Articles

പുതിയ വീഞ്ഞ് പഴയ തുരുത്തിയിലേക്കോ ?

Date Added : 31-08-2021

പുതിയ വീഞ്ഞ് പഴയ തുരുത്തിയിലേക്കോ ?

 

മത്തായി  9:16,17  പുതിയ  വീഞ്ഞു പഴയ തുരുത്തിയില്‍ പകരുമാറുമില്ല. പകര്‍ന്നാല്‍ തുരുത്തി പൊളിഞ്ഞു വീഞ്ഞു ഒഴുകിപ്പോകും, തുരുത്തിയും നശിച്ചുപോകും.

 

കർത്താവ് ഇവിടെ പറയുന്ന പുതിയ വീഞ്ഞ് എന്നത് പ്രാഥമികമായി തൻ്റെ  രക്തത്താൽ സ്ഥാപിച്ച പുതിയ ഉടമ്പടിയിലൂടെ നമ്മുടെ ഉള്ളിൽ പകർന്ന തൻ്റെ  ജീവനാണ്.

 

എന്നാൽ  പുതിയ വീഞ്ഞായ തൻ്റെ  ജീവനെ പകരുന്നതിനു കർത്താവിനു  ഒരു പുതിയ തുരുത്തി ആവശ്യമായിരുന്നു. കാരണം ദൈവം വിശുദ്ധമായതിനെ അശുദ്ധമായവയുമായി ഒരിക്കലും  കൂട്ടിക്കലർത്തുന്നില്ല.

 

അഥവാ പാപസ്വഭാവമുള്ള ഒരു അശുദ്ധമായ പഴയ തുരുത്തിയിലേക്കു, പഴയ ഹൃദയത്തിലേക്ക്  ദൈവം ഒരിക്കലും തൻ്റെ പരിശുദ്ധാത്മാവിനെ പകരുകയില്ല.

 

ഒരു വീണ്ടും ജനിച്ച വിശ്വാസിയിൽ രണ്ടു മനുഷ്യർ ; പഴയമനുഷ്യനും, പുതിയ മനുഷ്യനും ഉണ്ട് എന്നും  ഈ രണ്ടു മനുഷ്യർ അഥവാ  സ്വഭാവങ്ങൾ തമ്മിൽ നിരന്തരം  പോരാട്ടത്തിൽ ആണ് എന്നും, നാം ഏതു സ്വഭാവത്തിനെയാണോ കൂടുതലായി വഴങ്ങിക്കൊടുക്കുന്നതു ആ സ്വാഭാവം നമ്മിൽ കൂടി പുറത്തു വരും എന്നും പഠിപ്പിക്കുന്നവർ ഉണ്ട്. ഇത് തികച്ചും വചന വിരുദ്ധമായ ഉപദേശമാണ്.

 

ദൈവവചനം സുവ്യക്തമായി പഠിപ്പിക്കുന്നു, നമ്മുടെ പഴയ മനുഷ്യൻ കർത്താവിനോടു കൂടി ക്രൂശിക്കപ്പെട്ടു, അടക്കപ്പെട്ടു, നീക്കപ്പെട്ടു. നാം ക്രിസ്തുവേശുവിൽ ഉള്ളവർ ആണ് എങ്കിൽ നാം പാപസ്വഭാവം ഉള്ളവരല്ല, ആത്മസ്വഭാവം ഉള്ളവരാണ്. ( റോമ. 6:6, 8: 9 )

 

കർത്താവ്  തൻ്റെ ആത്മാവിനെ നമ്മിൽ പകരുന്നതിനു മുൻപായി, നമ്മുടെ പാപഹൃദയത്തെ തന്നോടൊപ്പം കുരിശിൽ തറച്ചു, നമ്മിൽ നിന്നും നീക്കി , നമുക്ക് ഒരു പുതിയ ഹൃദയം തന്നു. നമ്മെ പാപത്തിൻ്റെ  അടിമത്വത്തിൽ നിന്നും സ്വതന്ത്രനാക്കി. ( റോമർ 6 :6, കൊലോസ്യർ 2 :11  ) 

 

