യേശുക്രിസ്തു സത്യദൈവം
യേശുക്രിസ്തു സത്യദൈവം
പ്രഥമമായി നാം മനസ്സിലാക്കേണ്ടത് ദൈവത്തിനു മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന, അല്ലെങ്കില്‍ ഉപയോഗിക്കാവുന്ന പദങ്ങള്‍, ചില പ്രത്യേക വിശേഷണങ്ങള്‍ ബൈബിളില്‍ ഉണ്ട് എന്നതാണ് .അത് സര്‍വ്വശക്തന്‍ ആയ ദൈവത്തിനു അല്ലാതെ ആർക്കും ഉപയോഗിക്കുവാന്‍ കഴിയുകയില്ല.എന്നാല്‍ അവ യേശുക്രിസ്തുവിനു ഉപയോഗിച്ചിരിക്കുന്നു എന്ന് നാം കാണുന്നു.
ഉദാഹരണം: പഴയനിയമത്തില്‍ “ദൈവം ആദ്യനും അന്ത്യനുമാകുന്നു” എന്ന് യെശയ്യാവിന്‍റെ പുസ്തകത്തില്‍ വായിക്കുന്നു. “യിസ്രായേലിന്‍റെ രാജാവായ യഹോവ, അവന്‍റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല” (യെശയ്യാ.44:6).
പുതിയ നിയമത്തില്‍ വെളിപ്പാട് 1:17,18 വാക്യങ്ങളില്‍ യേശു പറയുന്നത്. “ഭയപ്പെടേണ്ടാ, ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്‍റേയും പാതാളത്തിന്‍റേയും താക്കോല്‍ എന്‍റെ കൈവശമുണ്ടു” ഏതെങ്കിലും ഒരു മനുഷ്യനോ ദൂതനോ, സ്രിഷ്ടിക്കോ. “ഞാന്‍ ആദ്യനും അന്ത്യനും ആകുന്നു” എന്ന് അവകാശപ്പെടാനാകുമോ?
ദാവീദ് യഹോവയെ “സത്യദൈവം” എന്നാണു സംബോധന ചെയ്യുന്നത് (സങ്കീ.31:5).യേശുക്രിസ്തു സത്യദൈവം എന്ന് യോഹന്നാന്‍ പറയുന്നു. (1.യോഹ. 5:20)
ഇങ്ങനെ ദൈവത്തിനു മാത്രം ഉപയോഗിക്കാവുന്ന അനേക നാമങ്ങള്‍, വിശേഷണങ്ങള്‍ നാമങ്ങള്‍ യേശു ക്രിസ്തുവിനു നല്‍കിയിരിക്കുന്നു.അവയില്‍ ചിലത് മാത്രം.
അത്യുന്നതന്‍ (ദാനിയേല്‍ 27:7)
ആല്ഫയും ഒമേഗയും (വെളി.1:8; 22:13)
ആദ്യനും അന്ത്യനും (വെളി.1:17; 2:8; 22:13)
എല്ലാവരുടെയും കര്‍ത്താവ് (അപ്പൊ.പ്രവൃ.10:36)
ഒന്നാമത്തവനും ഒടുക്കത്തവനും (വെളി.22:13)
കര്‍ത്താധി കര്‍ത്താവ് (1.തിമോ.6:15, വെളി.19:16)
രാജാധിരാജാവ് (1.തിമോ.6:15; വെളി.19:16)
ജീവികള്‍ക്കും മരിച്ചവര്‍ക്കും ന്യായാധിപതി (അപ്പൊ.പ്രവൃ.10:42)
ഞാന്‍ ആകുന്നു (യോഹ.8:58)
അനന്യന്‍ (യെശയ്യാ.43:13) (എബ്രാ.13:8)
മഹാദൈവം (തീത്തോ.2:13)
ദൈവം (യോഹ. 1:1; 20:28; എബ്രാ.1:8; റോമ.. 9:5; 2.പത്രോ.1:1; 1.യോഹ.5:20; വെളി.21:7)
സത്യദൈവം (1.യോഹ. 5:20)
വീരനാം ദൈവം (യെശയ്യാ.9:6)
സര്‍വ്വതിനും മീതെയുള്ള ദൈവം..(റോമ: 9:5)
സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവ് (വെളി.. 1:8)
നിത്യജീവന്‍ (1.യോഹ.1:2; 5:20)
പരിശുദ്ധന്‍ (അപ്പൊ.പ്രവൃ.3:14)
( കടപ്പാട് : സത്യമാർഗ്ഗം വെബ്‌സൈറ്റ് )
അതു പോലെ ദൈവത്തിനു മാത്രമുള്ള ഗുണങ്ങള്‍ ആണ്, സര്വ്വജ്ഞാനം, സരവ്വവ്യാപിത്വം, സര്‍വ്വശക്തി എന്നിവ.ഇതും യേശുക്രിസ്തുവിന്റെ ഗുണങ്ങള്‍ ആയി ദൈവവചനം പറയുന്നു.
