Articles

തെറ്റിക്കൂടാത്ത മാനുഷിക ദൈവശാസ്ത്ര സിദ്ധാന്തങ്ങളും തെറ്റില്ലാത്ത ആത്മീക നേതാക്കളും

Date Added : 19-11-2020

ചോദ്യം:  മാനുഷിക  ദൈവശാസ്ത്ര സിദ്ധാന്തങ്ങൾ പരിപൂർണ്ണമായും  ശരിയാണ് എന്ന ധാരണയിൽ ദൈവവചനവുമായി ഒത്തുനോക്കാതെ  പിന്തുടരുന്നതും, ആത്മീക നേതാക്കളെ  തെറ്റിക്കൂടാത്ത മാതൃകയായി പിന്തുടരുന്നതും ശരിയയായ കാര്യമാണോ?

 

ഉത്തരം: ആദ്യമായി മാനുഷിക  ദൈവശാസ്ത്ര സിദ്ധാന്തങ്ങൾ പരിപൂർണ്ണമായും  ശരിയാണ് എന്ന ധാരണയിൽ ദൈവവചനവുമായി ഒത്തുനോക്കാതെ  പിന്തുടരുന്നതു ശരിയാണോ എന്ന് പരിശോധിക്കാം 

നവീകരണ കാലഘട്ടത്തിനു മുൻപും ശേഷവും  ശേഷം ദൈവസഭയിൽ പലതരത്തിലുള്ള സിദ്ധാന്തങ്ങൾ അഥവാ 'ഇസങ്ങൾ' കടന്നു വന്നു. പ്രത്യക്ഷത്തിൽ ഇത്തരം ഇസങ്ങൾ കുഴപ്പമില്ല എന്ന് തോന്നുമെങ്കിലും ഇത്തരം മാനുഷിക സിദ്ധാന്തങ്ങളുടെ പ്രധാന പ്രശ്നം അവ ദൈവവചനത്തിലെ ഒരു സത്യത്തെ തീവ്രമായി ഊന്നല്‍ കൊടുക്കുയും  , അതെ പോലെ തന്നെ വേറൊരു സത്യത്തെ തള്ളിക്കളയുകയും ചെയ്തു കൊണ്ടാണ് സ്ഥാപിക്കുകയും ചെയ്യുന്നത്  എന്നതാണ്

 

ഒരു പഠന വിഷയം എന്ന നിലയിൽ ഇത്തരം ഇസങ്ങളെ ദൈവവചനത്തിൻ്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നതും, അതിലെ ശരിയായ വശങ്ങൾ പിന്തുടരുകയും ചെയ്യുന്നത് നല്ല കാര്യമാണ് എങ്കിലും, ഇത്തരം  ദൈവശാസ്ത്ര സിദ്ധാന്തങ്ങൾ പരിപൂർണ്ണമായും  ശരിയാണ് എന്ന ധാരണയിൽ പിന്തുടരുന്നതു ഒരിക്കലും  അഭിലഷണീയം അല്ല.

 

ഒരു ദൈവദാസൻ പറഞ്ഞത് പോലെ ഇത്തരം ഇസങ്ങളുടെ എല്ലാം പൊതു സ്വഭാവം നോക്കിയാൽ  ഇതിനെയെല്ലാം പൊതുവായി  'പെൻഡുലമിസം ' എന്ന് പേര് വിളിക്കാം . ഒരു ക്ലോക്കിലെ പെൻഡുലം പോലെ അങ്ങേയറ്റത്തുള്ള ഒരു ഭാഗത്തേക്ക് പോകുന്ന ഉപദേശങ്ങൾ ആണ് ഇവ.ചുരുക്കത്തിൽ ദൈവവചനം വച്ചിരിക്കുന്ന അതിരിൽ നിൽക്കാതെ അതിര് കടന്നു ഒരു ഭാഗത്തേക്ക് മാത്രം  പോകുന്ന മാനുഷിക സിദ്ധാന്തങ്ങൾ ആണ് ഇവ.

