എങ്ങനെ ജനപ്രിയ പ്രാസംഗികൻ ആകാം ?
*എങ്ങനെ ജനപ്രിയ പ്രാസംഗികൻ ആകാം ?*
*ജിനു നൈനാൻ*
ആത്മാക്കളെ ക്രിസ്തുവിലേക്ക് നയിക്കുകയും, സുവിശേഷത്തിന്റെ സത്യം അറിയിക്കുകയും ചെയ്യുന്നതിന് പകരം നിങ്ങളുടെ സ്വന്തം ജനപ്രീതി വർദ്ധിപ്പിക്കുക , മനുഷ്യരുടെ അംഗീകാരം നേടുക, മനുഷ്യരെ പ്രസാദിപ്പിക്കുക എന്നതാതൊക്കെയാ യിരിക്കട്ടെ നിങ്ങളുടെ പ്രസംഗത്തിൻ്റെ പരമോന്നത ലക്ഷ്യം - അപ്പോൾ, തീർച്ചയായും, നിങ്ങളുടെ പ്രസംഗം ആ ഉദ്ദേശ്യത്തിന് അനുയോജ്യമാകും. (ഗലാ. 1: 10)
ജഡിക മനസ്സിനെ വ്രണപ്പെടുത്തുന്ന ഉപദേശങ്ങൾ പ്രസംഗിക്കുന്നത് നിങ്ങൾ പൂർണ്ണമായും ഒഴിവാക്കുക, അല്ലെങ്കിൽ അവർ ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞതുപോലെ "ഇത് കഠിനമായ വചനമാണ്, ആർക്ക് കേൾക്കാനാകും?" എന്ന് പറഞ്ഞു നിങ്ങളെ വിട്ടുപോകും (യോഹന്നാൻ 6:60)
നിങ്ങളുടെ പ്രസംഗത്തിൽ വ്യക്തമായ പോയിന്റുകളൊന്നും ഉണ്ടാക്കരുത്, നിങ്ങളുടെ ശ്രോതാക്കളുടെ മനസ്സാക്ഷിയെ ശല്യപ്പെടുത്തരുത്, അല്ലെങ്കിൽ അവർ അവരുടെ യഥാർത്ഥ ആത്മീക അവസ്ഥയെക്കുറിച്ചു ബോധവാന്മാരാകും. ( പ്രവൃത്തികൾ 2: 37)
നിങ്ങൾ പറയുന്നത് ഓർക്കാൻ നിങ്ങളുടെ ആളുകളെ പ്രേരിപ്പിക്കുന്ന എല്ലാ ഉദാഹരങ്ങളും, ആവർത്തനങ്ങളും ഊന്നിപ്പറയുന്ന വാക്യങ്ങളും ഒഴിവാക്കുക. പകരം ഓരോ തവണയും കേൾവിക്കാരെ രസിപ്പിക്കുന്ന വിവിധങ്ങളായ വിഷയങ്ങൾ പ്രസംഗിക്കുക. (2 തിമൊഥെയൊസ് 4:7)
നിങ്ങളുടെ പ്രസംഗത്തിലെ എല്ലാ ചൂടും ആത്മാർത്ഥതയും തീക്ഷ്ണതയും എല്ലാം ഒഴിവാക്കുക, നിങ്ങളുടെ പ്രസംഗം ഒരു ചത്ത പ്രബന്ധം പോലെ ആകട്ടെ, അല്ലെങ്കിൽ നിങ്ങൾ പറയുന്നത് യാഥാർഥ്യം ആണ് എന്നും നിങ്ങൾ പറയുന്നത് നിങ്ങൾ ശരിക്കും വിശ്വസിക്കുന്നു എന്നുമുള്ള ധാരണ കേൾവിക്കാരിൽ ഉണ്ടാകും. (പ്രവൃത്തികൾ 26:28 )
വൈകാരികമായി മാത്രം പ്രസംഗിക്കുക, ദൈവവചനമെന്ന ഇരുവായ്ത്തലയുള്ള വാളിനേക്കാൾ മൂർച്ചയേറിയ വചനം കേൾവി ക്കാരുടെ ചിന്തകളെയും വിചാരങ്ങളെയും വേർപെടുത്തും വിധം തുളച്ചു ചെല്ലാൻ ഇടയാകരുത്. (എബ്രായർ 4:12-14 )
