന്നു

വാക്യം 15 അത് പരിശുദ്ധാത്മാവും നമ്മോട് സാക്ഷീകരിക്കുന്നു. 

പരിശുദ്ധാത്മാവ് അതിനെ സാക്ഷീകരിച്ചു കൊണ്ട് തിരുവെഴുത്തിൽ അത് മുന്നമേ അത് എഴുതിയിരിക്കുന്നു.അത് ഇപ്രകാരമാണ്.

വാക്യം 16 “ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോട് ചെയ്‌വാനിരിക്കുന്ന ഉടമ്പടി  ഇങ്ങനെയാകുന്നു: എൻ്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാട്” എന്നു അരുളിച്ചെയ്തശേഷം

ക്രിസ്തുവിൻ്റെ ശരീര യാഗത്താൽ, തൻ്റെ രക്തത്താൽ സ്ഥാപിക്കപ്പെടാൻ പോകുന്ന ഈ പുതിയ ഉടമ്പടിയെപ്പറ്റി,  പ്രവാചകനിൽ കൂടി പരിശുദ്ധാത്മാവ് മുന്നമേ സാക്ഷീകരിച്ചിരിക്കുന്നു. പാപം കാരണം കല്ലായിപ്പോയ പഴയ ഹൃദയത്തിൽ ദൈവത്തിന്  തൻ്റെ നിയമങ്ങളെ എഴുതുവാൻ കഴിഞ്ഞിരുന്നില്ല,അതിനാൽ ദൈവം കല്ലിൽ അക്ഷരമായി ന്യായപ്രമാണം മനുഷ്യന് എഴുതിക്കൊ ടുത്തു.

എന്നാൽ ക്രിസ്തുവിൻ്റെ രക്തത്താൽ സ്ഥാപിച്ച പുതിയ ഉടമ്പടിയിൽ പ്രവേശിച്ചവരുടെ കല്ലായുള്ള പാപഹൃദയം  നീക്കപ്പെടുകയും, മാംസളമായ പുതിയ ഹൃദയം നൽകപ്പെടും ചെയ്യുന്നു. അതിനാൽ  ദൈവത്തിനു പഴയ ഉടമ്പടിയിൽ സാധിക്കാതിരുന്ന, ദൈവീക നിയമങ്ങളെ മനുഷ്യൻ്റെ ഹൃദയത്തിൽ എഴുതുക എന്ന കാര്യം പുതിയ ഉടമ്പടിയിൽ  സാധിക്കുന്നു.

അതായതു മനുഷ്യനെ ഇനി നിയന്ത്രിക്കുവാൻ കല്ലിൽ അക്ഷരമായി  എഴുതപ്പെട്ട  ന്യായപ്രമാണം എന്ന ധാർമീക  നിയമങ്ങൾ ആവശ്യമില്ല, പകരം അവൻ ദൈവമകൻ എന്ന നിലയിൽ,  ദൈവീക നിയമങ്ങൾ ഹൃദയത്തിൽ എഴുതപ്പെട്ടവനും, ആത്മാവിനാൽ നയിക്കപ്പെടുന്നവനും, നടത്തപ്പെടുന്നവനും  ആകുന്നു.

റോമർ 8 : 14 ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്‍റെ മക്കളാകുന്നു

ഗലാത്യർ 5: 18 എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളെ നയിക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല.

വാക്യം 17 “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല” എന്നു കൂടി അരുളിച്ചെയ്യുന്നു.

ആവർത്തിച്ച് കൊണ്ടിരുന്ന പഴയ  നിയമ യാഗങ്ങൾ പാപങ്ങളുടെ ഓർമ്മ വീണ്ടും വീണ്ടും കൊണ്ടുവരുന്നതായിരുന്നു എങ്കിൽ എന്നെന്നേക്കുമുള്ള ക്രിസ്തുവിൻ്റെ പരമ യാഗത്തിൽ വിശ്വസിക്കുന്നവരുടെ , പുതിയ ഉടമ്പടിയിൽ വിശ്വാസത്താൽ പ്രവേശിച്ചവരുടെ പാപങ്ങൾ ദൈവം ഒരിക്കലൂം ഓർക്കുകയില്ല എന്ന് ദൈവം പ്രവാചകനിൽ കൂടി അരുളിച്ചെയ്യുന്നു. 

വാക്യം 18 ആകയാൽ പാപങ്ങളുടെ മോചനം നടന്നിരിക്കുന്നതിനാൽഇനിമേൽ പാപങ്ങൾക്ക് വേണ്ടി ഒരു യാഗവും ആവശ്യമില്ല.

അപർണ്ണമായിരുന്ന പഴയ നിയമ നിയമ യാഗങ്ങളുടെ പൂർത്തീകരണമായി, സമ്പൂർണ്ണമായ , ദൈവത്തിനു പ്രസാദകരമായ, ദൈവകുഞ്ഞാടിൻ്റെ നിത്യയാഗം  നടന്നിരിക്കുന്നതിനാൽ, അവനിൽ വിശ്വസിച്ചവരുടെ പാപങ്ങൾ എന്നെന്നേക്കുമായി മോചിച്ചിരിക്കുന്നു അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ദൈവം  ഇനി ഓർക്കയുമില്ല.അതിനാൽ  ഇനി മേൽ പാപങ്ങൾക്ക് വേണ്ടി ഒരു യാഗവും ആവശ്യമില്ല.

താഴെയുള്ള ലിങ്കുകളിൽ  ഈ പഠനത്തിൻ്റെ മുൻ അധ്യായങ്ങൾ  ലഭ്യമാണ് 

ജിനു നൈനാൻ 

ഹെബ്രായ ലേഖനം : ഒരു പഠനം - ആമുഖം
ഹെബ്രായ ലേഖനം അധ്യായം 1
ഹെബ്രായ ലേഖനം അധ്യായം 2 
ഹെബ്രായ ലേഖനം അധ്യായം 3  
ഹെബ്രായ ലേഖനം അധ്യായം 4
ഹെബ്രായ ലേഖനം അധ്യായം 4: 14,15
ഹെബ്രായ ലേഖനം അധ്യായം 5
ഹെബ്രായ ലേഖനം അധ്യായം 6 
ഹെബ്രായ ലേഖനം അധ്യായം 7 - ആമുഖം
ഹെബ്രായ ലേഖനം അധ്യായം 7
ഹെബ്രായ ലേഖനം അധ്യായം 8
ഹെബ്രായ ലേഖനം അധ്യായം 9