Articles

ഹെബ്രായ ലേഖന പഠനം 4:14, 15 : സകലത്തിലും പരീക്ഷിക്കപ്പെട്ട പാപരഹിതനായ, മഹാപുരോഹിതൻ.

Date Added : 08-05-2022

എബ്രായർ  4:14, 15

ക്രിസ്തു ; നമ്മെപ്പോലെ സകലത്തിലും പരീക്ഷിക്കപ്പെട്ട പാപരഹിതനായ, നമ്മുടെ പരീക്ഷകളിൽ സഹതാപം കാണിക്കുവാൻ കഴിവുള്ള  മഹാപുരോഹിതൻ.

ജിനു നൈനാൻ  

മുൻ പഠനങ്ങളിൽ നാം ചിന്തിച്ചത് പോലെ ഹെബ്രായ ലേഖനത്തിലെ പ്രധാന വിഷയമായ യേശുക്രിസ്തുവിൻ്റെ മഹാ പൗരോഹിത്വം എന്ന വിഷയത്തിലേക്കു ഈ വാക്യത്തിൽ മുതൽ ലേഖകൻ വിശദമായി കടക്കുകയാണ്. 

ഈ പഠനത്തിൻ്റെ ആമുഖത്തിൽ സൂചിപ്പിച്ചിരുന്നത് പോലെ  താൻ മുൻപോട്ടു അവതരിപ്പിക്കാൻ പോകുന്ന പ്രധാന വിഷയത്തിൻ്റെ യോ, വ്യക്തികളുടെയോ സൂചന ആദ്യമേ കൊടുത്തിട്ടു, പിന്നീട് അതിൽ നിന്നുമുള്ള വിശദീകരണം പിന്നീട് കൊടുക്കുന്ന രചന ശൈലിയാണ് ലേഖകൻ സ്വീകരിച്ചിരിക്കുന്നത്.

ഒന്നാം അധ്യായത്തിൽ യേശുക്രിസ്തുവിൻ്റെ മഹാപുരോഹിത ശുശ്രൂഷയെ പറ്റി സൂചന നൽകിയതിന് ശേഷം, രണ്ടാം അധ്യായത്തിൽ ആദ്യമായി ക്രിസ്തു മഹാപുരോഹിതൻ ആണ് എന്ന് പറയുന്നു. തുടർന്ന്  നാലാം അധ്യായത്തിൻ്റെ അവസാന വാക്യങ്ങളിലൂടെ  അഞ്ചാം അധ്യായത്തിൽ ക്രിസ്തു മൽക്കിസെദേക്കിൻ്റെ ക്രമപ്രകാരമുള്ള മഹാപുരോഹിതൻ ആണ് എന്ന് തെളിയിച്ച ശേഷം, ഏഴാം അധ്യായത്തിൽ വിശദമായി മൽക്കിസെദേക്കിൻ്റെ ക്രമ പ്രകാരമുള്ള പുരോഹിത്വത്തിൻ്റെ ശ്രെഷ്ഠത വെളിപ്പെടുത്തുന്നു.

വാക്യം 14: ആകയാൽ ദൈവപുത്രനായ യേശു ആകാശത്തില്‍കൂടി കടന്നുപോയൊരു ശ്രേഷ്ഠ മഹാപുരോഹിതനായി നമുക്ക് ഉള്ളതുകൊണ്ട് നാം നമ്മുടെ സ്വീകാരംമുറുകെപ്പിടിച്ചുകൊള്‍ക.

ഈ വാക്യത്തിൽ   എഴുത്തുകാരൻ യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനത്തെയാണ് പരാമർശിക്കുന്നത്

ആകാശത്തില്‍കൂടി കടന്നുപോയി  എന്ന പ്രയോഗം കൊണ്ട്, സ്വർഗത്തിലേക്ക് കയറി എന്നതാണ് ഉദ്ദേശിക്കുന്നത്. ആകാശങ്ങൾ, ആകാശം  എന്നീ പദങ്ങൾ  സ്വർഗ്ഗത്തെകാണിക്കുവാൻ ഉപയോഗിക്കുന്നതാണ്. യേശു മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കപ്പെട്ടു. അവൻ സ്വർഗത്തിലേക്കു,  വിശുദ്ധ മന്ദിരത്തിലേക്കു പ്രവേശിച്ചു എന്ന് ലേഖകൻ ഇവിടെ വ്യക്തമാക്കുന്നു. എബ്രായർ 9: 12, 24 വാക്യങ്ങളിൽ ഇതേ കാര്യമാണ് ആവർത്തിക്കുന്നത്. 

