Articles

ഹെബ്രായ ലേഖന പഠനം അദ്ധ്യായം 6 - മുന്നറിയിപ്പുകളും പ്രോത്സാഹനങ്ങളും

Date Added : 13-09-2022

 ഹെബ്രായ ലേഖന പഠനം അദ്ധ്യായം 6

പിന്മാറ്റത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളും, പരിജ്ഞാനപൂർത്തിയിലേക്ക് മുന്നേറാനുള്ള  പ്രോത്സാഹനങ്ങളും 

ജിനു നൈനാൻ 

1അതുകൊണ്ടു നിർജ്ജീവപ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവെപ്പു, മരിച്ചവരുടെ പുനരുത്ഥാനം, 2നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക. 3ദൈവം അനുവദിക്കുന്ന പക്ഷം നാം അതു ചെയ്യും

ലേഖകൻ ഈ അധ്യായം മുതൽ,  യേശുക്രിസ്തുവിന്‍റെ മഹാപുരോഹിത ശുശ്രൂഷയെ പറ്റി; ആദ്യപാഠങ്ങങ്ങളില്‍ നിന്നും പരിജ്ഞാന പൂര്‍ത്തിയിലേക്ക്   കടക്കുന്ന വിഷയങ്ങള്‍ കൂടുതലായി  വിവരിക്കുന്നു.

ദൈവവചനത്തിലെ പ്രാഥമികപാഠങ്ങൾ പിന്നിട്ട് പക്വതയിലേക്കു മുന്നേറുവാൻ വായനക്കാരെ ലേഖകൻ ആഹ്വാനം ചെയ്യുന്നു. മാനസാന്തരം, ദൈവത്തിലുള്ള വിശ്വാസം, സ്നാപനങ്ങളെ കുറിച്ചുള്ള ഉപദേശം, കൈവയ്പ്, മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിവയാണ് പ്രാഥമിക പാഠങ്ങൾ. അത് അടിസ്ഥാന ഉപദേശങ്ങൾ ആണ് എങ്കിലും, അടിസ്ഥാനത്തിൽ തന്നെ നിൽക്കാതെ ക്രിസ്തുവിനെക്കുറിച്ചുള്ള പൂർണ്ണ പരിജ്ഞാനം നേടണം എന്നതാണ് ദൈവത്തിന്‍റെ ആഗ്രഹം. അടിസ്ഥാന ഉപദേശങ്ങളായ പാൽ മാത്രം കുടിക്കാൻ കഴിവുള്ള വിശ്വാസികൾ ശിശുക്കൾ അഥവാ ജഡീകർ ആണ് എന്ന് ദൈവവചനം പറയുന്നു.

ഖേദകരം എന്ന് പറയട്ടെ, ഇന്നുള്ള മിക്ക സുവിശേഷ വിഹിത സഭകളിലും ആദ്യപാഠങ്ങളുടെ ആവർത്തന പഠനം  ആണ് നടക്കുന്നത്. പല സഭകളും ശിശു പരിപാലന കേന്ദ്രങ്ങൾ മാത്രമാണ്. ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാന പൂർത്തിയിലേക്ക് വളരാത്തതിനാൽ അത്തരം സഭകളിൽ അസൂയയും പിണക്കവും ഭിന്നതയും തുടരുന്നു.ഇത്തരം പല സഭകളുടെയും നേതാക്കൾ പോലും ജഡീകരാണ്. അതിനാൽ ആണ് അവർ പോലും സ്ഥാനമാനങ്ങൾക്ക് വേണ്ടി പരസ്പരം മത്സരിക്കുന്നത്.

എന്നാൽ ഒരു വിശ്വാസി ഈ ആദ്യപാഠങ്ങളിൽ തന്നെ നിൽക്കാതെ ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കണം, അങ്ങനെ ചെയ്തില്ല എങ്കിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെ കുറിച്ച് ലേഖകൻ തുടർന്ന് മുന്നറിയിപ്പ് നൽകുന്നു.  

3-6 ഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വർഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും 5ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ 6തങ്ങൾക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല.

വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വേദഭാഗമാണ് ഇത്. പല തരത്തിലുള്ള വ്യാഖ്യാനങ്ങൾ ഈ വേദഭാഗത്തെകുറിച്ചുമുണ്ട്.  രക്ഷയുടെ ഭദ്രത എന്ന വിഷയത്തിൽ തങ്ങളുടെ   ആശയത്തിന് ഈ വേദഭാഗം യോജിക്കാതെ വരുമ്പോൾ ദൈവശാത്രജ്ഞർ  ഉണ്ടാക്കിയെടുക്കുന്ന വ്യാഖ്യാനങ്ങൾ ആണ് പലതും. അതിൽ ചിലതു പരിശോധിക്കാം.

ഈ ഭാഗത്തെക്കുറിച്ചുള്ള പ്രധാനമായ  ഒരു  വ്യാഖ്യാനം ഇവിടെ പരാമർശിക്കുന്ന  വ്യക്തികൾ രക്ഷിക്കപെട്ടവർ അല്ല എന്നതാണ്. എന്നാൽ  ദൈവീക പ്രകാശനം ലഭിക്കുകയും,സ്വർഗ്ഗീയദാനം ആസ്വദിക്കയും, പരിശുദ്ധാത്മാവിനെ പ്രാപിക്കയും ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ എന്ന പ്രയോഗത്തിൽ നിന്നും, സംശയ ലേശമില്ലാതെ ഇത് പരിശുദ്ധാത്മാവിനെ പ്രാപിച്ച രക്ഷിക്കപ്പെട്ടവർ ആണ് എന്ന് മനസ്സിലാക്കുവാൻ കഴിയും.

വേറൊരു  വ്യാഖ്യാനം ഇത് രക്ഷിക്കപെട്ടവർ ആണ് എങ്കിലും രക്ഷയിൽ നിന്നും പിന്മാറുന്നതിനെ കുറിച്ചല്ല പകരം പരിജ്ഞാന പൂര്‍ത്തിയിൽ നിന്നും പിന്മാറുന്നതിനെ കുറിച്ചാണ് എന്നതാണ്. അതും ശരിയല്ല , കാരണം ലേഖനത്തിൻ്റെ ആദ്യ അധ്യായം മുതൽ തന്നെ ലേഖകൻ പിന്മാറ്റം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് രക്ഷയിൽ നിന്നും, വിശ്വാസത്തിൽ നിന്നുമുള്ള പിന്മാറ്റം തന്നെയാണ്. അത് നാശത്തിലേക്കാണ് എന്ന് തുടർച്ചയായ മുന്നറിയിപ്പുകൾ ലേഖകൻ കൊടുക്കുന്നു. 

ആമുഖത്തിൽ പറഞ്ഞത് പോലെ ലേഖകൻ ക്രിസ്തുവിനെ വിശ്വാസത്താൽ അവസാനത്തോളം പിന്തുടരുവാനുള്ള പ്രോത്സാഹനവും, അവിശ്വാസത്താൽ , ക്രിസ്തുവിനെ തള്ളിക്കളഞ്ഞു പിന്മാറ്റത്തിലേക്കു പോയാൽ ഉണ്ടാക്കുന്ന ഭവിഷ്വത്തുകളെക്കുറിച്ചുള്ള മുന്നറിയിപ്പുമാണ് ഈ ലേഖനത്തിൽ കൂടി കൊടുക്കുന്നത്.

അതിനാൽ ലേഖകൻ  ക്രിസ്തുവിനെ തള്ളിക്കളഞ്ഞു വിശ്വാസത്യാഗത്തിലേക്കു പോയാൽ ഉണ്ടാകുന്ന നിത്യശിക്ഷാവിധിയെക്കുറിച്ചു അനേക ഉദാഹരണങ്ങളിൽ കൂടി ഓർമ്മപ്പെടുത്തുന്നു. അത് തന്നെയാണ് ഇവിടെയും ആവർത്തിക്കുന്നത്. വാഗ്ദത്തം ലഭിച്ചിട്ടും അതിനെ തള്ളിക്കളഞ്ഞു പിന്മാറിപ്പോയ ഏശാവിൻ്റെ ഉദാഹരണവും  തുടർന്ന് ചൂണ്ടിക്കാണിക്കുന്നു.

