യോഹന്നാൻ ആറ് കർതൃമേശയിലെ വസ്തുമാറ്റമോ ? സംശയങ്ങൾക്ക് മറുപടി.
യോഹന്നാൻ ആറ് കർതൃമേശയിലെ വസ്തുമാറ്റമോ ? സംശയങ്ങൾക്ക് മറുപടി.
jinu Ninan
വചന വിരുദ്ധമായ " വസ്തുമാറ്റം സിദ്ധാന്തം" സ്ഥാപിക്കുവാൻ ചിലർ ഉപയോഗിക്കുന്ന വാക്യം ആണ് യോഹന്നാൻ ആറിൽ ".. എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും." (JOHN 6:54)
ഈ വാക്യം കർത്തൃമേശയിൽ വസ്തുമാറ്റം സംഭവിച്ചു കർത്താവിൻ്റെ യഥാർത്ഥ ശരീരവയും രക്തവുമായി തീർന്നതിനെ അങ്ങനെ തന്നെ വിശ്വസിച്ചു കൊണ്ട്ക ഴിക്കുക എന്നത് ഉദ്ദേശിച്ചു പറയുന്നതാണ് എന്നാണ് വ്യാഖ്യാനം.
എന്നാൽ യോഹന്നാൻ ആറിൽ യേശു എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ട് എന്ന് പറയുമ്പോൾ കർത്തൃമേശയിലെ കർത്തൃമേശയിൽ വസ്തുമാറ്റം സംഭവിച്ചു എന്ന് വിശ്വസിച്ചു അത് കഴിക്കുന്നതല്ല ,പകരം വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട് എന്ന് തൊട്ടു മുകളിൽ തുടർച്ചയായി പറഞ്ഞത് വേറൊരു രീതിയിൽ ആലങ്കാരികമായി പറഞ്ഞതാണ് എന്ന് ഞാൻ ഒരു സന്ദേശത്തിൽ വിശദീകരിച്ചിരുന്നു. അതിനാൽ അത് പൂർണ്ണമായി ആവർത്തിക്കുന്നില്ല.
ഈ ലിങ്കിൽ ആ സന്ദേശം ലഭ്യമാണ്.
https://www.youtube.com/watch?v=fkxwXwI-Bwg&t
ഇത് വേദ പുസ്തകത്തിന്റെ അടിസ്ഥാന വ്യാഖ്യാന തത്വങ്ങൾ അറിയുന്നവർക്ക് മനസ്സിലാകുന്ന കാര്യമാണ് എങ്കിലും അത് മനസ്സിലാകാത്തവർക്കു വേണ്ടി ചുരുക്കമായി വിശദീകരിക്കുന്നു.
ഒന്നാമതായി യോഹന്നാൻ തൻ്റെ ലേഖനത്തിൽ മുപ്പതിൽ കൂടുതൽ പ്രവശ്യം നിത്യജീവൻ എങ്ങനെ ലഭിക്കും എന്ന് വ്യക്തമായി പറയുന്നു എല്ലായിടത്തും മാറ്റമില്ലാത്ത രീതിയിൽ ഒരേ കാര്യമാണ് പറയുന്നത്. അത് " പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ലഭിക്കും" എന്നതാണ്.
വിശ്വസിക്കുന്നവന് നിത്യജീവൻ ലഭിക്കും എന്ന മാറ്റമില്ലാത്ത തൻ്റെ ഉപദേശം തന്നെ ആറാം അധ്യായത്തിലും കർത്താവ് ആവർത്തിക്കുന്നു.എന്നാൽ അവിടെ അത് വ്യക്തമായും അലങ്കാരികയും രണ്ടു രീതിയിൽ പറയുന്നു എന്നേയുള്ളൂ.