നിങ്ങളുടെ ശ്രോതാക്കളുടെ മനസ്സാക്ഷിയെ മുറിപ്പെടുത്തരുത്, അവരുടെ ചിന്തകളെ സ്വാധീനിക്കരുത്, അവരുടെ വികാരങ്ങളെ മാത്രം അഭിസംബോധന ചെയ്യുക. (എബ്രായർ 4:12)
സുവിശേഷത്തിന്റെ ശക്തിയെക്കുറിച്ച് നിങ്ങളുടെ സ്വന്തം അനുഭവത്തിൽ നിന്ന് സാക്ഷ്യപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക, അല്ലെങ്കിൽ നിങ്ങളുടെ ശ്രോതാക്കൾക്ക് അവർക്ക് ആവശ്യമുള്ള എന്തെങ്കിലും അതിൽ ഉണ്ടെന്ന് അവർക്കു ബോധ്യപ്പെടും. (പ്രവൃത്തികൾ 26:28 )
നിങ്ങളുടെ ശ്രോതാക്കളെ അവരുടെ പാപങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് അസുഖകരമായ ഓർമ്മകളെ ഉണർത്തരുത്.( പ്രവൃത്തികൾ 7: 37)
പാപത്തെ നിങ്ങൾ പൊതുവായി മാത്രം അപലപിക്കുക, എന്നാൽ നിങ്ങളുടെ ഇപ്പോഴത്തെ കേൾവിക്കാരുടെ പ്രത്യേക പാപങ്ങളെ ഒരിക്കലൂം പരാമർശിക്കരുത്. ( പ്രവൃത്തികൾ 2: 35)
സത്യം അനുസരിക്കാൻ ദൈവം നിങ്ങളുടെ ശ്രോതാക്കളോട് ഇവിടെ ഇപ്പോൾ തന്നെ കൽപ്പിക്കുന്നു എന്ന ധാരണ കേൾവിക്കാ രിൽ ഉണ്ടാക്കരുത്. അവരുടെ ഹൃദയം ദൈവത്തിനു സമർപ്പിക്കാൻ അവർ തങ്ങളെ അപ്പൊൾ തന്നെ സമർപ്പിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് അവരെ ചിന്തിക്കാനും ഇടയാകരുത്.(അപ്പൊ. പ്രവൃത്തികൾ 17:30,31)
നിങ്ങളുടെ കേൾവിക്കാർ അവരുടെ പാപങ്ങളിൽ നിന്ന് മനസാന്തരപ്പെടുവാൻ പ്രസംഗിക്കരുത് , അവരുടെ സൗകര്യാർത്ഥം ആ കാര്യം പരിഗണിക്കുവാൻ അവരെ വിടുക. (അപ്പൊ. പ്രവൃത്തികൾ 2:38 , 26:18 )
അനുസരിക്കാനുള്ള അവരുടെ കഴിവില്ലായ്മയെക്കുറിച്ച് കൂടുതൽ പ്രസംഗിക്കുക, മാനസാന്തരത്തിലൂടെ അവരുടെ സ്വഭാവത്തിൽ മാറ്റം വരുവാൻ ദൈവം ആവശ്യപ്പെടുന്നു എന്ന ധാരണ അവർക്കു കൊടുക്കരുത് (അപ്പൊ. പ്രവൃത്തികൾ 3:19)
കൃപയാൽ രക്ഷയെക്കുറിച്ച് മാത്രം പ്രസംഗിക്കുക, എന്നാൽ പാപിയുടെ മരണപ്പെട്ടതും,നഷ്ടപ്പെട്ടതുമായ അവസ്ഥയെ പറ്റി പ്രസംഗിക്കരുത്, അല്ലെങ്കിൽ യഥാർത്ഥ കൃപകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അവൻ മനസ്സിലാക്കുകയും അവർ പാപത്തിൻ്റെ അടിമത്വത്തിൽ നിന്നും സ്വതന്ത്രരാകുകയും ചെയ്യും. (റോമർ 6:14)
