Articles

ആശാനക്ഷരമൊന്നു പിഴച്ചാൽ - 3

Date Added : 19-11-2025

ആശാനക്ഷരമൊന്നു പിഴച്ചാൽ - 3

തിരുവെഴുത്തിലെ തെറ്റായ വ്യാഖ്യാനങ്ങൾ  

ജിനു നൈനാൻ

ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന് എമ്പ്രാനൽപ്പം കട്ടു ഭുജിച്ചാൽ അമ്പല വാസികളൊക്കെ  കക്കും എന്നാണ്  കുഞ്ചൻ നമ്പ്യാർ പാടിയത്

ക്രിസ്തീയ ലോകത്തിലും പല  ദൈവവചന   ഉപദേഷ്ടാക്കന്മാരും  വചനത്തെ  ദുർവ്യാഖ്യാനം നടത്തുകയും  , സാഹചര്യത്തിൽ നിന്നും അടർത്തി, തങ്ങളുടെ തോന്നലുകളും ,  വ്യാഖ്യാനങ്ങളും , ഉപദേശമായി പഠിപ്പിക്കുകയും , മാനുഷിക പാരമ്പര്യങ്ങളും, സാംസ്‌കാരിക നിയമങ്ങളും ദൈവവചനത്തോട് ചേർത്ത് പഠിപ്പിക്കുകയും ചെയ്യുന്നു .അതിനാൽ അനേകം ശിഷ്യന്മാർക്കു വഴി തെറ്റുന്നു .അത് പോലെ തന്നെ  വിശ്വാസികൾക്ക് മാതൃകയാവേണ്ട നേതാക്കൾ തെറ്റായ വഴികളിൽ ജീവിക്കുന്നതിനാൽ അനേകർ തെറ്റായ ജീവിതത്തിലേക്കു പോകുന്നു .  

ക്രിസ്തീയ ലോകത്തു നിലനിൽക്കുന്ന  ചില 'വ്യാഖ്യാനങ്ങൾ' ആണ് ഈ ലേഖന പരമ്പരയിൽ പരിശോധിക്കുന്നത്.

"യെശ. 34 16 യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കുകയില്ല; ഒന്നിനും ഇണ ഇല്ലാതിരിക്കുകയുമില്ല"

ഈ വാക്യം അനേക പ്രാസംഗികർക്ക് പ്രിയപ്പെട്ടതാണ്. ഒരു ഉപദേശം സ്ഥാപിക്കാൻ ഉള്ള മാനദണ്ഡമായി ഇണവാക്യം ബൈബിളിൽ ഉണ്ടായിരിക്കണം എന്നാണ് ഇതിനു പറയുന്ന വ്യാഖ്യാനം

എന്നാൽ  യെശ. 34 അധ്യായം പറയുന്നത് ബൈബിൾ എന്ന മുഴുപുസ്തകത്തിലെ ഇണ വാക്യങ്ങളെ കണ്ടെത്താനുള്ള മാർഗ്ഗമാണോ? അതിനായി നമുക്ക് ആ അധ്യായം വിശദമായി നോക്കാം

1ജനതകളേ, അടുത്തുവന്നു കേൾക്കുവിൻ; വംശങ്ങളേ, ശ്രദ്ധതരുവിൻ; ഭൂമിയും അതിന്റെ നിറവും ഭൂതലവും അതിൽ മുളയ്ക്കുന്ന സകലവും കേൾക്കട്ടെ. 2യഹോവയ്ക്കു സകലജനതകളോടും കോപവും അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ട്; അവൻ അവരെ ശപഥാർപ്പിതമായി കൊലയ്ക്ക് ഏല്പിച്ചിരിക്കുന്നു. 3അവരുടെ കൊല്ലപ്പെട്ടവരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും; അവരുടെ രക്തംകൊണ്ടു മലകൾ ഉരുകിപ്പോകും. ..........

