Articles

കമ്മ്യൂണിസവും ക്രിസ്തീയ വിശ്വാസവും

Date Added : 02-05-2021
Download Format:

 

കമ്മ്യൂണിസവും ക്രിസ്തീയ വിശ്വാസവും

ഒരു താരതമ്യപഠനം

ജിനു നൈനാൻ

 

ഈ ലേഖനത്തിൽ കമ്മ്യൂണിസ്റ്റ് /  മാർക്സിസ്റ്റ് പ്രത്യയ ശാസ്ത്രവും , ക്രിസ്തീയ വിശ്വാസവും തമ്മിലുള്ള ഒരു താരതമ്യപഠനം ആണ് ചെയ്യുന്നത്. ഏതെങ്കിലും വിധത്തിൽ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഇകഴ്ത്തുകയോ, പുകഴ്ത്തുകയോ അല്ല ലേഖന ത്തിന്‍റെ ലക്‌ഷ്യം, താരതമ്യപഠനം മാത്രമാണ്.

കമ്മ്യൂണിസവും ക്രിസ്തീയ വിശ്വാസവും എന്ന വിഷയം ചിന്തിക്കുന്നതിനു മുൻപായി രാജ്യത്തിന്‍റെയോ സംസ്ഥാനത്തിന്‍റെയോ അധികാരത്തിലേക്ക് തിരഞ്ഞെടു ക്കപ്പെടുന്ന  ഭരണകര്‍ത്താക്കളോടുള്ള  ക്രിസ്തീയ മനോഭാവം എന്തായിരിക്കണം എന്നാണ് പുതിയനിയമം പഠിപ്പിക്കുന്നത് എന്ന് ചിന്തിക്കാം.

==========================================

ഭരണകർത്താക്കളോടുണ്ടാകേണ്ട  ക്രിസ്തീയ മനോഭാവം

========================================

റോമർ 13:1 - 5 എല്ലാവരും രാഷ്ട്രത്തിന്‍റെ ഭരണാധികാരികളെ അനുസരിക്കണം; ദൈവം അനുവദിക്കാതെ ഒരധികാരവും ഇല്ലല്ലോ. നിലവിലിരിക്കുന്ന ഭരണാധികാരികളെ ദൈവമാണ് നിയമിച്ചിരിക്കുന്നത്. അതുകൊണ്ട് അധികാരത്തെ എതിർക്കുന്നവൻ ദൈവത്തിന്‍റെ വ്യവസ്ഥയെയാണ് എതിർക്കുന്നത്; അങ്ങനെ ചെയ്യുന്നവൻ ശിക്ഷാവിധി വരുത്തിവയ്ക്കും

നന്മപ്രവർത്തിക്കുന്നവർക്കല്ല, ദുഷ്ടത പ്രവർത്തിക്കു ന്നവർക്കാണ് ഭരണാധികാരി ഭയങ്കരനായിരിക്കുന്നത്. ഭരണാധികാരിയുടെ മുമ്പിൽ നിർഭയനായിരിക്കുവാൻ നീ ഇച്ഛിക്കുന്നുവോ? എങ്കിൽ നന്മ ചെയ്യുക. അപ്പോൾ അധികാരി നിന്നെ പ്രശംസിക്കും. നിന്‍റെ നന്മയ്‍ക്കു വേണ്ടി പ്രവർത്തിക്കുന്ന ദൈവദാസനാണയാൾ. എന്നാൽ നീ തിന്മ ചെയ്താൽ അധികാരിയെ ഭയപ്പെടണം. എന്തെന്നാൽ ശിക്ഷിക്കുവാനുള്ള അയാളുടെ അധികാരം യഥാർഥമായിട്ടുള്ളതാണ്. തിന്മ പ്രവർത്തിക്കുന്നവർക്കുള്ള ശിക്ഷ നടപ്പാക്കുന്ന ദൈവഭൃത്യ നാണയാൾ. ശിക്ഷയെ ഭയന്നു മാത്രമല്ല, മനസ്സാ ക്ഷിയെക്കൂടി വിചാരിച്ച് അധികാരികളെ അനുസരി ക്കേണ്ടത് ആവശ്യമാണ്.

6തങ്ങളുടെ ഔദ്യോഗികധർമം നിറവേറ്റുമ്പോൾ അധികാരികൾ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണല്ലോ നിങ്ങൾ നികുതി കൊടുക്കുന്നത്. അവർക്കു കൊടുക്കുവാനു ള്ളതു നിങ്ങൾ അവർക്കു കൊടുക്കണം; നികുതിയും ചുങ്കവും കൊടുക്കേണ്ടവർക്ക് അവ കൊടുക്കുക. അവരെ എല്ലാവരെയും ബഹുമാനിക്കുകയും ആദരി ക്കുകയും വേണം.

ഈ വാക്യങ്ങളിൽ നിന്നും ഭരണകര്‍ത്താക്കളോടുള്ള  ഒരു ക്രിസ്തീയ വിശ്വാസിയുടെ മനോഭാവം എന്തായിരിക്കന്നം എന്ന് സംശയത്തിന് ഇടയില്ലാതെ വ്യക്തമാണ്. ഒരു രാജ്യത്തു തിരഞ്ഞെടുക്കപ്പെട്ടതോ, നിയമിതനായതോ ആയ ഭരണാധികാരികളെ  ദൈവമാണ് നിയമിച്ചിരിക്കുന്നത്.അവർ ആ അർത്ഥത്തിൽ  ദൈവദാസന്മാരാണ്.അവരെ എല്ലാവരെയും ബഹുമാനിക്കുകയും ആദരിക്കുകയും, അനുസരിക്കുകയും  വേണം.

ഭരണാധികാരികളെ അനുസരിക്കണം എന്ന് ,മാത്രമല്ല അവർക്കുവേണ്ടി പ്രാർത്ഥിക്കണം എന്നും ദൈവ വചനം നമ്മെ ഓർമ്മിപ്പിയ്ക്കുന്നു. 1. തിമൊഥെയൊസ് 2: 2

ഇവിടെ ഭരിക്കുന്നത് ഏതു രാഷ്ട്രീയ പാർട്ടിയാണ് എന്നതോ, എന്ത് പ്രത്യയശാസ്ത്രമാണ് അവരുടേതെന്നോ, അവർ ഏതു മതമോ, ആശയമോ ആണ് അവർ വിശ്വസിക്കുന്നത് ,പ്രചരിപ്പിക്കുന്നത് എന്നതോ വിഷയമല്ല.അവരെ അനുസരിക്കുകയും, ബഹുമാനിക്കുക യും,കീഴടങ്ങുകയും, അവർക്കു വേണ്ടി  പ്രാർത്ഥിക്കുകയും വേണം എന്ന് ദൈവവചനം ഓർമ്മിപ്പിക്കുന്നു.

