Articles

പരിമിത യാഗ സിദ്ധാന്തവും, സാർവ്വർത്രിക രക്ഷാ സിദ്ധാന്തവും ദൈവവചന ഉപദേശങ്ങളോ

Date Added : 03-11-2020

ചോദ്യം: ഒരുവന്‍ ക്രിസ്തുവില്‍ ആകുക എന്നത് എന്താണ്, എപ്പോള്‍ ആണ് ഒരുവന്‍ ക്രിസ്തുവിൽ ആകുന്നത്? ക്രിസ്തുവില്‍ ആകുക എന്നതും,  ക്രിസ്തുവിൽ ദൈവം നമ്മെ തിരഞ്ഞെടുക്കുക  എന്നതും തമ്മിലുള്ള വ്യത്യാസം എന്ത്? ലോകസ്ഥാപനത്തിനു മുൻപേ നാം തിരഞ്ഞെടുപ്പിൽ കൂടി ക്രിസ്തുവിൽ ആയി ( ( we are in Christ by election before the foundation of the world) എന്നത് ശരിയായ ഉപദേശമാണോ? യേശുക്രിസ്തുവിൻ്റെ ക്രൂശിലെ യാഗം സർവ്വലോകത്തിനും വേണ്ടിയല്ല, മറിച്ചു  ലോകസ്ഥാപനത്തിനു മുൻപ് തിരഞ്ഞെടുക്കപ്പെട്ട ചിലർക്ക് വേണ്ടി മാത്രമുള്ള പരിമിതമായ യാഗം ( limitted attornement ) ആണ് എന്നുള്ള ഉപദേശം ശരിയാണോ, ?യേശുക്രിസ്തുവിൻ്റെ ക്രൂശിലെ യാഗം സർവ്വലോകത്തിനും വേണ്ടിയാണ് എങ്കിൽ സർവ്വർത്രിക രക്ഷാ വാദം ( universalism ) എന്ന ഉപദേശം ശരിയാകുമോ?

 

ഉത്തരം : നവീകരണ കാലഘട്ടത്തിനു ശേഷം ദൈവസഭയിൽ പലതരത്തിലുള്ള സിദ്ധാന്തങ്ങൾ അഥവാ 'ഇസങ്ങൾ' കടന്നു വന്നു. പ്രത്യക്ഷത്തിൽ ഇത്തരം ഇസങ്ങൾ കുഴപ്പമില്ല എന്ന് തോന്നുമെങ്കിലും ഇത്തരം മാനുഷിക സിദ്ധാന്തങ്ങളുടെ പ്രധാന പ്രശ്നം  അവ ദൈവവചനത്തിലെ ഒരു സത്യത്തെ തീവ്രമായി ഊന്നല്‍ കൊടുക്കുയും  , അതെ പോലെ തന്നെ വേറൊരു സത്യത്തെ തള്ളിക്കളയുകയും ചെയ്തു കൊണ്ടാണ് സ്ഥാപിക്കുകയും ചെയ്യുന്നത്  എന്നതാണ് . ഒരു ദൈവദാസൻ പറഞ്ഞത് പോലെ ഇത്തരം ഇസങ്ങളുടെ എല്ലാം പൊതു സ്വഭാവം ഇതായതിനാൽ ഇതിനെയെല്ലാം പൊതുവായി 'പെൻഡുലമിസം ' എന്ന് പേര് വിളിക്കാം . ഒരു ക്ലോക്കിലെ പെൻഡുലം പോലെ അങ്ങേയറ്റത്തുള്ള ഒരു ഭാഗത്തേക്ക് പോകുന്ന ഉപദേശങ്ങൾ ആണ് ഇവ.ചുരുക്കത്തിൽ ദൈവവചനം വച്ചിരിക്കുന്ന അതിരിൽ നിൽക്കാതെ അതിര് കടന്നു പോകുന്ന മാനുഷിക സിദ്ധാന്തങ്ങൾ ആണ് ഇവ 

ഇത്തരം ഇസങ്ങളുടെ അടിസ്ഥാനത്തിൽ ദൈവവചനം പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നവർക്ക്, ദൈവവചനത്തിലെ ചില വ്യക്തമായ സത്യങ്ങളെ അംഗീകരിക്കാൻ കഴിയില്ല, അതിനാൽ അവർ അത്തരം സത്യങ്ങളെ കണ്ടില്ല എന്ന് നടിക്കുകയോ, അവഗണിക്കുകയോ, തങ്ങളുടെ ഇസങ്ങൾ തെളിയിക്കാൻ വേണ്ടി ദുർവ്യാഖ്യാനം ചെയ്യുകയോ ചെയ്യുന്നു.

ഇത്തരം സിദ്ധന്തങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ള ചില  ഉപദേശ പിശകുകൾ ആണ് മുകളിൽ പറഞ്ഞതു പോലെ ദൈവം ചിലരെ ലോകസ്ഥാപനനത്തിനു മുൻപ് ക്രിസ്തുവിൽ ആക്കി വച്ച് എന്നും, അവർക്കു വേണ്ടി മാത്രമാണ് കർത്താവ് ഭൂമിയിൽ വന്നതും മരിച്ചതെന്നും ( പരിമിത സിദ്ധാന്തം) ,അതല്ല  ക്രൂശിലെ യാഗം സർവ്വലോകത്തിനും വേണ്ടിയാണ് എങ്കിൽ സർവ്വ ലോകവും രക്ഷിക്കപ്പെട്ടു (സാർവ്വർത്രിക  രക്ഷാ സിദ്ധാന്തം) എന്നൊക്കെ   ഉള്ള ഉപദേശങ്ങൾ  . അത് വിശദമായി വിശദീകരിക്കാം.

