Articles

വ്യാജ ആരോപണങ്ങളോട് ദൈവത്തിന്‍റെ ദാസന്മാർക്കു ഉണ്ടാകേണ്ട മനോഭാവം

Date Added : 12-07-2023

വ്യാജ ആരോപണങ്ങളുടെയും, കുറ്റപ്പെടുത്തലുകളുടെയും മുൻപിൽ ദൈവത്തിൻ്റെ ദാസന്മാർക്കു ഉണ്ടാകേണ്ട മനോഭാവം

 

ജിനു നൈനാൻ

 

നിങ്ങൾ ദൈവീക സത്യങ്ങൾ മറയില്ലാതെ  അറിയിക്കുന്ന  ഒരു യഥാർത്ഥ ദൈവദാസനാണു എങ്കിൽ നിങ്ങൾക്കെ തിരെ വ്യാജ ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും തീർച്ചയായും ഉണ്ടാകും. *എല്ലാവരും നിങ്ങളെ പുകഴ്ത്തുക ആണ് എങ്കിൽ അത് നിങ്ങൾ മനുഷ്യരെ പ്രസാദിപ്പിക്കുന്ന  വ്യാജനാണ് എന്നുള്ളതിനുള്ള തെളിവാണ്*

 മത്താ. 5: 11 എൻ്റെ നിമിത്തം നിങ്ങളെ അപമാനിക്കുകയും ഉപദ്രവിക്കുകയും നിങ്ങളെക്കൊണ്ട് *എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ*. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം മഹത്തരമാകകൊണ്ട് സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്ക് മുമ്പെ ജീവിച്ചിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെ തന്നെ ഉപദ്രവിച്ചുവല്ലോ.

 ലൂക്കൊ. 6:26 സകലമനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്ക് അയ്യോ കഷ്ടം; *അവരുടെ പിതാക്കന്മാർ കള്ളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ*

ഇത്തരം വ്യാജ ആരോപണങ്ങളും,അപവാദങ്ങളും ഒഴിവാക്കുവാൻ നിങ്ങൾ  ആഗ്രഹിക്കുന്നു എങ്കിൽ ദൈവീക സത്യങ്ങൾ പറയുന്നത് നിർത്തുകയും, മനുഷ്യരെ പ്രസാദിപ്പിക്കുവാൻ വേണ്ടി കർണ്ണരസമാകുമാറ് സംസാരിക്കുകയുമാണ് വേണ്ടത്.

ആരും നിങ്ങളുടെ ശത്രുക്കൾ ആകരുത് എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ആരോടും നിങ്ങൾ അവരെ ബുദ്ധിമുട്ടിക്കുന്ന സത്യങ്ങൾ പറയാതെ ഇരിക്കുകയാണ് വേണ്ടത്. 

ഗലാ. 4:നിങ്ങളോടു സത്യം പറകകൊണ്ട് ഞാൻ നിങ്ങൾക്ക് ശത്രുവായിപ്പോയോ? 

മനുഷ്യരെ പ്രസാദിപ്പിക്കുവാൻ മാത്രം ആഗ്രഹിക്കുന്ന അത്തരം പ്രാസംഗികർ  ചാൾസ് ഫിന്നി എന്ന ദൈവ ദാസൻ എഴുതിയ " എങ്ങനെ ആർക്കും മാറ്റമുണ്ടാക്കാതെ  പ്രസംഗിക്കാം" എന്ന ലേഖനം വായിക്കുന്നത് വളരെ നല്ലതാണ് . ആ ലേഖനത്തിൻ്റെ   സ്വതന്ത്ര മലയാള പരിഭാഷ താഴെയുള്ള  ലിങ്കിൽ വായിക്കാം 

എങ്ങനെ ജനപ്രിയ പ്രാസംഗികൻ ആകാം ?

*ദൈവത്തെ പ്രസാദിപ്പിക്കുവാൻ ആഗ്രഹിക്കുന്ന ദൈവദസന്മാർക്കു വ്യാജ ആരോപണങ്ങളെയും  കുറ്റപ്പെടുത്തലുകളെയും ഒഴിവാക്കാകുവാൻ കഴിയില്ല, യഥാർത്ഥത്തിൽ നിങ്ങൾ കർത്താവിനെ പിൻഗമിക്കുന്നു എന്നതിനുള്ള ഒരു തെളിവാണ് അത്  

25 ഗുരുവിനെപ്പോലെയാകുന്നത് ശിഷ്യനു മതി; യജമാനനെപ്പോലെയാകുന്നതു ദാസനും മതി. അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം?

എന്നാൽ എങ്ങനെയാണു ദൈവവചന പ്രകാരം അതിനോട് പ്രതികരിക്കേണ്ടത് എന്നത് എല്ലാ ദൈവശുശ്രൂഷകരും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.ഈ ലേഖനത്തിൽ അതാണ് പറയാൻ ശ്രമിക്കുന്നത്.

*ഒന്നാമതായി  നമുക്ക് എതിരെ ആരോപണങ്ങളും അപവാദങ്ങളും ഉണ്ടാകുമ്പോൾ  അതിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്നു പരിശോധിക്കുക, ഉണ്ട് എങ്കിൽ മനസാന്തരപ്പെടുകയും തിരുത്തുകയും ചെയ്യുക. നമ്മെ വെറുക്കുന്നവ രിൽ കൂടിയും നമ്മുടെ കുറവുകൾ കാണിച്ചു തരുവാൻ ദൈവത്തിനു കഴിയും. അതിനു തയ്യാർ ആകാതെ മാനുഷിക മാർഗ്ഗത്തിൽ സഭയിലെ സ്ഥാനം നിലനിർത്താൻ നാം വിമർശനങ്ങളെ  അവഗണിക്കരുത്.* 

നമുക്കെതിരെ ആരോപണങ്ങൾ ഉണ്ടാകുമ്പോൾ ആര് അത് പറയുന്നു എന്നതല്ല, പകരം പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ എന്നതാന് നാം നോക്കേണ്ടത്.

എന്നാൽ അവ വ്യാജമാണ് എന്ന് നമുക്ക് ദൈവസന്നിധിയിൽ ഉറപ്പുണ്ട് എങ്കിൽ എങ്ങനെയാണു അതിനോട് പ്രതികരിക്കേണ്ടത്?