പുറമെയുള്ള തൊലിപ്പുറത്തെ പ്രതിവിധിയായി മാത്രം സുവിശേഷം പ്രസംഗിക്കുക, എന്നാൽ പാപിയുടെ അകമേയുള്ള മാരകമായ രോഗം മറച്ചുവെക്കുകയോ അവഗണിക്കുകയോ ചെയ്യുക.(മത്താ. 23:26 )
പരീശന്മാരെപ്പോലെ പുറമെയുള്ള വിശുദ്ധി കൂടുതലായി പ്രസംഗിക്കുക, അത് വഴി അകമേയുള്ള പാപങ്ങൾ സാരമില്ലാത്തവയാണ് എന്നുള്ള ബോധ്യം കേൾവിക്കാരിൽ ഉണ്ടാക്കുക. കൊതുകിനെ അരിയ്ക്കുക ഒട്ടകത്തെ വിഴുങ്ങുക (മത്താ. 23:24 )
ദൈവത്തിന്റെ വിശുദ്ധിയുടെ നിലവാരത്തെക്കുറിച്ചു ഒരിക്കലും സംസാരിക്കരുത് അല്ലെങ്കിൽ അതിലൂടെ പാപത്തെക്കുറിച്ചുള്ള ബോധ്യം വരികയും പാപി തന്റെ നഷ്ടപ്പെട്ട അവസ്ഥ കണ്ട് വരാനിരിക്കുന്ന ക്രോധത്തിൽ നിന്ന് ഒഴിഞ്ഞു പോകുകയും ചെയ്യും ( റോമർ 3:20)
പാപികളെ ഭയപെടുത്തുന്ന ഗൗരവമായ ഒരു അഭ്യർത്ഥനയും നടത്തരുത്, അവർക്ക് ദൈവത്തെ ഭയപ്പെടേണ്ട ഭയപ്പെടാൻ കാരണമില്ലെന്ന ധാരണ പ്രസംഗത്തിലൂടെ കൊടുക്കുക. (ലൂക്കോസ് 13:3-5, പ്രവൃത്തികൾ 24:25 )
ക്രിസ്തുവിനെ അനന്തമായ സൗഹാർദ്ദവും നല്ല സ്വഭാവവും സ്നേഹവും ഉള്ള ഒരു വ്യക്തിയായും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരകനായും മാത്രം അവതരിപ്പിക്കുക എന്നാൽ ക്രിസ്തു കപടഭക്തരുടെ നേരെ നടത്തിയ ആ കടുത്ത ശാസനകൾ അവഗണിക്കുക, അല്ലെങ്കിൽ തൻ്റെ പ്രസംഗത്തിലേതു പോലെ നിങ്ങളുടെ കേൾവിക്കാരിലെ കപടഭക്തർ നിങ്ങൾക്കെതിരെ തിരിയും. ( മത്താ. 21:45)
ലൗകികമായ കാര്യങ്ങൾ പ്രസംഗിക്കുക , ലൗകികരായ കേൾവിക്കാരെ വർധിപ്പിക്കുക (1 യോഹ. 4:5)
നിങ്ങളുടെ എല്ലാ വിഭാഗം ശ്രോതാക്കളിലും വ്യക്തിപരമായി ജനപ്രിയനാകുക , എല്ലാവരാലും അംഗീകരിക്കപ്പെടുക എന്നത് നിങ്ങളുടെ പ്രസംഗത്തിൻ്റെ ആത്യന്തിക ലക്ഷ്യമാക്കുക. (2 തിമൊഥെയൊസ് 4:7)
അതാതു കാലഘട്ടങ്ങളിലെ ജനപ്രിയനായ പ്രാസംഗികരുടെ പ്രസംഗത്തിലെ രീതികൾ കണ്ടു പഠിക്കുക , അത് പ്രയോഗത്തിൽ വരുത്തുക.
