Articles

ഹെബ്രായ ലേഖന പഠനം അധ്യായം 9 - രക്തത്താൽ സ്ഥാപിക്കപ്പെട്ട രണ്ടു ഉടമ്പടികളും രണ്ടു ആരാധനകളും

Date Added : 19-03-2023

ഹെബ്രായ ലേഖന പഠനം അധ്യായം 9

ജിനു നൈനാൻ 

*രക്തത്താൽ സ്ഥാപിക്കപ്പെട്ട രണ്ടു ഉടമ്പടികളും രണ്ടു തരം  ആരാധനകളും*  

1-7 വാക്യങ്ങൾ പഴയ ഉടമ്പടിയിലെ സമാഗമ കൂടാരത്തെ കുറിച്ചുള്ള വിശദീകരണമാണ് , പ്രത്യേകിച്ച് വിശുദ്ധ സ്ഥലത്തെയും, അതി വിശുദ്ധ സ്ഥലത്തെയും വിഭജിച്ച തിരശീലയെപ്പറ്റിയുള്ള വിശദീകരണം ലേഖകൻ  എടുത്തു പറയുന്നു . ദൈവം മോശെയെ  പർവതത്തിൽ കാണിച്ച  മാതൃക അനുസരിച്ചായിരുന്നു എല്ലാം ചെയ്തത് എന്ന് ലേഖകൻ വിവരിക്കുന്നു.

*തിരശീലക്കു മുന്നിലുള്ള  പഴയ ഉടമ്പടിയിലെ ആരാധന*

എന്നാൽ ആദ്യ ഉടമ്പടിക്കു  ഭൂമിയിൽ ആരാധനയ്ക്കായുള്ള സ്ഥലങ്ങളും ക്രമങ്ങളും ഉണ്ടായിരുന്നു

കഴിഞ്ഞ അധ്യായത്തിൽ യേശുവിൻ്റെ രക്തത്താൽ സ്ഥാപിതമായ പുതിയ ഉടമ്പടിയുടെ ഔന്നത്യം വിശദമാക്കിയ ലേഖകൻ പഴയ  ഉടമ്പടിയുടെ കീഴിലെ ആരാധനയെക്കുറിച്ചും അതിലെ പരിമിതികളെക്കുറിച്ചും വിശദീകരിക്കുകയാണ്. 

സൃഷ്ടാവായ ദൈവത്തെ ആരാധിക്കുക  എല്ലാക്കാലവും മനുഷ്യൻ്റെ ഉള്ളിലുള്ള ആഗ്രഹമാണ്.  ദൈവം താൻ തിരഞ്ഞെടുത്ത യഹൂദ ജനത്തിന് തന്നെ ഏതു സ്ഥലത്തു  ആരാധിക്കണം എന്നും എങ്ങനെ ആരാധിക്കണം എന്നുമുള്ള  വിശദമായ ചട്ടങ്ങളും  ക്രമങ്ങളും കൊടുത്തിരുന്നു.

സമാഗമനകൂടാരത്തിനുള്ളിൽ ആദ്യഭാഗത്ത് നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിന് വിശുദ്ധസ്ഥലം എന്നു പേർ.

ദൈവം തന്നെ പർവ്വതത്തിനു മുകളിൽ കാണിച്ചു കൊടുത്ത മാതൃകയിൽ ഉണ്ടാക്കിയ സമാഗമനകൂടാരത്തിൻ്റെ വിശദീകരണ മാണ്‌ ഈ ഭാഗത്തു പറയുന്നത്. ഇതേ മാതൃകയിൽ ആണ് ദാവീദിന്  ദൈവാലയ രൂപരേഖ  ദൈവം കൊടുക്കുന്നത്. ആ കൂടാരം പ്രധാനമായും ഒരു കട്ടിയുള്ള തിരശീല വഴി രണ്ടായി തിരിച്ചിരുന്നു. 

രണ്ടാം തിരശ്ശീലയ്ക്ക് പിന്നിലോ അതിവിശുദ്ധം എന്ന ഭാഗം.

ആ കട്ടിയുള്ള തിരശീല വഴി ദേവാലയത്തിലെ ആരാധനാ സ്ഥലത്തെ വിശുദ്ധസ്ഥലം എന്നും അതിവിശുദ്ധ സ്ഥലം എന്നും വേർ തിരിച്ചിരുന്നു 

 അതിൽ പൊന്നുകൊണ്ടുള്ള ധൂപപീഠവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിനകത്ത് മന്ന ഇട്ട് വെച്ച പൊൻപാത്രവും അഹരോന്റെ തളിർത്തവടിയും നിയമത്തിന്റെ കല്പലകകളും ഉണ്ടായിരുന്നു 

അതിവിശുദ്ധ സ്ഥലത്തിൽ ഉണ്ടായിരിക്കണം എന്ന് ദൈവം കൽപ്പിച്ച കാര്യങ്ങളുടെ വിശദീകരണം ആണ് ഇവിടെ പറയുന്നത്. ഓരോന്നിനും കാരണവും ആത്മീക അർത്ഥവും ഉണ്ട്   എങ്കിലും അത് ഇവിടെ  വിശദീകരിക്കുവാൻ ലേഖകൻ  തയ്യാർ ആകുന്നില്ല.

അതിന് മീതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്റെ കെരൂബുകളും ഉണ്ടായിരുന്നു. അത് ഇപ്പോൾ ഓരോന്നായി വിവരിപ്പാൻ കഴിയുന്നില്ല

ആദ്യഭാഗത്തു ഈ വസ്തുക്കൾ  ആയിരുന്നു എങ്കിൽ  തിരശീലക്കു പിന്നിലെ അതിവിശുദ്ധ സ്ഥലത്തെ ഏറ്റവും വലിയ പ്രത്യേകത ദൈവത്തിൻ്റെ തേജസ്സു നിറയുന്ന കൃപാസനമായിരുന്നു. 

ഇവ ഇങ്ങനെ തീർന്നശേഷം പുരോഹിതന്മാർ നിത്യം മുൻകൂടാരത്തിൽ ചെന്ന് ശുശ്രൂഷ കഴിക്കും.

