Articles

ഹാബെലും ദൈവം പ്രസാദിച്ച യാഗവും

Date Added : 22-08-2021

*എന്തുകൊണ്ടാണ് ദൈവം ഹാബെലിലും അവൻ്റെ വഴിപാടിലും പ്രസാദിക്കുകയും . കയീനിലും അവൻ്റെ വഴിപാടിലും അവിടുന്ന് പ്രസാദിക്കാതിരിക്കുകയും ചെയ്തത്?*

ജിനു നൈനാൻ 

ഉല്പ. 4: 3,4  കയീൻ നിലത്തെ ഫലത്തിൽനിന്ന് യഹോവയ്ക്ക് ഒരു വഴിപാട് കൊണ്ടുവന്നു. ഹാബെലും ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽ നിന്ന് ഒന്നിനെ കൊന്ന്, അവയുടെ ഏറ്റവും കൊഴുപ്പുള്ള ഭാഗങ്ങളിൽനിന്ന് ഒരു വഴിപാട് കൊണ്ടുവന്നു.

യഹോവ ഹാബെലിലും അവൻ്റെ വഴിപാടിലും പ്രസാദിച്ചുകയീനിലും അവൻ്റെ വഴിപാടിലും അവിടുന്ന് പ്രസാദിച്ചില്ല. 

ഇതിനെപ്പറ്റി പല  തരത്തിലുള്ള വ്യാഖ്യാനങ്ങൾ ക്രിസ്തീയ ദൈവശാസ്ത്രജ്ഞരുടെ ഇടയിൽ ഉണ്ട്. ഹാബേൽ നല്ലവനായത് കൊണ്ട് ദൈവം യാഗത്തിൽ പ്രസാദിച്ചു  എന്നും, ഹാബേൽ കൂടുതൽ നല്ലതായ കടിഞ്ഞൂലിനെ കൊടുത്ത് കൊണ്ട് ദൈവം പ്രസാദിച്ചു എന്നും, രക്തബലിയായതിനാൽ പ്രസാദിച്ചു എന്നും, ഹാബേലിൻ്റെ ജീവിതം നല്ലതായതു കൊണ്ട് ദൈവം ആദ്യം ഹാബെലിലും, അതിനാൽ  തൻ്റെ യാഗത്തിലും പ്രസാദിച്ചു എന്നും  പല തരത്തിലുള്ള വ്യാഖ്യാനങ്ങൾ ലഭ്യമാണ്. ഇത്തരത്തിലുള്ള പല വ്യാഖ്യാനങ്ങൾക്കും കാരണം ഇതിനുള്ള ഉത്തരം ഉല്പത്തി പുസ്തകത്തിൽ നിന്നും കണ്ടെത്താൻ ശ്രമിക്കുന്നത് കൊണ്ടാണ്.

എന്നാൽ  ഉല്പത്തി പുസ്തകം അതിൻ്റെ കാരണം വ്യക്തമാക്കുന്നില്ല എന്നതാണ് സത്യം. അതിനാൽ ഉത്പത്തിയിൽ നിന്നും നാം ഇതിനുള്ള കാരണം ഊഹിച്ചാൽ തെറ്റായ ബോധ്യങ്ങളിൽ എത്തിച്ചേരും.

 ഇത് പോലെയുള്ള പല വിഷയങ്ങളിലും എന്നത് പോലെ പുതിയനിയമ പുസ്തകങ്ങൾ അതിൻ്റെ പൊരുൾ തിരിച്ചു  വിശദീകരിക്കുന്നു. ഹാബേലിൻ്റെ യാഗത്തിൽ ദൈവം എന്ത് കൊണ്ട് പ്രസാദിച്ചു എന്ന് വിശദീകരിക്കുന്നത് ഹെബ്രായ ലേഖനം അധ്യായം 11 ലാണ് 

ഹെബ്രായ ലേഖനം പത്താം അധ്യായം അവസാനിക്കുന്നത് നീതിമാൻ വിശ്വാസത്താൽ ജീവിക്കുന്നതിനെപ്പറ്റിയും വിശ്വാസത്താൽ വാഗ്ദത്തം അവകാശമാക്കുന്നതിനെക്കുറിച്ചു പറഞ്ഞൂ കൊണ്ടുമാണ്   (എബ്രാ 10:36-38). 

അതിൻ്റെ തുടർച്ചയായി വിശ്വാസത്താൽ  ദൈവത്തിനു പ്രസാദകരമായ ജീവിതം നയിച്ച പഴയ നിയമ പിതാക്കന്മാരെ കുറിച്ചുള്ള  വിവരണമാണ് ഹെബ്രായ ലേഖനം അധ്യായം 11. അതിൽ ദൈവത്തെ പ്രസാദിപ്പിച്ച ആദ്യത്തെ വ്യക്തിയാണ് ഹാബേൽ 

ഈ വിഷയത്തിൻ്റെ  ആമുഖമായി  ദൈവത്തെ പ്രസാദിപ്പിക്കുന്ന വിശ്വാസം എന്നാൽ  എന്താണ് എന്നതിനെപ്പറ്റി ഒരു വിശദീകരണം ലേഖന കര്‍ത്താവ്‌ നമുക്ക് തരുന്നു.

