Articles

മരണ ഭീതിയില്‍ നിന്നും വിടുതല്‍

Date Added : 03-09-2017

എബ്രായര്‍  2: 14-15 മക്കള്‍ മാംസരക്തങ്ങളോടു കൂടിയവര്‍ ആകകൊണ്ടു അവനും അവരെപ്പോലെ മാംസരക്തങ്ങളോടു കൂടിയവനായി മരണത്തിന്‍റെ അധികാരിയായ പിശാചിനെ തന്‍റെ മരണത്താല്‍ നീക്കി ജീവപര്യന്തം മരണഭീതിയാല്‍ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.

ഈ വേദ ഭാഗത്തു യേശുക്രിസ്തു എന്ത് കൊണ്ടാണ്  മാംസ രക്തങ്ങൾ ഉള്ള മനുഷ്യനായി വന്നത് എന്ന് ലേഖന കർത്താവ് വിശദീകരിക്കുന്നു.

അതിനു കാരണം, മരണം എന്നത് മാംസ രക്തങ്ങൾ ഉള്ള മനുഷ്യന് ഉള്ളതാണ്. ദൈവത്തിനു മരണം ഇല്ല. അതിനാൽ യേശുക്രിസ്തു തന്നെത്താൻ താഴ്ത്തി ഈ ഭൂമിയിൽ മാംസ രക്തങ്ങൾ ഉള്ള മനുഷ്യൻ ആയി വന്നു.

മാത്രമല്ല താൻ മാംസരക്തങ്ങൾ ഉള്ള മനുഷ്യൻ ആയി വന്നു മരിച്ചത്, അന്ന് വരെ മരണത്തിന്റെ അധികാരിയായിരുന്ന പിശാചിനെ തന്‍റെ മരണത്താല്‍ നീക്കി,അന്ന് വരെ  ജീവപര്യന്തം മരണഭീതിയാല്‍ അടിമകളായിരുന്ന മനുഷ്യരെ ആ മരണ ഭീതിയിൽ  നിന്നും വിടുവിക്കുവാൻ കൂടിയാണ്.   

ഭയം എന്നത് മനുഷ്യസഹജമാണ്, പല തരങ്ങളിലുള്ള ഭയങ്ങൾ മനുഷ്യനെ കീഴ്പ്പെടുത്തുന്നു.എന്നാൽ എല്ലാ ഭയങ്ങളുടെയും അടിസ്ഥാനമായ ഭയം മരണഭയമാണ്. 

മനുഷ്യകുലത്തിന്‍റെ തുടക്കം മുതല്‍ മരണം എന്നത് മനുഷ്യനെ  ഭയപ്പെടുത്തുന്ന ഒരു കാര്യം ആണ്. മരണത്തെ തോല്‍പ്പിക്കാന്‍ മനുഷ്യന്‍ തന്നാല്‍ കഴിവുള്ള മാര്‍ഗങ്ങള്‍ എല്ലാം  തന്നെ  അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ അതില്‍ പരാജയപ്പെട്ടതിനാല്‍ ഇന്നും മനുഷ്യര്‍  മരണഭയത്തിന്‍റെ അടിമകള്‍ ആയി ആണ് ജീവിക്കുന്നത്.രോഗങ്ങൾ , മഹാവ്യാധികൾ,പകർച്ച വ്യാധികൾ, അപകടങ്ങൾ എന്നിവ മനുഷ്യനിൽ  എന്നും മരണ ഭയത്തെ നിറക്കുന്നു.

യഥാർത്ഥത്തിൽ മരണ ഭയത്തിൽ നിന്നും ഒരുവൻ വിടുതൽ നേടിയാൽ അവനു ഈ ലോകത്തിൽ ഒന്നിനെയും ഭയക്കേണ്ട ആവശ്യമില്ല എന്നതാണ് സത്യം.അത് അറിയാവുന്ന പിശാച് എല്ലാ കാലവും മനുഷ്യനെ മരണഭീതിയിൽ അടിമയാക്കി നിര്ത്തുന്നു.