 

ഇത്തരം ഇസങ്ങളുടെ അടിസ്ഥാനത്തിൽ ദൈവവചനം പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നവർക്ക്, അതിൻ്റെ വക്താക്കൾ ആകുന്നവർക്കു,ദൈവവചനത്തിലെ, അവർ വിശ്വസിക്കുന്നതിനു വിപരീതമായ ചില വ്യക്തമായ സത്യങ്ങളെ അംഗീകരിക്കാൻ കഴിയില്ല, അതിനാൽ അവർ അത്തരം സത്യങ്ങളെ കണ്ടില്ല എന്ന് നടിക്കുകയോ, അവഗണിക്കുകയോ, തങ്ങളുടെ ഇസങ്ങൾ തെളിയിക്കാൻ വേണ്ടി ആ വാക്യങ്ങളെ തങ്ങളുടെ സിദ്ധാന്തങ്ങൾക്ക് അനുകൂലമായി  ദുർവ്യാഖ്യാനം ചെയ്യുകയോ ചെയ്യുന്നു.

 

യഥാർത്ഥത്തിൽ ഒന്നാം നൂറ്റാണ്ടു മുതൽ തന്നെ ഇത്തരം 'ഇസങ്ങൾ' സഭയിൽ കടന്നിരുന്നു എന്ന് ദൈവവചനം പഠിച്ചാൽ കാണുവാൻ കഴിയും, ഏതെങ്കിലും വ്യക്തിയെ തെറ്റ് പറ്റാത്തവനായി  ഉയർത്തിക്കാണിക്കുകയും, ആ വ്യക്തി പറയുന്നത് എല്ലാം തന്നെ തെറ്റ് പറ്റാത്തത് ആണെന്നുള്ള തെറ്റിദ്ധാരണയിൽ അദ്ദേഹത്തിൻ്റെ ഉപദേശങ്ങളെ അന്ധമായി പിന്തുടരുകയും ആണ് ഇതിൻ്റെ അടിസ്ഥാനം.

 

എന്നാൽ ഇത് ജഡീകതയുടെ മറ്റൊരു രൂപം ആണ് എന്നാണ് ദൈവവചനം നമുക്ക് മുന്നറിയിപ്പ് തരുന്നത്..

 

1 കൊരിന്ത്യർ 3 :4  ജഡീക മനുഷ്യർ ജീവിക്കുന്നതുപോലെയാണ് ഇപ്പോഴും നിങ്ങൾ ജീവിക്കുന്നത്. ........4നിങ്ങൾ കേവലം ജഡീക മനുഷ്യരായതുകൊണ്ടല്ലേ നിങ്ങളിൽ ഒരാൾ “ഞാൻ പൗലൊസിനെ അനുഗമിക്കുന്നു” എന്നും, മറ്റൊരാൾ “ഞാൻ അപ്പൊല്ലോസിനെ അനുഗമിക്കുന്നു” എന്നും പറയുന്നത്?

 

അതായത് ഒന്നാം നൂറ്റാണ്ടിൽ 'പൗലോസിസം' അല്ലെങ്കിൽ " പത്രോസിസം" ഞാൻ പിന്തുടരുന്നു എന്ന് ഒരുവൻ പറഞ്ഞാൽ അങ്ങനെയുള്ളവർ ജഡീകർ ആണ് എന്നാണ് പൗലോസ് പറയുന്നത്. കാരണം പൗലോസ് ഏതുമല്ലാത്തവനാണ്, തെറ്റ് പറ്റാവുന്നവനാണ്, എന്നാൽ ദൈവാത്മാവിനാൽ എഴുതപ്പെട്ട ദൈവവചനം തെറ്റില്ലാത്തതും , അതിനാണ്   വില കല്പിക്കേണ്ടത് എന്നുമാണ്  പൗലോസ് പഠിപ്പിക്കുന്നത്.