ആ പുതിയ ഹൃദയത്തിലാണ്  താൻ തൻ്റെ പുതിയ ആത്മാവിനെ തരികയും, നമ്മെ ആത്മാവിനാൽ നടത്തുകയും ചെയ്യുന്നത്. (യെഹെ. 36:26 ) 

 

നാം ക്രൂശെടുത്തു കർത്താവിനെ അനുഗമിക്കുമ്പോൾ നമ്മുടെ ജഡം ക്രൂശിക്കേപ്പെടുകയും, നമ്മുടെ ദേഹീപരമായ ജീവൻ കളയപ്പെടുകയും,നമ്മുടെ  ഉള്ളിൽ നിന്നും, ഹൃദയത്തിൽ നിന്നും  ക്രിസ്തുവിൻ്റെ ജീവൻ്റെ നദികൾ പുറത്തേക്കു ഒഴുകുകയും ചെയ്യുന്നു.. ( യോഹന്നാൻ 7 :36 )

 

ദൈവത്തിന് തൻ്റെ ജീവനെ ( പുതിയ വീഞ്ഞ്) നമ്മുടെ ഹൃദയങ്ങളിലേക്ക് പകരാൻ സാധിക്കുന്നതിൻ്റെ കാരണം, അവൻ നമ്മെ ഒരു പുതിയ സൃഷ്ടിയായി - ക്രിസ്തുവിൽ ഒരു പുതിയ തുരുത്തിയാക്കി എന്നതാണ്

 

ബൈബിൾ പറയുന്നു, “അതിനാൽ, ആരെങ്കിലും ക്രിസ്തുവിൽ ആയാൽ , അവൻ ഒരു പുതിയ സൃഷ്ടിയാണ്; പഴയത് പോകുകയും പുതിയതു വരികയും ചെയ്തിരിക്കുന്നു  ! (2 കൊരിന്ത്യർ 5:17).

 

കർത്താവിനു നമ്മെ ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടി ആക്കുന്നതിനു മുൻപായി ആദമിൽ കൂടി നമ്മിൽ കടന്ന പഴയ മനുഷ്യനെ നീക്കിക്കളയേണ്ടത് ആവശ്യമായിരുന്നു. അതിനാൽ കർത്താവ് ക്രൂശിൽ നമ്മുടെ പാപങ്ങളെ (ഫലങ്ങളെ) ക്ഷമിക്കുക മാത്രമല്ല ചെയ്തത് പാപങ്ങളുടെ വേരായ, ഉറവയായ പാപ ഹൃദയത്തെ നീക്കുകയാണ് ചെയ്തത്. 

 

ഇത് ഒരു അതിപ്രധാനമായ ഉപദേശമായതിനാൽ അപ്പോസ്തോലന്മാർ ഈ ക്രൂശിൻ്റെ സന്ദേശത്തെ ഇതേ ക്രമത്തിൽ തന്നെയാണ് എല്ലായ്പ്പോഴും  പഠിപ്പിച്ചത്. ( റോമർ 6 , കൊലോസ്യർ 2 )

 

അടുത്തതായി കർത്താവ് പറയുന്ന പുതിയ വീഞ്ഞ് എന്നത് പുതിയ ഉടമ്പടിയുടെ, ജീവൻ്റെ  സന്ദേശമാണ്, ക്രൂശിൻ്റെ വചനമാണ്.

 

ഈ ക്രൂശിൻ്റെ   സന്ദേശം വഹിക്കുവാനും, സൂക്ഷിക്കുവാനും , മറ്റുള്ളവരിലേക്ക് പകരുവാനുമായി കർത്താവിനു ഒരു പുതിയ തുരുത്തി ആവശ്യമുണ്ട്. ആ പുതിയ തുരുത്തിയാണ് പുതിയ നിയമ ദൈവസഭ.

