ഹെബ്രായ ലേഖനം 3: യേശുക്രിസ്തു: നമ്മുടെ വിശ്വാസത്തിന്‍റെ അപ്പോസ്തലനും മഹാപുരോഹിതനും
ഹെബ്രായ ലേഖന പഠനം
അദ്ധ്യായം 3
യേശുക്രിസ്തു: നമ്മുടെ വിശ്വാസത്തിന്‍റെ അപ്പോസ്തലനും മഹാപുരോഹിതനും
ജിനു നൈനാൻ
1 അതുകൊണ്ട് സ്വർഗ്ഗീയവിളിയിൽ പങ്കാളികളായ വിശുദ്ധ സഹോദരന്മാരേ, നാം സ്വീകരിച്ച് ഏറ്റുപറയുന്ന വിശ്വാസത്തിന്റെ അപ്പൊസ്തലനും, മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ.
മൂന്നാം അദ്ധ്യായത്തിൽ കർത്താവിനെ ദൈവത്തിന്‍റെ ഭവനത്തിൽ എന്നേക്കും വസിക്കുന്ന പുത്രനായി, നമ്മു ടെ വിശ്വാസത്തിന്‍റെ അപ്പൊസ്തലനും, വിശ്വസ്തനായ മഹാപുരോഹിതനുമായി നമ്മുടെ മുൻപിൽ ലേഖന കർത്താവ് അവതരിപ്പിക്കുന്നു. ക്രിസ്തു ദൈവ ത്താൽ നിയമിക്കപ്പെട്ടിരിക്കുന്ന മഹാപുരോഹിതനും അപ്പോസ്തോലനും ആകയാൽ നമ്മുടെ വിശ്വാസം ഏറ്റു പറഞ്ഞു കൊണ്ട് തന്നെ ശ്രദ്ധാപൂർവ്വം വീക്ഷിക്കാൻ എഴുത്തുകാരൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു. രണ്ടാം അധ്യായത്തിൽ പറഞ്ഞുകൊണ്ടിരുന്നത് തുടരുകയാണ് ലേഖകൻ ഈ വാക്യങ്ങളിലൂടെ (അധ്യായം തിരിച്ച് അല്ല ലേഖനം എഴുതിയത് എന്ന് ഓർക്കുക )
യഹൂദാ മതത്തിലേക്കും മോശയുടെ ന്യായപ്രമാണത്തിലേക്കും പിന്മാറി മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന വിശ്വാസികളോട് തങ്ങളുടെ വിളിയായ സ്വർഗീയ വിളിയെ ഓർത്തുകൊണ്ട് മഹാപുരോഹിതനും അപ്പോസ്തോലനുമായ യേശുക്രിസ്തുവിനെ ശ്രദ്ധിച്ചു നോക്കി മുന്നോട്ടു പോകുവാൻ ലേഖന കർത്താവ് ഉത്സാഹിപ്പിക്കുന്നു.
അപ്പോസ്തലൻ എന്ന പദത്തിൻറെ അർത്ഥം അയക്കപ്പെട്ടവൻ എന്നാണ്. സുവിശേഷങ്ങളിൽ ഏറ്റവും കൂടുതൽ തവണ യേശുക്രിസ്തു തന്നെ പരിചയപ്പെടുത്തുന്നത് 'അയക്കപ്പെട്ടവൻ' എന്ന നിലയിലാണ്. പിതാവാണ് തന്നെ അയച്ചത് എന്നും കർത്താവ് തുടർച്ചയായി ആവർത്തിക്കുന്നു.
കൂടാതെ തൻറെ ശിഷ്യന്മാരോട് താൻ പറയുന്നത് പിതാവ് തന്നെ അയച്ചതുപോലെ ആണ് താൻ അവരെ ഈ ഭൂമിയിലേക്ക് അയക്കുന്നത് എന്നാണ്.
പിതാവ് പുത്രനെ അയയ്ക്കുകയും പുത്രൻ പിതാവിനാൽ ജീവിക്കുകയും ചെയ്തതുപോലെ പുത്രനാൽ അയക്കപ്പെട്ടവർ പുത്രൻ മൂലം ജീവിക്കണമെന്നും കർത്താവ് പറയുന്നു
പുത്രനാൽ അയക്കപ്പെട്ടു , പുത്രനാൽ ജീവിക്കുന്ന ജീവിതമാണ്, അഥവാ യേശുക്രിസ്തുവിൽ വിശ്വാസത്താൽ ദൃഷ്ടി പതിപ്പിച്ചു കൊണ്ടുള്ള ഒരു ഓട്ടമാണ് ക്രിസ്തീയ ജീവിതം, കാരണം നമ്മുടെ വിശ്വാസത്തിന്‍റെ കാരണവും, പൂർത്തിവരുത്തുന്നവനും ക്രിസ്തുവാണ് (എബ്രായർ 12: 2).
