ഹെബ്രായ ലേഖന പഠനം അദ്ധ്യായം 4 : ദൈവീക സ്വസ്ഥത വിശ്വാസത്താൽ
ഹെബ്രായ ലേഖന പഠനം
അദ്ധ്യായം 4
ജിനു നൈനാൻ
ദൈവീക സ്വസ്ഥത വിശ്വാസത്താൽ
1 അതുകൊണ്ട്, ദൈവത്തിൻ്റെ വിശ്രമത്തിൽ പ്രവേശിക്കുവാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാൽ നിങ്ങളിൽ ആർക്കെങ്കിലും അത് ലഭിക്കാതെപോയി എന്നു വരാതിരിപ്പാൻ നാം ജാഗ്രതയുള്ളവരായിരിക്കുക
കഴിഞ്ഞ അധ്യായത്തിൽ ഇസ്രായേൽ ജനം അവിശ്വാസവും അനുസരണക്കേടും നിമിത്തം കനാൻ എന്ന വാഗ്ദത്ത സ്വസ്ഥതയിൽ പ്രവേശിച്ചില്ല എന്ന് പറഞ്ഞതിന് ശേഷം ഈ വാക്യത്തിൽ ലേഖന കർത്താവ് പറയുന്നത് ദൈവീക സ്വസ്ഥതയിൽ പ്രവേശിക്കുവാനുള്ള വാഗ്ദത്തം ഇന്നും ശേഷിച്ചിരിക്കുന്നു എന്നതാണ്.
അതിനർത്ഥം ദൈവം വാഗ്ദത്തം ചെയ്ത യഥാർത്ഥ സ്വസ്ഥത എന്നത് കനാനിലെ സ്വസ്ഥത അല്ല മറിച്ചു ,അത് കർത്താവുമായി ഒരുവൻ ഏക ആത്മാവിൽ ആകുമ്പോൾ ഉള്ള സ്വസ്ഥതയും, നിത്യമായി അവനോടു കൂടെ വസിക്കുമ്പോൾ ഉണ്ടാകാൻ പോകുന്ന സ്വസ്ഥതയും ആണ്. കനാനിലെ സ്വസ്ഥത അതിൻ്റെ നിഴൽ മാത്രമായിരുന്നു.
എന്നാൽ ഈ വാക്യത്തിൽ ഒരു മുന്നറിയിപ്പ് കൂടി ലേഖന കർത്താവ് തരുന്നു. അത് ഈ വാഗ്ദത്തം നമുക്ക് ലഭിക്കാതെപോയി എന്നു വരാതിരിപ്പാൻ നാം ജാഗ്രതയുള്ളവരായിരിക്കുക എന്നതാണ്.
മുൻ അധ്യായത്തിൽ ചിന്തിച്ചത് പോലെ നമ്മുടെ ആത്മരക്ഷ എന്നത് ഉറപ്പുള്ള കാര്യമാണ് എങ്കിലും, അവിശ്വാസം നിമിത്തം നമുക്ക് അതിനെ നഷ്ടപ്പെടുത്താം എന്ന സാധ്യത ഉള്ളതിനാൽ ആരോഗ്യകരമായ ഒരു ഭയം നമുക്ക് എപ്പഴും ഉണ്ടാകേണം എന്ന് ലേഖനകർത്താവ് നമ്മെ ഓർമ്മിപ്പിക്കുന്നു. മാത്രമല്ല ഈ ഭൂമിയിൽ കർത്താവുമായ ചേർന്ന് വസിക്കുന്നതിൽ കൂടിയുള്ള ദൈവീക സ്വസ്ഥതയും അവിശ്വാസം മൂലം നമുക്ക് നഷ്ടപ്പെടാം.
ദൈവദാസനായ ജോർജ് മുള്ളറുടെ വാക്കുകളിൽ “എവിടെ വിശ്വാസം ഇല്ലാതാകുന്നുവോ അവിടെ ആശങ്ക ആരംഭിക്കുന്നു, എവിടെ വിശ്വാസം ഉണ്ടാകുന്നുവോ അവിടെ ആശങ്ക അവസാനിക്കുന്നു ; “Where faith begins, anxiety ends; where anxiety begins, faith end.”