 

1 കൊരിന്ത്യർ 3 :5 അപ്പൊല്ലോസ് ആരാണ്? പൗലൊസ് ആരാണ്? നിങ്ങളെ വിശ്വാസത്തിലേക്കു നയിച്ച ദൈവത്തിന്റെ ദാസന്മാർ മാത്രമാകുന്നു ഞങ്ങൾ. കർത്താവ് ഏല്പിച്ച ജോലി ഓരോരുത്തനും ചെയ്യുന്നു. ഞാൻ നട്ടു; 6അപ്പൊല്ലോസ് നനച്ചു; എന്നാൽ വളർച്ച നല്‌കിയത് ദൈവമാണ്. 7നടുന്നവനും നനയ്‍ക്കുന്നവനും ഏതുമില്ല; വളർച്ച നല്‌കിയ ദൈവത്തിനാണു വില കല്പിക്കേണ്ടത്

 

തിരുവെഴുത്തു രചിക്കുവാൻ ദൈവം ഉപയോഗിച്ച അപ്പോസ്തോലന്മാർ പോലും മനുഷ്യർ ആണ് എന്നും , അതിനാൽ  മനുഷ്യരിലും, മാനുഷിക സിദ്ധാന്തങ്ങളിലും പ്രശംസിക്കുന്നത് ഭോഷത്വമാണ് എന്നും തിരുവെഴുത്തു പറയുന്നു 

 

1 കൊരിന്ത്യർ 3: 19 -22  ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്തമത്രേ.“അവൻ ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു” എന്നും “കർത്താവു ജ്ഞാനികളുടെ വിചാരം വ്യർഥം എന്നറിയുന്നു.”എന്നും എഴുതിയിരിക്കുന്നുവല്ലോ ആകയാൽ ആരും മനുഷ്യരിൽ പ്രശംസിക്കരുത്; സകലവും നിങ്ങൾക്കുള്ളതല്ലോ. പൗലൊസോ, അപ്പൊല്ലോസോ, കേഫാവോ, ലോകമോ, ജീവനോ, മരണമോ, ഇപ്പോഴുള്ളതോ, വരുവാനുള്ളതോ സകലവും നിങ്ങൾക്കുള്ളത്. 

 

ഇതേ കാരണം കൊണ്ട് തന്നെയാണ്, പൗലോസ് ദൈവാത്മാവിനാൽ പഠിപ്പിച്ച, ദൈവവചനത്തിനു അനുസൃതമായ ഉപദേശത്തിൽ നിന്നും താൻ പിന്നീട്  വിഭിന്നമായി പഠിപ്പിച്ചാൽ താൻ തന്നെ ശപിക്കപ്പെട്ടവൻ എന്ന് പൗലോസ് പറയുന്നത്.

 

ഗലാത്യര്‍ 1: 8 എന്നാൽ ഞങ്ങൾ നിങ്ങളോടു പ്രസംഗിച്ചതിൽനിന്നു വ്യത്യസ്തമായ ഒരു സുവിശേഷം നിങ്ങളോടു പ്രസംഗിക്കുന്നത് ഞങ്ങൾ തന്നെ ആയാലും ........ ആയാലും ശപിക്കപ്പെട്ടവൻ ആകുന്നു

 

ചുരുക്കത്തിൽ   ഇത്തരം ഇസങ്ങളേയോയോ, അതിൻ്റെ  സ്ഥാപകരെയോ, അവരുടെ ഉപദേശങ്ങളെയോ  പൂർണ്ണമായും പിന്തുടരുന്നത് ആത്മീകം ആണ് എന്ന് പലർക്കും  തോന്നുമെങ്കിലും അത് ജഡീകതയുടെ, ആത്മീക ശൈശവാവസ്ഥയുടെ  ഒരു ലക്ഷണമാണ്  എന്നാണ് ഈ വാക്യങ്ങളിൽ വ്യക്തമാകുന്നത്.