സര്വ്വജ്ഞാനം
യഹോവ എല്ലാം അറിയുന്നു. ( സങ്കീ 147:5)
യേശു എല്ലാം അറിയുന്നു. (യോഹ.16:30)
യഹോവ മാത്രം എല്ലാ മനുഷ്യന്‍റെയും ഹൃദയം അറിയുന്നു. (1 രാജ 8:39; യിരമ്യാ. 17:9-10)
യേശു എല്ലാ മനുഷ്യരുടെയും ഹൃദയം അറിയുന്നു. (വെളിപ്പാട് 2:18, 23)
വെളിപ്പാട് 2:18 തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുക: അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രന്‍ അരുളിച്ചെയ്യുന്നതു: ഞാന്‍ ഉള്‍പൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവന്‍ എന്നു സകലസഭകളും അറിയും. എല്ലാ മനുഷ്യരുടെയും ഹൃദയങ്ങളെയും ഉള്‍പൂവുകളെയും ആരായുന്നവാൻ സര്‍വ്വജ്ഞാനിക്കു അല്ലാതെ കഴിയുകയില്ല
സര്‍വ്വവ്യാപിത്വം
യഹോവ സര്‍വ്വവ്യാപി ആകുന്നു. (സദൃശ്യ.15:3; യിരെമ്യാ. 23:24; I രാജാ 8:27)
യേശു സര്‍വ്വവ്യാപി ആണ്. (യോഹ.1:48; മത്താ.18:20; 28:20)
യേശുക്രിസ്തു സ്വര്‍ഗത്തില്‍ പിതാവിന്റെ വലതു ഭാഗത്ത് ഇരിക്കുംമ്പോള്‍ തന്നെ വിശ്വാസികളോട് കൂടെ ലോകാവസനത്തോളവും, എല്ലാ നാളും വിശ്വാസികളുടെ ഉള്ളിലും വസിക്കുന്നു എന്ന് ദൈവവചനം പറയുന്നു.
ഒരേ സമയം സ്വര്‍ഗത്തിലും വിശ്വാസികളുടെ കൂടെയും വിശ്വാസികളുടെ ഉള്ളിലും വസിക്കുന്നവന്‍ സര്‍വ്വവ്യാപി തന്നെ.
സര്‍വ്വശക്തന്‍.
ദൈവം സര്‍വ്വശക്തന്‍.ഉല്പത്തി 17:1
യേശുക്രിസ്തു സര്‍വ്വത്തെയും തന്‍റെ ശക്തിയുള്ള വചനത്താല്‍ വഹിക്കുന്നു
ഹെബ്രായർ 1:3 അവന്‍ അവന്‍റെ തേജസ്സിന്‍റെ പ്രഭയും തത്വത്തിന്‍റെ മുദ്രയും ശക്തിയുള്ള വചനത്താല്‍ സകലത്തെയും വഹിക്കുന്നവനാണു.സര്‍വ്വലോകതെയും ശക്തിയുള്ള വചനത്താല്‍ വഹിക്കുന്നവന്‍ സര്‍വ്വശക്തന്‍ ആണ്.
ദൈവത്തിനു മാത്രം കഴിയുന്ന ചില കാര്യങ്ങള്‍ കൂടി.
ആരാധനയ്ക്ക് യോഗ്യന്‍.
യഹോവയായ ദൈവത്തെ മാത്രമേ നാം ആരാധിക്കാന്‍ പാടുള്ളൂ. (പുറപ്പാട് 34:14)
ഏതൊരു മാലാഖയും ആരാധന സ്വീകരിക്കാന്‍ പാടുള്ളതല്ല. (വെളിപ്പാട് 22:8-9)
യേശുവിനും പിതാവിന് ലഭിക്കുന്ന അതെ ആരാധനയും ബഹുമാനവും മഹത്വവും സ്തുതിയും ലഭിക്കുന്നു. (യോഹ.5:23; വെളിപ്പാട് 5:11-14 വാക്യം വെളിപ്പാട് 4:10-11 ആയി താരതമ്യം ചെയ്യുക).
പ്രാര്‍ത്ഥന കേള്‍ക്കുന്നവന്‍.