പഴയ നിയമത്തിൽ  ദൈവജനത്തെ നയിക്കുവാൻ ദൈവം നിയമിച്ച  മോശ തനിക്കു എതിരെ വന്ന ഇത്തരം ആരോപണങ്ങളോട് പ്രതികരിച്ച രീതിയും അതിനേക്കാൾ ഉപരിയായി  പുതിയ നിയമത്തിൽ  ക്രിസ്തു പ്രതികരിച്ച രീതിയും നമുക്ക്  പരിശോധിക്കാം  ദൈവത്തിൻ്റെ ശുശ്രൂഷകർക്കു എതിരെ അപവാദങ്ങളും വ്യാജ ആരോപണങ്ങളും ഉയർത്തുമ്പോൾ ദൈവം എങ്ങനെ അതിനെ കാണുന്നു  എന്നതും നാം മനസ്സിലാക്കേണ്ടതാണ്. 

സംഖ്യാ പുസ്തകം 16 ആം അധ്യായത്തിൽ നാം ദൈവം നിയമിച്ച അധികാരമായ മോശയ്ക്കു എതിരെ കോരഹിൻ്റെ നേതൃത്വത്തിൽ   ചിലരുടെ  ആരോപണങ്ങൾ നാം  കാണുന്നു. പഴയനിയമത്തിലെ ഏറ്റവും ഗൗരവതരമായ മത്സരമാണ് ഇവിടെ കാണുന്നത്.

മുൻപുള്ള അധ്യായങ്ങളിൽ കണ്ടതു പോലെ  മിര്യമിന് വന്ന ശിക്ഷയില്‍ നിന്നും പാഠം പഠിക്കുവാന്‍ കൊരഹിനും കൂട്ടര്‍ക്കും കഴിഞ്ഞില്ല. ആ അധ്യായങ്ങളിൽ നാം കണ്ടത് വ്യക്തിപരമായ മത്സരങ്ങൾ ആണെങ്കിൽ ഇവിടെ ഒരു സംഘത്തെ മത്സരത്തിനായി ഒന്നിപ്പിക്കുന്ന നേതാക്കളെ കാണുവാൻ കഴിയും. കോരെഹ്, ദാഥാൻ, അബീരാം, ഓൻ എന്നിവർ മോശെയ്ക്ക് വിരോധമായി സംഘം കൂടി ഇങ്ങനെ പറയുന്നു.

വാക്യം 3 “നിങ്ങൾ വളരെ അതിരുകടക്കുന്നു! സർവ സഭയും അവരിൽ ഓരോരുത്തരും യഹോവയ്ക്കു വിശുദ്ധരാണ്. അവിടന്ന് അവരോടുകൂടെയുണ്ട്. പിന്നെ യഹോവയുടെ സർവസഭയ്ക്കും മീതേ നിങ്ങൾ നിങ്ങളെത്തന്നെ ഉയർത്തുന്നതെന്ത്?”

വളരെ ഗൗരവതരമായ ഒരു ആരോപണം ആണിത്, മോശയെ മാത്രമായി ദൈവം തിരഞ്ഞെടുത്തിട്ടില്ല എന്നും, മോശ തന്നെത്താൻ ഉയർത്തുന്നവൻ ആണ് എന്നുമാണ് ആരോപണം

 

 മോശയുടെ പ്രതികരണം

 

വാക്യം 4  എന്നാൽ മോശെ ഇതറിഞ്ഞപ്പോൾ ദൈവസന്നിധിയിൽ കവിണ്ണുവീണു. അവൻ കോരഹിനോടും അവൻ്റെ  എല്ലാ കൂട്ടരോടും പറഞ്ഞത്: നാളെ രാവിലെ യഹോവ തനിക്കുള്ളവര് ആരെന്നും തന്നോടടുപ്പാൻ തക്കവണ്ണം വിശുദ്ധൻ ആരെന്നും കാണിക്കും; താൻ തിരഞ്ഞെടുക്കുന്നവനെ തന്നോടു അടുക്കുമാറാക്കും "

നമുക്ക് എതിരെ വ്യാജമായ ആരോപണങ്ങളും അപവാദങ്ങളും ഉണ്ടാകുമ്പോൾ നമുക്ക് സ്വാഭാവികമായി ഉണ്ടാകുന്ന പരീക്ഷ എന്നത്  ആരോപണങ്ങൾ ശരിയല്ല എന്ന് മനുഷ്യരെ ബോധ്യപ്പെടുത്തുവാനും , നമ്മുടെ ഭാഗം ന്യായീകരിക്കുവാനും ആണ്.

4-ാ‍ം വാക്യം പറയുന്നത്‌ മോശെയുടെ ആദ്യത്തെ പ്രതികരണം ദൈവത്തിൻ്റെ  മുൻപിൽ വീഴുക എന്നതായിരുന്നു. ദൈവത്തിൻ്റെ ദാസൻ്റെ  ശരിയായ മനോഭാവമാണിത്. മത്സരികൾ  എല്ലാം  സംസാരിച്ചു കൊണ്ട് നിന്നപ്പോൾ ; മോശ മാത്രം ദൈവത്തിൻ്റെ മുൻപിൽ വീണു.

മോശെയെ ഭൂതലത്തിലേക്കും അതിസൗമ്യൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നതിൻ്റെ ഒരു കാരണം മോശെ തന്നെത്താൻ ന്യായീകരിക്കുവാൻ ശ്രമിക്കുന്നില്ല എന്നതാണ്.

ദൈവീക അധികാരത്തെ യാഥർത്ഥമായി മനസ്സിലാക്കിയ വ്യക്തിയായിരുന്നു മോശ.മോശക്ക് സ്വന്തമായി ഒന്നും ന്യായീകരിക്കാൻ ഉണ്ടായിരുന്നില്ല. അദ്ദേഹം സ്വയം തെളിവ് നിരത്തുകയോ, വാദിക്കുകയോ ചെയ്തില്ല, പകരം  ദൈവത്തിൻ്റെ മുൻപിൽ വീഴുകയായിരുന്നു ചെയ്തത്.

5 മുതൽ 7 വരെയുള്ള വാക്യങ്ങളിൽ മോശ  പറയുന്നതിൻ്റെ   ചുരുക്കം ഇതാണ്;

'നമ്മൾ ഈ വിഷയത്തിൽ  വാദിക്കേണ്ട  ആവശ്യമില്ല. ആരാണ് വിശുദ്ധൻ, തിരഞ്ഞെടുക്കപ്പെട്ടവൻ എന്ന് ദൈവം തെളിയിക്കു കയും  അവനെ അവൻ്റെ   അടുക്കൽ വരുത്തുകയും ചെയ്യും. എനിക്കായി ഒന്നും ഞാൻ പറയേണ്ട ആവശ്യമില്ല. ദൈവം ആണ് അത്  തെളിയിക്കേണ്ടത്, നിങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടവർ എന്ന് തെളിയിക്കപ്പെടുന്നുവെങ്കിൽ, അങ്ങനെയാകട്ടെ, നാളെ നാമെല്ലാവരും കർത്താവിൻ്റെ  മുമ്പാകെ വന്നു ധൂപ കലശങ്ങളാൽ  പരീക്ഷിക്കപ്പെടും. രാവിലെ നമുക്കെല്ലാവർക്കും അത്  അറിയാം. യഹോവ തെരഞ്ഞെടുക്കുന്ന പുരുഷനായിരിക്കും വിശുദ്ധൻ.

