ആശാനക്ഷരമൊന്നു പിഴച്ചാൽ - 2
ആശാനക്ഷരമൊന്നു പിഴച്ചാൽ - 2
തിരുവെഴുത്തിലെ തെറ്റായ വ്യാഖ്യാനങ്ങൾ
ജിനു നൈനാൻ
ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന് എമ്പ്രാനൽപ്പം കട്ടു ഭുജിച്ചാൽ അമ്പല വാസികളൊക്കെ കക്കും എന്നാണ് കുഞ്ചൻ നമ്പ്യാർ പാടിയത്
ക്രിസ്തീയ ലോകത്തിലും പല ദൈവവചന ഉപദേഷ്ടാക്കന്മാരും വചനത്തെ ദുർവ്യാഖ്യാനം നടത്തുകയും , സാഹചര്യത്തിൽ നിന്നും അടർത്തി, തങ്ങളുടെ തോന്നലുകളും , വ്യാഖ്യാനങ്ങളും , ഉപദേശമായി പഠിപ്പിക്കുകയും , മാനുഷിക പാരമ്പര്യങ്ങളും, സാംസ്‌കാരിക നിയമങ്ങളും ദൈവവചനത്തോട് ചേർത്ത് പഠിപ്പിക്കുകയും ചെയ്യുന്നു .അതിനാൽ അനേകം ശിഷ്യന്മാർക്കു വഴി തെറ്റുന്നു .അത് പോലെ തന്നെ വിശ്വാസികൾക്ക് മാതൃകയാവേണ്ട നേതാക്കൾ തെറ്റായ വഴികളിൽ ജീവിക്കുന്നതിനാൽ അനേകർ തെറ്റായ ജീവിതത്തിലേക്കു പോകുന്നു .
ക്രിസ്തീയ ലോകത്തു നിലനിൽക്കുന്ന ചില 'വ്യാഖ്യാനങ്ങൾ' ആണ് ഈ ലേഖന പരമ്പരയിൽ പരിശോധിക്കുന്നത്.
വളരെയധികം തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന ഒരു ഭാഗമാണ് മത്തായി 13:24–30 ലെ ഗോതമ്പിൻ്റെയും കളകളുടെയും ഉപമ. മിക്ക പ്രസംഗകരും ഈ ഉപമയെ വ്യാഖ്യാനിക്കുന്നത്, സഭയിൽ യഥാർത്ഥ വിശ്വാസികളും വ്യാജ വിശ്വാസികളും ഒരുമിച്ച് വളരുന്നു എന്നും, ദൈവസഭയിൽ കളകൾ കൊയ്ത്തൊളം വളരട്ടെ എന്ന് കർത്താവ് പഠിപ്പിച്ചു അതിനാൽ സഭാനേതൃത്വം അവരെ വേർതിരിക്കാൻ ശ്രമിക്കരുത് എന്നുമാണ്.
സഭയിലെ ചിലരുടെ പാപങ്ങളെയോ തെറ്റായ ഉപദേശത്തെയോ തിരുത്താനോ, ദൈവീക ശിക്ഷണ നടപടികൾ സ്വീകരിക്കാനോ മടിക്കുന്നവർ സ്ഥിരമായി പറയുന്ന ന്യായീകരണം ഇതാണ്: "കളകളും ഗോതമ്പിനൊപ്പം കൊയ്ത്തൊളം വളരട്ടെ .അവസാനം കർത്താവു രണ്ടിനെയും വേർതിരിക്കും എന്ന് കർത്താവ് പറഞ്ഞിട്ടുണ്ടല്ലോ " അതായത്, സഭയിലെ ശുദ്ധീകരണം കർത്താവിൻ്റെ ഉത്തരവാദിത്തമാണെന്നാണ് ഈ തെറ്റായ വ്യാഖ്യാനത്തിൻ്റെ അടിസ്ഥാനത്തിൽ പഠിപ്പിക്കുന്നത്. എന്നാൽ കർത്താവ് തന്നെ 36–43 വാക്യങ്ങളിൽ കൊടുത്തിരിക്കുന്ന വിശദീകരണം തള്ളിക്കളഞ്ഞു കൊണ്ടാണ് ഇങ്ങനെ പഠിപ്പിക്കുന്നത് .
