ഹെബ്രായ ലേഖനം അധ്യായം 2 : യേശുക്രിസ്തു : പരിപൂർണ്ണനായ മനുഷ്യൻ, ദൂതന്മാരെക്കാൾ താഴ്ച വന്നവൻ.
അധ്യായം 2
യേശുക്രിസ്തു : പരിപൂർണ്ണനായ മനുഷ്യൻ, ദൂതന്മാരെക്കാൾ താഴ്ച വന്നവൻ.
ഒന്നാം അധ്യായത്തിൽ യേശുക്രിസ്തുവിന്‍റെ ദൈവത്വത്തെയും, തൻ്റെ ഉയിർത്തെഴുനേൽപ്പിനാൽ ദൈവദൂതന്മാരെക്കാൾ ശ്രേഷ്ഠനായിത്തീർന്നതിനെയും പറ്റി വിവരിച്ചതിനു ശേഷം ഹെബ്രായ ലേഖന കർത്താവ് രണ്ടാമധ്യായത്തിൽ യേശുക്രിസ്തുവിന്‍റെ മനുഷ്വത്വത്തെയും, ദൂതന്മാരെക്കാൾ താഴ്ച വന്നതിനെക്കുറിച്ചും, തന്നിലൂടെയുള്ള രക്ഷാ പദ്ധതിയെയും വിശദീകരിക്കുകയാണ്.
ഹെബ്രായ ലേഖനത്തിൽ തുടർന്നുള്ള അധ്യായങ്ങളിൽ എല്ലാം ദൈവരൂപത്തിൽ നിന്നും, ദൈവീക സമത്വത്തിൽ നിന്നും തന്നെത്താൻ താഴ്ത്തിയ ക്രിസ്തുവിന്‍റെ മനുഷ്വത്വത്തിനാണ് ലേഖകൻ കൂടുതൽ ഊന്നൽ നൽകുന്നത്.
വാക്യം 1-4 അതുകൊണ്ട്, തീർച്ചയായും നാം ഒഴുകിപ്പോകാതിരിക്കേണ്ടതിന് കേട്ട വചനം വളരെയധികം ശ്രദ്ധയോടെ കരുതിക്കൊള്ളേണ്ടതാകുന്നു. ദൂതന്മാർ മുഖാന്തരം നമ്മുടെ മുന്‍തലമുറയിലുള്ള പിതാക്കന്മാരോടു അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കുകയും ഓരോരോ ലംഘനത്തിനും അനുസരണക്കേടിനും ന്യായമായ ശിക്ഷ ലഭിക്കുകയും ചെയ്തു എങ്കിൽ, ഇത്ര വലിയ രക്ഷ നാം അവഗണിച്ചാൽ എങ്ങനെ ശിക്ഷ യിൽനിന്ന് ഒഴിഞ്ഞുമാറും?
രക്ഷ എന്നതോ ആദ്യം കർത്താവ് അരുളിച്ചെയ്തതും കേട്ടവർ നമുക്കു ഉറപ്പിച്ചുതന്നതും, ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധ വീര്യപ്രവൃത്തികളാലും, മാത്രമല്ല തന്‍റെ ഹിതപ്രകാരം പരിശുദ്ധാത്മാവിന്‍റെ വിവിധ ദാനങ്ങൾ കൊണ്ടും സാക്ഷ്യപ്പെടുത്തിയതുമാണ്.
രണ്ടാം അദ്ധ്യായം ആരംഭിക്കുമ്പോൾ തന്നെ, ലേഖനകർത്താവ് ഈ ലേഖനത്തിൻ്റെ മുഖ്യവിഷയമായ പിന്മാറ്റത്തിലേക്കു പോകുന്നതിനു എതിരെയുള്ള മുന്നറിയിപ്പ് നൽകുന്നു.
ഈ രക്ഷാസന്ദേശം പുത്രനിൽ കൂടി കൂടി ദൈവം അറിയിക്കുന്നതാണ്, അത് കർത്താവ് അരുളിച്ചെയ്തതും കേട്ടവർ ഉറപ്പിച്ചുതന്നതും, ദൈവം അടയാളങ്ങളും അത്ഭുതങ്ങളും കൊണ്ടും, പരിശുദ്ധാത്മാവിന്‍റെ വിവിധ ദാനങ്ങൾ കൊണ്ടും സാക്ഷ്യപ്പെടുത്തിയതു മാണ്.
അതിനാൽ ഈ സന്ദേശത്തെ ശ്രദ്ധയോടെ നാം ശ്രദ്ധയോടെ കരുതിക്കൊള്ളേണം എന്നും , ഇല്ല എങ്കിൽ എങ്കിൽ ക്രമേണ പിന്മാറ്റത്തിലേക്കു ഒഴുകി പോകാനുള്ള സാധ്യതയയുണ്ട് എന്നും, അത് ദൈവീക ശിക്ഷവിധിയിലേക്കു എത്തിക്കും എന്നും ലേഖകൻ മുന്നറിയിപ്പ് നൽകുന്നു.
ഒരു നാവികന്‍റെ ഭാഷയിൽ ക്രിസ്തീയ ജീവിതത്തെ ഒരു കപ്പൽ യാത്രയോടു ഉപമിച്ചു കൊണ്ടാണ് ലേഖകൻ പിന്മാറ്റത്തിന്‍റെ അപകടത്തെക്കുറിച്ചു മുന്നറിയിപ്പ് നൽകുന്നത്, പിന്മാറ്റം എന്നത് നങ്കൂരം ശരിയായി ഉറപ്പിക്കാത്ത ഒരു കപ്പൽ ഒഴുകിപ്പോകുന്ന പോലെയാണ്.
