Articles

യഹോവയുടെ പുസ്തകത്തിൽ ഇണയെ കണ്ടെത്തുന്നവർ

Date Added : 10-01-2021

യഹോവയുടെ പുസ്തകത്തിൽ ഇണയെ കണ്ടെത്തുന്നവർ

ജിനു നൈനാൻ

"യെശ. 34 16യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കുകയില്ല; ഒന്നിനും ഇണ ഇല്ലാതിരിക്കുകയുമില്ല"

ഈ വാക്യം അനേക പ്രാസംഗികർക്ക് പ്രിയപ്പെട്ടതാണ്. ഒരു ഉപദേശം സ്ഥാപിക്കാൻ ഉള്ള മാനദണ്ഡമായി ഇണവാക്യം ബൈബിളിൽ ഉണ്ടായിരിക്കണം എന്നാണ് ഇതിനു പറയുന്ന വ്യാഖ്യാനം.ഇത് തെറ്റായ വ്യാഖ്യാനം ആണ് അറിയാമായിരുന്നു എങ്കിലും നിരുപദ്രവകാരികളായ അനേക ദുർവ്യാഖ്യാനങ്ങൾ പോലെ ഒന്ന് എന്ന് തോന്നിയിരുന്നത് കൊണ്ട് പലപ്പോഴും ഇതിനെതിരെ വിശദമായി എഴുതിയിട്ടില്ല.

എന്നാൽ അടുത്ത സമയത്തു ഉണ്ടായ ഒരു സംഭവമാണ് ഇത്തരത്തിൽ ഒരു ലേഖനത്തിനു കാരണം ദൈവരാജ്യത്തെ പറ്റി വളരെ നാൾ ആയി പ്രസംഗിച്ചു കൊണ്ടിരുന്ന ഒരു പ്രാസംഗികൻ അടുത്തകാലത്ത് യേശുക്രിസ്തു ദൈവമല്ല എന്ന് പ്രസംഗിക്കാൻ തുടങ്ങി. അദ്ദേഹത്തോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഞങ്ങൾ ചിലർ അദ്ദേഹവുമായി സംസാരിക്കാൻ ഇടയായി.അപ്പോൾ അദ്ദേഹം യേശുക്രിസ്തു ദൈവമല്ല എന്ന് പറയാൻ ഉപയോഗിക്കുന്ന വിചിത്ര വാദം കേട്ടപ്പോൾ അത്ഭുതം തോന്നി!!

അദ്ദേഹം പറയുന്നതു ഇതാണ്; ബൈബിളിൽ ഏതു ഉപദേശത്തിനും ഒരു ഇണ വാക്യം ഉണ്ടായിരിക്കണം. യോഹന്നാൻ 17:3 പിതാവ് പിതാവിനെ ഏക സത്യ ദൈവം എന്ന് വിളിച്ചിരിക്കുന്നു അതിനൊരു ഇണ വാക്യമുണ്ട് .1 കൊരിന്ത്യർ 8:6 ൽ പൗലോസും അതുതന്നെ പറഞ്ഞിരിക്കുന്നു. ഇത്തരം ഇണ വാക്യങ്ങൾ രണ്ടെണ്ണം ഉള്ളതുകൊണ്ട് ഇതിനെതിരെ ഉള്ളതായി തോന്നുന്ന വാക്യങ്ങൾ എല്ലാം ശത്രു വാക്യങ്ങൾ ആണ്.അത് ഒന്നുകിൽ ട്രാൻസ്‌ലേഷൻ മിസ്റ്റേക്ക് ആകാം, അതല്ല എങ്കിൽ അപ്പോസ്തോലന്മാർക്കു തെറ്റ് പറ്റിയയത് ആകാം. എന്തായാലും ഇണക്കു എതിരായ ഈ വാക്യങ്ങൾ അദ്ദേഹം അംഗീകരിക്കില്ല !!