പൗലോസ് റോമാസഭക്ക് ഇത് എഴുതുമ്പോൾ  ചരിത്ര ത്തിലെ ഏറ്റവും വലിയ ക്രിസ്തീയ പീഡകൻ ആയ നീറോ ചക്രവർത്തിയാണ് റോം ഭരിച്ചിരുന്നത് എന്ന് ഓർക്കുക.

==========================================

സജീവ രാഷ്ട്രീയവും,ക്രിസ്തീയ മാർഗ്ഗവും

==========================================

ഒരു ക്രിസ്തീയ വിശ്വാസിക്ക്, ഏതൊരു രാഷ്ട്രീയ പാർട്ടിയെ പിന്തുണക്കുവാനും  തന്‍റെ വോട്ടവകാശം ഏതൊരു പാർട്ടിക്കും വേണ്ടി ഉപയോഗിക്കാൻ സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ ദൈവവേലയും  സജീവ സംഘടന രാഷ്ട്രീയപ്രവർത്തനവും വിശ്വാസിക്ക് സാധ്യമാണോ എന്നുള്ളത്  ഒരു വ്യത്യസ്‍തമായ വിഷയം ആണ്.

 രാഷ്ട്രീയം അതിൽ തന്നെ തെറ്റായ ഒരു കാര്യമല്ല, അത് രാഷ്ട്രത്തെ സംബന്ധിക്കുന്ന കാര്യങ്ങളിലുള്ള  ഇടപെടൽ ആണ്.അത് ക്രിസ്തീയവിശ്വസിക്കു പാടില്ല എന്ന് തീർത്തു പറയുവാൻ കഴിയില്ല. എന്നാൽ ഇന്നുള്ള ഒട്ടു മിക്ക എല്ലാ  പാർട്ടി/സംഘടനകളുടെ  രാഷ്ട്രീയം പൂർണ്ണമായും മലീമസമാണ്. അതിൽ ഇടപെട്ടുകൊണ്ട് ക്രിസ്തീയ സാക്ഷ്യം സൂക്ഷിക്കുവാൻ ഒരു വിശ്വാസിക്ക് അസാധ്യം ആണ്. വെള്ള വസ്ത്രത്തിൽ അഴുക്കുപറ്റാതെ ചെളിക്കുണ്ടു വൃത്തിയാക്കാൻ ശ്രമിക്കുന്നതു പോലെയാകും അത്.

 മാത്രമല്ല, പലപ്പോഴും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വക്താക്കൾ ആയി വാദിക്കുന്ന ക്രിസ്തീയ വിശ്വാസി കൾക്ക് യഥാർത്ഥത്തിൽ അവർ പ്രതിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രമോ, ആശയമോ  എന്താണ് എന്ന് അറി യില്ല.അതിനാൽ തന്നെ അവർ ക്രിസ്തീയ വിശ്വാസികൾ ആണ് എന്നും കർത്താവിനെ പിന്തുടരുന്നവരാണ് എന്ന് അവകാശപ്പെടുകയും, ഇത്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചട്ടുകങ്ങൾ ആയി, ചാവേറുകൾ ആയി  പ്രവർത്തിക്കുകയും ചെയ്യുന്നു.

 പാർട്ടി രാഷ്ട്രീയവും,സുവിശേഷവും ഒരുപോലെ കൊണ്ടുപോകാൻ ശ്രമിക്കുന്ന വ്യക്തികൾ ഉണ്ട്. എന്നാൽ എല്ലാ തരത്തിലുള്ള  മൗലികതയും, ധാര്‍മികതയും നഷ്ടപ്പെടുത്തിക്കൊണ്ടാണ് ഇന്നുള്ള ഒട്ടു മിക്ക രാഷ്ട്രീ യ പാർട്ടികളും പ്രവർത്തിക്കുന്നത്.

അതിനാൽ ക്രൈസ്ത വമൂല്യങ്ങൾ നഷ്ടപ്പെടുത്താതെ ഇന്നുള്ള പാർട്ടി രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാൻ  അസാധ്യമാണ്. രാഷ്ട്രീയത്തിലെ ഇത്തരത്തിലുള്ള മലിനതകളിൽ  മുഴുകിയിട്ടു,ക്രിസ്തുവിന്‍റെ സുവിശേഷം പറയുന്നത് വൃത്തിയില്ലാത്ത, ദുർഗന്ധമുള്ള കൈ കൊണ്ട് ഭക്ഷണം വിളമ്പുന്നത് പോലെയിരിക്കും. ഭക്ഷണം നല്ലതായിരിക്കും എന്നാൽ ആളുകൾക്ക്  ദുർഗന്ധം മനസ്സിലാക്കുവാൻ കഴിയും.സഭാരാഷ്ട്രീയത്തിൽ മുഴുകിയിട്ടു, സുവിശേഷം പറയുന്നതും  ഇതിൽ നിന്നും ഒട്ടും വ്യത്യസ്തം അല്ല എന്ന് സാന്ദർഭികമായി ഓർമ്മിപ്പിക്കുന്നു.

ദുർഗന്ധത്തിന്‍റെ പ്രശ്നം , നമ്മിലേതു നമുക്ക് ഒരിക്കലൂം തിരിച്ചറിയാൻ കഴിയില്ല, എന്നാൽ മറ്റുള്ളവർക്ക് അറിയാൻ കഴിയും എന്നതാണ് . പാപത്തിലും, പാർട്ടി, സഭാ രാഷ്ട്രീയത്തിലും മുങ്ങുന്ന 'വിശ്വാസികൾക്ക്' തങ്ങളിൽ നിന്നും വരുന്ന ദുർഗന്ധം തിരിച്ചറിയാൻ പോലും പറ്റാത്തത് അത് കൊണ്ടാണ്.

==========================================

കമ്മ്യൂണിസം ഒരു ലഖു ചരിത്രം

==========================================

വിഷയത്തിലേക്കു മടങ്ങി വരട്ടെ ,  ഈ അടുത്ത കാല ത്തായി  ക്രിസ്തീയ മാർഗ്ഗവും കമ്മ്യൂണിസവും ഒരേ ലക്ഷ്യമാണ് മുന്നോട്ടു വക്കുന്നത് എന്നും , ആദിമ ദൈവസഭയുടെ  മാതൃകയാണ് കമ്മ്യൂണിസത്തിന്‍റെതു  എന്നും , എന്തിനധികം  ക്രിസ്തുവും അപ്പോസ്തോല ന്മാരും വരെ കമ്മ്യൂണിസ്റ്റുകാർ  ആയിരുന്നു എന്നും ചില ക്രിസ്തീയ പുരോഹിതന്മാർ വരെ  പറയുന്നത് കേൾക്കാൻ ഇടയായി. ഇത്തരത്തിൽ ഉള്ള ചില ലേഖനങ്ങളും വായിക്കാൻ ഇടയായി.