യേശുവിൻ്റെ ഉപമയുടെ വിശദീകരണം: വയൽ ലോകമാണ്, സഭയല്ല
നമുക്ക് കർത്താവ് പറഞ്ഞ ഉപമയുടെ വിശദീകരണം കർത്താവ് തന്നെ കൊടുത്തതു നോക്കാം .
“നല്ല വിത്ത് വിതയ്ക്കുന്നവൻ മനുഷ്യപുത്രനാണ്. വയൽ ലോകമാണ്; നല്ല വിത്തുകൾ രാജ്യത്തിൻ്റെ പുത്രന്മാരാണ്, എന്നാൽ കളകൾ ദുഷ്ടൻ്റെ പുത്രന്മാരാണ്.” — മത്തായി 13:37–38 .
യേശുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: “വയൽ ലോകം ആണ്.”"വയൽ സഭയാണ്" എന്ന് യേശു ഒരിടത്തും പറഞ്ഞിട്ടില്ല.കളകൾ ദൈവസഭയിലെ വിശ്വാസികളോ, പിന്മാറ്റക്കാരോ അല്ല , ലോകത്തിലെ പാപികൾ അഥവാ ദുഷ്ടൻ്റെ പുത്രന്മാർ ആണ് .
യഥാർത്ഥത്തിൽ, ഈ ഉപമയ്ക്ക് നമ്മുടേതായ ഒരു വ്യാഖ്യാനം ഉണ്ടാകേണ്ട ആവശ്യം പോലുമില്ല. മറ്റു പല ഉപമകളിൽ നിന്നും വ്യത്യസ്തമായി കർത്താവ് പറഞ്ഞ ഉപമയെ കർത്താവു തന്നെ വ്യാഖ്യാനിച്ചിരിക്കുന്നു .
അതിനാൽ 'വയലിനെ ' 'സഭ' ആക്കി മാറ്റുന്ന ഏതൊരു പഠിപ്പിക്കലും ക്രിസ്തുവിൻ്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുന്നതാണ് .
ഉപമയുടെ യഥാർത്ഥ സന്ദേശം:ലോകത്തിലെ ദുഷ്ടന്മാരോടുള്ള ദൈവത്തിൻ്റെ ദീർഘക്ഷമ
ഉപമയിൽ, വയലിലെ ഗോതമ്പിനിടയിൽ കളകൾ കണ്ടപ്പോൾ, ദാസന്മാർ അവ പറിച്ചുകളയണോ എന്ന് ചോദിച്ചു. യജമാനൻ മറുപടി നൽകുന്നു:
“വേണ്ട, കളകൾ പറിക്കുമ്പോൾ നിങ്ങൾ ഗോതമ്പിനെക്കൂടി പിഴുതെടുക്കാതിരിക്കേണ്ടതിന്. കൊയ്ത്തുകാലംവരെ രണ്ടും ഒരുമിച്ചു വളരട്ടെ.” — മത്തായി 13:29–30
ലോകത്തിലെ പാപികളോടുള്ള ദൈവത്തിൻ്റെ ദീർഘക്ഷമയെയാണ് യേശു ഇവിടെ വിവരിക്കുന്നത്. ദൂതന്മാർ നല്ലവരെയും ദുഷ്ടരെയും വേർതിരിക്കുന്ന അന്തിമ ന്യായവിധി വരെ (വാക്യം 41) സമൂഹത്തിൽ തിന്മയും നന്മയും ഒരുമിച്ച് നിലനിൽക്കും എന്നാണതിൻ്റെ അർത്ഥം.