ഈ മരണഭീതിയില്‍ നിന്നും മനുഷ്യനെ എന്നെന്നേക്കുമായി വിടുവിക്കുവാന്‍ ആണ് യേശുക്രിസ്തു തന്‍റെ മരണം കൊണ്ട് മരണത്തിന്‍റെ അധികാരിയായിരുന്ന പിശാചിനെ പരാജയപ്പെടുത്തിയത് എന്നാണ് ലേഖന കർത്താവ് പറയുന്നത് .

എങ്ങനെയാണു യേശുക്രിസ്തു തന്‍റെ മരണം കൊണ്ട് മരണത്തിന്‍റെ അധികാരിയായിരുന്ന പിശാചിനെ പരാജയപ്പെടുത്തിയത്? അത് കൊണ്ട് എങ്ങനെയാണ് നാം മരണഭീതിയില്‍ നിന്നും വിടുവിക്കപ്പെടുന്നത് ?

പാപം ചെയ്യുന്ന ദേഹി മരിക്കണം എന്നതാണ് ദൈവീക നീതി, കാരണം ദൈവവചനം പറയുന്നു,

പാപത്തിന്‍റെ ശമ്പളം മരണം (റോമര്‍ 6:23).

പാപത്തിന്‍റെ ശമ്പളം ആദ്യം ആത്മീക മരണവും (ദൈവത്തില്‍ നിന്നുള്ള വേര്‍പാട്‌) പിന്നീടു അതിന്‍റെ പരിണതഫലമായ ശാരീരിക മരണവുമാണ്‌.ആദ്യ മനുഷ്യനായ ആദം പാപം ചെയ്തപ്പോള്‍ ആദ്യം ആത്മീക മരണമാണ് അവനില്‍  സംഭവിച്ചത്. എല്ലാ മനുഷ്യരും ആദമില്‍ നിന്നും ജനിച്ചവര്‍ ആകയാല്‍ എല്ലാവരും  അത്മീകമായി മരിച്ചവരായും ശാരീരിക ജീവനുള്ളവരായുമാണ് ഈ ഭൂമിയില്‍  ജനിക്കുന്നത്.

അങ്ങനെ അത്മീകമായി മരിച്ച  വ്യക്തി  അത്മീകമായി ജീവിപ്പിക്കപെടാതെ (വീണ്ടും ജനിക്കാത്ത) ഇരിക്കുകയാണെങ്കില്‍ , അവന്‍ ശാരീരിക മരണത്തിനു ശേഷം രണ്ടാം മരണത്തിലേക്ക്(നിത്യ നരകത്തിലേക്ക്) പ്രവേശിക്കുന്നു.അതിനാൽ അങ്ങനെയുള്ളവർക്ക് മരണ ഭയം സ്വാഭാവികമായി ഉണ്ടാകുന്നതാണ്.

“നിങ്ങള്‍ മരിക്കയില്ല നിശ്ചയം” എന്ന ഭോഷ്ക് പറഞ്ഞു കൊണ്ട് ഈ മരണത്തെ ആദ്യമായി മനുഷ്യനില്‍ കടത്തിയത് പിശാചായിരുന്നു.അതിനാല്‍ ആണ് പിശാചിനെ മരണത്തിന്‍റെ അധികാരി എന്ന് ബൈബിള്‍ പറയുന്നത്.

ഈ ലോകത്തില്‍ അനേകം മഹാത്മാക്കളും, മതസ്ഥാപകരും, ആത്മീക ഗുരുക്കന്മാരും  വന്നിട്ടുണ്ട്. അവരില്‍ പലരും  വളരെ നല്ല ഉപദേശങ്ങള്‍ പഠിപ്പിച്ചിട്ടും, മാതൃകയോടെ ജീവിച്ചിട്ടും  ഉണ്ട്. എന്നാല്‍ മരിച്ച മനുഷ്യന് ആവശ്യം ഉപദേശങ്ങളോ, മാതൃകളോ ആയിരുന്നില്ല മറിച്ചു ജീവന്‍ ആയിരുന്നു.പക്ഷെ ആ ജീവന്‍ നല്‍കുവാന്‍ ഈ ലോകത്തില്‍ വന്ന ഒരു മഹല്‍ വ്യക്തികള്‍ക്കും കഴിഞ്ഞില്ല, കഴിയുകയുമില്ല. അതിനു കാരണം ദൈവവചനം തന്നെ പറയുന്നു.

