Articles

സുവിശേഷ പ്രസംഗവും ശബ്ദ മലിനീകരണവും

Date Added : 06-02-2023

സുവിശേഷ പ്രസംഗവും ശബ്ദ മലിനീകരണവും

 

ജിനു നൈനാൻ

 

Preaching louder through a microphone does not increase your anointing, it will only annoy the audience

 

കഴിഞ്ഞ ദിവസം ഒരു വ്യക്തി അയച്ചു തന്ന പ്രാർത്ഥന വിഷയമാണ് ഇതായിരുന്നു. ഒരു പ്രസിദ്ധനായ കൺവൻഷൻ പ്രാസംഗികൻ വളരെ 'ശക്തിയിൽ' പ്രസംഗിച്ചു കൊണ്ടിരുന്നപ്പോൾ തൊണ്ടയിലെ വോക്കല്‍കോഡിലെ സൂക്ഷ്മ ധമനികൾ പൊട്ടി രക്തം വായിൽ നിന്നും വരുവാൻ ഇടയായി. ഡോക്ടർമാർ പൂർണ്ണമായ ശബ്ദ വിശ്രമം കർശനമായി നിർദേശിച്ചിരുന്നു.

 

ഈ വാർത്ത കണ്ടപ്പോൾ  വളരെ നാളുകളായി പറയണം എന്ന് ആഗ്രഹിക്കുന്നൊരു കാര്യം ഇവിടെ എഴുതുന്നു.

ദൈവം അതുല്യമായി മനുഷ്യന് തന്ന സൂഷ്മവും ശക്തവുമായ ഒരു അവയവങ്ങളാണ് വോക്കല്‍കോഡും,ഇയർ ഡ്രം അഥവാ ചെവിക്കല്ലും. ഇത് രണ്ടും സൂക്ഷ്മമായി ഉപയോഗിക്കേണ്ടതാണ്. നമുക്ക് ദൈവം തന്ന ഓരോ അവയവവും വിലമതിക്കാൻ ആവാത്തതാണ്. അതിനെ ദുരുപയോഗം ചെയ്യുന്നത് പാപവുമാണ്. 1 കൊരി. 3:17 ,1 കൊരി 6: 20

 

ഒരു കാലത്തു ഇന്നത്തെ പോലെ മൈക്ക് സിസ്റ്റം ഒന്നും ഇല്ലാതിരുന്നപ്പോൾ ശബ്ദം ഉയർത്തി പ്രസംഗിക്കേണ്ടത് ഒരു ആവശ്യമായിരുന്നിരിക്കാം. എങ്കിൽ പോലും ബൈബിളിൽ യേശുക്രിസ്തുവോ, അപ്പോസ്തോലന്മാരോ ഇത്തരത്തിൽ അലറി വിളിച്ചു പ്രസംഗിക്കുന്നതായി കാണുവാൻ കഴിയില്ല.

 

യേശുക്രിസ്തു വിളിച്ചു പറഞ്ഞു എന്ന് പറയുന്ന ഏക സന്ദർഭം യോഹന്നാൻ 7 : 38 മാത്രമാണ്. ബാക്കി എല്ലാ സന്ദർഭവും നമ്മൾ പരിശോധിച്ചാൽ കർത്താവ് ശാന്തമായി പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതാണ് കാണുന്നത്.

 

എന്നാൽ ഇന്ന് ശബ്ദം അനേകമടങ്ങ് വര്‍ദ്ധിപ്പിക്കുന്ന മൈക്ക് സിസ്റ്റവും സൗണ്ട് സിസ്റ്റവും ഉള്ളപ്പോൾ പോലും മൈക്കിന് മുന്നില്‍ പ്രാസംഗികർ അലറി പ്രസംഗിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. പ്രത്യേകിച്ച് പെന്തെകൊസ്തു പ്രസംഗികരിൽ ആണ് ഇത് ഏറ്റവും അധികമായി കണ്ടു വരുന്നത്. അത് അനുകരിച്ചു മറ്റു പലരും ഇത് ആവർത്തിക്കുന്നുണ്ട്.