കമ്മ്യൂണിസത്തിന്‍റെയോ,ക്രിസ്തീയ വിശ്വാസത്തിന്‍റെ യോ അടിസ്ഥാന പ്രമാണങ്ങളെക്കുറിച്ചെങ്കിലും  ബോധ്യമുള്ളവർ ഇത് മുഖവിലയ്ക്ക് എടുക്കില്ല എങ്കിലും ചിലരെങ്കിലും ഇത്തരം പ്രചാരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെടാൻ ഇടയുണ്ട്. അതിനാൽ അത് തുറന്നു കാട്ടേണ്ടത് ഒരു ക്രിസ്തീയ വിശ്വാസിയുടെ കടമയുമാണ് .അതിനാൽ ആണ് ഈ ലേഖനത്തിൽ ക്രിസ്തീയ വിശ്വാസവും, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും  എന്നത് പഠന വിഷയം ആക്കുന്നത്. 

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിന്തകന്മാരിലെ ഒരു പ്രമുഖ വ്യക്തിത്വമായിരുന്നു മാർക്സിയൻ തത്ത്വശാസ്ത്രത്തിന്റെ ശില്പിയായി അറിയപ്പെടുന്ന കാൾ മാർക്സ്. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാന നങ്ങൾ ഇന്നു പിന്തുടർന്നുവരുന്ന കാഴ്ചപ്പാടുകളുടെ ഒരു പ്രധാന അടിത്തറ ഇദ്ദേഹത്തിന്‍റെ സിദ്ധാന്തങ്ങളാണ്. 

മാർക്സ് തന്‍റെ അടുത്ത സുഹൃത്തും ബുദ്ധിജീവിയുമായ എംഗല്‍സിനേയും സഹായത്തിനു കൂട്ടുചേര്‍ത്ത് തയാറാക്കിയ   കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ  ആണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആധികാരിക മാർഗ്ഗനിർദ്ദേശ രേഖ.

ക്രിസ്തുവിനു ശേഷം ഉണ്ടായ എല്ലാ തത്വചിന്തകളിലും, ക്രിസ്തുവിന്‍റെ  ചില ഉപദേശങ്ങളുടെ സ്വാധീനം കാണുവാൻ കഴിയും, മാർക്സിന്‍റെ ക്രൈസ്തവ പശ്ചാത്തലവും ഇത്തരത്തിൽ അദ്ദേഹത്തിന്‍റെ ചിന്തകളെ ചിലപ്പോൾ സ്വാധീനിച്ചിരിക്കാം.അതിനാൽ തന്നെ പീഡിതവർഗ്ഗത്തോടുള്ള ക്രിസ്തുവിന്‍റെ സഹാനുഭൂതിയും, അവരെ ചൂഷണം ചെയ്യുന്ന പുരോഹിത മതമേധാവിത്വത്തോടുള്ള എതിർപ്പും മാർക്സിയൻ ചിന്താഗതിയിലും കാണുവാൻ കഴിയും.

എന്നാൽ ഇത്തരം ചില സാമ്യങ്ങൾ ഒഴിച്ചാൽ അടി സ്ഥാനപരമായി മാർക്സിസ്റ്റ്/കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും വിദൂര  വിരുദ്ധ ധ്രുവങ്ങളിൽ ഉള്ള രണ്ടു ആശയങ്ങൾ ആണ്.

കമ്മ്യൂണിസ്റ്റ് , മാർക്സിസ്റ് പ്രസ്ഥാങ്ങളുടെ  അടിസ്ഥാനം വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന പ്രത്യയ ശാസ്ത്രം (dialectical materialism)  ആണ്. രക്തരൂക്ഷിത വിപ്ലവത്തിലൂടെ ഭൂമിയിൽ സമത്വസുന്ദരമായ ഭരണക്രമം കൊണ്ട് വരാൻ കഴിയും എന്നാണ് അവരുടെ ആശയം

 വിപ്ലവത്തിലൂടെ മുതലാളിത്തത്തെ പാടെ പുറത്താക്കി രാഷ്ട്രത്തിന്‍റെയും സമ്പദ്വ്യവസ്ഥയെടെയും ഉദ്പാദനമാര്‍ഗ്ഗങ്ങളുടെയും പരിപൂര്‍ണ്ണ നിയന്ത്രണം തൊഴിലാളി സമൂഹം ഏറ്റെടുക്കുക, ഇതിലൂടെ തൊഴിലാളിവര്‍ഗ്ഗം സര്‍വ്വാധിപത്യം പുലര്‍ത്തുന്ന ലോക ക്രമം സ്ഥാപിച്ചെ ടുക്കുക എന്ന മാര്‍ക്സിയന്‍ ദര്‍ശനമായിരുന്നു കമ്യൂണിസം.

 ശത്രുവിനോട് പ്രതികാരം ചെയ്യരുത്  എന്നും, ക്ഷമിക്കണം, സ്നേഹിക്കണം  അന്നും, എന്‍റെ രാജ്യം ഐഹീകം അല്ല എന്നും,  വാളെടുക്കുന്നവൻ വാളാൽ നശിക്കും എന്നും പഠിപ്പിച്ച, ആത്മീയ ദൈവരാജ്യം വിഭാവനം ചെയ്യുന്ന, ആക്ഷരികമായ ദൈവരാജ്യം ഭാവിയിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്ന ക്രിസ്തീയ വിശ്വാസവും, കമ്മ്യൂണിസവും  അടിസ്ഥാനപരമായി  തന്നെ അതിനാൽ വിരുദ്ധ ധ്രുവങ്ങളിൽ ആണ്.

ഒരു പ്രത്യയശാത്രത്തെയോ, മാർഗ്ഗത്തെയോ മനസ്സിലാ ക്കേണ്ടത് അതിന്‍റെ സ്ഥാപകനേതാക്കളുടെ വാക്കുകളിൽ നിന്നും രചനകളിൽ നിന്നുമാണ്. അല്ലാതെ കീഴേത്തട്ടിലുള്ള പുതുനാമ്പുകളുടെ  വാക്കിലും പ്രവർത്തിയിലും നിന്നല്ല. ഉദാഹരണത്തിന് ക്രിസ്തീയ ഉപദേശം മനസ്സിലാക്കേണ്ടത് ക്രിസ്തുവിന്‍റെ ഉപദേശങ്ങളിൽ നിന്നും മാർക്സിസം മനസ്സിലാക്കേണ്ടത് കാറൽമാര്ക്സി നെയും ലെനിനെയും പോലുള്ള  നേതാക്കളുടെ വാക്കുകളിൽ നിന്നുമാണ്.