( ഈ ലേഖനത്തിലെ പൊതുവായ വിഷയത്തിൽ നിന്നും മാറി ഈ കാലഘട്ടത്തിലെ മലയാളി ജനപ്രിയ പ്രാസംഗികർ ഉപയോഗിച്ചു വിജയിച്ച ചില രീതികൾ താഴെ കൊടുക്കുന്നു ..
1 . യേശുക്രിസ്തുവും അപ്പോസ്തോലന്മാരും സംസാരിച്ചത് പോലെ സാധാരണയായി ശാന്തമായി പ്രസംഗിച്ചാൽ പ്രസംഗികനു 'അഭിഷേകം' ഉണ്ടെന്നു ഇന്നത്തെ കാലത്തു മിക്കവർക്കും തോന്നുകയില്ല, അതിനാൽ 'അഭിഷേകം' ഉള്ള വ്യക്തി ആണെന്ന് കേൾവിക്കാരിൽ മതിപ്പ് തോന്നിപ്പിക്കുവാൻ ഉച്ചഭാഷിണി ഉണ്ടെങ്കിൽ പോലും അലറി വിളിച്ചു മാത്രം പ്രസംഗിക്കുക.
2. കേൾവിക്കാർക്കു പ്രാസംഗികൻ ഭക്തനാണ് എന്ന് തോന്നിപ്പിക്കുവാൻ ശബ്ദത്തിൽ വൈബ്രേഷൻ വളരെ ആവശ്യമായ കാര്യമാണ്, എന്നാൽ എവിടെ വൈബ്രേഷൻ ഉപയോഗിക്കണം എന്ന് ഇന്നുള്ള ജനപ്രിയ പ്രാസംഗികരെ കണ്ടു പഠിക്കണം .
ഉദാഹരണം: ദൈവം, കർത്താവ്, കുഞ്ഞാട്, യേശു, കാൽവറി തുടങ്ങിയ ഭക്തി പ്രകടിപ്പിക്കുന്ന വാക്കുകളിൽ വൈബ്രേഷൻ കൊണ്ട് വരണം എന്നാൽ അഭക്തിയുടെ പ്രതീകമായ ഒരു വാക്കിലും (സാത്താൻ, ബന്ധനം, പോരാട്ടം തുടങ്ങിയവ) വൈബ്രെഷൻ കൊണ്ടുവരരുത്.
3.കേൾവിക്കാർക്കു പ്രാസംഗികൻ സാധാരണക്കാരനല്ല എന്ന് തോന്നിക്കുവാൻ സാധാരണയായി ഉപയോഗിക്കുന്ന വാക്കുകൾ പ്രസംഗത്തിൽ അത് പോലെ ഉപയോഗിക്കരുത് , മലയാളത്തിൽ ഇല്ല എങ്കിലും ഇത്തരം പ്രയോഗങ്ങൾ പ്രസംഗങ്ങളിൽ ആവശ്യമാണ്..ഉദാഹരണം പകൽ എന്നതിന് പകരം പകൽക്കാലം രാത്രി എന്നതിനുപകരം രാത്രിക്കാലം...ആഴ്ച എന്നതിന് പകരം ആഴ്ചവട്ടക്കാലം .... തുടങ്ങിയവ
4. നാം സാധാരണയായി പറയുന്ന പദങ്ങൾ കൂടുതൽ കട്ടിയായി അഥവാ അതിഖരമായ പദങ്ങൾ ആണ് പ്രസംഗത്തിൽ ഉപയോഗി ക്കേണ്ടത്. എങ്കിൽ മാത്രമേ നമുക്ക് അഭിഷേകം ഉണ്ട് എന്ന് കേൾവിക്കാർക്കു തോന്നുകയുളളൂ ഉദാഹരണം : കർത്താവ് എന്ന് പറയുന്നതിന് പകരം 'ഖർഥാവ്' , ദൈവം എന്ന് പറയുന്നതിന് പകരം 'ധൈവ്വം' , വിടുതൽ എന്നതിന് പകരം " വിട്ടുഥൽ" ... തുടങ്ങിയവ
5. കൂടാതെ സ്റ്റേജ് മുഴുവൻ ഓടി പ്രസംഗിക്കുക, സ്ഥാനത്തും അസ്ഥാനത്തും സ്തോത്രം, ഹല്ലേലുയ്യാ , ഗ്ലോറി, ആമേൻ തുടങ്ങിയ വാക്കുകൾ അർത്ഥമില്ലാത്ത രീതിയിൽ ആവർത്തിക്കുക, പ്രാസം, കെട്ടുകഥകൾ, വളിപ്പ് തമാശകൾ, മിമിക്രി തുടങ്ങിയവ ഉപയോഗിക്കുക, തുടങ്ങി അനേക വിദ്യകൾ ഇന്നുള്ള ഉണർവ്വ് പ്രസംഗികര് ഉപയോഗിക്കുന്നതു വിശദീകരിക്കുവാൻ ഉണ്ട് .. എന്നാൽ ലേഖനത്തിലെ പൊതു വിഷയത്തിൽ നിന്നും മാറി പോകുന്നതിനാൽ കൂടുതൽ വിശദീകരണത്തിലേക്കു പോകുന്നില്ല.
