ദിവ്യസ്വഭാവത്തിന്നു കൂട്ടാളികള്‍
ചിന്താഭാഗം: 1 പത്രൊസ്:1:2
അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.
ക്രിസ്തീയ ജീവിതം എന്നത് നമ്മുടെ പഴയ സ്വഭാവത്തെ പരിഷ്കരിക്കുന്നതോ, നവീകരിക്കുന്നതോ അല്ല, മറിച്ചു നമ്മുടെ പഴയ പാപ സ്വഭാവത്തെ എന്നെന്നേക്കുമായി നീക്കപ്പെടുകയും , യേശുവിന്‍റെ ദിവ്യസ്വഭാവം നമ്മില്‍ പകരുകയും,അങ്ങനെ അവന്‍റെ ദിവ്യസ്വഭാവത്തില്‍ നാം പങ്കുകാര്‍ ആകുകയുമാണ്.
നമുക്ക് ആദമില്‍ നിന്നും ലഭിച്ച സ്വഭാവം ഒരിക്കലും നന്നാക്കാന്‍ കഴിയാത്ത വിധം മോശമായതാണ്. ഇതിനെപ്പറ്റി യഥാര്‍ത്ഥ ബോധം ലഭിച്ചതിനാലാണ് പൌലോസ് “എന്നില്‍ എന്നുവച്ചാല്‍ എന്‍റെ ജഡത്തില്‍ ഒരു നന്മയും വസിക്കുന്നില്ല എന്ന് ഞാന്‍ അറിയുന്നു” എന്ന് പറഞ്ഞത്.
റോമര്‍ 7:18 എന്നിൽ എന്നുവെച്ചാൽ എന്‍റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്‍വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവർത്തിക്കുന്നതോ ഇല്ല.
നമ്മില്‍ പാപസ്വഭാവം നില നില്‍ക്കുമ്പോള്‍ നന്മ ചെയ്യാന്‍ നാം ആഗ്രഹിച്ചാല്‍ പോലും അതിനു കഴിയുകയില്ല കാരണം നാം പാപത്തിന്‍റെ അടിമയാണ്.
റോമര്‍ 7:23 എങ്കിലും എന്‍റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്‍റെ അവയവങ്ങളിൽ കാണുന്നു; അതു എന്‍റെ അവയവങ്ങളിലുള്ള പാപ പ്രമാണത്തിന്നു എന്നെ അടിമയാക്കിക്കളയുന്നു.
എന്നാല്‍ ഒരുവന്‍ ക്രിസ്തുവില്‍ ആകുമ്പോള്‍ അവന്‍റെ പഴയ സ്വഭാവം പരിഷ്ക്കരിക്കപ്പെടുകയല്ല, മറിച്ചു അത് നീക്കപ്പെടുകയും അവന്‍ പൂര്‍ണ്ണമായും പുതുതായി, ഒരു പുതിയ സൃഷ്ടി ആകുകയാണ്.അതാണ് പൌലോസ് പറയുന്നത്.
2 കൊരിന്ത്യര്‍ 5:17 ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു.
എന്നാല്‍ പഴയതിന് എന്ത് സംഭവിച്ചു? അത് തുടര്‍ന്നുള്ള വാക്യങ്ങളില്‍ പൌലോസ് വിശദീകരിക്കുന്നു
2 കൊരിന്ത്യര്‍ 5:18 പഴയതു കഴിഞ്ഞുപോയി.
അതെ ആ പഴയ മനുഷ്യന്‍ ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു.
റോമര്‍ 6:6 നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു വനമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു
നമ്മുടെ പഴയ മനുഷ്യനെ, ജഡ സ്വഭാവത്തെ ഒരിക്കലും പരിഷ്കരിക്കാന്‍ കഴിയാത്തതിനാല്‍ ദൈവം അതിനു വച്ചിരിക്കുന്ന സ്ഥാനം ക്രൂശു മാത്രം ആണ്. യേശുക്രിസ്തു ക്രൂശില്‍ മരിച്ചപ്പോള്‍ അവന്‍ നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരം ആകുക മാത്രമല്ല ചെയ്തത്. ദൈവം നമ്മുടെ പാപസ്വഭാവത്തിനു, പഴയ മനുഷ്യന്,പാപത്തിനു ശിക്ഷാവിധി പ്രഖ്യാപിക്കുക കൂടി ആയിരുന്നു.
റോമര്‍ 8:3 ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ) ദൈവം തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപംനിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.
അതിനാല്‍ നാം ദൈവത്തിന്‍റെ വിധി അറിയുകയും , അംഗീകരിക്കുകയും, യേശുക്രിസ്തു ക്രൂശിൽ ചെയ്ത പ്രവർത്തിയിൽ വിശ്വസിക്കുകയും വേണം എങ്കില്‍ മാത്രമേ നമുക്ക് ആ സ്വാതന്ത്ര്യം അത് നമ്മുടെ ജീവിതത്തില്‍ അനുഭവിക്കാന്‍ കഴിയുകയുള്ളൂ.
യോഹന്നാന്‍ 8:32 സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്നു പറഞ്ഞു.