അതിനാൽ, പിന്മാറ്റത്തിലേക്കു പോകാതെ നമുക്കു മുന്നിൽ വെച്ചിരിക്കുന്ന ഓട്ടം മുന്നോട്ടു ഓടി പൂർത്തീകരിക്കണമെങ്കിൽ നാം യേശുക്രിസ്തുവിങ്കൽ നമ്മുടെ കണ്ണുകൾ ഉറപ്പിക്കുകയും നിരന്തരം അവനിൽ ആശ്രയിക്കു കയും ചെയ്യേണ്ടതുണ്ട്.
2 മോശെ ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയ ദൈവത്തിന്മുമ്പാകെ വിശ്വസ്തൻ ആകുന്നു.
ഈ വാക്യത്തിൽ പഴയ ഉടമ്പടിയുടെ മധ്യസ്ഥനായ മോശയും പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശുവും തമ്മിലുള്ള സാമ്യവും വ്യത്യാസവും ലേഖന കർത്താവ് വിശദീകരിക്കുന്നു.അവർ തമ്മിലുള്ള സാമ്യത എന്നത്, മോശയും യേശുവും ദൈവത്താൽ നിയമിക്കപ്പെട്ടവരും നിയമിച്ചാക്കിയ ദൈവത്തിന്മുമ്പാകെ വിശ്വസ്തരും ആയിരുന്നു എന്നതാണ്.
3 ഭവനത്തെക്കാളും ഭവനം നിർമ്മിച്ചവന് അധിക മഹത്വമുള്ളതുപോലെ യേശുവും മോശയേക്കാൾ അധികം മഹത്വത്തിന് യോഗ്യൻ എന്ന് വെളിപ്പെട്ടിരിക്കുന്നു.
എന്നാൽ മോശയും യേശുവും തമ്മിലുള്ള പ്രധാന വ്യത്യാസം ഭവനവും ഭവനം നിർമ്മിച്ചവനും തമ്മിലുള്ള മഹത്വത്തിലെ വ്യത്യാസം പോലെയാണ്.
4 ഏത് ഭവനവും നിർമ്മിപ്പാൻ ഒരാൾ വേണം; സർവ്വവും നിർമ്മിച്ചവൻ ദൈവം തന്നേ.
സർവ്വവും നിർമ്മിച്ചവൻ ദൈവമാണ്, താൻ അത് ചെയ്തതു തൻ്റെ പുത്രനായ ക്രിസ്തുവിനു വേണ്ടിയും, ക്രിസ്തു മുഖാന്തിരവും ആണ്.
5 മോശെ വാസ്തവമായും ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്ത ശുശ്രൂഷക്കാരനായിരുന്നത്, ദൈവം ഭാവിയിൽ അരുളിച്ചെയ്യുവാനിരുന്ന കാര്യങ്ങൾക്ക് സാക്ഷ്യം പറയേണ്ട ദാസൻ എന്ന നിലയിലാണ്. 6 എന്നാൽ ക്രിസ്തുവോ തന്റെ ഭവനത്തിന് അധികാരം ഭരമേല്പിക്കപ്പെട്ട പുത്രനായിട്ട് തന്നേ വന്നു;
മോശയും യേശുവും തമ്മിലുള്ള അടുത്ത വ്യത്യാസം മോശ ദൈവ ഭവനത്തിൽ വിശ്വസ്തനായിരുന്നതു ദാസൻ എന്ന നിലയിൽ ആയിരുന്നു എങ്കിൽ ക്രിസ്തു വിശ്വസ്തനായിരുന്നത് ഭവനത്തിൻ്റെ അധികാരിയായ പുത്രൻ എന്ന നിലയിലായിരുന്നു .
പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും തമ്മിലുള്ള പ്രധാന വ്യത്യാസവും ഇതു തന്നെ. മോശയുടെ ന്യായപ്രമാണത്തിൻ കീഴിൽ നിന്നും ക്രിസ്തുവിലേക്ക് ആകുമ്പോൾ ദാസ്യത്തിൽ നിന്നും പുത്രത്വത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് മാറ്റപ്പെടുന്നു.