ദൈവശാസ്ത്ര പഠനത്തിൽ ഒരു സാധാരണ വചന വിദ്യാർത്ഥിയെ സംബന്ധിച്ച് ഏറ്റവും കൂടുതൽ സംശയം ഉളവാക്കുന്ന വിഷയങ്ങളിൽ ഒന്നാണ് രക്ഷയുടെ ഭദ്രത എന്നുള്ള വിഷയം.

ഖേദകരം എന്ന് പറയട്ടെ ,  ഈ വിഷയം ആത്മാർത്ഥമായിട്ട് പഠിക്കുവാൻ ആഗ്രഹിക്കുന്ന പലരും  സാധാരണഗതിയിൽ എത്തിച്ചേരുന്നത് രക്ഷാ നഷ്ടവാദമോ / രക്ഷാ ഭദ്ര വാദത്തിൻ്റെയോ  അങ്ങേയറ്റത്താണ്. 

വേറൊരു തരത്തിൽ പറഞ്ഞാൽ പാപം ചെയ്യുമ്പോൾ ഉടൻ രക്ഷ നഷ്ടപ്പെടും എന്ന വിശ്വാസത്താൽ  രക്ഷയെ പറ്റി ഒരു ഉറപ്പും ഇല്ലാത്ത അരക്ഷിതാവസ്ഥയിലോ, എന്ത് ചെയ്താലും രക്ഷ ഒരിക്കലൂം നഷ്ടമാകില്ല എന്ന വിശ്വാസത്താൽ  ഒരു ദൈവഭയവും ഇല്ലാത്ത അവസ്ഥയിലോ ആണോ പലരും എത്തി നിൽക്കുന്നത്.

വചനത്തിൻ്റെ മൊത്തമായ അർത്ഥത്തെ ഗ്രഹിക്കാതെ പഠിക്കുന്നതാണ് ഇത്തരം വിപരീത ദിശകളിൽ പലരും  എത്തുവാനുള്ള  കാരണം. യഥാർത്ഥത്തിൽ നിഷ്പക്ഷമായി ഒരു ഈ വിഷയം പഠിച്ചാൽ  ഈ വിഷയത്തിൽ  സംതുലിതമായ വചന വെളിപ്പാട് മനസ്സിലാക്കുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല.

രക്ഷയെ കുറിച്ചുള്ള ദൈവവചന  പഠനത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്ന കാര്യങ്ങൾ ഇതാണ് . രക്ഷ എന്നത് ദൈവത്തിൻ്റെ ദാനമാണ് അത് ലഭിക്കുന്നത് ദൈവകൃപയാലും സ്വീകരിക്കുന്നത് വിശ്വാസത്താലുമാണ്.

ക്യപയാൽ ദാനമായി ലഭിച്ച; വിശ്വാസത്താൽ  സ്വീകരിച്ച  രക്ഷയെ  (എഫെസ്യർ 2:5) ഒരു രക്ഷിക്കപ്പെട്ട   വ്യക്തിയിൽ നിന്ന് ഏതെങ്കിലും ഒരു ബാഹ്യ ശക്തിക്കോ, ലോകത്തിനോ, പിശാചിനോ, പാപത്തിനോ,  നഷ്ടപ്പെടുത്തുവാൻ സാധിക്കില്ല (റോമർ 8:35, 38-39). 

അതു മാത്രമല്ല ദൈവം ഒരിക്കലും തൻ്റെ  ദാനങ്ങളെ തിരിച്ചെടുക്കുകയുമില്ല. (റോമർ 11:29). കാരണം , തൻ്റെ വാക്കോ, ദാനമോ, തിരിച്ചെടുക്കുവാൻ ദൈവം മനുഷ്യനല്ല. ഈ നിലയിൽ മനസ്സിലാക്കുമ്പോൾ ഒരുവിൻ്റെ രക്ഷ ദൈവകരങ്ങളിൽ തികച്ചും  ഭദ്രമാണ് എന്ന് മനസ്സിലാക്കുവാൻ കഴിയും. 

