പുതിയ വീഞ്ഞ് പഴയ തുരുത്തിയിലേക്കോ ?
മത്തായി 9:16,17 പുതിയ വസ്ത്രം ആരും പഴയ വസ്ത്രത്തില്‍ ചേര്‍ത്തു തുന്നുമാറില്ല, തുന്നിച്ചേര്‍ത്താല്‍ അതു കൊണ്ടു വസ്ത്രം കീറും. ചീന്തല്‍ ഏറ്റവും വല്ലാതെയായി തീരും.
പുതിയ വീഞ്ഞു പഴയ തുരുത്തിയില്‍ പകരുമാറുമില്ല. പകര്‍ന്നാല്‍ തുരുത്തി പൊളിഞ്ഞു വീഞ്ഞു ഒഴുകിപ്പോകും, തുരുത്തിയും നശിച്ചുപോകും.
നാം വഴിനടക്കുമ്പോള്‍ ഒരു വ്യക്തി ഒരു മാന്യമായി പഴയ വസ്ത്രവും ധരിച്ചു നടന്നു വരുന്നത് കണ്ടാല്‍ നമുക്ക് പ്രത്യേകിച്ച് ഒരു തെറ്റും തോന്നുകയില്ല,
എന്നാല്‍ ഒരാള്‍ പലയിടത്തായി കീറിയ പഴയ വസ്ത്രം ധരിക്കുകയും, ആ കീറലിനെ മറക്കുവാന്‍ പുതിയ തുണി അവിടെയൊക്കെ കൂട്ടി തുന്നുകയും ചെയ്‌താല്‍, പുതിയ തുണി കൂട്ടിതുന്നിയത് കാരണം കീറല്‍ ഏറ്റവും വലുതായിത്തീരുകയും, ആ വസ്ത്രം ധരിക്കുന്നതിലൂടെ അയാള്‍ പരിഹാസ്യന്‍ ആയിത്തീരുകയും ചെയ്യും.
അത് പോലെ തന്നെ പഴയ തുരുത്തിയില്‍ പഴയ വീഞ്ഞ് ശേഖരിച്ചു വയ്ക്കുന്നത് സ്വാഭാവികമാണ് , കാരണം പഴയ തുരുത്തിക്ക് പഴയ വീഞ്ഞിനെ മാത്രമേ വഹിക്കുവാന്‍ കഴിയുള്ളൂ.എന്നാല്‍ പഴയ തുരുത്തിയിലേക്ക് പുതിയ വീഞ്ഞ് പകരാന്‍ ശ്രമിച്ചാല്‍ ,കര്‍ത്താവ് പറഞ്ഞത് പോലെ തുരുത്തി പൊളിയുകയും വീഞ്ഞ് ഒഴുകിപ്പോകുകയും ചെയ്യും.
ചുരുക്കത്തില്‍ ഇത് രണ്ടും ചെയ്യുന്ന വ്യക്തികള്‍ തങ്ങളുടെ സമയവും, ശക്തിയും പഴാക്കുന്നവരാണ്, മാത്രമല്ല ഒടുവില്‍ അവര്‍ പരിഹാസ്യര്‍ ആകുകയും ചെയ്യും.
ഇതിനോട് സമമായ ഒരു മുന്നറിയിപ്പ് കൂടി കര്‍ത്താവ് പറഞ്ഞിട്ടുണ്ട്.
മത്തായി 7:6 വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുതു, നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പില്‍ ഇടുകയുമരുതു. അവ കാല്‍കൊണ്ടു അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാന്‍ ഇടവരരുതു.
ഇവിടെ പന്നികള്‍, നായകള്‍ എന്ന് കര്‍ത്താവ് ഉദേശിക്കുന്നത് ആരെയാണ് എന്ന് പത്രോസ് വിശദീകരിക്കുന്നു.