 

യേശുക്രിസ്തുവിൻ്റെ ജീവന്‍ ഉള്ളില്‍ വഹിക്കുന്ന, യേശുക്രിസ്തു എന്ന തലയാല്‍ നിയന്ത്രിക്കപ്പെടുന്ന, ക്രൂശെടുത്തു കർത്താവിനെ അനുഗമിക്കുന്ന , യേശുക്രിസ്തുവിൻ്റെ ശരീരമാകുന്ന സഭയാണ് ആ പുതിയ തുരുത്തി. അവരാണ് തങ്ങളുടെ ജീവിതത്തിലൂടെയും, പ്രവര്‍ത്തിയിലൂടെയും, പ്രസംഗത്തിലൂടെയും  ക്രൂശിൻ്റെ സന്ദേശം  വഹിക്കുകയും കൈമാറുകയും ചെയ്യുന്നത്.

 

അതിനാലാണ് ദൈവസഭയെ സത്യത്തിൻ്റെ തൂണും അടിസ്ഥാനവും എന്ന് വിളിക്കുന്നത്‌, ആ സത്യം പുതിയ ഉടമ്പടിയുടെ സന്ദേശമാണ് അത്. ദൈവം ജഡത്തില്‍ വെളിപ്പെടുന്ന, യേശുക്രിസ്തുവിൻ്റെ ജീവൻ  നമ്മില്‍ വെളിപ്പെടുന്ന ദൈവഭക്തിയുടെ മര്‍മ്മമാണ്. ( 1 തിമോത്തിയോസ് 3:16)

 

യേശുക്രിസ്തു ഈ ഭൂമിയിൽ ഈ പുതിയ ഉടമ്പടിയുടെ സന്ദേശവുമായി വരുമ്പോൾ ഉണ്ടായിരുന്നത് യഹൂദ സമൂഹമാകുന്ന പഴയ തുരുത്തിയായിരുന്നു. 

 

ഭൗതികമായ അനുഗ്രഹങ്ങളും, പുറമെയുള്ള വിശുദ്ധിയും, ന്യായപ്രമാണ കല്പനകളും , ചട്ടങ്ങളും, ആഹാര നിയമങ്ങളും, വസ്ത്രധാരണ നിയമങ്ങളും കർശനമായി  ആചരിക്കുകയും, പ്രസംഗിക്കുകയും അതിൽ അഭിമാനിക്കുകയും   ചെയ്യുന്ന  പഴയ വീഞ്ഞിൻ്റെ , പഴയ ഉടമ്പടിയുടെ  സന്ദേശം വഹിക്കുന്ന വ്യക്തികളുടെ കൂട്ടമായ പഴയ തുരുത്തികളായ യഹൂദ സമൂഹം. 

 

കർത്താവിൻ്റെ തുടർച്ചയായുള്ള ഏറ്റുമുട്ടൽ ഈ പഴയ തുരുത്തിയുടെ വക്താക്കളായ പരീശന്മാരുമായി ആയിരുന്നു. കാരണം കർത്താവിൻ്റെ   സന്ദേശം ഇവരുടെ ഉള്ളിലുള്ള പാപസ്വഭാവത്തെ തുറന്നു കാട്ടി. എന്നാൽ പുറമെയുള്ള വിശുദ്ധിയിൽ സംതൃപ്ത രായിരുന്ന, അതിൽ അഭിമാനിച്ചിരുന്ന സ്വയ നീതിമാന്മാരായ അവർ കർത്താവിനെയും  തൻ്റെ സന്ദേശത്തെയും  തള്ളിക്കളഞ്ഞു.

 

എന്നാൽ തങ്ങളുടെ ഉള്ളിലുള്ള പാപസ്വഭാവത്തെക്കുറിച്ചു, ഹൃദയത്തിൻ്റെ രോഗാവസ്ഥയെക്കുറിച്ചു മനസ്സിലായ പാപികൾ പാപരോഗത്തിൻ്റെ   വൈദ്യനായ കർത്താവിൻ്റെ അടുക്കൽ വന്നു, കർത്താവ് പരീശന്മാരുടെ 'വിശുദ്ധ' നിയമങ്ങളെ, 'വേർപാടിൻ്റെ' ചട്ടങ്ങളെ  തെറ്റിച്ചു കൊണ്ട് അവരുടെ കൂടെ തിന്നുകയും, കുടിക്കുകയും ചെയ്തു. പാപികളുടെ  സ്നേഹിതൻ എന്ന് താൻ അറിയപ്പെടുകയും ചെയ്തു. ( മത്തായി 9:11; 11:16–19 )