എന്നാൽ പുരോഹിതന്മാർക്ക് കൃപാസനത്തിലേക്കു കടക്കുവാനോ  ദൈവസാന്നിധ്യത്തിൽ  ആരാധിക്കുവാനോ ശുശ്രൂഷ കഴിക്കുവാനോ കഴിഞ്ഞിരുന്നില്ല.  അതിനാൽ അവർ ദിവസവും  മുൻകൂടാരത്തിൽ അധവാ തിരശീലക്കു മുൻപിൽ  ചെന്ന് ആരാധനയും  ശുശ്രൂഷകളും കഴിച്ചിരുന്നു .

രണ്ടാമത്തേതിലോ ആണ്ടിൽ ഒരിക്കൽ മഹാപുരോഹിതൻ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അത് അവൻ തനിക്കുവേണ്ടിയും ജനത്തിന്റെ മന:പൂർവ്വമല്ലാത്ത തെറ്റുകൾക്കുവേണ്ടിയും അർപ്പിക്കും

എന്നാൽ ആണ്ടിൽ ഒരിക്കൽ മഹാപുരോഹിതനു മാത്രം തനിക്കുവേണ്ടിയും ജനത്തിന്റെ മന:പൂർവ്വമല്ലാത്ത തെറ്റുകൾക്കു വേണ്ടിയും ഉള്ള പരിഹാരത്തിനായി അതിവിശുദ്ധ സ്ഥലത്തു കടക്കുവാൻ അനുവാദം ഉണ്ടായിരുന്നു.

ലേവ്യ പുരോഹിതർക്ക്  ശുശ്രൂഷെക്കായി പുറത്തെ കൂടാരത്തിൽ  വരെ കടക്കുവാൻ കഴിയും എങ്കിലും , മഹാപുരോഹിതന് മാത്രമേ അതി വിശുദ്ധ സ്ഥലത്തേക്കുള്ള   പ്രവേശനത്തിനു  പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. അതും, ഊനമില്ലാത്ത   ഒരു കുഞ്ഞാടിൻ്റെ രക്തം കൊണ്ട് വർഷത്തിലൊരിക്കൽ മാത്രമേ മഹാ പുരോഹിതനും അത് സാധ്യമായിരുന്നുള്ളൂ.

വാക്യം 8 പുറം കൂടാരം നിലനില്‍ക്കുന്നിടത്തോളം കാലം അതിവിശുദ്ധ സ്ഥലത്തേക്കുള്ള പാത ഇനിയും തുറക്കപ്പെട്ടിട്ടില്ല എന്ന് പരിശുദ്ധാത്മാവ് ഈ സംവിധാനത്താൽ തന്നെ സൂചിപ്പിക്കുന്നു

ദൈവം ഈ വ്യവസ്ഥിയിൽ  കൂടി തൻ്റെ ജനത്തോടു അറിയിക്കുവാൻ ആഗ്രഹിക്കുന്ന വിഷയം ലേഖകൻ വ്യക്തമാക്കുന്നു.  വിശുദ്ധ സ്ഥലത്തെയും, അതി വിശുദ്ധ സ്ഥലത്തെയും വിഭജിച്ചു തിരശീല  നിലനില്‍ക്കുന്നിടത്തോളം കാലം ,പഴയ ഉടമ്പടിയുടെ വ്യവസ്ഥിതിയും, ഭൗതിക  ദേവാലയവും നിലനിക്കുന്നിടത്തോളം  അതിവിശുദ്ധ സ്ഥലത്തേ ക്കുള്ള ദൈവസന്നിധിയിലേക്കുള്ള പ്രവേശനം സാധിക്കുകയില്ല, തുറക്കപ്പെട്ടിട്ടില്ല. നിലനിൽക്കുന്ന  തിരശീലയിൽ കൂടി പരിശുദ്ധാത്മാവ്  തെളിയിക്കുന്ന വിഷയം ഇതാണ്.

വാക്യം 9 ഇത് ഈ കാലഘട്ടത്തിൻ്റെ പ്രതീകമാണ്. ദൈവത്തിന് അർപ്പിക്കുന്ന വഴിപാടുകളും ബലികളും ആരാധകരുടെ മനസ്സാക്ഷിയെ കുറ്റമറ്റതാക്കിത്തീർക്കുവാന്‍ പര്യാപ്തമല്ല എന്നത്രേ ഇതിൻ്റെ അർഥം.

പഴയ ഉടമ്പടിയും ലേവ്യ പൌരോഹിത്യവും  നില നില്‍ക്കുന്ന ഒരു കാലഘട്ടത്തിൻ്റെ പ്രതീകമാണ് ഭൌതിക മന്ദിരവും വിശുദ്ധ സ്ഥലത്തെയും, അതി വിശുദ്ധ സ്ഥലത്തെയും  വിഭജിച്ചു നിന്നിരുന്ന  തിരശീലയും. 

പഴയ ഉടമ്പടിയുടെ കാലഘട്ടത്തിൽ ആർക്കും ദൈവസന്നിധിപ്രവേശിക്കാൻ കഴിയാത്തതുകൊണ്ട്; പൂർണ്ണസമാധാനത്തിൽ  ദൈവത്തെ ആരാധിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. കാരണം പഴയ  വഴിപാടുകളും ബലികളും പാപത്തെ  നീക്കിക്കളയുവാൻ  പര്യാപ്തമായിരുന്നില്ല. മനുഷ്യന്  ദൈവത്തെ ആത്മാവിൽ ആരാധിക്കുവാൻ കഴിയാതെ ഇരുന്ന ഒരു കാലഘട്ടത്തിന്റെ ചിത്രവുമായിരുന്നു അത്

വാക്യം 10 ഭക്ഷണപാനീയങ്ങൾ, വിവിധ ശുദ്ധീകരണ പ്രക്രിയകൾ മുതലായവയോടു മാത്രമേ അവയ്‍ക്കു ബന്ധമുള്ളൂ. ദൈവം പുതിയതായ  വ്യവസ്ഥിതി ഏർപ്പെടുത്തുന്നതുവരെ, അനുഷ്ഠിക്കേണ്ട ബാഹ്യാചാരങ്ങൾ മാത്രമാണവ

മനുഷ്യൻ്റെ പാപ ഹൃദയത്തെ മാറ്റാൻ കഴിയാത്തതിനാൽ,ബാഹ്യമായ നിയമങ്ങളും ചട്ടങ്ങളും ആചാരങ്ങളും  മാത്രമായിരുന്നു അത്. അതിനാൽ പുറമെയുള്ള ശുദ്ധീകരണം മാത്രമേ  സാധിക്കുമായിരുന്നുള്ളു.  അതുകൊണ്ടാണ് മനുഷ്യൻ്റെ പാപ ഹൃദയത്തെ മാറ്റാൻ കഴിയുന്ന പുതിയ ഉടമ്പടി  ആവശ്യമായിരുന്നത്.ആ പുതിയ ഉടമ്പടി സ്ഥാപിക്കപ്പെടുന്ന വരെയേ ന്യായപ്രമാണത്തിനും  ആചാര നിയമങ്ങൾക്കും  പ്രസക്തി ഉണ്ടായിരുന്നുള്ളു എന്ന് ലേഖകൻ വ്യക്തമാക്കുന്നു. 