ഒരു കപ്പൽ ഒഴുകിപ്പോകാതെ ഇരിക്കണം എങ്കിൽ അതിന്‍റെ നങ്കൂരം ശരിയായി ഉറപ്പിക്കേണ്ടതാണ്. ഇല്ല എങ്കിൽ വിശ്വാസത്യാഗം എന്ന കപ്പൽ തകർച്ചയിൽ അത് എത്തിച്ചേരും. അങ്ങനെ വിശ്വാസക്കപ്പൽ തകർന്നവരുടെ ഉദാഹരണങ്ങൾ നമുക്ക് പുതിയ നിയമത്തിൽ കാണുവാൻ കഴിയും.
1 തിമൊ. 1:19 ചിലർ ഈ വിശ്വാസവും നല്ല മനസ്സാ ക്ഷിയും തള്ളിക്കളഞ്ഞതു നിമിത്തം കപ്പൽ ഛേതം സംഭവിച്ചതുപോലെ അവരുടെ വിശ്വാസം തകർന്നു പോയി ഇക്കൂട്ടത്തിൽപ്പെട്ടവരാണ് ഹുമനയൊസും അലെക്സന്തറും
മുൻപോട്ടുള്ള അധ്യായങ്ങളിൽ ദൈവീക വാഗ്ദത്തത്തിലും, ദൈവീക പ്രതിജ്ഞയിലും വിശ്വാസം എന്ന നങ്കൂരം ഉറപ്പിക്കേണ്ടതിനെപ്പറ്റിയും , വിശ്വാസത്തിന്‍റെ അമരക്കാരനും, വിശ്വാസ കപ്പലിൻ്റെ നാവികനും, വിശ്വാസയാത്രയുടെ പൂർത്തിവരുത്തുന്നവനുമായ ക്രിസ്തുവിൽ ദൃഷ്ടിവച്ച് മുന്നോട്ടു ഓടുന്നതിനെക്കുറിച്ചും ലേഖകൻ പറയുന്നു. ( ഹെബ്രായർ 5 )
വാക്യം 5: നാം പ്രസ്താവിക്കുന്ന ആ വരുവാനുള്ള ലോകത്തെ ദൈവം ദൂതന്മാരുടെ ആധിപത്യത്തിൻ കീഴിൽ അല്ല ആക്കിയിരിക്കുന്നത്.
ദൈവം ഭൂമിയെ ദൂതന്മാരുടെ അധിപത്വത്തിൽ അല്ല, മനുഷ്യന്‍റെ ആധിപത്യത്തിൽ ആയിരുന്നു ആക്കിയിരുന്നത്. എന്നാൽ ആദ്യ മനുഷ്യൻ ആയ ആദം കല്പനാലംഘനത്തിലൂടെ ആ അധികാരം പിശാചിന് കൈമാറി, അങ്ങനെ പിശാച് ലോകത്തിന്‍റെ അധികാരിയായി മാറി. അധികാരിയായിരുന്ന മനുഷ്യൻ അടിമയായി മാറി.
എന്നാൽ യേശു ക്രിസ്തുവിൽ കൂടിയുള്ള രക്ഷാകര പദ്ധതിയുടെ പൂർത്തീകരണത്തിൽ, കർത്താവിന്‍റെ വരവിങ്കൽ ഈ ഭൂമി വീണ്ടെടുക്കപ്പെടുകയും വീണ്ടും മനുഷ്യന്‍റെ, ദൈവ മക്കളുടെ ആധിപത്യത്തിൽ ആകുകയും ചെയ്യും എന്ന സത്യമാണ് ലേഖകൻ ഈ വാക്യത്തിലൂടെ സൂചിപ്പിക്കുന്നത്.
വാക്യം 6, 7 :എന്നാൽ “മനുഷ്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം? നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്‍റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി, സകലവും അവന്‍റെ കാൽക്കീഴാക്കിയിരിക്കുന്നു.
ഈ ഭൂമി ഒരിക്കൽ ദൈവം മനുഷ്യന് വേണ്ടി, മനുഷ്യന്‍റെ കാൽക്കീഴിൽ ആക്കിയിരുന്നതാണ്. യേശു ക്രിസ്തുവിലൂടെയുള്ള രക്ഷാപദ്ധതി വിവരിക്കുവാൻ ഹെബ്രായ ലേഖനകർത്താവ് ആദ്യം ചെയ്യുന്നത് ദൈവം ആദ്യ മനുഷ്യനായ ആദമിനെ എങ്ങനെയാണു സൃഷ്ടിച്ചതിതു എന്നതിനെക്കുറിച്ചും അവനുണ്ടായിരുന്ന തേജസ്സിനെയും, മഹിമയെയും അധികാരത്തിനെയും പറ്റിയും എട്ടാം സങ്കീർത്തനത്തിലെ ഉദ്ധരണിയിലൂടെ വിവരിക്കുകയാണ്.