ചുരുക്കത്തിൽ യേശുക്രിസ്തുവോ അപ്പോസ്തോലന്മാരോ എങ്ങനെ പ്രസംഗിച്ചു എന്നല്ല , ഇന്നുള്ള ജനപ്രിയ പ്രാസംഗികർ എങ്ങനെ പ്രസംഗിക്കുന്നു എന്നതായിരിക്കണം നമ്മുടെ മാതൃക )
നിങ്ങളുടെ ശ്രോതാക്കളെ അവരിൽ തന്നെ സംതൃപ്തരാക്കാനും നിങ്ങളോട് സംതൃപ്തരാക്കാനും ലക്ഷ്യമിടുക , പ്രത്യേകിച്ച് ആരുടെയും വികാരങ്ങൾ വ്രണപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. (ഗലാ. 1: 12)
വിശേഷിച്ചും നിങ്ങളുടെ മുന്പിലുള്ളവരെ നേരിട്ട് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കുക. പാപികളെക്കുറിച്ച് പൊതുവെ പ്രസംഗിക്കുക, പക്ഷേ "നിങ്ങൾ" എന്നല്ല. "അവർ" എന്ന് പറയുക. (പ്രവൃത്തികൾ 2:36 )
മുഖസ്തുതിയും ചക്കരവാക്കും ഉപയോഗിക്കുക. തമാശകളും, കെട്ടുകഥകളും കിഴവിക്കഥകളും നിങ്ങളുടെ പ്രസംഗത്തിൽ ആവശ്യം പോലെ ചേർക്കുക. (റോമർ 16:18 ,2 തിമൊഥെയൊസ് 4:7 )
കേൾവിക്കാർ ക്രിസ്തുവിനെ നോക്കുന്നതിനു പകരം "ഇവൻ എത്ര മഹാൻ എന്നു നോക്കുവിൻ" എന്ന് നിങ്ങളെക്കുറിച്ചു പറയുവാൻ തക്കവണ്ണം സ്വയപ്രശംസയും, നിങ്ങളുടെ കുടുംബത്തെക്കുറിച്ചുള്ള പ്രശംസയും പ്രസംഗത്തിൽ തുടർച്ചയായി ചേർക്കുക. ( എബ്രാ.7 :4 ,2 കൊരി. 3:1 , 2 കൊരി. 4:5 )
പ്രസംഗ വിഷയം തിരഞ്ഞെടുക്കുമ്പോൾ കേൾക്കുന്ന ഏതൊരാൾക്കും സന്തോഷം തോന്നുന്ന ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത ഉണ്ടാക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുക്കുക.( 2 തിമൊഥെയൊസ് 4:8 )
ഏറ്റവും പ്രധാനമായി സുവിശേഷത്തിൻ്റെ സത്യമായ; മനുഷ്യരെ സ്വതന്ത്രമാക്കുന്ന; അതെ സമയം തന്നെ മനുഷ്യർക്ക് ഇടർച്ചയുണ്ടാക്കുന്ന 'ക്രൂശിന്റെ വചനം' പ്രസംഗിക്കാതെ ഇരിക്കുക. (1 കൊരി. 1:23 )
അധവാ പ്രസംഗിക്കേണ്ടി വന്നാലും യേശുക്രിസ്തു ക്രൂശിൽ നിങ്ങൾക്ക് വേണ്ടി മരിച്ചു, അതിനാൽ പാപക്ഷമ ലഭിക്കും എന്നത് മാത്രം പ്രസംഗിക്കുക. ക്രൂശിലൂടെ ലഭ്യമായ പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യം പ്രസംഗിക്കാതെ ഇരിക്കുക. ( യോഹന്നാൻ 8 :32 , റോമർ 6 :6 )