വാക്യം 11 എന്നാൽ  വരാനിരിക്കുന്ന നന്മകളുടെ മഹാപുരോഹിതനായി ക്രിസ്തു വന്നിരിക്കുന്നു. അവിടുന്നു ശുശ്രൂഷ ചെയ്യുന്ന കൂടാരം കൂടുതൽ മഹത്തരവും അന്യൂനവുമാണ്. അതു മനുഷ്യനിർമിതമല്ല; അതായത് ഭൗമികമല്ല എന്നു സാരം.

നാം മുൻ അദ്ധ്യത്തിൽ കണ്ടത് പോലെ  പുതിയ ഉടമ്പടി പഴയതിലും മികച്ചതാണ്  , അതിനു കാരണം അത് പഴയ ഉടമ്പടിയിലെ  ഭൗതിക വാഗ്ദാനങ്ങളേക്കാൾ ശ്രേഷ്ഠമായ  വാഗ്ദാനങ്ങൾ ആണ്  പുതിയ ഉടമ്പടിയിൽ  പങ്കു ചേരുന്നവർക്കു  ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത്.ന്യായപ്രമാണം ഈ വരുവാനുള്ള നന്മകളുടെ നിഴൽ മാത്രമായിരുന്നു.വരുവാനുള്ള ഈ  അതിശ്രേഷ്‌ഠമായ നന്മകളുടെ   മഹാപുരോഹിതനാണു യേശുക്രിസ്തു എന്നും , തൻ്റെ  ശുശ്രൂഷ  ഭൗമിക മനുഷ്യ നിർമിത കൂടാരത്തിലല്ല, മറിച്ചു സ്വർഗത്തിലാണ് എന്നും  ലേഖനകർത്താവ് വിശദീകരിക്കുന്നു.

തിരശീലക്കകത്തെ ആത്മാവിലുള്ള സത്യാരാധന

വാക്യം 12  ക്രിസ്തു ആ  കൂടാരത്തിലൂടെ കടന്ന് ഒരിക്കൽ മാത്രമായി അതിവിശുദ്ധസ്ഥലത്തു പ്രവേശിച്ചു. കോലാടിൻ്റെ യോ കാളക്കിടാവിൻ്റെ യോ രക്തത്തോടു കൂടിയല്ല, പിന്നെയോ, സ്വന്തം രക്തത്തോടുകൂടിയത്രേ അവിടുന്ന് അവിടെ പ്രവേശിച്ചത്. അങ്ങനെ അവിടുന്ന് നമുക്ക് ശാശ്വതമായ വീണ്ടെടുപ്പ് നേടിത്തന്നു .

ഹെബ്രായ ലേഖനത്തിലെ അത്യഗാധമായ, അതിമഹത്തായ സത്യം ആണ് ഈ വാക്യങ്ങളിൽ ലേഖകൻ വിശദീകരിക്കുന്നുന്നത്. ക്രിസ്തു തൻ്റെ കളങ്കമില്ലാത്ത രക്തത്താൽ സ്വർഗ്ഗത്തിൽ അതിവിശുദ്ധ സ്ഥലത്തു കടന്നു മനുഷ്യവർഗ്ഗത്തിൻ്റെ  എന്നെന്നേക്കുമുള്ള  വീണ്ടെടുപ്പ് സാധിച്ചു.

ആദ്യ മനുഷ്യനായ ആദാമിൻ്റെ ലംഘനത്താൽ  മനുഷ്യവർഗ്ഗം ഒന്നാകെ  പിശാചിൻ്റെ   അടിമത്തത്തിൽ ആയിപ്പോയിരുന്നു ദൈവത്തെയും മനുഷ്യനെയും വേർപിരിച്ചു കൊണ്ട് മനുഷ്യൻ്റെ ഹൃദയത്തിൽ അന്ന്  *ഒരു തിരശീല* വീണു. അതായിരുന്നു മനുഷ്യൻ്റെ പാപഹൃദയം അഥവാ പാപസ്വഭാവം.  അന്ന് മനുഷ്യൻ ദൈവസാന്നിധ്യത്തിൽ നിന്നും പുറത്താക്കപ്പെട്ടു.അന്ന്  മുതൽ മനുഷ്യന് പിതാവായ ദൈവവുമായുള്ള  ആത്മാവിലെ കൂട്ടായ്മ അസാധ്യമായിരുന്നു. 

പാപത്താല്‍ വന്ന ഈ വേര്‍പാടിൻ്റെ പ്രതീകമായിരുന്നു  വിശുദ്ധ സ്ഥലത്തെയും, അതി വിശുദ്ധ സ്ഥലത്തെയും തമ്മിൽ വിഭജിച്ച *കട്ടിയുള്ള  തിരശീല*.

എന്നാൽ ക്രിസ്തു പാപരഹിതനായ ദൈവ കുഞ്ഞാടായി വരികയും,നമുക്ക് വേണ്ടി പാപപരിഹാര യാഗമാകേണ്ടതിന് പാപം ചെയ്യാതെ പരിശുധത്മാവിനാല്‍  തന്നെത്താന്‍ കളങ്കമില്ലാതവനായി  സൂക്ഷിക്കുകയും, തൻ്റെ ജീവിതാവസാനം തന്നത്താന്‍‍ കളങ്കമില്ലാത്ത യാഗമായി ക്രൂശിൽ നമുക്ക് വേണ്ടി അര്‍പ്പിക്കുകയും ചെയ്തു.