2 അവരെപ്പോലെ നാമും ദൈവിക വിശ്രമത്തെക്കുറിച്ചുള്ള ഈ സദ് വാർത്ത കേട്ടവർ ആകുന്നു; എങ്കിലും കേട്ടവർ വിശ്വാസത്തോടെ അംഗീകരിക്കായ്കകൊണ്ട് കേട്ട സന്ദേശം അവർക്ക് ഉപകാരമായി തീർന്നില്ല.
സുവിശേഷം അഥവാ സദ് വാർത്ത എന്നത് ദൈവീക സ്വസ്ഥതയിൽ നമുക്ക് പ്രവേശിക്കാം എന്ന വാർത്തയാണ്. എന്നാൽ അത് കേൾക്കുക മാത്രം ചെയ്‌താൽ പോരാ അത് നാം വിശ്വാസത്തോടെ അംഗീകരിക്കണം എന്ന് ലേഖന കർത്താവ് ഓർമ്മിപ്പിക്കുന്നു.
വിശ്വാസം ദൈവവചന കേൾവിയാൽ ഉണ്ടാകുന്നു എന്ന് റോമാ ലേഖനം പറയുന്നു. എന്നാൽ ആ ദൈവ വചനത്തോട് വിശ്വാസത്തോടെ പ്രതികരിച്ചില്ല എങ്കിൽ കേട്ട സന്ദേശം ഉപകാരമായി തീരുകയില്ല എന്ന് ഹെബ്രായ ലേഖന കർത്താവ് നമ്മെ ഓർമ്മിപ്പിക്കുന്നു.
അതായതു കേൾക്കുന്ന ദൈവവചനത്തോട് വിശ്വാസത്തോടെ പ്രതികരിക്കുക, അത് ഏറ്റെടുക്കുക എന്നത് കേൾക്കുന്ന വ്യക്തിയുടെ ഉത്തരവാദിത്വം ആണ്.
ലേഖകൻ വീണ്ടും നമ്മെ ഓമ്മിപ്പിക്കുന്ന വിഷയം ഈ സ്വസ്ഥതയിൽ നമുക്ക് പ്രവേശിക്കാൻ കഴിയുന്നത് വിശ്വാസം മൂലവും, ഇത് നമുക്ക് നഷ്ടപ്പെടുത്താൻ കഴിയുന്നത് അവിശ്വാസം മൂലവും ആണ് എന്നാണ്.
3 വിശ്വസിച്ചവരായ നാമല്ലോ വിശ്രമത്തിൽ പ്രവേശിക്കുന്നത്; ലോകസ്ഥാപനത്തിങ്കൽ സൃഷ്ടികർമ്മങ്ങൾ പൂർത്തിയായ ശേഷവും: “അവർ എൻ്റെ വിശ്രമത്തിൽ പ്രവേശിക്കയില്ല എന്നു ഞാൻ എൻ്റെ കോപത്തിൽ സത്യംചെയ്തു” എന്നു അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
4“ഏഴാം നാളിൽ ദൈവം തൻ്റെ സകലപ്രവൃത്തികളും പൂർത്തിയാക്കി വിശ്രമിച്ചു” എന്നു ഏഴാം നാളിനെക്കുറിച്ച് വേദഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നു.
ഈ വാക്യത്തിൽ ലേഖനകർത്താവു താൻ ഈ അധ്യായത്തിൽ ഉദ്ദേശിക്കുന്ന സ്വസ്ഥത എന്താണ് എന്ന് കൂടുതൽ വിശദീകരിക്കുന്നു. അത് ഏഴാം നാളിലെ ദൈവീക സ്വസ്ഥതയാണ്.
എന്താണ് ഏഴാം നാളിൻ്റെ പ്രത്യേകത ? ദൈവം തൻ്റെ സകലപ്രവൃത്തികളും പൂർത്തിയാക്കി വിശ്രമിച്ചു എന്നതാണ് ഏഴാം നാളിൻ്റെ പ്രത്യേകത. മാത്രമല്ല എല്ലാം സൃഷ്ട്ടികളുടെയും അവസാനമായി ദൈവം മനുഷ്യനെ സൃഷ്‌ടിച്ചതിനു ശേഷമുള്ള ആദ്യ ദിവസവുമാണ് അത്.
അതായതു മനുഷ്യൻ ദൈവവുമായുള്ള കൂട്ടായ്മയിൽ പ്രവേശിച്ചു ഏകാത്മാവിൽ വസിച്ചപ്പോൾ അവൻ അനുഭവിച്ചിരുന്ന യഥാർത്ഥ ദൈവീക സ്വസ്ഥതയാണ് ഏഴാം നാളിലെ സ്വസ്ഥത . അതാണ് യഥാർത്ഥമായ ശാബതനുഭവം.
