Articles

കുരിശിൻ്റെ സ്വാതന്ത്ര്യം

Date Added : 15-08-2022

കുരിശിൻ്റെ സ്വാതന്ത്ര്യം

ജിനു നൈനാൻ  

http://www.cakchurch.com/article-details.php?id=162

ഈ ദിവസങ്ങളിൽ നമ്മുടെ രാജ്യം സ്വാത്ര്യത്തിൻ്റെ 75 ആം വാർഷികം ആഘോഷിക്കുന്നു. 75 വർഷങ്ങൾക്കു മുൻപ് നാം ബ്രിട്ടീഷ് അടിമത്വത്തിൽ നിന്നും സ്വതന്ത്രർ ആയിത്തീർന്നു.

എന്നാൽ ഇന്ത്യ എന്ന സ്വതന്ത്ര ജനിധിപത്വ രാജ്യത്തിൽ ജീവിക്കുന്ന പലരും ഇന്നും  അടിമത്വത്തിൽ  ആണ്. പലരും സ്വാതന്ത്ര്യം ലഭിച്ചു എന്ന തിരിച്ചറിവ് ഇല്ലാത്തതിനാൽ ഇന്നും അടിമത്വത്തിൽ തുടരുന്നു.

യഥാർത്ഥ അടിമത്വം എന്നത് പാപത്തിൻ്റെ അടിമത്വം ആണ്   യേശുക്രിസ്തു പറഞ്ഞു.  പാപം ചെയ്യുന്ന എല്ലാവരും പാപത്തിൻ്റെ അടിമയാണ്... 

ദൈവം മനുഷ്യനെ ഒരു അടിമയായല്ല പകരം സ്വതന്ത്രൻ ആയും ദൈവീക അധികാരത്തിൻ  കീഴുള്ളവനായും, അധികാരമുള്ളവൻ ആയും   ആണ് സൃഷ്ഠിച്ചതു. ( സങ്കീ. 8: 4-6) 

എന്നാൽ ആ സ്വാതന്ത്ര്യം എന്നത് തനിക്കു ഇഷ്ടമുള്ളത് ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം ആയിരുന്നില്ല പകരം ദൈവത്തിൻ്റെ ഇഷ്ടം ചെയ്യാനുള്ള സ്വാതന്ത്ര്യം ആയിരുന്നു.അഥവാ ദൈവാത്മാവിനാൽ  നടത്തപ്പെടുവാനുള്ള  സ്വാതത്ര്യം ആയിരുന്നു.(ഉല്പ. 2:16,17 )

ഇന്ന് പലരും സ്വാതന്ത്ര്യം ഈ വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് തങ്ങൾക്കു ഇഷ്ടമുള്ളത് എല്ലാം ചെയ്യുക എന്നതാണ് എന്നാൽ യഥാർത്ഥ സ്വാതത്ര്യം എന്നത് പാപം ചെയ്യാതെ ഇരിക്കാനും  പരിശുദ്ധാത്മാവ് കർതൃത്തിനു കീഴിൽ  ജീവിക്കാനും കഴിയുന്ന  സ്വാതന്ത്ര്യം  ആണ് എന്ന് ദൈവവചനം പറയുന്നു.

എന്നാൽ ആദ്യ  മനുഷ്യനായ ആദം  പിശാചിൻ്റെ വഞ്ചനയിൽ നന്മ തിന്മകളെ സ്വയം തിരഞ്ഞെടുക്കാൻ തീരുമാനിക്കുകയും , അതുവഴി പിശാചിൻ്റെയും, പാപത്തിൻ്റെ യും, മരണഭയത്തിൻ്റെ യും അടിമ ആയിത്തീരുകയും ചെയ്തു .അതിനേക്കാൾ ഉപരിയായി ദൈവത്തോട് എതിർത്ത് നിൽക്കുന്ന പാപപ്രകൃതിയുടെ  അടിമയായി മനുഷ്യൻ മാറി. 