ഗലാ. 4: 4എന്നാൽ തക്ക കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനായ യേശുവിനെ സ്ത്രീയിൽനിന്ന് ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴിൽ ജനിച്ചവനായി അയച്ചത് അവൻ ന്യായപ്രമാണത്തിൻ കീഴിലുള്ളവരെ വീണ്ടെടുത്തിട്ട് നാം പുത്രത്വം പ്രാപിക്കേണ്ടതിനു തന്നെ
5 നമുക്ക് അവനിലുള്ള ദൃഢവിശ്വാസവും, നാം പ്രത്യാശിക്കുന്നതിലുള്ള അഭിമാനവും അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം തന്നേ അവന്റെ ഭവനം ആകുന്നു.
മാത്രമല്ല പുത്രനായ ക്രിസ്തു നമ്മിൽ വസിക്കുന്നു അതിനാൽ നാം ദൈവത്തിൻ്റെ ഭവനവും ആകുന്നു. നമ്മുടെ അവനിലുള്ള ദൃഢവിശ്വാസവും, നാം പ്രത്യാശിക്കുന്നതിലുള്ള അഭിമാനവും അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ ദൈവം ഒരു ഭവനത്തിൽ എന്നത് പോലെ നമ്മിൽ അവസാനത്തോളം വസിക്കും.
*അവിശ്വാസവും , പിന്മാറ്റവും, വിശ്വാസത്യാഗവും*
7,8 അതുകൊണ്ട് പരിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നതുപോലെ: “ഇന്ന് നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെ ങ്കിൽ മരുഭൂമിയിൽവച്ച് പരീക്ഷാസമയങ്ങളിലെ മത്സരത്തിൽ, നിങ്ങളുടെ പൂർവികരായ യിസ്രായേൽ മക്കൾ ചെയ്തതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.
ക്രിസ്തുവിലുള്ള ദൃഢവിശ്വാസവും, പ്രത്യാശയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊള്ളാതെ ഇരുന്നാൽ എന്ത് സംഭവിക്കും എന്നാണ് ലേഖകൻ ഇവിടെ മുന്നറിയിപ്പായി പറയുന്നത്.
രണ്ടാം അധ്യായത്തിൽ ലേഖകൻ പിൻമാറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു അതിനു തുടർച്ചയായി ലേഖന കർത്താവ് വീണ്ടും ആ മുന്നറിയിപ്പ് ഇവിടെ തുടരുകയാണ്.
പിൻമാറ്റത്തിൻറെ ആദ്യ അവസ്ഥ എന്നത് കേൾക്കുന്ന വചനം ശ്രദ്ധയോടെ കരുതി കൊള്ളാതെ ഒഴുകി പോകുന്നതാണ് എങ്കിൽ അതിൻറെ അടുത്ത അവസ്ഥ കേൾക്കുന്ന വചനത്തോടു മത്സരിച്ച ഹൃദയം കഠിനമാക്കുക എന്നതാണ്.
9 അവിടെവച്ച് നിങ്ങളുടെമുന്‍ തലമുറകളിലുള്ള പിതാക്കന്മാർ ദൈവത്തോട് മത്സരിക്കുകയും നാല്പതു ആണ്ട് എന്റെ പ്രവർത്തികളെ കണ്ടിട്ടും എന്നെ പരീക്ഷിക്കുകയും ചെയ്തു. 10 അതുകൊണ്ട് എനിക്ക് ആ തലമുറയോട് നീരസം ഉണ്ടായി. അവർ എപ്പോഴും തെറ്റിപ്പോകുന്ന ഹൃദയമുള്ളവർ എന്നും എന്റെ വഴികളെ അറിയാത്തവർ എന്നും ഞാൻ പറഞ്ഞു:
പഴയനിയമ ചരിത്രത്തിൽ നിന്നും നിന്നും ദൈവത്തോട് മത്സരിച്ച ഹൃദയം കഠിനമാക്കിയ ഇസ്രായേലിനെ ഉദാഹരണമാക്കി ലേഖന കർത്താവ് വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകുന്നു.
ഇസ്രയേൽ മക്കൾക്ക് പറ്റിയ ഒരു തെറ്റ് ഇവിടെ ലേഖകൻ ചൂണ്ടിക്കാണിക്കുന്നു, അത് ദൈവത്തിൻറെ പ്രവർത്തികൾ അവർ കണ്ടു എങ്കിലും തന്നെ വഴികളെ അവർ അറിഞ്ഞില്ല എന്നതാണ്
എന്താണ് ദൈവത്തിൻ്റെ വഴികളെ അറിയുകയും, പ്രവര്‍ത്തികളെ അറിയുകയും തമ്മിലുള്ള വ്യത്യാസം?