യഥാർത്ഥത്തിൽ അതാണ് വീണ്ടെടുപ്പിനെയും രക്ഷയെയും പറ്റിയുള്ള ശരിയായ രീതിയിൽ ഉള്ള വിവരണ രീതി. രക്ഷ എന്നത് ദൈവത്തിന്‍റെ മനുഷ്യനെപ്പറ്റിയുള്ള യഥാർത്ഥത്തിലുള്ള ഉദ്ദേശത്തിലേക്കുള്ള പുനഃസ്ഥാപനമാണ്. അതിനാൽ മനുഷ്യനെ പ്പറ്റിയുള്ള യഥാർത്ഥ ദൈവീക പദ്ധതി അറിയാത്തിടത്തോളം ഒരുവൻ അതിലേക്കു മടങ്ങി വരുവാൻ കഴിയില്ല.
ദൈവം ആദ്യമനുഷ്യനായ ആദമിനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അണിഞ്ഞവനായാണ് സൃഷ്ടിച്ചത് എന്നും, സകലവും അവന്‍റെ അധികാരത്തിൻ കീഴിൽ ആയിരുന്നു എന്നും ദൈവവചനം പറയുന്നു. അഥവാ ദൈവം തന്‍റെ സ്വഭാവത്തെ വെളിപ്പെടുത്തുവാനും, തന്‍റെ അധികാരത്തെ ഭൂമിയിൽ നിർവ്വഹിക്കുവാനുമുള്ള തന്‍റെ പ്രതിപുരുഷനായാണ് മനുഷ്യനെ സൃഷ്ട്ടിച്ചത്.
(ഉൽപത്തി 1: 26 ദൈവം അരുളിച്ചെയ്തു: “നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്‍ടിക്കാം. സമുദ്രത്തിലെ മത്സ്യങ്ങളുടെയും ആകാ ശത്തിലെ പറവകളുടെയും ഭൂമിയിലെ മൃഗങ്ങളു ടെയും ഇഴജന്തുക്കളുടെയും സർവ ജീവജാലങ്ങളു ടെയും മേൽ അവർക്ക് അധികാരം ഉണ്ടായിരിക്കട്ടെ.”)
വാക്യം 8 സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല.
സകലവും മനുഷ്യന്‍റെ കാൽക്കീഴിൽ ആയിരുന്നു എങ്കിലും *'ഇപ്പോൾ'* അങ്ങനെയല്ല ലേഖകൻ ചൂണ്ടിക്കാണിക്കുന്നു. അതിനു കാരണം പിശാച് ഹവ്വയെ വഞ്ചിക്കുകയും പിന്നാലെ ആദം ദൈവം നൽകിയ ഏക കൽപന ലംഖിക്കുകയും ചെയ്തു എന്നതാണ്.
അങ്ങനെ ആദം തനിക്കു നൽകപ്പെട്ട അധികാരം പിശാചിന് കൈമാറി. പിശാച് ലോകത്തിന്‍റെ അധികാരിയായി മാറി. സർവ്വത്തിന്‍റെയും അധികാരിയായിരുന്ന, സകലത്തെയും വാണിരുന്ന മനുഷ്യൻ അങ്ങനെ പിശാചിന്‍റെയും പാപത്തിന്‍റെയും മരണ ഭീതിയുടെയും അടിമയായി മാറി.
ദൈവം മനുഷ്യന്‍റെ ലംഘനത്തെ ശിക്ഷിക്കുകയും ഏദനിൽ നിന്നും, തന്‍റെ സാന്നിധ്യത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു, എന്നാൽ അതോടൊപ്പം തന്നെ യേശുക്രിസ്തു എന്ന വാഗ്ദത്ത സന്തതിയിൽ കൂടിയുള്ള രക്ഷാപദ്ധതിയും പ്രഖ്യാപിച്ചു.(ഉല്‍പത്തി 3: 15)
മനുഷ്യന്‍റെ വീഴ്ചയെപ്പറ്റി വിശദീകരിച്ച ശേഷം അടുത്ത വാക്യങ്ങളിൽ ലേഖനകർത്താവ് യേശുക്രിസ്തു എന്ന വാഗ്ദത്ത സന്തതി മനുഷ്യനെ വീണ്ടെടുക്കുവാൻ വേണ്ടി, ദൂതന്മാരെക്കാൾ തന്നെത്താൻ താഴ്ത്തി മനുഷ്യനായി ഭൂമിയിൽ വരുന്നതിനെക്കുറിച്ചു വിശദീകരിക്കുന്നു.
വാക്യം 9 ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരിക്കേണ്ടതിന് അല്പകാലത്തേക്കു യേശു ദൂതന്മാരേക്കാൾ താഴ്ന്നവനായിത്തീർന്നു.
നാം കണ്ടത് പോലെ ഒന്നാം അധ്യായത്തിൽ യേശുക്രിസ്തു , ദൂതന്മാരെക്കാൾ ഉന്നതാണ് എന്നും, ദൈവമാണ് എന്നുമാണ് അനേക വാക്യങ്ങളിലൂടെ ഹെബ്രായ ലേഖന കർത്താവ് തെളിയിക്കുന്നത്. എന്നാൽ ഈ അധ്യായത്തിൽ ക്രിസ്തു , ദൂതന്മാരെക്കാൾ താഴ്ന്നവൻ ആയി മനുഷ്യൻ ആയിത്തീർന്നതാണ് വിശദീകരിക്കുന്നത്.