അങ്ങനെ ക്രിസ്തു തൻ്റെ *ദേഹം എന്ന തിരശീല* ചിന്തിക്കൊണ്ട് എന്നേക്കുമുള്ള പാപ പരിഹാരം സാധിച്ചു. ദൈവം അതിനെ ഉറപ്പിച്ചു കൊണ്ട്  ദേവാലയ തിരശീല  എന്നന്നേക്കുമായി ചിന്തിക്കൊണ്ട് ദൈവസന്നിധിയിലേക്കുള്ള, അതിവിശുദ്ധ സ്ഥലതെക്കുള്ള, കൃപാസനത്തിലേക്കുള്ള  വഴി വീണ്ടും തുറന്നു.

ക്രിസ്തു തൻ്റെ ദേഹം എന്ന തിരശീലയിലൂടെ ചിന്തിയതിലൂടെ  ദേവാലയ തിരശീല  നീക്കപ്പെട്ടു  എങ്കിലും, ഇനിയും നീക്കം ചെയ്യേണ്ട ഒരു *മൂന്നാമത്തെ തിരശീല*,  മൂടുപടം ഇപ്പോഴും ഉണ്ടെന്ന് ബൈബിൾ പറയുന്നു. അത് നമ്മുടെ *ഹൃദയത്തിൽ ഉള്ള തിരശ്ശീല എന്ന പാപഹൃദയം* ആണ് (2 കൊരി. 3:15).

ഒരുവൻ  മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്കു തിരിയുമ്പോൾ, ആ തിരശീലയും നീക്കം ചെയ്യപ്പെടും,  അങ്ങനെ നമുക്ക് കർത്താവുമായ ആത്മാവിൽ ഒന്നാകാനും അതിവിശുദ്ധ സ്ഥലക്കു പിതാവിനെ ആത്മാവിൽ ആരാധിക്കുവാനും കഴിയുന്നു.

2 കൊരി. 3: 17 എന്നാൽ, ഒരുവൻ കർത്താവിലേക്ക് തിരിയുമ്പോൾ തിരശീല  നീങ്ങിപ്പോകുന്നു. കർത്താവ് ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവുള്ളേടത്ത് സ്വാതന്ത്ര്യം ഉണ്ട്

വാക്യം 13,14  ആചാരപ്രകാരം ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും പശുഭസ്മവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്നതു നിമിത്തം അവർക്ക് ശാരീരികശുദ്ധി വരുത്തുന്നു എങ്കിൽ, നിത്യ ദൈവാത്മാവിനാൽ ദൈവത്തിന് തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിൻ്റെ രക്തം, നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവ അനുഷ്ഠാനങ്ങളിൽ നിന്നും മോചിപ്പിച്ച്, ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ എത്ര അധികമായി ശുദ്ധീകരിക്കും

പാപഹൃദയം നീക്കപ്പെടാത്തതിനാൽ  ആന്തരികമായ ശുദ്ധീകരണം  അസാധ്യമായിരുന്നു. അതിനാൽ പഴയ ഉടമ്പടിയിലെ കാളകളുടെയും കോലാടുകളുടെയും രക്തം  അശുദ്ധരെ ബാഹ്യമായി മാത്രം വിശുദ്ധീകരിച്ചു. എന്നാൽ , യേശുവിൻ്റെ രക്തം മനുഷ്യൻ്റെ ഹൃദയത്തിലെ പാപത്തെ നീക്കിക്കളയുന്നു. യേശുക്രിസ്തുവിൻ്റെ  രക്തം നമ്മുടെ  പാപത്തിൻ്റെയും മരണത്തിൻ്റെയും ന്യായവിധിയുടെയും നിത്യമായ വിടുതലിന് വേണ്ടി കൊടുത്ത വീണ്ടെടുപ്പ് വിലയായിരുന്നു .അതുകൊണ്ടാണ് ദൈവവചനം അതിനെ  വീണ്ടെടുപ്പിനായി നൽകിയ വിലയേറിയ രക്തമെന്ന് വിളിക്കുന്നത്. 

അത് നമ്മുടെ മനഃസാക്ഷിയെ ശുദ്ധീകരിക്കുന്നു, പാപത്തിൻ്റെ നിത്യമായ ഫലങ്ങൾ നമ്മിൽ നിന്നും എന്നെന്നേക്കും  നീക്കം ചെയ്യുന്നു , നാം ക്രിസ്തുവിൻ്റെ രക്തത്താല്‍ പൂർണ്ണമായും ശുദ്ധീകരിക്കപ്പെട്ടു, നമ്മുടെ പാപ ഹൃദയം മാറ്റപ്പെട്ടു,പുതിയ ഹൃദയം നൽകപ്പെട്ടു നമ്മുടെ മനഃസാക്ഷി,  നിർജ്ജീവ പ്രവൃത്തികളിൽ നിന്നും ശുദ്ധീകരിക്കപ്പെട്ടു. നാം പാപത്തിൻ്റെ അടിമത്വത്വത്തിൽ നിന്നും എന്നേക്കും സ്വതന്ത്രർ ആയിത്തീർന്നു.

അതിനാൽ പഴയ ഉടമ്പടിയുടെ കീഴിൽ ആർക്കും കടക്കുവാൻ കഴിയാതെ   ഇരുന്ന കൃപാസനത്തിലേക്കുള്ള ധൈര്യത്തോടെ പ്രവേശിക്കുവാനും ,  ശുദ്ധമായ മനഃസാക്ഷിയോടെ ദൈവത്തെ ആത്മാവിലും സത്യത്തിലും  ആരാധിക്കുവാനും ക്രിസ്തുവിൻ്റെ രക്തം നമ്മെ പ്രാപ്തർ ആക്കുന്നു.

യേശുക്രിസ്തു ശമര്യക്കാരിയായ  സ്ത്രീയോട്  ആണ് വരാൻ പോകുന്ന ആത്മാവിലുള്ള ഈ സത്യാരാധനയെ കുറിച്ച് ആദ്യമായി സംസാരിക്കുന്നതു. കുടിക്കുവാനുള്ള വെള്ളം ചോദിച്ചു കൊണ്ട്  ദാഹജലത്തിൽ നിന്നു ആരംഭിക്കുന്ന ആ   സംഭാഷണം   "ദാഹം തീർക്കുന്ന ജീവജല"ത്തിലൂടെ, ഉള്ളിൽ നിന്നും 'നിത്യജീവങ്കലേക്ക് പൊങ്ങിവരുന്ന നീരുറവയിലൂടെ" "ആത്മാവിലും സത്യത്തിലുമുള്ള ആരാധന"യിൽ സമാപിക്കുന്നു.