ഇന്ന് അനേകര്‍ ദൈവത്തിൻ്റെ അത്ഭുത പ്രവര്‍ത്തികളെ അവരുടെ ജീവിതത്തില്‍ അറിഞ്ഞവര്‍ ആണ്. അത് നല്ലത് തന്നെ. എന്നാല്‍ നാം മനസ്സിലാക്കേണ്ടത്, ഇന്നുള്ള ആരെക്കാളും നന്നായി ദൈവത്തിൻ്റെ പ്രവര്‍ത്തികളെ അറിഞ്ഞവര്‍ ആയിരുന്നു ഇസ്രായേല്‍ മക്കള്‍. ചെങ്കടല്‍ കണ്ണിനു മുന്‍പില്‍ വിഭജിക്കപ്പെട്ടതും, പാറയില്‍ നിന്നും വെള്ളം പുറപ്പെട്ടതും കണ്ടവര്‍. നാല്‍പതു വര്‍ഷങ്ങള്‍ മന്നയും, കാടപക്ഷിയും ദിവസേന അത്ഭുതകരമായി ലഭിച്ചവര്‍. എന്നാല്‍ ദൈവം അവരെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്.
1 കൊരിന്ത്യര്‍ 10:5: എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.
എന്തായിരുന്നു ദൈവത്തിൻ്റെ അത്ഭുത പ്രവര്‍ത്തികള്‍ അറിഞ്ഞ ഇസ്രായേല്‍ മക്കള്‍ക്ക് പറ്റിയ തെറ്റ്? അത് ദൈവം തന്നെ അടുത്ത വാക്യത്തില്‍ പറയുന്നു.
“അവർ എൻ്റെ വഴികളെ അറിയാത്തവർ എന്നും ഞാൻ പറഞ്ഞു;”
ദൈവത്തിൻ്റെ പ്രവര്‍ത്തികളെ അറിയുകയും, തൻ്റെ വഴികളെ അറിയാതെയിരിക്കുകയും ചെയ്തു. അതിനാല്‍ അവര്‍ക്ക് നഷ്ടം ആയതു എന്താണ്? അതും ദൈവം തന്നെ പറയുന്നു.
എബ്രായര്‍ 3:11 അവർ എൻ്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ഞാൻ എൻ്റെ ക്രോധത്തിൽ സത്യം ചെയ്തു.
ദൈവത്തിൻ്റെ പ്രവര്‍ത്തികള്‍ മാത്രം കാണുകയും, തൻ്റെ വഴികളെ അറിയാതെയിരിക്കുകയും ചെയ്യുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത്, അവൻ്റെ സ്വസ്ഥത ആണ്.
അത് മനസ്സിലാക്കിയത് കൊണ്ടാണ് എല്ലാ യിസ്രായേല്‍ ജനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി മോശ ദൈവത്തെയും അവിടുത്തെ വഴികളെയും അറിയാന്‍ ആഗ്രഹിച്ചത്.
പുറപ്പാടു: 33:13-14 ആകയാൽ എന്നോടു കൃപയുണ്ടെങ്കിൽ നിൻ്റെ വഴി എന്നെ അറിയിക്കേണമേ; നിനക്കു എന്നോടു കൃപയുണ്ടാകുവാന്തക്കവണ്ണം ഞാൻ നിന്നെ അറിയുമാറാകട്ടെ; അതിന്നു അവൻ: എൻ്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നല്കും എന്നു അരുളിച്ചെയ്തു.
ദൈവത്തിൻ്റെ പ്രവർത്തികൾ എത്ര തന്നെ കണ്ടാലും, അവൻ്റെ വഴികളെ അറിയാതെ ഇരുന്നാൽ അവിശ്വാസം നമ്മിൽ ഉണ്ടാകുവാനും പിന്മാറ്റത്തിലേക്കു പോകുവാനും സാധ്യതയുണ്ട് എന്നും ലേഖകൻ മുന്നറിയിപ്പ് തരുന്നു.
12 സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയുന്ന അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിക്കുവാൻ ജാഗ്രതയുള്ളവരായിരിക്കുക.
പിൻമാറ്റത്തിൻറെ ആദ്യ അവസ്ഥ എന്നത് കേൾക്കുന്ന വചനം ശ്രദ്ധയോടെ കരുതി കൊള്ളാതെ ഒഴുകി പോകുന്നതാണ് എങ്കിൽ അതിൻറെ അടുത്ത അവസ്ഥ കേൾക്കുന്ന വചനത്തോടു മത്സരിച്ച ഹൃദയം കഠിനമാക്കുക എന്നതാണ്.എന്നാൽ പിന്മാറ്റത്തിൻറെ അവസാന അവസ്ഥ എന്നത് ദൈവത്തെ തള്ളിക്കളയുന്ന വിശ്വാസത്യാഗമാണ്.
