ദൈവസഭ എന്ന ക്രിസ്തുവിന്‍റെ ശരീരവും: മനുഷ്യ നിർമ്മിത സംഘടനകളും
"ബാബിലോണിന്‍റെ മധ്യത്തിൽനിന്ന് ഓടി ജീവന്‍ രക്ഷപെടുത്തുവിന്‍. അവളുടെ ന്യായവിധിയിൽ നീ വിച്ഛേദിക്കപ്പെട്ടു പോകരുത്; ഇതു സർവേശ്വരന്‍റെ പ്രതികാരസമയമാണ്; അവിടുന്ന് അവൾക്ക് അർഹമായ ശിക്ഷ നല്‌കും" - യിരെമ്യാവ് 51:6
ഇന്ന് സഭകൾ എന്ന് അറിയപ്പെടുന്ന പലയിടത്തും നടക്കുന്ന അനീതി,രാഷ്ട്രീയം, വോട്ടെടുപ്പ്, കൈക്കൂലി, ദുർന്നടപ്പ്, സ്ഥാനമാനങ്ങൾക്കായുള്ള മത്സരം എന്നീ നീച പ്രവർത്തികൾ കാരണം ദൈവമക്കളായ,ആത്മാർത്ഥമായി കര്‍ത്താവിനെ പിന്‍പറ്റുന്ന പല വിശ്വാസികളും ആശങ്കപ്പെടുകയും, അതിശയപ്പെടുകയും, ദുഃഖിക്കയും ചെയ്യുന്നു.
എന്നാല്‍ ദൈവത്തിന്‍റെ സഭയും മനുഷ്യ നിർമ്മിത സംഘടനകളും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം മനസ്സിലാക്കാത്തതാണ് ഈ ആശങ്കകളുടെ കാരണം.
അതിപ്രധാനമായി നാം തിരിച്ചറിയേണ്ടുന്ന ഒരു യാഥാര്‍ത്ഥ്യം യേശു ക്രിസ്തുവിന്‍റെ സഭ ഒരു സംഘടനയല്ല മറിച്ച് ഒരു ജൈവശരീരമാണ് എന്നതാണ്.
എന്നാല്‍ ഇന്ന് “സഭകള്‍” എന്നറിയപ്പെടുന്ന ഭൂരിഭാഗവും ദൈവം സ്ഥാപിച്ച സഭകളല്ല മറിച്ച് അവയെല്ലാം മനുഷ്യ നിർമ്മിത സംഘടനകളാണ്.
ദൈവസഭ: ക്രിസ്തുവിന്‍റെ ശരീരം
ദൈവസഭ ക്രിസ്തുവിന്‍റെ ശരീരവും, ആ ശരീരത്തിന്‍റെ തല ക്രിസ്തുവുമാണ്. ഒരു വ്യക്തി മാനസാന്തരപ്പെട്ട് വിശ്വസിച്ചു വീണ്ടും ജനിക്കുമ്പോൾ, അവൻ ദൈവത്തിന്‍റെ ആത്മാവിനാൽ (ജീവനാൽ) ജനിച്ച് ആത്മാവിനാൽ സ്നാനം ഏറ്റ് ക്രിസ്തുവിന്‍റെ ശരീരത്തോട് ചേരുന്നു.
ക്രിസ്തുവിന്‍റെ ശരീരമായ ഈ സഭ അദൃശ്യവും,സാര്‍വ്വലൗകികവും,കാലാതീതവും,ദേശാതീതവും ആണ്.ഈ സാര്‍വ്വലൗകിക ദൈവസഭയിൽ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിരുന്ന എല്ലാ വീണ്ടും ജനിച്ച വിശ്വാസികളും ഇനി വരാൻ പോകുന്ന കാലങ്ങളിലെ വിശ്വാസികളും ഉള്‍പ്പെട്ടിരിക്കുന്നു.
ശരീരം ഒന്നും, അതിന് അവയവം പലതും ശരീരത്തിന്‍റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.യഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറ് ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു. 1 കൊരിന്ത്യര്‍ 12:12
ക്രിസ്തുവിനോട് ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.അതിൽ യഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ. -ഗലാത്യർ 3:27,28
എന്നാല്‍ വീണ്ടും ജനനത്തിലൂടെ സാര്‍വ്വലൗകികമായ ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ഭാഗമാകുന്ന വിശ്വാസി, ഒരു പ്രാദേശിക ദൈവസഭയുടെയും ഭാഗമാകേണ്ടിയിരിക്കുന്നു.
ഇത്തരം ഒരു പ്രാദേശിക സഭയില്‍ കൂടി, ദൈവം നിയമിച്ച അധികാരങ്ങള്‍ക്ക് കീഴടങ്ങി മാത്രമേ ഒരു വീണ്ടും ജനിച്ച ശിശു, ക്രിസ്തുവിന്‍റെ സമ്പൂർണ്ണത എന്ന പ്രായത്തിന്‍റെ അളവ് പ്രപിക്കുവോളം വളരുകയും,പക്വത പ്രാപിക്കുകയും അതുവഴി ക്രിസ്തുവിന്‍റെ ശരീരം പണിയപ്പെടുകയും ഉള്ളൂ. അതിനായി അവരെ ഒരുക്കുവാനാണ് ദൈവം പ്രാദേശിക സഭയില്‍ പ്രാവാചകന്മാർ, സുവിശേഷകന്മാർ, ഇടയന്മാർ, ഉപദേഷ്ടാക്കന്മാർ എന്നിവരെ നിയമിച്ചിരിക്കുന്നത്.