ഇത് മനസ്സിലാക്കുവാൻ വളരെ എളുപ്പമാണ്; കർത്താവു എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു എന്ന് പറഞ്ഞ വാക്യത്തിന്റെ സാഹചര്യവും നേരെ മുകളിലും താഴെയും പറയുന്ന വാക്യങ്ങളും ശ്രദ്ധിച്ചാൽ മാത്രം മതി.
യോഹന്നാൻ ആറാം അധ്യായത്തിൻറെ സാഹചര്യം, കർത്തൃമേശയുടെ സ്ഥാപനം അല്ല. കർത്താവ് ഇത് പറയുന്നത് കഫർന്നഹൂമിൽ ദേവാലയത്തിൽ വച്ചാണ്.കർതൃമേശ സ്ഥാപിക്കുന്നത് തൻ്റെ ജീവിത അവസാനത്തിൽ മാളിക മുറിയിൽ വച്ചാണ്.
ഇവിടെ അപ്പം തിന്നു തൃപ്തരായ ജനം കർത്താവിനെ അന്വേഷിച്ചു കഫർന്നഹൂമിൽ വരുന്നതാണ് സാഹചര്യം.അവരോടു കർത്താവ് നിത്യജീവങ്കലേക്ക് നിലനില്ക്കുന്ന ആഹാരത്തിനായിട്ടു പ്രവർത്തിക്കാൻ പറയുന്നു.
യോഹ. 6: 26അതിന് യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ .. അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നത്. 27നശിച്ചുപോകുന്ന ആഹാരത്തിനായിട്ടല്ല, നിത്യജീവങ്കലേക്ക് നിലനില്ക്കുന്ന ആഹാരത്തിനായിട്ടു തന്നെ പ്രവർത്തിപ്പിൻ; അത് മനുഷ്യപുത്രൻ നിങ്ങൾക്ക് തരും. ... എന്നു ഉത്തരം പറഞ്ഞു
നിത്യജീവങ്കലേക്ക് നിലനില്ക്കുന്ന ആഹാരത്തിനായിട്ടു പ്രവർത്തിക്കുക അധവാ ദൈവത്തിന് പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ എന്ന് കർത്താവ് തുടർന്ന് പറയുന്നു.
ഈ സംഭാഷണത്തിന്റെ തുടർച്ചയായി 47 ആം വാക്യത്തിൽ കർത്താവ് പറയുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്.
എന്താണ് വിശ്വസിക്കേണ്ടത് എന്നും എങ്ങനെയാണു നിത്യജീവൻ ഉണ്ടാകുന്നതു എന്നും തൊട്ടു മുകളിൽ കർത്താവ് പറയുന്നുണ്ട്.
യോഹ. 6:40 പുത്രനെ നോക്കിക്കൊണ്ട് അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ ഉണ്ടാകണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ അവസാന നാളിൽ ഉയിർത്തെഴുന്നേല്പിക്കും.
തുടർന്ന് കർത്താവ് പറയുന്ന വാക്യമാണ് പലരും ദുർവ്യാഖ്യാനിക്കുന്നതു.
യോഹ. 6: 54 എന്റെ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട്; അവസാന നാളിൽ ഞാൻ അവനെ ഉയിർത്തെഴുന്നേല്പിക്കും.
ഒരേ സംഭാഷണത്തിൽ തുടർച്ചയായി, നിത്യജീവൻ ലഭിക്കാൻ പുത്രനിൽ വിശ്വസിക്കുക, പുത്രനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ ഉണ്ട് എന്നും ഞാൻ അവനെ അവസാന നാളിൽ ഉയിർത്തെഴുന്നേല്പിക്കും എന്നും പറഞ്ഞതിനു തൊട്ടു താഴെ
എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട് എന്നും അവസാന നാളിൽ ഞാൻ അവനെ ഉയിർത്തെഴുന്നേല്പിക്കും എന്നും പറഞ്ഞാൽ കർത്താവ് ആലങ്കാരിക ഭാഷയിൽ അതെ കാര്യം ആവർത്തിക്കുയാണ് എന്ന് മനസ്സിലാക്കവുവാൻ സാമാന്യ ബുദ്ധി ഉപയോഗിക്കുകയോ ബൈബിൾ വ്യാഖ്യാനത്തിന്റെ അടിസ്ഥാന വ്യാഖ്യാനങ്ങൾ അറിയുകയോ ചെയ്താൽ മതി.