ആദ്യമായി നാം മനസ്സിലാക്കേണ്ടത് ക്രിസ്തുവിൽ ആകുക എന്നതും, ക്രിസ്തുവിൽ ദൈവം നമ്മെ തിരഞ്ഞെടുക്കുക എന്നതും ഒരേ കാര്യം അല്ല,  തികച്ചും വ്യത്യസ്തമായ രണ്ടു കാര്യങ്ങൾ ആണ്. ഒന്ന് ലോകസ്ഥാപനത്തിനു മുൻപേ സമയത്തിനു മുൻപേ നിത്യതയിൽ സംഭവിച്ചതും ഒന്നും സമയബന്ധിതമായി  വിശ്വസിക്കുമ്പോൾ മാത്രം ഒരുവനിൽ സംഭവിക്കുന്നതും .ഇത് രണ്ടും ഒന്നായി പഠിപ്പിക്കുന്നത് അനേക തെറ്റിദ്ധാരണകളെ ഉണ്ടാക്കുന്നു. ഈ രണ്ടു കാര്യങ്ങളും  തമ്മിലുള്ള വ്യത്യാസം ഈ ലേഖനത്തിൽ ആദ്യമായി  വിശദമാക്കാൻ ശ്രമിക്കുന്നു.

 

ഒന്നാമതായി നാം എപ്പോൾ ആണ് ക്രിസ്തുവിൽ ആകുന്നത് എന്നും, നാം ക്രിസ്തുവിൽ ആകുമ്പോൾ എന്ത് സംഭവിക്കുന്നു എന്നും നമുക്ക് അറിയണമെങ്കിൽ  ക്രിസ്തുവിൽ ആകുന്നതിന്  മുൻപ് നാം ആരിൽ ആയിരുന്നു എന്നുംഅതിൻ്റെ ഫലം എന്തായിരുന്നു എന്നും നാം  അറിയണം.

 

നാം ഭൂമിയിൽ ജനിക്കുന്നതിനു മുൻപേ; നാം ക്രിസ്തുവിൽ ഉണ്ടായിരുന്നു എന്ന് ദൈവവചനം പഠിപ്പിക്കുന്നില്ല. എന്നാല്‍ നാം എല്ലാവരും ആദമിൽ ഉണ്ടായിരുന്നു  എന്നാണ് ദൈവ വചനം പഠിപ്പിക്കുന്നത്.

 

പ്രവൃത്തികൾ  17:26 ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽ നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി.

 

നാം ആദമിൽ ഉണ്ടായിരുന്നതിനാൽ  ആദം പാപം ചെയ്തപ്പോൾ നാം ആദത്തിൽ മരിച്ചു എന്നും ശിക്ഷാവിധിയിൽ  ആയി എന്നും,പിശാചിൻ്റെ അധികാരത്തിൽ ,ഇരുട്ടിൻ്റെ അധികാരത്തിൽ ആയി  എന്നും ദൈവത്തോട് ശത്രുക്കൾ ആയി  എന്നും ദൈവവചനം വ്യക്തമാക്കുന്നു.

 

റോമർ 5: 12 ഏക മനുഷ്യന്‍ മുഖാന്തിരം പാപവും പാപം മൂലം മരണവും ലോകത്തിൽ പ്രവേശിച്ചു. ഇങ്ങനെ എല്ലാവരും പാപം ചെയ്തതിനാൽ മരണം സകല മനുഷ്യരിലും വ്യാപിച്ചു.

 

18 അങ്ങനെ ഒരു മനുഷ്യൻ്റെ പാപം സകല മനുഷ്യരെയും ശിക്ഷാവിധിയിലേക്കു നയിച്ചു

 

എന്നാൽ ആദം പാപം ചെയ്തു പിശാചിൻ്റെ അധികാരത്തിൽ ആയപ്പോൾ തന്നെ, ആദമിൽ നിന്നല്ലാതെ, ആദത്തിൽ നിന്നും പകരപ്പെട്ട പാപം ഇല്ലാതെ ,സ്ത്രീയുടെ സന്തതിയായി ഒരു പൂർണ്ണ മനുഷ്യൻ വരും എന്നും, അവൻ പാപ പരിഹാരമായി മരിക്കുകയും അങ്ങനെ പാപത്തിൻ്റെ   അധികാരത്തിൽ നിന്നും മനുഷ്യനെ വിടുവിക്കുകയും ചെയ്യും  എന്നും ദൈവം വാഗ്ദത്തം ചെയ്തു. (ഉല്പത്തി 3:15)

 

ആദത്തിനു ശേഷം ഈ ഭൂമിയില്‍ പാപമില്ലാത്തവന്‍ ആയി,  പൂര്‍ണ്ണ മനുഷ്യന്‍ ആയി വന്നത് യേശുക്രിസ്തു എന്ന രണ്ടാം മനുഷ്യൻ ആയിരുന്നു.ആദമിൽ നിന്നും ജനിച്ച എല്ലാ പാപികൾ ആയ മനുഷ്യരിൽ നിന്നും വ്യത്യസ്‍തൻ ആയി ക്രിസ്തു രണ്ടാം പൂർണ്ണ മനുഷ്യൻ ആയി സ്വർഗത്തിൽ നിന്നും, കന്യകയിൽ കൂടി ജനിച്ചു.പിതാവായ ദൈവത്തോട് സമനായ പുത്രൻ  തന്നെത്താൻ ഒഴിച്ച്, തന്നെത്താൻ താഴ്ത്തി പൂർണ്ണ മനുഷ്യനായി ഭൂമിയിൽ ജനിച്ചു (ഫിലിപ്യർ 2:5,1 കൊരിന്ത്യർ 15:47)

 

അതിനാൽ ആണ് അദമിനെയും ക്രിസ്തുവിനെയും "ഏക മനുഷ്യന്‍" എന്നും ക്രിസ്തുവിനെ "രണ്ടാം മനുഷ്യന്‍" "ഒടുക്കത്തെ ആദം" എന്നൊക്കെയും ദൈവവചനം പരിചയപ്പെടുത്തുന്നത്.

 

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുൻപ് തിരുവെഴുത്തുകളുടെ  നിവർത്തിയായി, ദൈവപുത്രനായ, പൂർണ്ണ മനുഷ്യനായ യേശുക്രിസ്തു മനുഷ്യവർഗ്ഗത്തിൻ്റെ പാപ പരിഹാരമായി ക്രൂശിൽ മരിച്ചു. അതിനെ പറ്റി  ദൈവവചനം ഇപ്രകാരം പറയുന്നു.