ദൈവത്തിന്‍റെ ജനത്തെ ശുശ്രൂഷിക്കുകയും ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയ്ക്ക് ആത്മികവർദ്ധന വരുത്തുകയും സഭയെ പണിയുകയും ചെയ്യുന്നതാണ് ദൈവത്താൽ നിയമിക്കപ്പെട്ട ഈ ശുശ്രൂഷകന്മാരുടെ വേല. എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്‍റെ സമ്പൂർണ്ണതയായ പ്രായത്തിന്‍റെ അളവും പ്രാപിക്കുവോളം ഈ വേല തുടരും.(എഫെസ്യർ 4:11)
സാര്‍വ്വലൗകികമായ ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ദൃശ്യമായ രൂപമാണ് പ്രാദേശിക ദൈവസഭ.
ദൈവസഭ എന്നത് വിശ്വാസികള്‍ കൂടിവരുന്ന കെട്ടിടമല്ല, ദൈവത്തിന്‍റെ ആത്മാവിനാല്‍ ജീവനുള്ള കല്ലുകളായ ദൈവമക്കള്‍ ചേര്‍ന്ന് പണിയപ്പെടുന്ന ജീവനുള്ള ദൈവാലയമാണ്.(1 പത്രോസ് 2:5, 1 തിമോത്തിയോസ് 4:16)
ദൈവസഭ എന്നത് സമാന ചിന്താഗതിക്കാരായ വ്യക്തികളുടെ സമിതിയല്ല, ആത്മാവിന്‍റെ ഐക്യതയില്‍ നയിക്കപെടുന്ന വ്യത്യസ്ത വ്യക്തികളുടെ കൂട്ടായ്മയാണ്,വ്യത്യസ്ത ഗോതമ്പ് മണികള്‍ പൊടിഞ്ഞു ചേര്‍ന്ന്ഉണ്ടാക്കപ്പെട്ട ഒരു അപ്പം ആണ്.( 1 കൊരിന്ത്യര്‍ 10:17)
ദൈവസഭ എന്നത് മാനുഷിക നേതാകന്മാരാല്‍ നയിക്കപ്പെടുന്ന മാനുഷിക സംഘടനയല്ല. തലയായ ക്രിസ്തുവിനാല്‍ നിയന്ത്രിക്കപ്പെടുന്ന ജീവനുള്ള അവയങ്ങള്‍ ചേര്‍ന്ന ജൈവശരീരമാണ്. (1 കൊരിന്ത്യര്‍ 12:12)
പ്രാദേശിക ദൈവസഭയുടെ തല ക്രിസ്തു മാത്രമാണ്.ശരീരത്തിലെ എല്ലാ അവയവങ്ങളും തലയായ ക്രിസ്തുവിനോട് നേരിട്ട് ബന്ധപ്പെട്ടിരിക്കേണ്ടതും തലയാൽ നേരിട്ട് നിയന്ത്രിക്കപ്പെടേണ്ടതുമാണ്.
നമ്മുടെ ശരീരത്തിലെ ഒരവയവവും സ്വന്ത ഇഷ്ടപ്രകാരം തീരുമാനങ്ങള്‍ എടുത്തു സ്വയമായി പ്രവർത്തിക്കുന്നില്ല; അതുപോലെ തന്നെ അവയിൽ ഒന്നും തന്നെ താന്‍ ഒരു അവയവം ആണ് എന്ന് തലയെ ബോധ്യപ്പെടുത്തുവാന്‍വേണ്ടി ഒന്നും ചെയ്യുന്നുമില്ല.മറിച്ച് എല്ലാ അവയവങ്ങളും തലയുടെ ഏതൊരു കല്പനയും ക്ഷണത്തിൽ അനുസരിക്കുവാൻ തയ്യാറായി സ്വയം ലഭ്യമാക്കി സ്വസ്ഥതയോടെ ഇരിക്കുകയാണ് ചെയ്യുന്നത്.
ശരീരത്തിലെ ഒരു അവയവം തലയിൽ നിന്ന് കല്പനകൾ സ്വീകരിച്ച് അനുസരിക്കുന്നതുപോലെ, ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ പ്രാദേശിക അംഗങ്ങളും തലയുടെ ഏതൊരു കല്പനയും ക്ഷണത്തിൽ അനുസരിക്കുവാൻ എപ്പോഴും ഒരുക്കത്തോടെ, സ്ഥതയോടെ സ്വയം ലഭ്യമാക്കിയിരിക്കെണ്ടതാണ്.
അംഗത്വം എടുക്കുന്നതിലൂടെ നമുക്ക് ഒരു സംഘടനയോട് ചേരുവാന്‍ കഴിയും.സംഘടനയുടെ ബാഹ്യ നിയമങ്ങള്‍ അനുസരിക്കുന്നതിലൂടെയും, അതിലെ സമ്പ്രദായങ്ങൾ ബാഹ്യമായി അചരിക്കുന്നതിലൂടെയും നമുക്ക് ആ സംഘടനയുടെ ഭാഗമായി തുടരുവാനും കഴിയും.