നാം ആദമിൽ നിന്നും  ജനിച്ചവർ ആയതിനാൽ , ദൈവത്തിനു എതിരെ മത്സരിക്കുന്ന ഈ പാപപ്രകൃതിയോടെയാണ് നാം ജനിച്ചതെന്ന് ബൈബിൾ പറയുന്നു (സങ്കീർത്തനം 51:5; യെശയ്യാവ് 59:2, എഫെ. 2:1-3).നമ്മുടെ ആന്തരിക സത്തയുടെ കാതലും, പിശാചിനോടുള്ള അടിമത്വത്തിൻ്റെ  കാരണവും  ദൈവത്തോടുള്ള നമ്മുടെ  മത്സരത്തിൻ്റെ യും വേരുമായിരുന്നു ഈ പാപപ്രകൃതി  (റോമർ 6:6; കൊലോസ്യർ 2:11, എഫെ. 2:1-3)

നമ്മുടെ പാപസ്വഭാവം നമ്മുടെ ഉള്ളിലെ ഒരു "പാപ ഫാക്ടറി" പോലെയായിരുന്നു,  തുടർച്ചയായി പാപകരമായ മനോഭാവങ്ങളും പ്രവൃത്തികളും ഈ പാപസ്വഭാവം   ഉത്പാദിപ്പിക്കുന്നു. നാം വീണ്ടും ജനിക്കുന്നതിനു മുമ്പുള്ള നമ്മുടെ ആത്മീയ അവസ്ഥ ഇതായിരുന്നു. നാം പ്രകൃത്യാ പാപികളായിരുന്നു, എത്ര ശ്രമിച്ചിട്ടും പാപത്തിൻ്റെ വിനാശകരമായ ഫലങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് ഒരിക്കലൂം  കഴിഞ്ഞില്ല.ഈ പാപസ്വഭാവത്തെ; പാപം പുറപ്പെടുവിക്കുന്ന ഹൃദയം എന്നാണ് കർത്താവ് പ്രതീകാത്മകമായി പറഞ്ഞത്.ഈ പാപഹൃദയം ഉള്ളിടത്തോളം  മനുഷ്യൻ അശുദ്ധനാണ് എന്ന് കർത്താവ് വ്യക്തമാക്കി.(മർക്കൊ. 7:20-230

എന്നാൽ മനുഷ്യൻ പാപത്തിനു അടിമയാപ്പോൾ തന്നെ പിശാചിൻ്റെ തല തകർത്തു മനുഷ്യനെ സ്വതന്ത്രൻ ആക്കുവാൻ വരുന്ന സന്തതിയെക്കുറിച്ചു ദൈവം വാഗ്ദത്തം നൽകി. ഉല്പ. 3:15 . 'അവൻ നിൻ്റെ തല തകർക്കും'

ആ വാഗ്ദത്ത സന്തതിയായ യേശുക്രിസ്തു ജനിക്കുന്നതിനു മുൻപ് ദൂതൻ  പറഞ്ഞു 

 മത്താ. 1: 21 അവൾ ഒരു മകനെ പ്രസവിക്കും; അവൻ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കുവാനായി വന്നിരിക്കുന്നതുകൊണ്ട് നീ അവൻ്റെ പേര് യേശു എന്നു വിളിക്കണം എന്നു പറഞ്ഞു”.

തൻ്റെ ശുശ്രൂഷയുടെ തുടക്കത്തിൽ, യേശുക്രിസ്തു പ്രഖ്യാപിച്ചു,

“കർത്താവിൻ്റെ ആത്മാവ് എൻ്റെ മേൽ ഉണ്ട്,  ദരിദ്രരോട് സുവിശേഷം അറിയിക്കാൻ അവൻ എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. തടവുകാർക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ അവൻ എന്നെ അയച്ചിരിക്കുന്നു (ലൂക്കാ 4:18).

കർത്താവ് തൻ്റെ ശുശ്രൂഷയിൽ തുടർന്ന് ആവർത്തിക്കുന്നു. 

