ഹെബ്രായ ലേഖനം *അധ്യായം 1* *യേശുക്രിസ്തു: പുത്രനായ ദൈവം, ദൂതന്മാരെക്കാൾ ശ്രേഷ്ഠൻ*
*ഹെബ്രായ ലേഖനം : ഒരു പഠനം*
Jinu Ninan
*അധ്യായം 1*
*യേശുക്രിസ്തു: പുത്രനായ ദൈവം, ദൂതന്മാരെക്കാൾ ശ്രേഷ്ഠൻ*
ഹെബ്രായ ലേഖനം ഒന്നാം അധ്യായം യേശുക്രിസ്തുവിന്‍റെ ഔന്നത്യത്തിനെ വിവരിച്ചു കൊണ്ടാണ് ആരംഭിക്കുന്നത്.
രണ്ടാം അധ്യായം മുതൽ ലേഖകൻ ക്രിസ്തുവിന്‍റെ താഴ്ചയെപ്പറ്റിയും, മനുഷ്വത്വത്തെപ്പറ്റിയും, മരണ പുനരുദ്ധാനങ്ങളൂടെ മഹാപുരോഹിത ശുശ്രൂഷയി ലേക്കു കടക്കുന്നതും വിശദീകരിക്കുന്നു.
എന്നാൽ അതിനു മുന്നോടിയായി ക്രിസ്തുവിവിന്‍റെ ഔന്നത്യത്തെയും, ദൈവത്വത്തെയും വിശദീകരിക്കേണ്ടത് ആവശ്യമായിരുന്നു.
ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുകയും നിലനിർത്തുകയും, പരിപാലിക്കുകയും ചെയ്യുന്ന സർവ്വ ശക്തിയുള്ള പുത്രനായ ദൈവമാണ് ക്രിസ്തു എന്ന് ലേഖന കര്‍ത്താവ് ഒന്നാം അധ്യായത്തിൽ വിശദീകരിക്കുന്നു.
*വാക്യം 1: ആദികാലങ്ങളിൽ ദൈവം മുന്‍തല മുറകളിലുള്ള പിതാക്കന്മാരോട് പ്രവാചകന്മാർ മുഖാന്തരം വിവിധ വിധങ്ങളിലൂടെ സംസാരിച്ചി ട്ടുണ്ട്. എന്നാൽ ഈ അന്ത്യ കാലത്താകട്ടെ, തന്‍റെ പുത്രനിലൂടെ ദൈവം നമ്മോടു സംസാരിച്ചിരിക്കുന്നു.*
ലേഖകൻ ആദ്യവാക്യങ്ങളിൽ പഴയ നിയമ വെളിപാടുകളുടെ അപൂർണ്ണതയും, ക്രിസ്തുവിൽ കൂടി ലഭിച്ചിരിക്കുന്ന പുതിയ നിയമ വെളിപാടുകളുടെ പൂർണ്ണതയും വിശദീകരിച്ചു കൊണ്ടാണ് ആരംഭിക്കുന്നത്.
ദൈവം കാലാകാലങ്ങളിൽ തന്‍റെ ജനത്തോടു സംസാരിച്ചിരുന്നു. എന്നാൽ അത് വിവിധ മാർഗ്ഗങ്ങളിലൂടെയും, ഭാഗികമായും ആയിരുന്നു. എന്നാൽ ഈ അന്ത്യകാലത്തു താൻ തന്‍റെ പുത്രനിലൂടെ തന്‍റെ ആലോചന പൂർണ്ണമായും വെളിപ്പെടുത്തുന്നു. ദൈവം പണ്ട് പൂർവ്വ പ്രവാചകന്‍മാർ മുഖാന്തരം സംസാരിച്ചതും, അന്ത്യനാളിൽ പുത്രനായ യേശുക്രിസ്തു മുഖാന്തരം സംസാരിച്ചതും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ലേഖന കര്‍ത്താവ് ഇവിടെ വ്യക്തമാക്കുന്നു.