യഹോവയായ ദൈവത്തോട് മാത്രമേ പ്രാര്‍ത്ഥിക്കുവാന്‍ പാടുള്ളു. (പുറ.23:13)
യേശുവിനോട് പ്രാര്‍ഥിക്കാം . (യോഹ.14:14)
യഹോവയെ വിളിച്ചപേക്ഷിക്കുന്നതും (യോവേല്‍ 2:32) യേശുവിനെ വിളിച്ചപേക്ഷിക്കുന്നതും ഒന്നു തന്നെ ആണ്. (അപ്പൊ: 2:21; റോമര്‍ 10:9-13)
എന്നാല്‍ ഇത്രയും വ്യക്തമായി ദൈവവചനം പറയുമ്പോഴും യേശുവിൻ്റെ ദൈവത്വത്തെ നിഷേധിക്കുന്ന ചിലർ ചോദിക്കുന്ന ചോദ്യം ആണ് യേശുക്രിസ്തു സ്വയം ദൈവം എന്ന് അവകശപ്പെട്ടോ. എന്നത്.എന്നാല്‍ അതിനും ഉത്തരം അതെ എന്ന് തന്നെയാണ്.
വെളിപാട് 21:6 പിന്നെയും അവന്‍ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീര്‍ന്നു, ഞാന്‍ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു,ദാഹിക്കുന്നവന്നു ഞാന്‍ ജിവനീരുറവില്‍ നിന്നു സൌജന്യമായി കൊടുക്കും. ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും, ഞാന്‍ അവന്നു ദൈവവും അവന്‍ എനിക്കു മകനുമായിരിക്കും.
ഇനി യേശുക്രിസ്തു ദൈവമല്ല.ദൈവത്തെക്കാള്‍ താണ വെറും സൃഷ്ടി ആണ് എന്ന് സ്ഥാപിക്കാന്‍ സ്ഥിരമായി പലരും പറയുന്ന വാക്യം ആണ്.1 കൊരിന്ത്യർ 15:28 “എന്നാല്‍ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രന്‍ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും”എന്നത്.
യേശുക്രിസ്തു പിതാവിന് കീഴ്പെട്ടിരിക്കും എന്നതിനാല്‍ യേശുക്രിസ്തു താഴ്ന്നവന്‍ ആണ് എന്നാണ് വ്യാഖ്യാനം.എന്നാൽ ദൈവവചനപ്രകാരം കീഴ്പെട്ടിരിക്കുക എന്നാല്‍ താഴ്ന്ന പദവി അല്ല.എഫെസ്യ സഭയിലെ വിശ്വാസികളോടു പൗലോസ് പറയുന്നത്അ "അന്യോന്യം കീഴ്പ്പെട്ടിരിക്കേണം" എന്നാണ്.( എഫെസ്യർ 5:21) അതിന്‍റെ അര്‍ഥം ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെക്കള്‍ താഴ്ന്നവന്‍ ആണ് എന്നല്ലല്ലോ.
ദൈവമായ യേശുക്രിസ്തു, ദൈവസ്വരൂപത്തില്‍ ഇരിക്കെ മനുഷ്യരക്ഷക്ക് വേണ്ടി ദൈവത്തോടുള്ള സമത്വം മുറുകെ പിടിക്കാതെ തന്നെത്താന്‍ താഴ്ത്തി എന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്.
ഫിലിപിയര്‍ 2:6 അവന്‍ ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താല്‍ ഒഴിച്ചു വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീര്‍ന്നു.
സമന്‍ ആയ വ്യക്തിയെ തന്നെത്താന്‍ താഴ്തെണ്ട ആവശ്യം ഉള്ളൂ, താഴ്ന്ന വ്യക്തി തന്നെത്താന്‍ താഴ്തെണ്ട ആവശ്യം ഇല്ല.അങ്ങനെ ദൈവത്തോട് സമന്‍ ആയിരിക്കെ തന്നെത്താന്‍ താഴ്ത്തിയ പുത്രനെ കണ്ടിട്ടാണ് യേശുക്രിസ്തു താഴ്ന്നവന്‍ ആണ് എന്ന് പലരും പറയുന്നത്. എന്നാൽ ബൈബിളിന്‍റെ ഉപദേശപ്രകാരം തന്നെത്താന്‍ താഴ്ത്തുന്നവന്‍ താഴ്ന്നവന്‍ അല്ല.കര്‍ത്താവ് തന്നെ പറയുന്നതു നോക്കൂ.
ലൂക്കോസ് 22:27 ആരാകുന്നു വലിയവന്‍ ? ഭക്ഷണത്തിന്നിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിന്നിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയില്‍ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു.