യേശുക്രിസ്തു തൻ്റെ സന്ദേശങ്ങളിൽ ഏറ്റവും കൂടുതൽ അവർത്തിച്ചതായ സ്വന്തം ക്രൂശു എടുത്തു തന്നെ അനുഗമിക്കാനും സ്വയ ജീവനെ പകയ്ക്കാനും, നിലത്തു വീണു ചാകുവാനുമുള്ള ആഹ്വാനം ഒരിക്കലും നിങ്ങളുടെ സന്ദേശങ്ങളിൽ ആവർത്തിക്കാതെ സൂക്ഷിക്കുക. (മത്തായി 10:38, 16:24, 11:28-30 , മാർക്കോസ് 8:34, 35, ലൂക്കോസ് 9:23, 14:26, യോഹന്നാൻ 12:24)
ഇങ്ങനെയൊക്കെ ശ്രദ്ധിക്കാതെ ക്രൂശിൻ്റെ വചനം അതിൻ്റെ മൂർച്ചയോടെ പ്രസംഗിച്ചാൽ ഒന്നുകിൽ നിങ്ങളുടെ പ്രസംഗത്തിലൂടെ വചനം ആരുടെയെങ്കിലും ഹൃദയത്തെ കുത്തുകയും, അത് ഏറ്റെടുക്കാൻ മനസ്സില്ല എങ്കിൽ അവർ തിരിഞ്ഞു അവർ നിങ്ങളെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യും. ( പ്രവൃത്തികൾ 7: 37)
അല്ലെങ്കിൽ ദൈവവചനം ചിലർക്ക് പാപബോധം വരുത്തി അവർ അത് സ്വന്തം ജീവിതത്തിൽ മനസാന്തരത്തിനായി ഏറ്റെടുത്തു ആത്മാവിന്റെ രക്ഷ ഉറപ്പാക്കും. ( പ്രവൃത്തികൾ 2: 37)
*രണ്ടിൽ ഏതായാലും നിങ്ങൾക്ക് ഒരു ജനപ്രിയ പ്രാസംഗികൻ ആകാൻ കഴിയില്ല.*
എന്നാൽ മുകളിൽ എഴുതിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ, അവ പ്രവർത്തികമാക്കിയാൽ നിങ്ങൾക്കു ആരെയും പിണക്കാതെ, ആരിലും ഒരു മാറ്റവുമുണ്ടാക്കാതെ, ആരെയും അസ്വസ്ഥരാക്കാതെ പ്രശസ്തനായ, ജനപ്രിയനായ, മനുഷ്യരെ പ്രസാദിപ്പിക്കുന്ന പ്രസംഗികൻ ആയിത്തീരുവാൻ കഴിയും.
*ഗലാ. 1: 10 മനുഷ്യരുടെ അംഗീകാരം നേടുന്നതിനുവേണ്ടി ഞാൻ ശ്രമിക്കുന്നു എന്നു തോന്നുന്നുവോ? ഒരിക്കലുമില്ല! എനിക്കു വേണ്ടത് ദൈവത്തിന്റെ അംഗീകാരമാണ്! മനുഷ്യരെ പ്രസാദിപ്പിക്കാൻ വേണ്ടിയാണോ ഞാൻ ശ്രമിക്കുന്നത്? അപ്രകാരം ചെയ്യുന്നപക്ഷം ഞാൻ ക്രിസ്തുവിന്റെ ദാസനായിരിക്കുകയില്ല.*
( Charles G. Finney യുടെ How To Preach Without Results എന്ന ലേഖനം ആധാരമാക്കി എഴുതിയതു )