മോശ ഇങ്ങനെ പറയുവാൻ കാരണം, തൻ്റെ ബലഹീനത മോശയ്ക്കു വ്യക്തമായി അറിയാമായിരുന്നതാണ്. താൻ അധികാരം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. മാത്രമല്ല  മാനുഷികമായും, ശാരീരികമായും  തീർത്തും   ബലഹീനൻ ആയ മോശയെ അത് വ്യക്തമായി ബോധ്യപ്പെടുത്തിയതിനു ശേഷം ആണ് ദൈവം ഇസ്രയേലിനെ നയിക്കുവാൻ തിരഞ്ഞെടുക്കുന്നത്. അതിനാൽ ദൈവം തന്നെ തൻ്റെ ശക്തിയാൽ  പിന്തുണയ്ക്കുന്നില്ല എങ്കിൽ അധികാരത്തിൽ തുടരുവാൻ കഴിയില്ല എന്ന് മോശയ്ക്കു അറിയാമായിരുന്നു. മോശ ഒരിക്കലും അത് ആഗ്രഹിക്കുന്നില്ല.

ഇങ്ങനെ പറഞ്ഞു എങ്കിലും തൻ്റെ  അവസാനത്തെ വാക്യങ്ങൾ വളരെ ശക്തവും ഗൗരവമുള്ളതുമായിരുന്നു: “ലേവിയുടെ മക്കളേ, ലേവ്യരേ, നിങ്ങൾ വളരെ അതിരു കടക്കുന്നു!”!” (വാക്യം7). ദൈവത്തെ അറിയുന്ന ഒരു വൃദ്ധനിൽ നിന്നുള്ള സങ്കടത്തിൻ്റെ  നെടുവീർപ്പായിരുന്നു. ദൈവീക അധികാരത്തിൻ്റെ അതിരുകൾ ലംഖിക്കുമ്പോൾ ദൈവം എങ്ങനെയാണു പ്രതികരിക്കുക എന്ന് മോശക്ക് നല്ലതു പോലെ അറിയാമായിരുന്നു!!

ദൈവത്തിൻ്റെ  ശുശ്രൂകർ തങ്ങൾക്കെതിരായ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ദൈവീക അധികാരത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന മനുഷ്യരുടെ മുൻപിൽ തങ്ങളെ തന്നെ ന്യായീകരിക്കുവാനോ, സത്യം അവരുടെ മുൻപിൽ  തെളിയിക്കുവാനോ ശ്രമിക്കരുത്.

ദൈവത്തിൻ്റെ ഉത്തരവാദിത്വമാണ് അവിടുത്തെ ദാസനെ നീതീകരിക്കുക എന്നത്. നാം നമ്മെ മനുഷ്യരുടെ മുൻപിൽ ന്യായീക രിക്കുവാൻ ശ്രമിക്കുമ്പോൾ നാം ദൈവത്തിൻ്റെ ദാസൻ അല്ല എന്നോ നമ്മുടെ  ദൈവീകമായ അധികാരത്തെ ശരിയായി മനസ്സിലാക്കിയിട്ടില്ല എന്നോ അതിലൂടെ തെളിയിക്കുകയാണ്. 

സങ്കീർത്തനം 37:5 നിന്നെത്തന്നെ സർവേശ്വരനെ ഭരമേല്പിക്കുക; അവിടുന്നു നിനക്കുവേണ്ടി പ്രവർത്തിക്കും.അവിടുന്നു നിൻ്റെ നീതിയെ പകൽവെളിച്ചം പോലെയും നിൻ്റെ പരമാർഥതയെ മധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.

യെശയ്യാവ്  54:17 നിന്നെ എതിർക്കാനായി നിർമിച്ചിരിക്കുന്ന ഒരു ആയുധവും സഫലമാകുകയില്ല, നിനക്കെതിരേ കുറ്റമാരോപിക്കുന്ന എല്ലാ വാദമുഖങ്ങളും ഖണ്ഡിക്കപ്പെടും . ഇത് യഹോവയുടെ ദാസന്മാരുടെ അവകാശവും, *എൻ്റെ പക്കൽനിന്ന് അവർക്കു ലഭിക്കുന്ന കുറ്റവിമുക്തിയുമാണ്,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. "-

 

യേശുവിൻ്റെ  പ്രതികരണം

 

ഈ ഭൂമിയിൽ നടന്നിട്ടുള്ള ഏറ്റവും വിശുദ്ധനായ മനുഷ്യനായിരുന്നു ക്രിസ്തു. താൻ പാപം ചെയ്തിട്ടില്ല എന്നും, തന്നിൽ പാപം ഉണ്ടായിരുന്നില്ല എന്നും തിരുവെഴുത്തു സാക്ഷീകരിക്കുന്നു. ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന് ദൈവം തന്നെ സാക്ഷ്യം പറഞ്ഞു.

എന്നിട്ടും തന്നെപ്പറ്റി അപവാദങ്ങളും വ്യാജ ആരോപണങ്ങളും തുടർച്ചയായി ഉണ്ടായി. എന്നാൽ അവൻ ഒരിക്കലും സ്വയം ന്യായീകരിച്ചില്ല. വ്യാജ ആരോപണങ്ങളുടെ മുൻപിൽ അവൻ വായ തുറക്കാതെയിരുന്നു. ന്യായമായി വിധിക്കുന്നവൻ്റെ കയ്യിൽ കാര്യം ഭരമേല്പിച്ചു. തൻ്റെ ക്രൂശിലെ യാഗത്തെക്കുറിച്ചുള്ള ഏറ്റവും പ്രസക്തമായ പഴയനിയമ പ്രചനങ്ങളിൽ ഇപ്രകാരം പറയുന്നു. 

യെശയ്യാവ് 53:3,7 അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും ഇരുന്നു…തന്നെത്താൻ താഴ്ത്തി വായ് തുറക്കാതെയിരു ന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു. മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിട്ടും അവൻ നിശ്ശബ്ദനായിരുന്നു. കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവൻ്റെ  മുമ്പിൽ നില്‌ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവൻ മൗനം അവലംബിച്ചു.