 

കർത്താവ് അവരുടെ പാപഹൃദയത്തെ നീക്കി അവരെ ഒരു പുതിയ തുരുത്തിയാക്കി, തൻ്റെ  ജീവനെ, പുതിയ വീഞ്ഞിനെ അവരുടെ ഉള്ളിൽ പകർന്നു. അവരിലൂടെ തൻ്റെ പുതിയഉടമ്പടിയുടെ സന്ദേശത്തെ ലോകത്തിൽ അറിയിച്ചു.അവരിലൂടെ കർത്താവ്  പുതിയ തുരുത്തിയായ  ദൈവസഭയെ പണിതു ഇന്നും  കൊണ്ടിരിക്കുന്നു.

 

അവര്‍ പുതിയ വീഞ്ഞ് വഹിക്കുന്ന പുതിയ തുരുത്തികള്‍ ആണ്, യേശുവിൻ്റെ ജീവന്‍ വഹിക്കുന്ന ക്രിസ്തുവിൻ്റെ ശരീരം ആണ്. അവര്‍ അവരുടെ ജീവിതത്തിലും, സന്ദേശത്തിലും കൂടി ദൈവഭക്തിയുടെ മര്‍മ്മം വെളിപ്പെടുത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നു.

 

ക്രിസ്തീയ സമൂഹത്തിലെ പഴയ തുരുത്തികൾ 

 

പഴയ ഉടമ്പടിയുടെ സന്ദേശം പ്രാഥമികമായും രണ്ടു തലത്തിൽ ഉള്ളവയായിരുന്നു, ഒന്ന് ഭൗതികമായ അനുഗ്രഹങ്ങളെക്കുറിച്ചുള്ള  വാഗ്ദാനങ്ങൾ, രണ്ടു പുറമെയുള്ള വിശുദ്ധിയെക്കുറിച്ചുള്ള ചട്ടങ്ങളും നിയമങ്ങളും. കർത്താവിൻ്റെ  കാലത്തേ പഴയ തുരുത്തിയായ യഹൂദസമൂഹം ഈ പഴയ വീഞ്ഞിനെ ആയിരുന്നു വഹിച്ചിരുന്നത്.

 

എന്നാൽ ആത്മീയമായ അനുഗ്രഹങ്ങളെക്കുറിച്ചോ, ഉള്ളിൽ ഉണ്ടാകേണ്ട വിശുദ്ധിയെക്കുറിച്ചോ ഇവർക്ക് അറിവില്ലായിരുന്നു. അതിനു കാരണം അത്  ലഭ്യമാകുന്ന പുതിയ ഉടമ്പടി സ്ഥാപിക്കപ്പെട്ടിട്ടില്ല എന്നതായിരുന്നു. 

 

എന്നാൽ ആ യഹൂദസമൂഹത്തിൽ നിന്നും പുറത്തു വന്ന ക്രൈസ്തവ സമൂഹങ്ങളും, ഇന്നുള്ള വേർപെട്ട സമൂഹങ്ങളും  കാലക്രമേണ കർത്താവിൻ്റെ കാലത്തേ യഹൂദസമൂഹമാകുന്ന തുരുത്തികളുടെ മറ്റൊരു പതിപ്പായി മാറിപ്പോയിരിക്കുന്നു.

 

ഭൗതികമായ അനുഗ്രഹങ്ങളും, പുറമെയുള്ള വിശുദ്ധിയും, ന്യായപ്രമാണ കല്പനകളും, ചട്ടങ്ങളും, ആഹാര നിയമങ്ങളും, വസ്ത്രധാരണ നിയമങ്ങളും കർശനമായി  ആചരിക്കുകയും, പ്രസംഗിക്കുകയും  ചെയ്യുന്ന,  ഉള്ളിലുള്ള രോഗാവസ്ഥയെപ്പറ്റി ഒട്ടും തന്നെ ബോധ്യമില്ലാത്ത  മതസമൂഹം.