 

ഒന്നാം  നൂറ്റാണ്ടിലെ  കൊരിന്ത്യയരുടെ ' പൗലോസിന്റെ ഉപദേശം പിന്തുടരുന്നു, അപ്പൊല്ലോസിന്റെ ഉപദേശം പിന്തുടരുന്നു, പത്രോസിന്റെ ഉപദേശം പിന്തുടരുന്നു' എന്ന് പറയുന്ന ആത്മീക ശൈശവാവസ്ഥയുടെ, അഥവാ ജഡീകത്വത്തിന്റെ വേറൊരു രൂപമാണ്  ഇന്ന്  'ഞങ്ങൾ കാൽവിന്റെ ഉപദേശം പിന്തുടരുന്നു' എന്നും, 'ഞങ്ങൾ അര്മേനിയസിന്റെ ഉപദേശം പിന്തുടരുന്നു', ഞങ്ങൾ ലൂതറിന്റെ , അഗസ്റ്റിന്റെ ...ഉപദേശം പിന്തുടരുന്നു  എന്നും  പലരും  പറയുന്നതു, അതിൽ പ്രശംസിക്കുന്നത്.

 

അടുത്ത കാലത്തു കേട്ട വളരെ വിചിത്രമായ ഒരു കാര്യമാണ്, നിങ്ങൾ ഈ ഏതെങ്കിലും ഇസങ്ങൾ  ('കാൽവിനിസമോ, അർമേനിയനിസമോ തുടങ്ങിയവ .... )  വിശ്വസിക്കുന്നവരല്ല എങ്കിൽ നിങ്ങൾ യഥാർത്ഥ വിശ്വാസികൾ അല്ല' എന്നത്. അത്ര മാത്രം ഇത്തരം ഇസങ്ങൾ ക്രിസ്തീയ സമൂഹത്തിൽ സ്ഥാനം ചെലുത്തിയിരുന്നു. അനേക ആത്മീക നേതാക്കളും, ദൈവവചനത്തിൻ്റെ പ്രചാരകർ ആകുന്നതിനു പകരം ഇത്തരം ഇസങ്ങളുടെ പ്രചാരകർ ആയിരിക്കുന്നു.

 

ദൈവവചനത്തെ മാനുഷിക വ്യവസ്ഥാപിത  ദൈവശാസ്ത്ര സിദ്ധാന്തങ്ങളുടെ കുപ്പിയിൽ ഒതുക്കുന്നതിനെ  കുറിച്ച്,  ഔക്ക ഗോത്ര വർഗ്ഗക്കാരാൽ കർത്താവിനു വേണ്ടി രക്തസാക്ഷിയായ ജിം എലിയട്ട് എന്ന ദൈവദാസൻ്റെ  വാക്കുകൾ ഇപ്രകാരമാണ്.

 

Systematic theology - be careful how you tie down the Word to fit your set and final creeds, systems, dogmas, and organized theistic philosophies! The Word of God is not bound! It's free to say what it will to the individual, and no one can outline it into dispensations which cannot be broken.-  Jim Eliott 

 

അടുത്തത്  ആത്മീക നേതാക്കളെ  തെറ്റിക്കൂടാത്ത മാതൃകയായി കണ്ടു കൊണ്ട് അന്ധമായി പിന്തുടരുന്നതു ശരിയയായ കാര്യമാണോ എന്നതാണ്.

 

ക്രിസ്തുവിനെ പിൻഗമിക്കുന്ന ഒരുവനിൽ ഉണ്ടാകുന്ന  അതിപ്രധാനമായ ലക്ഷണമാണ്, തങ്ങളോട് വചനം  പ്രസംഗിച്ചു  നടത്തിയ  ആത്മീയ നേതാക്കളെ  ഓർക്കുക അവർക്കു കീഴടങ്ങിയിരിക്കുക എന്നത്.