എന്നാൽ വചനം നൽകുന്ന രക്ഷയോടുള്ള ബന്ധത്തിൽ  ശക്തമായ മുന്നറിയിപ്പുകൾ നാം  മനസ്സിലാക്കിയാൽ ( ബാഹ്യശക്തികൾ അല്ലാതെ, അവൻ്റെ ഇച്ഛാശക്തി (Volition) യുമായി ബന്ധപ്പെട്ട രക്ഷയെ സംബന്ധിക്കുന്ന വചന വെളിപ്പാടിൻ്റെ മറ്റൊരു തലം നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

രക്ഷ എന്ന ദാനം വിശ്വാസത്താൽ  സ്വീകരിക്കുന്നതിൽ മനുഷ്യൻ്റെ ഇച്ഛാശക്തി (Volition) ഉള്ള പങ്ക് വചനം വളരെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. നിഷ്പക്ഷമായി വചനം പഠിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് മാനസാന്തരപ്പെടാതെ പാപത്തിൽ തുടരുന്ന വ്യക്തികളോടുള്ള വളരെ തീക്ഷ്ണമായ അനേക മുന്നറിയുപ്പുകൾ വചനത്തിൽ ഉടനീളം കാണാം.

അതിനാൽ തന്നെ രക്ഷിക്കപ്പെട്ട ഒരുവൻ പാപത്തിൽ തുടർന്നാൽ, അവൻ തിരികെ വരുവാൻ വചനത്തിലൂടെ, പരിശുദ്ധാത്മാവ് ശക്തമായ മുന്നറിയിപ്പുകളിലൂടെ ഇടപെടും, കർത്താവിൻ്റെ ബാല ശിക്ഷയിലൂടെ കടന്നു പോകേണ്ടി വരും, ദൈവത്തിൻ്റെ അദമ്യമായ കൃപയിൽ സമയങ്ങൾ നീട്ടി നൽകപ്പെടാം. ഈ ചെയ്യുന്നതിൻ്റെയെല്ലാം കാരണം ദൈവം ആ വ്യക്തിയുടെ ഇച്ഛാശക്തിയിൽ അനിയന്ത്രിതമായി, ഏകപക്ഷീയമായി  ഇടപെടുന്നില്ല എന്നതു തന്നെ.

എന്നാൽ ഇങ്ങനെയുള്ള  എല്ലാ ദൈവീക ഇടപെടുലുകളും, പരിശുദ്ധാത്മാവിൻ്റെ ചോദനയേയും തള്ളിക്കളയുന്ന വ്യക്തികളുടെ ഹ്യദയം കഠിനപ്പെട്ടു പോകുമെന്ന് വചനം ശക്തമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. " പാപത്തിൻ്റെ ചതിയാൽ കഠിനപ്പെട്ടവർ " (എബ്ര 3:13)   എന്നവരെപ്പറ്റി വചനം പറയുന്നു. അവർ  ഒടുവിൽ എത്തിച്ചേരുന്ന അവസ്ഥ "ജീവനുള്ള ദൈവത്തെ ത്യജിച്ചു കളയുന്ന (Depart/Reject) അവിശ്വാസമുള്ള ദുഷ്ട ഹ്യദയം (evil heart) എന്നാണ്.

ഒടുവിൽ എങ്ങനെ  രക്ഷ  എന്ന ദാനത്തെ വിശ്വാസത്താൽ  സ്വീകരിച്ചോ, അതുപോലെ പാപത്തിൻ്റെ ചതിയാൽ  ഹ്യദയം കഠിനപ്പെട്ട് സ്വയം അവസാനം തങ്ങൾക്ക് ലഭിച്ച ദാനം അവിശ്വാസത്താൽ  തള്ളിക്കളയുവാൻ സാധിക്കുന്ന അവസ്ഥയിൽ അവർ എത്തിച്ചേരുന്നു.

ഒരുവന്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുമ്പോള്‍ ദൈവം അവനെ തന്‍റെ പരിശുദ്ധാത്മാവ് കൊണ്ട് വീണ്ടെടുപ്പു നാളിലേക്ക് മുദ്രയിടുന്നു , എന്നാല്‍ ആ വീണ്ടെടുക്കപ്പെട്ട വ്യക്തി, പാപം ചെയ്യുമ്പോള്‍ ദൈവാത്മാവ് അവനെ വിട്ടു പോവുന്നില്ല , പകരം ദു:ഖിക്കുക ആണ് ചെയ്യുന്നത്.