'അവിടത്തെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ കർത്താവ് കാലവിളംബം വരുത്തുന്നില്ല; അവിടന്ന് ദീർഘക്ഷമ കാണിക്കുകയാണ്. ഒരു വ്യക്തിപോലും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരത്തിലേക്ക് വരണമെന്നാണ് അവിടത്തെ ആഗ്രഹം. ' 2 പത്രോസ് 3:9
'കൊയ്ത്ത് ലോകാവസാനം; കൊയ്യുന്നവർ ദൂതന്മാർ. അതുകൊണ്ട് കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും. മനുഷ്യപുത്രൻ തന്‍റെ ദൂതന്മാരെ അയയ്ക്കും; അവർ അവന്‍റെ രാജ്യത്തിൽനിന്നു പാപത്തെ ഉളവാക്കുന്ന സകലത്തേയും അധർമ്മം പ്രവർത്തിക്കുന്ന എല്ലാവരെയും കൂട്ടിച്ചേർത്തു തീച്ചൂളയിൽ ഇട്ടുകളയും'
ഈ ഉപമ ലോകത്തോടുള്ള ദൈവത്തിൻ്റെ കരുണയെയാണ് വെളിപ്പെടുത്തുന്നത് — അല്ലാതെ, പാപത്തിനു നേരെ കണ്ണടയ്ക്കാനുള്ള സഭയ്ക്കുള്ള അനുവാദമല്ല ഇത്. ദൈവസഭ വയൽ അല്ല, ദൈവസഭയിൽ കളകൾ വളരട്ടെ എന്ന് കർത്താവ് പഠിപ്പിച്ചിട്ടും ഇല്ല .
തെറ്റായ പഠിപ്പിക്കൽ: സഭയെയും ലോകത്തെയും കൂട്ടിക്കലർത്തൽ
സഭയ്ക്കുള്ളിൽ പാപവും വ്യാജ പഠിപ്പിക്കലുകളും തുടരാൻ അനുവദിക്കുന്നതിനെ ന്യായീകരിക്കാൻ ആണ് അറിഞ്ഞോ അറിയാതെയോ പലരും ഈ ഉപമയെ ദുർവ്യാഖ്യാനിക്കുന്നതു . എന്നാൽ ഈ വ്യാഖ്യാനം സഭയുടെ വിശുദ്ധിയെയും അച്ചടക്കത്തെയും കുറിച്ചുള്ള പുതിയ നിയമത്തിലെ വ്യക്തമായ കൽപ്പനകൾക്ക് നേർ വിപരീതമാണ്.
സഭ ലോകമല്ല — അത് ലോകത്തിൽനിന്ന് ദൈവം വിളിച്ചു വേർതിരിച്ച വിശുദ്ധ ജനമാണ് (1 പത്രോസ് 2:9). തൻ്റെ ശിഷ്യന്മാർ ലോകത്തിലായിരിക്കണം, എന്നാൽ ലോകത്തിൽനിന്നുള്ളവരായിരിക്കരുത് എന്ന് യേശു പ്രാർത്ഥിച്ചു (യോഹന്നാൻ 17:14–16). ഈ അടിസ്ഥാന വ്യത്യാസം അറിയാത്തവർ ദൈവവചനം പഠിപ്പിച്ചാൽ അത് വലിയ ദോഷം ഉണ്ടാക്കും .
ശരിയയായ ഉപദേശം : സഭയിലെ പുളിച്ച മാവ് നീക്കം ചെയ്യുക
എന്നാൽ ദൈവസഭയിൽ പാപത്തിൽ തുടരുന്നവരോടുള്ള സമീപനം എങ്ങനെ ആയിരിക്കണം എന്നാണ് കർത്താവും പൗലോസും പഠിപ്പിച്ചത് ?
സഭയില്‍ ഒരുവന്‍ പാപം ചെയ്തു എന്ന് ഉത്തരവാദിത്വപ്പെട്ടവർക്കോ , മറ്റു സഹോദരന്മാർക്കോ ബോധ്യപ്പെട്ടാൽ , അതിനുള്ള ശിക്ഷണ നടപടിക്കുള്ള മാതൃക കര്‍ത്താവും അപ്പോസ്തോലന്മാരും വ്യക്തമായി പഠിപ്പിച്ചു .