 

വചനം  പ്രസംഗിച്ചു  നടത്തിയവരെ ഓർക്കുക എന്ന് മാത്രമല്ല , അവരുടെ ജീവിതത്തിൻ്റെ സഫലത ഓർത്ത് അവരുടെ വിശ്വാസം അനുകരിക്കുവാനും ഹെബ്രായ  ലേഖകൻ പ്രബോധിപ്പിക്കുന്നു. ക്രിസ്തുവിനെ മാത്രമല്ല , ക്രിസ്തുവിനെ യഥാർത്ഥമായി അനുഗമിക്കുന്ന ആത്മീയ നേതാക്കളുടെ ജീവിതം ശ്രദ്ധിക്കുവാനും അവരുടെ വിശ്വാസം അനുകരിക്കുവാനും ലേഖകൻ ഓർമ്മിപ്പിക്കുന്നു.

 

എബ്രായർ 13:7 നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്ത് അവരുടെ വിശ്വാസം അനുകരിപ്പിൻ

എബ്രായർ 13:17നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ

1 കൊരിന്ത്യർ 11 :1  ഞാൻ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങളും എന്നെ അനുകരിക്കുവിൻ

 

എന്നാൽ മാനുഷിക ദൈവശാസ്ത്ര സിദ്ധാന്തങ്ങളെ  അന്ധമായി പിന്തുടരുന്നത് പോലെ തന്നെയുള്ള  തെറ്റായ  ഒരു  കാര്യമാണ് നാം ഈ ലോകത്തിലെ ഏതെങ്കിലും ആത്മീക നേതാവിനെ ഒരിക്കലും  തെറ്റ് പറ്റാത്ത മാതൃക എന്ന നിലയിലോ, അദ്ദേഹത്തിന്റെ ഉപദേശം തെറ്റ് പറ്റാത്ത ഉപദേശമായോ കണ്ടു കൊണ്ട് അന്ധമായി  പിൻപറ്റുന്നത്. അങ്ങനെ ചെയ്യുമ്പോൾ  നാം വളരെ അപകടകരമായ പാതയിൽ ആണ് യാത്ര ചെയ്യുന്നത്.

 

അതിനു കാരണം ആ നേതാവ് പറയുന്നതും , ചെയ്യുന്നതും എല്ലാം തെറ്റിക്കൂടാത്തവണ്ണം പൂർണ്ണമാണ് എന്ന ധാരണ നമ്മെ ആ നേതാവിനെയും അദ്ദേഹത്തിന്റെ ഉപദേശങ്ങളെയും തിരുവെഴുത്തുമായി പരിശോധിക്കാതെ അന്ധമായി പിന്തുടരുവാനും , ആ നേതാവിന്റെ തെറ്റുകളെ ആവർത്തിക്കുവാനും, പ്രചരിപ്പിക്കുവാനും ഇടയാകും. അങ്ങനെയാണ് കൾട്ട് ഗ്രൂപ്പുകൾ ക്രിസ്തീയ ലോകത്തും, പൊതു ലോകത്തും ഉണ്ടാകുന്നതു.

 

നമുക്ക് ദൈവവചനത്തിൽ നിന്ന് തന്നെ ഇത്തരം ഉദാഹരണങ്ങൾ കാണാൻ കഴിയുന്നതാണ്. യേശുക്രിസ്തു നേരിട്ട് തെരഞ്ഞെടുക്കുകയും സ്വർഗ്ഗ രാജ്യത്തിൻറെ അഥവാ ദൈവസഭയുടെ താക്കോൽ ഏൽപ്പിക്കുകയും ചെയ്തു അപ്പോസ്തലൻ ആണ് പത്രോസ്. മാത്രമല്ല ആദിമസഭയുടെ തൂണുകളിൽ ഒരുവനായി എണ്ണപ്പട്ട അപ്പോസ്തോലനും ആയിരുന്നു പത്രോസ്.എന്നാൽ ഈ പത്രോസിനു സംഭവിച്ച ഗുരുതരമായ ഒരു തെറ്റ് നമുക്ക് ഗലാത്യ ലേഖനത്തിൽ നിന്നും കാണുവാൻ കഴിയും. യഥാർത്ഥത്തിൽ പത്രോസ് കപടം കാണിച്ചു എന്നാണ് ദൈവവചനം രേഖപ്പെടുത്തുന്നത്.( ഗലാത്യർ 2:10 )