==========================================

കമ്മ്യൂണിസവുംദൈവവിശ്വാസവും സ്ഥാപക  നേതാക്കളുടെ വാക്കുകളിൽ

==========================================

കമ്മ്യൂണിസ്റ്റ് , മാർക്സിസ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളുടെയും അമരക്കാരായി ഇരുന്നവരുടെയും ( കാറൽ മാർക്സ്  മുതൽ  വി എസ് അച്യുതാനന്ദൻ  വരെ ) ചില പ്രസ്താവനകൾ  കൊടുക്കുന്നു. (വി എസ് അച്യുതാനന്ദൻ ആയിരുന്നു യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പിന്തുടന്നിരുന്ന  അവസാനത്തെ  കമ്മ്യൂണിസ്റ്റ് എന്നതാണ് എൻ്റെ വ്യക്തിപരമായ ബോധ്യം. )

 

(1) നാം മതത്തിനെതിരെ പോരാടണം; അതിനു വേണ്ടി വിശ്വാസത്തിന്‍റെയും മതത്തിന്‍റെയും പ്രഭവകേന്ദ്രത്തെ ക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഭൗതികശാസ്ത്ര രീതി വിശദീകരിക്കണം ‘ On religion’ (മതത്തെ പറ്റി)” കാറൽ മാർക്സ്. കോഴിക്കോട് പ്രോഗ്രസ് പബ്ലിക്കേഷന്‍, പുറം 136

 

(2) ഇ.എം.എസ് നമ്പൂതിരിപ്പാട് : ”മാര്‍ക്‌സിസം ഭൗതികവാദമാണ്. അത് വിട്ടുവീഴ്ചയില്ലാതെ മതത്തിനെതിരാണ്. ഇത് തര്‍ക്കമറ്റ കാര്യമാണ്. നാം മതത്തോട് ഏറ്റുമുട്ടണം. എങ്ങിനെ ഏറ്റുമുട്ടണമെന്ന് നമുക്ക് അറി ഞ്ഞിരിക്കണം. മതത്തിന്‍റെ സാമൂഹ്യ വേരുകള്‍ പിഴുതുകളയലാണ് ഈ പ്രവര്‍ത്തനത്തിന്‍റെ ഉദ്ദേശ്യം.” ഇ.എം.എസ്, സാംസ്‌കാരികവിപ്ലവം മതം മാര്‍ക്‌സിസം, ചിന്ത പബ്ലിക്കേഷന്‍സ്, പുറം 59

 

(3) എന്താണ് ദൈവവിശ്വാസത്തോടുള്ള മാര്‍ക്‌സിസ ത്തിന്‍റെ നിലപാട്? ലെനിന്‍: ”വൈരുധ്യാത്മക ഭൗതികവാദം പരിപൂര്‍ണമായും നിരീശ്വരവാദപരമാണ്. ക്രിയാപരമായി തന്നെ എല്ലാ മതങ്ങള്‍ക്കും എതിരാണത്.” മതത്തെപറ്റി, പുറം 131.

 

(4)  ലെനിന്‍:” നാം ദൈവവുമായി മല്ലിടും. അത്യുന്നത സ്വര്‍ഗത്തില്‍ വെച്ച് അവനെ നാം കീഴടക്കും. അവന്‍ അഭയം തേടുന്നിടത്തെല്ലാം ചെന്നു നാം അവനെ ശാശ്വതമായി നിഗ്രഹിക്കും” ഇന്ത്യന്‍ നിരീശ്വരവാദം, ചിന്ത, 2006, പുറം 6.

 

(5) ദേബി പ്രസാദ് ചതോപാധ്യായ” മാര്‍ക്‌സിസം   ദൃഢമായ നിരീശ്വരവാദത്തിന്‍റെഒരു രൂപം”. കാറൽ  മാർക്സ് ; ഈശ്വര ആശയത്തെ അതിക്രമിച്ച് വളരാനുള്ള ശരിയായ മാര്‍ഗമേതെന്ന് കാണിച്ചു തന്ന ആദ്യത്തെ ദാര്‍ശനികന്‍”

ഇന്ത്യന്‍ നിരീശ്വരവാദം, ചിന്ത, 2006 പുറം 267.

 

(5) നാം മതത്തോട് ഏറ്റമുട്ടണം.  എങ്ങിനെ ഏറ്റുമുട്ടണമെന്ന്  നമുക്ക് അറിഞ്ഞിരിക്കണം.  മതത്തി ന്‍റെ സാമൂഹ്യവേരുകള്‍ പിഴുതുകളയലാണ് ഈ പ്രവര്‍ത്തനത്തിന്‍റെഉദ്ദേശ്യം” ഇ.എം.എസ്, സാംസ്‌കാരികവിപ്ലവം മതം–മാര്‍ക്‌സിസം , പുറം 59.

 

(6) വി എസ് അച്യുതാനന്ദൻ:” ഏത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ആധാരമാക്കുന്നത് വൈരുധ്യാതിഷ്ഠിത ഭൗതികതയാണ്. ഈശ്വരനില്ലാത്തത് കൊണ്ട് വ്യക്തികള്‍ക്ക് ഈശ്വരവിശ്വാസം ആവശ്യമില്ലെന്നാണ് ആ ദര്‍ശനത്തിന്‍റെകണ്ടെത്തല്‍. അതിനു വേണ്ടിയാണ് കമ്യൂ ണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അതിലെ അംഗങ്ങള്‍ മതവിശ്വാസികളാവരുത്.” (ചിന്ത വാരിക, 2004 ജൂണ്‍)

 ബ്രിട്ടീഷ് വിരുദ്ധവിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന ഭഗത് സിംഗ് നിരീശ്വരവാദിയായി ത്തീര്‍ന്നത് വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്‍റെ യും മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് സാഹിത്യങ്ങളുടെയും സ്വാധീന ഫലമായാണെന്ന് അദ്ദേഹത്തിന്‍റെ കമ്യൂണി സ്റ്റ്  ജീവചരിത്രകാരന്‍ വിവരിക്കുന്നത്

 Shaheed-E-Azam Bhagat Singh, A Students Pletge Publication, Calcutta

 ഇഎംഎസ് : ദാര്‍ശനികതലത്തില്‍ ഉത്തരദക്ഷിണ ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ടാശയഗതികളാണ്  ദൈവവിശ്വാസവും കമ്യൂണിസവും”(12) മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2005 മാര്‍ച്ച് 27-ഏപ്രില്‍ 2.