പിന്മാറ്റം എന്ന യാത്രയുടെ അവസാനം വിശ്വാസത്യാഗം ആണ് എന്ന് ഉറപ്പായി അറിയാമായിരുന്ന ലേഖകൻ അതിലേക്കു നയിക്കുന്ന അവിശ്വാസമുള്ള ദുഷ്ടഹൃദയം കേള്വിക്കാര്ക്ക് ആർക്കും ഉണ്ടാകരുത് എന്ന് മുന്നറിയിപ്പ് നല്കുന്നു.ജാഗ്രതയോടെ ഇരിക്കാൻ ആവശ്യപ്പെടുന്നു.
ഇത് വായിക്കുമ്പോള്‍ സ്വാഭാവികമായി ഒരു സംശയം ഉണ്ടാകാം, യേശുക്രിസ്തുവില്‍ ഉള്ള വിശ്വാസത്താല്‍ നിത്യമരണത്തില്‍ നിന്നും നിത്യജീവനിലേക്ക് കടന്ന ഒരുവന്‍, പിന്മാറ്റത്തിൽ പോയാൽ അവന്‍റെ രക്ഷ നഷ്ടപ്പെടുമോ? അങ്ങനെയെങ്കില്‍ എന്ത് ഭദ്രത ആണ് രക്ഷക്ക് ഉള്ളത്? പലരും ചോദിക്കുന്നത് പോലെ പാപം ചെയ്യുമ്പോള്‍ പേര് മായിക്കുകയും, മനസന്തരപ്പെടുമ്പോള്‍ വീണ്ടും എഴുതുകയും ചെയ്യുന്ന ഒരു പുസ്തകം ആണോ ജീവപുസ്തകം?
ഒരിക്കലുമല്ല, യഥാര്‍ത്ഥത്തില്‍ വിശ്വാസത്താല്‍ യേശുവിനെ കര്‍ത്താവായി കൈകൊള്ളുന്നതില്‍ കൂടി ആണ് ഒരുവന്‍ നിത്യജീവന്‍ പ്രാപിക്കുന്നത്. അതിനാൽ പാപത്തിൽ വീഴുമ്പോൾ അല്ല, അവിശ്വാസതാല്‍ ദൈവത്തെ തള്ളിക്കളയുന്നതില്‍ കൂടി മാത്രമേ രക്ഷ നഷ്ടപ്പെടുകയുള്ളൂ എന്നും ദൈവവചനം വ്യക്തമാക്കുന്നു; അത് കൊണ്ടാണ്.
ഹെബ്രായര്‍ 3:12 സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ. എന്ന് ലേഖകൻ ഇവിടെ പറയുന്നത്.
( ഈ പറയുന്നത് വീണ്ടും ജനിച്ച സഹോദരന്മാരോട് ആണ് എന്നും, അവര്‍ക്ക് ജീവനുള്ള ദൈവത്തെ അവിശ്വാസതാല്‍ തള്ളിക്കളയാം എന്നും ഈ വാക്യത്തില്‍ വ്യക്തം )
എന്നാല്‍ പാപവും പിന്മാറ്റവും , നമ്മെ ദൈവത്തെ ത്യജിക്കുന്നതിലേക്ക്, രക്ഷ തള്ളിക്കളയുന്നതിലേക്ക് എങ്ങനെ നയിക്കും? പാപവും അവിശ്വാസവും തമ്മില്‍ എന്താണ് ബന്ധം? ഇവിടെയാണ് നാം നമ്മുടെ മനുഷ്യനിർമ്മിത ദൈവശാസ്ത്ര വ്യാഖ്യാനങ്ങൾക്കു അപ്പുറത്തു ദൈവവചനത്തെ മനസ്സിലാക്കേണ്ടത്. തൊട്ടടുത്ത വാക്യത്തില്‍ ലേഖകൻ പറയുന്നത് ശ്രദ്ധിക്കൂ,
3:13 നിങ്ങൾ ആരും പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന്നു...
പാപത്തിന്‍റെ ചതി എന്ന് പറയുന്നത്, നാം അറിയാതെ തന്നെ നമ്മുടെ ഹൃദയത്തെ അത് കഠിനമാക്കും എന്നതാണ്. ക്രമേണ അത് നമ്മെ അവിശ്വാസത്തിലേക്കും, അതുവഴി ജീവനുള്ള ദൈവത്തെ തള്ളിക്കളയുന്നതിലെക്കും നയിക്കും. ഈ കാര്യങ്ങൾ ഈ വാക്യങ്ങളില്‍ സ്ഫടികസമാനം വ്യക്തം. അങ്ങനെ സംഭവിക്കുകയില്ല എങ്കിൽ ഇത്തരം മുന്നറിയിപ്പുകളുടെ ആവശ്യം തന്നെയില്ലാ യിരുന്നു. ദൈവം ഇല്ലാത്ത കാര്യങ്ങളെ പറഞ്ഞു ഭയപ്പെടുത്തുകയല്ല ചെയ്യുന്നത് സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളെക്കുറിച്ചു തന്നെയാണ് മുന്നറിയിപ്പ് നൽകുന്നത്.