ഇവിടെ കര്‍ത്താവ് വലിയവന്‍ ആയിട്ടും തന്നെത്താന്‍ താഴ്ത്തി ശുശ്രൂഷിക്കുന്നവന്‍ ആയിത്തീര്‍ന്നു.യേശുക്രിസ്തു ജോസെഫിനും മരിയക്കും കീഴ്പെട്ടിരുന്നു എന്ന് ദൈവവചനം പറയുന്നു.
(ലൂക്കോസ് 2:51 പിന്നെ അവന്‍ അവരോടുകൂടെ ഇറങ്ങി, നസറെത്തില്‍ വന്നു അവര്‍ക്കും കീഴടങ്ങിയിരുന്നു.)
ഇത് വായിച്ചാല്‍ യേശുക്രിസ്തു ശിഷ്യന്മാരെക്കള്‍ താഴ്ന്നവന്‍ ആണ് ,ജോസെഫിനെക്കളും, മരിയയെക്കളും താഴ്ന്നവന്‍ ആണ് എന്ന് പറയാൻ കഴിയുമോ?
ഇനി എന്തിനാണ അത്യുന്നതന്‍ ആയ, ദൈവമായ ദൈവത്തോട് സമനായ ക്രിസ്തു തന്നെത്താന്‍ താഴ്ത്തി പിതാവിന് കീഴ്പെട്ടത്.അത് മനസ്സിലായി എങ്കിൽ മാത്രമേ ഒരു വ്യക്തിക്ക് രക്ഷ എന്ത് എന്ന് പോലും മനസ്സിലാകുകയുള്ളൂ .
ദൂതന്‍മാരില്‍ ശേഷ്ടന്‍ ആയ ലൂസിഫേര്‍ അത്യുന്നതന്‍ ആയ ദൈവത്തോട് "സമന്‍" ആകാന്‍ വേണ്ടി തന്നെത്താന്‍ ഉയര്‍ത്തിയപ്പോള്‍ ആണ് പാപം ഈ ലോകത്തില്‍ വന്നത്.
(യെശയ്യാവ്:14:14) ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു).
എന്നാല്‍ അത്യുന്നതന്‍ ആയ, ദൈവത്തോട് സമന്‍ ആയ ,സ്വര്‍ഗത്തേക്കാള്‍ ഉന്നതന്‍ ആയ , ആയ ദൈവം ആയ ക്രിസ്തു തന്നത്താന്‍ , ക്രൂശിലെ മരണത്തോളം താഴ്തിയപ്പോള്‍ ആണ് രക്ഷ ഭൂമിയില്‍ വന്നത്.
ഫിലിപ്യർ 2:6 അവന്‍ ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താല്‍ ഒഴിച്ചു വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ)
യേശു ക്രിസ്തു ദൈവമാണെന്നും , ആരാധനയ്ക്ക് യോഗ്യനാനെന്നും, ദൈവത്തിൻ്റെ എല്ലാ സവിഷേതകളും ഉള്ളവൻ എന്നും നാം വ്യക്തമായി കണ്ടു.എന്നാൽ ഇതൊക്കെ വ്യക്തമാക്കിയാലും പലരും ചോദിക്കുന്ന മറ്റൊരു ചോദ്യം ആണ്.”ദൈവമായ യേശുക്രിസ്തുവിനെ ആരാധിക്കേണം” എന്ന കല്പന അതുപോലെ ബൈബിളില്‍ ഉണ്ടോഎന്ന്.
ആ ചോദ്യത്തിനും ദൈവവചനം മറുപടി പറയുന്നു.
ഹെബ്രായർ 1:8 പുത്രനോടോ: “ദൈവമേ, നിന്‍റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു നിന്‍റെ രാജത്വത്തിന്‍റെ ചെങ്കോല്‍ നേരുള്ള ചെങ്കോല്‍ . നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാല്‍ ദൈവമേ, നിന്‍റെ ദൈവം നിന്‍റെ കൂട്ടുകാരില്‍ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു” എന്നും
ഹെബ്രായർ 1:6 ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോള്‍ : “ദൈവത്തിന്‍റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താന്‍ അരുളിച്ചെയ്യുന്നു.
ഹെബ്രായർ 1:10 “കര്‍ത്താവേ, നീ പൂര്‍വ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്‍റെ കൈകളുടെ പ്രവൃത്തി ആകുന്നു. അവ നശിക്കും, നീയോ നിലനിലക്കും, നീയോ അനന്യന്‍ ,നിന്‍റെ സംവത്സരങ്ങള്‍ അവസാനിക്കയുമില്ല” എന്നും പറയുന്നു.