ദൈവത്തെക്കുറിച്ചുള്ള വെളിപാടുകൾ ദൈവം ആദ്യമായി നൽകിയത് ക്രിസ്തീയ വിശ്വാസികൾക്കല്ല, യഹൂദ പിതാക്കന്മാർക്കാണ്. എന്നാൽ പഴയ നിയമ വെളിപാടുകൾ അപൂർണ്ണവും, പുതിയ നിയമ വെളിപാടുകൾ പൂർണ്ണവുമാണ്. അതിനാൽ ക്രിസ്തീയ വിശ്വാസികൾ ക്രിസ്തുവിൽ കൂടിയുള്ള പൂർണ്ണമായ വെളിപാടിന്‍റെ അടിസ്ഥാനത്തിൽ ആണ് പഴയ നിയമ വെളിപാടുകൾ മനസ്സിലാക്കേണ്ടതും, വ്യാഖ്യാനിക്കേണ്ടതും.
ക്രിസ്തുവിലൂടെയുള്ള പുതിയ നിയമ വെളിപാടുകൾ പൂർണ്ണമായതിനാൽ ക്രിസ്തുവിനു ശേഷമുള്ള പുതിയതായ വെളിപാടുകൾ അഥവാ ക്രിസ്തുവിൽ കൂടി ലഭിച്ച സന്ദേശത്തിനു എതിരായ വെളിപാടുകൾ നാം അംഗീരിക്കേണ്ട ആവശ്യമില്ല.
ദൈവീക സന്ദേശത്തിന്‍റെ മാത്രമല്ല ദൈവീക സ്വഭാവത്തിന്‍റെയും യഥാർഥമായ വെളിപ്പെടുത്തൽ യേശുക്രിസ്തുവിൽ ആണ് ഉള്ളത്. ദൈവം തന്‍റെ ജനത്തോടു എല്ലായ്പ്പോഴും സംസര്‍ഗ്ഗം നടത്തുവാൻ ആഗ്രഹിച്ചിരുന്നു. മാത്രമല്ല തന്‍റെ പദ്ധതികളും, ഉദ്ദേശവും അറിയിക്കുവാനും, തന്‍റെ സ്വഭാവത്തെ വെളി പ്പെടുത്തുവാനും ദൈവം പ്രവാചകന്‍മാരി ലൂടെയും, ദൂതന്മാരിലൂടെയും രാജാക്കന്‍മാരിലൂടെയും മനുഷ്യ രോട് കാലാകാലങ്ങളിൽ വിവിധ മാർഗ്ഗങ്ങളിൽ ഇടപെട്ടിരുന്നു.
എന്നാൽ ഇവർക്കെല്ലാം പരിമിതമായി മാത്രമേ ദൈവത്തെക്കുറിച്ചുള്ള സത്യത്തിന്‍റെ വെളിപാട് ലഭിച്ചിരുന്നുള്ളൂ. അതിനാൽ അവരിലൂടെ നൽകപ്പെട്ട പരിമിതമായ വെളിപാടിലൂടെ ദൈവീക സ്വഭാവം പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ മനുഷ്യര്‍ക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല.മാത്രമല്ല ദൈവീക വെളിപാടുകളുടെ സംരക്ഷകർ എന്ന് അവകാശപ്പെട്ടിരുന്ന ശാസ്ത്രിമാരെയും, പരീശരെയും പോലുള്ളവർ ദൈവത്തെ വികലമായി അവതരിപ്പിച്ചിരുന്നു.
അതിനാൽ തന്നെ കാലസമ്പൂർണ്ണതയിൽ, ഈ അന്ത്യകാലത്ത് പിതാവായ ദൈവം തന്‍റെ യഥാർഥമായ പദ്ധതികളും, ഉദ്ദേശവും അറിയിക്കുവാനും തന്‍റെ സ്വഭാവത്തെ പൂർണ്ണമായും വെളിപ്പെടുത്തുവാനും തന്‍റെ പുത്രനായ ക്രിസ്തുവിനെ ഭൂമിയിൽ അയച്ചു. അവനിൽ കൂടി തന്നെത്തന്നെ വെളിപ്പെടുത്തുകയും, തന്‍റെ ആലോചന നമ്മോടു പൂർണ്ണമായും അറിയിക്കുകയും ചെയ്തു.