എന്നാല്‍ പഴയ പാപ സ്വഭാവത്തെ നീക്കുക മാത്രമല്ല, തന്‍റെ ദിവ്യസ്വഭാവാതെ അവന്‍ നമ്മില്‍ പകരുകയും ചെയ്തു.
ആ പുതിയ സ്വഭാവം, ദിവ്യസ്വഭാവം എവിടെ നിന്ന് വരുന്നു? അതും തുടര്‍ന്നുള്ള വാക്യങ്ങളില്‍ ദൈവചനം പറയുന്നു.
2 കൊരിന്ത്യര്‍ 5:18 അതൊക്കെയും ദൈവത്തില്‍ നിന്നും വരുന്നു.( All this is from God)
നാം മനസ്സിലാക്കേണ്ടത് നമ്മിലെ എല്ലാ പാപസ്വഭാവത്തിനും വിപരീതം ആണ് യേശുക്രിസ്തുവിന്‍റെ സ്വഭാവം. അവന്‍ എന്നില്‍ വസിക്കുമ്പോള്‍ ആ ദിവ്യസ്വഭാവം എന്നില്‍ നിന്നും ഉളവായി വരും. എന്‍റെ പഴയ ആദാമ്യ സ്വഭാവത്തെ, പാപ ഹൃദയത്തെ പരിഷ്കരിക്കാന്‍ ഞാന്‍ ശ്രമിക്കേണ്ടതില്ല. അത് തിന്മ മാത്രമേ പുറപ്പെടുവിക്കുകയുളൂ. അതിനെ പരിഷ്കരിക്കുവാന്‍ കഴിയാത്തതിനാൽ തൻ്റെ ക്രൂശു മരണത്തിലൂടെ കർത്താവ് നമ്മുടെ പഴയ ഹൃദയത്തെ എടുത്തു മാറ്റി, മാത്രമല്ല തന്‍റെ ദിവ്യസ്വഭാവത്തെ നമ്മിൽ പകർന്നു
എന്നാല്‍ ആ ദിവ്യസ്വഭാവം, ജീവജലനദികള്‍ നമ്മില്‍ നിന്നും പുറത്തേക്കു ഒഴുകണം എങ്കില്‍ നാം അനുദിനം ക്രൂശു എടുത്തു കര്‍ത്താവിനെ അനുഗമിക്കണം, കൊമ്പു മുന്തിരിവള്ളിയില്‍ വസിക്കുന്നത് പോലെ അവനില്‍ വസിക്കേണം എന്നു ദൈവവചനം പറയുന്നു. അതിനാൽ ഇന്ന് ഞാൻ ക്രൂശു എടുത്തു കർത്താവിനെ അനുഗമിക്കുമ്പോൾ, ജഡത്തെ ക്രൂശില്‍ അനുദിനം ഏല്‍പ്പിക്കുമ്പോള്‍ എന്‍റെ ഉള്ളില്‍ നിന്നും ജീവജലനദികള്‍ പുറപ്പെടുവിക്കുവാന്‍ യേശുക്രിസ്തുവിനു കഴിയും. അതെ, നമ്മുടെ ജഡത്തിനെ അനുസരിച്ചു നടക്കുവാൻ അല്ല,മറിച്ചു നാള്‍തോറും ആത്മാവിനാൽ അതിനെ ക്രൂശിക്കുവാന്‍ ആണ് കര്‍ത്താവ് ആവശ്യപ്പെടുന്നത്.
ഗലാത്യര്‍ 5:24 ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്‍റെ രാഗമോഹങ്ങളോടുംകൂടെ ക്രൂശിച്ചിരിക്കുന്നു.
റോമര്‍ 8: 13 ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും.
നിങ്ങള്‍ വിശ്വാസത്താല്‍ പാപക്ഷമ പ്രാപിച്ചത് പോലെ, ഈ ജീവിതവും വിശ്വാസത്താല്‍ പ്രാപിക്കാന്‍ കഴിയും. നിങ്ങളിലും, നിങ്ങളിലൂടെയും ജീവിക്കാന്‍ കര്‍ത്താവിനു ഏല്പിച്ചു കൊടുക്കുക. നിങ്ങളുടെ പാപങ്ങള്‍ക്ക് പകരമായി അവന്‍ മരിക്കുക മാത്രമല്ല, നിങ്ങളുടെ പാപസ്വഭാവത്തെ, പഴയ മനുഷ്യനെ അവന്‍ ക്രൂശില്‍ വഹിച്ചു. നിങ്ങള്‍ക്ക് ജീവന്‍ നല്‍കി, നിങ്ങളെ തന്‍റെ ദിവ്യസ്വഭാവത്തിനു പങ്കുകാര്‍ ആക്കുവാന്‍ അവന്‍ ഉയിര്‍ത്തെഴുനേല്‍ക്കുക ചെയ്തു. ഈ സത്യം വിശ്വസിക്കുകയും സ്വീകരിക്കുകയും, അവനില്‍ ആശ്രയിക്കുകയും അവനില്‍ വസിക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങളുടെ വരണ്ട ക്രിസ്തീയജീവിതം ജീവജലനദികള്‍ ഒഴുകുന്ന ജീവിതമായിത്തീരും . അതിനായി നമുക്ക് ദൈവകൃപയിൽ ആശ്രയിക്കാം.
ബ്രദർ ജിനു നൈനാൻ