QA

എന്താണ് ജഡം ? പഴയ മനുഷ്യനും ജഡവും തമ്മിലുള്ള വ്യത്യാസം എന്താണ്?

Date Added : 28-07-2018

എന്താണ് ജഡം എന്ന് ദൈവവചനം പറയുന്നത് ? പഴയ മനുഷ്യനും ജഡവും തമ്മിലുള്ള വ്യത്യാസം എന്താണ്? പഴയ മനുഷ്യൻ ക്രൂശിക്കപ്പെട്ടു എന്നതും  ജഡത്തെ ക്രൂശിക്കുക എന്നതും തമ്മിലുള്ള വ്യത്യാസം  എന്താണ്?

(ഈ വിഷയം വ്യക്തമായി മനസ്സിലാകുവാന്‍, പഴയ മനുഷ്യൻ്റെ ക്രൂശീകരണവും പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും എന്നുള്ള മുന്‍പുള്ള ലേഖനം ദയവായി ഈ ലിങ്കില്‍ നിന്നും വായിക്കുക)
 
ലേഖനം:പഴയ മനുഷ്യൻ്റെ ക്രൂശീകരണവും പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും

ഈ വിഷയം പഠിക്കുമ്പോൾ  ഒന്നാമതായി നാം മനസ്സിലക്കേണ്ടത് ജഡം എന്ന വാക്ക് പല അര്‍ത്ഥങ്ങളില്‍ (മനുഷ്യവര്‍ഗ്ഗം,മനുഷ്യന്‍, മനുഷ്യ ശരീരം, ദേഹി, പഴയ ഹൃദയം, പാപ സ്വഭാവം)  പല സാഹചര്യങ്ങളില്‍   എന്നീ ദൈവവചനത്തില്‍ ഉപയോഗിച്ചിട്ടുണ്ട് എന്നതാണ്. അതിനാല്‍ പശ്ചാത്തലം നോക്കിയേ ജഡം എന്ന പദം  ഏതു അര്‍ത്ഥത്തില്‍ ആണ് ഉപയോഗിക്കുന്നത് എന്ന്  മനസ്സിലാക്കാന്‍ കഴിയുകയുളൂ.

ചില ഉദാഹരണങ്ങള്‍:

മത്തായി 24:22 ആ നാളുകള്‍ ചുരുങ്ങാതിരുന്നാല്‍ ഒരു ജഡവും ( മനുഷ്യന്‍ ) രക്ഷിക്കപ്പെടുകയില്ല, വൃതന്മാര്‍ നിമിത്തമോ ആ നാളുകള്‍ ചുരുങ്ങും.

യോഹന്നാന്‍ 17:2 നീ അവന്നു നല്കീട്ടുള്ളവര്‍ക്കെല്ലാവര്‍ക്കും അവന്‍ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും (മനുഷ്യവര്‍ഗ്ഗം) അവനു അധികാരം നൽകിയിരിക്കുന്നുവല്ലോ

ഗലാത്യര്‍ 2:20 ഇപ്പോള്‍ ഞാന്‍ ജഡത്തില്‍ ( ശരീരത്തില്‍) ജീവിക്കുന്നതോ എന്നെസ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താന്‍ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു

2 കൊരിന്ത്യര്‍ 10:3 ഞങ്ങള്‍ ജഡത്തില്‍ ( ശരീരത്തില്‍) സഞ്ചരിക്കുന്നവര്‍ എങ്കിലും ജഡപ്രകാരം ( മനുഷികരീതിയില്‍) പോരാടുന്നില്ല.