ഒരുവന്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുമ്പോള്‍ ദൈവം അവനെ തന്‍റെ പരിശുദ്ധാത്മാവ് കൊണ്ട് വീണ്ടെടുപ്പു നാളിലേക്ക് മുദ്രയിടുന്നു , എന്നാല്‍ ആ വീണ്ടെടുക്കപ്പെട്ട വ്യക്തി, പാപം ചെയ്യുമ്പോള്‍ ദൈവാത്മാവ് അവനെ വിട്ടു പോവുകയല്ല, പകരം ദു:ഖിക്കുക ആണ് ചെയ്യുന്നത്.
എന്നാല്‍ അവന്‍ പാപത്തില്‍ മന:പ്പൂര്‍വ്വം ആയി തുടരുകയും, പിന്മാറ്റത്തിൽ തുടരുകയും ഒരിക്കലും മനസന്തരപ്പെടാതെ ഇരിക്കുകയും ചെയ്യുമ്പോള്‍, അവനിൽ അവിശ്വാസമുള്ള ഒരു ദുഷ്ട ഹൃദയം ഉണ്ടാകുകയും, ഒടുവിൽ അവന്‍ അവിശ്വാസം മൂലം ദൈവത്തെ ത്യജിക്കുകയും ചെയ്യും എന്ന് ദൈവവചനം വ്യക്തമായി പഠിപ്പിക്കുന്നു. മാത്രമല്ല അങ്ങനെയുള്ളവരെ മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിയില്ല എന്നും ലേഖകൻ വ്യക്തമാക്കുന്നു.
ഹെബ്രായര്‍ 6:4 ഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വർഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും ..... ചെയ്തവർ പിന്മാറിപ്പോയാൽ അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല.
അടുത്തതായി ലേഖകൻ പറയുന്നത് ഹൃദയ കാഠിന്യത്തിലേക്കും അവിശ്വാസത്തിലേക്കും പോകാതെ ഇരിക്കാൻ എന്ത് ചെയ്യണം എന്നതാണ്.
3:13 “ഇന്നു” എന്നു പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ.
ഹൃദയ കാഠിന്യത്തിലേക്കും അവിശ്വാസത്തിലേക്കും പോകാതെ ഇരിക്കാൻ ക്രിസ്തുവിൽ ദൃഷ്ടി ഉറപ്പിച്ചു ഓടുക എന്നകാര്യം ആണ് ആദ്യഭാഗത്തു ലേഖകൻ പറയുന്നത്. എന്നാൽ ഇവിടെ പിന്മാറ്റത്തിന് മറുമരുന്നായി ലേഖന കർത്താവ് പറയുന്നത് നാൾതോറും അന്യോന്യം പ്രബോധിപ്പിക്കുക അഥവാ ഉത്സാഹിപ്പിക്കുക എന്നതാണ്. അതിനാൽ ആണ്, സഭായോഗങ്ങളെ ഉപേക്ഷിക്കരുത് എന്നും. സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിക്കുവാൻ അന്യോന്യം പ്രോൽസാഹിപ്പിക്കുവാൻ ശ്രദ്ധിക്കുക എന്ന് ലേഖനകർത്താവ് പത്താം അധ്യായത്തിൽ വീണ്ടും ആവർത്തിക്കുന്നത്.
3:14 നമ്മുടെ വിശ്വാസം, ആദിമുതൽ അന്ത്യം വരെ ദൃഢമായിപ്പിടിച്ചുകൊണ്ടിരുന്നാൽ നാം ക്രിസ്തുവിൽ പങ്കാളികളായിത്തീർന്നിരിക്കുന്നു.
ദൈവം നമ്മെ താങ്ങുന്നു എന്നും, വീഴാതെ വണ്ണം കാക്കുന്നു എന്നും, വിശ്വാസത്തിൽ നിർത്തുന്നു എന്നുമുള്ള അനേക വാക്യങ്ങൾ തിരുവെഴുത്തുകളിൽ നമുക്ക് കാണുവാൻ സാധിക്കും. എന്നാൽ ഈ വാക്യങ്ങളിലൂടെ ദൈവം ചെയ്യുന്നതിന് പ്രതികരണമായി വിശ്വാസികളുടെ ഭാഗത്തു നിന്നുണ്ടാകേണ്ട ഉത്തരവാദിത്വം ആണ് ലേഖകൻ ചൂണ്ടിക്കാണിക്കുന്നത്.
