Articles

മുന്നറിവ് വിളി തിരഞ്ഞെടുപ്പ് മുൻ നിർണയം

Date Added : 20-12-2020

അനുബന്ധം

 

റോമാ ലേഖനം ഒൻപതു  മുതൽ പതിനൊന്നു വരെയുള്ള അധ്യായങ്ങളിൽ നാം പഠിച്ച ഒരു പ്രധാന വിഷയം; യാതൊരു യോഗ്യതയുമില്ലാതെ ദൈവീക പദ്ധതിയ്ക്ക് വേണ്ടിയുളള  ദൈവത്തിൻ്റെ  നിരുപാധികമായ പരമാധികാര തിരഞ്ഞെടുപ്പ് ആയിരുന്നു ( unconditional sovereign Election ). ബൈബിളിൽ ഉടനീളം ദൈവം ദൈവീക പദ്ധതിക്ക് വേണ്ടി പലരെയും ഇപ്രകാരം തിരഞ്ഞെടുക്കുന്നത് കാണാം .അതിൽ ചിലപ്പോൾ  ചിലപ്പോൾ നല്ലവരും മോശപ്പെട്ടവരും ഉണ്ടാകാം.

 

എന്നാൽ പുതിയ നിയമത്തിൽ നിത്യതയുമായി ബന്ധപ്പെട്ട ഒരു തിരഞ്ഞെടുപ്പിനെ പറ്റിയും വിശദമാക്കുന്നുണ്ട്. അത് വിശദീകരിക്കുമ്പോൾ  ഉയർന്ന് വരാവുന്ന ഒരു സംശയമാണ്, വചനം പറയുന്ന നിത്യതയ്ക്കുള്ള ദൈവീക തിരഞ്ഞെടുപ്പിൽ എന്തെങ്കിലും  മാനദണ്ഡം ( Condition )  ഉണ്ടോ?

 

അത് മനസ്സിലാക്കാൻ  മുന്നറിവ് , വിളി, തെരഞ്ഞെടുപ്പ് , മുൻനിയമനം  ഇവയെപ്പറ്റി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഈ വിഷയത്തിലെ ചില അടിസ്ഥാനപരമായ കാര്യങ്ങൾ ചുരുക്കത്തിൽ വിശദീകരിക്കേണ്ടത് ഈ പഠനത്തോടുള്ള ബന്ധത്തിൽ അവശ്യമെന്ന് വിശ്വസിക്കുന്നു.

 

 

==========================================================================

മുന്നറിവ്, വിളി, തിരഞ്ഞെടുപ്പ്, മുൻനിയമനം

(Foreknowledge, calling, Election and Predestination)

==========================================================================

 

മുകളിൽ പറഞ്ഞതുപോലെ ബൈബിളിലെയും, ക്രിസ്തീയ ലോകത്തെയും ഏറ്റവും കൂടുതൽ വിവാദപരവും, ഏറ്റവും കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുള്ളതുമായ വാക്കുകളാണ് ഇവ

ഈ ദൈവീക പദ്ധതിയ്ക്ക് വേണ്ടിയുള്ള നിരുപാധിക തിരഞ്ഞെടുപ്പ്, നിത്യതയക്കുള്ള തെരഞ്ഞെടുപ്പെന്ന് കൂട്ടിക്കുഴക്കുന്നവർ എത്തിച്ചേരുന്ന ചില ദൈവശാസ്ത്ര സിദ്ധാന്തങ്ങൾ അറിഞ്ഞിരിക്കേണ്ടത് ഈ "ദുരുപദേശങ്ങളുടെ കാലഘട്ടത്തിൽ" അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ദൈവം ലോകസ്ഥാപനത്തിനു മുൻപു തന്നെ ചിലരെ പരമാധികാരത്തിൽ നിരുപാധികമായി സ്വർഗ്ഗത്തിന് വേണ്ടിയും, ചിലരെ നിത്യ നാശത്തിനു വേണ്ടിയും തിരഞ്ഞെടുക്കുകയും മുനിയമിക്കുകയും ചെയ്തിരിക്കുന്നു. മുൻനിയമിച്ചവർക്കു വേണ്ടി മാത്രമാണ് യേശുക്രിസ്തു മരിച്ചത്, അവർക്കു ദൈവം വിശ്വാസം കൊടുക്കുകയും, അവരുടെ വിശ്വാസം സംരക്ഷിച്ചു അവരെ സ്വർഗ്ഗത്തിലേക്കു കൊണ്ട് പോകുകയും ചെയ്യുന്നു. അല്ലാത്തവരുടെ ഹൃദയം കഠിനപ്പെടുത്തുന്നു, തുടർന്ന് വിശ്വസിക്കാത്തതിന്റെ പേരിൽ   അവരെ ലോകസ്ഥാപനത്തിനു മുൻപ് മുൻനിയമിച്ചതു പോലെ നരകത്തിലേക്ക് അയക്കുന്നു.

