നാം ക്രിസ്തുവിനോട് കൂടെ മരിച്ചു , അടക്കപ്പെട്ടു, ഉയിർത്തെഴുനേറ്റത് എപ്പോൾ ?
നാം ക്രിസ്തുവിനോട് കൂടെ മരിച്ചു , അടക്കപ്പെട്ടു, ഉയിർത്തെഴുനേറ്റത് എപ്പോൾ ?
ജിനു നൈനാൻ
പല തെറ്റായ ദൈവശാസ്ത്ര സിദ്ധാന്തങ്ങളും, കല്ലിന് മുകളിൽ കല്ല് അടുക്കി വച്ചതു പോലെയാണ് പണിയപ്പെടുന്നത്.അതായതു ഏതെങ്കിലും ഒരു കല്ല്, അഥവാ ആശയം തെറ്റിയാൽ മുഴുവൻ സിദ്ധാന്തവും നിലം പോത്തും. വേറൊരു രീതിയിൽ പറഞ്ഞാൽ ഒരു തെറ്റായ ആശയത്തെ അടുത്ത തെറ്റായ ആശയമാണ് താങ്ങി നിർത്തുന്നത്.
അതിനാൽ തന്നെ അത്തരം ആശയങ്ങൾക്ക് കടകവിരുദ്ധമായ സുവ്യക്തമായ ദൈവവചനങ്ങൾ ഉണ്ട് എങ്കിലും ഇത്തരം 'സിദ്ധാന്തക്കാർ അതിനെ കണ്ടില്ല എന്ന് നടിക്കുകയോ, അവഗണിക്കുകയോ, തങ്ങളുടെ സിദ്ധാന്തങ്ങൾ സ്ഥാപിക്കുവാൻ വേണ്ടി ദുർവ്യാഖ്യാനം ചെയ്യുകയോ ചെയ്യുന്നു.
യേശുക്രിസ്തു മരിച്ചത് തിരഞ്ഞെടുക്കപ്പെട്ട ചിലർക്ക് വേണ്ടി മാത്രമാണ് എന്നതും അത്തരത്തിൽ ഉള്ള ഒരു ആശയമാണ്. കാരണം ദൈവം ലോകസ്ഥാപനത്തിനു മുൻപേ തിരഞ്ഞെടുക്കപ്പെട്ടവരെ ക്രിസ്തുവിൽ ആക്കി വച്ചിരിക്കുന്നു, ക്രിസ്തു ഭൂമിയിൽ വന്നപ്പോൾ ഈ തിരഞ്ഞെടുക്കപ്പെട്ടവർ അവനിൽ ഉണ്ടായിരുന്നു, ആ തിരഞ്ഞെടുക്കപ്പെട്ടവർ ക്രിസ്തുവിനോട് കൂടെ രണ്ടായിരം വര്ഷങ്ങള്ക്കു മുൻപ് മരിച്ചു,ഉയിർത്തെഴുന്നേറ്റു എന്നുള്ള ഉപദേശത്തെ താങ്ങി നിർത്താൻ ആണ് ക്രിസ്തു മരിച്ചത് ആ തിരഞ്ഞെടുക്കപ്പെട്ട ചിലർക്ക് വേണ്ടി മാത്രമാണ് എന്ന ഉപദേശം പഠിപ്പിക്കുന്നത്.
യേശുക്രിസ്തു എല്ലാവര്ക്കും വേണ്ടി മരിച്ചു എന്ന ദൈവവചനത്തിലെ സുവ്യക്തമായ ഉപദേശം വിശ്വസിച്ചാൽ ക്രിസ്തുവിൽ ഉണ്ടായിരുന്ന തിരഞ്ഞെടുക്കപ്പെട്ടവർ ക്രിസ്തുവിനോട് കൂടെ രണ്ടായിരം വര്ഷങ്ങള്ക്കു മുൻപ് മരിച്ചു, എന്ന സിദ്ധാന്തം മൊത്തത്തിൽ നിലം പോത്തും എന്നത് തന്നെ കാരണം.