*വാക്യം 2: ആ പുത്രനെ ദൈവം സകലത്തിനും അവകാശിയാക്കി വെയ്ക്കുകയും, അവൻ മുഖാന്തരം ലോകത്തെ സൃഷ്ടിക്കുകയും ചെയ്തു.*
ദൈവപുത്രനായ ക്രിസ്തു സകലത്തിന്‍റെയും അവകാ ശിയും, പരിപാലകനും ആണ് എന്ന് ദൈവവചനം ഇവിടെ വ്യക്തമാക്കുന്നു. പിതാവായ ദൈവം പുത്രൻ മുഖാന്തിരവും, പുത്രന് വേണ്ടിയും ആണ് ലോകത്തെ സൃഷ്ടിച്ചത്.
*വാക്യം 3: തന്‍റെ പുത്രൻ, പിതാവായ ദൈവത്തിന്‍റെ തേജസ്സിന്‍റെ പ്രതിഫലനവും, ദൈവത്തിന്‍റെ സത്തയുടെ പ്രതിബിംബവും ആകുന്നു*
പിതാവായ ദൈവത്തിന്‍റെ തേജസ്സിനെയും, സത്തയെയും പ്രതിഫലിപ്പിക്കുന്നവനും, പിതാവിൻ്റെ അതേ സത്തയുള്ളവനും പിതാവിൻ്റെ സ്വഭാവത്തിന്‍റെ കൃത്യമായ വെളിപാടുമാണ് പുത്രൻ. ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും, പുത്രനിൽ ദേഹരൂപമായി വസിച്ചു, ദൈവം ജഡത്തിൽ വെളിപ്പെട്ടു.
പഴയനിയമ പിതാക്കന്മാരും പ്രവാചകന്മാരും അവർക്കു ലഭിച്ച പരിമിതമായ വെളിപാട് അനുസരിച്ചു ദൈവത്തെക്കുറിച്ചു ജനത്തെ അറിയിച്ചു. അവരിൽ ഒരാൾക്കും ഒരിക്കലും ദൈവത്തിന്‍റെ സ്വഭാവം കൃത്യമായി വെളിപ്പെടുത്താൻ കഴിയാതെ ഇരുന്നതിനു കാരണം ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല എന്നതാണ്. അതിനാൽ തന്നെ പിതാവായ ദൈവം തന്‍റെ എല്ലാ ഗുണവിശേഷങ്ങളും സന്ദേശവും സമ്പൂർണ്ണമായും, പുത്രനിലൂടെ വെളിപ്പെടുത്തി.
( യോഹന്നാൻ :1: 14, 17-18 വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്‍റെ തേജസ്സ് പിതാവിൽ നിന്നു വന്ന ഏകജാതനായവന്‍റെ തേജസ്സായി കണ്ടു . കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയിൽ ഇരിക്കുന്ന, ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.)
*വാക്യം 3: പുത്രൻ സകലത്തേയും തന്‍റെ ശക്തി യുള്ള വചനത്താൽ സംരക്ഷിക്കുന്നവനും ആകുന്നു.*
ഈ വാക്യം, തന്‍റെ ശക്തിയുടെ വചനത്താൽ സകലവും നിലനിര്‍ത്തുന്ന സർവ്വശക്തനായ യേശുവിന്‍റെ ദൈവത്വത്തെ വെളിപ്പെടുത്തുന്നു. പിതാവിനോ ടൊപ്പം പ്രപഞ്ചസൃഷ്ഠിയുടെ പങ്കാളിയാണ് പുത്രൻ, അവൻ തന്‍റെ വചനത്താൽ അതിനെ ഒന്നിച്ചു ചേർക്കുകയും, നിലനിർത്തുകയും പരിപാലിക്കു കയും ചെയ്യുന്നു.