എന്നിട്ടും ഇത് മനസ്സിലാകാത്തവർക്കു മനസ്സിലാക്കുവാൻ സംശയലേശമെന്യേ വ്യക്തമാക്കുന്ന വാക്കുകൾ ആണ് കർത്താവ് തുടർന്ന് പറയുന്നത്
യോഹ. 6:56 എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.
നാം കർത്താവിലും അവൻ നമ്മിലും വസിക്കുന്നത് കർത്തൃമേശയിൽ വസ്തുമാറ്റം സംഭവിച്ചു കർത്താവിൻ്റെ യഥാർത്ഥ ശരീരവയും രക്തവുമായി തീർന്നതിനെ അങ്ങനെ തന്നെ വിശ്വസിച്ചു കഴിക്കുമ്പോൾ അല്ല , പകരം അവനിൽ വിശ്വസിക്കുന്നതിൽ കൂടെയാണ് എന്ന് യേശുക്രിസ്തുവും , യോഹന്നാനും സുവ്യക്തമായി പറയുന്നു. ഈ വാക്യങ്ങൾ ശ്രദ്ധിക്കുക.
യോഹ. 15 : 4 എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും വസിക്കും,
യോഹ. 15 :5ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും
യോഹ. 15: 7നിങ്ങൾ എന്നിലും എന്റെ വചനങ്ങൾ നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നത് എന്തെങ്കിലും അപേക്ഷിക്കുവിൻ; അത് നിങ്ങൾക്ക് ലഭിക്കും.
1 യോഹ 4 :15 യേശു ദൈവപുത്രൻ എന്ന് സ്വീകരിക്കുന്നവനിൽ ദൈവവും, അവൻ ദൈവത്തിലും വസിക്കുന്നു
ദൈവം സ്നേഹം തന്നെ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു
ഈ വാക്യങ്ങളിൽ എല്ലാം നാം കർത്താവിലും അവൻ നമ്മിലും വസിക്കുക എന്ന് പറയുന്നത് കർത്തൃമേശയിൽ വസ്തുമാറ്റം സംഭവിച്ചു കർത്താവിൻ്റെ യഥാർത്ഥ ശരീരവയും രക്തവുമായി തീർന്നതിനെ അങ്ങനെ തന്നെ വിശ്വസിച്ചു കഴിക്കുന്നതാണ് എന്ന് ആരെങ്കിലും പറയും എന്ന് തോന്നുന്നില്ല.
പകരം കർത്താവിൽ സ്നേഹത്തിൽ വിശ്വാസത്താൽ വസിക്കുന്നതിനെക്കുറിച്ചും അതിൻ്റെ പ്രതികരണമായി കർത്താവ് നമ്മിൽ വസിക്കുന്നതിനെക്കുറിച്ചും ആണ് എന്ന് സുവ്യക്തം.
എന്നിട്ടും മനസ്സിലാകാത്തവർക്കു വേണ്ടി അടുത്ത വാക്യത്തിലും കർത്താവ് അത് ആവർത്തിക്കുന്നു.
യോഹ. 6: 57 ജീവനുള്ള പിതാവ് എന്നെ അയച്ചിട്ട് ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എന്മൂലം ജീവിക്കും.
അതായത് കർത്താവിനെ തിന്നുക എന്ന് പറഞ്ഞാൽ യേശു പിതാവിൻമൂലം ജീവിക്കുന്നതു പോലെ ജീവിക്കുക ആണ് എന്നർത്ഥം. യേശു പിതാവിന് മൂലം ജീവിച്ചത് എങ്ങനാണ്? പിതാവിലുള്ള വിശ്വാസത്താൽ ആണ്.