എന്നാല്‍ അവന്‍ പാപത്തില്‍ മന:പ്പൂര്‍വ്വം ആയി തുടരുകയും, ഒരിക്കലുംമാനസാന്തരപ്പെടാതെ ഇരിക്കുകയും ചെയ്‌താൽ  അവൻ്റെ  ഹൃദയം കൂടുതൽ കൂടുതൽ കഠിനപ്പെടുകയും അങ്ങനെ അവനെ മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിയാതെ വരുകയും ഒടുവിൽ  അവിശ്വാസം മൂലം  ദൈവത്തെ ത്യജിക്കുവാനുള്ള സാധ്യത   ദൈവവചനം വ്യക്തമായി പഠിപ്പിക്കുന്നു.

ചുരുക്കത്തിൽ ഏതു പാപത്തിൽ നിന്നും  മാനസാന്തരപ്പെടുന്ന ഒരുവനെ ദൈവം ഒരിക്കലൂം തള്ളിക്കളയുകയില്ല , എന്നാൽ ഹൃദയം കഠിനപ്പെട്ടു മനസാന്തരപ്പെടുവാൻ കഴിയാതെ അവിശ്വാസത്താൽ ദൈവത്തെ തള്ളിക്കളയുന്ന അവസ്ഥയിൽ ഒരുവന് എത്തിച്ചേരാം എന്ന് ദൈവവചനം സുവ്യക്തമായി പഠിപ്പിക്കുന്നു. അതിനുള്ള മുന്നറിയിപ്പുകൾ തുടർച്ചയായി തരുന്നു. 

ഈ വിഷയം തന്നെയാണ് ഹെബ്രായ ലേഖകൻ ഇവിടെ മുന്നറിയിപ്പായി നൽകുന്നത്. 

7പലപ്പോഴും പെയ്ത മഴ കുടിച്ചിട്ടു ഭൂമി കൃഷി ചെയ്യുന്നവർക്കു ഹിതമായ സസ്യാദികളെ വിളയിക്കുന്നു എങ്കിൽ ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നു. മുള്ളും ഞെരിഞ്ഞിലും മുളെപ്പിച്ചാലോ അതു കൊള്ളരുതാത്തതും ശാപത്തിന്നു അടുത്തതും ആകുന്നു; ചുട്ടുകളക അത്രേ അതിന്റെ അവസാനം.

ദൈവം തൻ്റെ വചനമാകുന്ന മഴ കൊടുക്കുന്നതിൻ്റെ ഉദ്ദേശം, ഒരുവൻ്റെ  ഹൃദയത്തിൽ  വീണ തൻ്റെ വചനം എന്ന വിത്തിനെ മുളപ്പിക്കാനും വിളകൾ ഉണ്ടാകുവാനും ആണ്. എന്നാൽ ഇതിൽ  ദൈവത്തിൻ്റെ ഈ സൗജന്യ ദാനത്തോടുള്ള മനുഷ്യൻ്റെ പ്രതികരണം ഇവിടെ പ്രാധാന്യമുള്ളതാണ്.

മനുഷ്യൻ ദൈവത്തോട് മത്സരിച്ചു,  ദൈവവചനത്തോട്  പ്രതികൂലമായി പ്രതികരിക്കുമ്പോൾ അവൻ്റെ ഹൃദയം കഠിനമാകുകയും സസ്യാദികൾക്കു പകരം മുള്ളും ഞെരിഞ്ഞിലും മുളക്കുകയും ചെയ്യുന്നു. അതിനാൽ ആണ് ലേഖകൻ ഈ ലേഖനത്തിൽ തുടർച്ചയായി  “ഇന്ന് നിങ്ങൾ അവന്റെ ശബ്ദം ശ്രദ്ധിക്കുന്നുവെങ്കിൽ, ദൈവത്തോടുള്ള മത്സരത്തിൽ ഹൃദയങ്ങളെ യിസ്രയേല്യർ കഠിനമാക്കിയതുപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുത്" എന്നുള്ള മുന്നറിയിപ്പ് ആവർത്തിക്കുന്നത്. അങ്ങനെ തുടരുന്നവരുടെ അവസാനം ചുട്ടുകളയപ്പെടുക  എന്ന  നാശമാണ് എന്നും ലേഖകൻ സംശയലേശമില്ലാതെ വ്യക്തമാക്കുന്നു. 