 

2 കൊരിന്ത്യർ 5:21 പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിൻ്റെ നീതി ആകേണ്ടതിന്, അവന്‍ നമുക്കുവേണ്ടി പാപം ആക്കി

 

യേശുക്രിസ്തു മനുഷ്യൻ്റെ പാപപരിഹാരമായി ക്രൂശിൽ മരിച്ചതിൽ കൂടി ദൈവം, തന്നോട് ശത്രുക്കൾ ആയ മനുഷ്യനെ തന്നോട് നിരപ്പിക്കുവാൻ ഉള്ള പുതിയ ഉടമ്പടി സ്ഥാപിച്ചു.ക്രൂശിൽ ക്രിസ്തുവിൻ്റെ മരണം;  രണ്ടായിരം വർഷം മുൻപ് ഈ പുതിയ ഉടമ്പടിയിലൂടെയുള്ള നിരപ്പ്  മനുഷ്യവർഗത്തിന് ലഭ്യമാക്കി.അതിനെപ്പറ്റി ദൈവവചനം ഇപ്രകാരം പറയുന്നു.

 

2 കൊരിന്ത്യർ 5:18 അവന്‍ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിൻ്റെ ശുശ്രൂഷ ഞങ്ങള്‍ക്കു തന്നിരിക്കുന്നു. 19ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവില്‍ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിൻ്റെ വചനം ഞങ്ങളുടെ പക്കല്‍ ഭരമേല്പിച്ചുമിരിക്കുന്നു.

 

അതായത് യേശുക്രിസ്തുവിൻ്റെ മരണത്തോടെ ദൈവം തൻ്റെ ശത്രുക്കൾ ആയ മനുഷ്യരെ ( ലോകത്തെ ) തന്നോട് നിരപ്പിക്കുവാൻ വേണ്ട പ്രവർത്തി പൂർത്തീകരിച്ചു.കാരണം യേശുക്രിസ്തു മരിച്ചത് സര്‍വ്വ ലോകത്തിൻ്റെ യും പാപത്തിൻ്റെ പ്രായശ്ചിത്തമായാണ് (1യോഹന്നാൻ 2:2)

 

പരിമിതയാഗ സിദ്ധാന്തം  (limited atonement )  എന്ന തെറ്റായ ഉപദേശം.

നാം മുകളിൽ കണ്ടത് പോലെ ദൈവം ലോകസ്ഥാപനത്തിനു മുൻപേ ചിലരെ ക്രിസ്തുവിൽ ആക്കി എന്ന തെറ്റായ ഉപദേശത്തിൻ്റെ ഒരു ഉപോൽപ്പന്നം  ആണ് യേശുക്രിസ്തുവിൻ്റെ  യാഗം  ആ തിരഞ്ഞെടുക്കപ്പെട്ട, ലോകസ്ഥാപനത്തിനു മുൻപേ  ക്രിസ്തുവിൽ ആയ ചിലർക്കു വേണ്ടി മാത്രമാണ് എന്നത്. എന്നാൽ ദൈവവചനത്തിൽ ഒരു  വാക്യം പോലും ഇല്ലാത്ത ഒരു ഉപദേശം ആണ് എന്ന് മാത്രമല്ല, ദൈവവചനം  സുവ്യക്തമായി ഈ ഉപദേശത്തെ എതിർക്കുകയും ചെയ്യുന്നു.

യേശുക്രിസ്തുവിൻ്റെ  പ്രായശ്ചിത്ത മരണം  തിരഞ്ഞെടുക്കപ്പെട്ട കുറച്ചു പേര്‍ക്ക് വേണ്ടി പരിമിതപ്പെട്ട പ്രായശ്ചിത്ത മരണമായിരുന്നില്ല  (limited atonement )  , പകരം സര്‍വ്വ ലോകത്തിൻ്റെ യും  പാപത്തിൻ്റെ പ്രായശ്ചിത്തമായാണ് ക്രിസ്തു മരിച്ചത്. കാരണം ദൈവം ആരും നശിച്ചു പോകാതെ  എല്ലാവരും രക്ഷിക്കപ്പെടേണം എന്ന് ആഗ്രഹിക്കുന്നു. അതിനാല്‍ യേശു എല്ലാവര്ക്കും വേണ്ടി മരിച്ചു.(യോഹന്നാന്‍ 3:16)

 

യേശുക്രിസ്തു മരിച്ചത് ആർക്കു വേണ്ടി ( തിരഞ്ഞെടുക്കപ്പെട്ട ചിലർക്ക് വേണ്ടിയോ അതോ സർവ്വ ലോകത്തിനും വേണ്ടിയോ ) എന്ന് താഴെയുള്ള വാക്യങ്ങളിലൂടെ ദൈവവചനം വ്യക്തമാക്കുന്നു. 

പിറ്റേന്ന് യേശു തൻ്റെ അടുക്കൽ വരുന്നതു കണ്ടു, “ഇതാ, ലോകത്തിൻ്റെ പാപം നീക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട്!” (യോഹന്നാൻ 1:29).

(യോഹന്നാൻ 3 :14-17) മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ. 

തൻ്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. 

ദൈവം തൻ്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ. 

 

ദൈവത്തിൻ്റെ അപ്പം സ്വർഗത്തിൽനിന്നു ഇറങ്ങി ലോകത്തിന് ജീവൻ നൽകുന്നതാണ് (യോഹന്നാൻ 6:33)

 

സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന ജീവനുള്ള അപ്പമാണ് ഞാൻ; ആരെങ്കിലും ഈ അപ്പം ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും; ലോകത്തിനായി  ഞാൻ നൽകുന്ന അപ്പവും എൻ്റെ മാംസമാണ് (യോഹന്നാൻ 6:51).