എബ്രാ. 11: 1 വിശ്വാസം എന്നത് നാം *പ്രത്യാശിക്കുന്നതിനെക്കുറിച്ചുള്ള ഉറപ്പും,* അദൃശ്യ കാര്യങ്ങളെക്കുറിച്ചുള്ള നിശ്ചയവുമാണ്. *വിശ്വാസം മൂലമാണ്* പൂർവികർക്ക് ദൈവത്തിൻ്റെ അംഗീകാരം ലഭിച്ചത്. 

ബൈബിളിലെ ഏതൊരു വാക്യവും അതിൻ്റെ പശ്ചാത്തലത്തിൽ ആണ് മനസ്സിലാക്കേണ്ടത്. അത് ചെയ്തില്ല എങ്കിൽ നാം പല തരത്തിലുമുള്ള ദുർവ്യാഖ്യാനങ്ങളിൽ ചെന്ന് പെടും. ഈ വാക്യത്തെയും  അതിൻ്റെ പശ്ചാത്തലത്തിൽ നിന്നും വ്യത്യസ്തമായി , നാം ആശിക്കുന്നത് എല്ലാം ( വീടോ, കാറോ, സമ്പത്തോ )  ദൈവം തരുമെന്ന് ഉറപ്പിക്കണം എന്നും അതാണ് വിശ്വാസം  എന്നും  പഠിപ്പിക്കുന്നവർ ഉണ്ട്. 

എന്നാൽ ഇവിടെ നമുക്കുണ്ടാകുന്ന 'ആശയെ' കുറിച്ചല്ല. പൂർവ്വ പിതാക്കന്മാർക്കുണ്ടായിരുന്ന "പ്രത്യാശയെ' ( Hope )  പറ്റിയാണ് ലേഖകൻ പറയുന്നത്.

അതിനാൽ  നാം പൂർവ്വപിതാക്കന്മാർക്കുണ്ടായിരുന്ന 'പ്രത്യാശ' എന്തായിരുന്നു എന്ന് വ്യക്തമായി മനസ്സിലാക്കണം കാരണം അതിലുള്ള ഉറപ്പും. അദൃശ്യമായിരുന്നു എങ്കിലും അതിലുള്ള നിശ്ചയവുമാണ് ഇവിടെ "വിശ്വാസം" എന്ന് ഹെബ്രായ ലേഖനകർത്താവ് വിശദീകരിക്കുന്നത്.

മാത്രമല്ല ഈ  *വിശ്വാസം മൂലമാണ് ഹാബേൽ  മുതലുള്ള പൂർവ്വപിതാക്കന്മാർക്കു ദൈവത്തിൻ്റെ അംഗീകാരം ലഭിച്ചത് എന്നും ലേഖകൻ വ്യക്തമാക്കുന്നു.*

ആ പ്രത്യാശയെപ്പറ്റി പൗലോസ് ഇപ്രകാരമാണ് പറയുന്നത്

അപ്പോ. പ്രവൃത്തികള്‍ 26:6,7  ഞങ്ങളുടെ പിതാക്കന്മാരോടു ദൈവം ചെയ്ത *വാഗ്ദാനത്തിലുള്ള പ്രത്യാശ* ഹേതുവായിട്ടത്രേ ഇന്നു ഞാൻ‍ ഇവിടെ വിസ്തരിക്കപ്പെടുന്നത്. ആ വാഗ്ദാനം പ്രാപിക്കുന്നതിനുവേണ്ടി ഞങ്ങളുടെ പന്ത്രണ്ടു ഗോത്രങ്ങളും രാവും പകലും ആരാധനാ നിരതരായി പ്രത്യാശിക്കുന്നു. *പ്രത്യാശയുടെ പേരിലാണ്*, മഹാരാജാവേ, എന്നിൽ കുറ്റമാരോപിക്കുന്നത്.

അപ്പോൾ പൂർവ്വപിതാക്കന്മാർക്കുണ്ടായിരുന്ന 'പ്രത്യാശ' ദൈവം അവർക്കു കൊടുത്ത ഒരു പ്രത്യേക  *വാഗ്ദാനത്തിലുള്ളതായിരുന്നു* എന്ന് ഇവിടെ വ്യക്തമാകുന്നു.