യേശുക്രിസ്തുവിനെ ദൈവ പുത്രൻ എന്ന നിലയിൽ അവതരിപ്പിച്ചതിൻ ശേഷം, പിൻവരുന്ന വാക്യങ്ങളിൽ ലേഖകൻ യേശുവിന്‍റെ രണ്ടു അതിപ്രധാന ശുശ്രൂഷകൾ പരാമർശിക്കുന്നു.
*വാക്യം 3: അവൻ മനുഷ്യരെ അവരുടെ പാപങ്ങളിൽ നിന്ന് ശുദ്ധീകരിച്ച ശേഷം, ഉയരത്തിൽ ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നു. *
ഹെബ്രായ ലേഖനത്തിൽ പരാമർശിക്കുന്ന യേശുവിന്‍റെ രണ്ടു ശുശ്രൂഷകൾ ഇവയാണ്.
ആദ്യത്തേത്, പരിശുദ്ധനായ ദൈവകുഞ്ഞാട് എന്ന നിലയിൽ ക്രിസ്തുവിന്‍റെ എന്നെന്നേക്കും പൂർത്തീകരിച്ച ശുശ്രൂഷയാണ് എങ്കിൽ രണ്ടാമത്തേത് ദൈവ സന്നിധിയിൽ മധ്യസ്ഥത വഹിക്കുന്ന നിത്യപുരോ ഹിതൻ എന്ന നിലയിൽ എന്നെന്നേക്കും തുടരുന്ന ശുശ്രൂഷയാണ്.
ക്രിസ്തുവിന്‍റെ പ്രാഥമികമായ ശുശ്രൂഷ ദൈവകുഞ്ഞാട് എന്ന നിലയിൽ പാപപരിഹാരമായി മരിക്കുകയും, മനുഷ്യരുടെ പാപങ്ങളുടെ എന്നേക്കുമുള്ള ശുദ്ധീ കരണം പൂർത്തിയാക്കുകയും ചെയ്യുക എന്ന വീണ്ടെടുപ്പിന്‍റെ ശുശ്രൂഷയാണ്.
ക്രിസ്തുവിന്‍റെ രണ്ടാമത്തെ ശുശ്രൂഷ ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരുന്നുകൊണ്ട് എന്നേക്കും നമുക്ക് വേണ്ടി നിരന്തരം പക്ഷപാദം ചെയ്യുക മഹാപുരോഹിത ശുശ്രൂഷയാണ്.
കാളകളുടെയും കോലാടുകളുടെയും രക്തത്തിനു പാപങ്ങളെ നീക്കുവാൻ കഴിയാതെ ഇരുന്നതിനാൽ പഴയ ഉടമ്പടിയുടെ കീഴിൽ മനുഷ്യന്‍റെ നിത്യമായ പാപ മോചനം സാധ്യമല്ലായിരുന്നു. അതിനാൽ യേശുക്രിസ്തു പാപപരിഹാരമായി മരിക്കുകയും തന്‍റെ രക്തവുമായി സ്വർഗ്ഗത്തിലെ വിശുദ്ധ മന്ദിരത്തിലേക്ക് പ്രവേശിക്കു കയും എല്ലാവർക്കും വേണ്ടി നിത്യമായ വീണ്ടെടുപ്പ് നേടുകയും പിതാവിന്‍റെ വലത്തു ഭാഗത്ത് ഇരിക്കുകയും ചെയ്തു.
ദൈവകുഞ്ഞാട് എന്ന നിലയിൽ ക്രൂശിലെ ക്രിസ്തുവിന്‍റെ മരണ പുനരുദ്ധാനങ്ങളിലൂടെ നമ്മുടെ പാപങ്ങളിൽ നിന്നുള്ള വീണ്ടെടുപ്പിനു വേണ്ടിയുള്ള പ്രവർത്തി ക്രിസ്തുവിൻ്റെ ക്രൂശിലെ മരണ പുനരുദ്ധാനങ്ങളിലൂടെ എന്നെന്നേക്കുമായി പൂർത്തിയായി.