എന്ത് കൊണ്ടാണ് ക്രിസ്തു ദൂതന്മാരെക്കാൾ താഴ്ന്നവനായ മനുഷ്യൻ ആയിതീർന്നത് ? അതിനുള്ള കാരണം ലേഖനകർത്താവ് പറയുന്നു
“ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരിക്കേണ്ടതിന് വേണ്ടി”
ആദാമിന്‍റെ ലംഘനം എല്ലാ മനുഷ്യരെയും, തേജസ്സും, അധികാരവും നഷ്ടപ്പെട്ടവരാക്കി പാപത്തിന്‍റെ കീഴിലുള്ളവരാക്കി മാറ്റി . കാരണം, ആദം എല്ലാ മനുഷ്യരെയും പ്രതിനിധാനം ചെയ്യുന്നവൻ ആയി രുന്നു. എല്ലാ മനുഷ്യരും അവനിൽ ഉൾപ്പെട്ടിരുന്നു. അങ്ങനെ എല്ലാ മനുഷ്യരും ആദമിൽ, പാപത്തിന്‍റെയും പിശാചിന്‍റെയും ദാസൻമാരായി മാറി (റോമർ 5:12)
എന്നാൽ അതിനു പരിഹാരമായി എല്ലാ മനുഷ്യരുടെയും പ്രതിനിധിയായി പാപമില്ലാത്ത ഒരു മനുഷ്യൻ, പാപപരിഹാര യാഗമായി മരിക്കണം എന്നതായിരുന്നു ദൈവീക രക്ഷാപദ്ധതി. പക്ഷെ ആദാമ്യ വംശത്തിലെ എല്ലാ അംഗങ്ങളും പാപത്തിൽ വീണു പോയതിനാൽ ആദമിൽ നിന്നും ജനിക്കുന്ന ഒരുവനും അതിനുള്ള യോഗ്യതയില്ല. പാപിയായ ഒരു മനുഷ്യനും വേറൊരുവനെ പാപത്തിൽ നിന്നും വീണ്ടെടുക്കുവാനോ രക്ഷിക്കുവാനോ പകരം മരിക്കുവാനോ കഴിയുമായിരുന്നില്ല.
അതിനാൽ ഉത്പത്തി പുസ്തകത്തിൽ തന്നെ ദൈവം മനുഷ്യനെ പാപത്തിൻ്റെ അടിമത്വത്തിൽ നിന്നും വിടുവിക്കുവാൻ , പാപമില്ലാത്തവനായി, ആദമിൽ നിന്നല്ലാതെ, സ്ത്രീയിൽ നിന്നും വരുന്ന ഒരു സന്തതിയെ വാഗ്ദത്തം ചെയ്തു.
കാലസമ്പൂർണ്ണതയിൽ ആ വാഗ്ദത്ത സന്തതി, ദൈവത്തിൻ്റെ പുത്രൻ , സ്ത്രീയുടെ സന്തതിയായി, കന്യകയിൽ ജനിച്ചു
മനുഷ്യനെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും വിടുവിക്കുവാൻ യേശുവിനു ഒരു പൂർണ്ണ മനുഷ്യനാകേണ്ടതു ആവശ്യമാ യിരുന്നു. മാത്രമല്ല അവൻ മനുഷ്യവർഗ്ഗ ത്തിന് ബാധകമായ അതേ നിയമങ്ങൾക്കു വിധേയനായി വരേണ്ടിയുമിരുന്നു.
അതിനാൽ ക്രിസ്തു സ്ത്രീയുടെ സന്തതിയായി ന്യായപ്രമാണത്തിൻ കീഴിൽ ജനിച്ചു. നിയമപരമായി മനുഷ്യനെ വീണ്ടെടു ക്കുവാൻ വേണ്ടി അവൻ ദൈവം നിയമിച്ച ന്യായപ്രമാണത്തിൻ കീഴിൽ ജീവിക്കുകയും ന്യായപ്രമാണം പൂർത്തീകരിക്കുകയും വേണമായിരുന്നു.
ഗലാ. 4: 4 എന്നാൽ തക്ക കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനായ യേശുവിനെ സ്ത്രീയിൽനിന്ന് ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴിൽ ജനിച്ചവനായി അയച്ചത് , അവൻ ന്യായപ്രമാണത്തിൻ കീഴിലുള്ളവരെ വീണ്ടെടുത്തിട്ട് നാം പുത്രത്വം പ്രാപിക്കേണ്ടതിനു തന്നെ
ഒരു മനുഷ്യന്‍റെ അനുസരണക്കേടിലൂടെ സകല മനുഷ്യരും ശിക്ഷാവിധിക്ക് കീഴിൽ ആയെങ്കിൽ ഒരു മനുഷ്യന്‍റെ അനുസരണ ത്തിൽ കൂടി അവനിൽ വിശ്വസിക്കുന്ന സകല മനുഷ്യരെയും നീതീകരിക്കുക എന്നതായിരുന്നു ദൈവീക രക്ഷാകര പദ്ധതി (റോമർ 5:18).
അതിനാൽ യേശുക്രിസ്തു സകല മനുഷ്യർക്കും വേണ്ടി മരണം ആസ്വദിച്ചു എന്ന് ഹെബ്രായ ലേഖകൻ വിശദീകരിക്കുന്നു.
വാക്യം 9 തന്‍റെ കഷ്ടാനുഭവവും മരണവുംമൂലം തേജസ്സും ബഹുമാനവും കൊണ്ട് കിരീടം അണിയിക്കപ്പെട്ടവനായി യേശുവിനെ നാം കാണുന്നു.