 

എന്നിൽ വിശ്വസിക്കുന്ന എല്ലാവരും അന്ധകാരത്തിൽ തുടരാതിരിക്കാൻ ഞാൻ ലോകത്തിലേക്ക് വെളിച്ചമായി വന്നിരിക്കുന്നു. ആരെങ്കിലും എൻ്റെ വാക്കുകൾ കേൾക്കുകയും പാലിക്കാതിരിക്കുകയും ചെയ്താൽ ഞാൻ അവനെ വിധിക്കുന്നില്ല. ഞാൻ വന്നത് ലോകത്തെ വിധിക്കാനല്ല, ലോകത്തെ രക്ഷിക്കാനാണ് (യോഹന്നാൻ 12: 46-47)

 അവർ സ്ത്രീയോടു പറഞ്ഞു ചെയ്തു 'അത് ഞങ്ങൾ തന്നേ കേൾക്കയും ഈ ഒരു സാക്ഷാൽ ലോകരക്ഷിതാവു എന്നു അറിയുന്നു നിമിത്തം ഞങ്ങൾ വിശ്വസിക്കുന്നു . "യോഹന്നാൻ 4:42

അവനാണ് നമ്മുടെ പാപങ്ങളുടെ പ്രായശ്ചിത്തം. നമുക്കുള്ളതു മാത്രമല്ല, സർവ്വലോകത്തിനും തന്നെ . ”1 യോഹന്നാൻ 2: 2

ലോക രക്ഷകനായി പിതാവു പുത്രനെ അയച്ചിരിക്കുന്നു എന്നു നാം കണ്ടു സാക്ഷ്യം വഹിച്ചു. ”1 യോഹന്നാൻ 4:14

 1. തിമൊഥെയൊസ് 2:5ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടിമറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ 

 

എബ്രായർ 2: 9എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു

 

ചുരുക്കത്തിൽ യേശുക്രിസ്തു ആർക്കു വേണ്ടിയാണു മരിച്ചത് എന്ന് ദൈവവചനം അർത്ഥ ശങ്കക്ക്  ഇടയില്ലതെവണ്ണം വ്യക്തമാക്കുന്നു.

 

അവൻ എല്ലാവർക്കുമായി അവൻ മരിച്ചു (1 തിമോ. 2: 6).

അവൻ എല്ലാ മനുഷ്യർക്കും  വേണ്ടി മരിച്ചു (റോമ. 5:18; 1 തിമോ. 4:10).

അവൻ നമുക്കെല്ലാവർക്കും വേണ്ടി മരിച്ചു, എല്ലാവർക്കുമായി (യെശ. 53: 6).

അഭക്തർക്കു വേണ്ടിയാണു  അവൻ മരിച്ചത് (റോമ. 5: 6).

ദൈവത്തിൻ്റെ ശത്രുക്കൾക്കു വേണ്ടി  അവൻ മരിച്ചു (2 പത്രോസ് 2: 1).

അവൻ പാപികൾക്കു വേണ്ടി മരിച്ചു (റോമ. 5: 8).

ഓരോ മനുഷ്യനുമായി അവൻ മരിച്ചു (എബ്രാ. 2: 9).

അവൻ അനേകർക്ക്‌  വേണ്ടി മരിച്ചു (മത്തായി 20:28).

അവൻ ലോകത്തിനു വേണ്ടി മരിച്ചു (യോഹന്നാൻ 6: 33,51; യോഹന്നാൻ 1:29, യോഹന്നാൻ 3:16).

തിരഞ്ഞെടുക്കപ്പെട്ടവർക്കു വേണ്ടി മാത്രമല്ല   മുഴുവൻ ലോകത്തിനുവേണ്ടിയാണ് അദ്ദേഹം മരിച്ചത് (1 യോഹന്നാൻ 2: 2).

ഇസ്രായേൽ ജാതിക്കായി  അവൻ  മരിച്ചു (യോഹന്നാൻ 11: 50-51).

അവൻ സഭയ്‌ക്കായി മരിച്ചു (എഫെ. 5:25).

തൻ്റെ ആടുകൾക്കുവേണ്ടിയാണ് അവൻ മരിച്ചത് (യോഹന്നാൻ 10:11).

അവൻ എനിക്കുവേണ്ടി മരിച്ചു (ഗലാ. 2:20).

ഇത്രയും വ്യക്തമായി യേശുക്രിസ്തു ആർക്കു വേണ്ടിയാണു മരിച്ചത് എന്ന്  ദൈവവചനം വ്യക്തമാക്കുന്നു എങ്കിലും ഇത്തരം  ഉപദേശ വിരുദ്ധതകൾ പിന്നീട് ഉണ്ടാകും എന്ന് അറിഞ്ഞാൽ ആകാം ദൈവത്തിൻ്റെ ആത്മാവ് മുന്നമേ തന്നെ വ്യക്തമായി ഈ ഉപദേശത്തെ തന്നെ  ഖണ്ഡിക്കുന്ന വാക്യം യോഹന്നാനിൽ കൂടി ഇപ്രകാരം എഴുതിയത് 

1. യോഹന്നാൻ 2 2അവിടുന്നു നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിനു മാത്രമല്ല, സർവലോകത്തിൻ്റെ യും പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു.

ഇത്രയും വാക്യങ്ങളിൽ വ്യക്തമായ ഒരു ഉപദേശം ആണ് എങ്കിലും ഇതിലെ ചില വാക്യങ്ങൾ മാത്രം എടുത്താണ് ചില സിദ്ധാന്തങ്ങൾ പലരും ചമക്കുന്നതു, ഉദാഹരണത്തിന്  അവൻ സഭയ്‌ക്കായി മരിച്ചു (എഫെ. 5:25). തൻ്റെ ആടുകൾക്കു വേണ്ടിയാണ് അവൻ മരിച്ചത് എന്ന വാക്യങ്ങൾ ദുർവ്യാഖ്യാനം ചെയ്തു കർത്താവ് തൻ്റെ സഭക്ക് വേണ്ടി 'മാത്രമാണ്'  മരിച്ചത് തൻ്റെ ആടുകൾക്കു വേണ്ടി മാത്രമാണ്  മരിച്ചത് എന്ന് ഇവർ ദുർവ്യാഖ്യാനം ചെയ്യുന്നു.

ഇത് മുസ്ലിം സഹോദരന്മാർ യേശുക്രിസ്തു ഇസ്രായേൽ ജാതിക്കു വേണ്ടി മാത്രമാണ് മരിച്ചത് (യോഹന്നാൻ 11: 50-51). എന്ന് ദുർവ്യാഖ്യാനിക്കുന്നതു പോലെയാണ്. ഇപ്രകാരം വ്യാഖ്യാനിച്ചാൽ ഗലാത്യർ  2:20 പ്രകാരം യേശുക്രിസ്തു പൗലോസിന് വേണ്ടി മാത്രമാണ് മരിച്ചത് എന്നും വ്യാഖ്യാനിക്കുവാൻ കഴിയും.