എല്ലാവര്‍ക്കും ആ ജീവന്‍ ആദമില്‍ നഷ്ടപ്പെട്ടു.എല്ലാവരും ആദമില്‍ മരിച്ചു. (1 കൊരിന്ത്യര്‍ 15:22)

മരിച്ച മനുഷ്യന് അവനു വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ വീണ്ടും മരിക്കാന്‍ കഴിയില്ല, അവനു  ഒന്നുകില്‍ ആയിരിക്കുന്ന മരണത്തില്‍ തുടരുകയോ അല്ലെങ്കില്‍ ജീവന്‍ പ്രാപിക്കുകയോ മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂ. പക്ഷെ, അവന്‍ ജീവന്‍ പ്രാപിക്കണമെങ്കില്‍ ആ ജീവന്‍ ഉള്ള ഒരു വ്യക്തി അതിനെ പാപത്തിനു മറുവിലയായി കൊടുത്തെങ്കില്‍ മാത്രമേ അതിനു കഴിയുകയുള്ളൂ.

അങ്ങനെ ഈ ലോകത്തിലേക്ക്‌, ആദമിന്‍റെ വീഴ്ചക്ക് ശേഷം പാപമില്ലാതെയും, ജീവനുള്ളവനായും വന്ന ഏക മനുഷ്യന്‍ യേശു ക്രിസ്തു ആയിരുന്നു.

പാപങ്ങളെ നീക്കുവാന്‍ അവന്‍ പ്രത്യക്ഷനായി എന്നു നിങ്ങള്‍ അറിയുന്നു, അവനില്‍ പാപം ഇല്ല.(1 യോഹന്നാന്‍ 3:5)

പാപമില്ലാത്ത, മനുഷ്യവർഗ്ഗത്തിൻ്റെ പാപത്തിനു പകരമായി ജീവൻ മറുവിലയായി നൽകുവാൻ  ഉള്ള ഒരുവന്‍ സര്‍വലോകത്തിന്‍റെയും പാപം ഏറ്റെടുത്തു പാപത്തിന്‍റെ ശമ്പളമായ മരണം അനുഭവിക്കുമ്പോള്‍ മാത്രമാണ്, അവനു പിശാചിനെ പരാജയപ്പെടുത്തി അവന്‍റെ അധികാരത്തിലിരുന്ന മരണത്തിന്‍റെ അധികാരം ഏറ്റെടുക്കാന്‍ കഴിയുകയുള്ളൂ.

യേശുക്രിസ്തു  തന്‍റെ സ്വന്ത വാക്കുകളില്‍ തന്നെ താന്‍ ഈ ഭൂമിയിലേക്ക്‌ വന്നതിന്‍റെ ലക്‌ഷ്യം വെളിപ്പെടുത്തുന്നുണ്ട്.ക്രിസ്തു വന്നത് മറ്റു പലരെയും പോലെ ഒരു മതം സ്ഥാപിക്കാനോ,നല്ല ഉപദേശങ്ങള്‍ തരാന്‍ വേണ്ടിയിട്ടോ, മാര്‍ഗം കാണിക്കാന്‍ വേണ്ടിയിട്ടോ ആയിരുന്നില്ല.കാരണം മരിച്ച മനുഷ്യന് ആവശ്യം മതമോ,ഉപദേശങ്ങളോ,മാതൃകയോ ആയിരുന്നില്ല.അവനു ആവശ്യം ജീവനായിരുന്നു.അതിനാല്‍ യേശു ക്രിസ്തു പറയുന്നു.