ഇത്രയും ഉദ്ധരണികൾ കൊടുത്തതു കമ്മ്യൂണിസ്റ്റ്  സൈദ്ധാന്തികൻ ആയ ഇ.എം.എസ്  തന്നെ പറയുന്നത് പോലെ തന്നെ കമ്മ്യൂണിസ്റ്റ് / മാർക്സിസ്റ് പ്രത്യയശാ സ്ത്രവും , ക്രിസ്തീയവിശ്വാസവും ഒരിക്കലും ഒരുമിച്ചു പോകാത്ത വിപരീത ധ്രുവങ്ങളിൽ ഉള്ളതാണെന്ന്  വ്യ ക്തമാക്കുവാനാണ്. ആശയപരമായി നിരീശ്വരവാദം തന്നെയാണ് കമ്മ്യൂണിസത്തിന്‍റെ  അടിത്തറ.

 

==========================================

ഇന്ത്യൻ കമ്മ്യൂണിസംകേരള കമ്മ്യൂണിസം, മത പ്രീണന നയങ്ങള്‍

==========================================

 

നമ്മൾ ഇത് വരെ ചിന്തിച്ചത് കമ്മ്യൂണിസത്തിന്‍റെ യഥാർത്ഥ പ്രത്യയശാസ്ത്രത്തെകുറിച്ചാണ്. എന്നാൽ ഇന്ത്യയിലും , പ്രത്യേകിച്ച് കേരളത്തിലും കാണുന്ന കമ്യൂണിസത്തിന് അതിന്‍റെ മൗലിക നിലപാടുകളിൽ നിന്നും വളരെ വ്യത്യാസം ഉണ്ട്. ( ഇന്ന് കേരളത്തിൽ മാത്രമായി ചുരുങ്ങിയിരിക്കുന്ന പാർട്ടി എന്ന നിലയിൽ കേരളത്തിലെ കമ്മ്യൂണിസ്റ് പാർട്ടിയുടെ മൗലിക നിലാട് തന്നെയാണ് ഇന്ത്യൻ കമ്മ്യൂണിസത്തിന്റെയും നിലപാട്)

 അതിനു കാരണം, ഇന്ത്യയിലെയും, കേരളത്തിലെയും മത, രാഷ്ട്രീയ സാഹചര്യമാണ്.പൂർണ്ണമായും  കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പ്രായോഗികം ആക്കുവാൻ പറ്റാത്ത സ്ഥലങ്ങളിലും, സാഹചര്യങ്ങളിലും അധികാരത്തിനു  വേണ്ടി മത / വർഗീയ / തീവ്രവാദ പാർട്ടികളോടും, പ്രസ്ഥാനങ്ങളോടും നീക്കുപോക്കുകളും, മത പ്രീണന നയങ്ങളും നേതാക്കൾ സ്വീകരിക്കാറുണ്ട്. ദൈവവി ശ്വാസത്തോടും, വിശ്വാസികളോടും മൃദുസമീപനവും,പ്രീണന സമീപനവും സ്വീകരിക്കാറുണ്ട്.

ഇന്ത്യയെ പോലുള്ള , മതവും, വർഗീയതയും  വളരെയധികം വേരിറങ്ങിയിട്ടുള്ള ഒരു ജനതയിൽ കമ്മ്യൂണിസം അതിന്‍റെ  യഥാർത്ഥ രൂപത്തിൽ  പ്രായോഗികം ആക്കുക അസാധ്യമാണ്. അപ്രകാരം ഉള്ള ശ്രമങ്ങൾ ഇന്ത്യയിൽ കമ്മ്യൂണിസത്തിന്‍റെ തന്നെ വേരറുക്കുവാനും , വർഗീയ ശക്തികളുടെ വളർച്ചക്ക് കാരണമാകുക യും ചെയ്യും എന്ന് വൈകി  തിരിച്ചറിഞ്ഞതിനാല്‍.  ഇന്ത്യയിലും  കേരത്തിലും  കമ്മ്യൂണിസം അതിന്‍റെ യഥാർത്ഥ രൂപത്തിൽ അല്ല ഇപ്പോൾ അവതരിക്കപ്പെടുന്നത്.

എന്നാൽ ആദ്യകാലങ്ങളിൽ അങ്ങനയായിരുന്നില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ  ആദ്യ സമയങ്ങളിൽ പാർട്ടി അംഗങ്ങൾക്ക് പള്ളികളിലോ, അമ്പലങ്ങളിലോ വിവാഹം കഴിക്കാൻ പോലും അനുവാദം ഉണ്ടായിരുന്നില്ല എന്ന് ചരിത്രം അറിയാവുന്നവർ മറക്കില്ല.

എന്നാൽ ഇന്ന് സ്ഥിതി വ്യത്യസ്തം ആണ്. കമ്മ്യൂണിസ്റ്റ് പാർട്ടി , ബാക്കി എല്ലാ രാഷ്ട്രീയ പാർട്ടികളെക്കാളും അധികമായി  മത സംഘടനകളോടും എന്തിനേറെ തീവ്രവാദ പ്രസ്ഥാനങ്ങളോട് പോലും പ്രീണനനയം ആന്നു സ്വീകരിച്ചിരിക്കുന്നത്. അമ്പലങ്ങളും, അരമനകളും, മോസ്‌കുകളും കയറി ഇറങ്ങുന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഇപ്പോൾ പുതുമയുള്ള കാഴ്ചയല്ല, തീവ്രവാദ നേതാക്കളോട് പോലും വേദി പങ്കിടാനും അവരെ പിന്തുണയ്ക്കാനും  കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും  നേതാക്കളും  ഇന്ന് തയ്യാര്‍ ആണ്.

കേരളത്തിലെ ഇന്നത്തെ പ്രത്യേക വര്‍ഗീയ,  സാമുദായിക സാഹചര്യത്തില്‍ പൊതുവെ  എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വര്‍ഗീയ പ്രീണനനയമാണ് സ്വീകരിക്കുന്നത്, എന്നാല്‍ നിരീശ്വരവാദത്തിലും വൈരുധ്യാതിഷ്ഠിത ഭൌതിക വാദത്തിലും അടിസ്ഥാനപ്പെട്ട ഒരു  രാഷ്ട്രീയ പ്രസ്ഥാനം അധികാരത്തിന് വേണ്ടി വര്‍ഗീയ / മതതീവ്രവാദ പ്രസ്ഥാനങ്ങളോട് വരെ കൂട്ടുചെരുന്നതിലെ വൈരു ധ്യം ആണ് ഇവിടെ  ചൂണ്ടിക്കാണിക്കുവാന്‍ ശ്രമിച്ചത്.

മാത്രമല്ല ഇന്ന് മതതീവ്രവാദികളെയും അങ്ങനെയുള്ള പ്രസ്ഥാനങ്ങളെയും എല്ലാ നൈതീകതയും പുറകിൽ എറിഞ്ഞു വോട്ടു ബാങ്ക് എന്ന ഒറ്റ കാരണത്താൽ , ഏറ്റവും അധികമായി  പിന്തുണക്കുന്നത്  കമ്മ്യൂണിസ്റ്റ് പാർട്ടി  ആണ് എന്ന് സ്വതന്ത്രമായി കാര്യങ്ങളെ പഠിക്കുന്ന ഏതൊരുവനും മനസിലാക്കാം.