ആകയാൽ സ്വർഗ്ഗത്തിലേക്ക് കടന്നു പോയ  ദൈവപുത്രനായ യേശു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ട് നാം നമ്മുടെ വിശ്വാസം മുറുകെപ്പിടിച്ചുകൊൾക .POC ബൈബിൾ  )

ഇപ്പോൾ യേശു, സ്വർഗ്ഗത്തിൽ  നമ്മുടെ പിതാവിൻ്റെ വലത്തുഭാഗത്ത് നമുക്ക് വേണ്ടി മധ്യസ്ഥത വഹിക്കുന്നു. അവൻ നമ്മുടെ വ്യക്തിപരമായ കാര്യസ്ഥനും, മഹാപുരോഹിതനുമാണ്. ഇക്കാരണത്താൽ, ക്രിസ്തുവിലുള്ള വിശ്വാസത്തിൻ്റെ ഏറ്റു പറച്ചിലിൽ ഉറച്ചു നിൽക്കാൻ എഴുത്തുകാരൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

എബ്രാ. 4: 15 നമ്മുടെ ബലഹീനതയിൽ സഹതപിക്കുവാൻ കഴിയാത്ത ഒരു മഹാപുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ, എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടിട്ടും പാപരഹിതനായിരുന്ന ഒരു മഹാപുരോഹിതനത്രേ നമുക്കുള്ളത്. ( (BSI translation) 

 Hebrews 4:15 NKJV -  For we do not have a High Priest who cannot sympathize with our weaknesses, but was in all points tempted as we are, *yet without sin*. 

പല തരത്തിലുള്ള വിവാദങ്ങൾ  ഉണ്ടായിയിട്ടുള്ള, പല തരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നു ഒരു വാക്യമാണ് ഹെബ്രായ ലേഖനം 4: 15  എന്നാൽ ഈ ലേഖനത്തിൻ്റെ പശ്ചാത്തലവും ലേഖകൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യവും മനസ്സിലാക്കിയാൽ വിവാദങ്ങളിൽ വലിയ അർത്ഥമില്ല  എന്ന് നമുക്ക് മനസിലാക്കാം.

ഈ പഠനത്തിൻ്റെ   തുടക്കത്തിൽ എഴുതിയത് പോലെ ആദ്യ അധ്യായത്തിൽ യേശുക്രിസ്തുവിന്‍റെ ദൈവത്വത്തെയും, തൻ്റെ  ഉയിർത്തെഴുനേൽപ്പിനാൽ  ദൈവദൂതന്മാരെക്കാൾ ശ്രേഷ്ഠനായിത്തീർന്നതിനെയും പറ്റി വിവരിച്ചതിനു ശേഷം ലേഖന കർത്താവ് തുടർന്നുള്ള അധ്യായങ്ങളിൽ എല്ലാം ദൈവരൂപത്തിൽ നിന്നും, ദൈവീക സമത്വത്തിൽ നിന്നും  തന്നെത്താൻ താഴ്ത്തിയ ക്രിസ്തുവിന്‍റെ മനുഷ്വത്വത്തിനാണ്  കൂടുതൽ ഊന്നൽ നൽകുന്നത്.

ഈ വാക്യങ്ങളിൽ ഹെബ്രായ ലേഖന കർത്താവ് ദൈവത്തിൻ്റെ വലതു ഭാഗത്തു നമുക്ക് വേണ്ടി മനുഷ്യനായ മഹാപുരോഹിതൻ എന്ന നിലയിൽ മധ്യസ്ഥത ചെയ്യുന്ന ക്രിസ്തുവിനെയാണ് പരിചയപ്പെടുത്തുന്നത്.

ഇവിടെ ലേഖനകർത്താവ്  യേശുക്രിസ്തു ഭൂമിയിൽ ആയിരുന്നപ്പോൾ എങ്ങനെയായിരുന്നു എന്നും ഇന്ന് സ്വർഗത്തിൽ ദൈവത്തിൻ്റെ വലതു ഭാഗത്തു എങ്ങനെ ആയിരിക്കുന്നു എന്നും  വ്യക്തമാക്കുന്നു.