യേശുക്രിസ്തു അല്പകാലത്തേക്കു ദൂതന്മാരിലും തന്നെത്താൻ താഴ്ത്തി പൂർണ്ണ മനുഷ്യനായി ഭൂമിയിൽ വന്നു. അങ്ങനെ എല്ലാവർക്കും വേണ്ടി അവനു മരണം ആസ്വദിക്കാൻ കഴിഞ്ഞു. അതിനാൽ ദൈവം അവനെ ഉയർത്തുകയും, സകലനാമത്തിനും മേലായ നാമം നൽകുകയും മഹത്വവും ബഹുമാനവും അണിയിക്കുയും ചെയ്തു. (ഫിലിപ്പ്യർ 2: 8)
വാക്യം 10 സകലത്തിനും ലാക്കും സകലത്തിനും കാരണഭൂതനുമായവന്‍ അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോള്‍ അവരുടെ രക്ഷാ നായകനെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കുന്നത് യുക്തം ആയിരുന്നു.
എല്ലാറ്റിനും കരണഭൂതനായ പിതാവായ ദൈവത്തിൻ്റെ പദ്ധതി, യേശുക്രിസ്തുവിൻ്റെ മരണ പുനരുദ്ധനത്തിലൂടെ നമ്മെ പുത്രന്മാർ ആക്കുക എന്നത് മാത്രമായിരുന്നില്ല.പകരം പുത്രന്മാരായിത്തീർന്ന നമ്മെ, ദൈവീക തേജസ്സിലേക്കു, പുത്രന്റെ അതെ സ്വരൂപത്തിലേക്കു മടക്കികൊണ്ടുവരിക എന്നതായിരുന്നു.
അതിനായി യേശുക്രിസ്തുവിനു നമ്മുടെ അതെ ശരീരത്തിൽ വരികയും നാം അനുഭവിക്കുന്ന അതെ കഷ്ടാനുഭങ്ങളിൽ കൂടി കടന്നു പോകുകയും, അതിൽ തികഞ്ഞവൻ ആയിത്തീരുകയും ചെയ്യേണ്ടത് ആവശ്യമായിരുന്നു. അങ്ങനെ തന്നെ അനുസരിക്കുന്ന എല്ലാവരുടെയും രക്ഷയുടെ നായകൻ ആയിത്തീർന്നു.
11വിശുദ്ധീകരിക്കുന്ന യേശുവിനേയും അവനാല്‍ വിശുദ്ധീകരിക്കപ്പെടുന്ന ഏവരുടെയും പിതാവ് ദൈവം തന്നെ. അത് ഹേതുവായി വിശുദ്ധീകരിക്കുന്നവനായ ക്രിസ്തു അവരെ സഹോദരന്മാർ എന്നു വിളിക്കുവാൻ ലജ്ജിച്ചില്ല.
ദൈവീക രക്ഷാകരപ്രവർത്തിയിലൂടെ, ക്രിസ്തുവിൻ്റെ മരണ പുനഃരുദ്ധാനത്തിലൂടെ നാം ദൈവത്തിൻ്റെ മക്കളും , ക്രിസ്തു നമ്മുടെ മൂത്ത സഹോദരനും ആയിത്തീർന്നു. ക്രിസ്തു ആദ്യജാതനും, നാം ദൈവജാതന്മാരും ആയിത്തീർന്നു. ക്രിസ്തു നമ്മെ തൻ്റെ രക്തത്താൽ വിശുദ്ധീകരിച്ചിരിക്കുന്നു. ക്രിസ്തുവിൻ്റെ മരണപുനഃരുദ്ധാനത്തിലൂടെ ക്രിസ്തുവിൻ്റെ പിതാവ് നമ്മുടെയും പിതാവായിത്തീർന്നു.
12,13 അവന്‍ ദൈവത്തോട് “ഞാൻ നിൻ്റെ നാമത്തെ എന്റെ സഹോദരന്മാരോട് കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും” എന്നും “ഞാൻ അവനിൽ ആശ്രയിക്കും” എന്നും “ഇതാ, ഞാനും ദൈവം എനിക്ക് തന്ന മക്കളും” എന്നും പറയുന്നു
ക്രിസ്തുവും , പിതാവും തമ്മിലുള്ള അതേ ബന്ധത്തിലേക്ക് നാമും ക്രിസ്തു മുഖാന്തിരം പ്രവേശിച്ചിരിക്കുന്നു .ക്രിസ്തുവിനൊപ്പം നാമും, പിതാവായ ദൈവത്തെ സഭയുടെ മദ്ധ്യേ സ്തുതിക്കുന്നു.
ശ്രദ്ധിക്കുക, വീണ്ടും ജനിച്ച ദൈവമക്കളുടെ പിതാവ് ക്രിസ്തു അല്ല, ക്രിസ്തുവിൻ്റെ പിതാവായ ദൈവമാണ്. ക്രിസ്തു നമ്മുടെ കർത്താവും, രക്ഷിതാവും, മൂത്ത സഹോദരനുമാണ്. അതിനാൽ നാം പിതാവായ ദൈവത്തെ പുത്രനായ ക്രിസ്തുവിൻ്റെ നാമത്തിൽ പരിശുദ്ധാത്മാവിൽ സ്തുതിക്കുന്നു , ആരാധിക്കുന്നു.