എന്നാല്‍ നമ്മുടെ വിഷയവുമായി ബന്ധപ്പെട്ടു  ജഡം എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ ഏറ്റവും പ്രധാനമായി അത് വീണു പോയ മനുഷ്യന്‍റെ മലിനമായ ദേഹിയെയാണ് (മനസ്സ്,വികാരം,വിചാരം) സൂചിപ്പിക്കുന്നത്

നാം മുന്‍പുള്ള ലേഖനത്തില്‍ കണ്ടത് പോലെ പാപം ചെയ്ത മനുഷ്യനില്‍ അതിപ്രധാനമായി സംഭവിച്ചത് മനുഷ്യന്‍റെ ഹൃദയം, അഥവാ മനുഷ്യാത്മാവ്  പാപത്തിന്‍റെ പ്രഭവ കേന്ദ്രമാകുകയും, അതിനാല്‍ ഹൃദയത്തില്‍ നിന്നും ഉയരുന്ന പാപത്തിന്‍റെ  പ്രവാഹത്താൽ മനുഷ്യന്‍റെ ദേഹി മലിനമാകുകയും ചെയ്തു എന്നതാണ്. (ഉല്പത്തി 6:5)

വീണു പോയ ആദ്യ മനുഷ്യനായ ആദമില്‍ സംഭവിച്ചതും,ആദമില്‍ നിന്നുള്ള എല്ലാ മനുഷരിലും വന്നതും അടിസ്ഥാനപരമായി പരിഹരിക്കപ്പെടേണ്ടതും മൂന്നു പ്രശ്നങ്ങള്‍ ആണ്,

1. പാപ ഹൃദയം അഥവാ പഴയ മനുഷ്യന്‍: യേശുക്രിസ്തുവിന്‍റെ വാക്കുകളില്‍ മനുഷ്യനെ അശുദ്ധനാക്കുന്ന പാപത്തിന്‍റെ പ്രഭവകേന്ദ്രം ഇതാണ്, ഈ പാപ ഉറവയാണ് മനുഷ്യന്‍റെ ദേഹിയെ പാപജഡം ആക്കുന്നത്.

വീഴ്ച പറ്റിയ മനുഷ്യനില്‍ പിശാചു പ്രവര്‍ത്തിക്കുന്ന കേന്ദ്രം ഇവിടെയാണ്‌.

2.പാപ ജഡം: ജഡം എന്ന വാക്ക് മിക്കപ്പോഴും മനുഷ്യന്‍റെ പാപമയമായ ദേഹിയെ (മനസ്സ്, വികാരം,വിചാരം) ആണ് കാണിക്കുന്നത്,മനുഷ്യന്‍റെ പാപഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന പാപം അവന്‍റെ ദേഹിയെ മലിനമാക്കുന്നു.മനുഷ്യന്‍റെ ചിന്തകളും,വിചാരങ്ങളും,വികാരവും പാപപങ്കിലമാകുന്നു.

3.പാപ പ്രവര്‍ത്തികള്‍:മനുഷ്യന്‍റെ പാപ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന പാപം അവന്‍റെ ദേഹിയെ പാപ പങ്കിലമാക്കുകയും,അത് പാപ പ്രവര്‍ത്തികള്‍ ആയി ശരീരത്തില്‍ കൂടി വെളിപ്പെടുകയും ചെയ്യുന്നു.അങ്ങനെ മനുഷ്യന്‍ പിശാചിന്‍റെ പ്രവര്‍ത്തികളെ വെളിപ്പെടുത്തുന്നു.

യേശുക്രിസ്തു ക്രൂശില്‍ മരിച്ചപ്പോള്‍ അവന്‍ നമ്മുടെ പാപങ്ങള്‍ക്ക്‌ പരിഹാരമാകുക മാത്രമല്ല ചെയ്തത്,നമ്മെ നിയന്ത്രിച്ചിരുന്ന പഴയ മനുഷ്യനെ ക്രൂശില്‍ തറച്ചു നീക്കി , പാപത്തിന്‍റെ അടിമത്വത്തില്‍ നിന്നും നമ്മെ സ്വതന്ത്രമാക്കുകയും ചെയ്തു. ഇന്ന് ക്രിസ്തു ആത്മാവിനാൽ  നമ്മുടെ ഉള്ളില്‍ വസിക്കുന്നു.