 

മുന്നറിവ്, വിളി, തിരഞ്ഞെടുപ്പ്, മുൻനിയമനം എന്നീ വാക്യങ്ങളുടെ   വ്യാഖ്യാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയുള്ള സിദ്ധാന്തങ്ങൾ നിലനിൽക്കുന്നത്. അതിനാൽ ഈ ലേഖനത്തിൽ കൂടി ഈ പദങ്ങളുടെ അർത്ഥവും, വ്യാഖ്യാനവും ദൈവവചന അടിസ്ഥാനത്തിൽ വിശകലനം ചെയ്യുവാൻ ആഗ്രഹിക്കുന്നു.

ഒരു ഉദാഹരണത്തിൽ കൂടി ഈ വാക്കുകളുടെ അർത്ഥം വിശദമാക്കാം, തുടര്‍ന്ന് നമുക്ക് ദൈവവചനത്തില്‍ നിന്ന് തന്നെ ഈ വിഷയം മനസിലാക്കാം.

നമുക്കറിയാവുന്നതു പോലെ ഒരു ഉദാഹരണം വഴി ദൈവിക സത്യങ്ങളെ വിശദീകരിക്കുന്നതിനു പരിമിതിയുണ്ട് എങ്കിലും കർത്താവ് ഉപമകളിലൂടെ ദൈവീക സത്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി എല്ലാ കുട്ടികൾക്കുമായി  ഒരു പ്രഖ്യാപനം  (Calling) നടത്തുകയാണ് എന്ന് ചിന്തിക്കുക.അദ്ദേഹം ഒരു പുതിയ കോഴ്സും പുതിയ കോളേജും തുടങ്ങുവാൻ പോകുന്നു ആർക്കും അതിൽ സൗജന്യമായി പ്രവേശനം  ( Free Entrance as Gift )    ലഭിക്കും.  എന്നാൽ ആ സൗജന്യ ദാനം സ്വീകരിച്ചു ആ കോഴ്സിൽ ചേരുന്നവർക്കു ( Condition – Receiving the offered free gift )   വിദ്യാഭ്യാസ മന്ത്രി തുടർ പഠനത്തിന് പ്രത്യേക സ്കോളർഷിപ്പ് കൊടുക്കുവാൻ തിരഞ്ഞെടുക്കുകയും  ( Election )   അവരെ  താൻ പുതുതായി തുടങ്ങാൻ പോകുന്ന സ്ഥാപനത്തിൻറെ മാനേജരായി മുൻനിയമിക്കുകയും  ( Predestine )  ചെയ്യന്നു.

(ശ്രദ്ധിക്കുക ഇദ്ദേഹം ഇത് പ്രഖ്യാപിക്കുമ്പോൾ കോളേജ്, കോഴ്സ്, സ്ഥാപനം എന്നിവ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. കോളജിനു അടിസ്‌ഥാനം പോലും ഇടുന്നതിനു മുൻപാണ് ഈ പ്രഖാപനം / The announcement is made   before the Foundation of Collage)

ഇനി ഒരുവൻ ആ സ്ഥാപനത്തിൻറെ മാനേജരായി എങ്കിൽ, വിദ്യാഭ്യാസ മന്ത്രിക്കു പറയുവാൻ കഴിയും, നിങ്ങൾ, വർഷങ്ങൾക്ക് മുമ്പേയുള്ള എൻ്റെ തീരുമാനത്തിൽ, (calling, Election, Predestination) ആണ് നിങ്ങൾ ഇപ്പോൾ മാനേജർ ആയിരിക്കുന്നതെന്ന്. ആ വ്യക്തി പറയും, ഞാൻ സ്കുളിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ, പ്രഖ്യാപനം സ്വീകരിച്ചതുകൊണ്ടാണ്, മന്ത്രിയുടെ മുൻനിയമന പ്രകാരം (Predestine) ആ പോസ്റ്റിൽ ഞാൻ മാനേജർ ആയി നിയമിതനായെന്ന്.