എന്നാൽ മനുഷ്യൻ പാപം ചെയ്തപ്പോൾ അവൻ ദൈവീക കൂട്ടായ്മയിൽ നിന്നും,ദൈവീക സ്വസ്ഥതയിൽ നിന്നും പുറത്തായി, എന്നാൽ യേശുക്രിസ്തുവിൻ്റെ ക്രൂശിൽ കൂടി ദൈവം വീണ്ടും മനുഷ്യന് ദൈവീക കൂട്ടായ്മയിലേക്കും ,ദൈവീക സ്വസ്ഥതയിലേക്കും പ്രവേശിക്കുവാനുള്ള ജീവനുള്ള പുതു വഴി തുറന്നു.
5“എൻ്റെ വിശ്രമത്തിൽ അവർ പ്രവേശിക്കയില്ല” എന്നു ഇവിടെ വീണ്ടും അരുളിച്ചെയ്യുന്നു. 6അതുകൊണ്ട് ചിലർ അതിൽ പ്രവേശിക്കുവാൻ അവസരം ശേഷിച്ചിരിക്കയാലും മുമ്പ് സദ് വാർത്ത കേട്ടവർ അനുസരണക്കേടുനിമിത്തം പ്രവേശിക്കാതെ പോകയാലും, 7 മുമ്പ് ഉദ്ധരിച്ചതു പോലെ വളരെ കാലത്തിന് ശേഷം ദൈവം ദാവീദിലൂടെ, “ഇന്ന്” എന്നൊരു ദിവസം പിന്നെയും നിശ്ചയിച്ചിരിയ്ക്കുന്നു എന്നു വെളിപ്പെടുത്തുന്നു; “ഇന്ന് അവൻ്റെ ശബ്ദം കേൾക്കുന്നു എങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്” എന്ന് ദാവീദിലൂടെ അരുളിച്ചെയ്യുന്നു.8 യോശുവ അവരെ സ്വസ്ഥതയുള്ള ദേശത്ത് പ്രവേശിപ്പിച്ചിരുന്നു എങ്കിൽ ദൈവം മറ്റൊരു ദിവസത്തെക്കുറിച്ച് വീണ്ടും പറയുകയില്ലായിരുന്നു
യോശുവയുടെ കാലത്തിനു അനേക വര്ഷങ്ങള്ക്കു ശേഷം ദാവീദിലൂടെ ദൈവം താൻ ഈ സ്വസ്ഥതെയെക്കുറിച്ചുള്ള വാഗ്ദത്തം ആവർത്തിക്കുന്നു.
ലേഖകൻ ഇവിടെ വീണ്ടും ആവർത്തിക്കുന്നു , ദൈവം ദാവീദിലൂടെ പറയുന്ന സ്വസ്ഥത എന്നത് യോശുവായിൽ കൂടി കനാനിൽ പ്രവേശിച്ചപ്പോൾ അവർക്കു ലഭിച്ച സ്വസ്ഥതയല്ല, അവിടെ അവർക്കു യഥാർത്ഥ സ്വസ്ഥത ലഭിച്ചിരുന്നില്ല. യോശുവ അവരെ സ്വസ്ഥതയുള്ള ദേശത്ത് പ്രവേശിപ്പിച്ചിരുന്നു എങ്കിൽ വളരെ കാലത്തിന് ശേഷം ദൈവം ദാവീദിലൂടെ, “ഇന്ന്” എന്നൊരു ദിവസം പിന്നെയും നിശ്ചയിച്ചിരിയ്ക്കുന്നു എന്നു പറയില്ലായിരുന്നു. അതിനാൽ അത് മറ്റൊരു ദിവസത്തെ ആണ് കാണിക്കുന്നത്.