അവര്‍ക്കു ജീവന്‍ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാന്‍ വന്നിരിക്കുന്നതു. ഞാന്‍ നല്ല ഇടയന്‍ ആകുന്നു. നല്ല ഇടയന്‍ ആടുകള്‍ക്കു വേണ്ടി തന്‍റെ ജീവനെ കൊടുക്കുന്നു.(യോഹന്നാന്‍ 10:10,11)

മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.(മര്‍ക്കോസ്10:45)

എല്ലാവര്‍ക്കും വേണ്ടി മറുവിലയായി തന്നെത്താന്‍ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.(1 തിമോത്തിയോസ്  2:6 )

അതെ, പാപത്തില്‍ മരിച്ച മനുഷ്യവര്‍ഗത്തിന്റെ പാപത്തിനു മറുവിലയായി ജീവന്‍ ആണ് കൊടുക്കേണ്ടത്, അത് കൊടുക്കുവാന്‍ യേശുക്രിസ്തുവിനു മാത്രമേ കഴിയുകയുള്ളൂ, കാരണം അവനില്‍ മാത്രമേ പാപം ഇല്ലാതിരുന്നുള്ളൂ, അവനില്‍ മാത്രമേ മനുഷ്യനെ വീണ്ടും ജീവിപ്പിക്കുന്ന ആത്മീക ജീവന്‍ ഉണ്ടായിരുന്നുള്ളൂ.

അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.(യോഹന്നാന്‍ 1: 4)

മനുഷ്യവര്‍ഗത്തിന്റെ പാപം മുഴുവന്‍ വഹിച്ചുകൊണ്ട്  പാപിയായ മനുഷ്യന് പകരമായി, മറുവിലയായി കാല്‍വറിയില്‍ യേശുക്രിസ്തു തന്‍റെ ജീവനെ കൊടുത്തു. യേശുക്രിസ്തുവിന്റേത് ഒരു രക്തസാക്ഷി മരണം ആയിരുന്നില്ല, അത്  മനുഷ്യ വര്‍ഗ്ഗത്തിന്റെ പാപപരിഹാരമായ മറുവിലയായ  മരണം ആയിരുന്നു.

മാത്രമല്ല മനുഷ്യചരിത്രത്തില്‍ ആദ്യത്തെ സംഭവമായി  മരണത്തെ തോല്‍പ്പിച്ചു യേശുക്രിസ്തു  മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു. മരണത്തിന്‍റെ അധികാരം പിശാചില്‍ നിന്നും പിടിച്ചെടുത്തു.ദൈവീകമായ കൈമാറ്റത്തിലൂടെ  നാം അനുഭവിക്കേണ്ട പാപത്തിന്‍റെ പാപത്തിന്‍റെ ശമ്പളം ആയ മരണം അവന്‍ ഏറ്റെടുത്തു, അവന്‍റെ ജീവന്‍, നിത്യജീവന്‍ നമുക്ക് ദാനമായി നല്‍കി.

പാപത്തിന്‍റെ ശമ്പളം മരണമത്രേ, ദൈവത്തിന്‍റെ കൃപാദാനമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന്‍ തന്നേ.(റോമര്‍ 6:23)

2. കൊരിന്ത്യർ 5 : 21 പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്, അവൻ നമുക്ക് വേണ്ടി പാപം ആക്കി

അതിനാല്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരുവനു നിത്യജീവന്‍ ലഭിച്ചു കഴിഞ്ഞു. അവര്‍ ശാരീരികമായി മരിക്കുമ്പോള്‍ കര്‍ത്താവിനോടുള്ള കൂട്ടായ്മയിലേക്കാണ് പ്രവേശിക്കുന്നത്. അതിനാല്‍ അവനു മരണ ശേഷമുള്ള നിത്യതയെ പറ്റി ഭയം  ഉണ്ടാവവേണ്ട ആവശ്യമില്ല.

മരണഭീതിയിൽ നിന്നും വിടുതൽ പ്രാപിച്ച ഒരുവനു ഈ ഭൂമിയിലുള്ള ഒന്നിനെയും ഭയക്കേണ്ട ആവശ്യമില്ല.കാരണം എല്ലാ ഭയങ്ങളുടെയും അടിസ്ഥാനം മരണ ഭയം ആണ്.

അത് കൊണ്ടാണ് ഒരു യഥാര്‍ത്ഥ ക്രിസ്തുവിശ്വാസിക്ക് “പാതാളമേ നിന്‍റെ ജയമെവിടെ?മരണമേ നിന്‍റെ വിഷമുള്ളു എവിടെ” എന്ന് വെല്ലുവിളിക്കാന്‍ കഴിയുന്നത്‌. നിങ്ങള്‍ യേശുക്രിസ്തുവില്‍  ഉള്ളവര്‍  ആണ്  എങ്കില്‍ യേശുക്രിസ്തു നിങ്ങളോട് പറയുന്നതു  മരണത്തെ ഭയപ്പെടേണ്ട എന്നാണ്.