(ഒരുപക്ഷേ ഇവ ആഭരണവർജ്ജനം, പ്രത്യേക നിറത്തിലും രീതിയിലും ഉള്ള വസ്ത്രധാരണം, ബാഹ്യമായ ചില നിയമങ്ങൾ,അച്ചടക്കങ്ങൾ പാലിക്കുക, ചട്ടങ്ങള്‍ അനുസരിക്കുക തുടങ്ങിവയാകാം)
എന്നാല്‍ ഇത്തരം ബാഹ്യമായ ഒരു കാര്യത്തില്‍ കൂടിയും നിങ്ങള്‍ക്ക് ദൈവസഭ എന്ന ശരീരത്തിന്‍റെ ഭാഗമാകുവാന്‍ കഴിയുകയില്ല.
ഒരു അവയവം ഒരു ശരീരത്തിന്‍റെ ഭാഗം ആകണം എങ്കില്‍ ആ ശരീരത്തിലെ അതേ ജീവന്‍ തന്നെ ആ അവയവത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.പകരം അതിനു ഒരു അവയവത്തിന്‍റെ രൂപം ഉണ്ട് എങ്കിലും,ശരീരത്തോട് ചെര്‍ന്നിരുന്നാലും,മറ്റു അവയവങ്ങളെപ്പോലെ എല്ലാ പ്രവര്‍ത്തനങ്ങളും അനുകരിചാലും, അത് ശരീരത്തിന്‍റെ ഭാഗം അല്ലാത്ത ജീവനില്ലാത്ത കൃത്രിമ അവയവം ആയിരിക്കും.
അതുപോലെ തന്നെ ദൈവസഭ എന്ന ശരീരത്തിലൂടെ ഒഴുകുന്ന ക്രിസ്തുവിന്‍റെ ജീവന്‍ അഥവാ രക്തം, ഉള്ളില്‍ വരുമ്പോള്‍ മാത്രമേ ഒരു വ്യക്തിയ്ക്ക് ജീവൻ പ്രാപിക്കുവാനും ക്രിസ്തുവിന്‍റെ ശരീരമാകുന്ന ജീവനുള്ള ദൈവസഭയുടെ ഭാഗമാകുവാൻ കഴികയുള്ളൂ.
ജീവൻ രക്തത്തിലല്ലോ ഇരിക്കുന്നത് ലേവ്യര്‍: 17:11
1 യോഹന്നാന്‍ 5:11 ദൈവം നമുക്കു നിത്യജീവന്‍ തന്നു.ആ ജീവന്‍ അവൻ്റെ പുത്രനില്‍ ഉണ്ടു എന്നുള്ളതു തന്നേ. പുത്രനുള്ളവന്നു ജീവന്‍ ഉണ്ടു ദൈവപുത്രനില്ലാത്തവന്നു ജീവന്‍ ഇല്ല”
ക്രിസ്തുവിന്‍റെ ജീവനാകുന്ന ആ നിത്യജീവന്‍ ആണ് നാം വീണ്ടും ജനിച്ചപ്പോൾ നമുക്ക് ലഭിച്ചത്. അങ്ങനെയാണ് നാം ദൈവസഭയുടെ ഭാഗമായത്.
മരിച്ചവരായിരുന്ന നാം ക്രിസ്തുവിന്‍റെ ജീവന്‍ പ്രാപിച്ചു, ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ഭാഗം ആകുകയും ക്രിസ്തു എന്ന തലയാല്‍ നയിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു.അങ്ങനെ ശരീരത്തിന്‍റെ ഭാഗമായ ഓരോ അവയവവും അതതിന്‍റെ പ്രവര്‍ത്തി ചെയ്യുന്നു.
ശരീരത്തിലെ ഒരു അവയവത്തിന് മറ്റുള്ള അവയവങ്ങളോട് അസൂയയോ മത്സരബുദ്ധിയോ ഇല്ലാത്തതു പോലെ, യഥാര്‍ത്ഥ ദൈവസഭയിലെ യഥാര്‍ത്ഥ അംഗങ്ങള്‍ക്കും അന്യോന്യം അസൂയയോ മത്സരബുദ്ധിയോ ഉണ്ടാകുകയില്ല, ഉണ്ടാകുവാന്‍ പാടില്ല. മറിച്ചു സ്നേഹവും,കരുതലും ആത്മാവിലെ ഐക്യതയും ഉണ്ടാകും.
എന്നാല്‍ ക്രിസ്തുവിന്‍റെ ജീവന്‍ പ്രാപിക്കാതെ,ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ഭാഗമാകാതെ, ബാഹ്യമായ ചില നിയമങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ ചെയ്യുന്നതിനാല്‍ വെറും സംഘടനകളുടെ ഭാഗമായ വ്യക്തികളില്‍ അസൂയയും, മത്സരബുദ്ധിയും,സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കലഹവും സ്വാഭാവികമായും ഉണ്ടാകും.എന്നാല്‍ അവര്‍ സഭയുടെ ഭാഗമാണ് എന്ന് കരുതി സ്വയം വഞ്ചിക്കപ്പെടുകയും, മറ്റുള്ളവരെ വഞ്ചിക്കുകയുമാണ്.