9 ആകയാൽ ദൈവജനത്തിന് ഒരു ശബ്ബത്തനുഭവം ലഭിക്കുവാനിരിക്കുന്നു
യഥാർത്ഥ ശബ്ബത്തനുഭവം എന്നത് ആഴ്ചയിൽ ഒരു ദിവസം പണിയെടുക്കാതെ വിശ്രമിക്കുകയല്ല. അത് ദൈവീക കൂട്ടായ്മയിൽ ദൈവീക സ്വസ്‌ഥതയിൽ പങ്കാളികളാകുകയാണ്. മനുഷ്യൻ പാപത്തിൽ വീണപ്പോൾ അത് അവനു നഷ്ടപ്പെട്ടു. അതിനു ശേഷം ദൈവം ന്യായപ്രമാണം കൊടുക്കുമ്പോൾ ശബത്തു നാൾ ആചരിക്കുവാൻ കൽപ്പന കൊടുക്കുന്നു. എന്നാൽ ഇതെല്ലം ക്രിസ്തുവിൽ കൂടി ദൈവമക്കൾക്കു ലഭിക്കുവാൻ പോകുന്ന ശാബതനുഭവത്തിനു നിഴലായിരുന്നു. ഈ സ്വസ്ഥതയാണ് ദൈവമക്കൾക്കുള്ള യഥാർത്ഥ ശബ്ബത്തനുഭവം, അതിൽ ഒരുവൻ വിശ്വാസത്താൽ ആണ് പ്രവേശിക്കുന്നത്.
10ദൈവം തൻ്റെ പ്രവൃത്തികളിൽനിന്നു വിമുക്തനായതു പോലെ അവൻ്റെ വിശ്രമത്തിൽ പ്രവേശിച്ച ഏതൊരുവനും തൻ്റെ പ്രവൃത്തികളിൽനിന്നു വിമുക്തനായിത്തീർന്ന് വിശ്രമിക്കുന്നു.
ആദം ദൈവത്തിൻ്റെ ഏഴാം നാളിൽ തന്നോടുള്ള കൂട്ടായ്മയിൽ, തൻ്റെ എല്ലാ പ്രവർത്തികൾക്കും മുൻപ് വിശ്രമത്തിൽ ആയിരുന്നു. ആ കൂട്ടായ്മയുടെ അനുഭവത്തിൽ നിന്നും ആണ് പ്രവർത്തികൾ ആരംഭിക്കുന്നത്.
അത് പോലെ ദൈവീക കൂട്ടായ്മയിൽ പ്രവേശിക്കുന്ന ഒരുവനും തൻ്റെ എല്ലാ സ്വയപ്രവർത്തികളിൽ നിന്നും വിമുക്തനായി ദൈവീക സ്വസ്ഥതയിലും വിശ്രമത്തിലും പ്രവേശിക്കുന്നു. എല്ലാ ദൈവീക പ്രവർത്തികളും ആരംഭിക്കുന്നത് ആ കൂട്ടായ്മയിൽ നിന്നാണ്.
ഇന്ന് അനേകർ മാർത്തയെപ്പോലെ ദൈവത്തിനു വേണ്ടി എന്തെങ്കിലും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ , ഓടി നടക്കുന്നവർ ആണ്. എന്നാൽ അതിൻ്റെ ഒടുവിൽ അവർ മാർത്തയെപ്പോലെ സ്വസ്ഥതയില്ലാത്തവർ ആയിത്തീരുന്നു.
എന്നാൽ ദൈവം ആഗ്രഹിക്കുന്നത് തൻ്റെ മക്കൾ നിഷ്ക്രിയർ ആയിരിക്കണം എന്നല്ല പകരം ക്രിസ്തു തലയായ ഒരു ശരീരത്തിലെ അവയവങ്ങൾ പോലെ പ്രവർത്തിക്കണം എന്നാണ് .
ഒരു അവയവം തലയ്ക്കു വേണ്ടി തനിക്ക് തോന്നുന്നതു എന്തെങ്കിലും ചെയ്യുകയല്ല, ഓടി നടന്നു എന്തെങ്കിലും തലക്കു വേണ്ടി പ്രവർത്തിക്കുകയല്ല മറിച്ച്, തലയുമായുള്ള കൂട്ടായ്മയിൽ എപ്പോഴും വിശ്രമത്തിൽ ആയിരിക്കുകയും തല പറയുന്നത് കേൾക്കുകയും അത് മാത്രം ചെയ്യുകയാണ്.
അതാണ് മറിയ ചെയ്തതും ചെയ്തതും അതിനാലാണ് കർത്താവ് അവളെ അഭിനന്ദിച്ചതും.