 

ഭൗതിക നന്മകൾ  വാഗ്ദാനം ചെയ്യുന്ന, പുറമെയുള്ള വിശുദ്ധിക്ക് അമിത  പ്രാധാന്യം നൽകുന്ന പഴയ വീഞ്ഞിൻ്റെ സന്ദേശം വഹിക്കുന്ന  വ്യക്തികളുടെ കൂട്ടമായ പഴയ തുരുത്തികള്‍.

 

പുറമെ വിശുദ്ധരായി  കാണിക്കുമ്പോഴും, ഉള്ളിൽ  പാപത്തോടും, പിശാചിനോടും, ലോകത്തോടും, ജഡത്തോടും ഒത്തുതീര്‍പ്പില്‍ എത്തിയ ജഡീകരുടെ കൂട്ടം. ജഡീകരായ, ഒത്തുതീര്‍പ്പുകാരായ, സ്ഥാനമോഹികളായ, അധികാരമോഹികളായ നേതാക്കളാല്‍ നിയന്ത്രിക്കപ്പെടുന്ന മാനുഷിക സംഖടനകളായ  പഴയ തുരുത്തികൾ. ക്രിസ്തു എന്ന തലയാൽ നയിക്കപ്പെടുന്ന ശരീരത്തിന് പകരം  പഴയ നിയമ ഇസ്രയേലിനെപ്പോലെ കേന്ദ്രീകൃത നേതൃത്വത്താൽ നയിക്കപ്പെടുന്ന സംഘടനകൾ . 

 

അവർ അവരുടെ ജീവിതത്തിൽ കൂടിയും, സന്ദേശങ്ങളിൽ കൂടിയും ഈ പഴയ വീഞ്ഞിനെ പകരുന്നു. അവരെപ്പോലെയുള്ള 'സഭകളെ', പഴയ തുരുത്തികളെ വീണ്ടും  നിര്‍മ്മിക്കുന്നു, അവരും ഈ പഴയ വീഞ്ഞിൻ്റെ   സന്ദേശം പ്രചരിപ്പിക്കുന്നു.

 

പഴയ തുരുത്തിയില്‍ പഴയ വീഞ്ഞ് ശേഖരിച്ചു വയ്ക്കുന്നത്  സ്വാഭാവികമാണ് , കാരണം പഴയ തുരുത്തിക്ക് പഴയ വീഞ്ഞിനെ മാത്രമേ വഹിക്കുവാന്‍ കഴിയുള്ളൂ. മാത്രമല്ല ഇന്നും പഴയ വീഞ്ഞ് കുടിക്കുവാൻ ആഗ്രഹിക്കുന്ന അനേകർ ഉണ്ട്.അവർക്കു  ഈ പഴയ തുരുത്തികൾ ആവശ്യവുമാണ്.

 

എന്നാല്‍ പഴയ തുരുത്തിയിലേക്ക് പുതിയ വീഞ്ഞ്  അഥവാ  പുതിയ ഉടമ്പടിയുടെ  സന്ദേശം പകരാന്‍ ശ്രമിച്ചാല്‍, കര്‍ത്താവ്‌ മുന്നറിയിപ്പ് തന്നത് പോലെ പോലെ തുരുത്തി പൊളിയും, വീഞ്ഞ് ഒഴുകിപ്പോകും. വസ്ത്രം കീറും, ചീന്തല്‍ ഏറ്റവും വലിയതാകും.

 

യഥാര്‍ത്ഥത്തില്‍ അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നത്  കര്‍ത്താവ്‌ മുന്നറിയിപ്പ് തന്നത് പോലെയുള്ള ഒരു പാഴ്വേലയാണ്, മാത്രമല്ല കര്‍ത്താവ്‌ തൻ്റെ രക്തത്താല്‍ സ്ഥാപിച്ച പുതിയ ഉടമ്പടിയില്‍ കൂടി വെളിവായ ഈ വിശുദ്ധ സന്ദേശം, പുതിയ വീഞ്ഞ് വഴിയില്‍ ഒഴുക്കികളയുവാനും, വിലയേറിയ മുത്ത്‌ നിലത്തു ഇട്ടു ചവിട്ടുവാനും ഇടയായിത്തീരും, അതിനു ഇടവരുത്തുന്ന വ്യക്തിയും അപഹാസ്യന്‍ ആയിത്തീരും.