മുന്‍പ് കണ്ടത് പോലെ ദൈവസഭയ്ക്കും മനുഷ്യനിർമ്മിത സംഘടനയ്ക്കും സാമ്യമായ ചില ബാഹ്യപ്രവർത്തനങ്ങൾഉണ്ടാവാം.
എന്നാല്‍ പ്രാദേശിക ദൈവസഭയിലെ ഒരു അംഗത്തെ മനുഷ്യ നിര്‍മ്മിത സംഘടനയിലെ അംഗത്തില്‍ നിന്നും തികച്ചും വ്യത്യസ്തന്‍ ആക്കുന്നത് അവനില്‍ ഉള്ള ദൈവീക ജീവനും, മനുഷ്യ ശരീരത്തിലെ ഒരു അവയവം തലയ്ക്കു കീഴ്പ്പെടുന്നത് പോലെ,സഭയുടെ തലയായ ക്രിസ്തുവിനോടുള്ള പൂർണ്ണമായ സമർപ്പണവും അനുസരണവും,മറ്റുള്ള അവയവങ്ങളോടുള്ള ആത്മാവിലെ ഐക്യതയും,സ്നേഹവും,കരുതലുമാണ്.
മനുഷ്യ നിര്‍മ്മിത സംഘടനകള്‍:
നാം മനസ്സിലാക്കേണ്ട പ്രധാനമായ വിഷയം, ഇത്തരം ദൈവവചന പ്രകാരമുള്ള പ്രാദേശിക സഭകളെ ഒരു സംഘടനയുടെ കീഴിൽ ഒന്നിച്ചു ചേർക്കുന്നതും അത്തരം സംഘടനകളെ സഭ എന്ന് തെറ്റിദ്ധരിപ്പിക്കുകയും,അവയ്ക്ക് സെൻട്രൽ, ഡിസ്ട്രിക്ട് നേതാക്കള്‍ എന്നിവരെ തിരഞ്ഞെടുപ്പിലൂടെ നിയമിക്കുകയും ചെയ്യുന്നത് സാത്താന്‍റെ നിഗൂഢവും, തന്ത്രപരവും, വഞ്ചകവുമായ പദ്ധതിയാണ്.
നാം ചിന്തിച്ചത് പോലെ വീണ്ടും ജനിച്ച വിശ്വാസി, ഒരു പ്രദേശത്തെ വിശ്വാസികള്‍ ചേര്‍ന്ന പ്രാദേശിക ദൈവസഭ, ദേശ,കാല,സമയ പരിമിതികള്‍ ഇല്ലാതെ എല്ലാ വിശ്വാസികളും ചേര്‍ന്ന അദൃശ്യമായ സാര്‍വ്വലൗകികസഭ. ഇവ മാത്രമേ ദൈവീക പദ്ധതിപ്രകാരം ഉള്ളൂ.
ദൈവം തന്‍റെ ദാസന്മാരായ ദൈവമനുഷ്യരെ കാലാകാലങ്ങളില്‍ പ്രാദേശിക ദൈവസഭകള്‍ സ്ഥാപിക്കുവാനായി ഉപയോഗിക്കുകയും, ആ സഭകളില്‍ ശുശ്രൂഷകരെ ദൈവീക അധികാരത്തില്‍ നിയമിക്കുകയും ചെയ്യുന്നു.എന്നാൽ പിശാചിൻറെ തന്ത്രം ഇത്തരം പ്രാദേശിക സഭകളെ ഒരു സംഘടനയ്ക്ക് കീഴിൽ കൊണ്ടുവരികയും വോട്ടെടുപ്പിലൂടെ സെൻട്രൽ , ഡിസ്ട്രിക്ട് നേതാക്കൾ , പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവരെ തിരഞ്ഞെടുത്ത് ഈ സംഘടനകളിൽ നിയമിക്കുകയും ചെയ്യുക എന്നതാണ്.
എന്നാല്‍ ഇത് പിശാചിന്‍റെ വഞ്ചനയാലുള്ള ബാബിലോൺ ആണ്; മനുഷ്യരിൽ നിന്നും, മനുഷ്യനിലൂടെയും,മനുഷ്യർക്ക് വേണ്ടിയും ഉണ്ടാകുന്ന മാനുഷിക പ്രസ്ഥാനമാണ് ബാബിലോണ്‍ (ദാനിയേൽ 4:30)
തീര്‍ച്ചയായും ക്രിസ്തുവിന്‍റെ ശരീരമായ ദൈവസഭയല്ല. ദൈവത്തിൽ നിന്നും, ദൈവത്തിലൂടെയും, ദൈവത്തിന് വേണ്ടിയും ഉള്ളതാണ് ദൈവസഭ. (റോമർ 11:36)
മനുഷ്യ ചരിത്രത്തിന്‍റെ തുടക്കം മുതൽ തന്നെ പിശാചിന്‍റെ ഈ വഞ്ചന നമുക്ക് കാണുവാൻ കഴിയും. മനുഷ്യവര്‍ഗ്ഗം മുഴുവന്‍ പാപത്തില്‍ ജീവിച്ചപ്പോള്‍, ദൈവത്തോടൊപ്പം നടന്ന, ഒരു ദൈവമനുഷ്യനായ നോഹയെ ദൈവം തിരഞ്ഞെടുക്കുകയും അനുഗ്രഹിക്കുകയും ഭൂമിയിൽ നിറയുവാന്‍ കല്‍പ്പിക്കുകയും ചെയ്തു. (ഉല്പത്തി 9:1)
എന്നാൽ സാത്താൻ നിമ്രോദ് എന്ന ഒരു മനുഷ്യനെ വശീകരിച്ച് ബാബേൽ ഗോപുരം പണിയാനായി അവരെ ഒരു സംഘടനയുടെ കീഴിൽ കൊണ്ടുവരുന്നതും നമുക്ക് കാണുവാൻ കഴിയും. എന്നാൽ ദൈവം ഇറങ്ങിവരികയും ഭൂമിയെ തന്നെ വിഭജിച്ച് മനുഷ്യന്‍റെ അധികാരത്തിൻ കീഴിൽ വരാതെവണ്ണം അവരെ ചിതറിക്കുന്നതായി നാം കാണുന്നു. (ഉല്പത്തി 10:25).