എന്നാൽ യേശുക്രിസ്തുവിന്‍റെ ക്രൂശു മരണത്തിലൂടെ നമ്മുടെ പാപഹൃദയം മാറ്റപ്പെട്ടു,പുതിയ ഹൃദയം ലഭിച്ചു,പാപത്തിന്‍റെ അടിമത്വത്തിൽ നിന്നും കർത്താവ് നമ്മെ വിടുവിച്ചു എങ്കിലും പാപത്താല്‍ മലിനമായ ദേഹി അഥവാ ജഡം ഇന്നും മാറ്റപ്പെട്ടിട്ടില്ല എന്ന് നാം മനസ്സിലാക്കേണം.

വിജയകരമായ ക്രിസ്തീയ ജീവിതത്തെ പറ്റി പ്രസംഗിക്കുന്ന ഒട്ടു മിക്കവർക്കും പഴയ മനുഷ്യനും ജഡവും തമ്മിലുള്ള വ്യത്യാസവും , പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും പാപത്തിനു മേലുള്ള വിജയവും തമ്മിലുള്ള വ്യത്യാസം അറിയില്ല എന്നതാണ് സത്യം. 

അതിനാൽ തന്നെ വീണ്ടും ജനനത്തിൽ കൂടി പാപത്തിന്‍റെ അടിമത്വത്തിൽ നിന്നും സ്വതന്ത്രൻ ആയ വ്യക്തികളും ദൈവം ആഗ്രഹിക്കുന്ന, ക്രിസ്തു  നമ്മിൽ കർതൃത്വം നടത്തുന്ന വിജയകരമായ ക്രിസ്തീയ  ജീവിതം നയിക്കുന്നതിൽ പലപ്പോഴും പരാജയപ്പെടുന്നു.

പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും, വിജയകരമായ ക്രിസ്തീയ ജീവിതവും 

പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും, വിജയകരമായ വിശുദ്ധ ജീവിതവും തമ്മിൽ അഭേദ്യം ആണ് എങ്കിലും രണ്ടും വ്യത്യസ്തമാണ്. ആദ്യത്തേത് പഴയ യജമാനനനിൽ ( പഴയ മനുഷ്യൻ)  നിന്നുള്ള മോചനമാണ് എങ്കിൽ, രണ്ടാമത്തേത് പുതിയ യജമാനൻ ( ക്രിസ്തു)  നമ്മിൽ പൂർണ്ണമായും കർതൃത്വം നടത്തുന്നതാണ്.അതായതു പാപത്തിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച വ്യക്തിയിൽ തുടർച്ചയായി നടക്കേണ്ട കാര്യമാണ് വിശുദ്ധീകരണം.

റോമർ 6:22 എന്നാൽ ഇപ്പോൾ പാപത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന്നു ദാസന്മാരായിരിക്കയാൽ നിങ്ങൾക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അന്തം നിത്യജീവനും ആകുന്നു. 


യേശുക്രിസ്തുവിലൂടെയുള്ള വീണ്ടെടുപ്പിൻ്റെ നിഴലായി പഴയ നിയമത്തിൽ കാണുന്ന ഇസ്രായേൽ മക്കളുടെ മിസ്രയീമിൽ നിന്നും കനാനിലേക്കുള്ള യാത്രയിൽ നിന്നും ഇത് കൂടുതലായി മനസിലാക്കാം . 

ഇസ്രായേൽ മക്കളെ അടിമകളാക്കി ഭരിച്ച മിസ്രയീമിലെ ഫറവോയെ നമുക്ക്  പഴയ മനുഷ്യനായി കാണുവാൻ കഴിയും, ഫറവോയിൽ നിന്നുള്ള സ്വാതന്ത്ര്യം ഇസ്രായേൽ മക്കൾക്ക് സ്വന്ത ശക്തിയാൽ അസാധ്യമായിരുന്നു .  എന്നാൽ ദൈവം അവരുടെ നിലവിളി കേൾക്കുകയും ഫറവോയെ ചെങ്കടലിൽ മുക്കി കൊന്നു കൊണ്ട് തൻ്റെ ജനത്തെ സ്വാതന്ത്രം ആക്കുകയും ചെയ്യുന്നു .  