യഥാർത്ഥത്തിൽ ദൈവവചനത്തെ കൊട്ടിക്കളയുന്ന കള്ളപ്രവാചകന്മാർ  ദൈവമക്കളുടെ ഇടയിൽ നിന്നും  ഉണ്ടാകും എന്നും , എന്നാൽ കർത്താവിനെ തള്ളിപ്പറയുന്ന അവർക്കു വേണ്ടി പോലും കർത്താവു മറുവിലയായി  മരിച്ചു എന്ന് ദൈവവചനം വ്യക്തമാക്കുന്നു.

2. പത്രൊസ് 2: 1എന്നാൽ വ്യാജപ്രവാചകന്മാരും ഇസ്രായേൽജനതയിൽ ഉണ്ടായിട്ടുണ്ട്. അവരെപ്പോലെയുള്ള ദുരുപദേഷ്ടാക്കൾ നിങ്ങളുടെ ഇടയിലും ഉണ്ടാകും. അവർ വിനാശകരമായ വിരുദ്ധോപദേശങ്ങൾ രഹസ്യമായി കൊണ്ടുവരും. എന്നുമാത്രമല്ല, തങ്ങളെ വിലകൊടുത്തു വീണ്ടെടുത്ത നാഥനെ തള്ളിപ്പറഞ്ഞുകൊണ്ടു തങ്ങൾക്കുതന്നെ ശീഘ്രനാശം വരുത്തുകയും ചെയ്യും.

 സാർവ്വർത്രിക രക്ഷാ സിദ്ധാന്തം ( universal salvation) എന്ന തെറ്റായ ഉപദേശം 

എന്നാൽ യേശുക്രിസ്തു സർവ്വലോകത്തിന്റെയും പാപത്തിനു വേണ്ടിയാണു മരിച്ചത് എന്ന ഉപദേശം ശരിയാണ് എങ്കിൽ സർവ്വലോകവും രക്ഷിക്കപ്പെട്ടു കഴിഞ്ഞു അല്ലെങ്കിൽ യാന്ത്രികമായി ലോകത്തിലെ എല്ലാവരും രക്ഷിക്കപ്പെടും എന്നതാണ് ഇതിൻ്റെ  നേരെ എതിർ ദിശയിൽ ഉള്ള സിദ്ധാന്തമായ സർവര്ത്രിക രക്ഷാ സിദ്ധാന്തം.

എന്നാൽ ഇതും ദൈവവചനത്തിൻ്റെ  ഉപദേശം വ്യക്തമായി മനസ്സിലാക്കാതെ അതിര് കടന്നു എതിർ ദിശയിലേക്കു പോകുന്ന പെൻഡുലമിസം ആണ്.  അത് വിശദീകരിക്കാം.

  നാം കണ്ടത് പോലെ  സർവ്വ ലോകത്തിനും വേണ്ടി മറുവിലയായി  മരിച്ചതിൽ കൂടി യേശുക്രിസ്തുവിൻ്റെ  ക്രൂശു മരണത്തിലൂടെ ലോകത്തെ  തന്നോട് നിരപ്പിക്കുവാൻ ഉള്ള പുതിയ ഉടമ്പടി ദൈവം സ്ഥാപിച്ചു.

ആ നിരപ്പിൻ്റെ വചനം ആണ് സുവിശേഷം. അതിൽ കൂടി ശത്രുക്കളായ  മനുഷ്യനോട് ദൈവത്തോട് നിരന്നു കൊള്ളൂവാൻ ദൈവം ആവശ്യപ്പെടുന്നു, ക്രിസ്‌തുവിൻ്റെ   സ്ഥാനാപതികൾ  ആയി നിൽക്കുന്ന സുവിശേഷകർ ആ നിരപ്പിൻ്റെ വചനം ലോകത്തോട്‌ പ്രസംഗിക്കുന്നു.

കൊരിന്ത്യർ 5: 20 ആകയാല്‍ ഞങ്ങള്‍ ക്രിസ്തുവിനുവേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊള്‍വിന്‍ എന്ന് ക്രിസ്തുവിനു പകരം അപേക്ഷിക്കുന്നു; അത് ദൈവം ഞങ്ങള്‍ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു

സര്‍വ്വ ലോകത്തിൻ്റെ യും പാപത്തിത്തിനു വേണ്ടി മരിക്കുക വഴി   യേശുക്രിസ്തുവിൽ ദൈവം ലോകത്തെ തന്നോട് നിരപ്പിക്കുവാൻ ഉള്ള പ്രവർത്തി പൂർത്തീകരിച്ചു. എങ്കിലും മനുഷ്യന്‍ യാന്ത്രികമായി ദൈവത്തോട് നിരക്കുകയില്ല. കാരണം ദൈവം മനുഷ്യനെ യന്ത്ര മനുഷ്യനായല്ല, പകരം സ്വതന്ത്രമായ സ്വതന്ത്ര ഇച്ഛാശക്തിയോടെയാണ സൃഷ്ടിച്ചിരിക്കുന്നത്.അതിനാല്‍ ദൈവത്തോട് ശത്രുവായ മനുഷ്യൻ ദൈവത്തോട് നിരക്കുവാന്‍  ദൈവം ഒരു ഉപാധിയും, വ്യവസ്ഥയും വച്ചിരിക്കുന്നു.

അതിനു ദൈവം വച്ചിരിക്കുന്ന ഏക വ്യവസ്ഥയുംമുൻ ഉപാധിയും മാനസാന്തരവും വിശ്വാസവും  മാത്രമാണ. അതായത് ദൈവത്തോട് ശത്രുതയിൽ, ശിക്ഷാവിധിയിൽ, പിശാചിൻ്റെ അധികാരത്തിൽ, ഇരുട്ടിൻ്റെ അധികാരത്തിൽ ആയിരിക്കുന്ന മനുഷ്യൻ സുവിശേഷം എന്ന നിരപ്പിൻ്റെ സന്ദേശം കേൾക്കുകയുംമനസാന്തരപ്പെടുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ അവൻ്റെ പാപങ്ങള്‍ നീക്കപ്പെടുന്നു. അവൻ ആദത്തിൽ നിന്നും ക്രിസ്തുവിലേക്കു മാറ്റപ്പെടുന്നു.