നാം ശ്രദ്ധിച്ചു നോക്കിയാല്‍ ആദ്യത്തെ മനുഷ്യ നിർമ്മിത സംഘടനയുടെയും ഇന്നത്തെ സംഘടനകളുടേയും പിന്നിലെ താല്പര്യം തികച്ചും ഒന്ന് തന്നെയാണ്.
വരുവിൻ, നാം ഭൂതലത്തിൽ ഒക്കെയും ചിതറിപ്പോകാതിരിപ്പാൻ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്ക് ഒരു പേരുമുണ്ടാക്കുക എന്ന് അവർ പറഞ്ഞു.ഉല്പത്തി 11:4
അതെ, മനുഷ്യരിൽ നിന്നും, മനുഷ്യർക്ക് വേണ്ടിയും, മനുഷ്യനിലൂടെയും.
ബൈബിളിൽ ഉടനീളവും സഭയുടെ ചരിത്രത്തിലും സാത്താൻ ഇതേ പ്രവൃത്തി തുടർച്ചയായി ചെയ്യുന്നത് നമുക്ക് കാണുവാൻ കഴിയും. ഇത്തരത്തിലുള്ള ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ബാബിലോൺ ആണ് ഈ സംഘടനകൾ.
എന്തിനാണ് സാത്താൻ വിശ്വാസികളെ ബാബിലോൺ പണിയുവാനായി വഞ്ചിക്കുന്നത് എന്നത് നാം മനസ്സിലാക്കേണ്ടത് വളരെ ആവശ്യമാണ്.
ഒരു സംഘടനയുടെ നേതൃത്വത്തെ തെറ്റിക്കുന്നതില്‍ കൂടി, അതില്‍ കീഴ്പെട്ടു നില്‍ക്കുന്ന ഒരു സമൂഹത്തെ തന്നെ മലിനപ്പെടുത്താം എന്നത് പിശാചിന് അറിയാം, അതിനാല്‍ ഒരു പ്രാദേശിക സഭ ഈ ബാബിലോണ്യ സംഘടനയുമായി യോജിച്ചു പോകുന്നുവെങ്കിൽ സ്വാഭാവികമായും അവരിലേക്കും അശുദ്ധമായ നേതൃത്വത്തിന്‍റെ ഈ അശുദ്ധി പകരപ്പെടുവാൻ വളരെ അധികം സാധ്യതയുണ്ട്.
നാം കണ്ടത് പോലെ ഇവ മനുഷ്യ നിർമ്മിത സംഘടനകൾ ആയിരിക്കുന്നതിനാൽ സ്വാഭാവികമായും ഇതില്‍ പ്രസിഡന്റ്, സെക്രട്ടറി, സെൻട്രൽ, ഡിസ്ട്രിക്ട് നേതാക്കള്‍ , എന്നിവരെ തിരഞ്ഞെടുക്കുവാൻ ലോകത്തിലെ മറ്റേത് സംഘടനകളിലേതു പോലെതന്നെയും വോട്ടെടുപ്പ് ആവശ്യമാണ്.
അതുകൊണ്ട്തന്നെ രാഷ്ട്രീയവും, കുതന്ത്രങ്ങളും, കൈക്കൂലിയും, സ്ഥാനങ്ങൾക്കുവേണ്ടിയുള്ള മത്സരങ്ങളും മറ്റ് ലൗകികസംഘടനകളിലേതുപോലെതന്നെ സ്വാഭാവികമായും അവിടെയും ഉണ്ടാവും.
സ്വാഭാവികമായും ലോകത്തിലെ മറ്റേത് സംഘടനകളിലേതു പോലെതന്നെയും ധനികന്മാരും, സ്വാധീനമുള്ളവരും, ലൗകികന്മാരും അശുദ്ധന്മാരും ആയ ദുർമ്മാർഗ്ഗികൾതന്നെ അതിന്‍റെ നേതൃസ്ഥാനങ്ങളിലേക്ക് വരുന്നു.