 

എന്നാൽ ഒരു പക്ഷെ പത്രോസിനെ തെറ്റുപറ്റികൂടാത്ത അപ്പോസ്തോലൻ എന്ന് കരുതി പിന്തുടർന്നതു വഴിയാകാം കൂടെയുള്ള പല സഹോദരന്മാരും ബർണബാസും വരെ , പത്രോസിന്റെ കപടത്താൽ തെറ്റിപ്പോകുന്നു. എന്നാൽ താരതമ്യേന പുതിയ ശിഷ്യനായ പൗലോസ് പത്രോസിനു തെറ്റിനെ പിന്തുടരാതെ ദൈവവചനപ്രകാരം അതിനോട് എതിർത്തു നിൽക്കുന്നു. അങ്ങനെ ആ തെറ്റായ ഉപദേശം അടുത്ത തലമുറയിലേക്ക് പകരാതെ സത്യ ഉപദേശം നിലനിൽക്കുന്നു. ( ഗലാത്യർ 2:11 -15 )

 

അതുപോലെതന്നെ പൗലോസിൻ്റെ പ്രസംഗങ്ങളെ തിരുവെഴുത്തു വച്ച് അങ്ങനെ തന്നെയാണോ എന്ന് ദിനംപ്രതി ശോധന ചെയ്യുന്ന ബെരോവയിലെ വിശ്വാസികളേ ലൂക്കോസ് ഉത്തമന്മാർ എന്ന് അഭിനന്ദിക്കുന്നു ( അപ്പൊ പ്രവർത്തികൾ :17 :11-21).

 

ഇതെല്ലാം കാണിക്കുന്നത് ദൈവം തെരഞ്ഞെടുത്ത അപ്പോസ്തലന്മാർ പോലും മാനുഷികമായ തെറ്റുകൾ വരുത്തിയവരും ഇനിയും വരുത്താൻ കഴിയുന്നവരും ആണ് എന്നും, ദൈവാത്മാവിനാൽ അവർ എഴുതിയ തിരുവെഴുത്തു മാത്രമാണ് തെറ്റിക്കൂടാത്തത് എന്നുമാണ്. അതിനാൽ നാം ആരെയും, ഒരു ദൈവശാസ്ത്ര സിദ്ധാന്തത്തെയും  അന്ധമായി പിന്തുടരാതെ, എല്ലാം തിരുവെഴുത്തുമായി ശോധന ചയ്തു നല്ലതു മുറുകെ പിടിക്കണം എന്നുമാണ്. അങ്ങനെ ചെയ്യാതെ നാം ഏതു മനുഷ്യനെ പിന്തുടർന്നാലും തെറ്റിപ്പോകാൻ ഉള്ള സാധ്യതയുണ്ടെന്ന് ഓർത്തിരിക്കുക.