 അപ്പോസ്തോല പ്രവർത്തികൾ 3 : 19 ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ. ( ശ്രദ്ധിക്കുക  നിങ്ങളുടെ പാപങ്ങൾ മാഞ്ഞു കിട്ടിയത് വിശ്വസിക്കുക എന്നല്ല,പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മനസാന്തരപ്പെടുവിൻ എന്നാണ് സന്ദേശം ) 

 അങ്ങനെ ഒരുവൻ ദൈവത്തിൻ്റെ നിരപ്പിൻ്റെ സന്ദേശം ആയ സുവിശേഷം കേട്ട്   മനസാന്തരപെട്ട് ദൈവത്തിങ്കലേക്കു തിരിയുമ്പോള്‍ , ക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ  ആദം ദൈവത്തില്‍ നിന്നും പിശാചിലേക്ക് തിരിഞ്ഞപ്പോള്‍ സംഭവിച്ചതിനു നേരെ വിപരീതമായതാണ് സംഭവിക്കുന്നത്‌.

 അപ്പോസ്തോല പ്രവര്‍ത്തികള്‍:  26:18 അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു, അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളില്‍നിന്നു വെളിച്ചത്തിലേക്കും സാത്താൻ്റെ അധികാരത്തില്‍ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാന്‍ ഇപ്പോള്‍ നിന്നെ അവരുടെ അടുക്കല്‍ അയക്കുന്നു എന്നു കല്പിച്ചു.

 അങ്ങനെ ഒരുവൻ  ആദത്തിൽ നിന്നും ക്രിസ്തുവിലേക്കും, ശിക്ഷവിധിയിൽ നിന്നും നീതീകരണത്തിലേക്കും, അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്കും, പിശാചിൻ്റെ അധികാരത്തിൽ നിന്നും ക്രിസ്തുവിനോട് അധികാരത്തിലേക്കും, ലോകത്തിൽ നിന്നും ദൈവാരാജ്യത്തിലേക്കും മാറ്റപ്പെടുന്നു.ശത്രുവായ മനുഷ്യന്‍ ദൈവത്തോട് നിരപ്പിക്കപ്പെടുന്നു.

കൊലോസ്യർ 1: 3അവിടുന്ന് അന്ധകാരത്തിൻ്റെ അധികാരത്തിൽനിന്നു നിങ്ങളെ വീണ്ടെടുത്ത് തൻ്റെ പ്രിയ പുത്രൻ്റെ രാജ്യത്തിലേക്കു കൊണ്ടുവന്നു.

കൊലോസ്യർ 2:21 ശത്രുക്കളുമായിരുന്ന നിങ്ങളെ അവൻ്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തൻ്റെ ജഡശരീരത്തിൽ തൻ്റെ മരണത്താൽ നിരപ്പിച്ചു

അതോടൊപ്പം ഒരുവനില്‍ നടക്കുന്ന മറ്റു അനേക കാര്യങ്ങള്‍ ഉണ്ട് അവയില്‍ ചിലത്; നമ്മുടെ പഴയ മനുഷ്യൻ യേശുക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെടുന്നു. നാം പുതിയ സൃഷ്ടിയായിപുതിയ മനുഷ്യനായി ഉയിർത്തെഴുനേൽക്കുന്നുനമ്മുടെ പാപഹൃദയം പരിശ്ചേദന ചെയ്യപ്പെടുന്നുപുതിയ ഹൃദയം നല്‍കപ്പെടുന്നു,അങ്ങനെ നാം പാപത്തിൻ്റെ അടിമത്വത്തിൽ നിന്നും എന്നെന്നേക്കുമായി സ്വാതന്ത്ര്യം പ്രാപിക്കുന്നുനാം പഴയ മനുഷ്യനെ ഉരിഞ്ഞ് കളയുന്നു,പുതിയ മനുഷ്യനെ ധരിക്കുന്നു,ക്രിസ്തുവിനെ ധരിക്കുന്നുക്രിസ്തു നമ്മില്‍ വന്നു സ്ഥിരമായി വാസം ചെയ്യുന്നു  . (റോമർ 6:1 -9, കൊലോസ്യർ 2:1 -12,ഗലാത്യർ 3 :21 -26, യോഹന്നാന്‍ 14: 23).

 ഇതിനെയാണ് ഒരുവൻ ക്രിസ്തുവിൽ ആകുകഅഥവാ പുതിയ സൃഷ്ടി ആകുക എന്ന് ദൈവവചനം പറയുന്നത്.

 2 കൊരിന്ത്യർ 5 ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നുപഴയത് കഴിഞ്ഞുപോയിഇതാഅതു പുതുതായി തീര്‍ന്നിരിക്കുന്നു.

 അതെ; ഒരുവൻ  മാനസാന്തരപ്പെട്ട് ക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ മുകളിൽ നാം കണ്ട ആദമിൽ ഉള്ള എല്ലാ പഴയതുംമാറിപ്പോകുകയും അവൻ ക്രിസ്തുവിൽ ആയി ഒരു പൂര്‍ണ്ണമായും പുതിയ സൃഷ്ടി ആയിത്തീരുകയും ചെയ്യുന്നു.

 ചുരുക്കത്തിൽ, രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുൻപ് ക്രൂശിൽ മരിച്ചതിലൂടെ ദൈവം മനുഷ്യവർഗ്ഗത്തിൻ്റെ രക്ഷക്കായുള്ള പ്രവർത്തി ക്രൂശിൽ പൂർത്തീകരിച്ചു; മനുഷ്യനും ദൈവവും  തമ്മിൽ നിരപ്പിലാകുവാൻ വേണ്ടിയുള്ള ഉടമ്പടി ക്രിസ്തു തൻ്റെ രക്തത്താല്‍  സ്ഥാപിച്ചു.

 എന്നാല്‍ ആ നിരപ്പിൻ്റെ സന്ദേശം, പുതിയ ഉടമ്പടിയുടെ സുവിശേഷം കേട്ട് മാനസാന്തരപ്പെട്ട്വിശ്വസിക്കുമ്പോൾ മാത്രമേ  ഒരുവൻ ദൈവവുമായി നിരപ്പിലാകുകയും ആ ഉടമ്പടിയിൽ പ്രവേശിക്കുകയും ഉള്ളൂ.അപ്പോള്‍ ആണ് ഒരുവന്‍ ക്രിസ്തുവില്‍ ആകുന്നതും പുതിയ സൃഷ്ടി ആകുന്നതും.