പാപം ചെയ്യുന്ന എല്ലാവരും പാപത്തിൻ്റെ അടിമയാണ്... എന്നാൽ  പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർത്ഥത്തിൽ സ്വതന്ത്രരാകും. യോഹന്നാൻ 8:34-36

പാപത്തിലുള്ള നമ്മുടെ അടിമത്വത്തിനു  ദൈവത്തിൻ്റെ പരിഹാരം, നമ്മുടെ പാപങ്ങളെ കേവലം ക്ഷമിക്കുക എന്നതായിരുന്നില്ല പകരം  നമ്മുടെ ഉള്ളിലെ "പാപ മനുഷ്യനെ  " അല്ലെങ്കിൽ "പാപ ഫാക്ടറിയെ "നശിപ്പിച്ചു അതിൽ നിന്നും  നിന്ന് വിടുവിക്കുക എന്നതായിരുന്നു. നാം പാപത്തിൽ ജനിച്ചതിനാൽ, പാപത്തിൽ നിന്ന് മോചനം നേടാനുള്ള ഏക മാർഗം മരണത്തിലൂടെയാണ്.

നമ്മുടെ പാപസ്വഭാവം നീക്കം ചെയ്യുന്നതിനായി അവൻ്റെ പുത്രൻ്റെ  മരണത്തിൽ നമ്മെ ആത്മീയമായി ഉൾപ്പെടുത്തുക എന്നതായിരുന്നു ദൈവത്തിൻ്റെ പ്രതിവിധി (റോമർ 6:3-5; കൊലോസ്യർ 1:27). എങ്കിൽ മാത്രമേ പുനരുത്ഥാനം പ്രാപിച്ച പുത്രൻ്റെ ആത്മാവിനു നമ്മിൽ നിത്യമായി വസിക്കുകയും നമ്മെ നയിക്കുകയും  യഥാർത്ഥ സ്വാതന്ത്ര്യത്തിൽ നടത്തുവാൻ കഴിയുകയും ചെയ്യുവാൻ കഴിയുമായിരുന്നുള്ളൂ.

ഉത്പത്തിയിൽ  ദൈവം മനുഷ്യന് കൊടുത്ത വാഗ്ദത്തം  നിവർത്തിച്ചു, കുരിശിൽ മരിച്ച്, പിശാചിൻ്റെ തല തകർത്തു കൊണ്ട് യേശു ഈ ദൗത്യം നിറവേറ്റി. അന്ധകാര രാജ്യത്തിൽ നിന്ന് നമ്മെ സ്വതന്ത്രരാക്കാനും വെളിച്ചത്തിൻ്റെ രാജ്യത്തിലേക്ക് നമ്മെ കൊണ്ടുവരാനും ദൈവം തൻ്റെ പുത്രൻ്റെ മരണം ഉപയോഗിച്ചു (കൊലോസ്യർ 1:13).

നമ്മിലുണ്ടായിരുന്ന പാപമനുഷ്യൻ മരിച്ചപ്പോൾ പാപസ്വഭാവം നശിപ്പിക്കപ്പെട്ടു എന്നും  പാപത്തിൻ്റെ  അടിമത്വത്തിൽ നിന്നും വിടുവിക്കപ്പെട്ടു എന്നും ബൈബിൾ പറയുന്നു, *നാം ഇനി പാപത്തിന് അടിമകളായി തീരാതവണ്ണം നമ്മുടെ പാപസ്വഭാവം നശിക്കേണ്ടതിന്* നമ്മിലുള്ള പഴയ മനുഷ്യൻ അവിടുത്തോടുകൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്നു നാം അറിയുന്നു.( റോമർ 6:6 https://www.bible.com/en-GB/bible/1685/ROM.6.malclBSI)

നമ്മുടെ പാപപ്രകൃതിയുടെ ഈ മരണം കേവലം പ്രതീകാത്മകമായിരുന്നില്ല. നാം രക്ഷിക്കപ്പെട്ടപ്പോൾ, ദൈവം യഥാർത്ഥത്തിൽ നമ്മുടെ പാപസ്വഭാവം നീക്കംചെയ്തു, ദൈവത്തിൻ്റെ ആത്മാവിനാൽ നാം വീണ്ടും ജനിച്ചപ്പോൾ നമ്മുടെ പാപസ്വഭാവം മരിച്ചതിനാൽ, പാപത്തിൻ്റെ ആധിപത്യത്തിൽനിന്നും അടിമത്വത്തിൽ  നിന്നും നാം സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു.