അതായത് യേശുക്രിസ്തുവിനെ ദൈവമെന്നും, വീരനാം ദൈവം എന്നും, മഹാദൈവമെന്നും,സകലതിനും മീതെയുള്ള ദൈവം എന്നും, സത്യദൈവം എന്നും ഒക്കെ പറയുന്ന വാക്യങ്ങൾ ഈ ഇണ വാക്യങ്ങൾക്കു എതിരെയുള്ള ശത്രു വാക്യങ്ങൾ ആണ്. അതുകൊണ്ട് ബൈബിളിലെ ഇത്തരം ശത്രുക്കളെ നമ്മൾ ഒഴിവാക്കി ഇണകളെ കണ്ടെത്തണം ഇതാണ് ഇദ്ദേഹത്തിൻറെ ന്യായം അതിന് എടുത്തിരിക്കുന്ന വാക്യം യെശ. 34 16 ലെ യഹോവയുടെ പുസ്തകത്തിലെ ഇണകളാണ്. ഇത് കേട്ടപ്പോൾ ആണ് ഈ വാക്യം ഉണ്ടാക്കിയ പൊല്ലാപ്പിനെ പറ്റി ബോധ്യം വന്നത്. യേശുക്രിസ്തു സത്യ ദൈവമാണോ എന്നുള്ളത് വേറൊരു വിഷയം ആണ് അത് ഇവിടെ വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല. ഈ ലിങ്കിൽ പോയി കഴിഞ്ഞാൽ ഇതുമായി ബന്ധപ്പെട്ട വിശദമായ ഒരു ലേഖനം കാണാം.

http://www.cakchurch.com/article-details.php?id=46

നമ്മുടെ പ്രധാന വിഷയത്തിലേക്ക് മടങ്ങി വരട്ടെ യെശ. 34 അധ്യായം പറയുന്നത് ബൈബിൾ എന്ന മുഴുപുസ്തകത്തിലെ ഇണ വാക്യങ്ങളെ കണ്ടെത്താനുള്ള മാർഗ്ഗമാണോ? അതിനായി നമുക്ക് ആ അധ്യായം വിശദമായി നോക്കാം

1ജനതകളേ, അടുത്തുവന്നു കേൾക്കുവിൻ; വംശങ്ങളേ, ശ്രദ്ധതരുവിൻ; ഭൂമിയും അതിന്റെ നിറവും ഭൂതലവും അതിൽ മുളയ്ക്കുന്ന സകലവും കേൾക്കട്ടെ. 2യഹോവയ്ക്കു സകലജനതകളോടും കോപവും അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ട്; അവൻ അവരെ ശപഥാർപ്പിതമായി കൊലയ്ക്ക് ഏല്പിച്ചിരിക്കുന്നു. 3അവരുടെ കൊല്ലപ്പെട്ടവരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും; അവരുടെ രക്തംകൊണ്ടു മലകൾ ഉരുകിപ്പോകും. 4ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുൾപോലെ ചുരുണ്ടുപോകും; അതിലെ സൈന്യമെല്ലാം മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും അത്തിവൃക്ഷത്തിന്റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും.

5എന്റെ വാൾ ആകാശത്തിൽ ലഹരിപിടിച്ചിരിക്കുന്നു; അത് ഏദോമിന്മേലും എന്റെ ശപഥാർപ്പിതജനത്തിന്മേലും ന്യായവിധിക്കായി ഇറങ്ങിവരും. 6യഹോവയുടെ വാൾ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും ആട്ടുകൊറ്റന്മാരുടെ വൃക്കകളുടെ കൊഴുപ്പുംകൊണ്ടും തന്നെ; യഹോവയ്ക്കു ബൊസ്ര പട്ടണത്തില്‍ ഒരു യാഗവും ഏദോംദേശത്ത് ഒരു മഹാസംഹാരവും ഉണ്ട്. 7അവയോടുകൂടി കാട്ടുപോത്തുകളും കാളകളോടുകൂടി മൂരികളും വീഴും; അവരുടെ ദേശം രക്തം കുടിച്ചു ലഹരിപിടിക്കും; അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും. 8അത് യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോന്റെ വ്യവഹാരത്തിൽ പകരംവീട്ടുന്ന വർഷവും ആകുന്നു. 9അവിടത്തെ തോടുകൾ കീലായും മണ്ണ് ഗന്ധകമായും നിലം കത്തുന്ന കീലായും ഭവിക്കും. 10രാവും പകലും അത് കെടുകയില്ല; അതിന്റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; തലമുറതലമുറയായി അത് ശൂന്യമായി കിടക്കും; ഒരുത്തനും ഒരുനാളും അതിൽകൂടി കടന്നുപോവുകയുമില്ല.