ദൈവം ആത്മാവാകുന്നു, ആത്മാവാകുന്ന ദൈവത്തെ ആരാധിക്കേണ്ടുന്ന ഇടം ഇനി മേലിൽ ആ മലയിലുമല്ല പഴയ ഉടമ്പടിയിൽ ആരാധന സ്ഥാപിച്ച  യെറുശലേമിലുമല്ല, പിന്നെയോ ദൈവത്തെ നമ്മുടെ ആത്മാവിൽ   ആരാധിക്കുന്ന നാഴിക വരുന്നു  എന്നാണു കർത്താവു പറഞ്ഞതു.

ഇന്നും പലർക്കും ആത്മാവിലുള്ള സത്യാരാധന എന്താണ് എന്നറിയില്ല. പലർക്കും സഭാഹോളിന് ഉള്ളിലെ   നൃത്തവും , ഹല്ലേലു യ്യായും, അന്യഭാഷയും മാത്രമാണ് ആത്മാവിലുള്ള സത്യാരാധന. ആത്മാവ് എന്ന് കേൾക്കുമ്പോൾ തന്നെ അന്യഭാഷ എന്ന് ചിന്തിക്കുന്നവരും ഉണ്ട്.

എന്നാൽ  പഴയ നിയമ ആരാധനയിലും ഭൗതികമായ മന്ദിരവും അവിടെ  നൃത്തവും, ആർപ്പുവിളിയും,  സ്തോത്രങ്ങളും , ഹല്ലേലുയ്യായും എല്ലാം ഉണ്ടായിരുന്നു.  അതെല്ലാം തിരശീലക്കു മുൻപിൽ ആയിരുന്നു എന്ന് മാത്രം. എന്നാൽ പാപം നീക്കപ്പെട്ട ഒരുവൻ്റെ  ആത്മാവിൽ നിന്നു ആരംഭിക്കുന്ന സ്ഥല കാല സമയ ബന്ധിതം അല്ലാതെയുള്ള  ആരാധനയാണു സത്യാരാധന! അവരാണു സത്യനമസ്ക്കാരികൾ.

*(ആത്മാവിലുള്ള സത്യാരാധന എന്ന വിഷയം വളരെ വിശദീകരിക്കേണ്ടതും ഈ പഠനത്തിൻ്റെ പരിധിയിൽ ഒതുങ്ങുന്നതും അല്ല. ഈ വിഷയം കൂടുതലായി മനസ്സിലാക്കുവാൻ ഈ ലിങ്കിലെ സന്ദേശം കേൾക്കുക  https://www.youtube.com/watch?v=GQchWN_G7Zo)*

രക്തം ചൊരിഞ്ഞു സ്ഥാപിക്കപ്പെട്ട രണ്ടു ഉടമ്പടികൾ 

വാക്യം 15 ആദ്യത്തെ ഉടമ്പടി പ്രാബല്യത്തിലിരുന്നപ്പോൾ തങ്ങൾ ചെയ്ത നിയമലംഘനങ്ങളിൽനിന്ന് ജനത്തെ വീണ്ടെടുക്കുന്നതിന് ക്രിസ്തു മരിച്ചു. അങ്ങനെ ദൈവം വിളിച്ചിട്ടുള്ളവർക്കു വാഗ്ദാനം ചെയ്തിട്ടുള്ള അനശ്വരമായ അവകാശങ്ങൾ പ്രാപിക്കേണ്ടതിന്, ക്രിസ്തു ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായിത്തീർന്നു.

ആദ്യ ഉടമ്പടിയുടെ കാലത്ത് നിയമ ലംഘനങ്ങള്‍ കാരണം മനുഷ്യനും ദൈവവും തമ്മില്‍ ശത്രുക്കൾ ആയിരുന്നു എന്ന് ദൈവവചനം പറയുന്നു. രണ്ട് കക്ഷികൾക്കിടയിൽ ശത്രുതയും, തര്‍ക്കവുമുണ്ടാകുമ്പോൾ അവരെ തമ്മിൽ നിരപ്പിക്കുവാൻ  ആണ് മധ്യസ്ഥൻ  വേണ്ടിവരുന്നത്.

യേശുക്രിസ്തു മനുഷ്യന്‍റെ പാപപരിഹാരമായി ക്രൂശിൽ മരിച്ചതിൽ കൂടി ദൈവം, തന്നോട് ശത്രുക്കൾ ആയ മനുഷ്യനെ തന്നോട് നിരപ്പിക്കുവാൻ ഉള്ള പുതിയ ഉടമ്പടി സ്ഥാപിച്ചു.ക്രൂശിൽ ക്രിസ്തുവിന്‍റെ മരണം;  രണ്ടായിരം വർഷം മുൻപ് ഈ പുതിയ ഉടമ്പടിയിലൂടെയുള്ള നിരപ്പ്  മനുഷ്യവർഗത്തിന് ലഭ്യമാക്കി.അതിനെപ്പറ്റി ദൈവവചനം ഇപ്രകാരം പറയുന്നു.

2 കൊരിന്ത്യർ 5:18 അവന്‍ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്‍റെ ശുശ്രൂഷ ഞങ്ങള്‍ക്കു തന്നിരിക്കുന്നു. ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവില്‍ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്‍റെ വചനം ഞങ്ങളുടെ പക്കല്‍ ഭരമേല്പിച്ചുമിരിക്കുന്നു.

റോമർ  5:10 ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവൻ്റെ പുത്രൻ്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവൻ്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.

തൻ്റെ മരണത്തിലൂടെ ക്രിസ്തു മനുഷ്യനെ ദൈവത്തോട് നിരപ്പിക്കുവാൻ ഒരു പുതിയ ഉടമ്പടി സ്ഥാപിച്ചു.ഈ ഉടമ്പടിയിലെ  അതിമഹത്തായ വാഗ്ദാനങ്ങൾക്കു  വിശ്വാസത്താൽ അതിൽ  പ്രവേശിക്കുന്നവർ അവകാശികളും ആയിത്തീരുന്നു. അതു കൊണ്ടാണ് ക്രിസ്തു പുതിയ ഉടമ്പടിയുടെ  മദ്ധ്യസ്ഥനായ  മഹാപുരോഹിതനായിത്തീർന്നതു.