ഈ ഉദാഹരണം ദൈവിക വിളിയെയും തിരഞ്ഞെടുപ്പിനെയും മുൻനിയമനത്തിനെയും മനസ്സിലാക്കാൻ ഒരു പരിധിവരെ സാധിക്കുമെങ്കിലും, മനുഷ്യന് ദൈവത്തെ പോലെ മുൻഅറിവില്ലാത്തതിനാൽ   പരിമിതമായ ഉദാഹരണം ആണ്. 

ഇനി നമുക്ക് ദൈവവചനത്തിലെ വിളിയും തിരഞ്ഞെടുപ്പിനെയും മുൻനിയമനത്തിനെയും പറ്റി ചിന്തിക്കാം.

ദൈവം ലോക സ്ഥാപനത്തിന് മുമ്പേ ഒരുകാര്യം പ്രഖ്യാപിക്കുകയാണ് (calling) . അത് ഇപ്രകാരം ആണ്.  തൻറെ പുത്രനായ യേശു ക്രിസ്തു സർവ്വലോകത്തിന്റെയും പാപപരിഹാരമായി അറുക്കപ്പെട്ടു. മാനസാന്തരപ്പെട്ടു, അവനിൽ വിശ്വസിക്കുക, (Condition)  വിശ്വസിക്കുന്നവർക്കു നിത്യജീവൻ സൗജന്യമായി (gift)  ലഭിക്കുകയും,  നീതികരിക്കപ്പെടുകയും ചെയ്യും. അങ്ങനെ നീതികരിക്കപെടുന്നവരെ,  ദൈവം തെരഞ്ഞെടുത്ത്‌  (Election)  തൻറെ പുത്രൻറെ സ്വരൂപത്തോടു അനുരൂപർ ആകുവാൻ മുൻനിയമിക്കുകയും (Predestine)  ചെയ്തിരിക്കുന്നു

മുൻ പറഞ്ഞ മാനുഷീക ഉദാഹരണത്തിൽ നിന്ന് വ്യത്യസ്ഥമായി, ദൈവം കലാതീതനും സമയാതീതനും ആണ്. ആരംഭത്തിൽ തന്നെ അവസാനം അറിയുന്നവനും, ആദിയും അന്തവും ആണ്. ദൈവത്തിന് ലോക സ്ഥാപനത്തിന് മുൻപേ ചെയ്തു കഴിഞ്ഞു  എന്നു പറയാൻ കഴിയും. മാത്രമല്ല, ആരൊക്കെ ദൈവീക പദ്ധതിയാൽ എത്തിച്ചേരുമെന്നും മുന്നമേ അറിയാൻ സാധിക്കും.

എന്നാല്‍ ഇവിടെ വിശദമാക്കുവാൻ ആഗ്രഹിക്കുന്ന വിഷയം;  നിത്യതയുമായി ബന്ധപ്പെട്ട ഈ തിരഞ്ഞെടുപ്പ്   ;  നിരുപാധികം ( unconditional)  അല്ല എന്നതാണ്. മുകളിൽ വിവരിച്ച ഉദാഹരണത്തിലെ പോലെ മാനേജറാകുന്നത് സൗജന്യമായാണെങ്കിലും, നിരുപാധികമല്ല, കാരണം, ആ കോഴ്സിൽ ചേരുന്നവർക്കേ പദ്ധതിയിൽ ഭാഗഭാക്കാകാൻ പറ്റുകയുള്ളു.

ദൈവം ഒരു ലോട്ടറി എടുക്കുന്നത് പോലെ; ഒരു കൂട്ടം ചീട്ടിൽ നിന്നും ഒന്ന്  നറുക്കെടുപ്പ് പോലെ;  പരമാധികാരത്തിൽ ഒരുകൂട്ടം ജനത്തിൽ നിന്നും കുറെ പേരേ നിത്യതയിലേക്കും  ബാക്കിയുള്ളവരെ നരകത്തിലേക്കും നിരുപാധികം ആയി  ആയി തിരഞ്ഞെടുക്കുക അല്ല. മറിച്ച് പിതാവായ  ദൈവത്തിൻറെ തിരഞ്ഞെടുപ്പ് തന്‍റെ പുത്രനായ ക്രിസ്തുവിലുള്ള വിശ്വാസത്തിന് അടിസ്ഥാനത്തിലാണ്. ശ്രദ്ധിക്കുക മനുഷ്യൻറെ യോഗ്യതയോ പ്രവർത്തിയോ നോക്കിയല്ല എന്നാൽ ദൈവീക വിളിയോട് പ്രതികരിക്കുന്ന മനുഷ്യൻറെ വിശ്വാസത്തിനെ   അടിസ്ഥാനപ്പെടുത്തി മാത്രമാണ് ദൈവിക തിരഞ്ഞെടുപ്പ്.