9എന്നാൽ ഞങ്ങൾ ഇങ്ങനെ സംസാരിക്കുന്നു എങ്കിലും പ്രിയമുള്ളവരേ, ഉത്തമവും രക്ഷയുടെ ശ്രേഷ്ഠവുമായ അനുഭവങ്ങൾ നിങ്ങളിലുണ്ടെന്ന് വളരെ ഉറപ്പും ഞങ്ങൾക്കുണ്ട്. 10നിങ്ങളുടെ പ്രവൃത്തികളും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും ദൈവ നാമത്തോട് കാണിച്ച സ്നേഹവും മറന്നുകളയുവാൻ തക്കവണ്ണം അവൻ അനീതിയുള്ളവനല്ല  

പിന്മാറ്റത്തിലേക്കു പോകുന്നതിനെ കുറിച്ച്  കഠിനമായ മുന്നറിയിപ്പുകൾ കൊടുക്കുമ്പോഴും ലേഖകൻ വായനക്കാർ അങ്ങനെയുള്ള പിന്മാറ്റക്കാർ അല്ല എന്നു പ്രതീക്ഷിക്കുന്നു. അവർ ചെയ്ത നന്മകളെ ദൈവം മറന്നു കളയില്ല എന്നും പ്രതിഫലം കൊടുക്കും എന്നും ഓർമ്മിപ്പിക്കുന്നു. 

11എന്നാൽ നിങ്ങൾ ഓരോരുത്തരും പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിക്കുവാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കണമെന്ന് ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു. 12 അങ്ങനെ നിങ്ങൾ ഉത്സാഹം കെട്ടവരാകാതെ, വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരുവിൻ.

തൻ്റെ വായനക്കാരായ ഹെബ്രായ വിശ്വാസികളെ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിക്കുവാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കുവാൻ താൻ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ വിശ്വാസത്താലും ദീർഘക്ഷമയാലും ദൈവീക വാഗ്ദത്തങ്ങളെ പ്രാപിച്ച പഴയ നിയമ വിശുദ്ധരെ അനുകരിക്കുവാൻ ആവശ്യപ്പെടുന്നു. 

അടുത്തതായി വിശ്വാസത്താലും ദീർഘക്ഷമയാലും ദൈവീക വാഗ്ദത്തങ്ങളെ പൂർവ്വപിതാവായ അബ്രഹാം എങ്ങനെ അവകാശമാക്കി എന്നതാണ് വിശദീകരിക്കുന്നത്.

വാക്യം 13 ദൈവം അബ്രഹാമിനോട് വാഗ്ദത്തം ചെയ്യുമ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ട് സത്യം ചെയ്‌വാൻ ഇല്ലാതിരുന്നിട്ട് തന്‍റെ നാമത്തിൽ തന്നേ സത്യം ചെയ്തു:

ദൈവം അബ്രഹാമിനു  കൊടുത്ത രണ്ടു കാര്യങ്ങളെ കുറിച്ചു ലേഖകൻ ഇവിടെ വിശദീകരിക്കുന്നു. ഒന്ന് വാഗ്ദത്തവും, രണ്ടാമത് ആ വാഗ്ദത്തത്തെ ഉറപ്പിച്ചു കൊണ്ടുള്ള സത്യവും.

വാക്യം 14 “ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കുകയും ചെയ്യും” എന്നു അരുളിച്ചെയ്തു. 15അങ്ങനെ അബ്രഹാം ക്ഷമയോടെ ദീർഘകാലം കാത്തിരുന്ന് വാഗ്ദത്ത വിഷയം നേടുകയും ചെയ്തു.