അത് പോലെ തന്നെ പാപത്തിൻ്റെ അടിമത്വത്തിൽ  നിലവിളിക്കുന്ന ഒരുവൻ്റെ , പഴയ മനുഷ്യനെ  ദൈവം ക്രിസ്തുവിനോട് ചേർത്ത് ക്രൂശിച്ചു അടക്കി അവനെ പാപത്തിൻ്റെ അടിമത്വത്തിൽ നിന്നും സ്വതന്ത്രൻ ആക്കുന്നു. 

റോമർ 7 : 24 അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന് അധീനമായ ശരീരത്തിൽനിന്ന് എന്നെ ആർ വിടുവിക്കും?

 റോമർ 6 :നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു സ്വാതന്ത്ര്യം  പ്രാപിച്ചിരിക്കുന്നു

എന്നാൽ ഫറവോയുടെ അടിമത്വത്തിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച ഇസ്രായേൽ ജനത്തിന് ദൈവത്തിലുള്ള വിശ്വാസത്താൽ കാനനിലെ മല്ലന്മാരെ കീഴക്കേണ്ടതായി ഉണ്ടായിരുന്നു. 

അത് പോലെ തന്നെ പാപത്തിൻ്റെ അടിമത്വത്തിൽ നിന്നും സ്വതന്ത്രർ ആയവർക്ക്  ദൈവശക്തിയാൽ തങ്ങളുടെ ജഡത്തെ അതിൻ്റെ രാഗമോഹങ്ങളോടെ ക്രൂശിക്കേണ്ടതുണ്ട്‌.   

എന്നാൽ ഫറവോയുടെ അടിമത്വത്തിൽ നിന്നും സ്വതന്ത്രൻ ആയ , അത് തിരിച്ചറിയുന്ന ഒരുവന് മാത്രമേ കാനനിലെ മല്ലന്മാരെ കീഴടക്കാൻ കഴിയൂ എന്നത് പോലെ ,  പഴയ യജമാനയിൽ നിന്നുള്ള സ്വാതന്ത്ര്യം ലഭിച്ചു എന്ന് തിരിച്ചറിയുന്ന വ്യക്തിക്ക് മാത്രമേ ജഡത്തെ ക്രൂശിക്കുവാനും പുതിയ യജമാനന് പൂർണ്ണമായും സമർപ്പിക്കാനും  കഴിയുകയുള്ളൂ.

നാം മനസ്സിലാക്കേണ്ടത്, സുവിശേഷം  നമുക്ക് വാഗ്ദാനം ചെയ്യുന്നത്, പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യം മാത്രമല്ല, അനുദിന ജീവിതത്തില്‍ യേശുക്രിസ്തു നമ്മില്‍ വാഴുന്ന പാപത്തിനു മേൽ വിജയമുള്ള വിജയകരമായ,ഒരു ക്രിസ്തീയ ജീവിതവും കൂടിയാണ് എന്നതാണ്.

റോമർ 8:37 'നാമോ, നമ്മെ സ്നേഹിച്ച കർത്താവിലൂടെ ഇവയിലെല്ലാം പൂർണ്ണ വിജയം വരിക്കുന്നു. '

സുവിശേഷത്തിന്‍റെ പൂര്‍ണ്ണ സത്യം യേശുക്രിസ്തു നമ്മുടെ പാപങ്ങള്‍ക്ക്‌ വേണ്ടി മരിച്ചു,  അതിനാല്‍ എന്‍റെ പാപങ്ങള്‍ മോചിക്കപ്പെട്ടു എന്നതും,പാപത്തിന്‍റെ ഉറവയായിരുന്ന എന്‍റെപഴയ മനുഷ്യന്‍ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു അതിനാല്‍ ഞാന്‍ പാപത്തിന്‍റെ അടിമത്വത്തില്‍ നിന്നും സ്വതന്ത്രന്‍ ആയി എന്നതും മാത്രമല്ല,