ഈ വിഷയം നാം ശ്രദ്ധിച്ചു പഠിച്ചാൽ അഞ്ചു ഘട്ടങ്ങളിൽ ആയാണ് ഇത് ചെയേണ്ടത് എന്ന് മനസിലാക്കാം . ഇതിൽ ഏതെങ്കിലും ഘട്ടത്തിൽ തെറ്റ് ചെയ്ത വ്യക്തി മനസാന്തരപ്പെടുക ആണ് എങ്കിൽ അദ്ദേഹത്തോട് ക്ഷമിക്കുകയും, സ്വീകരിക്കുകയും അടുത്ത ഘട്ടത്തിലേക്ക് പോകാതെ ഇരിക്കുകയും ചെചെയ്യണം എന്ന് കർത്താവ് പഠിപ്പിച്ചു . ( മത്തായി 18)
എന്നാൽ ഈ അഞ്ചു ഘട്ടങ്ങളും കഴിഞ്ഞിട്ടും ഒരുവൻ മനസാന്തരപ്പെടാതെ പാപത്തിൽ തുടരുകയാണ് എങ്കിൽ; 'കൊയ്ത്തൊളം വളരട്ടെ , കർത്താവ് അന്തിമ ന്യായവിധിയിൽ കളയെയും ഗോതമ്പിനെയും വേർതിരിക്കും' എന്നല്ല. പുതിയ പിണ്ഡമായിരിക്കേണ്ടതിന് പഴയ പുളിമാവിനെ നീക്കിക്കളയുക എന്നാണ് ദൈവവചനത്തിലെ ഉപദേശം
“അല്പം പുളിമാവ് പിണ്ഡം മുഴുവൻ പുളിപ്പിക്കുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ? നിങ്ങൾ പുളിപ്പില്ലാത്തവരായിരിക്കകൊണ്ട് പുതിയ പിണ്ഡമായിരിക്കേണ്ടതിന് പഴയ പുളിമാവിനെ നീക്കിക്കളയുക.” — 1 കൊരിന്ത്യർ 5:6–7
വീണ്ടും:
“സഹോദരൻ എന്ന് പേരുള്ള ഒരുവൻ ദുർന്നടപ്പുകാരനോ, അത്യാഗ്രഹിയോ, വിഗ്രഹാരാധിയോ, വാവിഷ്ഠാണക്കാരനോ, മദ്യപാനിയോ, പിടിച്ചുപറിക്കാരനോ ആകുന്നുവെങ്കിൽ അവനോട് സഹവസിക്കരുത് — അങ്ങനെയുള്ളവനോടുകൂടെ ആഹാരംപോലും കഴിക്കരുത്... അതുകൊണ്ട് ‘ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയുക.’” — 1 കൊരിന്ത്യർ 5:11–13
പൗലോസ് “ദൈവസഭയിൽ കളകൾ ഗോതമ്പിനൊപ്പം വളരട്ടെ” എന്ന് പറഞ്ഞില്ല. അദ്ദേഹം പറഞ്ഞത്, “ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയുക” എന്നാണ്.
ദൈവവചനം പഠിപ്പിക്കുന്ന രീതിയിൽ ഉള്ള ശിക്ഷണം നടത്താതെ സഭയിൽ തുടരുവാൻ അനുവദിക്കുന്ന പാപം മാവിൽ പടരുന്ന പുളിപ്പുപോലെയാണ് — അത് സ്പർശിക്കുന്ന സകലത്തെയും ദുഷിപ്പിക്കുന്നു എന്ന് പൗലോസ് മനസ്സിലാക്കി. സഭ ക്രിസ്തുവിൻ്റെ ശരീരവും ദേവാലയവും ആയതിനാൽ അതിൻ്റെ വിശുദ്ധി സംരക്ഷിക്കപ്പെടണം.