മരണഭീതിയില്‍ ഉള്ള ഒരുവനോട് "ഭയപ്പെടേണ്ട" , എന്ന് പറയുവാന്‍ ഈ ലോകത്തില്‍ യേശുക്രിസ്തുവിനു മാത്രമേ അവകാശമുള്ളൂ, കാരണം യേശുക്രിസ്തു തന്നെ പറയുന്നു.

ഭയപ്പെടേണ്ട. ഞാന്‍ മരിച്ചവനായിരുന്നു. എന്നാല്‍ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു. മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോല്‍ എന്‍റെ കൈവശമുണ്ടു (വെളിപാട്  1:18).

ഈ അവകാശവാദം ലോകത്തില്‍ ഒരു വ്യക്തിക്കും ഉന്നയിക്കുവാന്‍  കഴിയുകയില്ല, കാരണം നാം മുന്‍പ് കണ്ടത് പോലെ, ഈ ലോകത്തിലേക്ക്‌  വന്ന മഹാത്മാക്കളും, ആത്മീക ഗുരുക്കന്മാരും, മതസ്ഥാപകരും ആരും തന്നെ മനുഷ്യവര്‍ഗത്തിന്റെ പാപം ഏറ്റെടുത്തു മറുവിലയായി മരിച്ചിട്ടില്ല, മരണത്തെയും, പാതാളത്തേയും ജയിച്ചു ഉയിർത്തെഴുന്നേറ്റിട്ടില്ല, തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക്  നിത്യജീവന്‍ വാഗ്ദാനം ചെയ്തിട്ടില്ല.

മാത്രമല്ല  ദൈവഹിതത്തിൽ ജീവിക്കുന്ന ഒരു ദൈവപൈതലിൻ്റെ ശാരീരിക മരണവും  തീരുമാനിക്കുവാൻ പിശാചിന് കഴിയുകയില്ല, കാരണം മരണത്തിന്റെയും പാതാളത്തിന്‍റെയും താക്കോല്‍ യേശുക്രിസ്തുവിന്റെ കൈവശം ആണ്. കർത്താവ് ആ വാതിൽ തുറക്കാതെ ഒരു ദൈവമകനെ മരണം കീഴ്പ്പെടുത്തുകയില്ല.

യേശുക്രിസ്തു ഈ ഭൂമിയിൽ മനുഷ്യനായി ജീവിച്ചതും അങ്ങനെ തന്നെയായിരുന്നു.യേശുക്രിസ്തുവിനെപ്പറ്റിയുള്ള ദൈവീക ഉദ്ദേശം പിതാവായ ദൈവം പുസ്തകച്ചുരുളുകളിൽ മുന്നമേ എഴുതിയിരുന്നു. അത് പൂർത്തീകരിക്കുവാൻ കർത്താവ് ഈ ഭൂമിയിൽ വന്നു , കർത്താവിന്റെ ഏക ഇഷ്ടം ദൈവഹിതം പൂർത്തീകരിക്കുക എന്നതായിരുന്നു

എബ്രായർ 10:അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ വരുന്നു”

അതിനാൽ കർത്താവ് മരണത്തെ ഒരിക്കലും  ഭയപ്പെട്ടില്ല, പിതാവായ ദൈവത്തിന്റെ അനുവാദത്തോടെ, ദൈവത്തിന്റെ മുൻനിർണയപ്രകാരം മാത്രമാണ് യേശുക്രിസ്തു മരിച്ചത്.മാത്രമല്ല മരണ പാശങ്ങൾക്കു യേശുവിനെ പിടിച്ചു വക്കുവാനും കഴിഞ്ഞില്ല.