1 പത്രോസ് 2:20-23 കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ പരിജ്ഞാനത്താല്‍ ലോകത്തിന്‍റെ മാലിന്യം വിട്ടോടിയവര്‍ അതില്‍ വീണ്ടും കുടുങ്ങി തോറ്റുപോയാല്‍ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാള്‍ അധികം വഷളായിപ്പോയി.
തങ്ങള്‍ക്കു ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാള്‍ അതു അറിയാതിരിക്കുന്നതു അവര്‍ക്കും നന്നായിരുന്നു.
എന്നാല്‍ സ്വന്ത ഛര്‍ദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചളിയില്‍ ഉരളുവാന്‍ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവര്‍ക്കും സംഭവിച്ചു
അതെ, ഈ വിശുദ്ധ വഴിയുടെ സന്ദേശം ഒരിക്കല്‍ കേള്‍ക്കുകയും അതിനാല്‍ ലോകത്തിന്‍റെ മാലിന്യം വിടുകയും, എന്നാല്‍ പിന്നീടു വീണ്ടും ലോകത്തിന്‍റെ മാലിന്യത്തിലേക്ക് തിരിച്ചു പോവുകയും ചെയ്യുന്ന പിന്മാറ്റക്കാരെയാണ് പന്നികള്‍, നായകള്‍ എന്ന് കര്‍ത്താവ് ഉദേശിക്കുന്നത്
അത് പോലെ തന്നെ നാം മനസ്സിലാക്കേണ്ട കാര്യം, കര്‍ത്താവ് പുതിയ വസ്ത്രം , പുതിയ വീഞ്ഞ് , വിശുദ്ധമായത്, മുത്ത് എന്നൊക്കെയുള്ള സദൃശ്യങ്ങളില്‍ കൂടി പറയുന്നത് തന്‍റെ രക്തത്താല്‍ താന്‍ സ്ഥാപിച്ച പുതിയ ഉടമ്പടിയുടെ സന്ദേശമാണ്.
ആ സന്ദേശം യേശുക്രിസ്തു, എന്‍റെ പാപങ്ങള്‍ക്ക് വേണ്ടി മരിച്ചു എന്നത് മാത്രമല്ല, മറിച്ചു, പാപിയായ ഞാന്‍, എന്‍റെ പഴയ മനുഷ്യന്‍ യേശുക്രിസ്തുവിനോട് കൂടി ക്രൂശിക്കപ്പെട്ടു എന്നും, അതിനാല്‍ ഞാന്‍ പാപത്തില്‍ നിന്ന് സ്വതന്ത്രന്‍ ആയി എന്നും, ഇനി ഞാനല്ല യേശുക്രിസ്തു എന്നില്‍ ആത്മാവിനാല്‍ ജീവിക്കുന്നു എന്നുമുള്ള സന്ദേശമാണ്
കൂടാതെ ഞാന്‍ എന്‍റെ ജഡത്തെ പരിശുധാത്മ ശക്തിയാല്‍ ക്രൂശിക്കുകയും, ഓരോ ദിവസവും ക്രൂശു എടുത്തു കര്‍ത്താവിനെ അനുഗമിക്കുകയും വഴി ക്രിസ്തുവിന്‍റെ ജീവനെ ദിനവും വെളിപ്പെടുതുന്ന ജീവിതം ഈ ഭൂമിയില്‍ സാധ്യമാണ് എന്നുമുള്ള സന്ദേശമാണ്.
ഈ ജീവന്‍റെ പുതുവഴിയാണ് യേശുക്രിസ്തു തന്‍റെ രക്തത്താല്‍, പുതിയ ഉടമ്പടിയില്‍ കൂടി സാധ്യമാക്കിയത്.
എന്നാല്‍ ഈ പുതിയ ഉടമ്പടിയുടെ സന്ദേശം; പുതിയ വീഞ്ഞ് വഹിക്കുവാന്‍, പുതിയ തുരുത്തിയാകുന്ന പുതിയ നിയമ സഭക്കേ കഴിയുകയുള്ളൂ.