 

ഇത് പ്രസംഗിക്കുന്ന വ്യക്തിയെ മാത്രം ബാധിക്കുന്ന കാര്യമല്ല കേൾക്കുന്ന വ്യക്തികളിലും അനേക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇങ്ങനെയുള്ള സുവിശേഷ യോഗങ്ങളിൽ, സഭാ യോഗങ്ങളിൽ കൊച്ചു കുഞ്ഞുങ്ങൾ വരെ ഇത്തരം വലിയ സ്‌പീക്കറുകളുടെ തൊട്ടു മുൻപിൽ ഇരിക്കുന്നത് കാണാറുണ്ട്. ഇത്തരത്തിൽ കേൾവി ശക്തിക്കു പ്രശ്നം ഉണ്ടായിട്ടുള്ള വ്യക്തികളെ നേരിട്ട് അറിയാവുന്നതാണ്.

 

ഇത്തരം ശബ്ദ മലിനീകരണം ഗർഭസ്ഥശിശുവിൽത്തുടങ്ങി വയോധികർക്കു വരെ കേൾവിക്കുറവിനോടൊപ്പം ഹൃദയം, തലച്ചോറ്‌, രക്തസമ്മർദം, പ്രമേഹം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ശബ്ദമലിനീകരണമുള്ള രാജ്യങ്ങളിൽ മുൻപന്തിയിൽ ആണ്‌ ഇന്ത്യ.

 

ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ കുറിച്ചുള്ള ഒരു ആർട്ടിക്കിൾ ഇവിടെ കൊടുക്കുന്നു.

Read more at: https://archives.mathrubhumi.com/health/features/1.1876738

 

പലപ്പോഴും സാധാരണയായി ശാന്തമായി പ്രസംഗിച്ചാൽ 'പരിശുദ്ധാത്മ ശക്തി' കേൾക്കുന്നവർക്ക് തോന്നുകയില്ല എന്ന വിചാരമോ , അല്ലെങ്കിൽ 'അഭിഷേകം' ഉള്ള  വ്യക്തി ആണെന്ന്  കേൾവിക്കാരിൽ മതിപ്പ്‌ തോന്നിപ്പിക്കുക  എന്നുള്ള ഉദ്ദേശമോ   ഒക്കെയാകാം  ഇത്തരം പ്രകടങ്ങൾക്കു കാരണം .അല്ലെങ്കിൽ തങ്ങൾ കണ്ടു വന്നിട്ടുള്ള പ്രാസംഗികരെ അനുകരിക്കുന്നതുമാകാം. 

 

യഥാർത്ഥത്തിൽ ഉച്ചഭാഷിണിയിലൂടെ ഉച്ചത്തിൽ  അലറി പ്രസംഗിക്കുന്നത് പ്രസംഗികൻ്റെ  അഭിഷേകം വർദ്ധിപ്പിക്കില്ല, അത് സദസ്സിനെ അലോസരപ്പെടുത്തുകയേ ഉള്ളൂ എന്നുള്ള തിരിച്ചറിവ് ഇന്നുള്ള മിക്ക പ്രസംഗികർക്കും ഇല്ല എന്നതാണ് സത്യം .

 

Preaching louder through a microphone does not increase your anointing, it will only annoy the audience

 

ഏതു തന്നെ ആയാലും  യഥാർത്ഥത്തിൽ പരിശുദ്ധാത്മ ശക്തി ഇല്ലാതിരിക്കുന്നതിൻ്റെ ലക്ഷണമാണ് ഇത്തരം ശബ്ദ കോലാഹലങ്ങൾ. 

 

തിരുവെഴുത്തു ഇങ്ങനെ പറയുന്നു

 

എബ്രാ. 4:12 ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏത് വാളിനേക്കാളും മൂർച്ചയേറിയതും ദേഹിയെ ആത്മാവിൽനിന്നും, സന്ധികളെ മജ്ജകളിൽനിന്നും വേർപിരിക്കുംവരെ തുളച്ചുചെല്ലുന്നതും ആകുന്നു

 

സഭ പ്രസംഗി 10 : 10 ഇരിമ്പായുധത്തിന്റെ വായ്ത്തല തേക്കാതിരുന്നാൽ മൂർച്ച ഇല്ലാത്തതുകൊണ്ട് അവൻ അധികം ശക്തി പ്രയോഗിക്കേണ്ടിവരും. ജ്ഞാനമാകട്ടെ, വിജയം എളുപ്പമാക്കും.