എന്നാൽ മഹാപുരോഹിതനെന്ന നിലയിൽ ദൈവ ത്തിന്‍റെ ഭാഗത്ത് ഇരുന്നു കൊണ്ടു നമുക്ക് വേണ്ടി പക്ഷപാദം ചെയ്യുക എന്ന യേശുക്രിസ്തുവിന്‍റെ ശുശ്രൂഷ ക്രിസ്തുവിൻ്റെ ക്രൂശിലെ മരണ പുനരുദ്ധാനങ്ങളിലൂടെ തുടങ്ങുകയും, ഇന്നും തുടരുകയും ചെയ്യുന്നതാണ്.
നാം യേശുവിൽ വിശ്വസിക്കുകയും അവനെ കർത്താവായി സ്വീകരിക്കുകയും ചെയ്യുന്ന നിമിഷം, നമ്മുടെ പാപങ്ങളിൽ നിന്ന് എന്നേക്കുമായി മോചിക്കപ്പെടുന്നു, അതോടെ ദൈവവുമായി നമ്മുടെ പിതാവെന്ന നിലയിൽ ഉള്ള ബന്ധത്തിൽ നാം പ്രവേശിക്കുകയും ചെയ്യുന്നു.
എന്നാൽ ദൈവത്തിന്‍റെ മകൻ വീണ്ടും പാപത്തിൽ വീഴുന്ന പക്ഷം അവൻ അനുതപിക്കുകയും ധൈര്യമായി, കരുണക്കായി ദൈവത്തിന്‍റെ കൃപാസന ത്തോട് അടുത്ത് വരികയും വേണം. കാരണം, യേശുക്രിസ്തു ദൈവത്തിന്‍റെ വലതുഭാഗത്ത് തന്‍റെ മദ്ധ്യസ്ഥ ശുശ്രൂഷ ഇന്നും തുടരുന്നു.
നാം ആമുഖത്തിൽ കണ്ടത് പോലെ 110 ആം സങ്കീർത്തനം ഒന്നാം വാക്യത്തിന്‍റെയും നാലാം വാക്യത്തിന്‍റെയും വ്യാഖ്യാനത്തി ലൂടെയാണ് ഹെബ്രായ ലേഖനം വികസിക്കുന്നത്. ഇവിടെ ക്രിസ്തു ദൈവ ത്തിന്‍റെ വലതുഭാഗത്തു ഇരുന്നു എന്ന് പറയുന്നതിലൂടെ ആദ്യമായി ലേഖകൻ110 ആം സങ്കീർത്തനം ഒന്നാം വാക്യത്തിലെക്കു കടക്കുന്നു. താൻ ദൂതന്മാരെക്കാൾ ശ്രെഷ്ഠനാണ് എന്ന് തെളിയിക്കുന്നു
*വാക്യം 4: പുത്രന്‍ ദൈവദൂതന്മാരേക്കാൾ അത്യുന്നതനായിരിക്കുന്നു, താൻ അവകാശമാക്കിയ നാമം ദൂതന്മാരുടെ നാമത്തേക്കാൾ എത്ര യോ ശ്രേഷ്ഠമായിരിക്കുന്നു*
തന്‍റെ പുനരുദ്ധാരത്തിലൂടെ, മനുഷ്യവർഗ്ഗത്തിന്‍റെ വീണ്ടെടുപ്പ് കർത്താവ് എന്നെന്നേക്കുമായി പൂർത്തീ കരിച്ചു കൊണ്ട് പിതാവിന്‍റെ വലത്തുഭാഗത്ത് ഇരുന്നു. ഇന്ന് അവൻ സകല നാമത്തിനും മേലായ നാമം വഹിക്കുന്നവനാണ്. താൻ അവകാശമാക്കിയ നാമം ദൂതന്മാരുടെ നാമത്തേക്കാൾ ശ്രേഷ്ഠമാണ്.
(ഫിലിപ്പ്യർ 2: 8 അവൻ തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ, അനുസരണമുള്ളവനായി ത്തീർന്നു. അതു കൊണ്ട് ദൈവവും അവനെ ഏറ്റവും ഉയർത്തുകയും സകല നാമത്തിനും മേലായ നാമം നൽകുകയും ചെയ്തു.)