ബൈബിൾ പറയുന്നു, " (റോമർ 6:3-5) "മരിച്ചവൻ പാപത്തിൽ നിന്ന് മോചിതനായി... നാം ക്രിസ്തുവിനോടുകൂടെ മരിച്ചു" (റോമർ 6:7-8)....നിങ്ങളും ഒരു വശത്ത് പാപസംബന്ധമായി മരിച്ചവർ എന്നും, മറുവശത്ത് ക്രിസ്തുയേശുവിൽ ദൈവത്തിനായി ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നെ എണ്ണുവിൻ.( റോമർ 6:7, 11)

അതായത് , നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെ നാം സ്വീകരിച്ചപ്പോൾ, ദൈവം നമ്മിൽ ഒരു  "ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ " നടത്തി . മാരകമായ, പാപബാധിതമായ, പാപത്തിൻ്റെ ഉത്പാദന കേന്ദ്രമായിരുന്ന  നമ്മുടെ ഹൃദയത്തെ ആത്മീയമായി നീക്കം ചെയ്യാനും പകരം തൻ്റെ പുത്രൻ്റെ ദിവ്യഹൃദയം സ്ഥാപിക്കാനും ദൈവം തൻ്റെ പുത്രൻ്റെ ക്രൂശിലെ  നിത്യയാഗത്തെ  ഉപയോഗിച്ചു (റോമർ 6:6; 2 കൊരിന്ത്യർ 13:5).അങ്ങനെ, നമ്മുടെ പാപസ്വഭാവം നീക്കം ചെയ്തുകൊണ്ട് ദൈവം നമ്മെ പാപത്തിൻ്റെ ശക്തിയിൽ നിന്ന് വിടുവിച്ചു, അങ്ങനെ ക്രിസ്തുവിന് നമ്മിൽ ജീവിക്കാൻ കഴിയും (റോമർ 6:7; 8:9; ഗലാത്യർ 2:20). 

പുതിയ ഉടമ്പടിയിലെ ഈ  ദൈവിക ഹൃദയം മാറ്റിവയ്ക്കൽ ക്രിസ്തുവിൻ്റെ ജനനത്തിന് ആറ് നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രവചിക്കപ്പെട്ടതാണ്, ദൈവം തൻ്റെ ആത്മാവിനെ നമ്മുടെ ഉള്ളിൽ തരുമ്പോൾ  നമ്മുടെ പാപം കഠിനമാക്കിയ ഹൃദയം നീക്കം ചെയ്യുകയും ഒരു പുതിയ ആത്മീയ ഹൃദയം നൽകുമെന്ന് പഴയ നിയമ പ്രവാചകന്മാർ പ്രവചിച്ചു  (യിരെമ്യാവ് 31: 31-34 യെഹെസ്കേൽ 36:26-27).ഈ ഹൃദയം മാറ്റിവയ്ക്കൽ പുതിയ ഉടമ്പടിയുടെ വാഗ്ദാനവും ക്രിസ്തുവിൻ്റെ പാപപരിഹാരത്തിൻ്റെ ഉദ്ദേശ്യവും ദൈവസഭയുടെ മൂലക്കല്ലുമാണ്. അതിൻ്റെ അടിസ്ഥാനം ക്രിസ്തുവിൻ്റെ ക്രൂശിലെ നിത്യമായ യാഗമാണ്.

യേശുക്രിസ്തുവിൻ്റെ കുരിശുമരണമെന്നത് രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് പഴയ ജറുസലേമിൻ്റെ കവാടത്തിന് പുറത്ത് നടന്ന ഒരു ചരിത്രസംഭവം മാത്രമായിരുന്നില്ല . ക്രിസ്തുവിൻ്റെ മരണം ദൈവത്തിൻ്റെ നിത്യവും സ്വർഗ്ഗീയവുമായ കൂടാരത്തിൽ നടന്ന വിശുദ്ധവും ദിവ്യവുമായ ഒരു യാഗമായിരുന്നു (എബ്രായർ 9:11-24).