യെശക്രിസ്തുവിൻ്റെ താഴ്മയെ പ്രവാചകൻ വിവരിക്കുമ്പോൾ ഒരു വാക്യത്തിൽ മൂന്നു തവണയാണ് താൻ നിശബ്ദൻ ആയിരുന്നു എന്ന് രേഖപ്പെടുത്തുന്നത്. അതെ യഥാർത്ഥ താഴ്മ വ്യാജ ആരോപണങ്ങൾക്ക് മുൻപിൽ  നാം നമ്മെത്തന്നെ ന്യായീകരിക്കുന്നുവോ അതോ നിശബ്ദൻ ആയി ദൈവത്തിൽ ആശ്രയിക്കുന്നുവോ എന്നതിലാണ് വെളിപ്പെടുന്നത് .  

യെശ.50:6 അടിക്കുന്നവർക്ക്, ഞാൻ എൻ്റെ മുതുകും രോമം പറിക്കുന്നവർക്ക്, എൻ്റെ കവിളും കാണിച്ചുകൊടുത്തു; എൻ്റെ മുഖം നിന്ദയ്ക്കും തുപ്പലിനും മറച്ചിട്ടുമില്ല. യഹോവയായ കർത്താവ് എന്നെ സഹായിക്കും; അതുകൊണ്ട് ഞാൻ അമ്പരന്നുപോകുകയില്ല; അതുകൊണ്ട് ഞാൻ എൻ്റെ മുഖം തീക്കല്ലുപോലെ ആക്കിയിരിക്കുന്നു; ഞാൻ ലജ്ജിച്ചു പോകുകയില്ല എന്നു ഞാൻ അറിയുന്നു എന്നെ നീതീകരിക്കുന്ന ദൈവം സമീപത്തുണ്ട്; എന്നോട് വാദിക്കുന്നവൻ ആര്? 

യേശുവിൻ്റെ  ജീവിതത്തിൽ വന്ന അധിക്ഷേപങ്ങളോടുള്ള തൻ്റെ പ്രതികരണത്തെക്കുറിച്ച് പത്രോസ് ഇങ്ങനെ പറയുന്നു.

1പത്രൊ. 2:23 തന്നെ അധിക്ഷേപിച്ചിട്ട് പകരം അധിക്ഷേപിക്കാതയും കഷ്ടം  അനുഭവിച്ചിട്ട് ഭീഷണിപ്പെടുത്താതെയും ന്യായമായി വിധിക്കുന്നവനിൽ കാര്യം ഭരമേല്പിക്കയത്രേ അവൻ  ചെയ്തത്.

താൻ സ്വയം ന്യായീകരിക്കുകയോ, കുറ്റവാളി അല്ല എന്ന് തെളിയിക്കാൻ ശ്രമിക്കുകയോ ചെയ്‌താൽ തനിക്കു ക്രൂശിൽ നിന്നും രക്ഷപെടുവാൻ കഴിയുമായിരുന്നു. എന്നാൽ തന്നെ മോചിപ്പിക്കുവാൻ ആഗ്രഹിച്ച പീലാത്തോസിനെ പോലും ആശ്ചര്യപ്പെടുത്തി ക്കൊണ്ടു താൻ കുറ്റാരോപണങ്ങളുടെ മുൻപിൽ നിശ്ശബ്ദനായിരുന്നു.

മത്താ. 27:12 -14 മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയിൽ അവൻ ഒന്നും ഉത്തരം പറഞ്ഞില്ലപീലാത്തോസ് അവനോട്: ഇവർ നിനക്ക് വിരോധമായി എന്തെല്ലാം കുറ്റാരോപണം പറയുന്നു എന്നു നീ കേൾക്കുന്നില്ലയോ എന്നു ചോദിച്ചു. അവൻ ഒരു വാക്കിനും ഉത്തരം പറയായ്കയാൽ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു. 

യേശുക്രിസ്തുവിനെക്കുറിച്ചുള്ള അതിപ്രസിദ്ധമായ ആ  വാക്യത്തെ വ്യാഖ്യാനിച്ചുകൊണ്ടാണ് ഫിലിപ്പോസ് എത്യോപ്യരാജ്ഞിയുടെ മേൽവിചാരകനോട്  സുവിശേഷം അറിയിക്കുന്നത്.

പ്രവൃത്തികൾ 8 :32-33 തിരുവെഴുത്തിൽ ഈ ഭാഗം ആയിരുന്നു അവൻ വായിച്ചിരുന്നത് “അറുക്കുവാനുള്ള ആടിനേപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവൻ വായ് തുറക്കാതിരുന്നുഅപമാനിതനായ അദ്ദേഹത്തിനു നീതി നിഷേധിക്കപ്പെട്ടു.
 
കുറ്റാരോപണങ്ങളുടെ മുൻപിൽ മിണ്ടാതെ ഇരുന്നതിനാൽ താൻ അപമാനിക്കപ്പെട്ടു , നീതി നിഷേധിക്കപ്പെട്ടു, ക്രൂശിക്കപ്പെട്ടു.
 
അതെ, ദൈവത്തിൻ്റെ പരമാധികാരത്തെയും, ദൈവം  നമ്മിൽ ഭരമേല്പിച്ചിരിക്കുന്ന ആത്മീക  അധികാരത്തെയും കുറിച്ച് വ്യക്തമായി ബോധ്യമുള്ള ഒരു ദൈവത്തിൻ്റെ ദാസനും വ്യാജ ആരോപണങ്ങളുടെയും അപവാദങ്ങളുടെയും മുൻപിൽ സ്വയം ന്യായീകരിക്കുകയോ, വിശദീകരണം കൊടുക്കുകയോ ഇല്ല. പകരം അവർ ദൈവസന്നിധിയിൽ വീഴുക മാത്രമാണ് ചെയുന്നത്. അതിൻ്റെ ഫലമായി ഈ ലോകത്തിൽ നമുക്ക് ചിലപ്പോൾ ഒരിക്കലും നീതി ലഭിച്ചു എന്നും വരികയില്ല.

എന്നാൽ നാം വ്യാജ ആരോപണങ്ങളുടെയും അപവാദങ്ങളുടെയും മുൻപിൽ വായ തുറക്കാതെ ദൈവ സന്നിധിയിൽ വീഴുമ്പോൾ ദൈവം നിശബ്ദനായി  പ്രതികരിക്കാതെ ഇരിക്കുന്നില്ല, ദൈവീക അധികാരങ്ങൾക്കു എതിരെയുള്ള  മത്സരത്തോടുള്ള ദൈവീക പ്രതികരണം നമുക്ക് തുടർന്ന് കാണാം

ദൈവത്തിൻ്റെ പ്രതികരണം


സംഖ്യാ പുസ്തകം 16 ആം അധ്യായം  നാം ശ്രദ്ധിച്ചു വായിച്ചാൽ തുടക്കത്തിൽ മോശക്കെതിരെ മത്സരിച്ചവർ നാലു പേർ ആയിരുന്നു. കോരഹ് ദാദാൻ, അഭിരാം, ഓന്‍.