അത് ദൈവം നമ്മിൽ പകർന്ന നമ്മുടെ വിശ്വാസം, ആദിമുതൽ അന്ത്യം വരെ ദൃഢമായിപ്പിടിച്ചുകൊണ്ടിരിക്കുക എന്നതാണു. അങ്ങനെ നാം ചെയ്‌താൽ നാം ക്രിസ്തുവിൽ പങ്കാളികളായിത്തീർന്നിരിക്കുന്നു എന്നും അല്ല എങ്കിൽ പിന്മാറ്റത്തിലേക്കു പോകും എന്നും ഈ വാക്യങ്ങളിൽ സുവ്യക്തം തന്നെ.
ക്രിസ്തീയ ജീവിതത്തിൽ ദൈവം നമ്മിൽ ചെയ്യുന്നതും, അതിനു പ്രതികരണമായി നാം ചെയ്യണ്ടതുമായ കാര്യങ്ങൾ ഉണ്ട്, ദൈവവചനം ഇത് വ്യക്തമായി പഠിപ്പിക്കുന്നു. ഇതിൽ ഏതെങ്കിലും ഒന്നിനെ തള്ളിക്കളയുകയും വേറൊന്നിനു അമിതപ്രാധാന്യം നൽകുകയും ചെയ്യുന്നതിലൂടെ പല തെറ്റായ ഉപദേശങ്ങളും ഉണ്ടാകുന്നു. പല മാനുഷിക ദൈവശാസ്ത്ര സിദ്ധാന്തങ്ങളും ഇത്തരത്തിൽ ഏകപക്ഷീയമായ സിദ്ധാന്തങ്ങളാണ്.
15“ഇന്ന് നിങ്ങൾ അവന്റെ ശബ്ദം ശ്രദ്ധിക്കുന്നുവെങ്കിൽ, ദൈവത്തോടുള്ള മത്സരത്തിൽ ഹൃദയങ്ങളെ യിസ്രയേല്യർ കഠിനമാക്കിയതുപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുത്” എന്നു തിരുവെഴുത്ത് പറയുന്നതിൽ 16ആരാകുന്നു ദൈവശബ്ദം കേട്ടിട്ട് മത്സരിച്ചവർ? മിസ്രയീമിൽ നിന്ന് മോശെമുഖാന്തരം വിമോചിതരായ എല്ലാവരുമല്ലോ.
രക്ഷ എന്നത് മിസ്രയീമിൽനിന്നുള്ള വിമോചനം മാത്രമല്ല അധവാ പാപക്ഷമയും പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും മാത്രമല്ല വിജയകരമായ ജീവിതവും ദൈവീക സ്വസ്ഥതയായ കനാനിലേക്കുള്ള പ്രവേശനവും കൂടിയാണ്. ദൈവീക പദ്ധതിയിൽ ഇവ രണ്ടും ഒരുമിച്ചാണ്.
അതിനാൽ തന്നെയാണ് "സത്യംചെയ്ത ദേശത്തേക്ക് കൊണ്ടുവന്നാക്കേണ്ടതിന് അവിടെ നിന്ന് പുറപ്പെടുവിച്ചു" (ആവർ. 6:23) എന്ന് പറയുന്നത്.
എന്നാൽ മിസ്രയീമിൽനിന്ന് മോശെമുഖാന്തരം പുറപ്പെടുവിക്കപ്പെട്ട മിക്കവരും ദൈവീക സ്വസ്ഥതെയായ കനാനിൽ എത്തിയില്ല ,പകരം അവരുടെ ശവങ്ങൾ മരുഭൂമിയിൽ വീണുപോയി എന്നുള്ള മുന്നറിയിപ്പ് ലേഖകൻ ഇവിടെ ആവർത്തിക്കുന്നു.
അനേകം ക്രിസ്തീയ വിശ്വാസികളുടെ ജീവിതം ഇത് പോലെയാണ്, അവർ മിസ്രയീമിൽ നിന്ന് പുറപ്പെട്ടവർ ആണ്, അഥവാ രക്ഷിക്കപ്പെട്ടവർ ആണ്, മാത്രമല്ല അവർ ദൈവത്വത്തിൻ്റെ അനേകമായ പ്രവർത്തികളെ കണ്ടവർ ആണ്, എന്നാൽ അവരുടെ ക്രിസ്തീയ ജീവിതം ഇന്നും മരുഭൂമിയിലെ ജീവിതമാണ്.