ഈ സംഘടനകൾ ഭൂരിഭാഗവും മലിനപ്പെട്ടവയാകയാല്‍ ഏറ്റവും ജഡികമനുഷ്യർ തന്നെ അതിന്‍റെ നേതൃത്വത്തിലേക്ക് വരുന്നു. അതിനാല്‍ ഇന്നത്തെ പല “സഭാ” സംഘടനകളും ലോകത്തിലെ മറ്റു പല ലൗകിക സംഘടനകളെക്കാളും നികൃഷ്ടമായിതീരുന്നു എന്നതും സ്വാഭാവികമായ കാര്യമാണ്.
എന്നാല്‍ ഈ സംഘടനകൾക്ക് പുതിയ നിയമ ദൈവസഭയുമായി യാതൊരു ബന്ധവുമില്ലെന്നത് നാം മനസ്സിലാക്കണം. ഇത്തരം സംഘടനകിലെ അനാത്മീക പ്രവർത്തനങ്ങൾ മാത്രമാണ് തെറ്റ് എന്ന് നാം ചിന്തിക്കരുത്.. പകരം ഇങ്ങനെയുള്ള സംഘടനകൾ തന്നെ പുതിയ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ തെറ്റാണു . ഈ സംഘടനകളിലെ ജഡീകത്വവും,അനാത്മീകതയുമല്ല, മറിച്ച് ബൈബിളിന്‍റെ അടിസ്ഥാനത്തിൽ ഇങ്ങനെയുള്ള സംഘടനകൾ ആണ് തെറ്റ്.
ചരിത്രത്തിലെ മറ്റേതൊരു ആത്മീയ മുന്നേറ്റങ്ങളെയും പോലെതന്നെ കേരളത്തിലെയും ആത്മീക മുന്നേറ്റങ്ങളുടെ തുടക്കത്തിൽ, ദൈവദാസന്മാര്‍ പ്രാദേശികമായ കൂട്ടായ്മകളായി സഭകൾ സ്ഥാപിക്കുകയുണ്ടായി, ഈ പ്രാദേശിക സഭകൾ തമ്മിൽ ആത്മീയമായ കൂട്ടായ്മകൾ മാത്രവുമാണ് ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ ഈ പ്രാദേശിക കൂട്ടായ്മകളെ എല്ലാം സംഘടനകളുടെ കീഴിൽ കൊണ്ടുവന്നതാണ് ദൈവീക പദ്ധതിയില്‍ നിന്നുമുള്ള ആദ്യത്തെ വീഴ്ച. ബൈബിളിലും,ചരിത്രത്തിലും ഉണ്ടായതു പോലെ, ഇത് ബാബേൽ ഗോപുരം പണിയുവാനായി മനുഷ്യരെ വശീകരിച്ച പഴയ പാമ്പായ പിശാചിന്‍റെ തന്ത്രപരമായ ആ പഴയ വഞ്ചന ആയിരുന്നു.
ഇത്തരം മാനുഷിക ജനാധിപത്യ സംഘടനകളിൽ പ്രസിഡന്റ്റിനേയും, സെക്രട്ടറിയേയും, സൂപ്രണ്ടിനെയും ഒക്കെ തിരഞ്ഞെടുക്കാൻ അവർ വോട്ടെടുപ്പല്ലാതെ വേറെ എന്താണ് ചെയ്യേണ്ടുന്നത് ? ഈ സംഘടനകളുടെ നേതാക്കളെ കണ്ടെത്താൻ അവർ മാർഗ്ഗനിർദ്ദേശത്തിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ കഴിയുമോ? ഒരു ബാബിലോണ്യ സംഘടനയ്ക്ക് നേതാവിനെ നിയമിക്കുവാൻ വേണ്ടിയുള്ള പ്രാർത്ഥന കേൾക്കുവാൻ ദൈവത്തിന് ബാധ്യതയുണ്ടോ?
അത്തരം പ്രാര്‍ത്ഥനകള്‍ ബാബേൽ ഗോപുരം പണിയുവാൻ ഒരു നേതാവിനെ തരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നതുപോലെയാണ്.അതിനാല്‍ ഈ ലോകത്തിലെ മറ്റ് ജനാധിപത്യ സംഘടനകൾ പോലെതന്നെ അവരും വോട്ടെടുപ്പ് നടത്തുന്നത് തികച്ചും സ്വാഭാവികമാണ്.അതിനെ മാത്രമായി എതിര്‍ക്കേണ്ട ഒരു കാര്യവുമില്ല.
ആകാത്ത വേരിൽ നിന്നുള്ള ആകാത്ത ഫലങ്ങൾ:
നാം കണ്ടതുപോലെ ഈ സംഘടനാ സമ്പ്രദായമാണ് ഇന്ന് അതിൽ നാം കാണുന്ന എല്ലാ ദുഷ്ടതയുടേയും വേര്. രാഷ്ട്രീയം,വോട്ടെടുപ്പ്, കൈക്കൂലി, അധാര്‍മ്മികത സ്ഥാനമാനങ്ങൾക്കായുള്ള മത്സരം …. ഇവയെല്ലാം തന്നെ ആകാത്ത വേരിൽ നിന്നും സ്വാഭാവികമായി വരുന്ന ആകാത്ത ഫലങ്ങള്‍ മാത്രമാണ്.