മറിച്ചു പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച നമ്മില്‍, നമ്മുടെ പുതിയഹൃദയത്തില്‍ യേശുക്രിസ്തു വസിക്കുകയും ഒരിക്കൽ പാപം കര്‍തൃത്വം നടത്തിയിരുന്നിയിരുന്ന ഇടത്തു  അതിനു പകരം , ക്രിസ്തു  കര്‍തൃത്വം നടത്തുകയും നമ്മിലൂടെ ക്രിസ്തുവിൻ്റെ സ്വഭാവത്തെ വെളിപ്പെടുതേണം എന്നതുമാണ്‌.(റോമര്‍ 5:17,21)

അതാണ് വിശുദ്ധീകരണം, അതാണ്  ദൈവം നമ്മിൽ ആഗ്രഹിക്കുന്ന വിജയകരമായ ക്രിസ്തീയ ജീവിതം

അതിനാൽ തന്നെ യഥാര്‍ത്ഥമായ വിജയകരമായ ക്രിസ്തീയജീവിതം നാം അനുഭവിക്കണമെങ്കില്‍, പഴയ മനുഷ്യനും,  ജഡവും തമ്മിലുള്ള വ്യത്യാസവും  നാം വ്യക്തമായി തിരിച്ചറിയേണ്ടതുണ്ട്.

മാനുഷികമായ ഒരു ഉദാഹരണം വഴി ഇത് കൂടുതൽ  വ്യക്തമാക്കാന്‍ ശ്രമിക്കുന്നു, (ദൈവ വചന സത്യങ്ങളെ വെളിപ്പെടുത്താന്‍ ഒരു ഉദാഹരണവും പൂര്‍ണ്ണമായും പര്യാപ്തമല്ല, അതിനാല്‍ ഈ ഉദാഹരണവും പൂര്‍ണ്ണമല്ല).

നമ്മുടെ ആത്മാവിനെയും,ദേഹിയെയും ഒരു കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് ആയിസങ്കല്‍പ്പിക്കുക: ആദം പാപം ചെയ്തപ്പോള്‍ അതില്‍ കടന്നു കൂടിയ വൈറസ്‌ ആണ് പഴയ മനുഷ്യന്‍ഒരു വൈറസ്‌ അനേക വൈറസുകളെ ഉത്പാദിപ്പിക്കുന്നതു പോലെ മനുഷ്യന്‍റെ പാപ ഹൃദയം പാപത്തിന്‍റെ ഉത്പാദന കേന്ദ്രമായിരുന്നു. ആ പാപത്താല്‍ നമ്മുടെ ദേഹിയായ ഹാര്‍ഡ് ഡിസ്ക് മലിനപ്പെട്ടു.

എന്നാല്‍ ഒരു anti virus ചെന്ന് വൈറസിന്‍റെ ഉത്പാദനകേന്ദ്രതെ നശിപ്പിക്കുന്നത് പോലെ, ദൈവം ക്രിസ്തുവിന്‍റെ ക്രൂശില്‍ നമ്മുടെ പാപ ഹൃദയത്തെ നശിപ്പിച്ചു. അതിനാല്‍ പാപത്തിന്‍റെ ഉത്പാദനം നമ്മുടെ ഉള്ളില്‍ നിലച്ചു.പാപത്തിൻ്റെ അടിമത്വത്തിൽ നിന്നും നാം സ്വതന്ത്രർ ആയി. 

എന്നാല്‍ പാപതാല്‍ മലിനമായിപ്പോയ  ദേഹി,ജഡം നമ്മില്‍ അപ്പോഴുംഅങ്ങനെ തന്നെ നിലനില്‍ക്കുന്നു.