11വേഴാമ്പലും മുള്ളൻപന്നിയും അതിനെ കൈവശമാക്കും; മൂങ്ങയും മലങ്കാക്കയും അതിൽ പാർക്കും; അവൻ അതിന്മേൽ പാഴിന്റെ നൂലും ശൂന്യത്തിന്റെ തൂക്കുകട്ടിയും പിടിക്കും. 12അതിലെ കുലീനന്മാർ ആരും രാജത്വം ഘോഷിക്കുകയില്ല; അതിലെ പ്രഭുക്കന്മാർ എല്ലാവരും ഒന്നുമില്ലാതെയായിപ്പോകും. 13അതിന്റെ അരമനകളിൽ മുള്ളും അതിന്റെ കോട്ടകളിൽ തൂവയും ഞെരിഞ്ഞിലും മുളയ്ക്കും; അത് കുറുക്കന്മാർക്കു പാർപ്പിടവും ഒട്ടകപ്പക്ഷികൾക്കു താവളവും ആകും. 14മരുഭൂമിയിലെ വന്യമൃഗങ്ങളും ചെന്നായ്ക്കളും തമ്മിൽ എതിർപ്പെടും; വനഭൂതം വനഭൂതത്തെ വിളിക്കും; അവിടെ വേതാളം കിടക്കുകയും വിശ്രമം പ്രാപിക്കുകയും ചെയ്യും. 15അവിടെ അസ്ത്രനാഗം കൂടുണ്ടാക്കി മുട്ടയിട്ടു വിരിയിച്ചു കുഞ്ഞുങ്ങളെ തന്റെ നിഴലിൻ കീഴിൽ ചേർത്തുകൊള്ളും; അവിടെ പരുന്തുകൾ അതതിന്റെ ഇണയോടു കൂടും. 16യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കുകയില്ല; ഒന്നിനും ഇണ ഇല്ലാതിരിക്കുകയുമില്ല; അവിടുത്തെ വായല്ലയോ കല്പിച്ചത്; അവിടുത്തെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയത്. 17അവിടുന്ന് അവക്കായി ചീട്ടിട്ടു, അവിടുത്തെ കൈ അതിനെ അവയ്ക്കു ചരടുകൊണ്ടു വിഭാഗിച്ചു കൊടുത്തു; അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി തലമുറതലമുറയായി അതിൽ വസിക്കും.

ശ്രദ്ധിക്കുക: ഇവിടെ പശ്ചാത്തലം എദോമിൻ്റെ നാശതേക്കുറിച്ചുള്ള പ്രവചനമാണ്. എദോം നശിപ്പിക്കപ്പെടുമ്പോൾ അത് ശൂന്യമായിപ്പോകും എന്നും അവിടെ മുള്ളും ഞെരിഞ്ഞിലും മുളയ്ക്കും; അത് കുറുക്കന്മാർക്കു പാർപ്പിടവും ഒട്ടകപ്പക്ഷികൾക്കു താവളവും ആകും എന്നുമുള്ള പ്രവചനം പ്രവാചകൻ വിവരിക്കുകയാണ്. അത് വിശദീകരിക്കുമ്പോൾ പ്രവാചകൻ പറയുകയാണ്. അവിടെയുള്ള പക്ഷികൾക്ക് ഇണയുണ്ടായിരിക്കും. നമ്മുടെ പ്രാസംഗികർ എടുക്കുന്ന ഇണവാക്യത്തിന് തൊട്ടു മുന്പുള വാക്യം വായിച്ചു നോക്കുക. അത് ഇങ്ങനെയാണ്.അവിടെ പരുന്തുകൾ അതതിന്റെ ഇണയോടു കൂടും. , തുടർന്ന് ,യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കുകയില്ല; ഒന്നിനും ഇണ ഇല്ലാതിരിക്കുകയുമില്ല എന്നും പറയുന്നു.