എന്നാൽ ദൈവവചനത്തിൽ ഒരു വാക്യം പോലും ഇല്ലാത്ത ഒരു ആശയം ആണ് ക്രിസ്തു മരിച്ചത് തിരഞ്ഞെടുക്കപ്പെട്ട ചിലർക്ക് വേണ്ടി മാത്രമാണ് എന്നത്. മാത്രമല്ല, ദൈവവചനം സുവ്യക്തമായി 15 ൽ അധികം സുവ്യക്തമായ വാക്യങ്ങളിലൂടെ ഈ ഉപദേശത്തെ എതിർക്കുകയും ചെയ്യുന്നു. ഈ വിഷയം കൂടുതലായി മനസ്സിലാക്കുവാൻ ഈ ലിങ്കിൽ ഉള്ള ലേഖനം വായിക്കുക.
ഇത്തരം സിദ്ധാന്തങ്ങൾ പ്രകാരം ഒരുവൻ വീണ്ടും ജനിക്കുവാൻ , പുതിയ സൃഷ്ടി ആകുവാൻ , പാപങ്ങൾ നീക്കപ്പെടുവാൻ മാനസാന്തരപ്പെട്ട് ക്രിസ്തുവിൽ വിശ്വസിക്കേണ്ട ആവശ്യം പോലും ഇല്ല. പകരം രണ്ടായിരം വര്ഷം മുൻപ് ക്രിസ്തു ക്രൂശിൽ മരിച്ചപ്പോൾ ഇതൊക്കെ സംഭവിച്ചു എന്ന് തിരിച്ചറിഞ്ഞാൽ മാത്രം മതി.
വിഷയത്തിലേക്കു വരട്ടെ, ക്രിസ്തു ഭൂമിയിൽ വന്നപ്പോൾ ഈ തിരഞ്ഞെടുക്കപ്പെട്ടവർ അവനിൽ ഉണ്ടായിരുന്നു, ആ തിരഞ്ഞെ ടുക്കപ്പെട്ടവർ ക്രിസ്തുവിനോട് കൂടെ രണ്ടായിരം വര്ഷങ്ങള്ക്കു മുൻപ് മരിച്ചു എന്ന് ദൈവവചനം പഠിപ്പിക്കുന്നുണ്ടോ എന്ന് നമുക്ക് നോക്കാം.
യഥാർത്ഥത്തിൽ അങ്ങനെയും ബൈബിൾ പഠിപ്പിക്കുന്നില്ല എന്നതാണ് സത്യം. എന്നാൽ വിശ്വാസികളോട് പൗലോസ് പറയുമ്പോൾ 'നാം' അവനോടു കൂടെ ക്രൂശിക്കപ്പെട്ടു, അടക്കപ്പെട്ടു, ഉയിർത്തെഴുന്നേറ്റു എന്ന് പഠിപ്പിക്കുന്നു. (റോമർ 6: 3-5 )
ഇത് എങ്ങനെയാണു പൊരുത്തപ്പെടുക, നാം എപ്പോഴാണ് ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെട്ടു, അടക്കപ്പെട്ടു, ഉയിർത്തെഴു ന്നേറ്റത്? ഇത് നാം മനസ്സിലാക്കണം എങ്കിൽ ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിൻ്റെ പ്രത്യേകത നാം വ്യക്തമായി മനസ്സിലാക്കേണം.
നിത്യകൂടാരത്തിലെ നിത്യപുത്രൻ്റെ നിത്യാത്മാവിലെ നിത്യയാഗം
യേശുക്രിസ്തുവിൻ്റെ ക്രൂശീകരണം ചരിത്രപരവും ഭൗമികവുമായ ഒരു സംഭവം മാത്രമായിരുന്നില്ല , രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് പഴയ ജറുസലേമിൻ്റെ പടിവാതിലിനു വെളിയിൽ ക്രിസ്തു ക്രൂശിൽ മരിക്കുമ്പോൾ . ദൈവത്തിൻ്റെ നിത്യ, സ്വർഗ്ഗീയ കൂടാരത്തിൽ ഒരു വിശുദ്ധ യാഗമായി കർത്താവ് തന്നെത്താൻ നിത്യമായി അർപ്പിക്കുകയായിരുന്നു.