യേശുക്രിസ്തുവിന്‍റെ ജീവന്‍ ഉള്ളില്‍ വഹിക്കുന്ന, യേശുക്രിസ്തു എന്ന തലയാല്‍ നിയന്ത്രിക്കപ്പെടുന്ന, യേശുക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയാണ് ആ പുതിയ തുരുത്തി.അവരാണ് തങ്ങളുടെ ജീവിതത്തിലൂടെയും, പ്രവര്‍ത്തിയിലൂടെയും ഈ സന്ദേശം വഹിക്കുകയും കൈമാറുകയും ചെയ്യുന്നത്.
അതിനാലാണ് ദൈവസഭയെ സത്യത്തിന്‍റെ തൂണും അടിസ്ഥാനവും എന്ന് വിളിക്കുന്നത്, ആ സത്യം പുതിയ ഉടമ്പടിയുടെ സന്ദേശമാണ് അത്.ദൈവം ജഡത്തില്‍ വെളിപ്പെടുന്ന, യേശുക്രിസ്തു നമ്മില്‍ വെളിപ്പെടുന്ന ദൈവഭക്തിയുടെ മര്‍മ്മമാണ്. ( 1 തിമോത്തിയോസ് 3:16)
ക്രിസ്തീയ സമൂഹത്തില്‍ രണ്ടു തരം തുരുത്തികള്‍ ആണ് ഉള്ളത്,
ഒന്ന്; ഈ ലോകത്തില്‍ പണം, പ്രശസ്തി, ആരോഗ്യം, സുഖലോലുപത എന്നിവയും , അത്തോടൊപ്പം സ്വര്‍ഗ്ഗവും വാഗ്ദാനം ചെയ്യുന്ന പഴയ വീഞ്ഞിന്‍റെ സന്ദേശം വഹിക്കുന്ന വ്യക്തികളുടെ കൂട്ടമായ പഴയ തുരുത്തികള്‍.
പാപത്തോടും, പിശാചിനോടും, ലോകത്തോടും, ജഡത്തോടും ഒത്തുതീര്‍പ്പില്‍ എത്തിയ ജഡീകരുടെ കൂട്ടം. ജഡീകരായ, ഒത്തുതീര്‍പ്പുകാരായ, സ്ഥാനമോഹികളായ, അധികാരമോഹികളായ നേതാക്കളാല്‍ നിയന്ത്രിക്കപ്പെടുന്ന മാനുഷിക സംഖടനകള്‍, ഈ ഒത്തുതീര്‍പ്പുകാരുടെ കൂട്ടം, ഒത്തുതീര്‍പ്പ് ‘സഭകളെ’ ഉളവാക്കുന്നു.
ആ ‘സഭകള്‍’ പാപത്തോടുള്ള ഒത്തുതീര്‍പ്പിന്‍റെ സന്ദേശം വഹിക്കുകയും, ജീവിതത്തില്‍ കൂടി അത് വെളിപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.അവര്‍ അവരെപ്പോലെ തന്നെയുള്ള ഒത്തുതീര്‍പ്പ് സഭകളെ, പഴയ തുരുത്തികളെ വീണ്ടും നിര്‍മ്മിക്കുന്നു, അവരും ഈ ഒത്തുതീര്‍പ്പിന്‍റെ സന്ദേശം പ്രചരിപ്പിക്കുന്നു.
രണ്ടാമത്തേത്; പുതിയ ഉടമ്പടിയുടെ സന്ദേശമായ ദൈവഭക്തിയുടെ മര്‍മ്മം, ജീവിതത്തിലും, സന്ദേശത്തിലും വഹിക്കുന്ന സഭകള്‍ ആണ്.