തുടർന്നുള്ള വാക്യങ്ങളിൽ പിതാവായ ദൈവം യേശുക്രിസ്തുവിനെ അഭിസംഭോധന ചെയ്യുന്ന രണ്ടു അനന്യമായ പ്രഖ്യാപനങ്ങൾ കാണുന്നു. ( വാക്യം 5 & വാക്യം 13 )
ദൂതന്മാരിൽ ആരെപ്പറ്റിയെങ്കിലും എപ്പോഴെങ്കിലും ദൈവം പറഞ്ഞിട്ടുണ്ടോ? എന്ന ചോദ്യത്തോടു കൂടിയുള്ള ഈ രണ്ടു പ്രഖ്യാപനങ്ങളിൽ കൂടി ലേഖകൻ ദൈവപുത്രൻ ദൂതന്മാരെക്കാൾ ശ്രെഷ്ഠനാണ് എന്ന് താൻ മുകളിൽ പറഞ്ഞതിനെ ഉറപ്പി ക്കുകയാണ്.
*വാക്യം 5: “നീ എന്‍റെ പുത്രൻ; ഞാൻ ഇന്ന് നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവൻ പിതാവും അവൻ എനിക്ക് പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരെപ്പറ്റിയെങ്കിലും എപ്പോഴെങ്കിലും ദൈവം പറഞ്ഞിട്ടുണ്ടോ? *
യേശുക്രിസ്തു ദൂതന്മാരെക്കാൾ ശ്രേഷ്‌ഠൻ ആണ് എന്ന് തെളിയിക്കുന്ന ഈ പ്രഖ്യാപനം, രണ്ടാം സങ്കീർത്തനത്തിൽ നിന്നുമുള്ള ഒരു ഉദ്ധരണിയാണ്.
സങ്കീർത്തനങ്ങൾ 2 :7 ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു; യഹോവ എന്നോട് അരുളിച്ചെയ്തത്: “നീ എന്‍റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
ഇത് ദൈവം പിതാക്കന്മമാർക്കു നൽകിയ വാഗ്ദാനം ആയിരുന്നു എന്നും, അത് ക്രിസ്തുവിന്‍റെ ഉയിർത്തെഴു നേൽപ്പിൽ നിവർത്തിക്കപ്പെട്ടു എന്നും നാം പ്രവർത്തികൾ 13:32, 33 ൽ കാണുന്നു. അതിൽ കൂടിയാണ് മനുഷ്യവർഗ്ഗത്തിന്‍റെ പാപമോചനം എന്ന വാഗ്ദത്തം പൂർത്തിയായത് .
പ്രവർത്തികൾ: 32,33 ദൈവം പിതാക്കന്മാരോട് ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്ക് നിവർത്തിച്ചിരിക്കുന്നു എന്ന് ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. ‘നീ എന്‍റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചു’ എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ
ഈ രണ്ടു പ്രഖ്യാപനങ്ങൾക്കിടയിൽ 6 -12 വരെയുള്ള വാക്യങ്ങളിലൂടെ യേശുക്രിസ്തുവിൻ്റെ ശ്രെഷ്ഠത അനേക പഴയ നിയമ വാക്യങ്ങളിലൂടെ സ്ഥാപിക്കുന്നു. *
6 -12 വരെയുള്ള വാക്യങ്ങളിലൂടെ ലേഖനകർത്താവ് സ്ഥാപിക്കുന്നത് ഇവയൊക്കെയാണ്.