എന്നാൽ അത് അധികാരത്തിനു വേണ്ടി മാത്രമുള്ള  അടവ്നയവും , വോട്ടു രാഷ്ട്രീയവും  മാത്രമാണ്. നേതാക്കൾക്ക് ഇത് അറിയാം എങ്കിലും അവരുടെ ചട്ടുകങ്ങൾ ആയി പ്രവർത്തിക്കുന്ന പാവം അണികൾക്ക് അതറിയില്ല. അറിയാൻ നേതാക്കൾ അനുവദി ക്കുകയും ഇല്ല.

എന്നാൽ കമ്മ്യൂണിസം പൂർണ്ണ രൂപത്തിൽ അധിപധ്യം നടത്തിയിടത്തൊക്കെ എല്ലാ മത വിശ്വാസികളും  പ്രത്യേകിച്ച്  ക്രിസ്തീയ വിശ്വാസികൾ  അവരുടെ വിശ്വാസത്തിന്‍റെപേരിൽ കഠിനമായ പീഡനങ്ങളിൽ കൂടി  കടന്നു പോയിട്ടുണ്ട്. റഷ്യയും, ചൈനയും, റുമേനിയായും ഒക്കെ അതിനുള്ള ഉദാഹരണങ്ങൾ ആണ്.

നീണ്ട ഇരുപതു വരഷത്തോളം  റുമേനിയയിൽ ക്രിസ്തീയവിശ്വാസത്തിന്‍റെ കാരണത്താൽ കമ്മ്യൂണിസ്റ്റ് ഭരണ കൂടത്താൽ കഠിനമായി പീഢിക്കപ്പെട്ട ഇരുപതാം  നൂറ്റാ ണ്ടിലെ ജീവിച്ചിരുന്ന രക്തസാക്ഷിയായ റിച്ചാർഡ്  വും ബ്രാണ്ടിന്‍റെവാക്കുകൾ ഇപ്രകാരണമാണ്.

'Sin must be called by its name. Communism is one of the most dangerous sins in the world today. Every gospel that does not denounce it is not the pure gospel. The Underground Church denounces it, risking liberty and life. The less have we to be silent in the West.'

 'പാപത്തെ അതിന്‍റെപേരിൽ വിളിക്കണം. ഇന്നത്തെ ലോകത്തിലെ ഏറ്റവും അപകടകരമായ പാപങ്ങളിലൊന്നാണ് കമ്മ്യൂണിസം. അതിനെ അപലപിക്കാത്ത ഓരോ സുവിശേഷവും ശുദ്ധമായ സുവിശേഷമല്ല. പീഡിപ്പിക്കപ്പെടുന്ന സഭ സ്വാതന്ത്ര്യത്തെയും ജീവിത ത്തെയും അപകടത്തിലാക്കിക്കൊണ്ടു തന്നെ അതിനെ അപലപിക്കുന്നു, പടിഞ്ഞാറൻ രാജ്യങ്ങളിൽ നാം എന്തിനു നിശബ്ദനായിരിക്കണം.'

 'I have decided to denounce communism, though I love the Communists. I don't find it to be right to preach the gospel without denouncing communism'

 'ഞാൻ കമ്മ്യൂണിസ്റ്റുകളെ സ്നേഹിക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസത്തെ അപലപിക്കാൻ നിശ്ചയിച്ചിരിക്കു ന്നു. കമ്മ്യൂണിസത്തെ അപലപിക്കാതെ സത്യ സുവിശേഷം പ്രസംഗിക്കുന്നത് ശരിയാണെന്ന് ഞാൻ കരുതു ന്നില്ല'

 അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും രക്ത സാക്ഷിയുമായ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറുടേതാ യ ഒരു ശ്രദ്ധേയമായ പ്രസ്താവന ഇപ്രകാരമാണ്. "ഒരു യഥാർത്ഥ ക്രൈസ്തവന് യഥാര്‍ത്ഥ കമ്യൂണിസ്റ്റ് ആയിരി ക്കുവാനോ യഥാർത്ഥ കമ്യൂണിസ്റ്റിന് യഥാര്‍ത്ഥ ക്രൈസ്തവനായാരിക്കുവാനോ കഴിയില്ല". എന്നാല്‍ ഈ യാഥാ ര്‍ത്ഥ്യം മനസ്സിലാക്കിയ ക്രൈസ്തവര്‍ വളരെ കുറവാണ്.

 ചുരുക്കത്തിൽ യഥാർത്ഥമായി കമ്മ്യൂണിസ്റ്റ് / മാർക്സിസ്റ്റു  ആശയങ്ങൾ മനസിസിലാക്കി പിന്തുടരുന്ന  ഒരു വ്യക്തിക്ക് യഥാർത്ഥ ക്രിസ്തുശിഷ്യനോ, യഥാർത്ഥമായി ക്രിസ്തുവിനെ പിൻഗമിക്കുന്ന വ്യക്തിക്ക് യഥാർത്ഥ  കമ്മ്യൂണിസ്റ്റ്കാരനോ ആകാൻ കഴിയില്ല എന്നതാണ് പച്ചയായ യാഥാർഥ്യം.

 അതിനാൽ യഥാർത്ഥമായി കമ്മ്യൂണിസ്റ്റ്കാരൻ ആണ് എന്നും അതെ സമയം കർത്താവിനെ യഥാർത്ഥമായി  പിന്തുടരുന്നു എന്നും അവകാശപ്പെടുന്ന വ്യക്തികൾ ഒന്നുകിൽ കള്ളമാണ് പറയുന്നത്. അല്ലെങ്കിൽ അവർ യഥാർത്ഥമായി കമ്മ്യൂണിസമോ ക്രിസ്തുമാർഗ്ഗമോ എന്താണ് എന്ന് മനസ്സിലാക്കിയിട്ടില്ല. ചിലപ്പോൾ അവർ  രണ്ടും മനസ്സിലാക്കാതെ; രാഷ്ട്രീയ പാർട്ടികളുടെ ചാ വേറുകൾ ആയി, ചട്ടുകങ്ങൾ ആയി പ്രവർത്തിക്കുന്നവർ ആകാം.

കമ്യൂണിസ്റ്റിനെ സംബന്ധിച്ചിടത്തോളം ദൈവിക ഭര ണവ്യവസ്ഥകളോ ധാര്‍മികക്രമങ്ങളോ നിതാന്ത ആ ത്മീയ ലക്ഷ്യങ്ങളോ ഇല്ല. ലെനിന്‍ പറഞ്ഞതായി രേഖ പ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: "കബളിപ്പിക്ക ല്‍, വഞ്ചന, നിയമലംഘനം, സത്യത്തെ മറച്ചു വയ്ക്കല്‍, എന്നിവ ചെയ്യാന്‍ നമ്മള്‍ തയാറായിരിക്ക ണം" (Question People Ask - RJ McCraken, Page 168).