എന്നാൽ പിറ്റേന്ന് രാവിലെ ആകുമ്പോൾ കോരഹ്,ദാദാൻ,അഭിരാം എന്നീ മൂന്നു പേരെ മാത്രമെ നാം കാണുന്നുള്ളൂ. കാരണം  തലേ രാത്രിയിൽ ഓന്‍ ചിലപ്പോൾ മനസന്തരപ്പെട്ടിരിക്കാം; വരാൻ പോകുന്ന ഭവിഷ്യത്തിനെപ്പറ്റി അവൻ്റെ  ഭാര്യ  മുന്നറിയിപ്പ് കൊടുത്തിരിക്കാം. ഏതായാലും അതിനാൽ ഓനും കുടുംബവും നാശത്തിൽ നിന്നും രക്ഷപ്പെട്ടു.

എന്നാൽ ദൈവം മാനസാന്തരപ്പെടുവാന്‍ സമയം കൊടുത്തിട്ടും,  മോശ അവരെ നേരിട്ട് വിളിച്ചിട്ടും മറ്റു  മൂന്നുപേരും തെറ്റു തിരുത്താൻ തയ്യാറായില്ല. അവരുടെ മൽസര മനോഭാവം അവരുടെയും കുടുംബത്തിൻ്റെയും നാശത്തിന് കാരണമായിത്തീർന്നു. പിറ്റേന്ന് ദൈവം പരസ്യമായി അവരെ ശിക്ഷ വിധിക്കുകയായിരുന്നു.

ഇസ്രയേല്‍ ജനം മുഴുവൻ ഇവരുടെ മത്സരത്തില്‍ പങ്കു ചെര്‍ന്നതിനാല്‍ മോശെയോടും അഹരോനോടും മാത്രം ഇസ്രായേൽ സഭയുടെ നടുവിൽ നിന്നും മാറി പോകുവാൻ ദൈവം  ആവശ്യപ്പെടുന്നു.

എന്നാൽ മോശ വീണ്ടും ദൈവത്തിൻ്റെ മുൻപിൽ കവിണ്ണു വീണു മധ്യസ്ഥത ചെയ്യുന്നു. സർവ്വസഭയെയും നശിപ്പിക്കരുത് എന്ന് അപേക്ഷിക്കുന്നു. മോശയുടെ മധ്യസ്ഥതയിൽ ദൈവം ജനത്തിന് ഒരു അവസരം കൂടി കൊടുക്കുന്നു. കോരഹ്, ദാദാൻ അഭിരാം എന്നിവരുടെ മധ്യത്തിൽ നിന്നും ഓടി പോകുവാൻ സർവ്വസഭയോടും ആവശ്യപ്പെടുന്നു.

അതെ യഥാർത്ഥ ദൈവത്തിൻ്റെ ദാസൻ തനിക്കെതിരെയുള്ള വ്യാജ ആരോപണങ്ങളുടെ മുൻപിൽ ദൈവത്തിൻ്റെ സന്നിധിയിൽ വീഴുക മാത്രമല്ല. തനിക്കെതിരെ മത്സരിക്കുന്നവർ നശിക്കപ്പെടാതിരിക്കാൻ ദൈവ മുൻപിൽ കവിണ്ണു വീണു മധ്യസ്ഥത ചെയ്യുകയും ചെയ്യുന്നവനായിരിക്കും. ഓർക്കുക ഒരു ദൈവത്തിൻ്റെ ദാസന്  ഒരിക്കലും തനിക്കു  എതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവരോട് നമുക്ക് വിരോധമോ, കൈപ്പോ അവർ നശിച്ചു പോകാൻ ആഗ്രഹമോ ഉണ്ടാകാൻ പാടില്ല. 

ഇവിടെ  നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്.ജനത്തില്‍ പലരും ഈ മൂന്നു പേരുടെയും വാസ സ്ഥലത്തു നിന്നും ഓടി മാറുന്നു. എന്നാൽ ഒമ്പതാം വാക്യത്തിൽ , ദാദാൻ, അഭിരാം എന്നിവര്‍ കുടുംബത്തോടൊപ്പം  കൂടാരവാതിൽക്കൽ നിന്നു എന്നതും കാണുന്നു.

എന്തുകൊണ്ട് കോരഹിൻ്റെ കുടുംബത്തെപ്പറ്റി അവിടെ പറയുന്നില്ല?. ഇതിനു കാരണം സംഖ്യാ 26: 11 ല്‍  തല മുറകളുടെ ചരിത്രം വിവരിക്കുമ്പോൾ മോശ പറയുന്നു സംഖ്യാ 26:11 അങ്ങനെ അവർ ഒരു മുന്നറിയിപ്പായി ത്തീർന്നു. എന്നാൽ കോരഹിൻ്റെ  മക്കൾ കൊല്ലപ്പെട്ടില്ല.

അതെ; കോരഹിൻ്റെ മക്കൾ പിതാവിൻ്റെ  മത്സരത്തോടു കൂട്ടുനിന്നില്ല. അവർ മുന്നറിയിപ്പ് മനസ്സിലാക്കി ഓടി രക്ഷപ്പെട്ടു. എന്നാല്‍ മുന്നറിയിപ്പിനെ അവഗണിച്ചു  മത്സരത്തോട് കൂട്ട് നിന്ന ബാക്കിയുള്ളവരുടെ കുടുംബം കൂടെ നശിപ്പിക്കപ്പെട്ടു. കോരഹിൻ്റെ  പുത്രന്മാർ പിന്നീട് സങ്കീർത്തന രചയിതാവും ആരാധന നയിക്കുന്നവരും ആയിത്തീർന്നു.

സംഖ്യാപുസ്തകം 16 ൽ രണ്ട് മത്സരങ്ങള്‍ ഉണ്ട്. 1 മുതൽ 40 വരെയുള്ള വാക്യങ്ങളിൽ നേതാക്കളുടെ മത്സരമാണ് , അതേസമയം 41 മുതൽ 50 വരെയുള്ള വാക്യങ്ങളിൽ  അവരോടു ചേർന്ന മുഴുവൻ സഭയുടെയും മത്സരമുണ്ട്.

മത്സരത്തിൻ്റെ ഒരു മനോഭാവം പകർച്ചവ്യാധിയാണ്. അത് അമര്‍ച്ച ചെയ്തില്ലയെങ്കില്‍ പലരിലേക്കും,മുഴു സഭയിലേക്കും അത് പകരപ്പെടും, അതിനാൽ മത്സരികളിൽ നിന്നും ഓടി മാറുക. 