അവര്‍ ലോകത്തില്‍ നിന്നും വിളിച്ചു വേര്‍തിരിക്കപ്പെട്ടവരും, ലോകത്തോട് അനുരൂപരാകാത്തവരുമാണ്,പാപത്തോട് പ്രാണത്യാഗത്തോളം ദൈവശക്തിയില്‍ ആശ്രയിച്ചു പോരാടുന്നവര്‍ ആണ്, പിശാചിനോട് എതിര്‍ത്ത് നില്‍ക്കുന്നവര്‍ ആണ്, ജഡത്തെ പരിശുധാത്മ ശക്തിയാല്‍ ക്രൂശിക്കുന്നവരാണ്, ക്രിസ്തുവിന്‍റെ സ്വരൂപത്തോട് അനുദിനം അനുരൂപര്‍ ആകുന്നവരാണ്.
അവര്‍ പുതിയ വീഞ്ഞ് വഹിക്കുന്ന പുതിയ തുരുത്തികള്‍ ആണ്, യേശുവിന്‍റെ ജീവന്‍ വഹിക്കുന്ന ക്രിസ്തുവിന്‍റെ ശരീരം ആണ്. അവര്‍ അവരുടെ ജീവിതത്തിലും, സന്ദേശത്തിലും കൂടി ദൈവഭക്തിയുടെ മര്‍മ്മം വെളിപ്പെടുത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
എന്നാല്‍ ഈ പുതിയ ഉടമ്പടിയുടെ സന്ദേശം പഴയ തുരുത്തികള്‍ ആകുന്ന ഒത്തു തീര്‍പ്പ് സഭകളില്‍, വ്യക്തികളില്‍ പകരാന്‍ ശ്രമിച്ചാല്‍, കര്‍ത്താവ് മുന്നറിയിപ്പ് തന്നത് പോലെ പോലെ തുരുത്തി പൊളിയും, വീഞ്ഞ് ഒഴുകിപ്പോകും. വസ്ത്രം കീറും, ചീന്തല്‍ ഏറ്റവും വലിയതാകും.
മുത്ത്, പന്നികള്‍ കാല്‍ കൊണ്ട് ചവിട്ടിക്കളയും, മുത്ത് വിതറിയ വ്യക്തിയെ പന്നികള്‍ ചീന്തിക്കളയും.
യഥാര്‍ത്ഥത്തില്‍ ഇത് കര്‍ത്താവ് മുന്നറിയിപ്പ് തന്നത് പോലെയുള്ള ഒരു പാഴ് വേലയാണ്, മാത്രമല്ല കര്‍ത്താവ് തന്‍റെ രക്തത്താല്‍ സ്ഥാപിച്ച പുതിയ ഉടമ്പടിയില്‍ കൂടി വെളിവായ ഈ വിശുദ്ധ സന്ദേശം,പുതിയ വീഞ്ഞ് വഴിയില്‍ ഒഴുക്കികളയുവാനും, വിലയേറിയ മുത്ത് നിലത്തു ഇട്ടു ചവിട്ടുവാനും ഇടയായിത്തീരും, അതിനു ഇടവരുത്തുന്ന വ്യക്തിയും അപഹാസ്യന്‍ ആയിത്തീരും.
യഥാര്‍ത്ഥത്തിലുള്ള പുതിയ ഉടമ്പടിയുടെ സന്ദേശം വഹിക്കുവാനുള്ള പുതിയ തുരുത്തികള്‍ ആണ് ഈ തലമുറയുടെ ഏറ്റവും വലിയ ആവശ്യകത, ഇന്ന് ഏറ്റവും ദുര്‍ലഭമായി കൊണ്ടിരിക്കുന്നതും, പുതിയ തുരുത്തിയാകുന്ന, ക്രിസ്തുവിന്‍റെ ശരീരമായ ദൈവസഭയെ പറ്റിയുള്ള വെളിപാടാണ്, ഉപദേശമാണ്.
അതിനു പകരം പലരും പുതിയ വീഞ്ഞിനെ പഴയ തുരുത്തിയില്‍ പകരാനുള്ള, പുതിയ തുണിയെ പഴയ വസ്ത്രത്തില്‍ ചേര്‍ത്ത് തുന്നാനുള്ള പാഴ്ശ്രമത്തിലാണ്. ഫലം; വീഞ്ഞു നിലത്തു ഒഴുകിപ്പോകുന്നു, കീറല്‍ ഏറ്റവും വലുതാകുന്നു, മുത്തുകള്‍ പന്നികള്‍ ചവിട്ടിക്കളയുന്നു.