അതിനാൽ തന്നെയാണ് അധികാരത്തിന് വേണ്ടി മതപ്രീണനവും അടവു നയങ്ങളും എല്ലാ രാഷ്ട്രീയ പാർട്ടികളെയും പോലെ അവരും പിന്തുടരുന്നത്.

==========================================

കമ്മ്യൂണിസവുംകേവല നിരീശ്വരവാദവും തമ്മിലുള്ള വ്യത്യാസം

==========================================

 

കമ്മ്യൂണിസം ആശയപരമായി നിരീശ്വരവാദമാണ് മുൻപോട്ടു വക്കുന്നത് എങ്കിലും കമ്മ്യൂണിസത്തിനും കേവല നിരീശ്വര വാദത്തിനും തമ്മിൽ ചില വ്യത്യാസ സങ്ങളുണ്ട്

 നിരീശ്വരവാദികളുടെ പ്രമാണം കേവലയുക്തിയാണ്. അവര്‍ക്ക് സ്വന്തമായി ഒരു പ്രത്യയശാസ്ത്രമോ മൂല്യ ക്രമമോ, സൈദ്ധാന്തിക ചട്ടക്കൂടോ ,വ്യക്തമായ ലക്ഷ്യങ്ങളോ, സൈദ്ധാന്തിക  ആചാര്യനോ ഒന്നുമില്ല. എന്നാല്‍ മാര്‍ക്‌സിസത്തിന്‍റെസ്ഥിതി അതല്ല. ഒരു യഥാർത്ഥ മാര്‍ക്‌സിസ്റ്റ് ഏതൊരു യുക്തിവാദിയെയും പോലെത്ത ന്നെ ദൈവനിഷേധിയും  ഭൗതികവാദിയുമാണ്

എങ്കിലും മാര്‍ക്‌സിസത്തിനു ഒരു സൈദ്ധാന്തിക അടിത്തറയും പ്രത്യയശാസ്ത്രവും വ്യക്തമായ ലക്ഷ്യങ്ങളുമുണ്ട്. ആത്യന്തിയകമായി ഒരു സമത്വസുന്ദര ലോകം ആണ് അവരുടെ ലക്‌ഷ്യം. അതിനാൽ തന്നെ കേവല നിരീശ്വരവാദത്തേക്കാൾ ആകർഷകം ആണ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അത്  പോലെ തന്നെ അപകടകരവും.

മുകളിൽ സൂചിപ്പിച്ചതു പോലെ ഇന്നുള്ള കേരള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നേതാക്കളുടെയും  ആത്യന്തിക ലക്‌ഷ്യം പാർലമെന്ററി മോഹവും അധികാരവും അതുവഴി ലഭിക്കുന്ന സുഖസൗകര്യങ്ങളും ആയതിനാൽ ഇന്ന് നിരീശ്വരവാദികളെ പോലും തള്ളി പറഞ്ഞു മതതീവ്രവാദ ശക്തികളോട് കൂട്ട് കൂടാൻ ഇന്ന് അവർ തയ്യാറായിരിക്കുന്നു.

അതിനാൽ തന്നെ ഇന്ന് കേരളത്തിലെ Essense പോലുള്ള  നിരീശ്വരവാദ പ്രസ്ഥാനങ്ങൾ  കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെയുള്ള നിലപാടുകൾ ആണ് എടുത്തിരിക്കുന്നത്. 

ഇന്ത്യ മഹാരാജ്യത്തു ഏതു മതത്തിലും , പ്രത്യയ ശാസ്ത്രത്തിലും, രാഷ്ട്രീയ പാർട്ടിയിലും, വിശ്വസിക്കുവാനും,  ദൈവവിശ്വാസം ഉള്ളവരായോ , ഇല്ലാതയോ  ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്.

 ക്രിസ്തീയ കാഴ്‌ചപ്പാടിൽ നാം എല്ലാവരെയും അവരുടെ വിശ്വാസമോ, പ്രത്യയശാസ്ത്രമോ നോക്കാതെ സ്നേഹിക്കണം എന്നും സഹായിക്കേണം എന്നും ദൈവവച നം നമ്മെ പഠിപ്പിക്കുന്നു. റിച്ചാർഡ് വുംബ്രാണ്ടിന്‍റെ വാക്കുകൾ  വീണ്ടും ആവർത്തിക്കുന്നു.

 'Jesus loved the Pharisees, although He denounced them publicly. And I love the Communists, although I denounce them.'

 'യേശു ക്രിസ്തു പരീശന്മാരെ പരസ്യമായി അപലപിച്ചെ ങ്കിലും അവരെ സ്നേഹിച്ചു. കമ്മ്യൂണിസത്തെ ഞാൻ  അപലപിക്കുമ്പോൾ തന്നെ  കമ്മ്യൂണിസ്റ്റ്കാരേയും  ഞാ ൻ സ്നേഹിക്കുന്നു.'

 അതിനാൽ  ലേഖനത്തിന്‍റെ ആദ്യഭാഗത്തു പറഞ്ഞത്‌ പോലെ തന്നെ  ദൈവനിയമിതമായ  ഭരണകൂടത്തെയും, ഭരണ കര്‍ത്താക്കളെയും ഏതു രാഷ്ട്രീയ പാർട്ടിയാണ് എന്നതോ, എന്ത് പ്രത്യയശാസ്ത്രമാണ് എന്നോ വ്യത്യാസം ഇല്ലാതെ  ക്രിസ്തീയ വിശ്വാസികൾ ബഹുമാ നിക്കുകയും, കീഴടങ്ങിയിരിക്കുകയും, അനുസരിക്കുകയും ചെയ്യണം.എല്ലാ മനുഷ്യരെയും ജാതി, മത, വർഗ്ഗ, വർണ്ണ,രാഷ്ട്രീയ വ്യത്യസം ഇല്ലാതെ നാം സ്നേഹിക്കണം, സഹായിക്കേണം.

 ഈ ലേഖനത്തിന്‍റെ ഉദ്ദേശം കമ്മ്യൂണിസ്റ്റ് , മാർക്സിസ്റ് പ്രത്യയ ശാസ്ത്രത്തെ ഇകഴ്ത്തുകയോ, കമ്മ്യൂണിസ്റ്റ് നേതാക്കളെ താഴ്ത്തിക്കാണിക്കുകയോ എന്നുള്ളതല്ല. എന്‍റെ വ്യക്തിപരമായ ബോധ്യത്തിൽ, ഇന്നുള്ള നേതാക്കളിൽ നിന്നും തികച്ചും  വ്യത്യസ്ഥരായി  പല ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളും ജീവിത മാതൃകയുള്ളവരും ,മാതൃക കുടുംബം ഉള്ളവരും, തങ്ങൾ വിശ്വസിക്കുന്ന ആശ യങ്ങൾക്കു വേണ്ടി  ( തെറ്റോ ശരിയോ ) ത്യാഗപൂർണ്ണമായ ജീവിതം നയിച്ചവരും,നിസ്വാർത്ഥരും ആയിരുന്നു.