അപ്പൊ. പ്രവൃത്തികൾ 2 :23 ദൈവം  നിങ്ങൾക്ക് ഉറപ്പിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ അവൻ മുന്നമേ അറിഞ്ഞ് തീരുമാനിച്ചതുപോലെ നിങ്ങൾക്ക് ഏല്പിച്ചു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ ക്രൂശിൽ തറപ്പിച്ചു കൊന്നു; എന്നാൽ ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിർത്തെഴുന്നേല്പിച്ചു. എന്തുകൊണ്ടെന്നാൽ മരണം അവനെ അടക്കി വെയ്ക്കുന്നത് അസാദ്ധ്യമായിരുന്നു

യേശുക്രിസ്തുവിനെ ഭൂമിയിൽ അയച്ചത് പോലെയാണ് ദൈവം ഓരോ ദൈവപൈതലിനെയും ഭൂമിയിൽ അയച്ചിരിക്കുന്നത്.

യോഹന്നാൻ 17: 18 നീ എന്നെ ലോകത്തിലേക്കു അയചത് പോലെ  ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു

യേശു ഈ ഭൂമിയിൽ ജീവിച്ചത് പോലെയാണ് നാം ഓരോരുത്തരും ജീവിക്കേണ്ടത്.അന്ഗനെയെങ്കിൽ നമുക്ക്‌ ഒന്നിനെയും ഭയക്കേണ്ട ആവശ്യമില്ല.

1 യോഹന്നാൻ 4: 17 അവൻ ആയിരിക്കുന്നതുപോലെ നാം ഈ ലോകത്തിൽ ആയിരിക്കുന്നതുകൊണ്ട്, ന്യായവിധിദിവസത്തിൽ നമുക്ക് ധൈര്യം ഉണ്ടാകുവാൻ തക്കവണ്ണം ഇങ്ങനെ സ്നേഹം നമ്മിൽ തികഞ്ഞുവന്നിരിക്കുന്നു.സ്നേഹത്തിൽ ഭയമില്ല; ശിക്ഷയിൽ ഭയം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു.

യേശുക്രിസ്തുവിനെപ്പോലെ തന്നെ നിങ്ങളുടെ ജീവിതത്തെ പറ്റിയും ദൈവത്തിനു വ്യക്തമായ പദ്ധതികൾ ഉണ്ട്.നിങ്ങൾ ദൈവഹിതത്തിനു നടുവിൽ ആണ് ജീവിക്കുന്നത് എങ്കിൽ, യേശുക്രിസ്തുവിനെ പോലെ ദൈവ ഇഷ്ടം ചെയ്യുക എന്നതാണ് നിങ്ങളുടെ  ഏക ലക്‌ഷ്യം എങ്കിൽ അത് പൂർത്തീകരിക്കപ്പെടാതെ മരണം നിങ്ങളെ കീഴ്പ്പെടുത്തുകയില്ല. കാരണം മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ ഇന്ന്  യേശുക്രിസ്തുവിന്റെ കൈവശം ആണ്.മാത്രമല്ല  മരണപാശങ്ങൾക്കു നമ്മെയും പിടിച്ചു വക്കുവാൻ കഴിയില്ല, നാമും കർത്താവിനെപ്പോലെ മരണത്തെ ജയിച്ചു ഉയിർത്തെഴുനേൽക്കും. 

ഇത് വായിക്കുന്ന പ്രിയപ്പെട്ടവരേ, നിങ്ങള്‍ ഇന്നും മരണഭീതിയില്‍ ആയിരിക്കുന്നുവോ? ആണ് എങ്കില്‍ ഒരു സന്തോഷവാര്‍ത്ത നിങ്ങളെ  അറിയിക്കുന്നു, നിങ്ങളെ മരണഭീതിയില്‍ നിന്നും വിടുവിച്ചു നിത്യജീവന്‍ തരുവാന്‍ ആണ് യേശുക്രിസ്തു മരിച്ചത്.

അവനില്‍ വിശ്വസിച്ചു മരണഭീതിയില്‍ നിന്നും എന്നെന്നേക്കുമായി  വിടുവിക്കപ്പെട്ടു, നിത്യജീവന്‍ പ്രാപിക്കുവാന്‍, ദൈവ ഇഷ്ടം ചെയ്തു കൊണ്ട് , മരണ ഭയം കൂടാതെ ഈ ഭൂമിയിൽ ജീവിക്കുവാൻ ഇത് വായിക്കുന്ന ഏവര്‍ക്കും ഇടയാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

ബ്രദർ ജിനു നൈനാൻ