എന്നാല്‍ ഈ പുതിയ തുരുത്തിക്കായി നാം വില കൊടുക്കേണ്ടതുണ്ട്,
ഒന്നാമതായി നാം പുതിയ ഉടമ്പടിയുടെ സന്ദേശം,പുതിയ വീഞ്ഞ്, നാം നമ്മുടെ ജീവിതത്തില്‍ വഹിക്കേണ്ടതുണ്ട്, സ്വന്തജീവനെ പകച്ചു, ക്രൂശു എടുത്തു കര്‍ത്താവിനെ അനുദിനം അനുഗമിക്കേണ്ടതുണ്ട്,സ്വയജീവനു മരിക്കുന്നതിലൂടെ ക്രിസ്തുവിന്‍റെ ജീവന്‍ നമ്മിലൂടെ വെളിപ്പെടെണ്ടതുണ്ട്.
അടുത്തതായി, പഴയ തുരുത്തിയാകുന്ന മാനുഷിക സംഖടനകളില്‍ നിന്നും നാം പുറത്തു വരേണ്ടതുണ്ട്,പഴയ തുരുത്തിയാകുന്ന ബാബിലോണ്യ വ്യവസ്ഥിതിക്കെതിരെ, മാനുഷിക പാരമ്പര്യങ്ങള്‍ക്കെതിരെ കര്‍ത്താവും, അപ്പോസ്തോലന്മാരും പോരാടിയത് പോലെ പോരാടേണ്ടതായിട്ടുണ്ട്.
ഇത്തരം മാനുഷിക സംഖടനകള്‍ ആകുന്ന പഴയ തുരുത്തികളെ നന്നാക്കാനോ, ഈ പഴയ തുരുത്തികളില്‍ പുതിയ വീഞ്ഞ് പകരാനോ കര്‍ത്താവ് ആവശ്യപ്പെടുന്നില്ല. മറിച്ചു ഇത്തരം പഴയ തുരുത്തികളെ വിട്ടുപോരാന്‍, വേര്‍പെട്ടിരിക്കാന്‍ ആണ് ആവശ്യപ്പെടുന്നത്. (വെളിപ്പാട് 7:9)
ഇത് വായിക്കുന്ന പ്രിയപ്പെട്ടവരേ, ഇത്തരം പഴയ തുരുത്തികളെ വിട്ടു പോരുക, വേർപെട്ട് ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ദൃശ്യരൂപമായ, ക്രിസ്തു തലയായ, ക്രിസ്തുവിന്‍റെ ജീവന്‍ വെളിപ്പെടുത്തുന്ന ഒരു പ്രാദേശിക കൂട്ടമായിരിക്കുക.
ദൈവം നിങ്ങളെ അക്കിവച്ചിരിക്കുന്നയിടത്, ദൈവസഭയുടെ, പുതിയ തുരുത്തിയുടെ പണിയുടെ ഭാഗമായിത്തീരുക.അതിലൂടെ ദൈവഭക്തിയുടെ മര്‍മ്മത്തിന്‍റെ, പുതിയ ഉടമ്പടിയുടെ,പുതിയ വീഞ്ഞിന്‍റെ സന്ദേശം,പുതിയ തുരുത്തിയില്‍ വഹിക്കുകയും,സൂക്ഷിക്കുകയും ലോകത്തെ അറിയിക്കുകയും ചെയ്യുക.
മത്തായി 9:17 പുതുവീഞ്ഞു പുതിയ തുരുത്തിയിലേ പകര്‍ന്നു വെക്കയുള്ളു. അങ്ങനെ രണ്ടും ഭദ്രമായിരിക്കും
‘ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ’
ബ്രദര്‍ ജിനു നൈനാന്‍