തൻ്റെ രക്തം  ക്രിസ്തു  ചൊരിഞ്ഞത് സ്വർഗ്ഗത്തിലെ അതിവിശുദ്ധ സ്ഥലത്താണ്, അതിനാൽ  ആ രക്തത്തിൻ്റെ ശക്തി കാലങ്ങളെയും, സമയങ്ങളെയും, ദേശങ്ങളെയും അതിജീവിക്കുന്നതാണ്. അതിനാൽ അതിൽ വിശ്വസിക്കുന്ന എല്ലാവർക്കും കാല  , ദേശ, സമയ , വർഗ്ഗ , വർണ്ണ വ്യത്യാസം ഇല്ലാതെ പാപമോചനം ലഭ്യമാണ്. (വെളി. 7:9 )

ദൈവം നിത്യനാണ്, അവൻ്റെ പുത്രൻ നിത്യനാണ്, അവൻ്റെ ആത്മാവ് നിത്യമാണ്. അതിനാൽ നിത്യാത്മാവിനാൽ , തന്നെത്താൻ നമുക്ക് വേണ്ടി സ്വർഗീയ നിത്യ കൂടാരത്തിൽ അർപ്പിക്കപ്പെട്ട നിത്യ പുത്രൻ്റെ നിത്യയാഗം നിത്യകാലത്തേക്കു വിശ്വസിക്കുന്ന ഏവർക്കും  ലഭ്യമാണ്. (എബ്രായർ 10 :11-24).

ക്രിസ്തുവിൻ്റെ ക്രൂശിലെ മരണം എല്ലാ ഭൗതിക സമയങ്ങളെയും സ്ഥലങ്ങളെയും മറികടക്കുകയും നിത്യതയിലുടനീളം പ്രതിഫലിക്കുന്ന ആത്മീയ ശക്തിയുള്ള ഒരു സ്വർഗ്ഗീയ പ്രവൃത്തിയായിരുന്നു. യേശുക്രിസ്തുവിൻ്റെ ക്രൂശീകരണം സ്വർഗ്ഗീയ മണ്ഡലത്തിൽ വീണ  ഒരു ആത്മീയ "രക്ത ബോംബ്" പോലെയായിരുന്നു, സാത്താൻ്റെ സമ്പൂർണ പരാജയത്തിൻ്റെ ശാശ്വതമായ അടിസ്ഥാനം അവൻ്റെ രക്തമാണ്.(കൊലൊസ്സ്യർ 2:15).

യേശു ക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ  രക്തത്തിനു രണ്ടു തരത്തിലുള്ള നിത്യമായ ഫലങ്ങൾ ആണ് ഉള്ളത്. 

സ്വർഗീയ കൂടാരത്തിലെ അതി വിശുദ്ധ സ്ഥലത്തു തൻ്റെ രക്തം ചൊരിഞ്ഞു കൊണ്ട്  പാപത്തിൻ്റെ ശിക്ഷയിൽ നിന്ന് നമ്മെ നിത്യമായി മോചിപ്പിച്ചു, നമ്മെ വിശുദ്ധരും  നീതിമാന്മാരും ആക്കി  (എബ്രാ. 10:10, 14, എഫേസ്യർ 1:7; 1 യോഹന്നാൻ 1:7-9);

എന്നാൽ അത്  മാത്രമല്ല  ആലങ്കാരികമായി പറഞ്ഞാൽ വിശ്വസിക്കുന്നവൻ്റെ  ഉള്ളിലെ  പാപ ഫാക്ടറിയിൽ ആ "രക്ത ബോംബ്" പതിക്കുന്നു. ആ രക്തം  പാപഹൃദയത്തെ പൂർണ്ണമായും നിത്യമായും  നശിപ്പിക്കുന്നു. ക്രിസ്തു  പഴയ മനുഷ്യനെ തന്നോട് ചേർത്ത് ക്രൂശിച്ചു, നമ്മുടെ പാപസ്വഭാവം പൂർണ്ണമായും നീക്കം ചെയ്തുകൊണ്ട് അവൻ നമ്മെ പാപത്തിൻ്റെ ശക്തിയിൽ നിന്ന് മോചിപ്പിച്ചു (റോമർ 6:6-7; കൊലൊസ്സ്യർ 2:11).