1. ദൈവത്തിൻ്റെ എല്ലാ ദൂതന്മാരും, പുത്രനെ ആരാധിക്കണം - (വാക്യം 6 )
( ദൂതന്മാർ ആരാധന സ്വീകരിക്കുവാൻ യോഗ്യതയില്ലാത്തവർ ആണ് എന്നതും, ദൈവം മാത്രം ആരാധനക്ക് യോഗ്യൻ എന്നതും ഇവിടെ പ്രസക്തമായ വിഷയമാണ്)
2 . പുത്രൻ ദൈവമാണ്. (വാക്യം 7 & 8 )
3 . പുത്രൻ നിത്യരാജാവാണ് (വാക്യം 8)
4 . പിതാവ് അഭിഷേകം ചെയ്ത അഭിഷിക്തനാണ് ( മിശിഹാ / ക്രിസ്തു ) പുത്രൻ. (വാക്യം 9 )
5. പുത്രൻ ആകാശ ഭൂമികളുടെ സൃഷ്ടാവ് ആണ് ( വാക്യം 10 )
6 . പുത്രൻ നിത്യനും, അനന്യനും , തൻ്റെ സംവത്സരങ്ങൾ ഒരിക്കലൂം അവസാനിക്കാത്തതും ആണ്. ( വാക്യം 11 & 12 )
ക്രിസ്തു ദൈവം ആണ് എന്നും, ആകാശ ഭൂമികളുടെ സൃഷ്ടാവ് ആണ് എന്നും, അനന്യനും നിത്യനും ആണ് എന്നും, ദൂതന്മാരെക്കാൾ ശ്രേഷ്ഠനും, ദൂതന്മാരുടെ ആരാധന സ്വീകരിക്കാൻ യോഗ്യനും ആണ് എന്നും ലേഖകൻ ഈ വാക്യങ്ങളിൽ വിശദീകരിച്ച ശേഷം ലേഖനകർത്താവ് 110 സങ്കീർത്തനത്തിൽ നിന്നുമുള്ള ഉദ്ധരണിയിലേക്ക് പോകുന്നു.
*വാക്യം 13: “ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദങ്ങൾക്ക് പീഠമാക്കുവോളം നീ എന്‍റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരിൽ ആരോടെങ്കിലും എപ്പോഴെങ്കിലും കല്പിച്ചിട്ടുണ്ടോ? *
സങ്കീർത്തനങ്ങൾ 110:1 യഹോവ എന്‍റെ കർത്താവി നോട് അരുളിച്ചെയ്യുന്നത്: “ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുവോളം നീ എന്‍റെ വലത്തു ഭാഗത്തിരിക്കുക”
ഈ പ്രവചനത്തിൻ്റെ പൂർത്തീകരണം ഹെബ്രായർ 10:12-18 ൽ നാം കാണുന്നു. അത് വീണ്ടെടുപ്പിനു ശേഷം ദൈവത്തിന്‍റെ വലതുഭാഗത്തു ഇരുന്നു കൊണ്ടുള്ള കർത്താവിന്‍റെ രാജ്വത്ത ശുശ്രൂഷയെയും, അതോടൊപ്പമുള്ള പൗരോഹിത്വ ശുശ്രൂഷയെയും കാണിക്കുന്നതാണ്.
ഹെബ്രായർ 10:12 ക്രിസ്തുവോ പാപങ്ങൾക്ക് വേണ്ടി ഒരിക്കലായി യാഗം അർപ്പിച്ചിട്ട് എന്നേക്കും ദൈവത്തിന്‍റെ വലത്തു ഭാഗത്ത്, ശത്രുക്കൾ തന്‍റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു.
പുതിയ നിയമത്തിൽ ക്രിസ്തു പിതാവായ ദൈവത്തിന്‍റെ വലതു ഭാഗത്തിരിക്കുന്നു എന്ന പരാമർശമുള്ള വാക്യങ്ങൾ എല്ലാം (മത്തായി. 26:64; മർക്കോസ് 14:62; ലൂക്കോസ് 22:69; അപ്പൊ: പ്രവർത്തികൾ 5:31; 7:55–56; റോമർ. 8:34; എഫെസ്യർ. 1:20; , കൊലോസ്യർ. 3:1, ഹെബ്രായർ 10:12 , 1:3 ….തുടങ്ങിയവ ) സങ്കീർത്തനം 110 : 1 ന്‍റെ ഉദ്ധരണികൾ ആണ്
യേശുക്രിസ്തുവിന്‍റെ ദൈവീകതയും, മിശിഹൈകത്വവും ,രാജ്വത്വവും, കർത്തൃത്വവും സ്ഥാപിക്കുന്നതിന് നൂറ്റിപ്പത്താം സങ്കീർത്തനത്തിലെ ഒന്നാമത്തെ വാക്യമാണ് യേശുക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും തുടർച്ചയായി ഉദ്ധരിച്ചിരുന്നത്.