അതായതു കർത്താവിനെ തിന്നുക എന്ന് പറഞ്ഞാൽ, അഥവാ കർത്താവിൻമൂലം ജീവിക്കുക എന്നാൽ കർത്താവിൽ വിശ്വസിക്കുക ആണ് എന്ന് ഇതിൽ കൂടുതൽ വ്യക്തമായി എങ്ങനെയാണു പറയുക?
പുത്രൻ മൂലം ജീവിക്കുന്നത് എങ്ങനെയാണ് എന്ന് യോഹന്നാണ് തൻ്റെ ലേഖനത്തിൽ ആവർത്തിക്കുന്നു.
1 യോഹ 4: 8 ദൈവം സ്നേഹം തന്നെയായതിനാൽ, സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല. 9നാം അവനാൽ ജീവിക്കേണ്ടതിന്, ദൈവം തന്റെ ഏകജാതനായ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്നതിനാൽ ദൈവത്തിന് നമ്മോടുള്ള സ്നേഹം വെളിപ്പെട്ടു
കർത്താവിന് മൂലം ജീവിക്കുക എന്നാൽ കർത്താവിനെ സ്നേഹിച്ചു വിശ്വസിച്ചു ജീവിക്കുക എന്നേയുള്ളൂ അർഥം.
ചുരുക്കത്തിൽ നിത്യജീവൻ ഉണ്ടാകാൻ 2 മാർഗ്ഗങ്ങൾ ( 1 യേശുക്രിസ്തുവിൽ വിശ്വസിക്കുക , 2 .അപ്പവീഞ്ഞുകളിൽ വസ്തുമാറ്റം സംഭവിച്ചു യഥാർത്ഥ ശരീര രക്തങ്ങളായി മാറുന്നു എന്ന് വിശ്വസിച്ചു ഭക്ഷിക്കുക ) എന്നൊരു വിഷയം യോഹന്നാന്റെ സുവിശേഷത്തിൽ ഇല്ലേയില്ല
പകരം യേശുക്രിസ്തു നിത്യജീവൻ ലഭിക്കാൻ വിശ്വസിക്കുക എന്ന ഒരേ ഒരു കാര്യമേ യോഹന്നാന്റെ സുവിശേഷത്തിൽ പറയുന്നുള്ളൂ. അത് അലങ്കാരികമായി ചിലയിടത്തു പറയുന്നു നിന്നു മാത്രം.
അടുത്തതു തിന്നുക കുടിക്കുക എന്ന ആലങ്കാരിക രീതിയിൽ പറയാതെ കർത്താവിനു വിശ്വസിക്കുക എന്ന് നേരിട്ട് പറഞ്ഞാൽ പോരേയെന്നാണ് ചോദ്യം.
ഈ ബാലിശമായ ചോദ്യത്തിനും കാരണം കർത്താവിൻ്റെ ആലങ്കാരിക ഭാഷ പറയുന്നത് മനസ്സിലാക്കാൻ കഴിയാത്ത പഠന വൈകല്യമാണ്,
വിശ്വസിക്കുക എന്നതിനെ തിന്നുക , കുടിക്കുക എന്ന നിലയിൽ യോഹന്നാന്റെ സുവിശേഷത്തിൽ തന്നെ ആവർത്തിച്ച് കർത്താവ് പറയുന്നു..ഉദാഹരണങ്ങൾ.