 

ഇന്നും അനേക ദുരുപദേശ സംഘടകൾ അവർ തെറ്റിക്കൂടാത്ത നേതാവാണ് എന്ന് വിശ്വസിക്കുന്ന ഒരു നേതാവിനെ പിന്തുടരുന്നവർ ആണ്. പരസ്യമായി അവർ അങ്ങനെ  പറയില്ല എങ്കിലും അവരുടെ എല്ലാ പെരുമാറ്റങ്ങളും , പ്രവർത്തികളിലും അത് പ്രകടമാകും.തങ്ങളുടെ നേതാവിന്റെ ജീവിതം, ഉപദേശം എന്നിവ തുടർച്ചയായി പുകഴ്ത്തുകയും, ഉയർത്തിക്കാണിക്കുകയും, അദ്ദേഹത്തിന്റെ വാക്കുകളെ തിരുവെഴുത്തു  വച്ച് ശോധന ചെയ്യേണ്ടതിനു പകരം തിരുവെഴുത്തിനെപ്പോലെ  തന്നെ ഒരു മാനദണ്ഡമായി ആയി അവർ  പരിഗണിക്കുകയും ചെയ്യും.

 

ആ നേതാവിന് ലഭിച്ച " പ്രത്യേക വെളിപാടുകൾ" ആയിരിക്കും ആ സമൂഹത്തെ  പുൻപോട്ടു നയിക്കുന്നത്. എന്നാൽ അവർ പോലും അറിയാതെ അവർ അന്ധരാധനാ സമൂഹങ്ങൾ ആയി മാറ്റപ്പെടുകയാണ്.

 

ഏതെങ്കിലും മനുഷ്യനെ, ആ വ്യക്തി എത്ര ആത്മീയൻ  ആണെങ്കിലും അദ്ദേഹത്തിൻ്റെ ജീവിതത്തെയും, ഉപദേശത്തെയും അന്ധമായി പിന്തുടരുന്നവർ  തലയായ ക്രിസ്തുവിനെ മുറുകെ പിടിക്കാതെ  ദൂതന്മാരെ, അല്ലെങ്കിൽ സന്ദേശ വാഹകരെ ആരാധിക്കുന്നവർ ആണ് എന്ന് പൗലോസ് കൊലോസ്യ ലേഖനത്തിൽ  മുന്നറിയിപ്പ് തരുന്നു (കൊലൊസ്സ്യർ 2:18) കാലക്രമേണ ഇങ്ങനെയുള്ളവർ ക്രിസ്‌തുവിനെ വിട്ടു മനുഷ്യരെ പിന്തുടരുന്ന അന്ധാരാധനാ സമൂഹങ്ങൾ ആയി തീരും.

 

മനുഷ്യർ എപ്പോഴും, തങ്ങളേക്കാൾ ഉയർന്നവർ എന്ന് തോന്നുന്ന വ്യക്തികളെ ആരാധിക്കുവാൻ, അന്ധമായി  അനുകരിക്കുവാൻ  താല്പര്യം ഉള്ളവർ ആണ്. ഒന്നാം നൂറ്റാണ്ടിൽ തന്നെ  ഇത്തരത്തിൽ ഉള്ള ആളുകൾ ഉണ്ടായിരുന്നതിനാൽ ആണ് . പൗലോസിനെ ആൾക്കാർ , അപ്പൊല്ലോസിന്റെ ആൾക്കാർ  പത്രോസിനെ ആൾക്കാർ എന്നിങ്ങനെ വ്യക്തികളെ  പിന്തുടരുന്നതിൽ അഭിമാനിക്കുന്നവരെ നമുക്ക് കൊരിന്ത്യ സഭയിൽ കാണുവാൻ കഴിയുന്നത്. (1 കൊരിന്ത്യർ 3: 4).

 

അവർ ക്രിസ്തു  എന്ന തലയെ മുറുകെ പിടിക്കേണ്ടത്തിനു പകരം, ക്രിസ്തു എന്ന അടിസ്ഥാനത്തിൽ വിശ്വാസം ഉറപ്പിക്കേണ്ടതിനു പകരം  മനുഷ്യരെ അന്ധമായി അനുകരിക്കുന്ന കൂട്ടർ ആണ്.എന്നാൽ അപ്പോസ്തലനായ പൗലോസ് അവരെ ശക്തമായി വിമർശിക്കുകയും, ഇത്തരത്തിൽ മനുഷ്യരിൽ പ്രശംസിക്കുന്നതു തികഞ്ഞ  ജഡീകതയാണ് എന്ന് പറയുകയും  ക്രിസ്തു എന്ന് അടിസ്ഥാനത്തിൽ ഉറച്ചുനിൽക്കാൻ അവരോടു ആവശ്യപ്പെടുകയും ചെയ്യുന്നു.(1 കൊരിന്ത്യർ 3: 1-10 ).