 ഭൂമിയിൽ മനുഷ്യനായ ക്രിസ്തു പാപരഹിതനായിരുന്നു. 

 ഭൂമിയിൽ താൻ നമ്മെപ്പോലെ സകലത്തിലും പരീക്ഷിക്കപ്പെട്ടു. 

അതിനാൽ ഇന്ന് ദൈവത്തിൻ്റെ വലതു ഭാഗത്തു നമുക്ക് വേണ്ടി മധ്യസ്ഥനായ  മഹാപുരോഹിതൻ എന്ന നിലയിൽ  പരീക്ഷിക്കപ്പെടുന്ന നമ്മോടു സഹതാപം കാണിക്കുവാൻ തനിക്കു കഴിയും.

ദൈവത്തിൻ്റെ   വലതു ഭാഗത്തുള്ള മഹാപുരോഹിതനായ ക്രിസ്തു,  പാപമില്ലാത്തവൻ  ആയിരുന്നു എങ്കിലും നമ്മുടെ ബലഹീനതകളിൽ  അവനു സഹതാപം കാണിക്കുവാൻ കഴിയുന്നവനാണ് എന്നാണ് ഇവിടെ വ്യക്തമാക്കുന്നത്. 

അതിനു കാരണമായി ലേഖകൻ പറയുന്നത്, അവൻ പാപമില്ലാത്തവൻ ആയിരുന്നു എങ്കിലും  അവൻ ഭൂമിയിൽ ആയിരുന്നപ്പോൾ സകലത്തിലും നമുക്ക് തുല്യനായി  പരീക്ഷിക്കപ്പെട്ടു  എന്നതാണ്.

ഭൂമിയിലെ തൻ്റെ ജീവിത കാലഘട്ടത്തിൽ യേശു എല്ലാ പ്രലോഭനങ്ങളിലൂടെയും, പരിശോധനകളിലൂടെയും, കഷ്ടാനുഭവങ്ങിലൂടെയും  കടന്നു പോയി. അങ്ങനെ അവൻ  നമ്മോടു  സഹതാപം കാണിക്കുവാൻ  കഴിയുന്ന സ്വർഗസ്ഥനായ മഹാപുരോഹിതനെന്നനിലയിൽ തൻ്റെ ശുശ്രൂഷ നിർവഹിക്കുവാൻ പരിപൂർണ്ണമായി യോഗ്യനാക്കപ്പെട്ടു. എബ്രാ. 5: 8 - 10 

മനുഷ്യൻ കടന്നു പോകാവുന്ന   എല്ലാ തരം  പരീക്ഷകളിലൂടെയും അവൻ നമുക്ക് തുല്യനായി പരീക്ഷിക്കപ്പെട്ടു, എങ്കിലും അവൻ്റെ ജീവിതത്തിലുടനീളം അവൻ പാപരഹിതനായിരുന്നു, അതിനാൽ ആണ്  ക്രിസ്തുവിനു തന്നെത്താൻ നിഷ്ക്കളങ്ക യാഗമായി നമുക്ക് പകരക്കാരനായി അർപ്പിക്കാൻ കഴിഞ്ഞത്.  എബ്രായർ 9:14 

*പാപരഹിതനായ മഹാപുരോഹിതൻ* 

യേശുവിൻ്റെ  പാപരഹിത സ്വഭാവം ( sinless nature )  ഇവിടെ വളരെ പ്രാധ്യാന്യമുള്ള വിഷയമാണ്. കാരണം മനുഷ്യനെ പാപത്തിൽ നിന്നും വീണ്ടെടുക്കാൻ   ദൈവീക രക്ഷാകര പദ്ധതിയിൽ പാപപരിഹാര യാഗമായി ഒരു കളങ്കമില്ലാത്ത കുഞ്ഞാട് അത്യന്താപേക്ഷിതമായിരുന്നു. 1 പത്രൊസ് 1:19

യേശു ഒരിക്കലൂം പാപം ചെയ്തില്ല എന്നത് തിരുവചന സത്യമാണ് (1 പത്രൊസ് 2:22 ) എന്നാൽ  ഈ വാക്യം (ഹെബ്രായർ 4 :15 ) യേശു പാപം ചെയ്തില്ല  എന്ന വിഷയമല്ല  പറയുന്നത് (ചില വിവർത്തനങ്ങൾ അങ്ങനെ തെറ്റായി  വിവർത്തനം ചെയ്തിട്ടുണ്ട്) . ഇവിടെ  ലേഖകൻ  ഊന്നി പറയുന്നത് യേശു പാപമില്ലാത്തവൻ ആയിരുന്നു എന്ന സത്യമാണ്.

ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക്  'chori hamartias' എന്ന വാക്ക്  ആണ്, ആ വാക്ക്  അദ്ധ്യായം 9:28  വാക്യത്തിൽ അവർത്തിച്ചിട്ടുണ്ട്‌;  (ക്രിസ്തുവും തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷയ്ക്കായി അവന്‍ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും). അതിനാൽ ആ വാക്യം ക്രിസ്തു പാപം ചെയ്തില്ല എന്ന് മാത്രമല്ല, യേശുക്രിസ്തുവിൻ്റെ പാപരഹിത പ്രകൃതത്തെ ചൂണ്ടിക്കാണിക്കുവാൻ കൂടിയാണ് ഉപയോഗിച്ചിരിക്കുന്നത്.

*നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ട മഹാപുരോഹിതൻ*

എബ്രായർ മറ്റൊരു അതിപ്രധാന സത്യം കൂടി ഈ വാക്യത്തിൽ  വിശദീകരിക്കുന്നു.ക്രിസ്തു ഈ ഭൂമിയിൽ ആയിരുന്ന പ്പോൾ പാപരഹിതൻ ആയിരുന്നു എങ്കിലും  , സ്വർഗ്ഗത്തിൽ ക്രിസ്തു  നമ്മെ പ്രതിനിധീകരിക്കുന്ന, നമ്മുടെ പരീക്ഷകളിൽ നമ്മോടു സഹതാപം കാണിക്കുവാൻ കഴിയുന്ന  മഹാപുരോഹിതൻ  ആണ്.

യേശുക്രിസ്തു എന്ന മഹാപുരോഹിതനു, സ്വർഗത്തിൽ ദൈവത്തിൻ്റെ വലതു ഭാഗത്തു ഇരുന്നു നമുക്ക് വേണ്ടി പക്ഷവാദം ചെയ്യുമ്പോൾ അവനു നമ്മുടെ ബലഹീനതകളിൽ  സഹതാപം കാണിക്കുവാൻ കഴിയും. അതിനു കാരണമായി ലേഖകൻ പറയുന്നത്  അവൻ ഒരു മനുഷ്യൻ എന്ന നിലയിൽ ഈ ഭൂമിയിൽ നമുക്ക് തുല്യം സകലത്തിലും പരീക്ഷിക്കപ്പെട്ടു എന്നതാണ്.

ഇവിടെ നമുക്ക് ചില സംശയങ്ങൾ  ഉയർന്നു വരാം, 

അതിൽ പ്രധാനം  യേശു ദൈവമായിരുന്നു എങ്കിൽ, പാപത്താൽ പരീക്ഷിക്കപ്പെടുമോ എന്നതാണ്.

യേശുക്രിസ്തു  ദൈവം എന്ന നിലയിൽ അല്ല പരീക്ഷിക്കപ്പെട്ടതും, പാപത്തെ ജയിച്ചതും, കാരണം ദൈവത്തെ പരീക്ഷിക്കാൻ കഴിയുന്നതല്ല (യാക്കോബ് 1:13).

മാത്രമല്ല, ദൈവത്തിന്റേതായ  അനേക പ്രത്യേകതകൾ  ഉണ്ട് , താൻ  മാത്രം  അമർത്യതയുള്ളവൻ  ആണ്,  മനുഷ്യർക്ക് തന്നെ കാണുവാൻ കഴിയില്ല, താൻ അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനാണ് തുടങ്ങിയവ . 1 തിമൊ. 6:16

എന്നാൽ ക്രിസ്തു ഭൂമിയിലേക്ക്‌ മനുഷ്യനായി വന്നപ്പോൾ തന്നെത്താൻ ശൂന്യമാക്കി ( emptied ) എന്നും , തന്നെത്താൻ താഴ്ത്തി എന്നും ദൈവവചനം നമ്മെ പഠിപ്പിക്കുന്നു.  

ഫിലിപ്യർ  2: 5-7 വാക്യങ്ങളിലെ ആദ്യ ഭാഗത്തില്‍ ക്രിസ്തു തന്നെത്തന്നെ ശൂന്യമാക്കുന്നു. 8-11 വാക്യങ്ങളിലെ രണ്ടാമത്തെ ഭാഗത്തില്‍ ക്രിസ്തു തന്നെത്താൻ താഴ്ത്തുകയാണ്.