യേശുക്രിസ്തുവും ഭൂമിയിൽ ആയിരുന്നപ്പോൾ അങ്ങനെയാണ് ജീവിച്ചത്.കർത്താവ് പിതാവിന് വേണ്ടി എന്തെങ്കിലും ചെയ്യുകയായിരുന്നില്ല. പിതാവുമായുള്ള കൂട്ടായ്മയിൽ എപ്പോഴും വിശ്രമത്തിൽ ആയിരിക്കുകയും പിതാവ് പറയുന്നത് കേൾക്കുകയും, അത് മാത്രം ചെയ്യുകയുമായിരുന്നു.അതിനാൽ ആണ് എനിക്ക് സ്വയമായി ഒന്നും ചെയ്യാൻ കഴിയുകയില്ല എന്ന് കർത്താവ് തുടർച്ചയായി പ്രഖ്യാപിച്ചത്.
"എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു" യോഹന്നാൻ 5:30
ഞാൻ സ്വയമായിട്ട് ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതുപോലെ ഇതു സംസാരിക്കുന്നു " -യോഹന്നാൻ 8:28
ഈ കൂട്ടായ്മയും സ്വസ്ഥതയും ക്രിസ്തുവിൽ കൂടി ഇന്ന് ദൈവമക്കൾക്കു വിശ്വാസത്താൽ അനുഭവിക്കാൻ കഴിയുന്നതാണ്.അതിൽ നിന്നും മാത്രമേ യഥാർത്ഥ ഫലപ്രദമായ പ്രവർത്തനങ്ങൾ ഉണ്ടാകുകയുള്ളൂ.
11അതുകൊണ്ട് നാം ആരും യിസ്രായേൽ ജനത ചെയ്തതുപോലുള്ള അനുസരണക്കേടിൻ്റെ അതേ അവസ്ഥയിൽ വീഴാതിരിക്കേണ്ടതിന് ആ ദൈവിക വിശ്രമത്തിൽ പ്രവേശിക്കുവാൻ ഉത്സാഹമുള്ളവരായിരിക്ക.
വീണ്ടും ലേഖകർത്താവ് ഇസ്രായേൽ ജനതയുടെ ഉദാഹരണത്തിൽ കൂടി ദൈവമക്കൾക്കു മുന്നറിയിപ്പ് നൽകുന്നു ആദ്യ വാക്യങ്ങളിൽ ഈ സ്വസ്ഥത ലഭിക്കാതെപോയി എന്നു വരാതിരിപ്പാൻ നാം ഭയപ്പെടുക എന്നാണ് പറയുന്നത് എങ്കിൽ ഇവിടെ ദൈവിക വിശ്രമത്തിൽ പ്രവേശിക്കുവാൻ ഉത്സാഹമുള്ളവരായിരിക്കാൻ പ്രബോധിപ്പിക്കുന്നു.
12ദൈവത്തിൻ്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏത് വാളിനേക്കാളും മൂർച്ചയേറിയതും ദേഹിയെ ആത്മാവിൽനിന്നും, സന്ധികളെ മജ്ജകളിൽനിന്നും വേർപിരിക്കുംവരെ തുളച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തകളെയും ഉദ്ദേശങ്ങളെയും വിവേചിച്ചറിയുന്നതും ആകുന്നു.
യഥാർത്ഥമായ ദൈവീക പ്രവർത്തികൾ ഉണ്ടാകണം എങ്കിൽ നാം ദൈവത്തിൽ നിന്നും മറിയയെ പോല ശരിയായി കേൾക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ ഇവിടെ ലേഖനകർത്താവ് ശരിയായി കേൾക്കുന്നവരിൽ ദൈവവചനം എങ്ങനെയാണു പ്രവർത്തിക്കുന്നത് എന്നു വിശദീകരിക്കുന്നു.
ദൈവവചനം വചനം ജീവനും ചൈതന്യവുമുള്ളതാണ്മാത്രമല്ല അത് ഇരുവായ്ത്തലയുള്ള ഏത് വാളിനേക്കാളും മൂർച്ചയേറിയതാണു, സന്ധികളെ മജ്ജകളിൽനിന്നും വാള് വേർപിരിക്കും പോലെ അത് നമ്മുടെ ദേഹീപരമായ ചിന്തകളെയും ദൈവാത്മാവിൻ്റെ ചിന്തകളെയും വേർപിരിച്ചു കാണിക്കും, മാത്രമല്ല അത് നമ്മുടെ ഹൃദയത്തിലെ ചിന്തകളെയും ഉദ്ദേശങ്ങളെയും വിവേചിച്ചറിയുകയും ചെയ്യും.