 

ദൈവവചനം അതിൽ തന്നെ ശക്തിയുള്ളതും മൂർച്ഛയേറിയതും ആണ്. അത് യഥാർത്ഥമായി പരിശുദ്ധാത്മ നിറവിൽ ഉപയോഗിക്കുമ്പോൾ കേൾക്കുന്ന വ്യക്തികളുടെ ഹൃദയത്തിൽ കുത്തു കൊളളുകയും, പരിശുദ്ധാത്മാവ് അവരിൽ പാപബോധം കൊടുക്കുകയും, മാനസാന്തരം ഉണ്ടാകുകയും ചെയ്യുന്നു.

 

എന്നാൽ ആ വചനത്തെ മൂർച്ചയോടെ ഉപയോഗിക്കാൻ ഇത്തരം ആളുകളിൽ പരിശുദ്ധാത്മാവിൻ്റെ ശക്തി ഇല്ലാത്തതിനാൽ, അല്ലെങ്കിൽ ദൈവവചനം എങ്ങനെ പ്രസംഗിക്കണം എന്ന ദൈവീക പരിജ്ഞാനം ഇല്ലാത്തതിനാൽ അവർക്കു അധികം ശക്തിയും ശബ്ദവും ഉപയോഗിക്കേണ്ടി വരുന്നു. അത് ശബ്ദ മലിനീകരണത്തിൽ കൂടുതൽ ഒരു പ്രയോജനവും ഉണ്ടാകുന്നില്ല. മാത്രമല്ല അത് അവർക്കും , കേൾവിക്കാർക്കും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് അവർ ബോധവാന്മാരും അല്ല.

 

ഇതിൽ പ്രാസംഗികരെ മാത്രം കുറ്റം പറയുന്നതിലും വലിയ അർത്ഥമില്ല. കാരണം ഇന്നുള്ള ദൈവവചന കേൾവിക്കാരും ബഹുഭൂരിപക്ഷം ശബ്ദകോലാഹലം ആണ് പരിശുദ്ധാത്മ നിറവും , പരിശുധാത്മ നിറവിലെ വചന ശുശ്രൂഷയും എന്ന് കരുതുന്നവർ ആണ്. ഇന്നുള്ള സുവിശേഷ പ്രസംഗികരിൽ ഭൂരിപക്ഷത്തിന്റെയും ഉപജീവനം ഇതായതിനാൽ ആയതിനാൽ സ്റ്റേജുകൾ കിട്ടാൻ അവർ കേൾവിക്കാരെ തൃപ്തിപ്പെടുത്താനും ഇത്തരത്തിൽ പ്രസംഗിക്കേണ്ടി വരുന്നു.

 

അതിനാൽ "കടയറിഞ്ഞു കമ്പോളം ചെയ്യുന്ന" കച്ചവടക്കാരായി പ്രാസംഗികർ തീരുന്നു. പരിജ്ഞാനം ഇല്ലാത്ത ജനം അങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു, അത് ആസ്വദിക്കുന്നു.

 

പ്രശസ്ത തത്വചിന്തകൻ Joseph de Maistre പറഞ്ഞത് പോലെ ഓരോ സമൂഹത്തിനും അവർ അർഹിക്കുന്ന നേതാക്കളെ ലഭിക്കുന്നു.. : “Every nation gets the Leaders it deserves.

 

പരിശുദ്ധാത്മനിറവിലും ,ശരിയായ പരിജ്ഞാനത്തോടെയും ദൈവവചനം ശുശ്രൂഷിക്കുവാനും , അത് തിരിച്ചറിയുവാനും ദൈവം നമ്മെ സഹായിക്കട്ടെ.