 

യഥാര്‍ത്ഥത്തിലുള്ള പുതിയ ഉടമ്പടിയുടെ സന്ദേശം വഹിക്കുവാനുള്ള പുതിയ തുരുത്തികള്‍ ആണ് തലമുറയുടെ ഏറ്റവും വലിയ ആവശ്യകത, ഇന്ന് ഏറ്റവും ദുര്‍ലഭമായി കൊണ്ടിരിക്കുന്നതും, പുതിയ തുരുത്തിയാകുന്ന, ക്രിസ്തുവിൻ്റെ ശരീരമായ ദൈവസഭയെ പറ്റിയുള്ള വെളിപാടാണ്, ഉപദേശമാണ്.

 

അതിനു പകരം പലരും പുതിയ വീഞ്ഞിനെ പഴയ തുരുത്തിയില്‍ പകരാനുള്ള, പുതിയ തുണിയെ പഴയ വസ്ത്രത്തില്‍ ചേര്‍ത്ത് തുന്നാനുള്ള പാഴ്ശ്രമത്തിലാണ്. ഫലം; വീഞ്ഞു നിലത്തു ഒഴുകിപ്പോകുന്നു, കീറല്‍ ഏറ്റവും വലുതാകുന്നു, മുത്തുകള്‍ പന്നികള്‍ ചവിട്ടിക്കളയുന്നു.

 

പുതിയ തുരുത്തിയും ക്രൂശിന്റെ ഇടർച്ചയും  

 

ഈ പുതിയ തുരുത്തിക്കായി നാം വില കൊടുക്കേണ്ടതുണ്ട്.  ഒന്നാമതായി  നാം പുതിയ ഉടമ്പടിയുടെ സന്ദേശം,പുതിയ വീഞ്ഞ്, നാം നമ്മുടെ ജീവിതത്തില്‍ വഹിക്കേണ്ടതുണ്ട്, സ്വന്തജീവനെ പകച്ചു, ക്രൂശു എടുത്തു കര്‍ത്താവിനെ അനുദിനം അനുഗമിക്കേണ്ടതുണ്ട്,സ്വയജീവനു മരിക്കുന്നതിലൂടെ ക്രിസ്തുവിൻ്റെ ജീവന്‍ നമ്മിലൂടെ വെളിപ്പെടെണ്ടതുണ്ട്.

 

അടുത്തതായി, പഴയ തുരുത്തിയാകുന്ന മാനുഷിക സംഖടനകളില്‍ നിന്നും നാം പുറത്തു വരേണ്ടതുണ്ട്,പഴയ തുരുത്തിയാകുന്ന ബാബിലോണ്യ വ്യവസ്ഥിതിക്കെതിരെ, മാനുഷിക പാരമ്പര്യങ്ങള്‍ക്കെതിരെ,കിണ്ടി കിണ്ണങ്ങളുടെ പുറം മാത്രം വെടിപ്പാക്കുന്ന  പരീശ്വത്വത്തിനെതിരെ കര്‍ത്താവും  അപ്പോസ്തോലന്മാരും പോരാടിയത് പോലെ പോരാടേണ്ടതായിട്ടുണ്ട്. 

 

അതിനു പകരമായി  ഇത്തരം മാനുഷിക സംഖടനകള്‍ ആകുന്ന പഴയ തുരുത്തികളെ നന്നാക്കാനോ, ഈ പഴയ തുരുത്തികളില്‍ പുതിയ വീഞ്ഞ് പകരാനോ കര്‍ത്താവ്‌ ആവശ്യപ്പെടുന്നില്ല. മറിച്ചു ഇത്തരം പഴയ തുരുത്തികളെ വിട്ടുപോരാന്‍, വേര്‍പെട്ടിരിക്കാന്‍ ആണ് ആവശ്യപ്പെടുന്നത്. (വെളിപ്പാട് 7:9)

 

യഹൂദ സമൂഹമായ പഴയ തുരുത്തികൾക്കു, കർത്താവിനെയും, ക്രൂശിൻ്റെ   സന്ദേശത്തെയും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അവർ ആ സന്ദേശത്തെയും , സന്ദേശ വാഹകനെയും പാളയത്തിനു പുറത്താക്കി ക്രൂശിച്ചു കൊന്നു.