ഇവിടെ പിതാവായ ദൈവം ക്രിസ്തുവിനെ ദൈവം എന്നും കര്‍ത്താവ് എന്നും, അനന്യന്‍ എന്നും വിശേഷിപ്പിക്കുന്നു.ആരാധിക്കേണം എന്ന് കല്‍പ്പിക്കുന്നു.
ഒരു പക്ഷെ ഈ സവിശേഷമായ പദവികള്‍ ഒക്കെ ഉള്ള യേശു പലരും പറയുന്നത് പോലെ യഹോവയുടെ കീഴില്‍ യേശു ഒരു താഴ്ന്ന ദൈവം ആയിരിക്കുമോ?
ഒരിക്കലുമില്ല. യഹോവ അരുളിച്ചെയ്യുന്നു: ഞാനല്ലാതെ ഒരു ദൈവവുമില്ല. ഞാന്‍ തന്നെ ദൈവം എന്നെപ്പോലെ ഒരുത്തനുമില്ല (യെശയ്യ 46:9)
നിങ്ങള്‍ എന്‍റെ സാക്ഷികളും ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ദാസനും ആകുന്നു എന്ന് യഹോവയുടെ അരുളപ്പാടു. എനിക്ക് മുന്‍പേ ഒരു ദൈവവും ഉണ്ടായിട്ടില്ല എന്‍റെ ശേഷം ഉണ്ടാകയുമില്ല. ഞാന്‍ ഞാന്‍ തന്നെ യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. (യെശയ്യ 43:10-11)
നാം കണ്ടതുപോലെ യേശു താന്‍ ആദ്യനും അന്ത്യനുമാണെന്നും. പ്രഖ്യാപിച്ചു. താന്‍ പ്രാര്‍ത്ഥനക്ക് മറുപടി നല്‍കുന്നു എന്നും എല്ലായിടത്തും തന്നെ അനുഗമിക്കുന്നവരോട് കൂടെ താന്‍ ഉണ്ടെന്നും സ്വര്‍ഗ്ഗത്തിലും ഭൂമിയിലും തനിക്ക് സര്‍വ്വ അധികാരവുമുണ്ടെന്നും,താന്‍ അത്യുന്നതന്‍, അനന്യന്‍ ,മഹാദൈവം,സത്യദൈവം,വീരനാം ദൈവം സര്‍വ്വതിനും മീതെയുള്ള ദൈവം,സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവ് എന്നീ വിശേഷണങ്ങള്‍ക്ക് അര്‍ഹന്‍ ആണെന്നും ബൈബിള്‍ പറയുന്നു.താന്‍ സര്‍വ്വശക്തന്‍ ആണെന്നും, സര്‍വ്വജ്ഞാനി ആണെന്നും, സര്‍വ്വവ്യാപി ആണെന്നും, ആരാധനയ്ക്ക് യോഗ്യനാനെന്നും ദൈവവചനം പറയുന്നു.
താന്‍ആരാധനയ്ക്ക് യോഗ്യനാനെന്നും തന്‍റെ ശിഷ്യന്മാരോട് കൂടെ എല്ലാ നാളും താന്‍ ഉണ്ടെന്നും താന്‍ എല്ലാത്തിന്‍റേയും അവകാശിയാണെന്നും അവന്‍ അവകാശപ്പെട്ടു! മാത്രമല്ല, എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നത് പോലെ തന്നെയും ബഹുമാനിക്കേണ്ടാതാണെന്നും അവന്‍ പറഞ്ഞു!!
മുകളിലുദ്ധരിച്ചവയില്‍ ഒന്ന് പോലും കേവലമൊരു മനുഷ്യന്‍റേതല്ല എന്ന് മനസ്സിലാക്കാം. അവ കേവലം ഒരു പ്രവാചകന്‍റെതോ ദൂതന്റെയോ സൃഷ്ടിയുടെയോ അവകാശവാദങ്ങളല്ല. അവ ദൈവത്തിന് മാത്രം ഉന്നയിക്കാവുന്ന അവകാശവാദങ്ങളാണ്. അതുകൊണ്ടാണ് നാം യേശു സത്യ ദൈവമാണെന്ന് ഉറച്ചു വിശ്വസിക്കുന്നത്.
“ദൈവപുത്രന്‍ വന്നു എന്നും സത്യദൈവത്തെ അറിവാന്‍ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തില്‍ അവന്‍റെ പുത്രനായ യേശുക്രിസ്തുവില്‍ തന്നേ ആകുന്നു. അവന്‍ സത്യദൈവവും നിത്യജീവനും ആകുന്നു” (1.യോഹ.5:20)
ബ്രദർ ജിനു നൈനാൻ