ക്രിസ്തുവിൻ്റെ കുരിശിൻ്റെ ഈ രണ്ട് ദൈവിക ദാനങ്ങളും  സാത്താനെയും പാപത്തെയും ജയിക്കുവാൻ  ദൈവം നമുക്ക് നൽകിയ ആയുധങ്ങൾ   ആണെങ്കിലും, മിക്ക ക്രിസ്ത്യാനികളും ക്രിസ്തുവിൻ്റെ രക്തത്തിൻ്റെ ആദ്യ വ്യവസ്ഥയായ പാപക്ഷമ മാത്രമാണ് ജീവിതത്തിൽ വിശ്വാസത്താൽ പ്രയോജനപ്പെടുത്തുന്നത് : 

അതിനു കാരണം  യേശുക്രിസ്തു ക്രൂശിൽ അവർക്കു വേണ്ടി മരിച്ചതിനാൽ അവരുടെ പാപങ്ങൾ മോചിക്കപ്പെട്ടു , ദൈവീക ശിക്ഷയിൽ നിന്നും വിടുതൽ നേടി എന്നത്  അവർക്കറിയാം. 

എന്നാൽ ക്രിസ്തുവിൻ്റെ ക്രൂശിലെ മരണത്തിലൂടെ, നാം അവനോടു കൂടെ മരിച്ചു എന്നും  അതിലൂടെ  ദൈവം നമ്മുടെ പാപസ്വഭാവം നീക്കം ചെയ്തു എന്നും , അങ്ങനെ അവൻ്റെ ഉയിർത്തെഴുന്നേറ്റ പുത്രന് നമ്മിൽ പരമാധികാരത്തോടെ ജീവിക്കാൻ കഴിയുമെന്നും  അവർക്കറിയില്ല.

അതിൻ്റെ ഫലം, മിക്ക ക്രിസ്ത്യാനികളും സാത്താൻ്റെ പ്രലോഭനങ്ങളെയും പോരാട്ടത്തിൻ്റെയും  മുൻപിൽ തീർത്തും പരാജിതൻ ആകുന്നു. തങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടുവെന്നു  അവർ വിശ്വസിക്കുന്നു, എന്നാൽ പാപം പ്രവർത്തിക്കുന്നത്  നിർത്താനും തൻ്റെ  ആത്മാവിനാൽ തങ്ങളിൽ വസിക്കുന്ന ക്രിസ്തുവിലുള്ള വിശ്വാസത്താൽ ജീവിക്കാനും അവർക്കറിയില്ല.

തങ്ങൾ നീതീകരിക്കപ്പെട്ടവർ ആണ് എന്ന് അവർക്കു അറിയാം , എന്നാൽ നീതി പ്രവർത്തിക്കുവാൻ അവർക്കു കഴിയുന്നില്ല

അതിനു കാരണം പാപത്തിൻ്റെ ശിക്ഷയിൽ നിന്നും വിടുവിക്കപ്പെട്ടു  എങ്കിലും, പാപത്തിൻ്റെ അടിമത്വത്തിൽ നിന്നും ശക്തിയിൽ നിന്നും സ്വതന്ത്രർ ആയി എന്ന് അവർ അറിയുന്നില്ല എന്നതാണ് .  

കർത്താവു ഇപ്രകാരം പറയുന്നു.

*യോഹന്നാന്‍ 8:32 സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.*

യേശുക്രിസ്തു നമ്മുടെ പാപങ്ങള്‍ക്ക്‌ പകരമായി മരിച്ചു എന്നുള്ള സുവിശേഷം വിശ്വസിക്കുന്ന പലരും, ഞാന്‍, എൻ്റെ പഴയ മനുഷ്യന്‍ അവനോടു കൂടെ ക്രൂശിക്കപ്പെട്ടു എന്നും, പഴയ പാപ ഹൃദയം മാറ്റപ്പെട്ടു അതിലൂടെ നാം പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു എന്നുള്ള സത്യം വിശ്വസിക്കുന്നില്ല, വിശ്വസിക്കാത്തതിൻ്റെ കാരണവും ദൈവവചനം പറയുന്നു.