 

നാം ക്രൂശിൻ്റെ  സന്ദേശം ഒത്തുതീർപ്പില്ലാതെ പ്രസംഗിക്കുകയാണ് എങ്കിൽ, പഴയ തുരുത്തിയുടെ വക്താക്കൾ ആയ അഭിനവ പരീശന്മാർ കർത്താവിനെയും, തൻ്റെ  ശിഷ്യന്മാരെയും ആക്രമിച്ചത് പോലെ നമ്മെയും ആക്രമിക്കും. 

 

കാരണം ഇന്നും പഴയ തുരുത്തികൾക്ക് ക്രൂശിൻ്റെ സന്ദേശം ഇടർച്ച വരുത്തുന്നതാണ്. അതിനാൽ കർത്താവ് പ്രയോജനമില്ലാത്ത ന്യായപ്രമാണ  നിയമങ്ങളാലല്ല, ദൈവകൃപയാൽ തന്നേ ഹൃദയം ഉറപ്പിക്കാനും,  തൻ്റെ  നിന്ദ  സഹിച്ചു കൊണ്ട് ഇത്തരം പഴയ തുരുത്തികളായ പാളയത്തിനു പുറത്തു വരാനും  ആവശ്യപ്പെടുന്നു. എബ്രാ. 13:9 , 13 

 

എന്നാൽ ഇത്തരം മാനുഷിക സംഘടനകളാകുന്ന പാളയങ്ങങ്ങളുടെ, തുരുത്തികളുടെ സുരക്ഷിതത്വം ആഗ്രഹിക്കുന്നവർ, ക്രിസ്തുവിൻ്റെ  നിന്ദ ചുമക്കാൻ ആഗ്രഹമില്ലാത്തവർ. മനുഷ്യരെ പ്രസാദിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ, പഴയ വീഞ്ഞിനെ കുടിച്ചു അതിൽ തൃപ്തരായി പഴയ തുരുത്തികളിൽ കഴിയുന്നു. 

 

നവീകരണമല്ല ക്രൂശിൻ്റെ  സന്ദേശത്തിൻ്റെ , പുതിയ വീഞ്ഞിൻ്റെ   പുനഃസ്ഥാപനം ആണ് ആവശ്യം 

 

ഒരു പുഴ അതിന്‍റെ ഉത്ഭവ സ്ഥാനത്തു നിന്നും ഒഴുകി തുടങ്ങി അനേക ദൂരം പിന്നിടുമ്പോഴേക്കും അതിന്‍റെ നൈർമ്മല്യത നഷ്ടപ്പെടുകയും,പല തരത്തിലുള്ള മാലി ന്യങ്ങൾ അടിഞ്ഞ് ചേരുകയും ചെയ്യുന്നു.

 

അത് പോലെ യഹൂദ മത  സമൂഹത്തിൽ നിന്നും പുറത്തു വന്ന ക്രൈസ്തവ സമൂഹവും  വർഷങ്ങൾ പിന്നിടുമ്പോൾ , അതിന്‍റെ ആദിമ തനിമയിൽ നിന്നും നൈർമ്മല്യത്തിൽ നിന്നും ഒരുപാട് മാറിപ്പോയിരിക്കുന്നു. അനേക ദൈവവചന വിരുദ്ധ പാരമ്പര്യ ങ്ങളും, ഉപദേശങ്ങളും കൂടിക്കലർന്നിരിക്കുന്നു അതും ഒരു പഴയ തുരുത്തിയായി, മതസമൂഹമായി മാറ്റപ്പെട്ടിരിക്കുന്നു.

 

കഴിഞ്ഞ നൂറ്റാണ്ടുകളിൽ അനേകം നവീകരണങ്ങൾ നടന്നു എങ്കിലും അതൊക്കെയും , ഭാഗികവും അപൂർണ്ണവും ആയിരുന്നു എന്ന് മാത്രമല്ല, അത്തരം നവീകരണ പ്രസ്ഥാനങ്ങളും കാലക്രമേണ അവർ വിട്ടു പോന്ന സഭകളെപ്പോലെയോ, അതിലധികമോ പാരമ്പര്യങ്ങൾക്കു അടിമപ്പെട്ടു പോയിരിക്കുന്നു.