എന്നാൽ  ക്രിസ്തീയ വിശ്വാസത്തിന്‍റെവിരുദ്ധ ധ്രുവങ്ങ ളിൽ  ഉള്ള  പ്രത്യയ ശാസ്ത്രങ്ങളെയും  കർത്താവിനെയും ഒരുപോലെ പിന്തുടരുവാൻ ഒരിക്കലും ഒരുവനും കഴിയില്ല എന്നത് നാം വ്യക്തമായും മനസ്സിലാക്കണം.

==========================================

മാനുഷിക ഭരണകൂടങ്ങൾ ദൈവീക ദൃഷ്ടിയിൽ

==========================================

വ്യക്തിപരമായി എനിക്ക്  ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടു പ്രത്യേക  മമതയോ, വിരോധമോ ഇല്ല. ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനം സമത്വസുന്ദര ഭരണം കൊണ്ടുവരും എന്നും വിശ്വസിക്കുന്നുമില്ല. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി, ഇന്നുള്ള ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയേക്കാള്‍ മോശമാണ് എന്ന് ഈ എഴുതിയത് കൊണ്ട് അര്‍ത്ഥമാക്കുന്നുമില്ല.

ഭൂമിയിലെ ഏതു മാനുഷിക ഭരണകൂടത്തെയും, രാ ഷ്ട്രീയ പ്രസ്ഥാനങ്ങളെയും  ദൈവം കാണുന്നത് ദുഷ്ട മൃഗങ്ങൾ ആയിട്ടാണ്. അതിനാൽ ആണ് ദൈവദാസ ന്മാരായ ദാനിയേലിനെയും, യോഹന്നാനെയും ദൈവം ഭരണകൂടങ്ങളെ കാണിക്കുമ്പോൾ അവയെ ദുഷ്ടമൃഗ ങ്ങളായി കാണിക്കുന്നത്. എന്നാൽ ജഡീകനായ നെബു ക്കദ്‌നേസർ കാണുമ്പൊൾ ഇവയെല്ലാം തങ്കം, സ്വർണ്ണം പോലെയുള്ള വിലപിടിപ്പുള്ള ലോഹങ്ങൾ ആയി കാ ണുന്നു. ഇതാണ് ജഡീകനും , ആത്മീയനും തമ്മിലുള്ള കാഴ്‌ചപ്പാടിന്‍റെ വ്യത്യാസം

അതിനാൽ കോണ്‍ഗ്രസ്സോ, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയോ , ഭാരതീയ ജനതാ പാര്‍ട്ടിയോ തമ്മില്‍ ഒരു ക്രിസ്തീയ വിശ്വാസിക്ക് ഇന്ന് തിരഞ്ഞെടുക്കലിനുള്ള സാധ്യത താരതമ്യേന  കൂടുതൽ വിലപിടിപ്പുള്ള ലോഹം തിരഞ്ഞെടുക്കുകയല്ല, താരതമ്യേന കുറവുള്ള ദുഷ്‌ടത ( lesser Evil ) തിരഞ്ഞെടുക്കുക എന്നതാണ്. അത്തരം തിരഞ്ഞെടുപ്പുകൾ വ്യക്തിപരവും ,ആപേക്ഷികവുമാണ്.

ലോകത്തിലെ കാര്യങ്ങൾ കൂടുതൽ ദുർഘടം ആകും എന്നും, കൂടുതൽ അധമനായ ഒരു മൃഗം ലോകത്തിൽ അധികാരം ഏൽക്കും എന്നും  എന്നാൽ ഒരിക്കൽ ആധിപത്വം  കർത്താവിന്‍റെ തോളിൽ ആകും ( Government will be on His Shoulders )  എന്നും അന്ന് മാത്രമേ സമത്വ സുന്ദരമായ ഒരു ഭരണം ഉണ്ടാകുകയുള്ളൂ എന്നതാണ് ക്രിസ്തീയ പ്രത്യാശ. (യശയ്യാവ്‌ 9:6   ദാനിയേൽ 2:44; സെഖ ര്യാവ്  14:9)

അന്ന് വരെയുള്ള എല്ലാ മാനുഷിക ഭരണകൂടങ്ങളെ യും, അത് എത്ര ദുഷ്ടർ ആണ് എങ്കിലും അതിനെ  ബഹുമാനിക്കണം എന്നും, അതിനു കീഴടങ്ങണം എന്നും ദൈ വവചനം പഠിപ്പിക്കുന്നു.

എന്നാൽ ഈ   ലേഖനത്തിൽ പറയാൻ ശ്രമിച്ചത് ക്രിസ്തീ യ വിശ്വാസവും. അതിനു നേർവിപരീതമായ പ്രത്യയ ശാസ്ത്രങ്ങളും  ഒരു പോലെ പിന്തുടരുവാൻ ശ്രമിക്കുന്ന തിലെ നിരർത്ഥതയെക്കുറിച്ചും, സജീവരാഷ്ട്രീയവും, ദൈവവേലയും ഒരുമിച്ചു കൊണ്ടു പോകാൻ ശ്രമിക്കു ന്നതിലെ മൗഢ്യതയെക്കുറിച്ചുമാണ്.അങ്ങനെ ചെയ്യുവാൻ ശ്രമിക്കുന്നവർക്കു ഇതിൽ ഒന്നിനോടും ആത്മാ ർത്ഥമായ സമീപനം സാധ്യമല്ല. അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നതിലും നല്ലതു  ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുയാണ്.

 മത്തായി 6: 24 രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർ ക്കും കഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെ ച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും

 1. രാജാക്കന്മാർ 18: 21അപ്പോൾ ഏലീയാവു അടുത്തു ചെന്നു സർവ്വജനത്തോടും: നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽവെക്കും? യഹോവ ദൈവം എങ്കി ൽ അവനെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ അനുഗമിപ്പിൻ എന്നു പറഞ്ഞു;

 വെളിപ്പാടു 3:15 നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീത വാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളാ യിരുന്നു. ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശീതോ ഷ്ണവാനാകയാൽ നിന്നെ എന്‍റെവായിൽ നിന്നു ഉമിണ്ണു കളയും.

വെളിപ്പാടു 3: 22 ആത്മാവു സഭകളോടു പറയുന്ന തു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.