 

ദൈവീക അധികാരത്തിൻ്റെ തെളിവ് - ഉയിർപ്പിൻ്റെ ജീവശക്തി

 

ഈ മത്സരത്തെ അന്തിമമായി നിര്‍ത്തല്‍ ചെയ്യുവാന്‍ ദൈവം തീരുമാനിക്കുന്നു. താന്‍ തിരഞ്ഞെടുത്ത നേതാവ് ആരാണ് എന്ന് തെളിയിക്കുവാന്‍ ഒരു മാര്‍ഗ്ഗം നിര്‍ദേശിക്കുന്നു. അത് ഇപ്രകാരം ആണ്.

യഹോവ മോശയോട് അരുളിച്ചെയ്തു: “ഒരു ഗോത്രത്തിൻ്റെ  നേതാവിൽനിന്ന് ഓരോ വടി വീതം എല്ലാ ഗോത്രത്തിൽനിന്നുമായി പന്ത്രണ്ടു വടി നിന്നെ ഏല്പിക്കാൻ ജനത്തോടു പറയുക. ഓരോ നേതാവിൻ്റെയും പേര് അവനവൻ്റെ വടിയിൽ എഴുതണം. ലേവിഗോത്രത്തിൻ്റെ  വടിയിൽ അഹരോൻ്റെ  പേരാണു കൊത്തിവയ്‍ക്കേണ്ടത്. തിരുസാന്നിധ്യകൂടാരത്തിൽ, ഞാൻ നിങ്ങൾക്കു ദർശനം നല്‌കുന്ന ഉടമ്പടിപ്പെട്ടകത്തിൻ്റെ  മുമ്പിൽ അവ വയ്‍ക്കണം

ഞാൻ തിരഞ്ഞെടുക്കുന്ന ആളിൻ്റെ വടി തളിർക്കും അങ്ങനെ നിങ്ങൾക്കെതിരെയുള്ള ഇസ്രായേൽ ജനത്തിൻ്റെ  പിറുപിറുപ്പ് ഞാൻ അവസാനിപ്പിക്കും.”

അടുത്ത ദിവസം മോശ തിരുസാന്നിധ്യകൂടാരത്തിൽ പ്രവേശിച്ചപ്പോൾ ലേവിഗോത്രത്തിനുവേണ്ടി വച്ച അഹരോൻ്റെ വടി മുളപൊട്ടി തളിർത്തു പുഷ്പിച്ചു ബദാം കായ്കളുമായി കാണപ്പെട്ടു.

യഹോവ മോശയോടു കല്പിച്ചു: “അഹരോൻ്റെ  വടി ഉടമ്പടിപ്പെട്ടകത്തിൻ്റെ  മുമ്പാകെ തിരികെ വയ്‍ക്കുക; അതു മത്സരികൾക്ക് അടയാളമായിരിക്കട്ടെ.

ദൈവം തൻ്റെ  തിരഞ്ഞെടുപ്പിനെ തെളിയിക്കുന്നത് ജീവൻ്റെ ശക്തിയില്‍ ആണ്, ആഹാരോൻ്റെ  മുളപൊട്ടി തളിർത്തു പുഷ്പിച്ചു ബദാം കായ്കളുമായി കാണപ്പെട്ട വടി കാണിക്കുന്നത് ഉയര്‍പ്പിൻ്റെ  ജീവശക്തിയെ ആണ്.

ഉയര്‍പ്പിൻ്റെ  ജീവശക്തിയിലുള്ള  ദൈവീക അധികാരം ഇല്ലാതെ ആര്‍ക്കും ദൈവീക ശുശ്രൂഷ ചെയ്യുവാന്‍ കഴിയില്ല. അതിനെ അനുകരിക്കാൻ കഴിയുന്നതല്ല.അങ്ങനെയുള്ള ദൈവീക അധികാരത്തെ തടയുവാനും അതിനെതിരെ മത്സരിക്കുവാനും ദൈവം ആരെയും അനുവദിക്കുകയുമില്ല.

അഹരോൻ്റെ തളിർത്ത വടി മത്സരികൾക്ക് അടയാളമായി. ദൈവത്തിനെതിരായോ ദൈവീക അധികാരത്തിനെതിരായോ  മത്സരിക്കരുത് എന്ന മുന്നറിയിപ്പ് എല്ലാക്കാലത്തേക്കുമായി  നൽകുവാനായി സമാഗമന കൂടാരത്തിൽ അതിവിശുദ്ധ സ്ഥലത്ത് വെയ്ക്കപ്പെട്ടു എന്ന് നാം കാണുന്നു. ( ഹെബ്രായർ 10 :1 )

ദൈവം അതില്‍ കൂടി ഇസ്രയേല്‍ മക്കള്‍ക്ക്‌ കൊടുക്കാന്‍ ഉദ്ദേശിച്ച സന്ദേശം വ്യക്തമാണ്. ദൈവം ആരെയാണോ പിന്തുണക്കു ന്നത് എന്ന് വെളിപ്പെടുന്നത് ഉയിർപ്പിൻ്റെ ജീവശക്തിയില്‍ ആണ്. ദൈവീക അധികാരം അതിലൂടെയാണ്  വെളിപ്പെടുന്നത്. ദൈവീക അധികാരം, രാഷ്രീയം കളിക്കുന്നതിലൂടെയോ, ഭൂരിപക്ഷത്തിൻ്റെ  പിന്തുണയിലോ, മനുഷ്യരെ പ്രസാദിപ്പിക്കുന്നതിലൂ ടെയോ, നയതന്ത്രജ്ഞതയിലൂടെയോ ലഭിക്കില്ല.

തങ്ങൾക്കെതിരെ ആരോപണങ്ങൾ ഉണ്ടാകുമ്പോൾ ഇത്തരം  മാർഗ്ഗങ്ങളിലൂടെ, സഭയിലെ സ്ഥാനമോ അധികാരമോ  നില നിർത്താൻ ശ്രമിക്കുന്നവർക്ക് ഒരിക്കലും ദൈവത്തിൻ്റെ ദാസൻ ആകുവാൻ കഴിയില്ല (ഗലാത്യർ 1:5).

ഓർക്കുക, ദൈവം നിങ്ങളെ തൻ്റെ ഉയിർപ്പിൻ ശക്തിയാൽ പിന്തുണക്കുന്നില്ല എങ്കിൽ മാനുഷിക മാർഗ്ഗത്തിൽ അധികാരം നില നിർത്താൻ ശ്രമിക്കുന്നത് വ്യർത്ഥമാണ്. പഴയ നിയമത്തിലെ ശൗലിനെപ്പോലെ ദൈവീക അഭിഷേകം നഷ്ടപ്പെട്ടിട്ടും മാനുഷിക മാർഗ്ഗത്തിൽ എങ്ങനെയും കുറെ നാൾ കൂടി അധികാരത്തിൽ തുടരാം എന്ന് മാത്രം. 