യോഹ 4:10 അതിന് യേശു: നീ ദൈവത്തിന്റെ ദാനവും, നിന്നോട് കുടിക്കുവാൻ തരിക എന്നു പറഞ്ഞവൻ ആരെന്നും അറിഞ്ഞ് എങ്കിൽ നീ അവനോട് ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്ക് തരികയും ചെയ്യുമായിരുന്നു
യോഹ 4:14ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല, മറിച്ച് ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്ക് പൊങ്ങിവരുന്ന നീരുറവായി തീരും
യോഹ 4: 21യേശു അവളോട് പറഞ്ഞത്: സ്ത്രീയേ, എന്നെ വിശ്വസിക്ക
ഇവിടെ ജീവനുള്ള വെള്ളം എന്നതു തന്നിൽ വിശ്വസിക്കുമ്പോൾ ലഭിക്കുന്ന പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിൽ കൂടി ലഭിക്കുന്ന നിത്യജീവൻ ആണ് എന്ന് സുവ്യക്തം.എന്നാൽ ശമര്യക്കാരി സ്ത്രീക്ക് അത് മനസ്സിലാകുന്നില്ല. കർത്താവ് അത് അവിടെ വിശദീകരിച്ചു കൊടുക്കുന്നുമില്ല.
യോഹ 7 :37 ഉത്സവത്തിന്റെ മഹാദിനമായ ഒടുവിലത്തെ നാളിൽ യേശു നിന്നുകൊണ്ട്: ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ # വന്നു കുടിക്കട്ടെ# . 38എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്ന് തിരുവെഴുത്ത് പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും എന്നു വിളിച്ചുപറഞ്ഞു.
ഇവിടെയും കർത്താവ് വിശ്വസിക്കുമ്പോൾ ലഭിക്കുന്ന പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിൽ കൂടി ലഭിക്കുന്ന നിത്യജീവൻ ആണ് എന്ന് കേട്ടവർക്ക് വിശദീകരിച്ചു കൊടുക്കുന്നില്ല എന്നാൽ യോഹന്നാൻ അത് വായനക്കാർക്ക് വേണ്ടി വിശദീകരിക്കുന്നു.
യോഹ 7: 39 അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്ക് ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചാകുന്നു പറഞ്ഞത്
ഇതേ ശൈലിൽ തന്നെ വിശ്വസിക്കുക എന്നതിനെ തിന്നുക , കുടിക്കുക എന്ന ആലങ്കാരിക ഭാഷയിൽ കർത്താവ് യോഹന്നാൻ ആറിൽ ആവർത്തിക്കുന്നു എന്നേയുള്ളൂ.
വിശ്വസിച്ചാൽ നിത്യജീവൻ എന്നും, വിശ്വസിക്കുന്നവരെ ഉയിർപ്പിക്കും എന്ന് പറയുന്നതിന് തൊട്ടു പിന്നാലെ രക്തം കുടിച്ചാൽ നിത്യജീവൻ എന്നും, രക്തം കുടിക്കുന്നവരെ ഉയിർപ്പിക്കും എന്നും പറഞ്ഞാൽ മുൻപ് പറഞ്ഞത് പോലെ രണ്ടു തരത്തിൽ നിത്യജീവൻ പ്രാപിക്കാനുള്ള മാർഗ്ഗമായി (1 വിശ്വസിക്കുക, 2 കർതൃമേശ ശരീരരക്തങ്ങൾ ആയി വസ്തുമാറ്റം സംഭവിച്ചു എന്ന് വിശ്വസിച്ചു കഴിക്കുക ) വ്യാഖ്യാനിച്ചാൽ ജീവനുള്ള വെള്ളം കുടിക്കുക എന്നതും കർത്തൃ മേശയോ,മറ്റെന്തെങ്കിലുമോ ആയി വ്യാഖ്യാനിക്കാം.നിത്യജീവൻ ലഭിക്കാനുള്ള അനേക മാർഗ്ഗങ്ങൾ കൊണ്ട് വരാം.ഈ രീതിയിൽ ആണ് ദുർവ്യാഖ്യാനങ്ങൾ ഉണ്ടാകുന്നതു.