അതിനാൽ, ക്രൂശിലെ ക്രിസ്തുവിൻ്റെ മരണം എല്ലാ ഭൗതിക സമയത്തെയും സ്ഥലത്തെയും കാലത്തെയും മറികടക്കുന്നതാണ് , കൂടാതെ അത് ആത്മീയശക്തിയുള്ള ഒരു സ്വർഗ്ഗീയ പ്രവർത്തനമാണ്, അത് നിത്യതയിലുടനീളം തുടർച്ചയായി പ്രതിബിംബിക്കുന്നു. എബ്രായർ ഒൻപതാം അധ്യായം (പ്രത്യേകിച്ച് 11, 12, 14, 24 വാക്യങ്ങൾ) ക്രിസ്തുവിൻ്റെ മരണത്തിൻ്റെ ഈ സ്വർഗ്ഗീയവും ശാശ്വതവുമായ വശം വ്യക്തമായി വെളിപ്പെടുത്തുന്നു. അതിലെ ചില വാക്യങ്ങൾ വിശദീകരിക്കുന്നു.
വാക്യം 24 ക്രിസ്തു വാസ്തവമായതിൻ്റെ പ്രതിബിംബമായി മനുഷ്യനിർമ്മിതമായ ഒരു വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാകുവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചത്.
ക്രൂശിൽ കർത്താവ് മരിക്കുമ്പോൾ നിഴലായ പഴയ നിയമ യാഗങ്ങളുടെ പൂർത്തീകരണമായി, തന്നെത്താൻ നിഷ്ക്കളങ്ക യാഗമായി അർപ്പിച്ചു. യാഥാർത്ഥത്തിലുള്ളതിൻ്റെ പ്രതിബിംബമായ മനുഷ്യനിർമ്മിതമായ ഭൗതിക വിശുദ്ധ മന്ദിരത്തിലേക്കല്ല, പകരം യാഥാർഥ്യമായ വിശുദ്ധ മന്ദിരത്തിലേക്ക്,ദൈവസന്നിധിയിലേക്കു, സ്വർഗത്തിലേക്ക്,തൻ്റെ വിശുദ്ധ രക്തവുമായി താൻ പ്രവേശിച്ചു എന്ന് ഈ വാക്യങ്ങൾ വ്യക്തമാക്കുന്നു.
വാക്യം 25 26 മഹാപുരോഹിതൻ ആണ്ടുതോറും തൻ്റെതല്ലാത്ത രക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെ, ക്രിസ്തു തന്നെത്താൻ വീണ്ടും വീണ്ടും അർപ്പിക്കേണ്ടിയ ആവശ്യമില്ല. അങ്ങനെയായാൽ ലോകസ്ഥാപനം മുതൽ അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ കാലസമ്പൂർണതയിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ മാത്രം പ്രത്യക്ഷനായി.
ഇവിടെ ലേഖകൻ പഴയ ഉടമ്പടിയിലെ യാഗങ്ങളുടെ ന്യൂനതയും, ക്രിസ്തുവിൻ്റെ സമ്പൂർണ്ണ യാഗത്തിൻ്റെ പൂർണ്ണതയും വീണ്ടും വിശദീകരിക്കുന്നു. ക്രിസ്തുവിൻ്റെ രക്തം സ്വർഗീയമായ വിശുദ്ധ മന്ദിരത്തിൽ അർപ്പിക്കപ്പെട്ടതിനാൽ തൻ്റെ യാഗം സമയ, സ്ഥല,കാല പരിമിതികൾക്കു അതീതമായ നിത്യയാഗമാണ്.
പഴയ നിയമ പുരോഹിതനെപ്പോലെ ആണ്ടുതോറും ക്രിസ്തു യാഗമായി അർപ്പിക്കേണ്ടതില്ല , പകരം ലോകസ്ഥാപനം മുതൽ ലോകാവസാനം വരെയുള്ള എല്ലാവരുടെയും എല്ലാക്കാലത്തേയും പാപങ്ങൾക്ക് പരിഹാരം വരുത്തുവാൻ ആണ് ക്രിസ്തു കാലസമ്പൂർണതയിൽ തൻ്റെ ശരീരം ഒരിക്കലായും എന്നെന്നേക്കുമായുമുള്ള യാഗമായി ക്രൂശിൽ അർപ്പിക്കുകയും,തൻ്റെ വിശുദ്ധ രക്തം സ്വർഗീയമായ വിശുദ്ധ മന്ദിരത്തിൽ ചൊരിയുകയും ചെയ്തത്.