വാക്യം 14 മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആക കൊണ്ട് അവനും അവരെപ്പോലെ ജഡ രക്തങ്ങളോടു കൂടിയവനായി മരണത്തിന്‍റെ അധികാരിയായ പിശാചിനെ തന്‍റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായി രുന്നവരെയൊക്കെയും വിടുവിച്ചു.
യേശുക്രിസ്തു എന്ത് കൊണ്ടാണ് ദൂതന്മാരെക്കാൾ താഴ്നന്നവനായി മാംസ രക്തങ്ങൾ ഉള്ള മനുഷ്യനായി വന്നത് എന്ന് ലേഖന കർത്താവ് ഇവിടെ വീണ്ടും വിശദീകരിക്കുന്നു.
അതിനു കാരണം, മരണം എന്നത് മാംസ രക്തങ്ങൾ ഉള്ള മനുഷ്യന് ഉള്ളതാണ്. ദൈവത്തിനോ ദൂതന്മാർക്കോ മരണം ഇല്ല. അതിനാൽ യേശുക്രിസ്തു തന്നെത്താൻ താഴ്ത്തി ഈ ഭൂമിയിൽ മാംസ രക്തങ്ങൾ ഉള്ള മനുഷ്യനായി വന്നു.
മാത്രമല്ല താൻ മാംസരക്തങ്ങൾ ഉള്ള മനുഷ്യൻ ആയി വന്നു മരിച്ചത്, അന്ന് വരെ മരണത്തിന്റെ അധികാരിയായിരുന്ന പിശാചിനെ തന്‍റെ മരണത്താല്‍ നീക്കി,അന്ന് വരെ ജീവപര്യന്തം മരണഭീതിയാല്‍ അടിമകളായിരുന്ന മനുഷ്യരെ ആ മരണ ഭയത്തിൽ നിന്നും വിടുവിക്കുവാൻ കൂടിയാണ്.
ഭയം എന്നത് മനുഷ്യസഹജമാണ്, പല തരങ്ങളിലുള്ള ഭയങ്ങൾ മനുഷ്യനെ കീഴ്പ്പെടുത്തുന്നു.എന്നാൽ എല്ലാ ഭയങ്ങളുടെയും അടിസ്ഥാനമായ ഭയം മരണഭയമാണ്.
യഥാർത്ഥത്തിൽ മരണ ഭയത്തിൽ നിന്നും ഒരുവൻ വിടുതൽ നേടിയാൽ അവനു ഈ ലോകത്തിൽ ഒന്നിനെയും ഭയക്കേണ്ട ആവശ്യമില്ല എന്നതാണ് സത്യം.അത് അറിയാവുന്ന പിശാച് എല്ലാ കാലവും മനുഷ്യനെ മരണഭീതിയിൽ അടിമയാക്കി നിര്ത്തുന്നു.
ഈ മരണഭീതിയില്‍ നിന്നും മനുഷ്യനെ എന്നെന്നേക്കുമായി വിടുവിക്കുവാന്‍ ആണ് യേശുക്രിസ്തു തന്‍റെ മരണം കൊണ്ട് മരണത്തിന്‍റെ അധികാരിയായിരുന്ന പിശാചിനെ പരാജയപ്പെടുത്തിയത് എന്നാണ് ലേഖന കർത്താവ് പറയുന്നത്.
ആദാമിൻ്റെ കല്പന ലംഘനത്തിൽ കൂടി പിശാച് മരണത്തിൻ്റെ അധികാരിയായി മാറി. എന്നാൽ കാൽവറിയിൽ യേശുക്രിസ്തു മരണത്തിന്‍റെ അധികാരിയായ പിശാചിന്‍റെ തല തകർത്തു, അവനെ പരാജയപ്പെടുത്തി. ഇത് കർത്താവ് സാധിച്ചത് അവൻ നമ്മുടെ അതേ ജഡ രക്തങ്ങളോട് കൂടിയവനായി, മരിക്കുവാൻ കഴിയുന്ന ശരീരത്തിൽ വന്നത് കൊണ്ടാണ്.
തന്‍റെ മരണത്തിലൂടെ യേശുക്രിസ്തു മനുഷ്യനെ മരണഭീതിയുടെയും, പാപത്തിന്‍റെയും, പിശാചിനെയും അടിമത്വത്തിൽ നിന്നും വിടുവിക്കുകയും . പാപം മൂലം ദൈവത്തോടുള്ള കൂട്ടായ്മയിൽ നിന്നും പുറത്താക്കപ്പെട്ട മനുഷ്യനെ ദൈവവുമായുള്ള കൂട്ടായ്മയിലേക്ക് തന്‍റെ മരണത്തിലൂടെ പുനസ്ഥാപിക്കുകയും ചെയ്തു.
മരണഭീതിയില്‍ ഉള്ള ഒരുവനോട് "ഭയപ്പെടേണ്ട" , എന്ന് പറയുവാന്‍ ഈ ലോകത്തില്‍ യേശുക്രിസ്തുവിനു മാത്രമേ അവകാശമുള്ളൂ, കാരണം യേശുക്രിസ്തു തന്നെ പറയുന്നു.
ഭയപ്പെടേണ്ട. ഞാന്‍ മരിച്ചവനായിരുന്നു. എന്നാല്‍ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു. മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോല്‍ എന്‍റെ കൈവശമുണ്ടു (വെളിപാട് 1:18).