*എന്തായിരുന്നു ദൈവം പൂർവ്വപിതാക്കന്മാർക്കു കൊടുത്തതും അവർ പ്രത്യാശിച്ചിരുന്നതുമായ വാഗ്ദാനം ?*

ആദം പാപം ചെയ്തപ്പോൾ ദൈവം ഉല്പത്തിയിൽ തന്നെ മനുഷ്യ വർഗ്ഗത്തിനു കൊടുത്തതും , ഇസ്രായേൽ പിതാക്കന്മാരായ അബ്രഹാമിനും, ഇസഹാക്കിനും, യാക്കോബിനും ഉറപ്പിച്ചു നൽകിയതും ആയ *വാഗ്ദാനം*  പിശാചിൻ്റെ തലയെ തകർത്തു, മനുഷ്യനെ പാപത്തിൽ നിന്നും സ്വതന്ത്രൻ ആക്കുന്ന *'സന്തതിയെ'* കുറിച്ചുള്ളതായിരുന്നു. ആ സന്തതിയിൽ കൂടി സ്ഥാപിക്കുന്ന പുതിയ ഉടമ്പടിയെ കുറിച്ചുള്ളതായിരുന്നു.

കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ വാഗ്ദത്ത സന്തതിയുടെ രക്തത്താൽ സ്ഥാപിക്കപ്പെടുന്ന  ഉടമ്പടിയിൽ കൂടി മനുഷ്യവർഗ്ഗത്തിനു  വിശ്വാസത്താൽ  ലഭിക്കുന്ന പരിശുദ്ധാത്മാവിനെ  ആയിരുന്നു അവർ പ്രത്യാശയോടെ കാത്തിരുന്നത്.

ഗലാത്യർ 3:14 അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നേ.

ആദമിന് കൊടുത്ത  ഈ വാഗ്ദത്തം ഹെബ്രായ പൂർവ്വ പിതാക്കന്മാരായ അബ്രഹാമിനോടും, ഇസഹാക്കിനോടും യാക്കോബിനോടും  ദൈവം ആവർത്തിക്കുന്നു. ( ഉല്പ. 3:15, ഉല്പ22: 18, ഉല്പ26 :5 , ഉല്പ. 28: 14 ഗലാ. 3:16) 

ആ വാഗ്ദാനം പ്രാപിക്കുന്നതിനു വേണ്ടി പന്ത്രണ്ടു ഗോത്രങ്ങളും രാവും പകലും ആരാധനാ നിരതരായി *പ്രത്യാശിക്കുന്നു* എന്ന് പൗലോസ് പറയുന്നു.പൂർവ്വപിതാക്കന്മാരുടെ *പ്രത്യാശയിലുള്ള  നിശ്ചയമാണ്* ലേഖകൻ    *"വിശ്വാസം"* എന്ന് നിർവചിക്കുന്നത്.

 ഇത് പറഞ്ഞതിന് ശേഷം *വിശ്വാസത്താൽ* ദൈവത്തെ പ്രസാദിപ്പിച്ച ആദ്യ വ്യക്തിയായ, പൂർവ്വപിതാവായ ഹാബേലിൻ്റെ  യാഗത്തെ ഹെബ്രായ ലേഖകൻ വിശദീകരിക്കുന്നു.

 എബ്രാ. 11: 4 വിശ്വാസത്താൽ ഹാബേൽ ദൈവത്തിനു അർപ്പിച്ച യാഗം കയീൻ്റെ യാഗത്തെക്കാൾ ശ്രേഷ്ഠമായിരുന്നു. ദൈവം ഹാബേലിൻ്റെ വഴിപാടുകൾ സ്വീകരിച്ചു. അങ്ങനെ വിശ്വാസത്തിലൂടെ നീതിമാൻ‍ എന്ന അംഗീകാരം അയാൾ ദൈവത്തിൽനിന്നു നേടി. മരിച്ചശേഷവും അവൻ വിശ്വാസത്താൽ സംസാരിച്ചുകൊണ്ടിരിക്കുന്നു.

 ദൈവം എന്ത് കൊണ്ടാണ് ഹാബേലിൻ്റെ യാഗം സ്വീകരിക്കുകയും കായേനിൻ്റെതു തള്ളിക്കളയുകയും ചെയ്തത് എന്നതിനുള്ള  വ്യക്തമായ  ഉത്തരം ഹെബ്രായ ലേഖനകർത്താവ് ഇവിടെ തരുന്നു.

ഹാബേൽ കഴിച്ച യാഗം വിശ്വാസത്താൽ ഉള്ളതായിരുന്നു എന്നതായിരുന്നു അതിനു  കാരണം. ആ വിശ്വാസം എന്നത് പൂർവ്വ പിതാക്കന്മാരുടെ പ്രത്യാശയായ ക്രിസ്തുവിൻ്റെ പരമയാഗത്തിലുള്ള ഉറപ്പും, അതിനെ കാണാതെ തന്നെ വിശ്വസിക്കുന്നതും ആണ് എന്ന് മുൻപുള്ള വാക്യങ്ങളിൽ നിന്നും ലേഖകൻ തന്നെ വ്യക്തമാക്കുന്നു.