 

ക്രിസ്തീയ സമൂഹങ്ങളിൽ കാലാകാലങ്ങളിൽ ഉടലെടുത്ത എല്ലാ അന്ധരാരാധന സമൂഹങ്ങളെയും ( കൾട്ട് )  പഠിച്ചാൽ അവയിൽ ഒട്ടു മിക്കതും അവരുടെ നേതാവ് തെറ്റിക്കൂടാത്ത വ്യക്തിയാണ് എന്ന ബോധ്യത്തിൽ ആ നേതാവിനെ അന്ധമായി പിന്തുടരുന്നതിൽ കൂടി ഉണ്ടായവയാണ് എന്ന് നമുക്ക് മനസിലാക്കാം: ചില ഉദാഹരണങ്ങൾ

 

വില്യം ബ്രാൻഹാം ( ബ്രൻഹാമിസം) ജോൺ തോമസ് (ക്രിസ്റ്റഡല്ഫിയൻസ് ), എല്ലൻ ജി വൈറ്റ്  (ശബത് ); ജോസഫ് സ്മിത്ത് ( മോർമോൺസ്), ചാൾസ് റസ്സൽ ( യഹോവ സാക്ഷികൾ ) സൺ മ്യങ് മൂൺ ( യൂണിഫിക്കേഷൻ ) തുടങ്ങി അനേക അന്ധരാധനാ സമൂഹങ്ങൾ...

 

അതിനാൽ നാം എല്ലായ്പ്പോഴും തല അഥവാ ക്രിസ്തുവിനെ മുറുകെപ്പിടിക്കുന്നവരും, തലയിൽ നിന്നുള്ള ജീവനായ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവരും, ഒരു ഏതു ഉപദേശത്തെയും  ഏതു വ്യക്തികളെയും തിരുവെഴുത്ത് പ്രകാരം ശോധന ചെയ്യുകയും, വിവേചിക്കുകയും ചെയ്യുന്നവർ  ആയിരിക്കണം.അല്ലെങ്കിൽ നമ്മുടെ പ്രതിഫലം നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്ന് ദൈവവചനം മുന്നറിയിപ്പ് തരുന്നു (കൊലൊസ്സ്യർ 2:19) .

 

അതിനാൽ നമുക്ക്  മാനുഷിക  ദൈവശാസ്ത്ര സിദ്ധാന്തങ്ങളുടെ അന്ധമായ വക്താക്കളോ, ആത്മീയരായ മാനുഷീക നേതാക്കളെ അന്ധമായി പിന്തുടരുന്നവരൊ    ആകാതെ, തലയായ ക്രിസ്തുവിനെ പിന്തുടരുന്നവരും , ക്രിസ്തുവിൻ്റെ സുവിശേഷത്തിന്റെ വക്താക്കളും ആയിത്തീരാം

 

1 തെസ്സലോനിക്യർ 5: 19ആത്മാവിന്റെ അഗ്നി കെടുത്തിക്കളയരുത്; 20പ്രവചനം നിസ്സാരവൽക്കരിക്കരുത്. 21സകലതും സശ്രദ്ധം പരിശോധിച്ചതിനുശേഷം നല്ലതുമാത്രം അംഗീകരിക്കുക. 22എല്ലാത്തരം തിന്മകളെയും ഉപേക്ഷിക്കുക.

 

കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ

 

ജിനു നൈനാൻ