റോമര്‍ 10:17 വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിൻ്റെ വചനത്താലും വരുന്നു.

*ഇത് വായിക്കുന്ന, വീണ്ടും ജനിച്ച  പ്രിയപ്പെട്ടവരേ നിങ്ങൾ സ്വയം ചോദിച്ചു നോക്കൂ,നിങ്ങൾ എപ്പോഴെങ്കിലും ഈ സത്യം കേൾക്കുകയോ വിശ്വസിക്കുകയോ ചെയ്തിട്ടുണ്ടോ? ഈ സത്യം യഥാർത്ഥമായി പ്രസംഗിക്കുന്ന എത്ര സന്ദേശങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ട്? എത്ര പ്രാസംഗികർ ഇത് വ്യക്തമായി പ്രസംഗിക്കുന്നു?*

ഈ സത്യങ്ങൾ യഥാർത്ഥമായി പഠിപ്പിക്കുകയും , മനസ്സിലാക്കുകയും ചെയ്തില്ല എങ്കിൽ എന്താണ് വിഷയം എന്ന് പലരും ചോദിക്കാറുണ്ട്

യേശുക്രിസ്തു നിങ്ങളുടെ പാപങ്ങള്‍ ഏറ്റെടുത്തു മരിച്ചു എന്നുള്ള സത്യം നിങ്ങള്‍ കേള്‍ക്കാതെയോ, വിശ്വസിക്കാതെയോ, ഏറ്റെടുത്തു കർത്താവിനു ജീവിതം സമർപ്പിക്കാതെയോ ഇരുന്നാല്‍ എന്താണ് സംഭവിക്കുക? സ്വാഭാവികമായും നിങ്ങള്‍ക്ക് പാപക്ഷമ ലഭിക്കുകയില്ല,അതിനാല്‍ തന്നെ നിങ്ങള്‍ നിത്യ നരകത്തിനു യോഗ്യനാവുകയും ചെയ്യും.

അപ്രകാരം  തന്നെ ഞാന്‍,വീണ്ടും ജനിച്ചപ്പോള്‍, എൻ്റെ പഴയ മനുഷ്യന്‍ അവനോടു കൂടെ ക്രൂശിക്കപ്പെട്ടു എന്നും,  പഴയ പാപ ഹൃദയം മാറ്റപ്പെട്ടു അതിലൂടെ നാം പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു എന്നുള്ള സത്യം വിശ്വസിക്കുന്നില്ല, ഏറ്റെടുക്കുന്നില്ല,അതിനു ഹൃദയ പൂർവ്വം സമർപ്പിക്കുന്നില്ല *എങ്കില്‍ നിങ്ങള്‍ പാപത്തില്‍ നിന്നുള്ള സ്വാതന്ത്ര്യവും അനുഭവിക്കുകയില്ല.അതിനാൽ തന്നെ  നിങ്ങള്ക്ക് കർത്താവിൽ യഥാർത്ഥമായി വസിക്കുവാനോ, വിശുദ്ധീകരണം പ്രാപിക്കുവാനോ കഴിയില്ല.*

ഒരുവൻ യേശുക്രിസ്തു തൻ്റെ  പാപങ്ങൾക്ക് വേണ്ടി മരിച്ചു (റോമർ 5 :8)  എന്ന് കേൾക്കുകയും ഹൃദയ പൂർവ്വം വിശ്വസിക്കുകയും ചെയ്യുമ്പോൾ അവൻ പാപത്തിൻ്റെ ശിക്ഷയിൽ  നിന്നും, സ്വയ ശിക്ഷാവിധിയിൽ ( Self - condemnation) നിന്നും  വിടുതൽ  പ്രാപിക്കുന്നു.