 

പാരമ്പര്യ സഭകളോ, വേർപെട്ട സഭകളോ എന്ന വ്യത്യാസം ഇല്ലാതെ  ഇന്ന്  ക്രൂശിന്‍റെ ശക്തി നഷ്ടപ്പെട്ട, ഭ‌ക്തിയുടെ വേഷം മാത്രമുള്ള പ്രസ്ഥാനങ്ങളായി, പഴയ തുരുത്തികളായി  അവയൊക്കെ മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

 

അതിനാൽ ഇന്ന് ക്രൈസ്തവസഭക്ക് ആവശ്യം വീണ്ടും ഒരു നവീകരണമല്ല, പകരം നഷ്ടപ്പെട്ടു പോയ പുതിയ വീഞ്ഞായ, പുതിയ ഉടമ്പടിയുടെ ക്രൂശിന്‍റെ സന്ദേശത്തിന്‍റെ പുനഃസ്ഥാപനമാണ്. (Not Just reformtion but a total restoration ).

 

എന്നാൽ ആ പുതിയ വീഞ്ഞിനെ, കർത്താവിന്‍റെ ജീവനെ വഹിക്കുവാന്‍, പുതിയ ഉടമ്പടിയുടെ സന്ദേശത്തെ വഹി ക്കുവാൻ അടുത്ത തലമുറയിലേക്കു കൈമാറുവാൻ പുതിയ തുരുത്തിയും ആവശ്യമാണ്.

 

അതിനാൽ ക്രൂശു വഹിച്ചു,സ്വയജീവനെ വിട്ടു കളയുന്ന; ദൈവീക ജീവനിലും , ദൈവീക സ്നേ ഹത്തിലും ദൈവീക കൂട്ടായ്മയിലും  പ്രവർത്തിച്ചിരുന്ന ആദിമസഭയുടെ. പുതിയ തുരുത്തിയിലേക്കുള്ള   ഒരു പൂർവീകരണവും സഭക്ക് ആവശ്യമാണ്.

 

ഇത് വായിക്കുന്ന പ്രിയപ്പെട്ടവരേ, നിങ്ങൾക്കു യഥാർത്ഥമായ ഒരു പുതിയ നിയമ സഭയെക്കുറിച്ചു ദർശനവും, ഭാരവും ഉണ്ട് എങ്കിൽ,  ഇത്തരം പഴയ തുരുത്തികളെ വിട്ടു പോരുക, വേർപെട്ട് ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ ദൃശ്യരൂപമായ, ക്രിസ്തു തലയായ, ക്രിസ്തുവിൻ്റെ ജീവന്‍ വെളിപ്പെടുത്തുന്ന ഒരു പ്രാദേശിക കൂട്ടമായിരിക്കുക.

 

ദൈവം നിങ്ങളെ അക്കിവച്ചിരിക്കുന്നയിടത്, ദൈവസഭയുടെ, പുതിയ തുരുത്തിയുടെ പണിയുടെ ഭാഗമായിത്തീരുക.അതിലൂടെ ദൈവഭക്തിയുടെ മര്‍മ്മത്തിൻ്റെ , പുതിയ ഉടമ്പടിയുടെ,പുതിയ വീഞ്ഞിൻ്റെ സന്ദേശം,പുതിയ തുരുത്തിയില്‍ വഹിക്കു കയും,സൂക്ഷിക്കുകയും ലോകത്തെ അറിയിക്കുകയും ചെയ്യുക.

 

മത്തായി  9:17 പുതുവീഞ്ഞു പുതിയ തുരുത്തിയിലേ പകര്‍ന്നു വെക്കയുള്ളു. അങ്ങനെ രണ്ടും ഭദ്രമായിരിക്കും

ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ

 

ഈ വിഷയങ്ങളെ കുറിച്ചുള്ള സന്ദേശം  കേൾക്കുക : 

പുതിയ വീഞ്ഞും പുതിയ തുരുത്തിയും I