ഇത്രത്തോളം ഉദ്ധരിക്കപ്പെട്ട പഴയനിയമത്തിലെ ഒരു സങ്കീർത്തന വാക്യവും പുതിയ നിയമത്തിൽ വേറെയില്ല.
അതിനാൽ തന്നെ അതേ വാക്യം ഉദ്ധരിച്ചു കൊണ്ടാണ് പുത്രനായ ക്രിസ്തു ദൂതന്മാരെക്കാൾ ശ്രെഷ്ഠനാണ് എന്നും, ദൈവമാണ് എന്നും ഹെബ്രായ ലേഖകനും സ്ഥാപിക്കുന്നത്.
എന്നാൽ യേശുക്രിസ്തു നിത്യനായ മഹാപുരോഹിതൻ ആണ് എന്ന് പറയുന്ന വാക്യം നൂറ്റിപ്പത്താം സങ്കീർത്തനത്തിലെ നാലാം വാക്യമാണ്. അത് ഹെബ്രായ ലേഖകൻ മാത്രമാണ് പുതിയ നിയമത്തിൽ ഉദ്ധരിക്കുന്നത്.
മുൻപോട്ടുള്ള അധ്യായങ്ങളിൽ ആ വാക്യം വിശദീകരിച്ചു കൊണ്ട് തന്‍റെ മഹാപുരോഹിത ശുശ്രൂഷയും ലേഖകൻ സ്ഥാപിക്കുന്നു.
ക്രൂശിലെ മരണ പുനരുദ്ധാനങ്ങൾ വഴിയുള്ള തന്‍റെ വീണ്ടെടുപ്പു ശുശ്രൂഷയിൽ കൂടിയും, പിതാവിന്‍റെ വലതു ഭാഗത്തിരുന്നു കൊണ്ടുള്ള രാജ്വത്ത / മഹാപുരോഹിത ശുശ്രൂഷകളിൽ കൂടെയും യേശു ക്രിസ്തു ദൂതന്മാരെക്കാൾ എപ്രകാരമാണ് ഉന്നതനായിരി ക്കുന്നത് ഹെബ്രായ ലേഖകൻ ഈ അധ്യായത്തിൽ കൂടി നമുക്ക് വ്യക്തമായി കാണിച്ചു തരുന്നു.
തുടർന്നുള്ള അധ്യായങ്ങളിലൂടെ ദൂതന്മാരെക്കാൾ തന്നെത്താൻ താഴ്ത്തിയ ക്രിസ്തുവിൻ്റെ മനുഷ്വത്വത്തെയും, തൻ്റെ മഹാപുരോഹിത ശുശ്രൂഷയെയും ലേഖകൻ മനോഹരമായി വിവരിക്കുന്നു. തുടർന്നുള്ള ദിവസങ്ങളിൽ നമുക്ക് ആ അധ്യായങ്ങൾ പഠന വിഷയമാക്കാം.
ഈ പഠനത്തിലെ മുൻ അധ്യായങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്..
*ഹെബ്രായ ലേഖനം : ഒരു പഠനം - ആമുഖം
ഈ പഠനത്തിലെ തുടർന്നുള്ള അധ്യായങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്..
ഹെബ്രായ ലേഖനം അധ്യായം 2
ഹെബ്രായ ലേഖനം അധ്യായം 3
ഹെബ്രായ ലേഖനം അധ്യായം 4
ഹെബ്രായ ലേഖനം അധ്യായം 4: 14,15
ഹെബ്രായ ലേഖനം അധ്യായം 5