 യോഹന്നാൻ 5;24 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എൻ്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു

എഫെസ്യർ 1 :13 അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു,  തൻ്റെ സ്വന്തജനത്തിൻ്റെ വീണ്ടെടുപ്പിന്നു വേണ്ടി തൻ്റെ മഹത്വത്തിൻ്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിൻ്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു

 1 യോഹന്നാന്‍  5:13 ദൈവപുത്രൻ്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ

 മാനസാന്തരം വിശ്വാസം എന്നിവ മാത്രമാണ് ഒരുവൻ ആദമിൽ നിന്നും ക്രിസ്തുവിൽ ആകുവാൻ ദൈവം വച്ചിരിരിക്കുന്ന ഏക ഉപാധിഏക മുന്‍വ്യവസ്ഥ

 അതിനാൽ വിശ്വാസം എന്നത് കേവലം ദൈവം ചെയ്ത കാര്യങ്ങളുടെ തിരിച്ചറിവ് മാത്രമല്ല, വിശ്വാസം ദൈവീക വാഗ്ദത്തങ്ങൾ സ്വീകരിക്കുവാൻ ഉള്ള ഉപാധിയും വ്യവസ്ഥയും തന്നെയാണ്.അതിനാൽ തന്നെ ഈ രണ്ടു വ്യവസ്ഥകളുംഅപ്പോസ്തോലന്മാർ തുടർച്ചയായി പ്രസംഗിച്ചു.

 അപ്പോസ്തോല പ്രവര്‍ത്തികള്‍:  20: 21 ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.

 ഈ വ്യവസ്ഥ പാലിക്കാത്ത ഒരുവനും ക്രിസ്തുവിൽ ആകുന്നില്ല, ആകുകയില്ല അവൻ അപ്പോൾ ആയിരിക്കുന്ന ശിക്ഷാവിധിയിൽ തന്നെ തുടരുന്നു.

 യോഹന്നാന്‍ 3:18  അവനില്‍ വിശ്വസിക്കുന്നവനു ന്യായവിധിയില്ല; വിശ്വസിക്കാത്തവനു ദൈവത്തിൻ്റെ ഏകജാതനായ പുത്രൻ്റെ നാമത്തില്‍ വിശ്വസിക്കായ്കയാല്‍ ന്യായവിധി വന്നുകഴിഞ്ഞു.

 മർക്കൊസ്16: 18 വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.

 റോമർ 8: 1 ഇപ്പോൾ ക്രിസ്തുയേശുവില്‍ ഉള്ളവര്‍ക്ക് ഒരു ശിക്ഷാവിധിയും ഇല്ല.

 ചുരുക്കത്തില്‍ ദൈവം ക്രൂശില്‍ സര്‍വ്വലോകതെയും തന്നോട് നിരപ്പിക്കുവാന്‍ ഉള്ള പ്രവര്‍ത്തി എന്നന്നേക്കുമായി പൂര്‍ത്തീകരിച്ചു എങ്കിലും മാനസാന്തരംവിശ്വാസം എന്ന വ്യവസ്ഥ പാലിക്കുന്നതില്‍ കൂടിയേ ഒരുവന് ക്രിസ്തുവില്‍ ആകുവാന്‍ കഴിയൂ. അവന്‍ വിശ്വസിക്കുന്ന നിമിഷം ആദമില്‍ നിന്നും  ക്രിസ്തുവില്‍ ആയി അവന്‍ പുതിയ സൃഷ്ടി ആയി മാറുന്നു.

അതിനാൽ പരിമിത യാഗ സിദ്ധാന്തവും, സർവ്വരത്രിക രക്ഷാ സിദ്ധാന്തവും ദൈവവചന സത്യത്തിൻ്റെ  ഇടുക്കമുള്ള പാതയിൽ നിന്നും രണ്ടു ദിശകളിലേക്ക് അതിർ കടന്നുപോയ രണ്ടു തെറ്റായ ഉപദേശങ്ങൾ ആണ്.

 നമ്മുടെ പ്രധാന വിഷയത്തിലേക്കു മടങ്ങി വരട്ടെ, നാം ക്രിസ്തുവിൽ ആകുക എന്നത് എന്താണ് എന്നും, എപ്പോൾ ആണ് നാം ക്രിസ്തുവിൽ ആകുന്നത് എന്നും നാം കണ്ടു എന്നാൽ എന്താണ് ദൈവം നമ്മെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു എന്ന് പറയുന്നത്? അത് എപ്പോൾ നടക്കുന്നതാണ് ?

നാം മുകളിൽ കണ്ടത് പോലെ ഒരുവൻ ക്രിസ്തുവിൽ ആകുന്നത്,  സമയത്തിൽ, വിശ്വസിക്കുമ്പോൾ മാത്രം സംഭവിക്കുന്നതാണ്. എന്നാൽ കാല, സമയ  പരിമിതികളിൽ ഒതുങ്ങാത്തവൻ ആയ,  കാലാതീതതും, നിത്യനുമായ  ദൈവത്തിനു നാം എപ്പോൾ ക്രിസ്തുവിൽ ആകും എന്ന് മുന്നമേ അറിയുവാൻ കഴിയും. അതിനാൽ അവൻ ലോകസ്ഥാപനത്തിനു മുൻപേ ,സമയത്തിനും കാലത്തിനും മുൻപേ ക്രിസ്തുവിൽ വിശ്വസിക്കുവാൻ ഉള്ളവരെ, വിശ്വാസത്താല്‍ ക്രിസ്തുവിൽ ആകുവാൻ ഉള്ളവരെ മുന്നറിയുകയും,ആ മുന്നറിവില്‍ അവരെ ക്രിസ്തുവില്‍ ആകുവാൻ വേണ്ടി തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.