അതായത് ദൈവം വാഗ്ദാനം ചെയ്ത, ക്രിസ്തുവിൻ്റെ രക്തത്താൽ സ്ഥാപിക്കപ്പെടുന്ന പുതിയ ഉടമ്പടിയുടെ വാഗ്ദത്തത്തിലുള്ള വിശ്വാസത്താൽ ആണ് ഹാബേൽ യാഗം കഴിച്ചത്.

ആ വാഗ്ദത്തം ദൈവം ആദമിന് കൊടുത്തതും, പിൻതലമുറകളിലേക്കു കൈമാറ്റം ചെയ്തതും ഹാബേൽ മുതലുള്ള പൂർവ്വപിതാക്കന്മാർ പ്രത്യാശയോടെ കാത്തിരുന്നതുമാണ്.  അതിനാൽ തന്നെയാണ് ലോകസ്ഥാപനത്തിനു മുൻപേ മുന്നറിയപ്പെട്ട തൻ്റെ  രക്തത്താൽ പുതിയ ഉടമ്പടി സ്ഥാപിച്ച,  നിർദോഷവും നിഷ്കളങ്കവുമായ  കുഞ്ഞാടിൻ്റെ  പരമയാഗത്തിന്റെ  നിഴൽ ആയ  രക്തം ചൊരിഞ്ഞുള്ള യാഗം ഹാബേൽ അർപ്പിച്ചത്.

ആ വിശ്വാസത്താലുള്ള യാഗത്തിൽ ദൈവം പ്രസാദിച്ചു. കാരണം വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല എന്ന് ഹെബ്രായ ലേഖകൻ തുടർന്ന് വ്യക്തമാക്കുന്നു. എബ്രാ. 11 : 6 

അങ്ങനെ വിശ്വാസത്താൽ നീതീകരിക്കപ്പെട്ട ആദ്യത്തെ വ്യക്തിയായി ഹാബേൽ മാറി. ഹാബേൽ മരിച്ചെങ്കിലും, തൻ്റെ വിശ്വാസം മുഖേന, താൻ അർപ്പിച്ച രക്തത്തിലൂടെ  ഇപ്പോഴും നമ്മോടു ഗുണകരമായി സംസാരിക്കുന്നു.അത് നീതിമാൻ വിശ്വാസത്താൽ ജീവിക്കും എന്നുള്ളതാണ്.  എബ്രാ. 12: 24 

മാത്രമല്ല ദൈവത്തിലുള്ള വിശ്വാസത്താൽ ഹാബേൽ തനിക്കുള്ളതിൽ ഏറ്റവും ഉത്തമമായതാണ്  ദൈവത്തിനു കൊടുത്ത്. അതിനാൽ ദൈവം ആദ്യം ഹാബെലിലും , തൻ്റെ യാഗവസ്തുവിലും പ്രസാദിച്ചു.  അങ്ങനെ  വിശാസം മൂലം ഹാബേൽ നീതീകരിക്കപ്പെട്ടു എന്ന് ദൈവവചനം ഉറപ്പിക്കുന്നു. പഴയ നിയമ വിശ്വാസികൾ എല്ലാം ഇങ്ങനെ തന്നെയാണ് നീതീകരിക്കപ്പെട്ടതു എന്ന് ദൈവവചനം വ്യക്തമാക്കുന്നു.

 അതിൽ നിന്നുതന്നെ കായേൻ്റെ  യാഗത്തിൽ ദൈവം പ്രസാദിക്കാതെ ഇരുന്നതിൻ്റെ യും കാരണം വ്യക്തമാണ്. കായേൻ്റെ യാഗം വിശ്വാസത്താൽ  ഉള്ളതായിരുന്നില്ല.അത് കായേൻ്റെ  യാഗവസ്തുവിലും പ്രതിഫലിച്ചു. വിശ്വാസം കൂടാതെയുള്ള ഒരു പ്രവർത്തിയിലും ദൈവം പ്രസാദിക്കുന്നില്ല. കാരണം വിശ്വാസത്തിൽ നിന്നും ഉളവാകാത്തതു എല്ലാം പാപം ആകുന്നു എന്ന് ദൈവവചനം പഠിപ്പിക്കുന്നു ( റോമർ 14:23) . വിശ്വാസത്തിൽ നിന്നും ഉളവാകാത്ത പ്രവർത്തിയും, പ്രവർത്തി ഉളവാക്കാത്ത വിശ്വാസവും വ്യർത്ഥം തന്നെ. (  എബ്രാ. 11 : 6 , യാക്കോബ് 2 :26 )