എന്താണ്  ക്രിസ്തു ഭൂമിയിലേക്ക്‌ മനുഷ്യനായി വന്നപ്പോൾ ശൂന്യമാക്കിയത് ? തീർച്ചയായും അത് ദൈവത്വം ആയിരുന്നില്ല, , ദൈവത്തിനു ഒരിക്കലും ദൈവമാകാതിരിക്കുവാൻ കഴിയില്ല, ക്രിസ്തു സ്വയം ശൂന്യൻ ആക്കിയപ്പോഴും താൻ പുത്രൻ ആയ ദൈവം തന്നെയായിരുന്നു.

എന്നാൽ താൻ  ദൈവം എന്ന നിലയിലുള്ള തന്‍റെ  പ്രത്യേക പദവികളെ മാറ്റിവച്ചു. പരിധിയും, പരിമിതിയും  ഇല്ലാത്ത  ദൈവീക അധികാരങ്ങൾ  ഉപേക്ഷിച്ചു. തന്‍റെ ദൈവത്വത്തി ലെ മഹത്വം, ശക്തി, സ്ഥാനം, സ്വരൂപം എന്നിവയിൽ നിന്ന് അവൻ സ്വയം ശൂന്യ നായി.

എങ്ങനെയാണു ക്രിസ്തു തന്നെത്താൻ താഴ്ത്തിയത്? തന്‍റെ മനുഷ്യത്വത്തില്‍ തന്നെത്താൻ താഴ്ത്തി ദാസരൂപം എടുത്തു, മനുഷ്യൻ എന്ന പരിധിയിലും, പരിമിതിയിലും ജീവിച്ചു.  ദൈവം എന്ന അധികാരം ഉപയോഗിക്കാതെ, ദൈവത്തിൽ ആശ്രയിക്കുന്ന മനുഷ്യൻ എന്ന പരിമിതിയിൽ നിന്നു. ക്രൂശിലെ മരണത്തോളം താൻ അനുസരണം  ഉള്ളവൻ ആയിത്തീർന്നു.

ദൈവത്വം കർത്താവ് ഒഴിച്ചില്ല എങ്കിലും ദൈവം  എന്ന നിലയിൽ തനിക്കുള്ള  പ്രത്യേക അവകാശങ്ങൾ എല്ലാം ഒഴിച്ച് വച്ചാണ് ക്രിസ്തു  മനുഷ്യനായത്. യേശു ദൈവം എന്ന നിലയിലുള്ള  തൻ്റെ   പ്രത്യേക അവകാശങ്ങളെ ഒഴിക്കുകയും, നമ്മെപ്പോലെ സ്വതന്ത്ര ഇശ്ചയുള്ള ( free will) പൂർണ്ണ മനുഷ്യനായിത്തീരുകയും ചെയ്തു എന്ന് ദൈവവചനം വ്യക്തമായി പഠിപ്പിക്കുന്നു (ഫിലി.2: 7). അതിനാൽ  യേശു പിശാചിനാൽ പരീക്ഷിക്കപ്പെടുകയും, പരിശുദ്ധാത്മാവിനാൽ നിറഞ്ഞു പരീക്ഷകളെ ജയിക്കുകയും ചെയ്തു.  (ലൂക്കോസ് 4: 1)

യേശുക്രിസ്തു പിതാവായ ദൈവത്തോടുള്ള സമത്വം വിട്ടു, തന്നെത്താൻ ഒഴിച്ചു, മനുഷ്യൻ ആയ സമയം മുതൽ തനിക്കു  ഒരു സ്വതന്ത്ര ഇശ്ച (free will, self will) ഉണ്ടായിരുന്നു.

അതിനാൽ ആണ് അവൻ " തന്നെത്താൻ താഴ്ത്തി, ക്രൂശിലെ മരണത്തോളം അനുസരണയുള്ളവൻ ആയി ", എന്ന് പറയുന്നത്. സ്വതന്ത്ര ഇശ്ച എന്നത് മനുഷ്യനെ പാപമില്ലാത്തവനായി സൃഷ്ടിച്ചപ്പോൾ തന്നെ അവനിൽ ഉള്ള ദേഹിയുടെ ഭാഗമാണ്, അതിൽ പാപകരമായി ഒന്നുമില്ല.ഈ ഇശ്ചയെ ക്രിസ്തു തന്നെത്താൻ താഴ്തി ക്രൂശിലെ മരണം വരെ അനുസരണയുള്ളവൻ ആയി എന്ന് ദൈവവചനം നമ്മെ പഠിപ്പിക്കുന്നു.  