 സമയത്തിൻ്റെ യും കാലത്തിൻ്റെ യും പരിമിതിയിൽ ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന നമ്മുടെ ബുദ്ധിയിൽ ഇത് പൂർണ്ണമായും മനസ്സിലാക്കാനും,ഇത് പൂര്‍ണ്ണമായും വിശദീകരിക്കുവാനും കഴിഞ്ഞു എന്ന് വരില്ല.എന്നാൽ ദൈവത്തിൻ്റെ തിരഞ്ഞെടുപ്പ് എന്നത് ദൈവ വചനം പഠിപ്പിക്കുന്ന സത്യമാണ്.

 എഫെസ്യർ 1: 4  തൻ്റെ മുമ്പാകെ നാം വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന് ക്രിസ്തുവിനോടുള്ള ഏകീഭാവത്തിലൂടെ നാം അവിടുത്തെ സ്വന്തമായിരിക്കുന്നതിനുവേണ്ടി, പ്രപഞ്ചസൃഷ്‍ടിക്കു മുമ്പു തന്നെ ദൈവം നമ്മെ ക്രിസ്തുവില്‍  തിരഞ്ഞെടുത്തു.

 ക്രിസ്തുവില്‍ ഉള്ള തിരഞ്ഞെടുപ്പിനെപ്പറ്റിയും, മുന്നറിവ് , മുൻനിർണ്ണയം എന്നീ വിഷയങ്ങളെ പറ്റിയും ഇത്തരം സിദ്ധാന്തങ്ങളിൽ  വിവിധ വ്യാഖ്യാനങ്ങള്‍ ഉണ്ട്. അതെപ്പറ്റിയുള്ള  വിശദമായ ഒരു ലേഖനം അല്ല ഇത്. ദൈവം അനുവദിച്ചാല്‍ പിന്നീടു അത് വിശദമായി എഴുതാം.

 ചുരുക്കത്തിൽ  ഈ ലേഖനത്തിൽ കൂടി  വ്യക്തമാക്കുവാന്‍ ആഗ്രഹിക്കുന്നത്, ക്രിസ്തുവിൽ നമ്മെ  തിരഞ്ഞെടുക്കുക എന്നതും,  ക്രിസ്തുവിൽ ആകുക എന്നതും തികച്ചും വ്യത്യസ്‍തമായ രണ്ടു കാര്യങ്ങൾ ആണ് എന്നും  രണ്ടു കാലത്തിൽ നടക്കുന്നതുമാണ് എന്നുമാണ് .

 ലേഖനത്തിൻ്റെ തുടക്കത്തിൽ പറഞ്ഞത് പോലെ ഒന്ന് ലോകസ്ഥാപനത്തിനു മുൻപേ നിത്യതയിൽ സംഭവിച്ചതും, ഒന്നു സമയത്തിൽ വിശ്വസിക്കുമ്പോൾ മാത്രം സംഭവിക്കുന്നതും.

വിശ്വസിക്കുമ്പോള്‍ നാം ലോകസ്ഥാപനത്തിനു മുന്‍പ് ക്രിസ്തുവില്‍ ആയിരുന്നു എന്ന് തിരിച്ചറിയുകയല്ലപകരം വിശ്വസിക്കുന്ന നിമിഷം ആണ് നാം ക്രിസ്തുവില്‍ ആകുകയാണ് ചെയ്യുന്നത്.കാരണം നാം ലോകസ്ഥാപനത്തിനു മുന്‍പേ ക്രിസ്തുവില്‍ ആയി എന്ന് ദൈവ വചനം പഠിപ്പിക്കുന്നതേയില്ല.

  ഒരുവന്‍ ആദത്തില്‍ നിന്നും ക്രിസ്തുവില്‍ ആകുന്നത്‌ സുവിശേഷം എന്ന സത്യവചനം കേട്ട്, മാനസാന്തരപ്പെട്ട് വിശ്വസിക്കുമ്പോൾ മാത്രമാണ്. അപ്പോഴാണ് ഒരുവൻ പുതിയ സൃഷ്ടി ആകുന്നത്. ശിക്ഷാവിധി നീങ്ങിപ്പോകുന്നത്, ഇരുട്ടിൻ്റെ അധികാരത്തിൽ നിന്നും പുത്രൻ്റെ രാജ്യത്തിൽ ആകുന്നത്.

അതിനാൽ ലോകസ്ഥാപനത്തിനു മുൻപേ ദൈവം ക്രിസ്തുവിൽ വിശ്വസിക്കുവാനുള്ളവരെ , മുന്നറിഞ്ഞു എന്നതും ആ മുന്നറിവില്‍  ക്രിസ്തുവില്‍ ഏകീഭവിക്കുവാന്‍‍ വേണ്ടി തിരഞ്ഞെടുത്തു ( We are elected to be in Christ before the foundation of the world) എന്നത് ശരിയായ ദൈവവചന ഉപദേശമാണ്.

 എന്നാൽ  തിരഞ്ഞെടുപ്പിൽ കൂടി നാം ലോകസ്ഥാപനത്തിനു മുൻപേ തന്നെ ക്രിസ്തുവിൽ ആയി ( we are in christ by election before the foundation of the world), അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ചിലർക്ക് വേണ്ടി മാത്രമാണ് ക്രിസ്തു മരിച്ചത് ( limiited attornment ) , ക്രിസ്തുവിൻ്റെ  മരണം സർവ്വലോകത്തിനും വേണ്ടിയുള്ളതാകയാൽ  എല്ലാവരും രക്ഷിക്കപ്പെട്ടു കഴിഞ്ഞു  ( Universal Salvation )എന്നൊക്കെയുള്ള  ഉപദേശങ്ങൾ  ദൈവ വചന പ്രകാരം തികച്ചും തെറ്റായ ഉപദേശമാണ്.

 അതിനാൽ  കിസ്തു നമ്മുടെ പാപങ്ങൾക്ക് വേണ്ടി മാത്രമല്ല സർവ്വലോകത്തിന്റെയും പാപങ്ങൾക്ക് മറുവിലയായി മരിച്ചു എന്നാൽ  വിശ്വാസത്താൽ ആണ് , വിശ്വസിക്കുമ്പോൾ  മാത്രമാണ് നാം ക്രിസ്തുവിൽ ആകുന്നത്  ( we are IN  christ  Faith Alone  ).  

നിങ്ങൾ  സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രർ ആക്കുകയും ചെയ്യും ( യോഹന്നാൻ 8 :32 )

ബ്രദര്‍ ജിനു നൈനാന്‍