കർത്താവായ യേശുക്രിസ്തു അരുളിച്ചെയ്തതുപോലെ
ആകാത്ത വേരുള്ള ആകാത്ത വൃക്ഷത്തിന് നല്ല ഫലം കായ്പ്പാൻ കഴിയില്ല, അത് എപ്പോഴും ആകാത്ത ഫലം മാത്രമേ തരികയുള്ളൂ. (മത്തായി 7:18)
അതിനാല്‍ ദുഷ്ടതയുടെ വേരായ ഈ ബാബിലോണ്യ ഘടനയോട് നാം എതിർത്തു നിൽക്കാതെ അതിനുള്ളിൽ ശുദ്ധീകരണം നടത്തുവാൻ ഉള്ള നമ്മുടെ ശ്രമങ്ങളെല്ലാം ആകാത്ത ഫലങ്ങൾ മാത്രം വെട്ടിക്കളഞ്ഞു മരത്തെ ശുദ്ധിയാക്കാന്‍ ശ്രമിക്കുന്നത് പോലെയുള്ള നിഷ്ഭല പ്രവര്‍ത്തികള്‍ ആണ്.
അതുകൊണ്ട് യോഹന്നാൻ സ്നാപകനും കർത്താവായ യേശുവും ചെയ്തതുപോലെ രാഷ്ട്രീയം,വോട്ടെടുപ്പ്,കൈക്കൂലി തുടങ്ങിയ ആകാത്ത ഫലങ്ങളോട് അല്ല, ആകാത്ത വേരിനോടാണ് ദൈവത്തിന്‍റെ പ്രവാചകൻ എതിർത്ത് നിൽക്കേണ്ടുന്നത്.
എന്നാല്‍ ദു:ഖകരമായ സംഗതി,എല്ലാ നൂറ്റാണ്ടിലേയുംപോലെതന്നെ സത്യത്തിന് വേണ്ടി നിൽക്കുന്ന പ്രവാചകന്മാർ ഇന്നും ക്രൈസ്തവസ്തവഗോളത്തിൽ വളരെ ചുരുക്കമാണ് എന്നതാണ്. ഏലിയാവിന്‍റെ കാലത്ത് ബാലിന് മുട്ട് മടക്കാത്ത 7,000 പേർ യിസ്രായേലിൽ ഉണ്ടായിരുന്നു, എന്നാൽ ദൈവത്തിന്‍റെ മുന്‍പില്‍ ജീവിക്കുകയും ദൈവത്തിനുവേണ്ടി ആഹാബിനോടും ഇസബേലിനോടും എതിർത്ത് നില്‍ക്കുകയും ചെയ്യാന്‍ ഒരു ഏലിയാവ് മാത്രമേ യിസ്രായേലിൽ ഉണ്ടായിരുന്നുള്ളൂ.
അതുപോലെ ഇന്നും നീതിയോടെ ജീവിക്കുന്ന ഒരുപാട് നല്ല വിശ്വാസികളും, ഇടയന്മാരും, നല്ല കാര്യങ്ങൾ പഠിപ്പിക്കുന്ന ഉപദേഷ്ടാക്കന്മാരും ഉണ്ട്,എന്നാൽ ദൈവമുഖം മാത്രം അന്വേഷിക്കുകയും, ഈ പൈശാചികമായ സമ്പ്രദായത്തോടും അതിന്‍റെ നേതൃത്വത്തിലുള്ളവരോടും എതിർത്ത് നിൽക്കുകയും ചെയ്യുന്നവര്‍ വളരെ വളരെ ചുരുക്കമാണ്.കാരണം അങ്ങനെ ചെയ്താൽ എല്ലാ സത്യ പ്രവാചകന്മാരെയും പോലെ അവരും ഉപദ്രവിക്കപ്പെടും.
ഇത്തരം സംഘടനകളുടെ ഇലക്ഷനുമായി ബന്ധപ്പെട്ടുള്ള അധാർമീക പ്രവർത്തികൾ കാണുമ്പൊൾ പലരും ധാർമീക രോഷം കൊള്ളാറുണ്ട്. എന്നാൽ അവരിൽ ആരും തന്നെ ഈ ദൈവവചന വിരുദ്ധമായ ഈ സംഘടനകൾക്ക് എതിരെ സംസാരിക്കില്ല . കാരണം അവരും ഇതിൻ്റെ ഭാഗവും, ഈ സംഘടനകളുടെയും നേതാക്കന്മാരുടെയും ഗുണഭോക്താക്കളും ആണ്.
യഥാര്‍ത്ഥത്തില്‍ വീണ്ടും ജനിച്ച ഒരു ദൈവമകനോ, ദൈവദാസനോ പിന്മാറ്റക്കാരായ, പാപത്തിൽ ജീവിക്കുന്ന, ദുർന്നടപ്പുകാരായ ഇത്തരം സംഘടനാ നേതാക്കന്മാരോട് കൂടെ ഭക്ഷണം കഴിക്കുകയോ വേദി പങ്കിടുകയോ ചെയ്യരുത്.കാരണം ഇവരുടെ പ്രവര്‍ത്തി പലരും അനുകരിക്കും എന്നും ഇവര്‍ മൂലം സത്യമാര്‍ഗ്ഗം ദുഷിക്കപ്പെടുംഎന്നും ദൈവവചനം പറയുന്നു.