സ്വതന്ത്ര ഇശ്ചയില്ലാത്ത ഒരു യന്ത്ര മനുഷ്യന്, തന്നെത്താൻ താഴ്ത്തുവാനോ അനുസരിക്കുവാനോ കഴിയില്ല, മാത്രമല്ല സ്വതന്ത്ര ഇശ്ചയില്ലാത്ത ഒരു യന്ത്ര മനുഷ്യനെ പാപം ചെയ്യിക്കുവാൻ പരീക്ഷിക്കുവാനും കഴിയില്ല.

യേശുക്രിസ്തു ഒരു യന്ത്ര മനുഷ്യനായിരുന്നില്ല, പാപമില്ലാത്ത പൂർണ്ണ മനുഷ്യനായിരുന്നു. ഒരു യന്ത്ര മനുഷ്യനെപ്പോലെ യാന്ത്രീകമായി പിതാവിനെ അനുസരിക്കുകയായിരുന്നില്ല, പകരം തന്നെത്താൻ താഴ്ത്തി  ദൈവേഷ്ടത്തിനു  ഏൽപ്പിച്ചു കൊടുക്കുകയായിരുന്നു. ( ഗലാത്യർ 1:4)

എല്ലാ പരീക്ഷണങ്ങളുടേയും അടിസ്ഥാന സ്വഭാവം സ്വന്ത ഇഷ്ടം ചെയ്യുക എന്നതാണ്, ആദം പിശാചിനാൽ പരീക്ഷിക്കപ്പെട്ടതും  അങ്ങനെയാണ്, നാമും പരീക്ഷിക്കപ്പെടുന്നത് അങ്ങനെയാണ്. യേശുക്രിസ്തുവും നമുക്ക് തുല്യം എല്ലാറ്റിലും പരീക്ഷിക്കപ്പെട്ടതു അങ്ങനെയാണ്.

എന്നാൽ പരീക്ഷിക്കപ്പെട്ടപ്പോൾ  തൻ്റെ ഇച്ഛയെ താൻ നിഷേധിക്കുകയും, ഇച്ഛയെ പിതാവിനു  കീഴ്‌പ്പെടുത്തുകയും, എല്ലാ പരീക്ഷണങ്ങളും വിജയിക്കുകയും ചെയ്തു. അതിനാലാണ് താൻ തുടർച്ചയായി  എൻ്റെ  ഇഷ്ടമല്ല, പിതാവിൻ്റെ ഇഷ്ടം ഞാൻ ചെയ്യുന്നു എന്ന് പറഞ്ഞത്.  (യോഹ 6: 38).  

അങ്ങനെ  തന്നെ താൻ നമുക്ക് തുല്യം സകലത്തിലും  പരീക്ഷിക്കപ്പെട്ടതിനാൽ നമ്മുടെ ബലഹീനതയിൽ സഹതപിക്കുവാൻ തനിക്കു  കഴിയും എന്ന് ലേഖകൻ ഇവിടെ വ്യക്തമാക്കുന്നു.  

കൃപയും കരുണയും 

വാക്യം  16 അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക

ദൈവത്തിൻ്റെ വലത്തു ഭാഗത്തുള്ളവൻ നമ്മുടെ നമ്മുടെ ജഡരക്തങ്ങളിൽ പങ്കാളിയാകുയും നമുക്ക് തുല്യം പരീക്ഷിക്കപ്പെടുകയും ചെയ്തവനായതിനാൽ അവനു നമ്മോടു സഹാനുഭൂതി കാണിക്കുവാൻ കഴിയും. ഇക്കാരണത്താൽ നമുക്ക് ധൈര്യത്തോടെ, ദൈവ സന്നിധിയിൽ പ്രവേശിക്കാൻ, കൃപാസനത്തിന്  അടുത്തു ചെല്ലുവാൻ കഴിയും. അവിടെ നിന്ന് കൃപയും കരുണയും തക്ക സമയത്തു പ്രാപിക്കുവാനും കഴിയും.