ക്രിസ്തുവിൻ്റെ മരണം ഗോൽഗോഥായിൽ നടന്ന ഒരു രക്തസാക്ഷി മരണമല്ല, തൻ്റെ രക്തം താൻ ചൊരിഞ്ഞത് സ്വർഗ്ഗത്തിലെ അതിവിശുദ്ധ സ്ഥലത്താണ്, അതിനാൽ ആ രക്തത്തിൻ്റെ ശക്തി കാലങ്ങളെയും, സമയങ്ങളെയും, ദേശങ്ങളെയും അതിജീവിക്കുന്നതാണ്. അതിനാൽ അതിൽ വിശ്വസിക്കുന്ന എല്ലാവർക്കും കാല , ദേശ, സമയ , വർഗ്ഗ , വർണ്ണ വ്യത്യാസം ഇല്ലാതെ പാപമോചനം ലഭ്യമാണ്. (വെളി. 7:9 )
ദൈവം നിത്യനാണ്, അവൻ്റെ പുത്രൻ നിത്യനാണ്, അവൻ്റെ ആത്മാവ് നിത്യമാണ്. അതിനാൽ നിത്യാത്മാവിനാൽ , തന്നെത്താൻ നമുക്ക് വേണ്ടി സ്വർഗീയ നിത്യ കൂടാരത്തിൽ അർപ്പിക്കപ്പെട്ട നിത്യ പുത്രൻ്റെ നിത്യയാഗം നിത്യകാലത്തേക്കു വിശ്വസിക്കുന്ന ഏവർക്കും പാപമോചനത്തിനായി ലഭ്യമാണ്.
നാം ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിൽ, പരമയാഗത്തിൽ പങ്കാളികൾ ആയതു എപ്പോൾ ?
നാം മുകളിൽ ചിന്തിച്ചത് പോലെ വിശ്വാസികൾ ക്രിസ്തുവിൻ്റെ ഈ നിത്യമായ മരണ, പുനരുദ്ധാനങ്ങളിൽ പങ്കാളികൾ ആണ് എന്ന് ദൈവവചനം വ്യക്തമായി പറയുന്നു. അതിൽ പങ്കാളികൾ ആകുമ്പോൾ ആണ് നാം രക്ഷിയ്ക്കപ്പെടുന്നത്
എഫെ. 2: 4 കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കുകയും ചെയ്തു — കൃപയാലത്രേ നിങ്ങൾ രക്ഷിയ്ക്കപ്പെട്ടിരിക്കുന്നത് —
റോമ. 6 :4 അങ്ങനെ നാം അവൻ്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ അടക്കപ്പെട്ടു; ക്രിസ്തു മരിച്ചിട്ട് പിതാവിൻ്റെ മഹിമയാൽ ഉയിർത്തെഴുന്നേറ്റതുപോലെ നാമും ജീവൻ്റെ പുതുക്കത്തിൽ നടക്കേണ്ടതിന് തന്നേ.
എന്നാൽ നാം എപ്പോഴാണ് കർത്താവിൻ്റെ നിത്യയാഗത്തിൽ പങ്കാളികൾ ആയിത്തീരുന്നത്? ദൈവവചനം സുവ്യക്തമായി അത് പറയുന്നു. നാം അവനിൽ വിശ്വസിക്കുമ്പോൾ നാം അവൻ്റെ ക്രൂശുമരണത്തിൽ പങ്കാളികൾ ആകുകയും, അവൻ്റെ നിത്യയാഗത്തി ലൂടെയുള്ള പാപമോചനം നമുക്ക് ലഭ്യമാകുകയും ചെയ്യുന്നു.