വാക്യം 16 മരണപത്രത്തിൻ്റെ കാര്യത്തിൽ, അത് എഴുതിയ ആൾ മരിച്ചു എന്നു സ്ഥാപിക്കേണ്ടത് ആവശ്യമാണല്ലോ. 17മരണപത്രം എഴുതിയ ആൾ ജീവിച്ചിരിക്കുമ്പോൾ അതിനു സാധുതയൊന്നുമില്ല; അയാളുടെ മരണശേഷം മാത്രമേ അതു പ്രാബല്യത്തിൽ വരികയുള്ളൂ.

പുതിയ ഉടമ്പടി നിയമാനുസൃതമായി സ്ഥാപിതമാവണെങ്കിൽ, അത് ഉണ്ടാക്കിയ ആളുടെ  മരണത്താൽ മാത്രമേ അതിന് സാധിക്കുകയുള്ളൂ എന്ന് എഴുത്തുകാരൻ വീണ്ടും  സ്ഥിരീകരിക്കുന്നു. ഇവിടെ  വീണ്ടും തെളിയിക്കുന്ന സത്യം, യേശു തൻ്റെ  ജീവൻ അർപ്പിച്ചതിനു ശേഷം മാത്രമേ പുതിയ ഉടമ്പടി സ്ഥാപിക്കപ്പെടുകയുള്ളൂ എന്നതാണ്, അതിനു ശേഷമാണ്   അവൻ പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനും മഹാപുരോഹിതനുമായി  ശുശ്രൂഷ ആരംഭിക്കുന്നത്.

വാക്യം 18,19,20 രക്തം അർപ്പിക്കാതെയല്ലല്ലോ ആദ്യത്തെ ഉടമ്പടിതന്നെയും ഉറപ്പിക്കപ്പെട്ടത്. നിയമസംഹിതയിൽ ആവിഷ്കരിക്കപ്പെട്ട കല്പനകൾ മോശ ജനത്തോട് ആദ്യം പ്രഖ്യാപനം ചെയ്തു. അതിനുശേഷം കാളക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തമെടുത്തു വെള്ളത്തിൽ കലർത്തി, ഈസ്സോപ്പുചില്ലയും ചെമന്ന ആട്ടുരോമവുപയോഗിച്ചു നിയമപുസ്തകത്തിന്മേലും ജനത്തിന്മേലും തളിച്ചു. ‘ഇത് ദൈവം നിങ്ങൾക്കു നല്‌കിയ ഉടമ്പടിയുടെ രക്തം’ എന്നു പ്രസ്താവിച്ചുകൊണ്ടാണ് ഇപ്രകാരം ചെയ്തത്

ഇതേ പ്രകാരം തന്നെ രക്തം ചൊരിഞ്ഞു കൊണ്ട്, അഥവാ മരണം ഉറപ്പാക്കിക്കൊണ്ടാണ് പശുക്കിടാക്കളുടെയും കോലാടുകളുടെയും രക്തത്താൽ പഴയ ഉടമ്പടി സ്ഥാപിക്കപ്പെട്ടത്. അതിനാലാണ് അതിനെയും  ഉടമ്പടിയുടെ രക്തം എന്ന് മോശ പ്രസ്താവിച്ചത്. അപ്രകാരം തന്നെ  ക്രൂശിൽ ചൊരിഞ്ഞ രക്തം വഴി, പരിശുദ്ധനായ  കുഞ്ഞാടിൻ്റെ രക്തത്താൽ ആണ് പുതിയ ഉടമ്പടി  സ്ഥാപിതമായത്. ഒരു ഉടമ്പടി നിയമാനുസൃതമായ ഉടമ്പടിയായി മാറുന്നത് രക്തത്താല്‍ മാത്രമാണു.

അതിനാൽ പുതിയ ഉടമ്പടി ഒരു നിയമാനുസൃതമായ  ഉടമ്പടിയായത് ക്രിസ്തുവിൻ്റെ മരണത്തോടെയാണ്, യേശുക്രിസ്തുവിൻ്റെ മരണത്തിനു മുമ്പൊരിക്കലും അത് പ്രാബല്യത്തില്‍ വരികയില്ല.അവൻ്റെ   രക്തം ആ ഉടമ്പടിയെ  ഉറപ്പിച്ചു.

ലൂക്കോസ്  22:20 അത്താഴത്തിനു ശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എൻ്റെ രക്തത്തിലെ പുതിയ ഉടമ്പടി ആകുന്നു.

പഴയതും പുതിയതുമായ രണ്ടു  ഉടമ്പടികൾക്കും ഇതു തന്നെയാണ് മാതൃക. മരണശേഷം,എല്ലായ്പ്പോഴും രക്തം കൊണ്ടാണ് ഉടമ്പടി  പ്രാബല്യത്തിൽ വരുന്നത്. യേശു മുഖാന്തരം സ്ഥാപിക്കപ്പെട്ട ഉടമ്പടിയെക്കുറിച്ചുള്ള അത്ഭുതകരമായ  സത്യമാണിത്. അവൻ്റെ മരണം പുതിയ  ഉടമ്പടി പ്രാബല്യത്തിൽ കൊണ്ട് വരികയും അത് നിയമപരമായി എന്നന്നേക്കുമായി ഉറപ്പിക്കുകയും  ചെയ്തു. വിശ്വാസത്താൽ ഉടമ്പടിയിൽ പ്രവേശിച്ചിരിക്കുന്ന എല്ലാവരും ആ കരാറിലുള്ള സകല വാഗ്ദത്തങ്ങൾക്കും, അതിശ്രേഷ്ഠമായ  നന്മകൾക്കും  നിയമാനുസൃതമായി അവകാശികള്‍ ആണ്. അത് അവര്‍ക്ക് വിശ്വാസത്താല്‍  സ്വീകരിക്കുവാൻ   കഴിയും.

ഗലാത്യർ 4: 6 നിങ്ങൾ മക്കൾ ആകകൊണ്ട് അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രൻ്റെ  ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു. അതുകൊണ്ട് നീ ഇനി അടിമയല്ല പുത്രനത്രെ: നീ പുത്രനെങ്കിലോ ദൈവത്താൽ അവകാശിയും ആകുന്നു

വാക്യം 21,22 അങ്ങനെതന്നെ അവൻ കൂടാരത്തിന്മേലും ആരാധനയ്ക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു. ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു: രക്തം ചൊരിഞ്ഞിട്ടല്ലാതെ പാപവിമോചനമില്ല.