....11വേഴാമ്പലും മുള്ളൻപന്നിയും അതിനെ കൈവശമാക്കും; മൂങ്ങയും മലങ്കാക്കയും അതിൽ പാർക്കും; അവൻ അതിന്മേൽ പാഴിന്റെ നൂലും ശൂന്യത്തിന്റെ തൂക്കുകട്ടിയും പിടിക്കും. 12അതിലെ കുലീനന്മാർ ആരും രാജത്വം ഘോഷിക്കുകയില്ല; അതിലെ പ്രഭുക്കന്മാർ എല്ലാവരും ഒന്നുമില്ലാതെയായിപ്പോകും. 13അതിന്റെ അരമനകളിൽ മുള്ളും അതിന്റെ കോട്ടകളിൽ തൂവയും ഞെരിഞ്ഞിലും മുളയ്ക്കും; അത് കുറുക്കന്മാർക്കു പാർപ്പിടവും ഒട്ടകപ്പക്ഷികൾക്കു താവളവും ആകും. 14മരുഭൂമിയിലെ വന്യമൃഗങ്ങളും ചെന്നായ്ക്കളും തമ്മിൽ എതിർപ്പെടും; വനഭൂതം വനഭൂതത്തെ വിളിക്കും; അവിടെ വേതാളം കിടക്കുകയും വിശ്രമം പ്രാപിക്കുകയും ചെയ്യും. 15അവിടെ അസ്ത്രനാഗം കൂടുണ്ടാക്കി മുട്ടയിട്ടു വിരിയിച്ചു കുഞ്ഞുങ്ങളെ തന്റെ നിഴലിൻ കീഴിൽ ചേർത്തുകൊള്ളും; അവിടെ പരുന്തുകൾ അതതിന്റെ ഇണയോടു കൂടും. 16യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കുകയില്ല; ഒന്നിനും ഇണ ഇല്ലാതിരിക്കുകയുമില്ല; അവിടുത്തെ വായല്ലയോ കല്പിച്ചത്; അവിടുത്തെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയത്. 17അവിടുന്ന് അവക്കായി ചീട്ടിട്ടു, അവിടുത്തെ കൈ അതിനെ അവയ്ക്കു ചരടുകൊണ്ടു വിഭാഗിച്ചു കൊടുത്തു; അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി തലമുറതലമുറയായി അതിൽ വസിക്കും.

ശ്രദ്ധിക്കുക: ഇവിടെ പശ്ചാത്തലം എദോമിൻ്റെ നാശതേക്കുറിച്ചുള്ള പ്രവചനമാണ്. എദോം നശിപ്പിക്കപ്പെടുമ്പോൾ അത് ശൂന്യമായിപ്പോകും എന്നും അവിടെ മുള്ളും ഞെരിഞ്ഞിലും മുളയ്ക്കും; അത് കുറുക്കന്മാർക്കു പാർപ്പിടവും ഒട്ടകപ്പക്ഷികൾക്കു താവളവും ആകും എന്നുമുള്ള പ്രവചനം പ്രവാചകൻ വിവരിക്കുകയാണ്.

അത് വിശദീകരിക്കുമ്പോൾ പ്രവാചകൻ പറയുകയാണ്. അവിടെയുള്ള പക്ഷികൾക്ക് ഇണയുണ്ടായിരിക്കും. നമ്മുടെ പ്രാസംഗികർ എടുക്കുന്ന ഇണവാക്യത്തിന് തൊട്ടു മുന്പുള വാക്യം വായിച്ചു നോക്കുക. അത് ഇങ്ങനെയാണ്.അവിടെ പരുന്തുകൾ അതതിന്റെ ഇണയോടു കൂടും. , തുടർന്ന് ,യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കുകയില്ല; ഒന്നിനും ഇണ ഇല്ലാതിരിക്കുകയുമില്ല എന്നും പറയുന്നു.

ശ്രദ്ധിക്കുക!! ഇവിടെ പറയുന്നത് ബൈബിൾ എന്ന പുസ്തകത്തിലെ ഇണ വാക്യങ്ങൾ അല്ല മറിച്ച് ഏദോമിൽ ദൈവിക ന്യായവിധി ഉണ്ടാവുമ്പോൾ അവിടെ ഉണ്ടാകുന്ന ഇണകളായ പക്ഷികളെയും മൃഗങ്ങളെയും പറ്റിയാണ്. ഈ ഇണപ്പക്ഷികളെ ഏദോമിൽ ദൈവമാണ് കൂട്ടിച്ചേർത്തത്, അവർക്കു അത് വിഭാഗിച്ചു കൊടുത്തു എന്ന് പ്രവാചകൻ വിവരിക്കുകയാണ്.അത് യഹോവയുടെ പുസ്തകത്തിൽ ഉണ്ട് എന്ന് പറയുകയാണ്. 