അതായത്, നാം വിശ്വസിക്കുമ്പോൾ , ദൈവം നമ്മുടെ ആത്മാവിനെ ക്രിസ്തുവിൻ്റെ നിത്യാത്മാവിലേക്ക് പങ്കാളികൾ ആക്കുകയും അതോടൊപ്പം തന്നെ തൻ്റെ പുത്രൻ്റെ മരണത്തിൻ്റെയും പുനരുത്ഥാനത്തിൻ്റെയും പങ്കാളികൾ ആക്കുകയും ചെയ്തു എന്ന് ദൈവവചനം പഠിപ്പിക്കുന്നു. ഇതിനെയാണ് ക്രിസ്തുവിലേക്കുള്ള സ്നാനം ( Baptism into Christ ) എന്ന് ദൈവവചനം പറയുന്നത് (റോമർ 6: 3-5 , കൊലൊസ്സ്യർ 2:12 ).
ആ സ്നാനമാണ് റോമർ 6:3, ഗലാത്യർ 3 :26 വാക്യങ്ങളിലൂം പൗലോസ് പറയുന്നത്. ശ്രദ്ധിക്കുക, ഇവിടെ സ്നാനപ്പെടുന്നത്, അഥവാ നിമജ്ജനം ചെയ്യപ്പെടുന്നത് ജലത്തിലേക്കു അല്ല, മറിച്ചു ക്രിസ്തുവിലേക്കാണ്.അഥവാ ഒരുവൻ ക്രിസ്തുവിൽ ആകുന്നതിനെപ്പറ്റിയാണ് പൗലോസ് ഈ വാക്യങ്ങളിൽ വിശദീകരിക്കുന്നത്.
അങ്ങനെ, ക്രിസ്തുവിൻ്റെ ക്രൂശിൻ്റെ അമാനുഷികവും ദൈവികവും ശാശ്വതവുമായ പ്രവർത്തനത്തിലൂടെ ദൈവം വിശ്വസിക്കുന്നവരുടെ പാപ സ്വഭാവം നീക്കം ചെയ്യുകയും പകരം തൻ്റെ പുത്രൻ്റെ ആത്മാവിനെ പകരം നൽകുകയും ചെയ്തു. ഇതാണ് നമ്മുടെ പുതിയ ജനനത്തിൻ്റെ അത്ഭുതം. തീർച്ചയായും, ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്താൽ മാത്രമേ നമുക്ക് തൻ്റെ മരണ പുനരുദ്ധാനത്തിൽ പങ്കളിയായി , വീണ്ടും ജനിക്കുവാൻ കഴിയുകയുള്ളൂ.
മാനസാന്തരം, വിശ്വാസം എന്നിവ ക്രിസ്തുവിൻ്റെ മരണ പുനരുദ്ധാനത്തിൽ, നിത്യയാഗത്തിൽ പങ്കാളികൾ ആകുവാനുള്ള മുന്നുപാധി.
നാം കണ്ടത് പോലെ സ്വർഗ്ഗത്തിലെ നിത്യകൂടാരത്തിൽ കർത്താവ് നിത്യാത്മാവിനാൽ തന്നെത്താൻ അർപ്പിച്ചതിനാൽ ആ മരണം എല്ലാക്കാലത്തിലെയും എല്ലാവർക്കും ലഭ്യമാണ്. എന്നാൽ മനസാന്തരവും വിശ്വാസവും കൂടാതെ ആർക്കും ആ മരണത്തിൽ പങ്കാളികൾ ആകുവാൻ കഴിയില്ല.
അതിനാലാണ് സുവിശേഷം പ്രസംഗിക്കപ്പെടുന്നത് . അതിൽ കൂടി ശത്രുക്കളായ മനുഷ്യനോട് ദൈവത്തോട് നിരന്നു കൊള്ളൂവാൻ ദൈവം ആവശ്യപ്പെടുന്നു, ക്രിസ്‌തുവിൻ്റെ സ്ഥാനാപതികൾ ആയി നിൽക്കുന്ന സുവിശേഷകർ ആ നിരപ്പിൻ്റെ വചനം ലോകത്തോട് പ്രസംഗിക്കുന്നു.