ഖേദകരം എന്ന് പറയട്ടെ ഇന്നുള്ള ഒട്ടു മിക്ക സഭകളിലും ഇത് പ്രായോഗികമല്ല , അതിനു കാരണം ദൈവസഭയെ നയിക്കുന്നവർ മനുഷ്യരെ പ്രസാദിപ്പിക്കുന്ന, ഭയപ്പെടുന്ന ഒത്തുതീർപ്പുകാർ ആണ് എന്നുള്ളതാണ്. അതിനാൽ അവർക്കു അതിനുള്ള അധികാരമില്ല, അവർക്കു ഇത് ചെയ്യാൻ കഴിയില്ല .
ലോകത്തിലുള്ളരെ വിധിക്കരുത്/ വയലിലെ കളകൾ കൊയ്ത്തൊളം വളരട്ടെ
എന്നാൽ കർത്താവിൻ്റെ ഉപമയിൽ പറയുന്നത് പോലെ നാം ലോകത്തിലുള്ളവരെ വിധിക്കാൻ പാടില്ല എന്നും അത് അന്ത്യന്യായവിധിയിൽ കർത്താവ് ചെയ്യും എന്നും പൗലോസും പഠിപ്പിച്ചു .
'എന്തുകൊണ്ടെന്നാൽ, പുറത്തുള്ളവരെ വിധിക്കുവാൻ എനിക്ക് എന്ത് കാര്യം? നിങ്ങൾ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നത്; എന്നാൽ പുറത്തുള്ളവരെ ദൈവം വിധിക്കുന്നു. ' 1 കൊരി. 5:12
“ന്യായവിധി ദൈവത്തിൻ്റെ ഭവനത്തിൽ ആരംഭിപ്പാൻ സമയമായി.” — 1 പത്രോസ് 4:17
( ഈ വിഷയവുമായി ബന്ധപ്പെട്ടു ആദിമ ദൈവസഭയിലെ ശിക്ഷണം ( Process of Church Discipline) എന്ന വിഷയത്തിലുള്ള വിശദമായ പഠനം ഈ ലിങ്കിൽ ലഭ്യമാണ് .)
യേശുവും പൗലോസും തമ്മിൽ വൈരുദ്ധ്യമോ? ഒട്ടുമില്ല
യേശുവിൻ്റെ ഉപമയും പൗലോസിൻ്റെ കൽപ്പനയും തമ്മിൽ വൈരുധ്യമുണ്ടോ ? — ഒരിക്കലുമില്ല ശരിയായി മനസ്സിലാക്കുമ്പോൾ അവ പൂർണ്ണമായും യോജിക്കുന്നു.
-
മത്തായി 18 ൽ യേശു ദൈവ സഭയിൽ പാപത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് വ്യക്തമായി പഠിപ്പിക്കുന്നു . അത് തന്നെ പൗലോസ് 1 കൊരിന്ത്യർ 5 ൽ ആവർത്തിക്കുന്നു
-
എന്നാൽ മത്തായി 13 ൽ യേശു സംസാരിച്ചത്, സഭയെ കുറിച്ചല്ല ലോകത്തെക്കുറിച്ചാണ്: അന്തിമ ന്യായവിധി വരെയുള്ള ദൈവത്തിൻ്റെ ക്ഷമയെക്കുറിച്ചാണ് . പൗലോസും അതെ കാര്യം 1 കൊരിന്ത്യർ 5 ൽ ആവർത്തിക്കുന്നു
ഈ രണ്ട് കാര്യങ്ങളും കൂട്ടിക്കുഴയ്ക്കുന്നത് ദൈവവചനത്തെ വളച്ചൊടിക്കുന്നതിന് തുല്യമാണ്. വയലും (ലോകവും) ഭവനവും (സഭയും) ഒന്നുതന്നെയായി കാണരുത്. കർത്താവിൻ്റെ ദാസന്മാർ ദൈവത്തിൻ്റെ ഭവനത്തിൽ പാപത്തെ കൈകാര്യം ചെയ്യണം, അതേസമയം ലോകത്തിൻ്റെ ന്യായവിധി നിശ്ചിത സമയത്തിനായി ദൈവത്തിന് വിട്ടുകൊടുക്കണം.