തന്നിലുള്ള ദൈവീക അധികാരം വ്യക്തമായി അറിഞ്ഞിരുന്നതിനാൽ ക്രിസ്തു വ്യാജ ആരോപണങ്ങളുടെയും അപവാദങ്ങളുടെയും മുൻപിൽ തന്നെത്താൻ താഴ്ത്തി വായ തുറക്കാതെ ഇരുന്നു. അതിൻ്റെ ഫലമായി തനിക്കു നീതി നിഷേധിക്കപ്പെട്ടു, ക്രൂശിക്കപ്പെട്ടു. എന്നാൽ മൂന്നാം നാൾ ഉയിർത്തെഴുനേൽപ്പിച്ചു കൊണ്ട്  ദൈവം തൻ്റെ ദാസനെ നീതീകരിച്ചു. 

ഫിലി. 2:8  തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ.... അതുകൊണ്ട് ദൈവവും അവനെ ഏറ്റവും ഉയർത്തുകയും സകലനാമത്തിനും മേലായ നാമം നൽകുകയും ചെയ്തു;

പ്രവൃത്തികൾ 2:23,36 നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ ക്രൂശിൽ തറപ്പിച്ചു കൊന്നു;  എന്നാൽ ദൈവമോ മരണ പാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിർത്തെഴുന്നേല്പിച്ചു...ആകയാൽ നിങ്ങൾ ക്രൂശിൽ തറച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവച്ചു എന്ന് യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ”.

 

 

ദൈവീക നിയമനതോടുള്ള മത്സരം, ദൈവത്തോടുള്ള മത്സരം തന്നെ

 

ഓർക്കുക, ദൈവീക നിയമനതോടുള്ള മത്സരം, ദൈവത്തോടുള്ള മത്സരം തന്നെയാണ്. അതിനെ ദൈവം വളരെ ഗൌരവമായി കാണുന്നു.

മത്സരമാണ് ഏറ്റവും വലിയ പാപം, ബാക്കി എല്ലാ പാപങ്ങളും മത്സരത്തിൽ നിന്ന് പുറത്തേക്ക് വരുന്നതാണ്. പ്രപഞ്ചത്തില്‍  ആദ്യം തുടങ്ങിയ പാപം മത്സരമാണ് അത് പിശാചിൽ ആണ് ആരംഭിച്ചത്, പിന്നീടത് ഹവ്വായിലേക്കും ആദത്തിലേക്കും തുടർന്ന് മാനവ രാശിയിലേക്കും പകരപ്പെട്ടതായി നാം കാണുന്നു.

ഈ സംഭവങ്ങളിൽ കൂടി ദൈവം നമുക്കും ബുദ്ധിയുപദേശതിനായി  നൽകാനുദ്ദേശിക്കുന്ന സന്ദേശവും വ്യക്തമാണ്. ദൈവം തന്നോടും താൻ നിയമിച്ച അധികാരങ്ങളോടും ഉള്ള മത്സരത്തെ വളരെ ഗൗരവമായി കാണുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ളവർ ദൈവീക ന്യായവിധിക്ക് അർഹരാകും .ചിലപ്പോൾ തലമുറകളോളം അതിൻ്റെ  ഫലങ്ങൾ തുടർ ന്നേക്കാം .

ഒരു മനുഷ്യന് തെറ്റു പറ്റിയാൽ അഥവാ  ന്യായപ്രമാണം ലംഖിച്ചാൽ , ദൈവം അതിനുള്ള പരിഹാര മാർഗ്ഗങ്ങൾ ആചാര നിയമ യാഗങ്ങള്‍ പഴയ നിയമത്തില്‍ തന്നെ നിയമിച്ചിരുന്നു.

എന്നാൽ ദൈവം മനുഷ്യൻ്റെ മനപ്പൂർവമായ മത്സരത്തെ വളരെ ഗൗരവം ആയിട്ടാണ് എല്ലാ കാലത്തും കാണുന്നത്. കാരണം അത് തന്നെത്താന്‍ ഉയര്‍ത്തുന്ന പിശാചിൻ്റെ സ്വഭാവമാണ്. നരകം വാ പിളര്‍ക്കുവാന്‍ തക്കവണ്ണം അത് നരകത്തില്‍ നിന്നും ഉയരുന്ന പാപമാണ്. അത് സാത്താൻ്റെ രാജ്യത്തിലെ പ്രമാണമാണ്.

ഇതൊക്കെയും പഴയ നിയമത്തിൽ ദൈവം പ്രവർത്തിച്ച രീതിയാണ് , ഇന്ന് ദൈവം തൻ്റെ ദീർഘക്ഷമയിൽ  അത് പോലെ ശിക്ഷിക്കുന്നില്ലായിരിക്കാം. എന്നാൽ ദൈവ നിയമിത അധികാരങ്ങളോട്  മറുക്കുന്നവൻ ദൈവ വ്യവസ്ഥയോടു മറുക്കുന്നു എന്നും  അവർ ശിക്ഷാവിധി പ്രാപിക്കും എന്നും തങ്ങളെ നടത്തുന്നവർക്ക് കീഴടങ്ങി അനുസരിക്കേണം എന്നും അത് ചെയ്യാത്തവർക്ക് അത് നന്നല്ല എന്നും ഉള്ള  മുന്നറിയിപ്പ് പുതിയ നിയമത്തിൽ തന്നെയാണ്. (റോമർ 13 :2 , ഹെബ്രായർ 13 :17 )         

      ദൈവസഭയിലെ മത്സരികൾ       

 

ദൈവസഭയ്ക്ക് പോരാട്ടം ഉള്ളത് ജഡരക്തങ്ങളോട് അല്ല. പകരം പിശാചിൻ്റെ  രാജ്യത്തോടും പാതാള ഗോപുരങ്ങളോടും ആണ്, വാഴ്ചകളോടും അധികാരങ്ങളോടും ആണ്.

മത്സരം എന്നത് പിശാചിൽ തുടങ്ങിയ പ്രമാണമാണ്.  അതിനാൽ പിശാചിൻ്റെ പ്രമാണം നമ്മുടെ ജീവിതത്തില്‍ പാലിച്ചുകൊണ്ട് നമുക്ക് പിശാചിനോട് പോരാടാനോ ദൈവസഭയെ പണിയുവാനോ കഴിയുകയില്ല.