കൊരിന്ത്യർ 5: 20 ആകയാല്‍ ഞങ്ങള്‍ ക്രിസ്തുവിനുവേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊള്‍വിന്‍ എന്ന് ക്രിസ്തുവിനു പകരം അപേക്ഷിക്കുന്നു; അത് ദൈവം ഞങ്ങള്‍ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു
ക്രിസ്തുവിൻ്റെ മരണത്തിൽ പങ്കാളികളായി ദൈവത്തോട് നിരക്കുവാൻ ഉള്ള ഏക വ്യവസ്ഥയും, ഉപാധിയും മാനസാന്തരവും വിശ്വാസവും മാത്രമാണ് . അതായത് ദൈവത്തോട് ശത്രുതയിൽ, ശിക്ഷാവിധിയിൽ, പിശാചിൻ്റെ അധികാരത്തിൽ, ഇരുട്ടിൻ്റെ അധികാരത്തിൽ ആയിരിക്കുന്ന മനുഷ്യൻ സുവിശേഷം എന്ന നിരപ്പിൻ്റെ സന്ദേശം കേൾക്കുകയും, മനസാന്തരപ്പെടുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ അവൻ്റെ പാപങ്ങള്‍ നീക്കപ്പെടുന്നു. അവൻ ആദത്തിൽ നിന്നും ക്രിസ്തുവിലേക്കു മാറ്റപ്പെടുന്നു.
അപ്പോസ്തോല പ്രവർത്തികൾ 3 : 19 ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ.
( ശ്രദ്ധിക്കുക നിങ്ങൾ രണ്ടായിരം വര്ഷം മുൻപ് ക്രിസ്തുവിൽ ആയതിനാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞു കിട്ടിയത് ഇപ്പോൾ വിശ്വസിക്കുക എന്നല്ല, പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു ഇപ്പോൾ മനസാന്തരപ്പെടുവിൻ എന്നാണ് സന്ദേശം )
അങ്ങനെ ഒരുവൻ ദൈവത്തിൻ്റെ നിരപ്പിൻ്റെ സന്ദേശം ആയ സുവിശേഷം കേട്ട് മനസാന്തരപെട്ട് ദൈവത്തിങ്കലേക്കു തിരിയുമ്പോള്‍ , ക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ മാത്രമാണ് അവൻ ക്രിസ്തുവിൽ ആകുന്നത്.
അപ്പോസ്തോല പ്രവര്‍ത്തികള്‍: 26:18 അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു, അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളില്‍നിന്നു വെളിച്ചത്തിലേക്കും സാത്താൻ്റെ അധികാരത്തില്‍ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാന്‍ ഇപ്പോള്‍ നിന്നെ അവരുടെ അടുക്കല്‍ അയക്കുന്നു എന്നു കല്പിച്ചു.
അങ്ങനെ ഒരുവൻ വിശ്വസിക്കുമ്പോൾ ആദത്തിൽ നിന്നും ക്രിസ്തുവിലേക്കും, ശിക്ഷവിധിയിൽ നിന്നും നീതീകരണത്തിലേക്കും, അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്കും, പിശാചിൻ്റെ അധികാരത്തിൽ നിന്നും ക്രിസ്തുവിനോട് അധികാരത്തിലേക്കും, ലോകത്തിൽ നിന്നും ദൈവാരാജ്യത്തിലേക്കും മാറ്റപ്പെടുന്നു.ശത്രുവായ മനുഷ്യന്‍ ദൈവത്തോട് നിരപ്പിക്കപ്പെടുന്നു.
കൊലോസ്യർ 1: 3അവിടുന്ന് അന്ധകാരത്തിൻ്റെ അധികാരത്തിൽനിന്നു നിങ്ങളെ വീണ്ടെടുത്ത് തൻ്റെ പ്രിയ പുത്രൻ്റെ രാജ്യത്തിലേക്കു കൊണ്ടുവന്നു.
കൊലോസ്യർ 2:21 ശത്രുക്കളുമായിരുന്ന നിങ്ങളെ അവൻ്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തൻ്റെ ജഡശരീരത്തിൽ തൻ്റെ മരണത്താൽ നിരപ്പിച്ചു
യഥാർത്ഥത്തിൽ നാം മാനസാന്തരപ്പെട്ട് ക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ താഴെ പറയുന്ന അത്രയും കാര്യങ്ങൾ നമ്മിൽ സംഭവിക്കുന്നു.