ദൈവം അബ്രഹാമിനെ തനിക്കു എഴുപത്തിയഞ്ച് വയസ്സുള്ളപ്പോൾ  വിളിക്കുകയും, തനിക്കു സന്തതിയെ കൊടുക്കുകയും, വർധിപ്പിക്കുകയും, ആ സന്തതിയിലൂടെ സകല ജാതികളെയും അനുഗ്രഹിക്കുകയും ചെയ്യും എന്ന് വാഗ്ദത്തം കൊടുക്കുകയും ചെയ്തു.

ഉൽപത്തി 12: 2 ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്‍റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. 3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ‍ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.

എന്നാൽ അനേക വർഷങ്ങൾക്ക് ശേഷം, പല താരത്തിലുള്ള പരീക്ഷകൾക്ക് ശേഷം, ദൈവം ആ വാഗ്ദാനം തന്നെക്കൊണ്ട് തന്നെ സത്യം ചെയ്തു വീണ്ടും ഉറപ്പിക്കുന്നു.

ഉൽപത്തി 22: 18 നീ എന്‍റെ വാക്ക് അനുസരിച്ചതുകൊണ്ടു നിന്‍റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ‍ എന്നെക്കൊണ്ടു തന്നെ സത്യം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു

വാക്യം 16 തങ്ങളേക്കാൾ വലിയവനെക്കൊണ്ടല്ലോ മനുഷ്യർ സത്യം ചെയ്യുന്നത്; അങ്ങനെ ഇടുന്ന ആണ അവർക്ക് ഉറപ്പും തർക്കമില്ലാത്തതുമാകുന്നു. 17അതുകൊണ്ട് ദൈവം വാഗ്ദത്തത്തിന്‍റെ അവകാശികൾക്ക് തന്‍റെ ഉദ്ദേശം മാറാത്തത് എന്ന് അധികം സ്പഷ്ടമായി കാണിക്കുവാൻ തീരുമാനിച്ചിട്ട് ഒരു ആണയാലും ഉറപ്പുകൊടുത്തു.

ദൈവത്തെക്കാൾ വലിയവൻ ഇല്ലാത്തതിനാൽ ആണ് ദൈവം തന്നെക്കൊണ്ട് തന്നെ  സത്യം ചെയ്തു കൊണ്ട്  തന്‍റെ  വാഗ്ദത്തത്തെ ഉറപ്പിച്ചത്. താൻ വാഗ്ദത്തം ചെയ്തത്തിന്‍റെ ഉദ്ദേശം മാറാത്തത് ആണ് എന്ന് അധികം സ്പഷ്ടമായി കാണിക്കുവാൻ തീരുമാനിച്ചിട്ട് ആണ് ദൈവം സത്യം ചെയ്തു അതിനെ ഉറപ്പിക്കുന്നത്.

വാക്യം 18 അങ്ങനെ നമ്മുടെ മുമ്പിൽ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊൾവാൻ ശരണത്തിന്നായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷ്കുപറവാൻ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാൽ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാൻ ഇടവരുന്നു.

ഹെബ്രായ ലേഖകൻ ഇവിടെ വ്യക്തമാക്കുന്ന വിഷയം, ദൈവം വാഗ്ദാനം ചെയ്തതും, അതിനു ശേഷം സത്യം ചെയ്തു ഉറപ്പിക്കുന്നതുമായ കാര്യത്തിൽ നിന്നും ദൈവം ഒരിക്കലും മാറുകയില്ല എന്നതാണ്.

ഇതിൽ കൂടി ലേഖകൻ തെളിയിക്കുവാൻ ആഗ്രഹിക്കുന്നത് മറ്റൊരു വിഷയമാണ്.