വൈറസിനാല്‍ മലിനമായ ഹാര്‍ഡ് ഡിസ്ക് പിന്നീടു ക്ലീന്‍ ചെയ്ത് എടുക്കുന്നത് പോലെയുള്ള ഒരു പ്രക്രിയയാണ് നമ്മില്‍ വസിക്കുന്ന പരിശുധത്മാവിനാല്‍ നമ്മുടെ ദേഹി (ചിന്തകള്‍, വികാരങ്ങള്‍,വിചാരങ്ങള്‍) രൂപാന്തരപ്പെടുന്നത്,അതിനെയാണ് മനസ്സ് പുതുക്കി രൂപാന്തരപ്പെടുക  എന്ന് പറയുന്നത് (റോമൻ 12 :2 )

യേശു ക്രിസ്തുവില്‍ കൂടിയുള്ള വീണ്ടെടുപ്പു പ്രക്രിയയില്‍ നമ്മുടെ പാപങ്ങള്‍ മോചിക്കപ്പെടുകയും,പാപത്തിന്‍റെ ഹൃദയത്തെ നീക്കുകയും,പാപത്തിന്‍റെ അടിമത്വത്തില്‍ നിന്നും നമ്മെ സ്വതന്ത്രന്‍ ആക്കുകയും ചെയ്തു.

എന്നാല്‍ നമ്മുടെ പാപപങ്കിലമായ ദേഹിയുടെ ശുദ്ധീകരണം/ രൂപാന്തരം നാം വീണ്ടും ജനിക്കുന്ന അന്ന് മുതല്‍ തുടങ്ങുന്നതും, നമ്മുടെ മരണം വരെയോ, കര്‍ത്താവിന്‍റെ വരവ് വരെയോ തുടരേണ്ടതും ആണ്. (ഫിലിപ്പ്യര്‍ 1:4)

അതിനാലാണ് രക്ഷിപ്പെട്ടവരോട് മനസ്സ് പുതുക്കി രൂപന്തരപ്പെടുവാന്‍, ഉയരത്തിലുള്ളത് ചിന്തിക്കുവാന്‍,ശരീരങ്ങളെ യാഗമായി സമര്‍പ്പിക്കുവാന്‍, ജഡത്തെ അതിന്‍റെ രാഗമോഹങ്ങളോട് കൂടെ ക്രൂശിക്കുവാന്‍, ആത്മാവിനാല്‍ ജഡത്തിന്‍റെ പ്രവര്‍ത്തികളെ മരിപ്പിക്കുവാന്‍, ക്രൂശു എടുത്തു കൊണ്ട് കര്‍ത്താവിനെ അനുഗമിക്കുവാന്‍ ഒക്കെ ദൈവവചനം നമ്മെ അനുശാസിക്കുന്നത്.

ഈ കാര്യങ്ങള്‍ നമ്മില്‍ സാധിക്കുവാന്‍ ആണ് ക്രിസ്തു നമ്മുടെ പുതിയ ഹൃദയത്തില്‍ വസിക്കുന്നത്.അതിലൂടെയാണ് ക്രിസ്തു നമ്മില്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികളില്‍ കൂടി ലോകത്തിനു വെളിപ്പെടുന്നത് അങ്ങനെയാണ്  ദൈവം ജഡത്തില്‍ വെളിപ്പെടുക എന്ന ദൈവഭക്തിയുടെ വലിയ മര്‍മ്മം നമ്മില്‍ യാഥാര്‍ത്ഥ്യമാകുന്നത്.അതാണ്‌ സുവിശേഷത്തിന്‍റെ യഥാര്‍ത്ഥ സന്ദേശം.