കൃപയും കരുണയും തമ്മിലുള്ള വ്യത്യാസവും,പരീക്ഷയുമായി ബന്ധപ്പെട്ടു  നമുക്ക് ഇത് രണ്ടും എപ്പോൾ ആണ് ആവശ്യമായി വരുന്നത് എന്നതും നാം മനസ്സിലാക്കി ഇരിക്കേണ്ടതാണ്.  

ശ്രദ്ധിക്കുക, പരീക്ഷിക്കപ്പെടുമ്പോൾ  പാപത്തിൽ വീണു പോയാൽ  നമുക്ക് ആവശ്യം കരുണയാണ് , എന്നാൽ പാപത്തിൽ വീഴാതിരിക്കാൻ ആണ് നമുക്ക് കൃപ ആവശ്യമുള്ളത്.

ഈ രണ്ടു കാര്യങ്ങൾക്കും വേണ്ടി  നമുക്ക്  കൃപയുടെ സിംഹാസനത്തിലേക്ക് ധൈര്യപൂർവ്വം പോകുവാൻ കഴിയും.

പാപം ചെയ്യാതെ ഇരിക്കുവാൻ ദൈവം നമ്മോടു ആവശ്യപ്പെടുന്നു. എന്നാൽ നാം പാപത്തിൽ വീണു പോയാൽ, നീതിമാനായ യേശുക്രിസ്തു എന്ന മദ്ധ്യസ്ഥൻ നമുക്ക് പിതാവിന്റെ അടുക്കൽ ഉണ്ട് എന്നും  കൃപയുടെ സിംഹാസനത്തിലേക്ക് കരുണക്കായി  ധൈര്യപൂർവ്വം പോകുവാനും  ദൈവം നമ്മോടു ആവശ്യപ്പെടുന്നു. 

പലപ്പോഴും പാപത്തിൽ വീണു പോകുന്നവരെ പിശാച് ആത്മനിന്ദയിലേക്ക്  (self condemnation) തള്ളിവിടുകയും അത് വഴി ദൈവസന്നിധിയിലേക്കു കരുണക്കായി  പോകുന്നതിൽ നിന്നും  തടയുകയും ചെയ്യുന്നു. അത് യഥാർത്ഥത്തിൽ അവിശ്വാസം മൂലമാണ്. എന്നാൽ ആത്മനിന്ദയോടെ  അല്ല ധൈര്യത്തോടെ, ദൈവ സന്നിധിയിൽ പോകുവാൻ, പാപങ്ങൾ ഏറ്റു പറയുവാൻ  ആണ് ലേഖനകർത്താവ് പ്രബോധിപ്പിക്കുന്നതു. 

എന്നാൽ പാപത്തിൽ വീഴാതെയിരിക്കുവാൻ തക്ക സമയത്തു നമുക്ക് വേണ്ട സഹായം കൃപയായതിനാൽ . നാം പരീക്ഷാസമയങ്ങളിൽ, കൃപയുടെ സിംഹാസനത്തിലേക്കു ധൈര്യ പൂർവ്വം അടുത്ത് ചെന്നാൽ നമുക്ക് പാപത്തിൽ വീഴാതെ ജീവിക്കുവാൻ കഴിയും.

അഞ്ചാം അദ്ധ്യത്തിൽ  ക്രിസ്തു മൽക്കിസെദേക്കിൻ്റെ ക്രമപ്രകാരമുള്ള മഹാപുരോഹിതൻ എന്ന നിലയിലുള്ള വിശദീകരണത്തിലേക്കു ലേഖകൻ കടക്കുന്നു. 

 

ഈ പഠനത്തിൻ്റെ മുൻ അധ്യായങ്ങൾ താഴെയുള്ള ലിങ്കിൽ ലഭ്യമാണ് .

*ഹെബ്രായ ലേഖനം : ഒരു പഠനം - ആമുഖം
ഹെബ്രായ ലേഖനം അധ്യായം 1
ഹെബ്രായ ലേഖനം അധ്യായം 2 
ഹെബ്രായ ലേഖനം അധ്യായം 3  

 

ഈ പഠനത്തിലെ തുടർന്നുള്ള  അധ്യായങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്..

 

ഹെബ്രായ ലേഖനം അധ്യായം 5
ഹെബ്രായ ലേഖനം അധ്യായം 6