 യേശുക്രിസ്തുവിൽ കൂടി പുതിയ ഉടമ്പടിയിൽ ദൈവം മനുഷ്യവർഗ്ഗത്തിനു വാഗ്ദാനം ചെയ്ത ദൈവ സാന്നിധ്യത്തിലേക്കുള്ള പ്രവേശനവും, അതിവിശിഷ്ടമായ ആത്മീയ  നന്മകളും  ഒരിക്കലും മാറ്റം വരുത്താൻ കഴിയാത്തതാണ്. അതിനു കാരണം യേശുക്രിസ്തുവിന്‍റെ പരോഹിത്യം ദൈവം വാഗ്ദാനം ചെയ്യുക മാത്രമല്ല, സത്യം ചെയ്തു ഉറപ്പിക്കുകയും ചെയ്തു എന്നുള്ളതാണ്. (ഹെബ്രായർ 7:20)

വാക്യം 19, 20  ഇത് സുരക്ഷിതവും സുനിശ്ചിതവും, തിരശ്ശീലയ്‍ക്കപ്പുറത്തുള്ള അതിവിശുദ്ധസ്ഥലത്തേക്കു കടന്നുചെല്ലുന്നതുമാകുന്നു. യേശു നമുക്കുവേണ്ടി, നമുക്കുമുമ്പായി അവിടെ പ്രവേശിക്കുകയും മൽക്കിസെദേക്കിനെപ്പോലെ എന്നേക്കും മഹാപുരോഹിതനാകുകയും ചെയ്തിരിക്കുന്നു

ഈ  വാഗ്ദാനവും, സത്യവും  തിരശ്ശീലക്കകത്തേക്കു  അതിവിശുദ്ധ സ്ഥലത്തേക്ക്, ദൈവസാനിധ്യത്തിലേക്കു നമുക്ക് കടക്കാം എന്നത്തിന്‍റെ സുരക്ഷിതവും സുനിശ്ചിതവും ആയ  ഉറപ്പാണ്.  അവിടേക്കു,സ്വർഗീയ മന്ദിരത്തിന്‍റെ തിരശ്ശീലയ്‍ക്കപ്പുറത്തുള്ള അതിവിശുദ്ധസ്ഥലത്തേക്കു മൽക്കിസെദേക്കിന്‍റെ ക്രമപ്രകാരമുള്ള മഹാപുരോഹിതനായി നമ്മുടെ മുന്നോടിയായി പ്രവേശിച്ചിരിക്കുന്നു.

അതിവിശുദ്ധസ്ഥലത്തേക്കു നാം ധൈര്യത്തോടെ പ്രവേശിക്കുവാൻ കാരണം കാരണം യേശു, മുന്നമേ അവിടെ പ്രവേശിക്കുകയും നമ്മെ സ്വാഗതം ചെയ്യാൻ അവിടെ കാത്തിരിക്കുകയുമാണ് എന്നതാണ്. തന്‍റെ   മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയുമാണ് ക്രിസ്തു നമുക്ക് മുന്നോടിയായി അവിടേക്കു പ്രവേശിച്ചത്. ക്രിസ്തുവിന്‍റെ രക്തം സകല പാപവും പൊക്കി നമ്മെ ശുദ്ധീകരിച്ചതിനാൽ, അവനിലൂടെ നമുക്കും അതിവിശുദ്ധസ്ഥലത്തേക്കു പ്രവേശനം ലഭിച്ചു.

അടുത്ത അധ്യായത്തിൽ ഹെബ്രായ ലേഖകൻ മൽക്കിസെദേക്കിനെപറ്റിയും, തൻ്റെ ക്രമ പ്രകാരമുള്ള പൗരോഹിത്വത്തെപ്പറ്റിയും കൂടുതലായി വിശദീകരിക്കുന്നു. 

 

ഹെബ്രായ ലേഖനം അധ്യായം 7- ആമുഖം

 

ഈ പഠനത്തിൻ്റെ മുൻ അധ്യായങ്ങൾ താഴെയുള്ള ലിങ്കിൽ ലഭ്യമാണ് .

*ഹെബ്രായ ലേഖനം : ഒരു പഠനം - ആമുഖം
ഹെബ്രായ ലേഖനം അധ്യായം 1
ഹെബ്രായ ലേഖനം അധ്യായം 2 
ഹെബ്രായ ലേഖനം അധ്യായം 3  
ഹെബ്രായ ലേഖനം അധ്യായം 4
ഹെബ്രായ ലേഖനം അധ്യായം 4: 14,15
ഹെബ്രായ ലേഖനം അധ്യായം 5