അതിനാല്‍ ചോദ്യത്തിന്‍റെ ഉത്തരം ചുരുക്കത്തില്‍ ഇതാണ്;

പഴയ മനുഷ്യന്‍ എന്നത് നമ്മില്‍ ഉണ്ടായിരുന്ന പാപത്തിൻ്റെ  ഉറവയാണ്,  നാം പഴയ മനുഷ്യനെ ക്രൂശിക്കേണ്ടതില്ല; കാരണം അവന്‍യേശു ക്രിസ്തുവിനോട്‌ കൂടെക്രൂശിക്കപ്പെട്ടു, മാറ്റപ്പെട്ടു, നമുക്ക് ഒരു പുതിയ ഹൃദയം നല്‍കപ്പെട്ടു, ആ പുതിയ ഹൃദയത്തില്‍ ക്രിസ്തു വസിക്കുന്നു.ഈ സത്യം നാം ഹൃദയ പൂർവ്വം വിശ്വസിക്കേണം  (റോമര്‍6:4, കൊലൊസ്സ്യര്‍1:27)

ജഡം എന്നത് ആ പഴയ മനുഷ്യനാല്‍ മലിനമായ ദേഹിയാണ്(ചിന്തകള്‍,വികാരങ്ങള്‍, വിചാരങ്ങള്‍) പഴയ ഹൃദയം മാറ്റപ്പെട്ടു, പുതിയ ഹൃദയം നല്കപ്പെട്ടതിനു ശേഷവും  ജഡം,  നമ്മില്‍ നില നില്‍ക്കുന്നു, അതിനാല്‍ ആ ജഡത്തെ അതിന്‍റെ രാഗമോഹങ്ങളോടു കൂടെ അനുദിനം ക്രൂശിക്കണം. മനസ്സ് പുതുക്കി രൂപന്തരപ്പെടെണം, ഉയരത്തിലുള്ളത് ചിന്തിക്കണം എന്ന് ദൈവവചനം നമ്മോടു ആവശ്യപ്പെടുന്നു .  (ഗലാത്യര്‍5:24 റോമര്‍ 12:2, കൊലൊസ്സ്യര്‍ 3:3)

അതിനെയാണ് ക്രൂശു എടുത്തു അനുദിനം കര്‍ത്താവിനെ അനുഗമിക്കുക എന്നു ദൈവവചനം  പറയുന്നത് അങ്ങനെ നമ്മുടെ ജഡം ക്രൂശിക്കപ്പെടുകയും   യേശുക്രിസ്തുവിന്‍റെ ജീവന്‍ നമ്മില്‍ വെളിപ്പെടുകയും, നാം ഓരോ ദിവസവും, തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ചു യേശുക്രിസ്തുവിന്‍റെ സ്വരൂപതോട് അനുരൂപമാക്കപ്പെടുകയും ചെയ്യും.(മത്തായി 16:24,2 കൊരിന്ത്യര്‍ 3:18)

അതിനാൽ പഴയ മനുഷ്യന്‍ എന്നെന്നെക്കുമായി ക്രൂശിക്കപ്പെട്ടു,അതിലൂടെ നാം പാപത്തില്‍നിന്നും എന്നെന്നേക്കും സ്വതന്ത്രര്‍  ആയി എന്നുള്ള സത്യം തിരിച്ചറിയേണം, മാത്രമല്ല യേശുക്രിസ്തു ഇന്ന് നമ്മുടെ ഹൃദയത്തില്‍  വസിക്കുന്നതിനാല്‍ നമുക്ക് ദൈവശക്തിയാല്‍ ജഡത്തെ ക്രൂശിക്കാന്‍ കഴിയും എന്ന് വിശ്വസിക്കുകയും  കർത്താവിനെ നമ്മില്‍ വാഴുവാന്‍ അനുവദിക്കുകയും വേണം.

അങ്ങനെ നമുക്ക് അനുദിനം ദൈവസ്വരൂപതോട് അനുരൂപരകാന്‍ കഴിയുകയും കർത്താവിനു നമ്മിൽ കൂടി വെളിപ്പെടാൻ കഴിയുകയും ചെയ്യും.

ദൈവസ്വരൂപമായ ക്രിസ്തുവിന്‍റെ  തേജസ്സുള്ള ഈ സുവിശേഷം  മനസ്സിലാക്കുവാന്‍ ദൈവം നിങ്ങളുടെ  ഹൃദയ ദൃഷ്ടികളെ തുറക്കട്ടെ.

 ജിനു നൈനാൻ