വിശുദ്ധ സഭയ്ക്കുള്ള വിളി
സഭ നന്മയുടെയും തിന്മയുടെയും ഒരു സമ്മിശ്രമല്ല; അത് ഒരു വിശുദ്ധ മന്ദിരമായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു (എഫെസ്യർ 2:21), ക്രിസ്തുവിനായുള്ള നിർമ്മലമായ ഒരു മണവാട്ടിയായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു (2 കൊരിന്ത്യർ 11:2). കൂട്ടായ്മയ്ക്കുള്ളിൽ അനുതപിക്കാത്ത പാപം അനുവദിക്കുന്നത് ക്രിസ്തുവിൻ്റെ വിശുദ്ധിയെ അപമാനിക്കലാണ്.
ക്രിസ്തുവിനോടും അവിടുത്തെ സഭയോടുമുള്ള യഥാർത്ഥ സ്നേഹം വിശുദ്ധി ആവശ്യപ്പെടുന്നു. പാപത്തോടുള്ള സഹിഷ്ണുതയും ഒത്തുതീർപ്പും കൃപയല്ല — അത് അനുസരണക്കേടാണ്.
ഉപസംഹാരം
യേശു പറഞ്ഞത്, “വയൽ ലോകമാണ്” എന്നാണ്. “വയൽ സഭയാണ്” എന്ന് അവിടുന്ന് പറഞ്ഞില്ല. അവിടുത്തെ ഉപമ ലോകത്തിലെ പാപികളോടുള്ള ദൈവത്തിൻ്റെ ക്ഷമയാണ് വെളിപ്പെടുത്തുന്നത് — അല്ലാതെ സഭയിൽ പാപത്തിനും വ്യാജ പഠിപ്പിക്കലിനും അനുവാദം നൽകുന്നതല്ല.
അപ്പൊസ്തലന്മാർ ഇത് മനസ്സിലാക്കി. അതുകൊണ്ടാണ് സഭയെ ശുദ്ധവും കളങ്കമില്ലാത്തതുമായി സൂക്ഷിക്കാൻ “പഴയ പുളിമാവ് നീക്കം ചെയ്യുക” എന്ന് പൗലോസ് വിശ്വാസികളോട് കൽപ്പിച്ചത്.
കർത്താവിൻ്റെയും അപ്പോസ്തോലന്മാരുടെയും സന്ദേശം വ്യക്തമാണ്:
-
ലോകത്തിൽ: അവസാന കൊയ്ത്ത് വരെ ദൈവം ക്ഷമ കാണിക്കുന്നു. ലോകത്തിലുള്ളവരെ നാം വിധിക്കരുത്
-
സഭയിൽ: ദൈവം വിശുദ്ധിയും, നിർമ്മലതയും, അച്ചടക്കവും ആവശ്യപ്പെടുന്നു. ദൈവസഭയിലെ പാപത്തെ ഉത്തരവാദിത്വപ്പെട്ടവർ ദൈവീക മാർഗ്ഗത്തിൽ വിധിക്കേണം .
നമുക്ക് യേശുവിൻ്റെ ലളിതമായ വാക്കുകളിലേക്കും പൗലോസിൻ്റെ ഉറച്ച കൽപ്പനകളിലേക്കും മടങ്ങാം. സഭ ഗോതമ്പും കളയും ഒന്നിച്ചു വളരുന്ന വയലല്ല — അത് ക്രിസ്തു തന്നെ നട്ടുപിടിപ്പിച്ച നീതിയുടെ ഒരു മുന്തിരിത്തോട്ടമാണ്, ദൈവഭവനമാണ് , കർത്താവിൻ്റെ ശരീരമാണ് , പുളിപ്പില്ലാത്ത അപ്പമാണ് , വിശുദ്ധ കാന്തയാണ് .