ദൈവാത്മ നിറവിൽ ഉള്ള വചനശുശ്രൂഷയിലും, അഥവാ പ്രവചന ശുശ്രൂഷയിലും ദൈവവചനം ഇതേ പ്രവർത്തി ചെയ്യും
1 കൊരി. 14: 25 പ്രവചിക്കുന്നു എങ്കിലോ..അവൻ്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവൻ കവിണ്ണുവീണ്, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ട് എന്ന് ഏറ്റുപറഞ്ഞ് ദൈവത്തെ നമസ്കരിക്കും.
എന്നാൽ അനേകർ മനുഷ്യരെ പ്രസാദിപ്പിക്കുവാൻ വേണ്ടി , ആദായ സൂത്രമായി ദൈവവചനം പ്രസംഗിക്കുന്നവർ ആണ് അതിനാൽ അവരുടെ പ്രസംഗങ്ങൾ മൂർച്ച നഷ്ടപ്പെട്ട വാൾ പോലെയാണ്. അത് ആരെയും മാനസാന്തരത്തിലേക്കു നയിക്കുന്നില്ല.
13അവൻ്റെ ദൃഷ്ടിയ്ക്ക് മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവൻ്റെ കണ്ണിന് വ്യക്തവും, മറവില്ലാത്തതുമായി കിടക്കുന്നു; അങ്ങനെയുള്ള ദൈവത്തിൻ്റെ മുമ്പിലാണു നാം കണക്ക് ബോദ്ധ്യപ്പെടുത്തേണ്ടത്.
ദൈവത്തിൻ്റെ യും ദൈവവചനത്തിൻ്റെ യും മുൻപിൽ മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും ദൈവത്തിൻ്റെ കണ്ണിന് വ്യക്തവും, മറവില്ലാത്തതുമായി കിടക്കുന്നു. മാത്രമല്ല നാം കണക്കു ഒടുവിൽ കൊടുക്കാനുള്ളത്, ഹൃദയങ്ങളെയും ഉൾപ്പോവുകളെയും അറിയുന്ന,ഹൃദയത്തിലെ ചിന്തകളെയും ഉദ്ദേശങ്ങളെയും വിവേചിച്ചറിയുന്ന ദൈവത്തിൻ്റെ മുമ്പിലാണു.
മനുഷ്യരെ പ്രസാദിപ്പിക്കുവാൻ വേണ്ടി ദൈവ വചനം പ്രസംഗിക്കുന്നവരെ പോലെ അനേകർ മനുഷ്യരുടെ മുൻപിൽ ജീവിക്കുന്നവർ ആണ്. എന്നാൽ ഹെബ്രായലേഖകൻ ഇവിടെ പറയുന്നത് നാം ഒരിക്കൽ എല്ലാറ്റിനും കണക്കു കൊടുക്കുവാൻ പോകുന്നത് നമ്മുടെ പുറമെയുള്ള പ്രവർത്തികൾ മാത്രം കാണുന്ന മനുഷ്യരുടെ മുൻപിൽ അല്ല പകരം ഹൃദയത്തിലെ ചിന്തകളെയും ഉദ്ദേശങ്ങളെയും വിവേചിച്ചറിയുന്ന ദൈവത്തിൻ്റെ മുൻപിൽ ആണെന്നാണ്.
അടുത്ത വാക്യത്തിൽ മുതൽ അഞ്ചാം അധ്യായത്തിലൂടെ ലേഖകൻ ഹെബ്രായ ലേഖനത്തിലെ പ്രധാനവിഷയമായ യേശുക്രിസ്തുവിൻ്റെ മഹാപൗരോഹിത്വത്തിലേക്കു കടക്കുന്നു....
ഈ പഠനത്തിൻ്റെ മുൻ അധ്യായങ്ങൾ താഴെയുള്ള ലിങ്കിൽ ലഭ്യമാണ് .
*ഹെബ്രായ ലേഖനം : ഒരു പഠനം - ആമുഖം
ഹെബ്രായ ലേഖനം അധ്യായം 1
ഹെബ്രായ ലേഖനം അധ്യായം 2
ഹെബ്രായ ലേഖനം അധ്യായം 3
ഈ പഠനത്തിലെ തുടർന്നുള്ള അധ്യായങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്..
ഹെബ്രായ ലേഖനം അധ്യായം 4: 14,15
ഹെബ്രായ ലേഖനം അധ്യായം 5
ഹെബ്രായ ലേഖനം അധ്യായം 6