ഇത്രയും  കേട്ടുകഴിയുമ്പോൾ സ്വാഭാവികമായും നിങ്ങളുടെ  മനസ്സിൽ ഉയരുന്ന ഒരു ചോദ്യം ഇപ്രകാരമായിരിക്കും; ഇങ്ങനെയാണ്  ദൈവിക വിളിയും തിരഞ്ഞെടുപ്പും എന്ന് ബൈബിൾ പഠിപ്പിക്കുന്നുണ്ടോ?

ഉണ്ട്, അടുത്തതായി നമുക്ക്  ദൈവീക  വിളിയും തിരഞ്ഞെടുപ്പും ഇത്തരത്തിലാണോ എന്ന് ദൈവ വചനത്തിൽ നിന്നു, കർത്താവിൻ്റെ വാക്കുകളിൽ നിന്നും   തന്നെ നമുക്ക് തുടർന്ന് പരിശോധിക്കാം.

ദൈവീക വിളിയും തെരഞ്ഞെടുപ്പിനെയും പറ്റി ആദ്യമായും ഏറ്റവും വ്യക്തമായും പുതിയ നിയമത്തിൽ പറയുന്നത് യേശുക്രിസ്തുവാണ്.  അതിനാൽ ആ കര്ത്താവിന്റെ വാക്കുകള്‍ ഈ വിഷയത്തില്‍ വളരെ പ്രസക്തമാണ്.

കർത്താവ് ഇത് തെളിയിച്ചത് മാനുഷികമായ ഒരു ഉപമയിൽ കൂടിയാണ്. അതിൽ കൂടിയാണ് നാം യഥാർത്ഥത്തിൽ  ഈ വിഷയം മനസ്സിലാക്കേണ്ടത്. അത് നമുക്ക് തുടർന്ന് ചിന്തിക്കാം.

വിവാഹ വിരുന്നിന്റെ ഉപമ

1യേശു പിന്നെയും ഉപമകളിലൂടെ അവരോട് പ്രസ്താവിച്ചതെന്തെന്നാൽ: 2സ്വർഗ്ഗരാജ്യം തന്റെ പുത്രന് വേണ്ടി കല്യാണസദ്യ ഒരുക്കിയ ഒരു രാജാവിനോടു സദൃശം.

3അവൻ കല്യാണത്തിന് ക്ഷണിച്ചവരെ വിളിക്കേണ്ടതിന് ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല.4പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്റെ വിരുന്ന് ഒരുക്കിത്തീർന്നു, എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണവിരുന്നിന് വരുവിൻ എന്നു ക്ഷണിച്ചവരോട് പറയിച്ചു.

5എന്നാൽ അവർ അവന്റെ ക്ഷണം ഗൗരവമായി കൂട്ടാക്കിയില്ല ചിലർ തങ്ങളുടെ നിലങ്ങളിലേക്കും മറ്റുചിലർ തങ്ങളുടെ വ്യാപാരസ്ഥലങ്ങളിലേയ്ക്കും പൊയ്ക്കളഞ്ഞു.6ശേഷമുള്ളവർ അവന്റെ ദാസന്മാരെ പിടിച്ച് അപമാനിച്ചു കൊന്നുകളഞ്ഞു.

7രാജാവ് കോപിച്ചു സൈന്യങ്ങളെ അയച്ച് ആ കുലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു.

8പിന്നെ അവൻ ദാസന്മാരോട്: കല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല.9ആകയാൽ പെരുവഴികൾ ചേരുന്ന ഇടങ്ങളിൽ ചെന്ന് കാണുന്നവരെ ഒക്കെയും കല്യാണത്തിന് വിളിപ്പിൻ എന്നു പറഞ്ഞു.

10ആ ദാസന്മാർ പെരുവഴികളിൽ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു.

11വിരുന്നുകാരെ നോക്കുവാൻ രാജാവ് അകത്തുവന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ട്: 12സ്നേഹിതാ, നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തുവന്നത് എങ്ങനെ എന്നു ചോദിച്ചു. എന്നാൽ അവന് ഉത്തരം മുട്ടിപ്പോയി.

13രാജാവ് തന്റെ ദാസന്മാരോട്: ഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.

14 വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം

 

പുതിയ നിയമത്തിൽ ആദ്യമായി വിളിയെയും, തിരഞ്ഞെടുപ്പിനെയും പറ്റി പരാമർശിക്കുന്നത് ഇവിടെയാണ്.

ഈ ഉപമയുടെ  പശ്ചാത്തലം  യഹൂദയിലേക്ക് കർത്താവ് വരുന്നതും അവർ കർത്താവിനെ വിളിയെ നിരസിക്കുന്നതും  കർത്താവ് തുടർന്ന് ജാതികളെ വിളിക്കുന്നതുമാണ്.

എന്നാൽ അത്  വിശദീകരിക്കുമ്പോൾ നിത്യതയിലേക്കുള്ള തെരഞ്ഞെടുപ്പിനെയും നിത്യനാശത്തിലേക്കുള്ള തള്ളിക്കളയലിനെയും  പറ്റി  കർത്താവ് വിശദീകരിക്കുന്നു.

ഇനി നമുക്ക് ഉപമയുടെ വിശദീകരണതിലേക്ക് പോകാം.  ഇവിടെ മാനസാന്തരപ്പെട്ട് കർത്താവിൽ വിശ്വസിക്കുവാൻ ഉള്ള വിളി അഥവാ കല്യാണ സദ്യക്കുള്ള വിളി ആദ്യം ഉണ്ടാകുന്നത് യഹൂദരിലേക്കു  (ക്ഷണിക്കപ്പെട്ടവർ ) ആണ്. അവർ അത് നിരസിക്കുമ്പോൾ ആ ക്ഷണം    ജാതികളിലേക്കും ( പെരുവഴികളിൽ ഉണ്ടായിരുന്ന ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം) പോകുന്നു.

അതായത് ദൈവത്തിൻറെ മാനസാന്തരപ്പെട്ട് കർത്താവിൽ വിശ്വസിക്കുവാൻ ഉള്ള വിളി എന്നത്  എല്ലാവരോടും ആണ് . എല്ലായിടത്തും ഉള്ള എല്ലാവരും മാനസാന്തരപ്പെടുക ദൈവം കൽപ്പിക്കുന്നു

പ്രവർത്തികൾ 17: 30 എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം അവഗണിച്ചിട്ട് ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടണമെന്ന് മനുഷ്യരോടു കല്പിക്കുന്നു

അതിനു കാരണം യേശുക്രിസ്തു എല്ലാവർക്കും വേണ്ടി മരിച്ചു എന്നുള്ളതാണ്.

എന്നാൽ  കല്യാണ സദ്യയിലേക്കു  കടക്കുവാൻ ഒരു വ്യവസ്ഥ ( condition)   ഉണ്ട്.  തങ്ങളുടെ  വസ്ത്രം;  അതു നല്ലതോ ചീത്തയോ എന്നത് വിഷയമല്ല, അത് ഉപേക്ഷിച്ച്,  രാജാവ് കൊടുക്കുന്ന സൗജന്യമായ  കല്യാണവസ്ത്രം ധരിക്കണം. അതുമായി മാത്രമേ കല്യാണ സദ്യയിലേക്കു പ്രവേശിക്കുവാൻ കഴിയുകയുള്ളു

എന്നാൽ അവിടെ ഒരുവൻ കല്യാണവസ്ത്രം സ്വീകരിക്കുവാനും ധരിക്കുവാനും തയ്യാറായില്ല എന്ന് നാം കാണുന്നതാണ്. എന്താണതിന് കാരണം?

അതിനു കാരണം രാജാവ് അവനുള്ള കല്യാണ വസ്ത്രം ഒരുക്കാത്തതല്ല. അങ്ങനെയാണ് എങ്കിൽ  , നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തുവന്നത് എങ്ങനെ  എന്ന ചോദ്യത്തിന് തന്നെ പ്രസക്തി ഇല്ല. അവനു ഉത്തരം മുട്ടുകയും ഇല്ല

സ്വാഭാവികമായും തൻറെ വസ്ത്രം അത്ര മോശമല്ല അതുകൊണ്ടുതന്നെ രാജാവിൻറെ പുത്രനെ കല്യാണസദ്യക്ക് പങ്കെടുക്കുവാൻ യോഗ്യമായ വസ്ത്രം ആണ് തന്റേതു എന്ന് ആ വ്യക്തി കരുതിയിരിക്കാം. രാജാവ് വിളിച്ച;   പെരുവഴികളിൽ ഉണ്ടായിരുന്ന ഒരു 'നല്ലവൻ' ആയിരിക്കാം അത്. അതിനാൽ തൻ്റെ ' നല്ല വസ്ത്രം' ഉപേക്ഷിക്കാനും രാജാവ് വാഗ്ദാനം ചെയ്ത കല്യാണ വസ്ത്രം ധരിക്കാനും ആ വ്യക്തി തയ്യാർ ആയില്ല.

എന്നാൽ നമ്മുടെ എത്ര നല്ല വസ്ത്രവും കറപുരണ്ട തുണിപോലെ ആണ് എന്നും അതുമായി ദൈവസന്നിധിയിൽ പ്രവേശിക്കാൻ കഴിയുകയില്ല എന്ന് ദൈവവചനം പഠിപ്പിക്കുന്നു.

അതുകൊണ്ടുതന്നെ പലപ്പോഴും പാപികൾ മാനസാന്തരപ്പെട്ടു തങ്ങളുടെ വസ്ത്രം ഉപേക്ഷിച്ച് കർത്താവിന്റെ നീതിവസ്ത്രം സ്വീകരിക്കുമ്പോൾ. 'നല്ലവർ' പലരും തങ്ങളുടെ 'നല്ല' വസ്ത്രം ഉപേക്ഷിക്കാൻ തയ്യാറാവാതെ ഇരിക്കുകയും അതിനാൽ കർത്താവിൻറെ നീതിയുടെ വസ്ത്രം സ്വീകരിക്കാൻ കഴിയാതെ ഇരിക്കുകയും ചെയ്യുന്നു

പലപ്പോഴും നാം നമ്മുടെ പാപവഴികളിൽ നിന്നും മനസാന്തരപ്പെടാൻ തയ്യാർ ആണ്, എന്നാൽ നമുക്ക് തന്നെ നല്ലതായി തോന്നുന്ന ‘നല്ല വഴികളിൽ’ നിന്നും മനസാന്തരപ്പെടാൻ തയ്യാർ അല്ല. അതിനാൽ പല ' നീതിമാന്മാർക്കും' ദൈവീക നീതിവസ്ത്രം ധരിക്കുവാനും, ദൈവാരാജ്യത്തിലേക്കു പ്രവേശിക്കുവാനും കഴിയുന്നില്ല.

അതിനാൽ ആണ് കർത്താവു പറഞ്ഞത് ഞാൻ നീതിമാന്മാരെ അല്ല, പാപികളെ ആണ് മനസാന്തരത്തിനു വിളിക്കുവാൻ വന്നത് എന്ന് പറഞ്ഞത്

മത്തായി 9: 12 യേശു അതു കേട്ടാറെ: “ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല.  ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതു” എന്നു പറഞ്ഞു

നമ്മുടെ പ്രധാന വിഷയത്തിലേക്ക് (വിളി, തിരഞ്ഞെടുപ്പ്, മുന്‍നിയമനം)  മടങ്ങിവരാം.

ഈ ഉപമയിൽ പുത്രന്റെ കല്യാണസദ്യയിലേക്കു ഉള്ള രാജാവിൻറെ വിളി (Calling ) അനേകർക്ക്‌  ഉള്ളതായിരുന്നു എങ്കിൽ; തിരഞ്ഞെടുക്കപ്പെടുന്നത്  ( Election ) ചുരുക്കം പേരാണ്. ആരാണ് ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം (Elected few) ആളുകൾ?

രാജാവ് തിരഞ്ഞെടുക്കുന്ന, അഥവാ തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം പേർ എന്നത് തങ്ങളുടെ വസ്ത്രം ഉപേക്ഷിച്ച് രാജാവ് കൊടുത്ത കല്യാണവസ്ത്രം ഹൃദയപൂർവ്വം സ്വീകരിച്ചവരാണ്. അവരെയാണ് രാജാവ് പുത്രന്റേ കല്യാണത്തിന്റെ സന്തോഷത്തിലേക്കു മുൻനിയമിച്ചതു.

ശ്രദ്ധിക്കുക ; ആദ്യ  ഉദാഹരണത്തിൽ ചിന്തിച്ചത് പോലെ ഇവിടെയും  തിരഞ്ഞെടുപ്പ്   നിരുപാധികം ( unconditional)  അല്ല മറിച്ച് തങ്ങളുടെ വസ്ത്രം ഉപേക്ഷിച്ചു,  പുത്രന്റെ കല്യാണ വസ്ത്രം സ്വീകരിക്കുന്നതിന്റെ  അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ് നടന്നത്.

ദൈവം ലോക സ്ഥാപനത്തിന് മുൻപേ ചിലരെ സ്വർഗ്ഗത്തിലേക്ക് നിരുപാധികം (unconditional) ആയി തെരഞ്ഞെടുക്കുകയും ചിലരെ നിത്യ നരകത്തിലേക്ക് നിരുപാധികം ( unconditional) തെരഞ്ഞെടുക്കുകയും ചെയ്യുന്നു എന്ന് ബൈബിൾ ഒരിടത്തും പഠിപ്പിക്കുന്നില്ല.സർവ്വ ലോകത്തിനും വേണ്ടി  മറുവിലയായ   ക്രിസ്തുവിൻ്റെ ക്രൂശു മരണത്തിലൂടെ  ലോകത്തിലെ എല്ലാവര്ക്കും വേണ്ടി ( നല്ലവർക്കും ദുഷ്ടന്മാർക്കും വേണ്ടി ) കല്യാണ സദ്യ ഒരുക്കി.  എല്ലാവരെയും ദൈവം പുത്രന്റെ കല്യാണ സദ്യയിലേക്കു സൗജന്യമായി ക്ഷണിക്കുന്നു.

ദൈവിക വിളിയോട് പ്രതികരിച്ച് മാനസാന്തരപ്പെട്ടു വിശ്വസിക്കുന്നവരെ , അഥവാ    തങ്ങളുടെ വസ്ത്രം ഉപേക്ഷിച്ചു കർത്താവിൻറെ നീതിയുടെ വസ്ത്രം സ്വീകരിക്കുന്നവരെ  ആണ് ദൈവം തെരഞ്ഞെടുക്കുന്നത്. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവരെ ദൈവം തൻറെ പുത്രന്റെ കല്യാണസദ്യയുടെ  സന്തോഷത്തിലേക്ക് കടക്കുവാൻ മുൻ നിയമിക്കുകയാണ് ചെയ്തത്.

1യോഹന്നാൻ 2: 2, സർവ്വലോകത്തിന്റെ പാപത്തിനു വേണ്ടി പ്രായശ്ചിത്തമായി, ഈ സദ്യയിലേക്ക് സകലജനത്തേയും, ദൈവത്തിൻ്റെ സ്ഥാനാപതികളായി (2 കൊരി 5:20) ക്ഷണിക്കുന്നതാണ് ലോകത്തോടുളള സുവിശേഷം . ഈ ക്ഷണം സ്വീകരിക്കുവാനും നിരസ്സിക്കുവാനും കഴിവുള്ള മനുഷ്യനെ, ചിലർ വ്യാഖ്യാനിക്കുന്നതു പോലെ യന്ത്രമനുഷ്യനായല്ല ദൈവം സ്യഷ്ടിച്ചിരിക്കുന്നത്. ക്ഷണം സ്വീകരിക്കുന്നവരുടെ പാപങ്ങള്‍ നീക്കപ്പെടുന്നു, അവൻ നീതീകരിക്കപ്പെടുന്നു, അഥവാ അവന്റെ പഴയ വസ്ത്രം നീക്കപ്പെടുന്നു, പുത്രന്റെ കല്യാണ വസ്ത്രം അവനെ ധരിപ്പിക്കുന്നു

എന്നാൽ കാല, സമയ  പരിമിതികളിൽ ഒതുങ്ങാത്തവൻ ആയ,  കാലാതീതതും, നിത്യനുമായ  ദൈവത്തിനു തൻറെ മുൻ അറിവിൽ ലോക സ്ഥാപനത്തിന് മുൻപേ ദൈവത്തിന് ആര് തൻ്റെ  പുത്രന്റെ  നീതി വസ്ത്രം സ്വീകരിക്കാൻ തയ്യാറാകും എന്ന് അറിയുവാൻ കഴിയും.

അതിനാൽ ആണ് ദൈവം നമ്മെ തന്‍റെ  മുന്നറിവിൽ തിരഞ്ഞെടുത്തു എന്നും, ലോകസ്ഥാപനത്തിനു മുൻപേ ക്രിസ്തുവിൽ തിരഞ്ഞെടുത്തു എന്നും, പുത്രന്റെ സ്വരൂപതോട് അനുരൂപര്‍ ആകുവാന്‍ മുന്നിയമിച്ചു എന്നും പറയുന്നത്. പറയുന്നത്   1 പത്രോസ് 1 :2,  എഫെസ്യർ 1:4, റോമർ 8:29

ചുരുക്കത്തിൽ, കല്യാണ സദ്യയിൽ പ്രവേശിച്ച വ്യക്തി പറയും "ഒരു യോഗ്യതയും ഇല്ലാത്ത എന്നെ വിളിച്ചു,  കല്യാണവസ്ത്രം സൗജന്യമായി തന്നു  എന്നെ തിരഞ്ഞെടുത്തു ഈ സന്തോഷത്തിലേക്ക് മുൻനിയമിക്കുകയും  ചെയ്തിരിക്കുന്നു,  കൃപയാൽ കല്യാണ സദ്യയിൽ ആയിരിക്കുന്നു" എന്നും, രാജാവ് പറയും, "ഞാൻ നിന്നെ ലോക സ്ഥാപനത്തിന് മുമ്പ് ഈ   കല്യാണസദ്യയിലേക്ക് തിരഞ്ഞെടുക്കുകയും ഈ സന്തോഷത്തിലേക്ക് മുൻനിയമിക്കുകയും  ചെയ്തിരിക്കുന്നു" എന്നും.  ഈ രണ്ടു പ്രസ്താവനകളും പൂർണ്ണമായും ശരിയാണ്.

അതുപോലെ, കരച്ചിലും, പല്ലുകടിയുമുള്ള സ്ഥലത്ത് എത്തിയ വ്യക്തി പറയും, തനിക്കു സൗജന്യമായി തന്ന കല്യാണ വസ്ത്രം തള്ളിക്കളഞ്ഞതിനാൽ ആണ് അവിടെ എത്തിയത് എന്നായിരിക്കും. അതുകൊണ്ടാണ് തനിക്ക് ഉത്തരം മുട്ടിപ്പോയത്.

മത്തായി 25 : 41 പറയുന്നത് നരകം പിശാചിനും, അവന്‍റെ ദൂതന്മാർക്കും വേണ്ടി മുന്നൊരുക്കിയതാണ്, സ്വർഗ്ഗം മനുഷ്യർക്ക് വേണ്ടിയുമാണ്. എന്നാൽ ദൈവത്തിൻ്റെ വിളിയെ നിരസിക്കുന്നവര്‍, കല്യാണ വസ്ത്രം നിരസിക്കുന്നവര്‍ സ്വാഭാവികമായി അവര്‍ തന്നെ തിരഞ്ഞെടുത്ത നരകത്തില്‍ എത്തിച്ചേരുകയാണ്.

യോഹന്നാൻ 3:16-19 വരെ കാണുന്നത്, ന്യായവിധിക്കു കാരണം ദൈവം അവനെ ന്യായവിധിക്കായി   മുനിയമിച്ചതു കൊണ്ടല്ല, പകരം അവൻ ഇരുളിനെ ( പഴയ വസ്ത്രത്തെ )  സ്നേഹിച്ചു ദൈവപുത്രനിൽ   വിശ്വസിക്കാതെ വെളിച്ചത്തെ (  നീതിവസ്ത്രത്തെ ) നിരസിച്ചതാണ്.

നാം കണ്ടത് പോലെ വിളി, തിരഞ്ഞെടുപ്പ്, മുൻനിയമനം എന്നീ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചു കൊണ്ടാണ് ഇത്തരത്തിൽ ഉള്ള ദൈവവചന വിരുദ്ധ ഉപദേശങ്ങൾ സ്ഥാപിക്കുന്നത്, എങ്കിലും ബൈബിൾ ഒരു വാക്യത്തിൽ പോലും ഇത്തരം ഉപദേശം പഠിപ്പിക്കുന്നില്ല.