ഈ അവകാശവാദം ലോകത്തില്‍ ഒരു വ്യക്തിക്കും ഉന്നയിക്കുവാന്‍ കഴിയുകയില്ല, കാരണം നാം മുന്‍പ് കണ്ടത് പോലെ, ഈ ലോകത്തിലേക്ക് വന്ന ഒരു വ്യക്തിയും മനുഷ്യവര്‍ഗത്തിന്റെ പാപം ഏറ്റെടുത്തു മറുവിലയായി മരിച്ചിട്ടില്ല, മരണത്തെയും, പാതാളത്തേയും ജയിച്ചു ഉയിർത്തെഴുന്നേറ്റിട്ടില്ല, തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് നിത്യജീവന്‍ വാഗ്ദാനം ചെയ്തിട്ടില്ല.
അത് സാധിക്കുവാനായി യേശുക്രിസ്തു ദൂതന്മാരെക്കാൾ താഴ്ച വന്നവനായി, പാപമില്ലാത്ത രണ്ടാമത്തെ മനുഷ്യനായി സ്ത്രീയിൽ നിന്നും ജനിച്ചു, ന്യായപ്രമാണത്തിൻ കീഴിൽ ജീവിച്ചു, പാപത്തെ ജയിച്ചു, ക്രൂശിൽ പാപപരിഹാരയാഗമായി തന്നെത്താൻ അർപ്പിച്ചു സാത്താനെ ആയുധവർഗ്ഗം വെപ്പിച്ചു കീഴടക്കി, അത് വഴി പാപത്തിന്‍റെയും മരണത്തി ന്‍റെയും അധീനതയിൽ കഴിഞ്ഞിരുന്ന സകലരേയും വിടുവിച്ചു.
തന്‍റെ ക്രൂശിലെ മരണത്തിലൂടെ മനുഷ്യനെ ദൈവവുമായുള്ള കൂട്ടായ്മയിലേക്ക് ക്രിസ്തു പുനഃസ്ഥാപിച്ചു. മാത്രമല്ല ഉയിർത്തെഴുനേൽപ്പിനാൽ ക്രിസ്തു മരണത്തിൽ നിന്നും ആദ്യനായി ജനിച്ചവനും, ദൈവീക കൂട്ടായ്മയിലേക്ക് പുനഃസ്ഥാപിക്കപ്പെട്ട ദൈവമക്കളുടെ ദൈവസഭയുടെ തലവൻ ആയ ഒടുക്കത്തെ ആദം ആകുകയും ചെയ്തു. (1 കൊരിന്ത്യർ 15:45 -47).
ഇന്ന് ദൈവഹിതത്തിൽ ജീവിക്കുന്ന ഒരു ദൈവപൈതലിൻ്റെ ശാരീരിക മരണവും തീരുമാനിക്കുവാൻ പിശാചിന് കഴിയുകയില്ല, കാരണം മരണത്തിന്റെയും പാതാളത്തിന്‍റെയും താക്കോല്‍ യേശുക്രിസ്തുവിന്റെ കൈവശം ആണ്. കർത്താവ് ആ വാതിൽ തുറക്കാതെ ഒരു ദൈവമകനെ മരണം കീഴ്പ്പെടുത്തുകയില്ല.
16 എങ്കിലും തീർച്ചയായും ദൂതന്മാരെ സഹായിക്കുവാനല്ല അബ്രാഹാമിന്റെ സന്തതികളെ സഹായിക്കുവാനത്രേ ക്രിസ്തു വന്നത്
വീണു പോയ ദൂതന്മാരെ വീണ്ടെടുക്കുവാൻ അല്ല ക്രിസ്തു വന്നത്, അതിനാൽ ക്രിസ്തു ദൂതന്മാരെപ്പോലെയുള്ള ശരീരത്തിൽ അല്ല വന്നത്, അബ്രഹാമിൻ്റെ സന്തതികളായവരെ വീണ്ടെടുക്കാൻ നമ്മുടെ അതെ താഴ്ചയുള്ള ശരീരത്തിൽ ആണ് ക്രിസ്തു വന്നത്.
( ശ്രദ്ധിക്കുക, ആദ്യ അധ്യായത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി യേശുക്രിസ്തു നമ്മെപ്പോലെ , താഴ്ചയുള്ള ശരീരത്തിൽ , മരണത്തിനു അധീനമായ ശാരീരത്തിൽ പൂർണ്ണ മനുഷ്യനായി വന്നു എന്ന സത്യമാണ് ഈ വാക്യങ്ങളിലൂടെയെല്ലാം ലേഖനകർത്താവ് സ്ഥാപിക്കുന്നത് )
വാക്യം 17 അതുകൊണ്ടു ജനത്തിന്‍റെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്ത മഹാപു രോഹിതനും ആകേണ്ടതിനു സകലത്തിലും തന്‍റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു.
ക്രിസ്തുവിൻ്റെ മനുഷ്യത്വത്തെ വ്യക്തമായി വിശദീകരിച്ചതിനു ശേഷം ലേഖനകർത്താവ് ക്രിസ്തുവിൻ്റെ മഹാപുരോഹിത ശുശ്രൂഷയെ പരാമർശിക്കുന്നു.ഹെബ്രായർക്കുള്ള ലേഖനത്തിലെയും യേശുക്രിസ്തു മഹാപുരോഹിതനാണെന്നുള്ള ആദ്യത്തെ നേരിട്ടുള്ള പരാമർശം ഇവിടെയാണ്
ഈ പരാമർശത്തോടെ ലേഖനകർത്താവ് ലേഖനത്തിലെ പ്രധാന വിഷയമായ യേശുക്രിസ്തുവിന്റെ മഹാപൗരോഹിത്വ ശുശ്രൂഷയുടെ വിശദീകരണത്തിലേക്കു ചുവടു വക്കുകയാണ്. ലേഖന ശൈലിയുടെ പ്രത്യേകത പോലെ ഇതിൻ്റെ വ്യക്തമായ വിശദീകരണം തുടർന്നുള്ള അധ്യായങ്ങളിലാണ് താൻ കൊടുക്കുന്നത്.