നമ്മുടെ പഴയ മനുഷ്യൻ യേശുക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെടുന്നു. നാം പുതിയ സൃഷ്ടിയായി, പുതിയ മനുഷ്യനായി ഉയിർത്തെഴുനേൽക്കുന്നു, നമ്മുടെ പാപഹൃദയം പരിശ്ചേദന ചെയ്യപ്പെടുന്നു, പുതിയ ഹൃദയം നല്‍കപ്പെടുന്നു,അങ്ങനെ നാം പാപത്തിൻ്റെ അടിമത്വത്തിൽ നിന്നും എന്നെന്നേക്കുമായി സ്വാതന്ത്ര്യം പ്രാപിക്കുന്നു, നാം പഴയ മനുഷ്യനെ ഉരിഞ്ഞ് കളഞ്ഞു ,പുതിയ മനുഷ്യനെ ധരിക്കുന്നു,ക്രിസ്തുവിനെ ധരിക്കുന്നു, ക്രിസ്തു നമ്മില്‍ വന്നു സ്ഥിരമായി വാസം ചെയ്യുന്നു . (റോമർ 6:1 -9, കൊലോസ്യർ 2:1 -12,ഗലാത്യർ 3 :21 -26, യോഹന്നാന്‍ 14: 23).
ശ്രദ്ധിക്കുക, ഇത് ഒന്നും തന്നെ ക്രിസ്തു ക്രൂശിൽ മരിച്ചപ്പോൾ സംഭവിച്ചതല്ല.നാം വിശ്വസിക്കുമ്പോൾ സംഭവിക്കുന്നതാണ്.
ഇതിനെയാണ് ഒരുവൻ ക്രിസ്തുവിൽ ആകുക, അഥവാ പുതിയ സൃഷ്ടി ആകുക എന്ന് ദൈവവചനം പറയുന്നത്.
2 കൊരിന്ത്യർ 5 ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു; പഴയത് കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീര്‍ന്നിരിക്കുന്നു.
അതെ; ഒരുവൻ മാനസാന്തരപ്പെട്ട് ക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ, അവൻ ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെട്ടു, അടക്കപ്പെട്ടു ഉയിർത്തെഴുന്നേറ്റു പൂര്‍ണ്ണമായും പുതിയ സൃഷ്ടി ആയിത്തീരുന്നു .
ചുരുക്കത്തിൽ, രണ്ടായിരം വര്ഷങ്ങള്ക്കു മുൻപ് ക്രൂശിൽ ക്രിസ്തു തിരഞ്ഞെടുക്കപ്പെട്ട ചിലർക്ക് വേണ്ടി മാത്രമല്ല എല്ലാവര്ക്കും വേണ്ടി മരിച്ചു. (1 തിമോ. 2: 6).
എന്നാല്‍ ആ നിരപ്പിൻ്റെ സന്ദേശം, പുതിയ ഉടമ്പടിയുടെ സുവിശേഷം കേട്ട് മാനസാന്തരപ്പെട്ട്, വിശ്വസിക്കുമ്പോൾ മാത്രമേ ഒരുവൻ ദൈവവുമായി നിരപ്പിലാകുകയും ആ ഉടമ്പടിയിൽ പ്രവേശിക്കുകയും ഉള്ളൂ. അപ്പോള്‍ ആണ് ഒരുവന്‍ ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെട്ടു, അടക്കപ്പെട്ടു ഉയിർത്തെഴുന്നേറ്റു പുതിയ സൃഷ്ടി ആകുന്നതു.അപ്പോഴാണ് അവനു നിത്യജീവൻ ലഭിക്കുന്നത്.