ശ്രദ്ധിക്കുക!! ഇവിടെ പറയുന്നത് ബൈബിൾ എന്ന പുസ്തകത്തിലെ ഇണ വാക്യങ്ങൾ അല്ല മറിച്ച് ഏദോമിൽ ദൈവിക ന്യായവിധി ഉണ്ടാവുമ്പോൾ അവിടെ ഉണ്ടാകുന്ന ഇണകളായ പക്ഷികളെയും മൃഗങ്ങളെയും പറ്റിയാണ്. ഈ ഇണപ്പക്ഷികളെ ഏദോമിൽ ദൈവമാണ് കൂട്ടിച്ചേർത്തത്, അവർക്കു അത് വിഭാഗിച്ചു കൊടുത്തു എന്ന് പ്രവാചകൻ വിവരിക്കുകയാണ്.അത് യഹോവയുടെ പുസ്തകത്തിൽ ഉണ്ട് എന്ന് പറയുകയാണ്. പ്രിയപ്പെട്ടവരെ ഇത്തരം പ്രാസംഗികരുടെ വാക്കുകൾ കേട്ട് വഞ്ചിക്കപ്പെടരുത് .

ദൈവവചനം വ്യാഖ്യാനിക്കുന്നത്തിനു വ്യക്തമായ ചില മാനദണ്ഡങ്ങളുണ്ട്. ഇണ വാക്യം കൊണ്ട് എന്തു ഉപദേശവും സ്ഥാപിക്കാം എന്ന് പറഞ്ഞു വരുന്നവരെ സൂക്ഷിക്കുക അവർ പറയുന്ന ഉപദേശം ശരിയാണ് എന്ന് കരുതി വഞ്ചിക്കപ്പെടരുത്. അത്തരമൊരു നിർദ്ദേശം ബൈബിളിൽ എവിടെയും ഇല്ല. ഇണ വാക്യം ഉണ്ട് എങ്കിൽ നല്ലതു തന്നെ, എന്നാൽ അത് നിർബന്ധം അല്ല.ആണ് എങ്കിൽ അയിരാമാണ്ടു വാഴ്ച , പിതാവിനും പുത്രനും പരിശുധാൽമാവിന്റെയും നാമത്തിൽ ഉള്ള സ്നാനം,മനുഷ്യനും ദൈവത്തിനും ഇടയിൽ ഏക മധ്യസ്ഥൻ യേശു, മൂപ്പന് ഏക ഭാര്യ എന്നൊക്കെയുള്ള ഉപദേശങ്ങൾ ഇണ വാക്യമില്ലാത്തതിനാൽ തള്ളേണ്ടി വരും.

ബൈബിൾ വ്യാഖ്യാനിക്കേണ്ടത് അധ്യായത്തിൻറെ പശ്ചാത്തലത്തിലും ബൈബിളിലെ മൊത്തത്തിലുള്ള ഉപദേശത്തിന് അടിസ്ഥാനത്തിലും അടുത്തുള്ള വാക്യങ്ങളുടെ അടിസ്ഥാനത്തിലുമാണ്. മാത്രമല്ല നിങ്ങൾക്ക് ബൈബിളിലെ ഒരു വിഷയത്തെപ്പറ്റി സംശയമുണ്ടെങ്കിൽ അതിന് ഏറ്റവും വ്യാഖ്യാന പുസ്തകം ബൈബിൾ തന്നയാണ്. അത് കഴിഞ്ഞാൽ ആദിമ അപ്പോസ്തോലന്മാരുടെ കാലത്ത് ജീവിച്ചിരുന്ന സഭാപിതാക്കന്മാരുടെ എഴുത്തുകളും രണ്ടാം ഘട്ടത്തിലെ പരിശോധനക്ക് എടുക്കാവുന്നതാണ്. അതിനു പകരം ഇന്നുള്ള പ്രാസംഗികരുടെ ഉപദേശവും,വ്യാഖ്യാനവും നിങ്ങൾ പിന്തുടരാൻ ശ്രമിച്ചാൽ നിങ്ങൾ വലിയ അപകടത്തിൽ ചെന്ന് ചേരുമെന്ന് മുന്നറിയിപ്പ് തരുന്നു