ക്രിസ്തീയ ജീവിതത്തെ മരുഭൂമി ജീവിതത്തോട് ഉപമിപ്പിച്ചുകൊണ്ടുള്ള അനേക ഗാനങ്ങളും നമുക്ക് ക്രിസ്തീയ ഗാനാവലികളിൽ കാണുവാൻ കഴിയും. എന്നാൽ മരുഭൂമി ജീവിതം യഥാർത്ഥ ക്രിസ്തീയ ജീവിതം അല്ലെന്നും, ദൈവീക പദ്ധതി മിസ്രയീമിൽ നിന്നും പുറപ്പെട്ട അധവാ രക്ഷിക്കപ്പെട്ട ഓരോരുത്തരെയും കുറിച്ച് കനാനിലെ അധവാ പാപത്തിന് മേൽ വിജയമുള്ള ജീവിതമാണ് എന്ന് പലരും തിരിച്ചറിയുന്നില്ല.
17 നാല്പതു ആണ്ട് ദൈവം ആരോട് കോപിച്ചു? പാപം ചെയ്തവരോടല്ലയോ? അവരുടെ ശവങ്ങൾ മരുഭൂമിയിൽ വീണുപോയി.18എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ആണയിട്ടത് അനുസരണംകെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു?
മിസ്രയീമിൽ നിന്ന് പുറപ്പെട്ട മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നുള്ളത് പുതിയ നിയമ വിശ്വാസികൾക്കുള്ള മുന്നറിയിപ്പായി മൂന്നു ലേഖനങ്ങളിൽ ആവർത്തിച്ചിരുന്നു.
(1 കൊരിന്ത്യര്‍ 10:5,യൂദാ 1:5)
എന്താണ് ദൈവം പ്രസാദിക്കാതെ ഇരിക്കുവാനുള്ള കാരണം, അത് ഹെബ്രായ ലേഖനകർത്താവ് തന്നെ തുടർന്ന് പറയുന്നുണ്ട്..
എബ്രാ. 11: 6 എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യം തന്നെ.
യൂദായുടെ ലേഖനത്തിലും ആവർത്തിക്കുന്നു.
യൂദാ 1: 5 കർത്താവ് ജനത്തെ മിസ്രയീമിൽനിന്ന് രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതിൽ നശിപ്പിച്ചു.
അതെ ഇസ്രായേൽ മക്കൾ ദൈവീക സ്വസ്ഥതയായ കനാനിൽ പ്രവേശിക്കുവാൻ കഴിയാതെ ഇരുന്നതിനു കാരണം അവിശ്വാസം തന്നെയാണ്.
19 ഇങ്ങനെ അവരുടെ അവിശ്വാസം നിമിത്തം അവർക്ക് എന്‍റെ സ്വസ്ഥതയില്‍ പ്രവേശിക്കുവാൻ കഴിഞ്ഞില്ല എന്നു നാം കാണുന്നു.
വിശ്വാസത്താൽ ക്രിസ്തീയ യാത്ര തുടങ്ങിയവർ വചനം ശ്രദ്ധയോടെ കരുതി കൊള്ളാതെ ഇരുന്നാൽ ഒഴുകി പോകുന്നത്തിൽ തുടങ്ങുന്ന പിന്മാറ്റം, കേൾക്കുന്ന വചനത്തോടു മത്സരിച്ച ഹൃദയം കഠിനമാക്കുന്ന അവസ്ഥയിലേക്കും,പിന്നീട് അവിശ്വാസമുള്ള ദുഷ്ട ഹൃദയമായി രൂപപ്പെടുന്നതിലേക്കും അവസാനമായി ദൈവത്തെ തള്ളിക്കളയുന്ന വിശ്വാസത്യാഗത്തിലേക്കും എത്താനുള്ള സാധ്യത ലേഖകൻ ഈ വാക്യങ്ങളുടെ വ്യക്തമാക്കുന്നു.
ഈ പഠനത്തിലെ മുൻ അധ്യായങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്..
*ഹെബ്രായ ലേഖനം : ഒരു പഠനം - ആമുഖം
ഹെബ്രായ ലേഖനം അധ്യായം 1
ഹെബ്രായ ലേഖനം അധ്യായം 2
ഈ പഠനത്തിലെ തുടർന്നുള്ള അധ്യായങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്..
ഹെബ്രായ ലേഖനം അധ്യായം 4
ഹെബ്രായ ലേഖനം അധ്യായം 4: 14,15
ഹെബ്രായ ലേഖനം അധ്യായം 5
ഹെബ്രായ ലേഖനം അധ്യായം 6