യോഹന്നാൻ 5;24 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എൻ്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു
എഫെസ്യർ 1 :13 അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു, തൻ്റെ സ്വന്തജനത്തിൻ്റെ വീണ്ടെടുപ്പിന്നു വേണ്ടി തൻ്റെ മഹത്വത്തിൻ്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിൻ്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു
1 യോഹന്നാന്‍ 5:13 ദൈവപുത്രൻ്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ
അതിനാൽ വിശ്വാസം എന്നത് കേവലം ദൈവം ചെയ്ത കാര്യങ്ങളുടെ തിരിച്ചറിവ് മാത്രമല്ല, വിശ്വാസം ദൈവീക വാഗ്ദത്തങ്ങൾ സ്വീകരിക്കുവാൻ ഉള്ള ഉപാധിയും വ്യവസ്ഥയും തന്നെയാണ്.അതിനാൽ തന്നെ ഈ രണ്ടു വ്യവസ്ഥകളും അപ്പോസ്തോലന്മാർ തുടർച്ചയായി പ്രസംഗിച്ചു.
അപ്പോസ്തോല പ്രവര്‍ത്തികള്‍: 20: 21 ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
ഈ വ്യവസ്ഥ പാലിക്കാത്ത ഒരുവനും ക്രിസ്തുവിൽ ആകുന്നില്ല, ആകുകയില്ല അവൻ അപ്പോൾ ആയിരിക്കുന്ന ശിക്ഷാവിധിയിൽ തന്നെ തുടരുന്നു.
യോഹന്നാന്‍ 3:18 അവനില്‍ വിശ്വസിക്കുന്നവനു ന്യായവിധിയില്ല; വിശ്വസിക്കാത്തവനു ദൈവത്തിൻ്റെ ഏകജാതനായ പുത്രൻ്റെ നാമത്തില്‍ വിശ്വസിക്കായ്കയാല്‍ ന്യായവിധി വന്നുകഴിഞ്ഞു.
മർക്കൊസ്16: 18 വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.
റോമർ 8: 1 ഇപ്പോൾ ക്രിസ്തുയേശുവില്‍ ഉള്ളവര്‍ക്ക് ഒരു ശിക്ഷാവിധിയും ഇല്ല.
എന്നാൽ ഒരുവൻ വിശ്വസിക്കുമ്പോൾ അവൻ ക്രിസ്തുവിൻ്റെ മരണപുനരുദ്ധാനങ്ങളിൽ പങ്കാളിയായി നിത്യജീവൻ ലഭിക്കുന്നു.
ചുരുക്കത്തിൽ ദൈവം ലോകസ്ഥാപനത്തിനു മുൻപേ തിരഞ്ഞെടുക്കപ്പെട്ടവരെ ക്രിസ്തുവിൽ ആക്കി വച്ചിരിക്കുന്നു, ക്രിസ്തു ഭൂമിയിൽ വന്നപ്പോൾ ഈ തിരഞ്ഞെടുക്കപ്പെട്ടവർ അവനിൽ ഉണ്ടായിരുന്നു, ആ തിരഞ്ഞെടുക്കപ്പെട്ടവർ ക്രിസ്തുവിനോട് കൂടെ രണ്ടായിരം വര്ഷങ്ങള്ക്കു മുൻപ് മരിച്ചു, ഉയിർത്തെഴുന്നേറ്റു എന്നത് ദൈവവചന വിരുദ്ധമായ ഒരു സിദ്ധാന്തം ആണ്,
ആ സിദ്ധാന്തത്തെ താങ്ങി നിർത്തുവാനുള്ള മറ്റൊരു തെറ്റായ സിദ്ധാന്തം മാത്രമാണ് ആ തിരഞ്ഞെടുക്കപ്പെട്ട ചിലർക്ക് വേണ്ടി മാത്രമാണ് ക്രിസ്തു മരിച്ചത് എന്നുള്ള പരിമിത യാഗ സിദ്ധാന്തം.
ദൈവവചന സത്യങ്ങളെ നാം മാനുഷിക സിദ്ധാന്തങ്ങൾക്ക് അപ്പുറമായി വിശ്വസിക്കുമ്പോൾ, അതിൽ നിലനിൽക്കുമ്പോൾ നാം സത്യം അറിയുകയും ആ സത്യം നമ്മെ സ്വതന്ത്രർ ആക്കുകയും ചെയ്യും