പാപ മോചനത്തിനായുള്ള എല്ലാക്കാലത്തേയും ദൈവീക പദ്ധതി രക്തം ചൊരിഞ്ഞ് കൊണ്ട് തന്നയായിരുന്നു. അതിനു കാരണം രക്തത്തിൽ ജീവനുണ്ട് എന്നതാണ് .ആദ്യ മനുഷ്യനായ ആദം പാപം ചെയ്തപ്പോൾ അവനിൽ നിന്ന് ദൈവീക ജീവൻ നഷ്ടപ്പെട്ടു, അന്ന് മുതൽ പാപ മോചനത്തിന്  പ്രായശ്ചിത്തമായി രക്തം അഥവാ ജീവൻ നൽക്കപ്പെടേണം എന്നതാണ് ദൈവീക വ്യവസ്ഥ.

ലേവ്യാപുസ്തകം 17: 11 ശരീരത്തിൻ്റെ ജീവന്‍ രക്തത്തിലാകുന്നു. അതുകൊണ്ട് യാഗപീഠത്തിൽ അർപ്പിച്ചു നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാന്‍ ഞാന്‍ അതു നല്‌കിയിരിക്കുന്നു. ജീവന്‍ അടങ്ങിയ രക്തമാണ് പാപപരിഹാരം വരുത്തുന്നത്.

വാക്യം 23 ആകയാൽ സ്വർഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈവകയാൽ ശുദ്ധമാക്കുന്നത് ആവശ്യം എങ്കിൽ, സ്വർഗ്ഗീയമായവയ്ക്കോ ഇവയേക്കാൾ നല്ല യാഗങ്ങൾ ആവശ്യം.

എന്നാൽ പഴയ നിയമ വിശുദ്ധ മന്ദിരം യഥാർത്ഥ സ്വർഗീയമായ ദൈവസാന്നിധ്യത്തിൻ്റെ പ്രതീകവും, പഴയ നിയമ യാഗങ്ങൾ  യേശുക്രിസ്തു എന്ന ദൈവകുഞ്ഞാടിൻ്റെ   പരിപൂർണ്ണ  യാഗത്തിൻ്റെ നിഴലും മാത്രമായിരുന്നു. പ്രതീകമായ വിശുദ്ധമന്ദിരത്തിലേ ക്കുള്ള പ്രവേശനം നിഴലായ ഊനമില്ലാത്ത ആട്ടുകൊറ്റന്മാരുടെ രക്തത്താൽ സാധ്യമായി എങ്കിൽ യഥാർത്ഥമായ ദൈവസന്നിധിയി ലേക്കുള്ള പ്രവേശനം ക്രിസ്തുവിൻ്റെ പരിപൂർണ്ണ യാഗത്താൽ. ക്രിസ്തുവിൻ്റെ നിഷ്കളങ്കമായ രക്തത്താൽ മാത്രമേ സാധ്യമാകയുള്ളൂ.

നിത്യകൂടാരത്തിലെ  നിത്യപുത്രൻ്റെ  നിത്യാത്മാവിനാലുള്ള  നിത്യയാഗം

വാക്യം 24 ക്രിസ്തു വാസ്തവമായതിൻ്റെ പ്രതിബിംബമായി മനുഷ്യനിർമ്മിതമായ ഒരു വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാകുവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചത്. 

നിഴലായ പഴയ നിയമ യാഗങ്ങളുടെ പൂർത്തീകരണമായി, യേശുക്രിസ്തു തന്നെത്താൻ നിഷ്ക്കളങ്ക യാഗമായി അർപ്പിച്ചു. യാഥാർത്ഥത്തിലുള്ളതിൻ്റെ പ്രതിബിംബമായ മനുഷ്യനിർമ്മിതമായ ഭൗതിക വിശുദ്ധ മന്ദിരത്തിലേക്കല്ല, പകരം  യാഥാർഥ്യമായ വിശുദ്ധ മന്ദിരത്തിലേക്ക്,ദൈവസന്നിധിയിലേക്കു, സ്വർഗത്തിലേക്ക്,തൻ്റെ വിശുദ്ധ രക്തവുമായി പ്രവേശിച്ചു എന്നേക്കുമുള്ള പാപമോചനം സാധിച്ചു.

ഇന്ന് ക്രിസ്തു ദൈവത്തിൻ്റെ  വലതു ഭാഗത്തു നമുക്ക് വേണ്ടി മധ്യസ്ഥനായി, മഹാപുരോഹിതനായി ഇരിക്കുന്നു. അതിനാൽ ക്രിസ്തുവിൻ്റെ  രക്തത്താൽ നമുക്ക് ധൈര്യത്തോടെ ദൈവസന്നിധിയിൽ പ്രവേശിക്കാം.ദൈവത്തെ ആത്മാവിൽ , നിർമ്മല മനസ്സാക്ഷിയിൽ ആരാധിക്കാം.

വാക്യം 25 26 മഹാപുരോഹിതൻ ആണ്ടുതോറും തൻ്റെതല്ലാത്ത രക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെ, ക്രിസ്തു തന്നെത്താൻ വീണ്ടും വീണ്ടും അർപ്പിക്കേണ്ടിയ ആവശ്യമില്ല. അങ്ങനെയായാൽ ലോകസ്ഥാപനം മുതൽ അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ കാലസമ്പൂർണതയിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ മാത്രം പ്രത്യക്ഷനായി.

ഇവിടെ വീണ്ടും ലേഖകൻ പഴയ ഉടമ്പടിയിലെ യാഗങ്ങളുടെ ന്യൂനതയും, ക്രിസ്തുവിൻ്റെ സമ്പൂർണ്ണ യാഗത്തിൻ്റെ പൂർണ്ണതയും വിശദീകരിക്കുന്നു. ക്രിസ്തുവിൻ്റെ രക്തം സ്വർഗീയമായ വിശുദ്ധ മന്ദിരത്തിൽ അർപ്പിക്കപ്പെട്ടതിനാൽ തൻ്റെ യാഗം സമയ, സ്ഥല,കാല പരിമിതികൾക്കു അതീതമായ നിത്യയാഗമാണ്.