യേശു ദൂതന്മാരെക്കാൾ തന്നെത്താൻ താഴ്ത്തി, നമ്മുടെ മാംസ രക്തങ്ങളിൽ പങ്കാളിയായിത്തീർന്ന മനുഷ്യനായത്, സകലത്തിലും നമുക്ക് തുല്യൻ ആയിത്തീർന്നത്, നമുക്കു വേണ്ടി കരുണാസമ്പന്നനും വിശ്വസ്തനുമായ മഹാപുരോഹിതനാകാൻ വേണ്ടിയാ യിരുന്നു എന്ന് ലേഖകൻ വിശദമാക്കുന്നു.
വാക്യം 18 താൻ തന്നെ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവര്‍ക്ക് സഹായിപ്പാൻ കഴിവുള്ളവന്‍ ആകുന്നു.
യേശു ഈ ഭൂമിയിൽ നമ്മുടെ അതെ മാംസ രക്തങ്ങളോടെ വന്നതിനാൽ , നമ്മെപ്പോലെ സകലത്തിലും പരീക്ഷിക്കപ്പെട്ടതിനാൽ, കഷ്ടാനുഭവനങ്ങളിൽ തികഞ്ഞവൻ ആയതിനാൽ, അവനു പരീക്ഷിക്കപ്പെടുന്നവരെ സഹായിപ്പാൻ കഴിയും എന്ന് ഹെബ്രായ ലേഖകൻ വിശദീകരിക്കുന്നു.മാത്രമല്ല പരീക്ഷിക്കപ്പെടുന്നവരോട് തനിക്കു സഹതാപം തോന്നുവാനും കഴിയും .കാരണം അവൻ നമ്മുടെ അതെ ശരീരത്തിൽ വരികയും, നമ്മെപ്പോലെ പരീക്ഷിതനായി കഷ്ടം അനുഭവിക്കുകയും ചെയ്തു.
കരുണയുള്ള മഹാപുരോഹിതൻ എന്ന ശുശ്രൂഷക്കു വേണ്ടി താൻ സജ്ജീകരിക്കപ്പെടേണ്ടതിനാണ് ക്രിസ്തു ഇതിൽ ഒക്കെയും കൂടി കടന്നു പോയത് ഈ വാക്യം എന്ന് നമ്മെ പഠിപ്പിക്കുന്നു.
യേശുക്രിസ്തു പാപരഹിതൻ ആയിരുന്നു എങ്കിലും താൻ നമ്മുടെ ജഡരക്തങ്ങളിൽ പങ്കാളിയായി, ഒരു പൂർണ്ണ മനുഷ്യനായി വരികയും മനുഷ്യവർഗ്ഗം കടന്നു പോകേണ്ട എല്ലാ പരീക്ഷണങ്ങളിലൂടെയും, പരിശോധനകളിലൂടെയും, പീഡനങ്ങളിലൂടെയും കടന്നു പോകുകയും, ചെയ്തതിനാൽ അവനു നമ്മോടു തീർച്ചയായും സഹാനുഭൂതി കാണിക്കുവാൻ കഴിയും. താൻ നേരിട്ട് കടന്നു പോയ അനുഭവനങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ ക്രിസ്തുവിനു നമ്മോടു സഹാനുഭൂതി കാണിക്കുവാൻ കഴിവുള്ള പുരോഹിതൻ ആകുവാൻ കഴിയും.
ആദിമ സഭയുടെ കാലം മുതൽ, ഇന്ന് വരെയും ദുരുപദേശകന്മാരാൽ അക്രമിക്കപ്പെട്ടിരുന്ന രണ്ടു ഉപദേശസത്യങ്ങൾ ആണ് ക്രിസ്തുവിൻ്റെ പൂർണ്ണ ദൈവത്വവും ,പൂർണ്ണ മനുഷ്വത്വവും. ഹെബ്രായ ലേഖകൻ തൻ്റെ പ്രധാന വിഷയങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് ആദ്യ രണ്ടു അധ്യായങ്ങളിലൂടെ ക്രിസ്തുവിൻ്റെ ദൈവത്വവും, മനുഷ്വത്വവും വ്യക്തമായി തെളിയിച്ചിരിക്കുന്നു.
ഈ പഠനത്തിലെ മുൻ അധ്യായങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്..
*ഹെബ്രായ ലേഖനം : ഒരു പഠനം - ആമുഖം
ഹെബ്രായ ലേഖനം അധ്യായം 1
ഈ പഠനത്തിലെ തുടർന്നുള്ള അധ്യായങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്..
ഹെബ്രായ ലേഖനം അധ്യായം 3
ഹെബ്രായ ലേഖനം അധ്യായം 4
ഹെബ്രായ ലേഖനം അധ്യായം 4: 14,15
ഹെബ്രായ ലേഖനം അധ്യായം 5
ഹെബ്രായ ലേഖനം അധ്യായം 6