ദൈവവചനം വ്യാഖ്യാനിക്കുന്നത്തിനു വ്യക്തമായ ചില മാനദണ്ഡങ്ങളുണ്ട്. ഇണ വാക്യം കൊണ്ട് എന്തു ഉപദേശവും സ്ഥാപിക്കാം, ഇണ വാക്യം ഇല്ല എങ്കിൽ അത് ഉപദേശമാകില്ല  എന്ന് പറഞ്ഞു വരുന്നവരെ സൂക്ഷിക്കുക അവർ പറയുന്ന ഉപദേശം ശരിയാണ് എന്ന് കരുതി വഞ്ചിക്കപ്പെടരുത്. അത്തരമൊരു നിർദ്ദേശം ബൈബിളിൽ എവിടെയും ഇല്ല.

ഇണ വാക്യം ഉണ്ട് എങ്കിൽ നല്ലതു തന്നെ, എന്നാൽ അത് നിർബന്ധം അല്ല.ആണ് എങ്കിൽ അയിരാമാണ്ടു വാഴ്ച , പിതാവിൻ്റെയും  പുത്രൻ്റെയും പരിശുധാൽമാവിൻ്റെയും നാമത്തിൽ ഉള്ള സ്നാനം,മനുഷ്യനും ദൈവത്തിനും ഇടയിൽ ഏക മധ്യസ്ഥൻ യേശു, മൂപ്പന് ഏക ഭാര്യ എന്നൊക്കെയുള്ള പല ഉപദേശങ്ങളും  ഇണ വാക്യമില്ലാത്തതിനാൽ തള്ളേണ്ടി വരും.

ബൈബിൾ വ്യാഖ്യാനിക്കേണ്ടത് അധ്യായത്തിൻറെ പശ്ചാത്തലത്തിലും ബൈബിളിലെ മൊത്തത്തിലുള്ള ഉപദേശത്തിന് അടിസ്ഥാനത്തിലും അടുത്തുള്ള വാക്യങ്ങളുടെ അടിസ്ഥാനത്തിലുമാണ്. മാത്രമല്ല നിങ്ങൾക്ക് ബൈബിളിലെ ഒരു വിഷയത്തെപ്പറ്റി സംശയമുണ്ടെങ്കിൽ അതിന് ഏറ്റവും വ്യാഖ്യാന പുസ്തകം ബൈബിൾ തന്നയാണ്.യേശുക്രിസ്തുവിനെ പിശാച് തിരുവെഴുത്തിലെ വാക്യം കൊണ്ട്  പരീക്ഷിക്കുമ്പോൾ കർത്താവ് അതിനെ തിരുവെഴുത്തു കൊണ്ട് തന്നെ  വ്യാഖ്യാനിക്കുകയായിരുന്നു. 

ഇനി ഉപദേശപരമായ  ഒരു വിഷയത്തിൽ തിരുവെഴുത്തിൽ എഴുതിയിരിക്കുന്നത് എങ്ങനെ മനസ്സിലാക്കണം എന്ന് സംശയം ഉണ്ട് എങ്കിൽ  ആദിമ അപ്പോസ്തോലന്മാരുടെ കാലത്ത് ജീവിച്ചിരുന്ന സഭാപിതാക്കന്മാരുടെ എഴുത്തുകളും രണ്ടാം ഘട്ടത്തിലെ പരിശോധനക്ക് എടുക്കാവുന്നതാണ്. അതിനു പകരം ഇന്നുള്ള പ്രാസംഗികരുടെ ഉപദേശവും,വ്യാഖ്യാനവും നിങ്ങൾ പിന്തുടരാൻ ശ്രമിച്ചാൽ നിങ്ങൾ തെറ്റായ ഉപദേശത്തിൽ ചെന്ന് ചേരുമെന്ന് മുന്നറിയിപ്പ് തരുന്നു.