യേശുക്രിസ്തുവിൻ്റെ ക്രൂശീകരണം ചരിത്രപരവും ഭൗമികവുമായ ഒരു സംഭവം മാത്രമായിരുന്നില്ല , രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് പഴയ ജറുസലേമിൻ്റെ പടിവാതിലിനു വെളിയിൽ ക്രിസ്തു ക്രൂശിൽ മരിക്കുമ്പോൾ . ദൈവത്തിൻ്റെ നിത്യ, സ്വർഗ്ഗീയ കൂടാരത്തിൽ ഒരു വിശുദ്ധ യാഗമായി കർത്താവ് തന്നെത്താൻ നിത്യമായി അർപ്പിക്കുകയായിരുന്നു.

അതിനാൽ, ക്രൂശിലെ ക്രിസ്തുവിൻ്റെ മരണം എല്ലാ ഭൗതിക സമയത്തെയും സ്ഥലത്തെയും കാലത്തെയും മറികടക്കുന്നതാണ് , കൂടാതെ അത്  ആത്മീയശക്തിയുള്ള ഒരു സ്വർഗ്ഗീയ പ്രവർത്തനമാണ്, അത് നിത്യതയിലുടനീളം തുടർച്ചയായി പ്രതിബിംബിക്കുന്നു.  ഈ  അധ്യായത്തിൽ ലേഖകൻ  ക്രിസ്തുവിൻ്റെ മരണത്തിൻ്റെ ഈ സ്വർഗ്ഗീയവും ശാശ്വതവുമായ വശം വ്യക്തമായി വെളിപ്പെടുത്തുന്നു. 

ക്രിസ്തുവിൻ്റെ  യാഗം നിത്യമായതിനാൽ  പഴയ നിയമ പുരോഹിതനെപ്പോലെ ആണ്ടുതോറും ക്രിസ്തു യാഗമായി അർപ്പിക്കേണ്ടതില്ല , പകരം ലോകസ്ഥാപനം മുതൽ ലോകാവസാനം വരെയുള്ള എല്ലാവരുടെയും  എല്ലാക്കാലത്തേയും പാപങ്ങൾക്ക് പരിഹാരം വരുത്തുവാൻ ആണ് ക്രിസ്തു  കാലസമ്പൂർണതയിൽ തൻ്റെ ശരീരം ഒരിക്കലായും  എന്നെന്നേക്കുമായുമുള്ള  യാഗമായി ക്രൂശിൽ  അർപ്പിക്കുകയും,തൻ്റെ  വിശുദ്ധ രക്തം സ്വർഗീയമായ  വിശുദ്ധ മന്ദിരത്തിൽ ചൊരിയുകയും  ചെയ്തത്

യേശുക്രിസ്തു ദൈവത്തിൻ്റെ  നിത്യ കുഞ്ഞാടായതിനാലും, തൻ്റെ  രക്തം പാപത്താൽ കളങ്കപ്പെടാത്തതു  ആയതിനാലുമാണ് ഇത് സാധ്യമായത്. ദൈവത്തിൻ്റെ പാപമില്ലാത്ത നിത്യ കുഞ്ഞാട്‌, നിത്യാത്മാവിനാൽ , തന്നെത്താൻ നിത്യയാഗമായി സമർപ്പിച്ചു,മനുഷ്യന് നിത്യമായ വിടുതലും നിത്യജീവനും ലഭ്യമാക്കി. എത്ര മഹത്വകരമായ വീണ്ടെടുപ്പു!!!

വാക്യം 28 അങ്ങനെ അസംഖ്യം മനുഷ്യരുടെ പാപങ്ങൾ നീക്കിക്കളയുന്നതിനു ക്രിസ്തുവും ഒരിക്കൽ തന്നെത്തന്നെ യാഗമായി അർപ്പിച്ചു. ഇനി പാപപരിഹാരാർഥമല്ല, തന്നെ കാത്തിരിക്കുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ് ക്രിസ്തു വീണ്ടും പ്രത്യക്ഷനാകുന്നത്.

യേശുക്രിസ്തുവിൻ്റെ  നിത്യ യാഗത്തെയും, നിത്യ പൗരോഹിത്വത്തെയും, ഉടമ്പടിയെയും  വിവരിച്ച ശേഷം  ഇവിടെ  എഴുത്തുകാരൻ  ഈ ഉടമ്പടിയിൽ പ്രവേശിച്ചവർക്കു വേണ്ടിയുള്ള  കർത്താവിൻ്റെ പരസ്യമായ രണ്ടാം വരവിനെക്കുറിച്ചു, അഥവാ പ്രത്യക്ഷതയെ ക്കുറിച്ചു  വെളിപ്പെടുത്തുന്നു.

കർത്താവ് ഇനി വരാൻ പോകുന്നത്  നിത്യരാജാവ് എന്ന  നിലയിലാണ്. ദൈവത്തിൻ്റെ നിത്യനായ  കുഞ്ഞാടാണ് യേശുക്രിസ്തു , യേശു ഒരിക്കൽ പാപങ്ങള്‍ വഹിക്കുവാന്‍  ദൈവ കുഞ്ഞാടായി ഈ ഭൂമിയില്‍ വന്നു.അവൻ തൻ്റെ രക്തത്താൽ പുതിയ ഉടമ്പടി സ്ഥാപിച്ചു. അവൻ ഇന്ന് ദൈവത്തിൻ്റെ വലത്തുഭാഗത്തിരുന്നു, പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനും നിത്യ മഹാപുരോഹിതനുമായി ശുശ്രൂഷ ചെയ്യുന്നു. അവൻ ഒരുനാൾ വന്ന് തൻ്റെ രാജ്യം സ്ഥാപിക്കുകയും നിത്യ രാജാവായി ഭരിക്കും. പുതിയ ഉടമ്പടിയിലേക്കു പ്രവേശിച്ചിരിക്കുന്നവർ അവനെ കർത്താവും രക്ഷിതാവും ആയി സ്വീകരിച്ചവര്‍ അവനോടു കൂടെ  എന്നേക്കും വാഴും.

ഈ പഠനത്തിൻ്റെ മുൻ അധ്യായങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ് 

http://www.cakchurch.com/article-details.php?id=181