അത് പോലെ തന്നെ ഒരുവൻ താൻ  ക്രിസ്തുവിനോട് കൂടെ മരിച്ചു (റോമർ 6 :8)  എന്ന്  കേൾക്കുകയും ഹൃദയ പൂർവ്വം വിശ്വസിക്കുകയും ചെയ്യുമ്പോൾ അവൻ പാപത്തിൻ്റെ ശക്തിയിൽ നിന്നും വിടുതൽ  പ്രാപിക്കുന്നു.അത് അനുഭവിക്കാൻ കഴിയുന്നു.

ദൈവവചനത്തിലെ ഏതു സത്യവും, നാം വിശ്വാസത്താല്‍ ഏറ്റെടുത്തില്ല എങ്കില്‍ നമുക്ക് പ്രയോജനം ആകുകയില്ല.

എന്നാല്‍  ഈ രണ്ടു സത്യങ്ങളും അറിയുകയും ഹൃദയപൂര്‍വ്വം  വിശ്വസിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്ന വ്യക്തികള്‍, പാപക്ഷമ പ്രാപിക്കുക മാത്രമല്ല, പാപത്തിൻ്റെ അടിമത്വത്തില്‍ നിന്നും സ്വതന്ത്രര്‍ ആകുകയും ചെയ്യും

ഇത് വായിക്കുന്ന പ്രിയപ്പെട്ടവരേ നിങ്ങള്‍ ഈ മഹല്‍ സത്യം അറിയണം എന്ന് ദൈവം ആഗ്രഹിക്കുന്നു. യേശുക്രിസ്തു ക്രൂശില്‍ മരിച്ചതു നിങ്ങൾക്ക് പാപക്ഷമ ലഭിക്കുവാൻ മാത്രമായിരുന്നില്ല,പാപത്തിൻ്റെ അധികാരത്തിൽ നിന്നും  സ്വതന്ത്രർ ആക്കുവാൻ നിങ്ങളുടെ പാപഹൃദയം മാറ്റപ്പെടുവാൻ,   കൂടിയായിരുന്നു. യേശുക്രിസ്തുവിൽ  കൂടി ദൈവം ക്രൂശിൽ ചെയ്ത ഹൃദയ മാറ്റ ശസ്ത്രക്രിയയിൽ കൂടി നിങ്ങൾക്കു ഒരു പുതിയ ഹൃദയത്തെ കർത്താവ് തന്നു.ആ ഹൃദയത്തിൽ കർത്താവ് തൻ്റെ  ആത്മാവിൽ വസിക്കുന്നു.( ഗലാത്യർ 2:20)

ആ സത്യം നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അറിയുമ്പോള്‍, ആ സത്യത്തില്‍ നിങ്ങള്‍ നിലനില്‍ക്കുമ്പോള്‍ നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും,ആ സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ജീവിതത്തില്‍ അനുഭവിക്കാനും കഴിയും. ഈ സത്യം അറിയുവാന്‍ ദൈവം നിങ്ങളുടെ ഹൃദയ ദൃഷ്ടികളെ പ്രകാശിപ്പിക്കുവാനും അതിനാൽ   ക്രിസ്തുവിൽ കൂടി ദൈവം സൗജന്യമായി നൽകിയ യഥാർത്ഥ സ്വാതന്ത്ര്യത്തെ അനുഭവിക്കുവാനും ഇടയാകട്ടെ.

 എൻ്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ യഥാർത്ഥമായി എൻ്റെ ശിഷ്യന്മാരായി സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്നു പറഞ്ഞു*  *യോഹന്നാൻ 8: 32

" കർത്താവ് ആത്മാവാണ്, കർത്താവിൻ്റെ ആത്മാവുള്ളിടത്ത് സ്വാതന്ത്ര്യമുണ്ട്." 2 കൊരിന്ത്യർ 3:17

“സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയത്; അതിനാൽ, ഉറച്ചുനിൽക്കുക, അടിമത്തത്തിൻ്റെ നുകത്തിന് വീണ്ടും വിധേയരാകരുത്. ഗലാത്യർ 5:1

*കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ*