കൈവെപ്പും പൗരോഹിത്യ പിന്തുടർച്ചയും - മറുപടി
#"കൈവെപ്പും പൗരോഹിത്യ പിന്തുടർച്ചയും" ശ്രീ barek mor സഹോദരന്‍റെ ലേഖനത്തിനു മറുപടി#
ഹെബ്രായ ലേഖനം ആറാം അധ്യായവുമായി ബന്ധപ്പെട്ട "കൈവെപ്പും പൗരോഹിത്യ പിന്തുടർച്ചയും" എന്ന ഒരു ലേഖനം ഞാൻ എഴുതിയിരുന്നു. അതിനുള്ള മറുപടിയായി barek mor എന്ന പേജിൽ ഒരു മാന്യ സഹോദരൻ വിശദമായ മറുപടി
എഴുതുകയുണ്ടായി. ലേഖനത്തിന്‍റെയും മറുപടിയുടെയും ലിങ്ക് ഇവിടെ കൊടുക്കുന്നു
https://www.facebook.com/jinu.ninan/posts/3579845275376627
https://www.facebook.com/baarek.mor/posts/115940550180744
ആദ്യമായി എന്‍റെ ലേഖനത്തിന് മാന്യമായും സഭ്യമായും മറുപടി എഴുതിയ സഹോദരന് നന്ദി പറയുന്നു ക്രിസ്തീയ സഭകൾ തമ്മിൽ പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും ഉള്ള ആശയ സംവാദങ്ങളും പരസ്പരമുള്ള ചർച്ചകളും ഉണ്ടാകണമെന്നും അതുവഴി പരസ്പരം പഠിക്കുവാനും തിരുത്തുവാനും കഴിയണമെന്നാണ് എന്‍റെ ബോധ്യം
ഞാൻ എഴുതിയ ലേഖനത്തിലെ ഒരു തെറ്റ് അദ്ദേഹം ചൂണ്ടി കാണിച്ചത് അംഗീകരിക്കുന്നു.അദ്ദേഹം എഴുതിയ ചില കാര്യങ്ങളിൽ യോജിക്കുന്നു. ചില കാര്യങ്ങളിൽ ദൈവവചനത്തിന്‍റെ അടിസ്ഥാനത്തിൽ വിയോജിക്കുന്നു.ഈ കാര്യങ്ങൾ തുടർന്ന് വിശദീകരിക്കുന്നതാണ്
ഒന്നമതായി എന്‍റെ ലേഖനത്തിൽ എഴുതിയിരുന്നത് പൗരോഹിത്യ സഭകൾ പഠിപ്പിക്കുന്നത് ‘ലേവ്യ പൗരോഹിത്യം സക്കരിയവിൽ കൂടി യോഹന്നാൻ സ്നാപകനു ലഭിച്ചുവെന്നും, യോഹന്നാൻ സ്നാപകന്‍റെ കൈവെപ്പോട് കൂടി അത് യേശുക്രിസ്തുവിനെ ലഭിച്ചുവെന്നും, യേശുക്രിസ്തുവിന്‍റെ കൈവെപ്പിനാൽ അത് 12 ശിഷ്യന്മാർക്കും ആ ശിഷ്യന്മാരിൽ നിന്നും ഇന്നുള്ള പൗരോഹിത്യ സഭകളിലെ പുരോഹിതന്മാർക്ക് പൌരോഹിത്വം ലഭിച്ചു എന്നുമാണ്’ എന്നാണ്
എന്നാൽ ആ രീതിയിലല്ല പൗരോഹിത്യ സഭകൾ അതിനെ വിശദീകരിക്കുന്നത് എന്ന് അദ്ദേഹം ലേഖനത്തില്‍ പറഞ്ഞു. ആ തിരുത്തലിനു നന്ദി പറയുന്നു,
യഥാർത്ഥത്തിൽ ഏതെങ്കിലും പൗരസ്ത്യ സഭകളുടെ വ്യക്തികളുമായി ആ വിഷയത്തെപ്പറ്റി സംസാരിച്ചു അവരുടെ വ്യാഖ്യാനം കേട്ടതിനു ശേഷം അല്ല ഞാന്‍ അത് എഴുതിയത്.
Barek mor സഹോദരന്‍ എഴുതിയത് പൗരോഹിത്യ സഭകളുടെ വ്യാഖ്യാനം ഇപ്രകാരമാണ് എന്നാണ്….
“ദൈവമായ കർത്താവ് മോശക്കും അഹരോനും സ്‌കാരിയാവിനും, യോഹന്നാനും യിസ്രായേൽ ജനത്തെ മേയിച്ചു പരിപാലിച്ചു നടത്തുവാൻ പരിശുദ്ധത്മാവിനാൽ നൽകപ്പെട്ട ആചാര്യത്വ നൽവര ശുശ്രൂഷ (പൗരോഹിത്യം,പ്രവചനം) അവരിൽനിന്നും പുത്രനിൽ വന്നു സമ്മേളിക്കുന്ന മനോഹര കാഴ്ചയാണ് കർത്താവായ യേശുമശിഹയുടെ സ്നാന സമയത്ത് കാണുവാൻ കഴിയുന്നത്.
നമ്മുടെ കർത്താവായ യേശുമശിഹ അത് നിവർത്തിച്ചപ്പോൾ ആചാര്യത്വ നൽവരത്തിന് (രാജകീയ പൗരോഹിത്യം, പ്രവചനം) സമ്പൂർണത വന്നുചേർന്നു.
പിന്നീട് സകല നീതിയും നിവർത്തികയാകേണ്ടതിന് ദൈവം മോശയെയും അഹരോനെയും സ്കറിയയെയും യോഹന്നാനെയും അഭിഷേകം ചെയ്തത്പോലെഅതെ പിന്തുടർച്ചയിൽ നമ്മുടെ കർത്താവായ യേശു മിശിഹ യോഹന്നാൻ മംദാനയാൽ പരസ്യമായി സ്നാനമേൽക്കുമ്പോൾ പരിശുദ്ധാത്മാവിനാൽ നിറയപ്പെടുകയും, യോഹന്നാൻ സ്നാപകൻ ചെയ്തിരുന്ന ആചാര്യത്വ ശുശ്രൂഷ തുടരുന്നതും കാണുവാൻ സാധിക്കും (Matthew 3:16, Matthew 4 :12-17 )”
എന്നാൽ തിരുവെഴുത്ത് വെളിച്ചത്തിൽ ഈ വ്യാഖ്യാനത്തോടും വിയോജിക്കുന്നു. അതിനുള്ള കാരണങ്ങൾ താഴെ എഴുതുന്നു
ദൈവമായ കർത്താവ് മോശക്കും അഹരോനും സ്‌കാരിയാവിനും, യോഹന്നാനും നല്‍കിയ ആചാര്യ അഭിഷേകം അതെ പിന്തുടർച്ചയിൽ ക്രിസ്തുവില്‍ സ്നാന സമയത്ത് വന്നു ചേരുന്നു അവിടെനിന്ന് ക്രിസ്തുവിന്‍റെ മല്‍ക്കിസദേക്കിന്‍റെ പ്രകാരമുള്ള പൗരോഹിത്യം ആരംഭിക്കുന്നു എന്നാണ് അദ്ദേഹം വിശദീകരിച്ചത്
.
എന്നാൽ ദൈവവചനം പറയുന്നത് യേശുക്രിസ്തുവിന്‍റെ ആചാര്യ അഭിഷേകം അഥവാ പൌരോഹിത്വം യോഹന്നാൻ സ്നാനം ഏൽക്കുമ്പോൾ ആരംഭിക്കുന്നു എന്നല്ല മറിച്ച് അത് നിത്യമാണ് എന്നാണ്.
ക്രിസ്തു നിത്യപുരോഹിതൻ ആണ് എന്ന് ദൈവ വചനം വ്യക്തമാക്കുന്നു ക്രിസ്തു എന്ന പേരിന്‍റെ അർത്ഥം തന്നെ ‘അഭിഷിക്തൻ’ എന്നാണ് അതായത് ക്രിസ്തുവിന്‍റെ രാജാവ് പുരോഹിതൻ പ്രവാചകൻ എന്ന ആചാര്യ അഭിഷേകം ഏതെങ്കിലും സമയത്ത് ആരംഭിച്ചത് അല്ല മറിച്ച് നിത്യമാണ് എന്നാണ് ദൈവ വചനം പഠിപ്പിക്കുന്നത്. സങ്കീർത്തനങ്ങൾ 110:4 എബ്രായർ 7:3
അതിനാൽ ക്രിസ്തുവിന്‍റെ പൗരോഹിത്യം യോഹന്നാൻ സ്നാപകന്‍റെ കൈ കീഴിൽ സ്നാനം ഏറ്റപ്പോൾ ആരംഭിച്ചു എന്ന വാദത്തെ ( അങ്ങനെയാണ് താങ്കൾ പറയുന്നത് എന്നാണ് മനസ്സിലായത്, അല്ലെങ്കിൽ ദയവായി തിരുത്തുക) ദൈവവചനപ്രകാരം അംഗീകരിക്കാൻ കഴിയില്ല
രണ്ടാമത്തെ കാരണം യേശുക്രിസ്തുവിനെ പൗരോഹിത്യം മല്‍ക്കിസദേക്കിന്‍റെ ക്രമപ്രകാരമുള്ള പൗരോഹിത്യമാണ്. അത് ലേവ്യ പൗരോഹിത്യത്തെക്കാള്‍ മുൻപുള്ളതും ഉന്നതവുമായ പൗരോഹിത്യമാണ്. ഇത് ഹെബ്രായ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
എബ്രായർ 7 : 6 എന്നാൽ മൽക്കീസേദെക്ക് ലേവിയുടെ വംശാവലിയിൽ ഉൾപ്പെടാത്തവൻ ആണെങ്കിലും അബ്രഹാമിനോട് ദശാംശം വാങ്ങിയും ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ പ്രാപിച്ചവനെ അനുഗ്രഹിച്ചുമിരിക്കുന്നു. 7ഉയർന്നവൻ താണവനെ അനുഗ്രഹിക്കുന്നു എന്നതിന് തർക്കം ഏതുമില്ലല്ലോ
അബ്രഹമില്‍ നിന്നും ദശാംശം സ്വീകരിച്ചത് കൂടാതെ ലേവിയുടെ പൂർവ്വികനായ അബ്രാഹമിനെ മൽക്കീസേദെക്ക് അനുഗ്രഹിച്ചു. ഈ രണ്ടു സംഭവങ്ങളും തെളിയിക്കുന്നത് മല്‍ക്കിസദേക്കിന്‍റെ പുരോഹിത്വം ലേവ്യ പൗരോഹിത്വത്തേക്കാൾ മുന്‍പിലത്തെതായിരുന്നു എന്ന് മാത്രമല്ല ഉയർന്നതുമായിരുന്നു എന്നതാണ്
അതായത് ലേവ്യ പുരോഹിതനു മല്‍ക്കിസദേക്കിന്‍റെ ക്രമപ്രകാരമുള്ള പുരോഹിതനെ അഭിഷേകം ചെയ്യുവാനും അനുഗ്രഹം പകരുവാനും കഴിയുകയില്ല കാരണം ഉയർന്നവനാണ് താണവനെ അനുഗ്രഹിക്കുന്നത്
മൂന്നാമതായി ലേവ്യ പൗരോഹിത്യം നിലനിൽക്കുമ്പോൾ മല്‍ക്കിസദേക്കിന്‍റെ ക്രമപ്രകാരമുള്ള പൗരോഹിത്യ ശുശ്രൂഷ തുടങ്ങുവാൻ കർത്താവിനു കഴിയുകയില്ല.
ക്രിസ്തു നിത്യപുരോഹിതൻ ആണെങ്കിലും തന്‍റെ മഹാപുരോഹിത ശുശ്രൂഷ താൻ ചെയ്യുന്നത് സ്വർഗ്ഗത്തിൽ ദൈവത്തിന്‍റെ വലതു ഭാഗത്താണ് എന്ന് ദൈവവചനം വ്യക്തമാക്കുന്നു.
എബ്രായർ 8: 4 അവിടുന്നു ഭൂമിയിലായിരുന്നെങ്കിൽ ഒരിക്കലും ഒരു പുരോഹിതന്‍ ആകുമായിരുന്നില്ല, ന്യായപ്രമാണം അനുസരിച്ച് വഴിപാടുകൾ അർപ്പിക്കുന്ന പുരോഹിതന്മാർ ഇവിടെയുണ്ടല്ലോ;
പഴയ ഉടമ്പടിയും ലേവ്യ പൗരോഹിത്യവും നീക്കപ്പെട്ടതിനു ശേഷം മാത്രമേ പുതിയ ഉടമ്പടിയും മൽക്കീസേദെക്കിന്‍റെ ക്രമത്തിൽ ഉള്ള പൌരോഹിത്യ ശുശ്രൂഷയും ആരംഭിക്കാൻ കഴിയുകയുളൂ. യേശുക്രിസ്തുവിന്‍റെ മരണത്തിൽ ആണ് പഴയതു നീക്കപ്പെടുകയും, തന്‍റെ രക്തത്താല്‍ പുതിയത് സ്ഥാപിക്കപ്പെടുകയും ചെയ്യുന്നത്. പഴയ നിയമ ഉടമ്പടിയും, ലേവ്യ പൗരോഹിത്യവും യേശുവിൽ കൂടി വരാൻ പോകുന്ന യാഥാർത്ഥ്യത്തിൻ്റെ നിഴലുകളായിരുന്നു.യാഥാർത്ഥ്യങ്ങൾ വരുന്നതുവരെ മാത്രമേ നിഴലുകൾക്കു പ്രസക്തിയുളൂ
തന്‍റെ മരണത്തോടെ തന്‍റെ ദേഹം എന്ന തിരശീല ക്രിസ്തു ചിന്തി ഒരു പുതിയ ഉടമ്പടി സ്ഥാപിച്ചു. അപ്പോൾ ദൈവം ദേവാലയ തിരശീല കീറിക്കൊണ്ടു സംപൂര്‍ന്നത വരുതാത്തെയിരുന്ന പഴയ ഉടമ്പടിയും, ലേവ്യ പുരോഹിത്യവും എന്നെന്നേക്കുമായി അവസാനിപ്പിച്ചു. അപ്പോഴാണ് ക്രിസ്തു മൽക്കിസെദേക്കിന്‍റെ ക്രമപ്രകാരമുള്ള, എന്നേക്കും ഇരിക്കുന്ന ക്രിസ്തുവിന്‍റെ മഹാപുരോഹിത ശുശ്രൂഷ ആരംഭിക്കുന്നത്
എബ്രായർ 7:11 ഇസ്രായേൽജനത്തിന് ദൈവം നൽകിയ ന്യായപ്രമാണത്തെ അടിസ്ഥാനമാക്കിയുള്ള ലേവ്യാപൗരോഹിത്യത്താൽ ഉദ്ദേശിച്ച സമ്പൂർണത കൈവരുമായിരുന്നെങ്കിൽ, ലേവിയുടെയും അഹരോന്റെയും പൗരോഹിത്യക്രമത്തിനു പുറമെനിന്ന് മൽക്കീസേദെക്കിന്റെ ക്രമപ്രകാരം ഒരു പൗരോഹിത്യം സ്ഥാപിക്കേണ്ടതിന്റെ ആവശ്യം ഉണ്ടായിരുന്നോ? പൗരോഹിത്യത്തിനു മാറ്റം വരുമ്പോൾ ന്യായപ്രമാണത്തിനും മാറ്റം വരണം
എബ്രായർ 8 :13 അവിടന്ന് ഈ ഉടമ്പടിയെ “പുതിയത്” എന്നു വിളിക്കുന്നതിലൂടെ ആദ്യത്തേതിനു സാംഗത്യമില്ലാത്തതായിത്തീർന്നു എന്നു പ്രഖ്യാപിക്കുകയാണ്. കാലഹരണപ്പെട്ടതും പഴഞ്ചനും ആയതൊക്കെ അതിവേഗം അപ്രത്യക്ഷമാകും
ഈ കാരണം കൊണ്ടും കാലഹരണപ്പെടെണ്ട ലേവ്യാ പൗരോഹിത്യം നിലനിൽക്കുമ്പോൾ ലേവ്യ പൗരോഹിത്യത്തിൽ ഉള്ള ഒരുവന് യേശുക്രിസ്തുവിനു പൗരോഹിത്യ അഭിഷേകം നൽകുവാൻ കഴിയുകയില്ല.
നാലാമതായി യേശുക്രിസ്തു മൽക്കീസേദെക്കിന്‍റെ ക്രമപ്രകാരമുള്ള
പൗരോഹിത്യം പ്രാപിച്ചത് മാനുഷികമായ പിന്തുടർച്ച നിയമം പ്രകാരം അല്ല പകരം പരിശുദ്ധാത്മ ശക്തിയാൽ ആണ് എന്ന് തിരുവെഴുത്തു പറയുന്നു.ആ പരിശുദ്ധാത്മാവാണ് ക്രിസ്തുവിനെ മരണത്തിൽ നിന്നും ഉയർത്തെഴുന്നേൽപ്പിന് കൊണ്ട് ആ പൗരോഹിത്യത്തെ ഉറപ്പിച്ചത്.
ഇതിനെപ്പറ്റി Barek mor സഹോദരൻ പറയുന്നത് പഴയനിയമത്തിൽ മോശയെയും, അഹരോനെയും, സഖരിയാവിനേയും, യോഹന്നാനെയും നിറച്ച അതേ പരിശുദ്ധാത്മാവാണ് ക്രിസ്തുയേശുവിലും പിന്നീട് അപ്പോസ്തലന്മാരിലും ഉണ്ടായിരുന്നതു എന്നാണ്.
അതിനോട് പൂർണ്ണമായും യോജിക്കുന്നു. അദ്ദേഹം പറഞ്ഞത് പോലെ ദൈവമാണ് മോശയെയും, അഹരോനെയും, സഖരിയാവിനേയും, യോഹന്നാനെയും “അതേ പരിശുദ്ധാത്മാവിനാൽ“ നിറച്ചത്.
എന്നാൽ പഴയ നിയമ വിശുധന്മാര്‍ക്കുണ്ടായിരുന്ന പരിശുദ്ധാത്മ നിറവിനും അഥവാ അഭിഷേകത്തിനും, ക്രിസ്തുവിനുണ്ടായിരുന്നതും തന്‍റെ മരണത്തിന് ശേഷം അവനിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന പരിശുദ്ധാത്മാഭിഷേകത്തിനും തമ്മിൽ വളരെ വ്യത്യാസമുണ്ട് എന്ന് വളരെ വ്യക്തമായി കര്‍ത്താവ് തന്നെ പറയുന്നു
യോഹന്നാൻ 7: 38 എന്നിൽ വിശ്വസിക്കുന്നവരുടെ ഉള്ളിൽനിന്ന്, തിരുവെഴുത്തിൽ പറയുന്നതുപോലെ, ജീവജലത്തിന്റെ നദികൾ ഒഴുകും.”
തന്നിൽ വിശ്വസിക്കുന്നവർക്കു പിന്നീടു ലഭിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ് യേശു ഇവിടെ സംസാരിച്ചത്. യേശു തേജസ്കരിക്കപ്പെട്ടിട്ടില്ലായിരുന്നതുകൊണ്ട് അതുവരെയും ആത്മാവ് വന്നിരുന്നില്ല.
യോഹന്നാൻ 14: 16ഞാൻ പിതാവിനോട് അപേക്ഷിക്കുകയും നിങ്ങളോടുകൂടെ എന്നേക്കും ഇരിക്കേണ്ടതിന് അവിടന്ന് നിങ്ങൾക്കു സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ നൽകുകയുംചെയ്യും
യോഹന്നാൻ 16 :7 ഞാൻ പോകാതിരുന്നാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാലോ, അദ്ദേഹത്തെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും
ഈ വാക്യങ്ങളിൽ നിന്ന് സുവ്യക്തമായ ഒരു കാര്യമുണ്ട് പരിശുദ്ധാത്മാവിന്‍റെ കാര്യസ്ഥന്‍ എന്ന നിലയിലെ നിത്യമായ വാസം; അഥവാ അഭിഷേകം ക്രിസ്തുവിന്‍റെ പുനരുദ്ധാരണത്തിന് ശേഷം തികച്ചും വ്യത്യസ്തമാണ്.രണ്ടു കാര്യങ്ങളില്‍ ആണ് ആ വ്യത്യസ്തത.
ഒന്ന് പഴയ നിയമത്തില്‍ ചിലര്‍ക്ക് മാത്രമായിരുന്നു പരിശുദ്ധാത്മാവിനെ ലഭിച്ചത് എങ്കില്‍.എങ്കില്‍ കര്‍ത്താവിന്‍റെ മരണ പുനരുദ്ധാരണത്തിന് ശേഷം വിശ്വസിക്കുന്ന എല്ലാവര്‍ക്കുമാണ്.
രണ്ടു പഴയ നിയമത്തില്‍ പരിശുദ്ധാത്മാവിന്‍റെ വാസം നിത്യമായി ആയിരുന്നില്ല, എന്നാല്‍ കർത്താവിന്‍റെ പുനരുദ്ധാരണത്തിന് അതിനുശേഷം പരിശുദ്ധാത്മാവ് കാര്യസ്ഥനായി ഉള്ളില്‍ ഉള്ളിൽ ഇരിക്കുന്നത് നിത്യമായാണ്.
ഈ അഭിഷേകം ആണ് കർത്താവ് ഉയർത്തെഴുന്നേറ്റ ശേഷം 12 അപ്പോസ്തലന്മാക്കും പിന്നീട് മാളികമുറിയിൽ 120 പേർക്കും അതിനുശേഷം തന്നിൽ വിശ്വസിക്കുന്ന എല്ലാവർക്കും കൊടുക്കുന്നത്.
പുതിയ നിയമത്തില്‍ ഈ അഭിഷേകം കുറച്ചുപേർക്ക് മാത്രമുള്ളതല്ല തന്നിൽ വിശ്വസിക്കുന്ന എല്ലാവർക്കും ഉള്ളതാണ്. പഴയനിയമത്തിൽ ആഹരോന്‍റെ തലയിൽ അഭിഷേകതൈലം ഒഴിക്കുമ്പോൾ അത് ശരീരത്തിലേക്ക് പകരപ്പെടുന്നത് പോലെ വിശ്വാസത്താൽ നാം ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ അവയവം ആകുമ്പോൾ ക്രിസ്തു എന്ന് തലയിൽ ഉള്ള അഭിഷേകം ആ ശരീരത്തിന് മുഴുവൻ ലഭിക്കുന്നു. (അഭിഷേകം രക്ഷിക്കപ്പെട്ടതിനുശേഷം രണ്ടാമത് ലഭിക്കുന്ന അനുഭവം ആണെന്നുള്ള ക്ലാസിക്കൽ പെന്തക്കോസ്ത് ഉപദേശത്തില്‍ നിന്ന് വ്യത്യസ്തമാണ് ഇതിൽ എന്ന ബോധ്യം. )
ഈ അഭിഷേകത്താൽ ആണ് തന്നിൽ വിശ്വസിക്കുന്ന എല്ലാവരും പുരോഹിതന്മാർ ആകുന്നത്.
2. കൊരിന്ത്യർ 1 21 ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ.
1. യോഹന്നാൻ 2 :20 നിങ്ങളോ പരിശുദ്ധനാൽ അഭിഷേകം പ്രാപിച്ചു സകലവും അറിയുന്നു
1. യോഹന്നാൻ 2 :27 അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു
ഇവിടെയൊക്കെ " നിങ്ങൾ " എന്ന് പറയുമ്പോൾ അത് രക്ഷിക്കപ്പെട്ട എല്ലാവരെയും ആണ് എന്ന് വ്യക്തമാണല്ലോ
യേശുക്രിസ്തു എന്ന മഹാപുരോഹിതനും തന്നിൽ വിശ്വസിക്കുന്ന എല്ലാവരും പുരോഹിതന്മാരും, യേശുക്രിസ്തു ജീവനുള്ള മൂലക്കല്ല് നാമെല്ലാവരും അവനില്‍ നിന്ന് ജീവന്‍ പ്രാപിച്ച ജീവനുള്ള കല്ലുകൾ, യേശുക്രിസ്തു മൂത്ത സഹോദരൻ നാമെല്ലാം തമ്മിൽ തമ്മിൽ സഹോദരന്മാരും
ചുരുക്കത്തിൽ പുതിയ ഉടമ്പടിയിൽ പൗരോഹിത്യം എന്നത് മഹാപുരോഹിതനായ കർത്താവിൽ നിന്നും അഭിഷേകം അഥവാ പരിശുദ്ധാത്മാവിനെ അഥവാ തന്‍റെ ജീവനെ പ്രാപിച്ച എല്ലാവർക്കും ഉള്ളതാണ്.അത് പൗരോഹിത്യ അഭിഷേകം ആണ് അതിനാൽ തന്നെ ഒരു വ്യത്യാസവും ഇല്ലാതെ ദൈവമക്കള്‍ എല്ലാവരും പുരോഹിതന്മാരാണ്
എന്നാൽ എവിടെയാണ് വ്യത്യാസം ഉള്ളത്?? അത് ശുശ്രൂഷയില്‍ ആണ്. അതും ദൈവവചനം സുവ്യക്തമായി പറയുന്നു. കർത്താവോ ശിഷ്യന്മാരോ എല്ലാവരെയും ശുശ്രൂഷ ഏൽപ്പിച്ച ഇല്ല എന്ന കാര്യത്തിലും Barek mor സഹോദരനോടു ഞാന്‍ യോജിക്കുന്നു.
എഫെസ്യർ 4 ചിലരെ അവിടുന്ന് അപ്പോസ്തോലന്മാരായും മറ്റു ചിലരെ പ്രവാചകന്മാരായും വേറെ ചിലരെ സുവിശേഷ പ്രസംഗകരായും ആത്മീയ ഇടയന്മാരായും ഗുരുക്കന്മാരായും നിയമിച്ചു.
അതിനാല്‍ ദൈവവചന പ്രകാരം എല്ലാ ദൈവമക്കളും എല്ലാവരും പുരോഹിതന്മാരാണ് എങ്കിലും എല്ലാവർക്കും ഒരുപോലെ ശുശ്രൂഷ ഇല്ല. എല്ലാവർക്കും ദൈവീക നിയമനമില്ല. എന്നാൽ ശുശ്രൂഷയും പൗരോഹിത്യവും വ്യത്യാസം ഉള്ളതാണ്.
ദൈവീക ശുശ്രൂഷാ നിയമനത്തിൽ ഉള്ളതാണ് ‘ഇടയൻ’ എന്ന നിയമനം. അതായത് എല്ലാവരും പുരോഹിതന്മാരാണ് എങ്കിലും അതിൽ നിന്ന് ചിലരെ മാത്രമാണ് ഇടയ ശുശ്രൂഷയിൽ നിയമനം ഏൽപ്പിക്കുന്നത്
അത് തിരഞ്ഞെടുക്കപ്പെട്ട വിശ്വസ്ത മനുഷ്യരാണ്; തീർച്ചയായും അവരെ ആ ശുശ്രൂഷയ്ക്കു കൈ വെച്ച് തന്നെയാണ് സഭ വേർതിരിച്ചത്.അത് ഞാൻ ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു എന്നാൽ അത് പുരോഹിതൻ ആകുവാനുള്ള കൈവച്ചുള്ള വേർതിരിക്കൽ അല്ല എന്നാണ് ഞാൻ പറഞ്ഞത്
ഈയൊരു കാര്യത്തിൽ ആണ് നമ്മൾ പറയുന്നതില്‍ വ്യത്യാസമുള്ളത് താങ്കൾ തിരഞ്ഞെടുക്കപ്പെട്ട ചിലർക്ക് മാത്രം ഉള്ള ശുശ്രൂഷയെ പ്രത്യേകിച്ച് ഇടയ ശുശ്രൂഷയെ പുതിയ നിയമപൗരോഹിത്യം എന്നു വ്യാഖ്യാനിക്കുന്നു. എന്നാൽ ഇടയ ശുശ്രൂഷയെ പുരോഹിത ശുശ്രൂഷ ആയിട്ടോ,പുതിയ നിയമ പൗരോഹിത്യം എന്നത് തിരഞ്ഞെടുക്കപ്പെട്ട ചിലർക്ക് ആണ് എന്നോ ഒരു വാക്യം പോലും പുതിയനിയമത്തിൽ കാണാൻ കഴിയില്ല. മറിച്ച് എല്ലാവരും പുരോഹിതന്മാരാണ് എന്ന് വ്യക്തമാക്കുന്ന അനേക വാക്യങ്ങള്‍ ഉണ്ട്, ( 1 പത്രൊസ് 2: 5, 9, 8, വെളിപാട് 1:6 വെളിപാട് 20:6)
അതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ശുശ്രൂഷകൻ ആണ് ഇടയൻ.
ഇടയനെ തന്നെ മൂപ്പൻ അധ്യക്ഷൻ എന്നീ വ്യത്യസ്ത വ്യത്യസ്ത വാക്കുകളിൽ ദൈവവചനം പരിചയപ്പെടുത്തുന്നു.. എന്നാല്‍ ഇവ മൂന്നും മൂന്നു വ്യത്യസ്ത ശ്രേണിയിലുള്ള പദവികൾ അല്ല ഒരേ വ്യക്തിയുടെ തന്നെ വിവിധ ശുശ്രൂഷകൾ ആണ് അവരാണ് സഭയെ പരിപാലിക്കുന്ന അജപാലകർ.
ഇതുവരെ പറഞ്ഞ കാര്യങ്ങളെ ചുരുക്കമായി വിവരിക്കാം ഒന്ന് യേശുക്രിസ്തുവിനെ പൗരോഹിത്യം ലേവ്യ പൗരോഹിത്യത്തിന്റെ പൂർത്തീകരണമോ ദൈവമായ കർത്താവ് മോശക്കും അഹരോനും സ്‌കാരിയാവിനും, യോഹന്നാനും നല്‍കിയ അഭിഷേകം അതെ പിന്തുടർച്ചയിൽ ക്രിസ്തുവില്‍ സ്നാന സമയത്ത് വന്നു ചേരുന്നതോ അല്ല പകരം അതിനു മുന്പെയുള്ളതും, ഉന്നതമയതും നിത്യമായതു താണ്.
യേശുവില്‍ നിന്നുള്ള പൗരോഹിത്യം തന്നിൽ വിശ്വസിക്കുന്ന എല്ലാവർക്കും ലഭിക്കുന്നു; എന്നാൽ അവരിൽ നിന്ന് ദൈവം ചിലരെ മാത്രം ശിശ്രൂഷയ്ക്കായി വേര്‍തിരിക്കുന്നു.
അതിലെ ഒരു പ്രധാന ശുശ്രൂഷയാണ് ഇടയ ശുശ്രൂഷ അവരെ സഭ കൈ വെച്ച് തന്നെയാണ് വേര്‍തിരിക്കുന്നത്
എന്നാൽ ആ കൈവെപ്പ് പൗരോഹിത്യ പിന്തുടര്‍ച്ചക്കുള്ള കൈവപ്പു അല്ല മറിച്ച് പ്രാദേശിക സഭ സഭയിലെ ശുശ്രൂഷകനെ വേർതിരിക്കുന്ന കൈവപ്പാണ്.
ഒരിക്കൽ കൂടി താങ്കളുടെ മറുപടിക്കു നന്ദി പറയുന്നു. നാം തമ്മിൽ വ്യത്യസ്ത വീക്ഷണം ആണെങ്കിലും താങ്കൾ വചനം ഗൗരവമായി പഠിക്കുന്ന വ്യക്തിയാണ് എന്ന് എഴുത്തുകളിൽ നിന്നും മനസിലാക്കുന്നു. അതിനാൽ തുടർന്നും പരസ്പരം പഠിക്കാം . ദൈവം അനുഗ്രഹിക്കട്ടെ