യേശുക്രിസ്തു ഇത് പറഞ്ഞപ്പോളും ചിലർക്ക് ഇത് മനസ്സിലായില്ല , അവർ ഇടറി കർത്താവിനെ വിട്ടു പോയി. ചിലർ കർത്താവ് പറഞ്ഞതു നിത്യജീവൻ ലഭ്യമാക്കുന്ന വചനങ്ങൾ ആണ് എന്ന് മനസ്സിലാക്കി കൂടെ നിന്നു . ഇന്നും അതെ ചരിത്രം ആവർത്തിക്കുന്നു.
ബൈബിളിൽ സുവ്യക്തമായി പറയുന്ന കാര്യങ്ങളെ പോലും വിശ്വസിക്കാതെ സ്വന്ത വ്യാഖ്യാനങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നവർ ചെയുന്ന അടുത്ത ഒരു കാര്യമാണ്..ഇങ്ങനെ ഏതോ സഭ പിതാവ് പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു അതിനെ സ്ഥാപിക്കാൻ ശ്രമിക്കുക എന്നത്. അവർ ചോദിക്കുന്ന ചോദ്യമാണ് ഇങ്ങനെ ഏതെങ്കിലും സഭാ പിതാവ് പഠിപ്പിച്ചിട്ടുണ്ടോ.എന്നത്.
തിരുവചനത്തിൽ സുവ്യക്തമായ ഒരു ഉപദേശം തെളിയിക്കാൻ ഒരു സഭാ പിതാവിൻ്റെയും എഴുത്തുകളുടെ ആവശ്യമില്ല എന്നതാണ് എല്ലാ കാലത്തെയും ക്രൈസ്തവസഭയുടെ നിലപാട്.അങ്ങനെയുള്ളപ്പോൾ തന്നെ ഇത്തരം തെറ്റിധരണകൾക്കു മാറ്റുവാൻ ഈ ചോദ്യത്തിനും ഉത്തരം തരുന്നു.
ഒന്നാമതായി കർത്തൃമേശയിൽ വസ്തുമാറ്റം സംഭവിച്ചു കർത്താവിൻ്റെ യഥാർത്ഥ ശരീരവയും രക്തവുമായി തീരുന്നതായി ഒരു സഭാ പിതാവും ഒരിക്കലൂം പഠിപ്പിച്ചിട്ടില്ല.മാത്രമല്ല പലരും അതിനെ പ്രതീകാത്മകമായി ആണ് പഠിപ്പിച്ചത്. പത്താം നൂറ്റാണ്ടിനു ശേഷം ആണ് വസ്തുമാറ്റ ( transubstantiation ) ഉപദേശം ക്രൈസ്തവ സഭയിൽ കടന്നത്.
അടുത്തതായി പല ആദിമ സഭാപിതാക്കന്മാരും യോഹന്നാൻ ആറിനെ ആക്ഷരികമായി കർത്താവിൻ്റെ മാംസം ഭക്ഷിക്കുന്നതായോ, കർത്തൃമേശയായോ അല്ല ,ഇത് കർത്താവ് വിശ്വസിക്കുന്നതിനെ അലങ്കാരമായി പറഞ്ഞത് ആണെന്നാണ് പഠിപ്പിച്ചിട്ടുള്ളത്. തെളിവുകൾ
On the Resurrection of the Flesh, Chapter 37 - Tertullian
The Instructor, Book 1, Chapter 6 - Clement of Alexandria
History of the Christian Church, Volume III: Nicene and Post-Nicene Christianity. A.D. - Page 495, Philip Schaff
History of the Christian Church, Volume III: Nicene and Post-Nicene Christianity. A.D. - Page 497
ചുരുക്കത്തിൽ ദൈവവചനമോ, ആദിമ സഭയോ പഠിപ്പിച്ചിട്ടില്ലാത്ത തെറ്റായ വ്യാഖ്യാനമാണ് വസ്തു മാറ്റ സിദ്ധാന്തം.അതിനെ തെളിയിക്കാൻ ആണ് യോഹന്നാൻ ആറു കർത്തൃമേശയായി തെറ്റായി വ്യാഖ്യാനിക്കുന്നത്.