ഇവർ തങ്ങളെ വിലയ്ക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും.അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും.-2 പത്രൊസ് 2:1,2,
എന്നാല്‍ നാം ഈ വേര്‍പാട് പാലിക്കാതെ ഒത്തുതീര്‍പ്പുകാരായി ഈ ബാബിലോണ്യ സംഘടനയുടെ ഭാഗമായി നിന്നുകൊണ്ട് അതിനെ നന്നാക്കുവാന്‍ ആണ് ശ്രമിക്കുന്നത് എങ്കില്‍ നമ്മുടെ ഓരോ പ്രയത്നവും (അവ എത്ര ആത്മാർത്ഥത ഉള്ളതായായാലും) വൃഥാവിലായിപ്പോകും.കോടിത്തുണിക്കണ്ടം പഴയ വസ്ത്രത്തിൽ ചേർത്തു തുന്നുന്നതുപോലെയും പുതു വീഞ്ഞ് പഴയതുരുത്തിയിൽ(പഴയ ഘടന) പകരുന്നതുപോലെയും ആണത്.
നമ്മുടെ കർത്താവ് പറഞ്ഞതുപോലെ
വസ്ത്രം കീറും; ചീന്തൽ ഏറ്റവും വല്ലാതെയായി തീരുകയും, തുരുത്തി പൊളിഞ്ഞ് വീഞ്ഞ് ഒഴുകിപ്പോകയും;തുരുത്തി നശിച്ചുപോകയും ചെയ്യും -(മത്തായി 9:16,17)
തന്‍റെ മക്കളെക്കുറിച്ചുള്ള ദൈവത്തിന്‍റെ വിളി: ബാബിലോണില്‍ നിന്നും വിട്ടുപോരുവിന്‍.
പൂര്‍ണ്ണമായും ദൈവവചന വിരുദ്ധമായ ഇത്തരം ബാബിലോണ്യ ഘടനകളെ നന്നാക്കുവാനോ കൂടുതല്‍ ദൈവവചനാടിസ്ഥിതം ആക്കുവാനോ നാം ഒരിക്കലും ശ്രമിക്കരുത്,അതൊരു നിഷ്ഫലമായ പ്രവൃത്തിയായി തീരും.
നമ്മുടെ കർത്താവ് ഈ സമ്പ്രദായത്തെ നന്നാക്കുവാൻ നമ്മോട് ആവശ്യപ്പെടുന്നില്ല;മറിച്ച് ഇപ്പോഴും ഇങ്ങനെയുള്ള സംഘടനകളിൽ ആയിരിക്കുന്ന ദൈവത്തിന്‍റെ ജനത്തോട് അത് വിട്ട് പോരുവാനും വേർപെട്ടിരിക്കുവാനും അരുളിച്ചെയ്യുന്നു. (വെളിപ്പാട് 7:9)
വേർപെട്ട് ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ദൃശ്യരൂപമായ ഒരു പ്രാദേശിക കൂട്ടമായിരിക്കുക. ദൈവം നിങ്ങളെ അക്കിവച്ചിരിക്കുന്നയിടത്, ദൈവസഭയുടെ പണിയുടെ ഭാഗമായിതീരുക. ഈ ബാബിലോണ്യ സമ്പ്രദായത്തോടും അതിന്‍റെ നേതൃത്വത്തോടും ദൈവകൃപയില്‍ ആശ്രയിച്ചു എതിര്‍ത്ത് നില്‍ക്കുക
ദൈവം തന്‍റെ ജനത്തോട് വിട്ട് പോരുവാനും വേർപെട്ടിരിക്കുവാനും അരുളിച്ചെയ്യുന്നതിന്‍റെ, കാരണം ദൈവം ബാബിലോണിനെ ഒരിക്കലായിട്ടും എന്നെന്നേയ്ക്കുമായിട്ടും ന്യായം വിധിക്കാൻ പോകുന്നു എന്നതാണ്.
വേറൊരു ശബ്ദം സ്വർഗ്ഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ടത്.എന്‍റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ.അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓർത്തിട്ടുമുണ്ട്.”-വെളിപ്പാട് 18:4,5
"ബാബിലോണിന്‍റെ മധ്യത്തിൽനിന്ന് ഓടി ജീവന്‍ രക്ഷപെടുത്തുവിന്‍. അവളുടെ ന്യായവിധിയിൽ നീ വിച്ഛേദിക്കപ്പെട്ടു പോകരുത്; ഇതു സർവേശ്വരന്‍റെ പ്രതികാരസമയമാണ്; അവിടുന്ന് അവൾക്ക് അർഹമായ ശിക്ഷ നല്‌കും" - യിരെമ്യാവ് 51:6
അതുനിമിത്തം മരണം, ദുഃഖം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകൾ ഒരു ദിവസത്തിൽ തന്നേ വരും; അവളെ തീയിൽ ഇട്ടു ചുട്ടുകളയും; അവളെ ന്യായംവിധിച്ച ദൈവമായ കർത്താവ് ശക്തനല്ലോ. -വെളിപ്പാട് 18:8
“ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേള്‍ക്കാന്‍ ചെവിയുള്ളവൻ കേൾക്കട്ടെ.”
ബ്രദർ ജിനു നൈനാൻ