അതിനാലാണ് പിശാചിനോടുള്ള പോരാട്ടത്തെ പറ്റി പറയുമ്പോൾ ഒക്കെയും ദൈവവചനത്തിൽ ദൈവത്തോടും ദൈവം നിയമിച്ച വ്യവസ്ഥളോടും ഉള്ള കീഴ്പെടലിനെപറ്റി പറയുന്നത്. (യാക്കോബ്  4:6,  എഫസ്യർ 6:1)

ദൈവം തൻ്റെ  അധികാരത്തോടുള്ള മനുഷ്യൻ്റെ  കീഴടങ്ങലിനെ പരിശോധിക്കുന്നതിന് വേണ്ടിയാണ് ഈ ഭൂമിയിൽ  തന്നെ പ്രതിനിധീകരിക്കുന്ന അധികാരങ്ങളെ നിയമിച്ചിരിക്കുന്നുത്.

കുടുംബത്തിലും, ലോകത്തിലും ,സഭയിലും  ദൈവം അധികാരങ്ങളെ നിയമിച്ചിരിക്കുന്നു.ആ അധികാരങ്ങളൊക്കെ കുറവുകൾ ഉള്ള, അപൂർണ്ണമായ അധികാരങ്ങൾ ആണ്. എന്നാൽ ഈ  അധികാരങ്ങളെ ദൈവിക നിയമന പ്രകാരമുള്ള അധികാരം ആയാണ് ദൈവജനം തിരിച്ചറിയേണ്ടത്.

ഇന്ന് അനേകർ ദൈവത്തിനു കീഴടങ്ങിയിരിക്കുന്നവർ ആണ് എന്ന് സ്വയം അവകാശപ്പെടുന്നവർ ആണ്, എന്നാൽ അവർ പലരും ഭൂമിയിലെ ദൈവനിയമിത അധികാരത്തിനു കീഴടങ്ങാത്തവരും മത്സരികളും ആണ്.

അങ്ങനെ ദൈവനിയമിത അധികാരങ്ങളോടു മത്സരിക്കുകയും, അപ്പോള്‍ തന്നെ താന്‍ ദൈവത്തിനു കീഴടങ്ങിയിരിക്കുന്നു എന്ന് അവകാശപ്പെടുകയും ചെയ്യുന്നവര്‍ വ്യാജമാണ് പറയുന്നത്. അവര്‍ സ്വയം വഞ്ചിക്കുകയാണ് ചെയ്യുന്നത്.

ദൈവ നിയമിത അധികാരങ്ങളോടു മത്സരിക്കുന്നവർ പിശാചിൻ്റെ  പ്രമാണമാണ് അവരുടെ ജീവിതത്തിൽ പ്രമാണിക്കുന്നത്. അവർ തത്വത്തില്‍ ദൈവത്തോടാണ് മത്സരിക്കുന്നത്. അതിനാല്‍ അവർ ശിക്ഷ അനുഭവിക്കും എന്നും ദൈവവചനം വ്യക്തമാക്കുന്നു

കര്‍ത്താവിൻ്റെ  ശരീരമായി പണിയപ്പെടുന്ന യഥാര്‍ത്ഥ ദൈവ സഭയിലും എതിര്‍ ക്രിസ്തുവിൻ്റെ  പ്രമാണത്താൽ  നയിക്കപ്പെടുന്ന, ദൈവനിയമിത അധികാരങ്ങള്‍ക്ക് എതിരെ മത്സരിക്കുന്ന, തന്നെത്താന്‍ ഉയര്‍ത്തുന്ന വ്യക്തികള്‍ ഉണ്ടായേക്കാം. എന്നാല്‍ ഒരു യഥാര്‍ത്ഥ ദൈവസഭയില്‍ അത്തരം പ്രവണതകള്‍ വെളിപ്പെടുകയും, തിരുത്തപ്പെടുകയും ശിക്ഷണം നല്‍കപ്പെടുകയും ചെയ്യും.

എന്നാൽ സഭയെ നയിക്കേണ്ടവർ തന്നെ, മനുഷ്യരെ പ്രസാദിപ്പിക്കുന്നവരും, ഒത്തുതീർപ്പുകാരും, രാഷ്ട്രീയക്കാരും ആയാൽ, അവർ ഇത്തരം മത്സരങ്ങളുടെ നേരെ കണ്ണടക്കുന്നവർ ആകും. സഭയിൽ 'സമാധാനം' ഉണ്ടക്കാൻ ശ്രമിക്കുന്നവർ ആകും.

സഭകളിൽ യഥാർത്ഥ സമാധാനം ഉണ്ടാകുവാൻ ദൈവവും ആഗ്രഹിക്കുന്നു. എന്നാൽ അത് ദൈവീക സത്യങ്ങളെ ബലി കഴിക്കുന്നതിൻ്റെ ചിലവിൽ ആകരുത്. അത്തരം 'സമാധാനം' നിലനിൽക്കുകയില്ല. അത്തരക്കാർക്കു ദൈവീക അധികാരവും ഉണ്ടാകുകയില്ല

എന്നാൽ ദൈവത്തിനും ദൈവം നിയമിച്ച അധികാരങ്ങൾക്കും കീഴടങ്ങുന്ന വ്യക്തികൾക്ക്, ദൈവീക സത്യങ്ങള്‍ക്ക് വേണ്ടി നില നില്‍ക്കുന്നവര്‍ക്ക്. അങ്ങനെയുള്ള യഥാര്‍ത്ഥ ദൈവ സഭയ്ക്ക് പിശാചി ൻ്റെയും അവൻ്റെ രാജ്യത്തിനും മുകളിൽ അധികാരം ഉണ്ട് എന്ന് ദൈവവചനം പറയുന്നു

യേശു അടുത്തുചെന്നു: സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു

അവൻ അവരോട്: സാത്താൻ മിന്നൽ പോലെ ആകാശത്തു നിന്നു വീഴുന്നതു ഞാൻ കണ്ടു. പാമ്പുകളെയും തേളുകളെയും ശത്രുവിൻ്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു; ഒന്നും നിങ്ങൾക്ക് ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.

 പിശാചിൻ്റെ  സ്ഥാനം അങ്ങനെയുള്ളവരുടെ കാല്‍ക്കീഴില്‍  ആണ് എന്ന് ദൈവവചനം വ്യക്തമാക്കുന്നു. റോമർ- 16: 20 സമാധാനത്തിൻ്റെ  ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചു കളയും

 PS : മത്സരവും, താഴ്മയും -  ദൈവഭക്തിയുടെ  മർമ്മവും,അധർമ്മത്തിൻ്റെ മർമ്മവും എന്ന  പുസ്തകത്തിലെ രണ്ടാം അദ്ധ്യായ ത്തിലെ ചില ഭാഗങ്ങൾ - ഈ പുസ്തകം പൂർണ്ണമായി ഈ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്

 മത്സരവും, താഴ്മയും -  ദൈവഭക്തിയുടെ  മർമ്മവും,അധർമ്മത്തിൻ്റെ മർമ്മവും e- book

 http://www.cakchurch.com/pdf-downloads/rebellion__Submission_book_july_2.pdf